മുല്ലപൂത്തത, ല്ലാദ്യമായ് റോസയിൽ
മൊട്ടുവാർത്തത, ല്ലാരും വിളിക്കാതെ
പൂമ്പൊടിയിൽ കുതിർന്നു നിറം വായ്ച്ചു
കാറ്റിലേറിക്കുണുങ്ങും ശലഭമ-
ല്ലായിരം ചെറുപാദങ്ങളിൽ കാടു
നാടു നീളെ ചുവടു വെച്ചേറുന്ന
തൂമഴത്തെയ്യമാടും കളിയല്ല!
പൂച്ച പെറ്റു കടിഞ്ഞൂൽക്കനികളെ
എന്തൊരോമനച്ചന്തമാണഞ്ചുപേർ
കൺതുറക്കാൻ മടിക്കുന്നൊരുണ്ണികൾ!
കൂട്ടുകാരെ കരളിൽ കവർന്നവൻ,
നെഞ്ചിലേറ്റിപ്പുണർന്നു തൻ പാവകൾ-
ക്കൂതി ജീവൻ പകരാൻ കൊതിച്ചവൻ
ഊണുമൂരും മറന്നു നിഴൽപോലെ
ഒട്ടിനില്ക്കയാണീറ്റില്ലവാതിലിൽ,
പാതിപ്രാണൻ പകുത്തുവെച്ചോടുന്നു
പാഠശാലച്ചുടുമണിയൊച്ചയിൽ.
ഉമ്മറം ചാടി ദൂരം മറക്കുന്നു,
ഉമ്മവെക്കാനുഴറിക്കുതിച്ചുടൻ
ആര്ത്തിരമ്പുന്നിതത്ഭുതം, ഗദ്ഗദം:
“രണ്ടുപേർ മണിക്കുഞ്ഞുങ്ങളെങ്ങുപോയു്?
അമ്മയാർക്കു കൊടുത്തു? നേർ ചൊല്ലണം!”
ഇല്ല, നേരമ്മ തന്നെയാ കുഞ്ഞിളം
മേനിയാൽ പശിയാറ്റിയെന്നോതി ഞാൻ.
പൂച്ച അമ്മ ചമഞ്ഞതു് ജീവനോ-
ടുണ്ണിയെപ്പെറ്റു പറ്റിക്കിടന്നതും
പാൽ ചുരത്തി ചൊരിവായ് നനച്ചതും?
നെഞ്ചിൽ വീണു കലമ്പിക്കലങ്ങുമ്പോൾ
ചേർത്തു പേർത്തും പുണർന്നുകൊണ്ടമ്മ തൻ
സ്നേഹ സൗഖ്യം പൊലിപ്പിച്ചു നിന്നു ഞാൻ.
തീയുണർത്തുന്ന ചിന്തയിൽ വെന്തുകൊ-
ണ്ടല്പനേരം കഴിഞ്ഞവൻ ചോദിച്ചു:
“തിന്നതൊക്കെയും പെണ്ണായിരുന്നുവോ?”