കറുത്ത തൂവാല പാറിവീണു,
അകമ്പടിയില്ലാതെ,
ആരവങ്ങളില്ലാതെ!
വിമോചനമന്ത്രത്തിന്റെ
സ്വർണനൂൽകൊണ്ടു്
വക്കുരുട്ടിത്തയ്ച്ച കറുത്ത തൂവാല!
കമാനങ്ങളുയരുന്നതു്
സ്വപ്നം കണ്ടുണർന്ന
ഉയിരാകെ പൊട്ടിത്തരിച്ചു.
അരയിൽ ചുറ്റുന്ന കരങ്ങൾ
പെട്ടെന്നു് മുറുകി:
“അമ്മേ! വലിച്ചെറിയൂ
കറുത്ത തൂവാല!”
വറവുചട്ടിയിലോ?
ആഴക്കയങ്ങളിൽ
അമർന്നുലാത്തുന്ന നീരാളികളെ മറന്നു്
ചക്രവാകിയുടെ നിശ്ശബ്ദരോദനമായി
പൂർവ്വോദയം കിനാവു കണ്ടു്
രാവുറങ്ങിത്തീർക്കണോ?
എരിതീയിലുരുകുന്ന
സിരാപടലങ്ങൾ ചുരുട്ടി
പ്രപഞ്ചഗോപുരത്തിലേക്കെറിഞ്ഞു്
ഉറക്കമില്ലാത്ത ആരോഹണം തുടങ്ങണോ?
എനിക്കു ചുറ്റും
ജലശീകരങ്ങളുടെ സാന്ത്വനമില്ല,
കറുത്തു കുറുകിയ ചോര
തിളച്ചുയരുന്ന ആവിമാത്രം!
ഇല പൊഴിയുന്ന ശിശിരത്തിന്റെ
അസ്ഥിപഞ്ജരത്തിൽനിന്നു്
അവസാനത്തെ പച്ചത്തരിയും റാഞ്ചാൻ
വട്ടംചുറ്റുന്ന വേനൽക്കഴുകന്മാർ!
നെടുവീർപ്പുകൾ, നിലവിളികൾ
ഉടഞ്ഞ ചിരികൾ, ജല്പനങ്ങൾ
കയറിൽ കുരുങ്ങുന്ന അട്ടഹാസങ്ങൾ!
അവയെന്നെ ചുട്ടുനീറ്റുമ്പോൾ
അതാ,
അരഞ്ഞാണിന്റെ ശീതളസ്പർശം!
ഒറ്റച്ചിലമ്പിലെ വജ്രത്തരികളിൽ
സൗമ്യരാഗമായതു് ഇറ്റുവീഴുമ്പോൾ
വളരെപ്പതുക്കെ ഒരു നിമന്ത്രണം:
“അരുതു്, കൺകെട്ടരുതു്!”
അതു് ഗാന്ധാരിയാണു്!
സതീത്വത്തിന്റെ
സുഗന്ധഭാരം പേറുന്ന മാതൃത്വം!
ആന്ധ്യത്തിൽ ചാലിച്ച മുലപ്പാലുകൊണ്ടു്
നിറദീപങ്ങൾക്കു പകരം
നൂറു പന്തങ്ങൾ ജ്വലിപ്പിച്ചവൾ,
ഒരു ശപഥത്തിന്റെ ഗ്രീഷ്മാതപംകൊണ്ടു്
കുലം ചാമ്പലാക്കിയ ജന്മപാപം
ഏറ്റുപറയുന്ന പാവം കുലസ്ത്രീ!
സുയോധനൻ വിശന്നുപൊരിഞ്ഞതു്
അദൃശ്യനയനങ്ങളിലെ
അമൃതകിരണത്തിനായിരുന്നു,
ബാല്യകൗമാരങ്ങളിൽ
നെഞ്ചുരുകിപ്പിടഞ്ഞതു്
സമുദ്രഗർഭത്തിലെ
ശാന്തിമന്ത്രത്തിനായിരുന്നു,
തുടയരഞ്ഞുകിടക്കുമ്പോഴും
ഉള്ളിടഞ്ഞു് കയർത്തതു്
ആ കൺകെട്ടിനോടായിരുന്നു!
ഇരുട്ടിൽ വളർന്നവർ
പ്രളയരാത്രിയായ് പരിണമിച്ചതു്
എങ്ങനെയെന്നു്
അമ്മയറിയുന്നു!
