മുല്ലപ്പൂവിൻ നിശ്വാസമെന്നെച്ചൂഴ്‌ന്നു
മെല്ലെയാനയിക്കവേ,
കണ്ണുകെട്ടിയമോഹവാജികൾ
തുള്ളിത്തുള്ളി നില്ക്കുമീ രഥത്തിലേ-
യ്ക്കാദ്യമായ് കാലൂന്നവേ;
തല്ലിയാർത്തിടും നീല-
സാഗരം മെല്ലത്തല-
ചായ്ക്കുന്നു തീരങ്ങളിൽ…
പോകുമീ സമാന്തര-
വീഥികൾ കടംകഥ
ചൊല്ലുവാനടുക്കുന്നു,
മന്ദമായ് ചിറകൊട്ടിച്ചേരുമീ
മനോഹര ബന്ധനം കൂടെക്കൂടെ
മർമ്മരമുണർത്തുന്നു,
എങ്കിലും മയൂരമേ, നടനം മറന്നുവോ?
നോട്ടമീ, ക്ഷിതിയുടെ
മാറിലേയ്ക്കടർന്നു വീ-
ണുരുകും കണ്ണീർത്തുള്ളി
ശൈശവച്ചെപ്പിൽ വർണ-
പ്പീലികളടുക്കിക്കൊ-
ണ്ടാതിരനിലാവുപോൽ
പകലിൽ ലയിക്കുന്നു!
വെള്ളപൂശിയ മതിൽക്കെട്ടുകൾ,
തലയാട്ടി മൗനമായ് തേങ്ങും
മാവും പാരിജാതവും ചാരെ,
നിശ്ചലമിമവെട്ടാതോമന-
ക്കുഞ്ഞിൻ നടയെണ്ണി നിന്നിടും
ഘനഗംഭീരഗേഹം പിന്നിൽ!
വേരുകൾ പൊട്ടി, ച്ചോരവാലുന്നു,
ദിനരാത്രസഞ്ചയം പുതുമണ്ണിൽ
തേക്കുപാട്ടുകൾ പാടാം,
എങ്കിലും, പ്രാണശ്വാസ-
താളമാകുമീ സ്വന്ത-
ഗേഹത്തെ മറക്കുവ-
തെങ്ങനെ വധൂചിത്തം?