വിളംബരം കൊണ്ടുവന്നവർ, ജാലക-
പ്പടിയിലാകെപ്പടർന്നു പുരാതന
സ്മൃതിസുഗന്ധം കൊതിച്ചോടിവന്നവർ.
ഉടലുമുയിരും കറുപ്പെന്നു കരുതി നാ-
ളിതുവരേക്കും കനിഞ്ഞു കണ്ണുഴിയാത്ത
ചെറിയ പാന്ഥർ, വിരക്തിയേശാത്തവർ
ജീവിതോത്സവ കാവ്യം രചിക്കുവോർ.
ചകിതമാനസർ, പെരുവിരൽത്തുമ്പിലൂ-
ടൊഴുകിനീങ്ങും നിരാശ്രയർ, ചേറ്റിലും
ചരലിലും ചിരിവാർന്നു് വറ്റുമ്പൊഴീ-
യുറവ തേടിത്തളർന്നു വന്നെത്തുവോർ.
എവിടെനിന്നും വരുമിവർ, മണൽ വാർന്ന
വഴികൾ തേടിപ്പിടിച്ചും മണത്തുമീ
മറവിതൻ പെരുംകോട്ടയിൽ മഞ്ഞുവീ-
ണോണമടരുകൾക്കുള്ളിൽക്കിടക്കവേ.
കടൽ കടന്നും കരയ്ക്കകത്തെരിയുന്ന
കരിനിലങ്ങൾ, കാന്താരങ്ങൾ താണ്ടിയും
പരിഭവങ്ങൾക്കു മീതെപ്പറന്നുയർ-
ന്നൊടുവിലീ പടിപ്പുരയിൽ വന്നെത്തുന്നു.
ഓണവില്ലും കടുംതുടിത്താളവും
കാട്ടുചോലക്കിലുക്കവും തുമ്പികൾ
തുള്ളിയാർക്കും തിളക്കവും പൂങ്കുല-
ക്കൂട നീളെക്കുലുങ്ങും മണങ്ങളും
തുഴകളൊന്നിച്ചുയർത്തും തരംഗവും
ചുവടിനൊപ്പം തുടുക്കും കപോലവും
അതിലുലാവും വെയിൽമഴച്ചിന്നലും
ഇവിടെയു, ണ്ടതിൻ തരി നുണഞ്ഞീടുവാൻ.
ഒരു സുഖസ്മിതംപോലെ, മലർപ്പൊടി-
ക്കനവുപോലിതെന്നാർ ചിരിച്ചീടിലും
കരുതിവെക്കുവോർക്കെന്നും തിരുവോണ
ലഹരിയായാണ്ടു മുങ്ങിത്തുടിക്കിലും
നറുനിലാവിൻ തിളക്കമാ, യരിമണി-
ത്തരി വെറും നെഞ്ചിലേറ്റിത്തിരിക്കവേ
ഓണമുണ്ടെന്ന നിനവിൽ നിറഞ്ഞിടും
കരിയെറുമ്പിന്റെ കരളാരറിഞ്ഞിടാൻ