എനിക്കീ കറുത്ത തൂവാല
വലിച്ചെറിയുക വയ്യ!
യുഗങ്ങളുടെ വിളുമ്പിൽനിന്നടരുന്ന
കനൽച്ചീളുകൾ
എന്റെ നെഞ്ചിൽ ഒരു ചിത കൂട്ടിയിരിക്കുന്നു.
ത്രേതായുഗത്തിന്റെ ധർമഗീതയിൽനിന്നൊരു
അഗ്നിസാക്ഷ്യം!
ദ്വാപരത്തിന്റെ കരിങ്കാറിൽനിന്നൊരു
വസ്ത്രദൈന്യം!
കന്യാദാനത്തിനും കന്യാദഹനത്തിനും
അഗ്നിതന്നെ സാക്ഷി!
സാക്ഷ്യങ്ങളും ദൈന്യങ്ങളും
ചരിത്രത്തിലെ കടുംകെട്ടുകൾ!
ആരുമതഴിക്കുന്നില്ല-
സ്വർണം കെട്ടിയ രുദ്രാക്ഷമാക്കി
നാമസങ്കീർത്തനങ്ങളിൽ പൊതിഞ്ഞു്
കാലപുരുഷന്റെ മെതിയടിയിലർപ്പിക്കുന്നു!
നെഞ്ചു പൊട്ടിയ രുദ്രാക്ഷരോദനം
യുഗാതിവർത്തിയായൊരു
ആർത്തനാദമായു്,
അണുപ്രസരമായു്,
എനിക്കു ചുറ്റും പൊരിഞ്ഞു പരക്കുന്നു!
ഉരുകിയ ലാവയായു്
അതെന്റെ ശ്രവണപുടങ്ങളിൽ
അള്ളിപ്പിടിക്കുന്നു!
എന്റെ ഹൃദയത്തിനും
തുള വീണുകഴിഞ്ഞു!
ഉറക്കംനടിക്കുന്നവർക്കു്
ഉണർത്തുപാട്ടില്ലെന്നറിയുമ്പോൾ
എനിക്കീ കറുത്ത തൂവാല
വലിച്ചെറിയുക വയ്യ!
ഇതുകൊണ്ടു്
കണ്ണു കെട്ടുന്നില്ല,
കാതു പൊത്തുന്നില്ല,
ചോര വാലുന്ന നെഞ്ചിൽ
ചേർത്തുവച്ചമർത്തുന്നു-അത്ര മാത്രം!
കറുപ്പിലും സ്വന്തം ചോര തിരിച്ചറിയുന്നവരേ,
എന്നാണതു്
ഒരേയൊരു
കൊടിയടയാളമാവുക?
വായ്മലരിൽ പരാഗവും തേനുമായ്!
പുഞ്ചിരിയിൽ കുതിർന്നൊരിക്കാഴ്ച തൻ
വിസ്മൃതിയിൽ വിലയിപ്പു വിശ്വവും!
ആരുമാരും രുചിക്കാതെ പാഴില
വീണുവീണു കിടന്നൊരീ മൺകനി-
ക്കിത്രസ്വാദെന്നറിഞ്ഞു വിടരുന്നു-
ണ്ടത്ഭുതാഹ്ളാദ ലോകങ്ങളൊക്കെയും-
പങ്കുപറ്റാൻ മണം പിടിച്ചെത്തിടും
തേനെറുമ്പിനുമില്ലാ തരിമ്പെന്നു്
തിന്നുതീർക്കയാണുണ്ണി തിരക്കിട്ടു
കൈവശം വന്ന മണ്ണപ്പമൊക്കെയും.
വായ് പൊളിച്ചു പ്രപഞ്ചങ്ങൾ കാട്ടുവാൻ
ഇല്ല നിൻപക്കൽ ജാലങ്ങളെങ്കിലും
വേണുവൂതിക്കുരുക്കിലാക്കീടുവാൻ
ഇല്ല നിൻ ചുണ്ടിൽ താളങ്ങളെങ്കിലും
കൈപിടിച്ചു വിലക്കയില്ലാ രുചി-
ഭേദമോർത്തു വിലപിക്കയില്ലമ്മ
മണ്ണിനിന്നെന്തു പൊൻവില, പൊന്നുണ്ണീ
മണ്ണുതിന്നുന്ന ശൈശവം സുന്ദരം!