ജാലകമറവിലുതിർന്നൂ
നേർത്തൊരു ചുടുനിശ്വാസം!
ആരാണോ നീലക്കരിമുകിൽ പോലെ
നിഴലായടിവെച്ചെന്നരികി-
ലിരുട്ടിൽ വന്നു വിതുമ്പാൻ വെമ്പീ?
എന്നെച്ചുഴ്‌ന്നുപുണർന്നെൻ കാതിൽ
ഞാനറിയാനായ്,
ഞാനറിയാതേ,
എന്തോ പലകുറി മന്ത്രിക്കുമ്പോൾ,
ആരാണോ വന്നതു് രാവിൽ?
ജാലകമറവിലുതിർന്നൂ
നേർത്തൊരു ചുടുനിശ്വാസം!
നിറമില്ലനുരാഗവുമില്ലാ,
ചുടുചോരക്കറപറ്റീടും
തൂമഞ്ഞലനിറമാംചുണ്ടിൽ
ഒരു ചലനം മാത്രം, മരണം
കുടിവയ്ക്കും കാതരരൂപം!
നാദവുമില്ലാ!
മൃതമാമൊരു പുളകസ്മൃതിപോൽ
ഇമയില്ലാത്താ നീൾമിഴിനീർത്തി
കഥയില്ലാത്തൊരു തേങ്ങൽ പോലെ
ഇരുളിലലിഞ്ഞു നടക്കും രൂപം!
ഇണതുണയില്ലാതലയും രൂപം!
വിരൽമുറിയും ചൊരിമഴയൂടെ
തിരികെട്ടവിളക്കും പേറി
കൊടുമലകൾ താണ്ടിയിറങ്ങി
പലവുരുവിപ്പടിവരെവന്നെൻ
പേരറിയാതിടറിയതാരു്?
ഒരു തുള്ളിക്കണ്ണീരിന്നായ്
അനുനിമിഷം വളരും ദാഹം
പരിവേഷം ചാർത്തിയമുഖമായ്
ആരാണോ വന്നതു് രാവിൽ?
ജാലകമറവിലുതിർന്നൂ
നേർത്തൊരു ചുടുനിശ്വാസം!
ത്തളിരായ് കാറ്റിൻ വിറയ്ക്കേ
കണ്ണീരൊക്കെക്കുമ്പിളിലാക്കി
കണ്ണുമടച്ചുകിടന്നതു ഞാനോ?