പെയ്തുപെയ്താകെക്കോച്ചിനിൽക്കുമോരുഷസ്സിലും
അമ്പലമുറ്റത്തെന്തൊരാൾത്തിരക്കമ്മേ
തവതൃപ്പദംകൂപ്പിച്ചാഞ്ഞമിഴിയിൽ
തിരിനീട്ടിപ്പാഞ്ഞുപോകുന്നൂ
കാലവർഷത്തിന്നൊഴുക്കുപോൽ!
നിർഗ്ഗളിക്കുമാ ഭക്തിഗംഗയിൽ പതിക്കവേ
കൂപ്പുവാൻ മറന്നമ്മേ,
പ്രാർത്ഥനാമന്ത്രങ്ങളും ചോർന്നുപോയ്
വിളക്കാളിനിൽക്കുമാരൂപം
ഹൃത്തിലൊപ്പുവാൻ കഴിഞ്ഞീല!
ശംഖനാദമാധുരിചേർന്നതമൃതം തെളിക്കുമ്പോൾ
പ്രണവം തുടിക്കാത്ത മന്മനംമാത്രം ക്രൂര-
ശിശിരംവെളുപ്പിച്ച മാമരംപോലെ നിൽപൂ!
അർദ്ധമീലിതം പ്രണമിക്കുന്നു മണൽമുറ്റം
ഓളമിട്ടുലാത്തുന്നൊരമ്പലക്കുളം മന്ദ്ര-
മോർമ്മകൾ ചികഞ്ഞിടയ്ക്കുന്മുഖം ജപിക്കുന്നൂ,
നുഴറിത്തെളിഞ്ഞുഷകന്നിവന്നിറങ്ങുന്നൂ
എന്റെയിച്ചെറുതിരി മാത്രമീ ശീതക്കാറ്റിൻ
ആഞ്ഞുലഞ്ഞൊളിമങ്ങിത്തേങ്ങുവാനെന്തേ കാര്യം?
മെൻ മന്ത്രവിപഞ്ചികയുള്ളിലും
തീർത്ഥപ്പൂക്കളൊട്ടിയ കളഭമെൻ കയ്യിലുമൊതുക്കിഞാൻ
മാറിനിന്നല്പം മതിൽക്കെട്ടിനോടൊപ്പം
ചെത്തിമാലകൾ ചമയ്ക്കുന്ന
പകലിൻ മുഖംനോക്കി.
വൃശ്ചികക്കാറ്റിൽ മദ്യചഷകം മോന്തീടുന്നു
വാശിപൂണ്ടിലത്താളം മുട്ടിയാരസോജ്ജ്വല-
വീരഗാഥകൾ പാടിയാടുവാൻ തുടങ്ങുന്നു…
കാവേരീസമീരനിൽ പൂത്തുലഞ്ഞതുകണ്ടേൻ,
താന്തനായ് മനംനൊന്തു പാറിടും കരിവണ്ടു
ദീനനായ് തലവേറിട്ടുരുളുന്നതു കണ്ടേൻ,
ഉൾക്കാമ്പുരാകിപ്പൊടിഞ്ഞുല്ക്കയായ് മാറും സ്ത്രീത്വം
കാൽച്ചിലമ്പുലച്ചുകൊണ്ടുറയുന്നതും കണ്ടേൻ,
പാണ്ഡ്യപട്ടണത്തിലെ വിശ്വവൈജയന്തികൾ
കത്തിവെണ്ണീറായ് മാറിപ്പാറിടും രവം കേട്ടേൻ!
വർഷാകാശസന്ധ്യപോൽകടമിഴി
കലങ്ങിച്ചുവന്നുമാ-
കൈത്തലം തിരുമാറിലാഞ്ഞമർത്തിയും
തീരരേഖവിട്ടായും ക്ഷുബ്ധ-
സാഗരംപോലെ ദേവി വന്നുനില്ക്കുന്നൂമുന്നിൽ!
കപോലങ്ങളാളിയും
ചില്ലൂീയുഗ്മമിടഞ്ഞും
നാസാഗ്രത്തിൽ വിയർപ്പും കണ്ണീരുമായ്
പ്രേമരുദ്രയാ, യഗ്നിശൈലമായ്
സതീത്വത്തിൻ വായ്ത്തലയണച്ചുനീ-
യുജ്ജ്വലിക്കുമ്പോ,ഴാഹാ!
നറുനെയ്ത്തിരി നീട്ടിക്കൂപ്പുന്നു,
വാൽക്കണ്ണിലെ ഹോമകുണ്ഡത്തിൽമുട്ടി-
ത്തുമ്പൊന്നു തിളങ്ങുവാൻ!