രാജകുമാരിയുടെ ജഡമല്ല,
സ്വപ്നമല്ല,
ദീർഘനിദ്രയിലമർന്ന
ശുഭ്രസുന്ദരസ്മൃതിയാണു്.
ഭ്രാന്തൻ പൂവള്ളിയിൽനിന്നു്
ആരാണവളെ
ഇതളറിയാതെ ഇറുത്തെടുത്തതു്?
വിരൽതുളച്ച വജ്രസൂചിയുടെ
പൊരുളറിയും മുമ്പേ
ആരാണവളെ
ഉറക്കത്തിന്റെ രാജനീലിമയിൽ
മുക്കിക്കിടത്തിയതു്?
സമയമാപിനിയുടെ കിരുകിരുപ്പില്ല,
ഋതുവിലാസത്തിന്റെ
ആർദ്രചലനങ്ങളും
രൗദ്രതാണ്ഡവങ്ങളും
ഒഴുകിപ്പോയതേതു വഴി?
മണൽക്കാറ്റിന്റെ സർപ്പദംശത്തിലും
അസ്വസ്ഥയാകാതെ,
പെണ്മയുടെ ജനിതകമുദ്രയായി
അമർന്നുകിടക്കുന്നു
രാജകുമാരിയുടെ സ്മൃതി!
സ്വപ്നജാഗരങ്ങളുടെ കടലിടുക്കിൽ
സുഷുപ്തിയുടെ മാന്ത്രികപേടകത്തിൽ
സുരക്ഷിതയായിരിക്കുന്നു
ചിറകുനുള്ളിയ പച്ചക്കുതിര!
സധൈര്യം,
സാദരം,
ഉറങ്ങിക്കിടക്കുന്നു
വ്യാളീമുഖം കമഴ്ത്തിവെച്ച
ഒരു മുഴുവൻ നഗരം!
ഇരുൾ മാന്തിക്കീറി
നഖമടർന്നുപോയ
കാറ്റാടിമരങ്ങൾക്ക്
ചിരി വറ്റുന്നു,
കരൾ ചുമച്ചുതുപ്പി
ചതുപ്പിലേക്കടർന്നുവീഴുന്നു
ഭ്രാന്തൻപൂക്കൾ,
ചവിട്ടിമെതിച്ചുകൊണ്ടു്
ചതുപ്പു താണ്ടുന്നു,
ഖഡ്ഗസീൽക്കാരത്തിൽ
ദുർദേവതകൾക്ക്
ഭ്രമണപഥം തെറ്റുന്നു.
സൂചി പറിച്ചെറിയും മുമ്പേ
ഒരു പ്രേമോഷ്മളചുംബനം!
വെളിച്ചം തിരയടിച്ചു്,
തുറക്കുന്നു കണ്ണുകൾ!
ഇരമ്പുന്നു നഗരം!
ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
രാജകുമാരിക്കു്
ഉറക്കംപോലും നഷ്ടപ്പെട്ടിട്ടില്ല!