കേണുറങ്ങിയ മരച്ചില്ലകൾ, വെയിൽ
താണിറങ്ങിയുലയൂതും നേരം,
എനിക്കു താഴെത്താണു പതുങ്ങും
പരുന്തായെൻ നരച്ച നിഴൽ
നഖം മടക്കിയിരിപ്പായി.
കാതോർത്തു ചിരിക്കുമ്പോൾ,
രാത്രിമുല്ല തൻ കുഞ്ഞി-
ക്കൈവിരൽ നിവർത്തുമ്പോൾ,
പൂമണം കക്കാൻ പാത്തു
പാതിരാക്കാറ്റെത്തുമ്പോൾ,
ഒരു രാവിതൾ കൂടിയടരുന്നതും നോക്കി
വെറുതേ വിരക്തനായുണർന്നുകിടപ്പു ഞാൻ.
ചിറകാഞ്ഞുലച്ചുകൊ-
ണ്ടെന്റെ ചുറ്റിലും പൊങ്ങി
ത്താഴുമീ പരുന്തിനെ,
തുടുത്തവട്ടക്കണ്ണിൽ
കാളിടും നിരാശയോ-
ടൊടുവിൽ മടിച്ചു പിൻ-
വാങ്ങുമീ പരുന്തിനെ,
എത്രമേൽ ധ്യാനിച്ചാർത്തുകരഞ്ഞൂ
വ്യഥപൂണ്ടു പിടയ്ക്കും മമ ജീവൻ
വിളിച്ചൂ വിരുന്നുണ്ണാൻ.
ഭോജനം മാത്രം സഖേ!
എന്റെ മാളികവീട്ടിൽ
നാക്കില വിരിച്ചു ഞാൻ
കാത്തിരിക്കുന്നു നിത്യം;
നിനക്കായ് തുറന്നിട്ട വാതിലിൽ കാലം
നീട്ടിമുറുക്കിത്തുപ്പിപ്പല-
വട്ടവും കടന്നുപോയ്!
മാഞ്ചോട്ടിലിരുന്നെന്റെ
വെള്ളികെട്ടിയ ചാരു-
ചിന്തകളടുക്കിയിട്ടുണരാതുറങ്ങുവാൻ
ഇടവേളയും കാത്തുനില്ക്കവേ
പിടിച്ചിട്ടു മഞ്ചലിൽ കാലത്തിന്റെ
ഹാസ്യകല്പനയെന്നെ.
ന്നുറങ്ങും കുഞ്ഞാകുവാൻ,
നരച്ചസ്വപ്നങ്ങൾക്ക്
കറുത്ത കസവിടാൻ,
കണ്ണിലെ വിളക്കൂതിക്കെടുത്തി
കുനിഞ്ഞിരുന്നെണ്ണിയ ജപമാല
വീണ്ടുമെണ്ണുവാൻ വിധി
നീട്ടിയുത്തരവിട്ടൂ…
കൂർത്ത പാറകൾ, ഇന്നു
പതിരായ് ചവിട്ടേറ്റു
പാഴ് മണ്ണിലടിയുന്നൂ,
എന്റെ സ്വപ്നത്തിൻ വില-
യിടിഞ്ഞൂ നിശ്വാസത്തി
നഗ്നിയും തണുത്തുപോ-
യിനി ഞാൻ വെറും പൂജ്യം.
മഹാതിക്തം സേവിച്ചു
വാനപ്രസ്ഥം പൂർത്തിയാക്കുകയല്ലോ,
എനിക്കു കാടായ് തീർന്ന-
തെൻ കാടുകയറിയ മനസ്സോ?
മരവിച്ചകാലമോ? മനുഷ്യരോ?
പിറകേ പദം വെച്ചു
വിറയ്ക്കും വിരൽ തന്നു
കൂടെവന്നവൾ നില്പൂ,
വിളക്കായ് തറവാട്ടി-
ലാളിനിന്നവൾ, തന്റെ
പതിയിൽ പുരാനെയും
പ്രണമിച്ചവൾ നില്പൂ.
നെഞ്ചുപൊട്ടിയ കായ്കൾ,
വരളും താരാട്ടിന്റെ
കൊച്ചുകൈത്താളം
ശവക്കച്ചയിൽ പൊതിഞ്ഞിനി
യാത്രയാവണം വേഗം.
വിളിച്ചാലിളകാത്ത
തനുവും മനസ്സുമായ്
മരവിച്ചിരിക്കുമ്പോൾ,
ഇനിയും സംവത്സരം
ജീവിതമാശംസിച്ചു
വന്നുപോകുന്നൂ വെറും
വാക്കുമായ് നിഴലുകൾ.
ജാലകപ്പടിയേറി
സാന്ത്വനം ചൊല്ലിപ്പോക-
ലെനിക്കുപരിചയം,
മേനിയിൽ പേനുംചിക്കി-
യിളകാതിരിക്കുമീ
കരുത്തൻ പരുന്തിനോ-
ടെനിക്കു പരിഭവം!