പൂഞ്ചായലും ചേലയുമധർമ്മത്തിൻ
ലജ്ജയറ്റൊരു കൈയിൽ,
ഇവിടെ, മിഴിതാഴ്ത്തി മൗനമാണ്ടിരിക്കുന്ന
ഭീഷ്മരും വിദുരരും
ധർമ്മപുത്രരുമില്ല,
ഇവിടേ, മിന്നൽപോലെ
നൂറ്റുനൂറ്റൊഴുകുന്ന
ചക്രപാണിതൻ വർണ്ണ
കഞ്ചുകച്ചുരുളില്ലാ,
ഇവിടേ, ദേവർപോലും
കൺമിഴിക്കോണാൽ രംഗ-
മാസ്വദിക്കുന്നൂ പിന്നെ-
ത്തൻ വഴി നടക്കുന്നൂ!
അമാവാസി മൂടിയോ-
രരുന്ധതീ വിളക്കായ്
അതികായരഞ്ചുപേർക്കരുമയാം
പെൺമണി വിലപിക്കേ,
ഒരു കയ്യുണർന്നീല, നാവുണർന്നീല,
സൂക്ഷ്മധർമ്മത്തിനതിഗൂഢരഥ്യകളറിയാത്ത
മന്ദരായ് വിജ്ഞർപോലും
മരവിച്ചിരുന്നുപോയ്.
കുലവില്ലുണർത്തിയ
വീരശൃംഗാരത്തിന്റെ
മാറ്റൊലി നുകർന്നകം
പൂത്തുലഞ്ഞവൾ, പിന്നെ
അഞ്ചുപേർക്കൊരേ നെഞ്ചി-
ലഞ്ചിടും മണിയറ
പങ്കുവെച്ചവൾ, തുണ-
യറ്റുനിന്നുരുകുമ്പോൾ
ചൊടിക്കാൻ മടിക്കുന്ന
ധർമ്മമെന്തൊരു ധർമ്മം?
തടുക്കാൻ മടിക്കുന്ന
വീര്യമെന്തൊരു വീര്യം?
കരിമിഴിനിറയുംനേരം
പുറംതിരിഞ്ഞേ ശയിക്കുന്നു,
ആരെയോ വിളിച്ചാർത്തു
കേഴട്ടെ ഹരിണികൾ
കാടെരിയുമ്പോഴെന്തു
നീതിസാരമെന്നാവാം!
ധരയെപ്പോലെ ക്ഷമാ-
ശീലയാണിവളത്രേ!
അമ്മയാ,ണമൃതമാ-
ണുൺമയാ,ണിരുട്ടിലെ-
ത്തരിയാ,ണുടയോനു
രമയാ,ണുയിരാണു്
എങ്കിലും നിരാലംബ,
യെവിടെച്ചൂതാടിലും
പണയംപോകാനുള്ള
ധർമ്മഭീതയാമുരു!
ചക്രവാളങ്ങളൊതുക്കുവാൻ
വിപ്ലവം നയിക്കുവാ,
നിവളെ സഖിയാക്കും,
മത്സരങ്ങളിൽ, രണ-
ഭൂമിയി, ലിരുട്ടിന്റെ
താവളങ്ങളിൽവെച്ചു
പുഴുവാക്കിടും പിന്നെ!
മോടുമീ രഥത്തിന്റെ
കടിഞ്ഞാൺപിടിച്ചൊന്നു
പിൻതിരിഞ്ഞുണരുക,
നിന്റെയിച്ചവുട്ടടി-
ച്ചുറ്റിലുമിന്നും കൃഷ്ണ
കേണിരപ്പതുകണ്ടു
ഭേരികളടക്കുക!
ചുണ്ടിലെക്കടുംവിഷ-
പ്പുകയേറ്റവളതി
ശ്യാമയായ്, ഹതാശയായ്
ദ്യോവിൽനിന്നടർത്തിയ
മിഴിയാൽ മതികെട്ട
ഭൂമിയെ വിളിച്ചുള്ളി-
ലഭയം യാചിക്കുന്നു.
ണ്ടുഗ്രസാഗരംപോലെ,
ഉതിരംകൊതിച്ചുകൊ-
ണ്ടഗ്നിസായകംപോലെ,
ഇനിയുംവരാനിത്ര മടിയെ,
ന്തവതാരമെവിടെ? -ഇന്നും
കൃഷ്ണ കേണിരക്കുകയല്ലോ!