ഞാനിപ്പോഴും.
ഹൃദയമിടിപ്പു്,
ഇമയനക്കം,
സ്വരവിന്യാസം-എല്ലാം
ശ്വേതാംബരയായ സീതയുടെ
കൃഷ്ണപക്ഷങ്ങൾക്കടിയിലാണു്.
നക്കിത്തോർത്തിയടുപ്പിക്കുന്ന
തള്ളപ്പശുവിനെപ്പോലെ
അതെന്നെ അണച്ചു പിടിക്കുന്നു.
പ്രഭാതത്തിന്റെ പ്രസരിപ്പും
പ്രദോഷത്തിന്റെ പ്രാർത്ഥനയുമൂട്ടി
പകർച്ചവ്യാധികളിൽനിന്നു്
അകറ്റി നിർത്തുന്നു.
അതിർത്തിരേഖകളും
ശബ്ദസ്ഥായികളും
അളന്നു കുറിക്കുന്നു.
വരയിട്ട ഗ്രന്ഥങ്ങളിൽ,
വരമൊഴിക്കൂട്ടുകളിൽ
വടിവൊത്തു നിറയാൻ
കനിഞ്ഞരുളുന്നു.
ത്രൈയംബക മോഹങ്ങളുടെയും
പട്ടമഹിഷീദർപ്പങ്ങളുടെയും
പടവിറങ്ങി,
ആരണ്യക ഭീതികളിലൂടെ
കണ്ണുമടച്ചു് നടത്തിക്കുന്നു.
അശോകഛായയിലിരുന്നു്
വിരഹമന്ത്രധ്യാനംകൊണ്ടു്
കുലവധൂടികളുടെ മാതൃക മെനയാൻ
പഠിപ്പിക്കുന്നു.
ആകുലതയിൽ വിത്തെറിയാതെ,
യോഗനിദ്രയിലാണ്ട സംസ്കൃതിയുടെ
പാദപൂജയിലൂടെ
ആത്മവിസ്മൃതി പരിശീലിപ്പിക്കുന്നു.
പിഴയ്ക്കാതെ പിഴയൊടുക്കുവാൻ
സംയമനത്തിന്റെ ശൂലമുനയിൽ
കോർത്തു് മെരുക്കിയെടുക്കുന്നു!
സീതയുടെ നിഴലിലാണു്
ഞാനിപ്പോഴും!
പാകമാകാത്ത പഴയൊരുടുപ്പുപോലെ
അതെന്നെ ശ്വാസംമുട്ടിക്കുമ്പോൾ
നിഴലിനിപ്പുറം ചാവുകടലാണെന്നു്
അവർ പറയുന്നു!
നിറവാണെന്നു മറ്റു ചിലർ!
പശപോലെ പറ്റിപ്പിടിക്കുന്നതും
ഹൃദയമുരച്ചു് പളുങ്കുഗോട്ടിയാക്കുന്നതുമാണു്
എന്നുമാത്രം ഞാനറിയുന്നു.
പ്രപഞ്ചം മുഴുവൻ പുതപ്പിക്കാൻ
സീതയ്ക്കെങ്ങനെ കഴിഞ്ഞു?
ഈ നിഴലിനു നിറമില്ലെന്നു്
ആരു പറഞ്ഞു?
അതിന്റെ ശ്യാമരന്ധ്രങ്ങളിൽ
വിശുദ്ധിയുടെയും വിരക്തിയുടെയും
സങ്കലനമുണ്ടു്;
കുരുതികളുടെ കനലാട്ടമുണ്ടു്;
അരുതുകളുടെ ചൂളങ്ങളുണ്ടു്;
മഹാനക്ഷത്രങ്ങൾ
കരിന്തിരി കത്തുമ്പോൾ
തമോഗർത്തങ്ങളിൽ ഒളിപ്പിക്കുന്ന
ഗതകാല പാപങ്ങളുണ്ടു്!
ഒരിക്കലെങ്കിലും
സത്യമന്വേഷിച്ചു്,
ഒരു ചുവടു്!-
ഒരു ചുവടെങ്കിലും
വയ്ക്കാൻ കഴിഞ്ഞെങ്കിൽ!