കരിങ്കാറൂതിയകറ്റി,
തരുനിരയുടെ കയ്യിൽ പവിഴം
വാരിക്കോരിനിറച്ചും,
തെളിനീരല താളമടിക്കും
കളഹംസത്തോണിതുഴഞ്ഞും
പതിവായ് വരവുള്ളൊരു ചിങ്ങം
പടിവാതിലിൽ വന്നേ നില്പൂ!
കുറുമുഴികൾക്കിമ്പം നല്കി,
പനിനീരും പനിമതിയും കൊ-
ണ്ടാറാടിവരുന്നവളാണ്ടിൽ,
വരിനെന്മണിയുതിരും വഴിയിൽ
നറുതേന്മണമുയരും കാവിൽ,
മാവേലിപ്പാട്ടും മൂളി
ചുവടും വെച്ചാടിവരുന്നോൾ,
ഇന്നെന്തേ പടിവാതിലിൽ വ-
ന്നിളകാതെ വിമൂകം നില്പൂ?
മാൺപുറ്റ കിനാക്കളുതിർന്നും
മാൻചാടും മിഴികൾ കലങ്ങി-
ക്കാളിമപൂണ്ടാകെവിറച്ചും
കളിവില്ലിൽ ഞാണൊലിയേറ്റും
കൈകൾഞെരിച്ചാരായുന്നൂ:
“എവിടെപ്പോയുണ്ണിക, ളെന്നുടെ
വരവുംകാത്തെണ്ണിയിരുന്നോർ?
പൂക്കളമിട്ടോണം കൂടാൻ,
പൂവിളിയായോളംതുള്ളാൻ,
ആണ്ടറുതിക്കാശപെരുത്തോ-
രെവിടെപ്പോയെന്നറിവീല!
കൈശോരസ്വപ്നം തുന്നിയ
കുപ്പായപ്പുള്ളികൾ കാറ്റിൽ
പാറിച്ചും കലപിലവെച്ചും
പലവർണ്ണക്കാവടി പോലെ
പാടത്തും പുഴയോരത്തും
അത്തപ്പൂ തേടിനടപ്പോ-
രെവിടെപ്പോയെന്നറിവീല!
പ്പിൻവാങ്ങിയവഴികളിലൊന്നും
ശീപോതി തെളിഞ്ഞടിവെച്ചോ-
രടയാളം കാൺമാനില്ലാ!
കെടുതികളുടെ നൂറും തേച്ചീ-
മലയാള, മണപ്പല്ലിൽ വെ-
ച്ചുന്മാദരസം നുകരുമ്പോൾ,
ഓണപ്പാട്ടൊരുതരിയില്ലാ,
മഞ്ഞത്തൊരുചെറുനിഴലില്ലാ,
ഊഞ്ഞാലിട്ടാടാനായൊരു
കൊമ്പില്ലാ, പൈങ്കിളിയില്ലാ!
മിളനീരിനുമില്ലാ മധുരം,
ഇളവില്ലാതുലയും നെഞ്ചിൻ
മാനത്തിനുമില്ലൊരു വിലയി-
ക്കാലത്തിനുമില്ലൊരു നെറിവും!
തടവറകൾ തീർത്തവരാര്?
തിരുവോണം കൊള്ളാനുള്ളീ
തൂമുറ്റം വിറ്റവരാര്?
കളവറിയാ നിങ്ങടെ നെഞ്ചിൽ
കാകോളം തേവിത്തേവി
പൊരുളറിയാത്തുമ്പികളെക്കൊ-
ണ്ടെരിയും കല്ലേറ്റുവതാര്?
തുമ്പപ്പൂച്ചോറും പതിനെ-
ട്ടരിയതരം കറിയും പായി-
ട്ടിലവെട്ടി വിളമ്പിനിരന്നാ-
കാലം കൈമോശം വന്നത്
ആരാരുമറിഞ്ഞീലെന്നോ?
നേരാരുമറിഞ്ഞീലെന്നോ?
പതിരേയിനി നിങ്ങൾക്കുള്ളൂ?
കതിരുംകൊണ്ടങ്ങു പറന്നോർ
ചെമ്മാനം കരിനിറമാക്കി.
വേരറ്റുകിടക്കും മരമായ്,
മലയാളമനസ്സിൻ നെറിവും
വീറും നീയെന്നു മറന്നൂ?
കുടിലതകൾ കുടിയൊഴിയട്ടേ!
കൈകോർത്തു നിരക്കുകവേഗം
മതിലുകളൊക്കെയുടയ്ക്കാം!
ഒന്നിച്ചൊരു പൂവിളിയോടെ,
ദിഗന്തംപൊട്ടും പൂവിളിയോടെ,
മതിലുകളൊക്കെയുടയ്ക്കാം!
അതു കനലായ് ചിതറട്ടേ!”