ഇടവം ലഗ്നത്തിൽ.
ഒറ്റക്കണ്ണിൽ പൊടിയിട്ടു്
നക്ഷത്രങ്ങൾ ഒളിച്ചുകളിച്ചു,
ചിറകുള്ളവരുടെ ചിന്തകൾ
രാ മാളങ്ങളിലിരുന്ന ചീവീടുകളിൽ
കരഞ്ഞുകൊണ്ടിരുന്നു.
പക്ഷേ, ശ്രവണേന്ദ്രിയങ്ങൾ മാത്രം
എനിക്കു് മുളച്ചിരുന്നില്ല.
പൊന്നുരച്ച തേനും
കടൽ ഊതിയ ഉപ്പും
തിരിച്ചറിയാനുള്ള നാക്കും മൂക്കും
എന്നിൽ തിരിച്ചറിഞ്ഞിരുന്നില്ല.
ഞാൻ ചിരിച്ചതു് വ്യാഴാഴ്ച മദ്ധ്യാഹ്നത്തിൽ,
വെയിൽ നുരയുന്ന ഉച്ചമയക്കത്തിൽ.
മജ്ജയിൽ പതിഞ്ഞുകിടന്ന
ഭ്രാന്തചിഹ്നങ്ങളിലെ ആത്മസൂചകങ്ങൾ
തിടുക്കപ്പെട്ടു് മായ്ച്ചുകൊണ്ടിരുന്നു
തിരമാലകൾ.
ഉണർവുകളുടെ താക്കോൽപ്പഴുതിൽ
ആരോ സുവർണ്ണമുദ്ര വെച്ചുകൊണ്ടിരുന്നു.
മുരളാത്ത ചിത്രശലഭങ്ങളുടെ
ഷട്പദസ്വപ്നങ്ങൾക്കു ചുറ്റും
എന്തൊരുദാരത!
വിറങ്ങലിച്ച ധമനികളും
കുടുക്കയിൽ മുളപ്പിച്ച ചോദ്യങ്ങളുമില്ല-
വെറും പുള്ളിപ്പാവാട മാത്രം!
ഇളംപുല്ലും
കളിച്ചൊല്ലും,
തെളിമാനവും
കിളിവേഗവും.
എന്തൊരുദാരത!
ആരുടെ? എന്തിനു്?
ചോദ്യങ്ങൾ എനിക്കു് വശമായിരുന്നില്ല!
വെള്ളിയാഴ്ച എന്റെ കണ്ണിൽ
ശുക്രനക്ഷത്രം കതിരുപൊട്ടി.
ഒറ്റക്കണ്ണിലെ പ്രഭാപ്രവാഹമായി
അതെന്നെ സ്വർഗ്ഗീയമായ
ഊഞ്ഞാലിലേക്കെടുത്തുയർത്തി.
ഭൂമിയിലെ വേരുകൾ പൊട്ടിയപ്പോൾ
ഇലയനങ്ങിയില്ല,
ചോര പൊടിഞ്ഞില്ല!
വെൺകുതിരകൾ എന്നെയുംകൊണ്ടു്
മൃദുശാദ്വലങ്ങളിലെ
നിർദ്ധരികളിലൂടെ
നീന്തുകയായിരുന്നു,
അബ്ധികൾക്കും അദ്രികൾക്കും മുകളിലൂടെ
പറക്കുകയായിരുന്നു!
പെട്ടെന്നെല്ലാ നിറങ്ങളും കെട്ടു,
പദം മുറിഞ്ഞു, പാട്ടു വറ്റി.
വിലാപഗീതംപോലുമില്ലാത്ത
ശ്മശാനനിർജ്ജനതയിൽ,
പ്രേതനിർഭരതയിൽ,
ഭൂഗർഭത്തിൽനിന്നുയർന്ന, അപമാനത്തിന്റെ
പ്രാചീനനിറം കലങ്ങിയ ധൂപക്കുറ്റി
എന്റെ നെറ്റിയിലിടിച്ചു.
ആവിയിൽ പുഴുങ്ങിയ ചിപ്പിപോലെ
നെറ്റിയുടഞ്ഞു് മറുകണ്ണു് പുറത്തേക്കു് തുറിച്ചു!
ഞായറാഴ്ച ഞാനുണർന്നപ്പോൾ
പനിച്ചുപൊള്ളി വിടർന്ന
സിരാകൂടങ്ങൾക്കു് പുറത്തിറങ്ങിനിന്നു്
എന്റെ അസ്ഥികൾ പല്ലിളിച്ചു.
രണ്ടു കണ്ണുള്ള എന്നെ തിരിച്ചറിയാതെ
അമ്മപോലും പൊട്ടിക്കരഞ്ഞു!
കരുണയിറ്റുന്ന കരങ്ങളാൽ
ചിപ്പിപ്പൊളികൾ തിരുമ്മിയടച്ചുകൊണ്ടു്
ചിതമ്പലുകളടർന്ന എന്റെ ഹൃദയത്തിലേക്കും
നിഴലുകൾ ചുവടളക്കുന്ന വാതില്ക്കലേക്കും
മാറിമാറി നോക്കിക്കൊണ്ടു്
അമ്മ കടംകഥ പറഞ്ഞുകൊണ്ടിരുന്നു.
എന്തൊരുദാരത!
എനിക്കു് ഉദരം പെരുത്തുവന്നു.
തിങ്കളാഴ്ച അതു് പൊട്ടിയപ്പോൾ
നിറയെ ആവിയായിരുന്നു.
ആശ്വാസപൂർവം നിവർന്നുകിടന്നു്
നേരെ നോക്കിയപ്പോൾ
അവരെന്റെ ശവമെടുപ്പിനു്
നിരന്നു നില്ക്കുകയായിരുന്നു!
അതേ, ചൊവ്വാഴ്ചയായിരുന്നു
എന്റെ ശവമെടുപ്പു്!