കുഞ്ഞേ, നിന്റെ സ്വപ്നവർണ്ണങ്ങൾതൊട്ടു
നീ വരയ്ക്കുമീ ദേവരൂപമോലുക
എത്ര ദുഷ്കരം പൊന്നോമനേ!
കുളിച്ചീറൻവാർമുടി തുമ്പും കെട്ടി
കുളിരായ് പതിഞ്ഞെത്തി,
കുഞ്ഞിളം തൂനെറ്റിയിൽ
ഉമ്മവെ, ച്ചണയാത്ത
മന്ദസുസ്മേരം കൊണ്ടു കളഭം പുരട്ടുവാൻ,
അർദ്ധസുപ്തമാം
മൃദുപക്ഷ്മളോല്പലങ്ങളെ
തേൻമൊഴിത്തുമ്പാ-
ലുഴിഞ്ഞുണർത്തിജ്ജ്വലിപ്പിക്കാൻ
എങ്ങനെയമ്മയ്ക്കാകും
ദേവസംഗരങ്ങളിൽ
ഖാണ്ഡവം ദഹിക്കുമ്പോൾ?
തൂവലിൽ തീയാളുമ്പോൾ?
സദാനന്ദ മുഗ്ധമന്ത്രമായ്
നിന്നെപ്പുണരാൻ, നിന്നിൽപൂക്കും
സ്പന്ദനങ്ങളെ പ്രാണമരുത്താൽ
പൊതിഞ്ഞാത്മതപമാചരിക്കുവാൻ,
എങ്ങനെയമ്മയ്ക്കാകും
ചുറ്റിമീയടവികൾ
കത്തിനീറുമ്പോൾ?
ആർത്തനാദങ്ങളലയ്ക്കുമ്പോൾ?
എന്നോർത്തു ഞാൻ
ബാലകൗതുകം തിരി-
നീട്ടിയ ദിനങ്ങളിൽ…
ക്കുഞ്ഞിനെപ്പാലൂട്ടിയും
തൊട്ടിലാട്ടിയും ചോറുംകറിയും
വിളമ്പിയിട്ടച്ഛനെയുണ്ണാൻവിളി-
ച്ചമ്മയായ് കളിച്ചപ്പോൾ
അമ്മയാവുകയെത്രയെളുപ്പം
എന്നോർത്തു ഞാൻ!
കുഞ്ഞിനെക്കുളിപ്പിച്ചു
പട്ടുടുപ്പിടുവിച്ചും
കൊച്ചുകോൽവിറപ്പിച്ചു
പാഠങ്ങൾ പഠിപ്പിച്ചും
അഴലുന്നേരം നറുവെണ്ണയായ് മാറീ
മാറിലണച്ചു താരാട്ടിയും
അമൃതം നുകർന്നൊരാ
ശൈശവസ്വപ്നങ്ങളിൽ
അമ്മയാവുകയെത്രയെളുപ്പം
എന്നോർത്തു ഞാൻ!
അല്ലലില്ലിടക്കെത്തി-
യലട്ടും പനിയെന്യേ,
ചന്ദനമരച്ചിളം
നെറ്റിയിൽ പുരട്ടണം
തുളസിക്കഷായവും
തഞ്ചത്തിൽ കുടിപ്പിച്ചു
മന്ദമായ്വീശിക്കഥ
പറഞ്ഞങ്ങുറക്കണം.
ല്ലന്യാധീനമായതില്ലമ്മയ്ക്കുറ്റ
മനസ്സിൻ താളങ്ങളും,
ഉണ്മതന്നുരുളയ്ക്കായ് വായ്തുറക്കുമ്പോ-
ഴുണ്ണിക്കമ്മയാവുക
എത്ര എളുപ്പം എന്നോർത്തു ഞാൻ!
കരിമൊട്ടിലേ ഞെരിക്കുന്ന
കൺചുടുന്നൊരുകാലം
ഉയരും ഫണങ്ങളാ-
ലുദയംമറയ്ക്കുന്നതമസ്സിൻ
മഹായാനകാലമാണിതു കുഞ്ഞേ!
നിന്റെ പുസ്തകത്താളിലില്ലൊരുമയിൽപ്പീലി,
അക്ഷരക്കൊടുംകാടിനസ്ഥിപഞ്ജരങ്ങളിൽ
ചത്തുവീഴുന്നൂ വിഷംതീണ്ടിയ
കപോതങ്ങൾ!
കടംകൊണ്ട കാറ്റലറുമ്പോൾ,
ഇന്ദ്രജിത്താവാൻ കൊതി-
ച്ചായുധമെടുക്കുമ്പോൾ,
പേറ്റുനോവറിയുന്നോരമ്മതൻ
കണ്ണീരതിൽ
വീണുകത്തുമ്പോൾ
ആർത്തുചിരിപ്പൂ വേതാളങ്ങൾ!
നിന്റെ നേർവഴിയേതെ-
ന്നെത്രനൂല്പാലങ്ങൾ നീയേറണം
ചതുരന്മാർ
തീർത്ത സങ്കീർണ്ണവ്യൂഹ-
ഭേദനം ചെയ്തീടണം.
കൊടിയും തേരും വേണ-
മെന്നുഞാനാശിക്കുമ്പോ-
ഴാകവേ നടുങ്ങുന്നു!