പഠിപ്പിക്കുന്നതും വേറെ കാര്യം.
ചരിത്രം അനുഭവിക്കുന്നതിലാണു്
തമാശ!
ഞാനെന്നും
ചരിത്രം കടിച്ചു പറിച്ചവനാണു്.
സവാളയുള്ളിപോലെ,
തന്തൂരി റൊട്ടി പോലെ,
വനിതാ ബില്ലുപോലെ.
തുടങ്ങിയതാണു്.
അടിമകളുടെ ഉരുക്കുതുട
സിംഹത്തിന്റെ
കോമ്പല്ലുകൾ കോർത്തു കീറിയപ്പോൾ
ഞാൻ ആർത്തട്ടഹസിച്ചു.
കുട്ടികളെയും
എന്റെ പെണ്ണുങ്ങളെയും
അതിലെ തമാശ പറഞ്ഞു
ബോധ്യപ്പെടുത്തുക എത്ര എളുപ്പം!
കൊളോസിയത്തിലെ ആൾക്കൂട്ടം
അവരെക്കൊണ്ടു പെരുത്തുവന്നു.
ആ കള്ളത്തെമ്മാടി മാത്രം
രസച്ചരടു് മുറിച്ചുകളഞ്ഞു.
പശുവിനേക്കാൾ പരശുവാണെനിക്കു് പ്രിയം,
പനിച്ചുതുള്ളുന്നതിനേക്കാൾ
പേ പിടിക്കുന്നതാണെനിക്കു് ശരി,
ഗാന്ധിയിലും ഗാന്ധാരിയിലും
എനിക്കു് രുചിയില്ല.
എന്റെ ലായത്തിൽ മുരളുന്നതു്
കുതിരകളല്ല, സിംഹങ്ങളാണു്.
അവയ്ക്കിഷ്ടം മുതിരയല്ല, കുരുതിയാണു്!
കള്ളവാറ്റിനേക്കാൾ വീര്യമുണ്ടു്.
ഉരുവിന്റെ സുതാര്യതയ്ക്കും
ഉടുതുണിയുടെ അതാര്യതയ്ക്കും
അതു മൂർച്ച കൂട്ടുന്നു.
എന്റെ സിംഹങ്ങൾ അമറുമ്പോൾ
ആരും തലയുയർത്തി നോക്കാറില്ല.
നരച്ച താടിയും
വിളർത്ത പുരികവും കൂട്ടിമുട്ടി
മുഖം നഷ്ടപ്പെടുന്ന മനുഷ്യസിംഹങ്ങൾ
എന്തു രസമുള്ള കാഴ്ചയാണു്!
അവ ചത്വരങ്ങളിൽ
പ്രതിഷ്ഠ നേടുന്നു.
ചരിത്രം തിരുത്തിക്കുറിക്കുന്നവരല്ല,
ഭജനപ്പാട്ടുകാരാണു്!
അവർ മറ്റുള്ളവരുടെ പെണ്ണുങ്ങൾക്കു്
ആരുമറിയാതെ കത്തി കൊടുക്കും
കുത്തിച്ചാവുകയോ
മുടിമുറിക്കുകയോ ആവാം!
ശവം നല്ല ശകുനമാണ്
പോർക്കളത്തിൽ ശിഖണ്ഡിയും!
മസിലുകളിലേക്കും
ദംഷ്ട്രകളിലേക്കും നോക്കിയാണു്
ഞാൻ കരുനീക്കി കളിക്കുന്നതു്.
കടിച്ചുകീറുന്നതു്,
ചരിത്രം ഈമ്പിക്കുടിക്കുന്നത്.
മൂന്നല്ല,
മുന്നൂറു ലായങ്ങളിൽപോലും
ഞാൻ സിംഹങ്ങളെ വളർത്തും!
വംശനാശം വന്നിരിക്കുന്നു,
അതുകൊണ്ടു്
ചരിത്രത്തിലെ തമാശകൾക്കു്
അന്ത്യമില്ല!