ഞാനതറിഞ്ഞില്ല
എന്റെ തിരിച്ചറിവിന്റെ നിലയില്ലാക്കയങ്ങളിൽ
നീർക്കിളിയായി,
ചുറ്റും നെഞ്ചുരുമ്മിക്കരയുന്ന
കരിയിലകൾക്കടിയിൽനിന്നു്
ഞെരിഞ്ഞു് നിവരുന്ന നാമ്പിന്റെ
നനുത്ത രോദനമായി
അവളെനിക്കൊപ്പമുണ്ടു്.
പുറം തിരിഞ്ഞു് നില്ക്കുന്ന സത്യവാന്റേയും
ഹൃദയങ്ങളിലേക്കാണിപ്പോൾ
എന്റെ മനസ്സോടിക്കയറുന്നതു്.
അവിടെ വെളിച്ചം നിറഞ്ഞ,
വലിയ വാതായനങ്ങളുള്ള
സ്വീകരണമുറികളുണ്ടു്,
അടച്ചിട്ട മണിച്ചിത്രഗോപ്യതകളുമുണ്ടു്.
ഞാൻ മുട്ടിയതവിടെയാണു്-
ചെറിയ കട്ടിക്കതകുകളിൽ.
ഉത്തരീയമൂർന്ന വലിയ ചുമലുകളിൽ
വേലിയേറ്റമുണ്ടാക്കുന്നതു് ഞാൻ കണ്ടു.
പക്ഷേ, സാവിത്രിയുടെ അമ്പരപ്പു്-
എത്ര സമർത്ഥമായാണതു്
നിഗൂഹനം ചെയ്യപ്പെടുന്നതു്!
സാവിത്രിയുടെ ആദ്യത്തെ സൗഹൃദസ്പർശം
എന്നെ അമ്പരപ്പിച്ചു-
വെണ്ണപോലെ വെളുത്തു മിനുത്ത
ചെറിയ കൈകളിൽ
എന്തൊരു തണുപ്പും വിയർപ്പുമായിരുന്നു!
പാദാദികേശം നരച്ചു കഴിഞ്ഞ
എന്റെ മനസ്സിൽ
സ്നേഹവാത്സല്യങ്ങൾ ചുരന്നു.
എവിടെയോ ഞാൻ തൊട്ടറിഞ്ഞ
തൂവൽസ്പർശംപോലെ മൃദുലം.
തണുപ്പിന്റേയും വിയർപ്പിന്റേയും
നെഞ്ചിടിപ്പാണു്
എന്റെ നോട്ടം
ആ ഹൃദയത്തിലേയ്ക്കാക്കിയതു്.
നിറഞ്ഞു ചൊരിഞ്ഞുകൊണ്ടിരുന്നു,
സത്യവാനെന്ന വന്മരത്തിന്റെ
വേരുകളിൽ, പേശികളിൽ, വിരലുകളിൽ
ഇലകളിൽ, പൂക്കളിൽ, മിഴികളിൽ
എവിടേയും!
കടമയുടെ ഉരുക്കുനൂലുകൊണ്ടവൾ
സ്വന്തം ഹൃദയത്തിനു് തുളയിട്ടു കെട്ടിയിരുന്നു;
അല്ലെങ്കിൽ-
അതോടിപ്പോവുമെന്നോ
ഉടഞ്ഞു ചിതറുമെന്നോ
ഭയന്നെന്നപോലെ.
സ്വന്തം മനസ്സുകൊണ്ടവൾ
എപ്പോഴും ആ ഉരുക്കുനൂലുകളിൽ
രാകിക്കൊണ്ടിരുന്നതു്
സത്യവാനെ അസ്വസ്ഥനാക്കി.
വരനെത്തേടി തപോവനങ്ങളിലലഞ്ഞ
ആലസ്യം അവൾ മറന്നുകഴിഞ്ഞെന്നു് തോന്നി.
തന്നിൽ മനസ്സു നഷ്ടപ്പെട്ട
പവിത്രമുഹൂർത്തം വിവർണ്ണമാവുന്നതും
വരണമാല്യത്തിന്റെ സൗമ്യഗന്ധം വറ്റുന്നതും
മൃത്യുഞ്ജയമന്ത്രങ്ങളുടെ ഗ്രീഷ്മവിഹ്വലതകൾ
കാലവർഷക്കലക്കത്തിൽ ഒഴുകിപ്പോവുന്നതും
അവസാനം,
മരണത്തെ വെന്ന ദൃഢനിശ്ചയം
കൊളുത്തഴിഞ്ഞു് വീഴുന്നതും
നോക്കി നില്ക്കാനായില്ല.
കൂടുതൽ കൂടുതൽ പുറംതിരിഞ്ഞു നില്ക്കെ
ഉച്ഛ ്വാസവായുവിന്റെ ചൂടുകൊണ്ടു്
ആ മുഖം പൊള്ളിക്കരിഞ്ഞു.
ഒടുവിൽ
തന്റെ സ്വകാര്യപ്പെട്ടിയിൽ അടച്ചുവെച്ച
കൊച്ചു ചിറകുകൾ പുറത്തെടുത്തു്
അവൾക്കയാൾ സമ്മാനിച്ചു.
അവളതു് വാങ്ങി
സൂര്യപ്രകാശത്തിൽ വിടർത്തിയുണക്കുമ്പോൾ
അയാളുടെ ഹൃദയം ചീർത്തുവന്നു.
അതണിഞ്ഞു് മാലാഖയെപ്പോലെ അവൾ
അകലങ്ങളിലേക്കു് പറന്നപ്പോഴേയ്ക്കും
തളർന്നവശനായി
അയാൾ കട്ടിലിൽ വീണു.
ഹൃദയത്തിൽ വരിഞ്ഞുകെട്ടിയ
ഉരുക്കുനൂലിന്റെ മറുവശം
അവൾതന്നെ
കട്ടിൽക്കാലിൽ ബന്ധിച്ചിരുന്നു.
ശൂലമുനകളിൽനിന്നു്
ആത്മാവിനെ ഏറ്റുവാങ്ങിക്കൊണ്ടു്
കൈവിരിച്ചു് മലർന്നുകിടന്നു്
അയാൾ ശാന്തമായുറങ്ങി.