ക്കോലുകൊണ്ടേറെയളന്നു നടന്നു ഞാൻ.
അറ്റം ദ്രവിച്ചൊരീ കോലിനാൽ നക്ഷത്ര-
ദൂരങ്ങൾ താണ്ടുവാനുണ്ടോ കണക്കുകൾ?
കാറ്റും മഴയും മെതിച്ചു കുഴച്ചിട്ട
ഞാറ്റുവേലപ്പാടമാകെ തിരഞ്ഞു ഞാൻ
ഓരോ ചവിട്ടടിപ്പാടും വികലമായ്
നേരേ ചൊരിഞ്ഞിട്ട വാക്കും വികല്പമായ്.
മൺതരിക്കൊപ്പം പൊടിഞ്ഞ പൊൻമുദ്രകൾ
കൂട്ടിവിളക്കിത്തരും പാതിനേരുകൾ
കൂറ്റൻ വരയൻ കുതിരയായ് കാടേറി
ആടിത്തകർക്കും വഴി വെടിഞ്ഞോടി ഞാൻ.
തുമ്പിയെ പിൻതുടർന്നോരോ ചെടിയിലും
പൂവിലും കൈനീട്ടിയോടി, കടംകഥ-
ക്കാട്ടിൽ കയറി കരിംപച്ച മൗനത്തി-
ലീണം പകരും കുയിലിനെത്തേടി ഞാൻ.
പാടിക്കുളിർപ്പിച്ചു, പാടേ മറ, ഞ്ഞില-
പ്പൊയ്ജാലകങ്ങളിൽ കണ്ടുകണ്ടില്ലെന്ന
മോഹം ജ്വലിപ്പിച്ചു, പ്രേമഗർവിഷ്ഠം
നടത്തീ മുഖം കൂർത്ത മുൾക്കാട്ടിലൊക്കെയും.
അമ്മയെക്കാണാഞ്ഞുഴന്നു പായും മുയൽ-
ക്കുഞ്ഞിൻ നനഞ്ഞ പാൽക്കണ്ണിൽ കലക്കമായ്
ഒറ്റയ്ക്കുറക്കം വരാതെ പിടയ്ക്കുന്ന
കറ്റക്കിടാവിൻ കുടമണിത്തേക്കമായ്
പ്രേമപ്രകമ്പനം കാണാത്ത വിണ്ണിന്റെ
മാറിലേയ്ക്കാഴിക്കുതിപ്പിൻ കഴപ്പുപോൽ
കണ്ണുകെട്ടിത്തടഞ്ഞിങ്ങു വന്നെത്തി ഞാൻ
വീണ്ടും വരയൻ കുതിരയ്ക്കു് പിന്നിലായ്!
ഒപ്പം കറുപ്പും വെളുപ്പും വരയിട്ടൊ-
രീ തൊലിക്കുള്ളിലാണുൺമതൻ നേർവഴി
സ്വപ്നഭ്രമം വായ്ച്ചതിൻ കുഞ്ചിരോമങ്ങൾ
സപ്തവർണ്ണങ്ങളിൽ മുക്കുന്നു കാഴ്ചയെ.
തീർത്ഥങ്ങളിൽ, ക്ഷേത്ര വാടങ്ങളിൽ ചെന്നു
പ്രാർത്ഥിച്ചു, നേദിച്ചു പുണ്യമാർജ്ജിക്കിലും
ക്ഷേത്രജ്ഞനാരെന്നറിയാതെ പഞ്ചാഗ്നി-
യാളിപ്പിടിക്കും തിറയെടുത്താടി ഞാൻ.
ഇക്കനലാട്ടം നിറുത്തുവാനാരുമി-
ല്ലേഴു കടലും മലയും മതിമറ-
ന്നാഗോളനൃത്തം ചവിട്ടുന്നു, താഴെ
ചതുപ്പിൻ ചതിക്കൂട്ടിലെത്രയാണുണ്ണികൾ!
നാക്കിലാർക്കോ മുറിവുണ്ടതിൻ ചോര വാർ-
ന്നെന്റെ വാക്കും മുറതെറ്റി വിറയ്ക്കുന്നു
നോവേറു പാഞ്ഞേറിയുള്ളം പിളർന്നവർ
ചങ്കിലമ്പേറ്റു പിടയ്ക്കുന്നു ദൈവമേ!
ഇത്തിരി വെള്ളമിക്കയ്യിൽ, പടവെത്ര
പാതാളദൂരം! പറയുന്നതാരിത്?
“വെച്ചകാൽ പിന്നോട്ടെടുക്കേണ്ട, പോകുക
തൊട്ടുനിൻ പിന്നിൽ ഞാനിപ്പോൾ നടക്കുന്നു.”