ഒരുപിടിമുല്ലപ്പൂക്കൾ കിടന്നൂ…
മൃഗ്ധമനോഹരമന്ദസ്മിതമായ്
വെൺമുകിൽ തന്നുടെ വെള്ളിയലുക്കുകൾ
പൊട്ടിച്ചർച്ചന ചെയ്തതുപോലെ!
സന്ധ്യകളൊന്നായണയുകയാണോ?
പരിഭവമാണോ? പ്രിയഭഗവാനുടെ
സ്മരണയിലുണരും ശോണിമയാണോ?
ചന്ദനമിട്ടു ചിരിച്ചവൾ തന്നെ
കൃഷ്ണൻ കോവിലിലർച്ചനചെയ്തൊരു
മൗക്തികമാല്യമതാണോ നിങ്ങൾ?
മുല്ലത്തുമ്പിലുണർന്ന കിനാക്കൾ
ഹൃദയത്തിന്നിരുൾ മൂലയിലെല്ലാം
വെള്ളിവിളക്കു കൊളുത്തിയതില്ലേ?
കണ്ടിട്ടില്ലാ മാധവിയെന്നും
ഉരിയാടാത്തവൾ, കരപുടമൊന്നു
നിവർത്തിക്കാട്ടാൻ നാണിക്കുന്നോൾ!
വീഥിയിലെത്തിച്ചന്ദ്രികയൊഴുകിയ
മണ്ണിനെനോക്കീ രാഗംപൂണ്ടൊരു
വിണ്ണിലെയപ്സരകന്യകളെല്ലാം
പുലരിപ്പൊന്നൊളിനൂലിലിറങ്ങീ,
ബാല്യത്തിൻ നറുമന്ദസ്മിതമായ്
മുല്ലച്ചൊടിയിൽ വന്നു വിരിഞ്ഞോ?
നീളുന്നു നീൾവിരലുകൾ വിരവിൽ,
ഞെട്ടിയുണർന്നുവിലക്കീഞാ,‘നവ
നുള്ളീടല്ലേ! നോവുകയില്ലേ?’
ത്തട്ടിയുടച്ചു പളുങ്കിൻപാത്രം!
‘എന്താണെൻ കവി പുഷ്പരഥത്തിൽ
പാഞ്ഞുമറഞ്ഞോ? ഭൂവിതിലല്ലേ?’
ഞെട്ടുകൾ ഞെരിയും മുല്ലപ്പൂവിൽ
കരളുപറിഞ്ഞെൻ പാതിവിടർന്നൊരു
കവിതയിരുന്നു വിതുമ്പീടുമ്പോൾ,
ആരും കാണാതൊരുഞൊടിയിടയിൽ
മിഴിമുനകൊണ്ടുവിളിച്ചുപറഞ്ഞോ?
സന്ധ്യയിലമ്പലനടയിൽ വരുമ്പോൾ
കാണാമെന്നെൻ ദേവതമാരേ?