നീയേതു കൊമ്പിൽ തപസ്സിരുന്നീടിലും
കൂട്ടുകാരൊന്നിച്ചു കൂകിയാർത്തുല്ലാസ
വേഗത്തിലാകാശ മാർഗേ ചരിക്കിലും
തീ വിഴുങ്ങിപ്പക്ഷിയാണു നീയിപ്പൊഴും!
നാക്കിൽ നറുന്തേനൊലിച്ചു പാടീടിലും
തൂവൽക്കുരുത്തോല വീശിക്കുടഞ്ഞു നി-
ന്നുള്ളിലെപ്പൂക്കിലയാകേ വിടർത്തിലും
തീ വിഴുങ്ങിപ്പക്ഷിതന്നെയാണിപ്പൊഴും!
നാളിൽ കരുത്തനെത്തേടും മിഴികളിൽ
ഏറെക്കടും ചായമുണ്ടെന്നിരിക്കിലും
പച്ചത്തഴപ്പിൻ വഴക്കം മറക്കാത്ത
തീ വിഴുങ്ങിപ്പക്ഷിയാണു നീയിപ്പൊഴും!
മാറിൻ ചുരന്നിളം ചുണ്ടിലിറ്റുമ്പൊഴും
പഞ്ചേന്ദ്രിയങ്ങളിൽ പ്രാണൻ തുളുമ്പുന്ന
തേനറയ്ക്കുള്ളിൽ കടന്നൽ മൂളുമ്പൊഴും
തീ വിഴുങ്ങിപ്പക്ഷിതന്നെയാകുന്നു നീ!
നേരിന്നു ദാഹിച്ചുഴന്നു കേഴുമ്പൊഴും
പെറ്റിട്ട കുഞ്ഞിന്നു പാലൂട്ടുവാൻ മടി-
ച്ചോമലിന്നോർമയിൽ കത്തിയാഴ്ത്തുമ്പൊഴും
കൈമാറിയെത്തുന്ന പെണ്ണിൻ മണം പിടി-
ച്ചുന്മാദിയായു് കാറ്റു പാഞ്ഞടുക്കുമ്പൊഴും
രാവിൽ കുഴിച്ചിട്ട സത്യങ്ങളോരോന്നു
രാജാവിനായു് നെഞ്ചിലിട്ടു പൂട്ടുമ്പൊഴും
തീ വിഴുങ്ങിപ്പക്ഷിയായി മാറുന്നു നീ!
മാറീ, വിശാലത നീയറിയുന്നുവോ?
അവ്യക്ത സ്വത്വം പഴുത്തുജ്ജ്വലിക്കുന്ന
കണ്ഠം കുനിച്ചു നീ നില്ക്കയാണിപ്പൊഴും.
പ്പതിഞ്ഞ താളത്തിലെ നൊമ്പരപ്പാടുകൾ
കുഞ്ഞുമേഘങ്ങൾ ശിരോലിഖിതങ്ങളായു്
ഏറ്റുവാങ്ങുന്നതേ സത്യമെന്നോർത്തു നീ.
ഗോത്രനീലാഞ്ജനച്ചെപ്പിലെക്കൺമഷി
യിന്നും കടക്കണ്ണിലിട്ടിരുട്ടാക്കവേ
അർത്ഥം പറഞ്ഞാൽ പകയ്ക്കുന്ന പാവമായു്
അർദ്ധോക്തിയിൽ നേർത്ത രോദനം മാത്രമായു്
തീ വിഴുങ്ങിച്ചോന്നു നില്ക്കയാണിപ്പൊഴും!
ബ്രഹ്മരക്ഷസ്സുകൾ ജന്മമാവുന്നതും
ജീവന്നടരുകൾക്കുള്ളിൽ പദംവെച്ചു
രൂപമില്ലാതേ നടന്നടുക്കുന്നതും
തന്മാത്രതോറും ചവിട്ടിക്കുഴച്ചു നി-
ന്നാത്മ പിണ്ഡത്തിനു കാവലിരിപ്പതും
നിർവാദയായു് വിളക്കേന്തിനില്ക്കുന്നവൾ
കൂരിരുട്ടിൻ സഖി, നീയറിയുന്നുവോ?
ഭീതിയിൽ തീക്കനൽ തുപ്പാനൊരുങ്ങുമോ?
കാളകൂടാഗ്നി പടർത്താനൊരുങ്ങുമോ
ഇച്ചെറു പച്ചത്തുരുത്തിൻ നിറുകയിൽ?
ത്തീരത്തു കാലം പണിഞ്ഞ കൊട്ടാരത്തിൽ
കക്ക പെറുക്കിപ്പതിച്ചു സ്വയം മറ-
ന്നൊപ്പം വിരചിച്ചതൊക്കെയെരിക്കുമോ?
മധ്യാഹ്ന തീക്ഷ്ണനായു് നില്ക്കുന്ന സൂര്യാ
പടിഞ്ഞാട്ടു മെല്ലെച്ചെരിഞ്ഞു നീങ്ങുന്നുവോ
നാളെക്കുളിച്ചുയിർത്താവർത്തനത്തിൻ
പ്രചണ്ഡനൃത്തത്തിനു പ്രാചിയിൽ കേറുവാൻ?
ക്കിളിക്കുള്ളിലാളുന്ന തീക്കളം കാണുക!
മേഘതീർത്ഥങ്ങളിൽ ചുണ്ടുരുമ്മി
ദാഹപൂർവം തമസ്സിൽ ദഹിപ്പതറിയുക!
ച്ചുത്തുംഗ ശൈലങ്ങളെപ്പുണർന്നംബരം
പുള്ളിച്ചിറകിന്നനന്ത സ്വപ്നങ്ങളാ-
ലാകെപ്പൊതിഞ്ഞുയിർ മന്ത്രം ജപിക്കുന്ന
തീ വിഴുങ്ങിപ്പക്ഷിയാരെന്നറിയുക!
തീ തണുപ്പിക്കുവോളാരെന്നറിയുക!