ജിഹ്വകൾ നീട്ടിക്കുടഞ്ഞെഴുന്നേല്ക്കുന്ന
ഗ്രീഷ്മസ്ഫുലിംഗമായ്
കല്പാന്തവഹ്നിയായ്,
ആളിപ്പടർന്നേറുമീയസംതൃപ്തികൾ
മർത്ത്യമനസ്സിൽ തടവുമുറികളിൽ!
മാറ്റുന്നു നിത്യം, പഴുക്കും വ്രണങ്ങളെ
മൂടുന്നു, പൊയ്മുഖം വെച്ചു ചാഞ്ചാടുന്നു,
ആട്ടത്തിലാകേ മറന്നിരുന്നൊപ്പം
നരച്ചവർ താളം പിടിച്ചു രസിക്കവേ,
ആട്ടക്കളത്തിൽ മുഴങ്ങുന്നു ഞാണൊലി,
കൗമാരശൗര്യം സടകുടഞ്ഞേറ്റിതാ
കാർമ്മുകമേറ്റിക്കുലച്ചു വലിക്കയായ്!
സമത്വവും സ്നേഹവും തൊട്ടുമിനുക്കിയി-
ട്ടമ്മമാർ ചൊല്ലിക്കുളിർപ്പിച്ച പാട്ടിലെ
തേൻമണം തേടീ വിമൂഢരായ്ത്തീർന്നിവർ!
കാരിരുമ്പായിപ്പഴുത്തുജ്ജ്വലിക്കുന്നു,
കണ്ണിൽ കനലേറുകൊണ്ടു പുകഞ്ഞിവർ
നെഞ്ചിൽ ചവിട്ടിക്കുതിക്കുവാനായുന്നു.
തല്ലിച്ചുവപ്പിച്ചു രോഷം വിഴുങ്ങുമീ
ശൈശവം വല്മീകഭിത്തികൾ ഭഞ്ജിച്ചു
നിർഭീതനായ് നിന്നു താണ്ഡവമാടുന്നു!
വീഥിയിൽ കോമരംതുള്ളുന്നു, ലക്ഷ്യങ്ങ-
ളില്ലാഞ്ഞു തൂണീരമൂരിയെറിയുന്നു,
സാഗരമൂറ്റിക്കുടിക്കാൻ കുതിക്കുന്നു!
തീരെപ്പറക്കമുറ്റാത്ത കുരുന്നുകൾ,
പാൽനുരച്ചാറൊലിക്കേണ്ടുന്ന ചുണ്ടിൽ
കരാളവിഷാഗ്നിവിരോധാഗ്നിയാളും
കരിഞ്ഞകുഞ്ഞുങ്ങൾ!
കനൽക്കട്ടയുണ്ടവർ!
പന്തങ്ങളാളും മനസ്സുമായ് നിൽക്കയാം,
പിൻതിരിഞ്ഞോടുന്ന കാലമേ, നിന്നെ-
ത്തിരിച്ചു മുന്നോട്ടു തെളിപ്പാൻ കൊതിപ്പിവർ!
കൈകളിൽ ശ്വേതാശ്വവീരർ വിരണ്ടു കൊ-
ണ്ടെങ്ങു ഹൃഷീകേശ, നെങ്ങുധനഞ്ജയ-
നെന്നു പകച്ചു കിതച്ചു നിന്നീടുന്നു!
അഗ്രംതുരുമ്പിച്ച വെൺമഴു താഴ്ത്തി,
നരച്ച ശ്മശ്രൂക്കളിൽ കണ്ണീരൊലിച്ചു,
നിരാശനായ്, താന്തനായ്,
നിഷ്ഫലസ്വപ്നമായ്
തേങ്ങുന്നു ഭാർഗ്ഗവൻ!