ഒരു കുരിശുണ്ടു്
ആഴങ്ങൾക്കുമപ്പുറം
പച്ചപ്പിനും ശബ്ദത്തിനും
വെള്ളത്തിനുമടിയിൽ
അതെപ്പോഴും
സ്നാനം ചെയ്തു കിടക്കുന്നു!
കനിവില്ലാത്ത
ഇരുമ്പാണികളുടെ
ലോഹഭാഷണങ്ങൾക്കായി
കൈവിരിച്ചു്
കാതോർത്തു കിടക്കുന്നു!
മൺചുമരുകളാണോ?
വെൺചുമരുകളാണോ?-
ഏതായാലുമൊന്നുതന്നെ!
കുരിശിന്റെ കുരുതിസ്ഥാനങ്ങൾ
ഊർദ്ധ്വനേത്രങ്ങളോടെ
അതിലേക്കുതന്നെ
ഉലയൂതിക്കൊണ്ടിരിക്കും!
ക്രിസ്തുവിനു വേണ്ടി
കിതച്ചുകൊണ്ടിരിക്കും!
നിങ്ങളുടെ തീൻമേശയുടെ
വരിയൊത്ത വാരിയെല്ലിലും
ഉറക്കത്തേമൽ പിടിച്ച
കപടദൃശ്യങ്ങളിലും
ഉൽക്കകളുടെ
സ്ഫടിക സൂചികൾകൊണ്ടു്
കോറിക്കൊണ്ടിരിക്കും!
ക്രിസ്തുവിനു വേണ്ടി
തുടിച്ചുകൊണ്ടിരിക്കും!
പള്ളികളിലും
മണിയടി കേൾക്കുന്നില്ലേ?
കൊടികളുടെ
ചിറകടി കേൾക്കുന്നില്ലേ?
ആരാച്ചാരുടെ
വിരലറിഞ്ഞ കരിയിലകൾ
കിരുകിരുക്കുന്നില്ലേ?
ഭൂമിക്കടിയിൽ
നീറിപ്പഴുത്തു കിടക്കുന്ന
കുരിശന്വേഷിക്കയാണവർ.
ആദ്യം കുരിശു്!
പിന്നെയാണു് ക്രിസ്തു!
കരിയുന്ന മാംസഗന്ധം!
അസ്ത്രമുനയിൽ കിനിഞ്ഞ
ചോരത്തുള്ളിയുടെ
ആത്മഗതം!
തേയ്മാനം വന്ന
കത്തിയുടെ നിസ്സഹായതപോലെ
ഒരു പ്രാർത്ഥന!
ക്രിസ്തുവാണതു്!
ധമനികളിൽ
അടിയൊഴുക്കുള്ള
ഹൃദയത്തിൽ
വാൽവുകൾക്കു പകരം
വാതായനങ്ങളുള്ള
ക്രിസ്തു!
കൈ പൊള്ളിയാലും
കരൾ പിഞ്ഞിയാലും
ആയിരം കരങ്ങളാൽ
ആരവങ്ങളോടെ
നമുക്കു് കുരിശുയർത്താം.
കള്ളനും കൊലപാതകിക്കും
വേണ്ടിയല്ല,
പരീശനും വേണ്ടിയല്ല,
ഭൂമിയിൽ പിറന്ന
നമുക്കെല്ലാവർക്കുമായി,
മണ്ണിന്റെ ഉപ്പായ
നമ്മുടെ
തണുതണുത്ത ചോരയ്ക്കു്
ഒരു ചിറകെട്ടാൻ,
ഒരു ക്രിസ്തു വേണം,
വീടായാലും നാടായാലും!
അതുകൊണ്ടു്-
നമുക്കു് പ്രാർത്ഥിക്കാം,
ഒരുമയോടെ.