(ഒരേ സമയം രണ്ടു വാക്കുകൾ ഉച്ചരിക്കാനോ എഴുതാനോ സാധ്യമല്ലെന്ന സത്യത്തിൽ അധികാരത്തിന്റെ ശക്തിയും മനുഷ്യന്റെ നിസ്സഹായതയുമുണ്ടു്. വാക്കിന്റെ വരിയിൽ ശിക്ഷയുണ്ടു്—ശിക്ഷണമായും ശിക്ഷയായും; അതുകൊണ്ടു ഭാഷയിലും സംസ്കാരത്തിലും. വാക്കിന്റെ വരി തെറ്റിച്ചു പുതിയ എഴുന്നള്ളത്തു നടത്തിയ കവിയാണു് എഴുത്തച്ഛൻ. കവിതയിൽ പുതിയ എഴുന്നള്ളത്തുകൾക്കായി കാലം കാതോർക്കുന്നു.)
നേർവരയിൽ മാത്രം.
അതുണരുന്നതും ഉരുളുന്നതും
നേർവരയിൽ മാത്രം.
ഒറ്റയടിപ്പാതയിലൂടെ
ഓടിച്ചുകൊണ്ടിരിക്കുന്ന
ഇടയനാര്?
ഇടറാത്തവനാര്?
ഇടിച്ചുതള്ളിയും
കൊമ്പു കോർത്തും
തീപ്പക വിഴുങ്ങി
തരംഗദൂരം നേർപ്പിച്ചു് കൂർപ്പിച്ച്
ലേസർ നാക്കു നീട്ടി
വാക്കുരുളുന്നു-
എപ്പോഴും നേർവരയിൽ.
വാക്കിൻ വായിൽ
ശരം തൊടുത്ത്
‘ഞാൻ’ മുഴക്കുന്നു.
ഹുംകൃതിയായ്
അഹംകൃതിയായ്
സംഘസ്മൃതികളിൽ
അതു തുള വീഴ്ത്തുന്നു.
ബുദ്ബുദങ്ങൾ ഊതിത്തള്ളുന്ന
ആത്മവിഭൂതികൾ
വാക്കുകളിൽ
തുടം വെച്ച് പൊട്ടുന്നു.
ഡിജിറ്റൽ ഇമാജിംഗിൽ
തളപ്പുകളില്ലാത്ത
വിസ്മയങ്ങളുടെ നീരൊഴുക്കിൽ
കലങ്ങുന്ന കവിതകൾ,
കലമ്പുന്ന സംഗീതം,
കരസ്പർശമേൽക്കാത്ത വർണങ്ങൾ
സ്ഥലകാലസന്ധികളിലൂടെ
വാക്കിൻവരിയിലേക്ക്
ചെരിഞ്ഞുവീഴുന്നു;
അർഥങ്ങളുടെയും
അർഥപാപങ്ങളുടെയും
വ്യാഘ്രചർമത്തിൻ
പടിഞ്ഞിരിക്കുന്നു.
തുറുകണ്ണുഴിയുന്ന സ്രാവുകളും
ഹിരോഷിമകളും
പൊഖ്റാനുകളും
ശവഭാഷണം നടത്തുന്നത്
ഇവിടെയാണ്.
ശാർദൂല വിക്രീഡിതവും
മന്ദാക്രാന്തയും
കാകളിയും മഞ്ജരിയും
വക്കുടഞ്ഞ് സ്തംഭിച്ചുനിൽക്കുന്നു.
മറക്കുടയ്ക്കുള്ളിൽ ഗീതയും
മൈതാനത്തിൽ മാർക്സും
ഉറയൂരാത്ത
അരുളപ്പാടുകളുടെ
വരിയിലിഴഞ്ഞ്
ഫണമുയർത്തുന്നു.
വിഴുങ്ങാനായുന്ന
തിമിംഗലത്തിന്റെ വിസ്തൃതിയും
പച്ചിലക്കുത്തിലെ ഒറ്റകണ്ണിപ്പാമ്പിന്റെ
മൂർച്ചയും കരുനീക്കവും വാക്കിലുണ്ട്.
വാക്കുരുളും വഴി
വന്യമാണ്
എഴുതിക്കൊഴുപ്പിച്ച്
കൊഴുത്തു തടിക്കുന്ന പന്നിപ്പറ്റങ്ങളും
വലിച്ചു കീറി ഉറുഞ്ചിക്കുടിക്കുന്ന
കടുവത്തോറ്റങ്ങളും
നടമാടുന്ന മഹാവിപിനം!
അധികാരത്തിന്റേതാണ്.
വെട്ടിയൊരുക്കിയ നടപ്പാതയിൽ
വരി തെറ്റാതെ
ചിക്കിച്ചിനക്കുന്ന കോഴിക്കുഞ്ഞുങ്ങൾ
വിരാട് രൂപങ്ങളായി വളരുന്നു
സ്വർണത്താമ്പാളംകൊണ്ടോ
അണുബോംബുകൊണ്ടോ
സത്യത്തിന്റെ മുഖം മറയ്ക്കുന്നു!
പറക്കുന്നതേതു പക്ഷി?
മുഖം തേടുന്ന വിരൽ
വിണ്ടു വിടർന്നാലും
കാഴ്ചയന്വേഷിക്കുന്ന കണ്ണ്
ഉരുകിയൊലിച്ചാലും
ഉയിരുലച്ചുയരും ഗരുഡായനം
മുറുകി അയഞ്ഞ്
നീരാവിയായു്,
അനാമികയായു്
അരൂപിയായ്
അചേതനമായ് മാറുന്നു;
അനന്തതയിൽ
അളിഞ്ഞഴുകി
പിന്നെയും മുളയ്ക്കുന്ന
വിചാരങ്ങളിൽ വീണു കലങ്ങി
സാഗരഗർഭത്തിലേക്ക് പെയ്യുന്നു.
ഉറക്കമൊഴിക്കുന്ന താന്ത്രികർ
വാക്കിലെ ക്വാർക്കുകളെ
വിസ്മരിച്ചുവോ?
അവയ്ക്കും സിഗ്നേച്ചറുകളുണ്ടു്!
വരകളും മുറകളും
കരിയും പുകയും
ഭ്രാന്തും ആർത്തനാദവുമായി
സിഗ്നേച്ചറുകൾ കുന്നുകൂടുന്നു.
തണുത്തുറയുമ്പോൾ
സ്മൃതികൾ വിണ്ടുകീറുമ്പോൾ
കൊടുങ്കാറ്റുകൾ ഒടിഞ്ഞു മടങ്ങുമ്പോൾ
വാക്കുകൾക്ക്
വരി തെറ്റാത്തതെന്തേ?
ശാസ്ത്രത്തിനു് ഇനിയും രൂപനിർണയം സാധിച്ചിട്ടില്ലാത്ത അതിക്ഷണഭംഗുരമായ ഉപന്യൂക്ലിയാർ കണങ്ങൾ.