നാം കള്ളം പറയാറില്ലേ?
ആർക്കുവേണ്ടിയാണതെന്നു്
നമുക്കു് നന്നായറിയാം.
ചിരിക്കാതെ,
കരയാതെ,
മൗനത്തിന്റെ വജ്രമുനയിൽ കയറിനിന്നു്
നെടുകെ പിളരാതെ,
എത്ര വലിയൊരു കള്ളവും
സത്യമാക്കാൻ നമുക്കേ കഴിയൂ!
ഇടിമുഴക്കത്തിന്റെ സങ്കടം കേൾപ്പിക്കാതെ,
തീപ്പിണരിന്റെ തിളക്കം തൂവിക്കാതെ,
ഒരേ ചുവടിൽനിന്നു്
ഒടുക്കംവരെ
ഒരേ കഥ പറയാൻ
നമുക്കേ കഴിയൂ!
കേൾക്കുന്നവരുടെ
ശ്രവണ വടിവിൽ ആണ്ടിറങ്ങി,
നൂറ്റാണ്ടുകളുടെ ചിലന്തിവലകൾ
തലോടിത്തലോടി
ഇരുണ്ടു കനത്ത കരിങ്കൽമേനിയിൽ
ആത്മബോധം ചുരുണ്ടമർന്നു്,
മുഖം മുറിഞ്ഞ സാലഭഞ്ജികകളായി
നാമിവിടെ
എപ്പോഴും കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു.
സാറാ,
നീയും പറഞ്ഞിട്ടില്ലേ കള്ളം?
ഉപ്പുതൂണുകളെപ്പറ്റി
കഥപറയുമ്പോഴെങ്കിലും?
കൂടാരവാതിൽക്കൽ പുറംതിരിഞ്ഞുനിൽക്കേ
വന്ധ്യതയുടെ ആഴങ്ങളിൽ
പതഞ്ഞുപൊന്തിയ കടുംചിരി
നീ നിഷേധിച്ചതെന്തേ? [1]
ഗന്ധകവും തീയുമുതിർപ്പവൻ
അണ്ഡനിദ്രകൾക്കു് അറുതി കൽപ്പിക്കെ
ഗർഭസ്ഥശിശുവിനു് ശയ്യയൊരുക്കാൻ
നിന്റെ ധൈര്യം
ചാപ്പിള്ളയായി പിറന്നൊഴിഞ്ഞോ?
പൊന്നുരുകും മുമ്പേ
പൂച്ചയെപ്പോലെ കുനിഞ്ഞിരുന്നു്
പുളിപ്പില്ലാത്ത അപ്പം ചുട്ടവൾ നീ!
പൊരിഞ്ഞുകൊണ്ടിരിക്കുന്നതു്
പുളിച്ചുനുരഞ്ഞ മൗനത്തിന്റെ
അനാദിയായ ആർത്തനാദം!
ഏകജാതനും പിതാവും
വിറകും വിശ്വാസവും
കഴുതയും കൂട്ടരും
മണൽപ്പരപ്പിൽ
കരിയെറുമ്പുകളാകവേ
പ്രപഞ്ചം വിഴുങ്ങുന്ന
ഒരു തിരിഞ്ഞുനോട്ടം മാത്രമായു് നീ!
അപ്പനോടവൻ
ആട്ടിൻ കുഞ്ഞെവിടെ [3]
എന്നു് ചോദിച്ചവാറെ
നക്ഷത്രങ്ങൾക്കും
തിരമാലകൾക്കുമിടയിൽ
നിലയുറയ്ക്കാതെ
അടുപ്പുകല്ലിൽ അള്ളിപ്പിടിച്ചു്
മെഴുകുതിരിയായി
ഒലിച്ചിറങ്ങി നീ!
അതിന്റെ വിളറിവെളുത്ത
അന്ത്യനിശ്വാസം
വെയിലറയുന്ന മലമുടിയിലേക്കു്
ഉഷ്ണക്കാറ്റായി പാഞ്ഞുയർന്നു.
യാഗപീഠത്തിൽ
അവനും അഗ്നിക്കുമിടയിൽ
വിരിക്കപ്പെട്ട വിറകു്
നീയായിരുന്നുവല്ലോ!
ഉയർന്ന കത്തിവായ്ക്കു് നേരെ
ചുരുട്ടിയെറിഞ്ഞതു്
രക്തസഞ്ചാരം നിലച്ച
നിന്റെ ഹൃദയമായിരുന്നുവല്ലോ!
സാറാ,
കൂടാരത്തിനു് മുന്നിൽ വീണ്ടും
ആട്ടിൻതോൽക്കുപ്പായം തുന്നിക്കൊണ്ടിരിക്കെ
നീയൊരു തിരയടങ്ങിയ കടലായി.
യിസ്ഹാക്കിനെ മാറോടു് ചേർത്തപ്പോൾ
നിന്റെ കള്ളങ്ങളെല്ലാം
സത്യമായി!
ബേർ-ശേബയുടെ പൊരിമണലിൽ [4]
വീണുരുണ്ടു് വിലപിക്കേ
ഹാഗാറിന്റെ കള്ളങ്ങളും
സത്യമായിത്തീർന്നു!
ഇവിടെ,
ഞങ്ങളുടെ കള്ളങ്ങളോ?
ഞങ്ങളുടെ കുഞ്ഞുങ്ങളോ?
ആട്ടിൻകുട്ടിയുടെയും
ചെന്നായയുടെയും
കഥ കേട്ടവർ തളിർക്കുന്നു,
കുഞ്ഞാടിനെത്തേടി
കരിമല കേറി
അവർ തുള്ളിക്കളിക്കുന്നു,
പക്ഷേ,
മരുഭൂമികൾ വാഴുന്ന
ചെന്നായ്ക്കളുടെ മടയിൽനിന്നവർ
മടങ്ങിയെത്തുന്നില്ല!
എല്ലും മുടിയും വീണു്
ഞങ്ങളുടെ യാനപാത്രങ്ങൾ
മുങ്ങിത്തുടങ്ങിയിരിക്കുന്നു.
എന്നിട്ടും,
ഒഴിഞ്ഞ മടിത്തട്ടിൽ നോക്കാതെ
ഞങ്ങൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്നു!
കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു!
തൊണ്ണൂറാം വയസ്സിൽ സന്താനഭാഗ്യത്തിനു് യഹോവയുടെ അനുഗ്രഹം ലഭിച്ചപ്പോൾ വിശ്വാസം വരാതെ സാറ ചിരിച്ചുപോയി. പിന്നീടു് ചിരിച്ച കാര്യം ഭയത്താൽ നിഷേധിക്കയും ചെയ്തു. (ഉൽപത്തി 18:15).
യഹോവയുടെ ആജ്ഞയനുസരിച്ചു് അബ്രഹാം ഏകപുത്രനായ യിസ്ഹാക്കിനെ ബലികഴിക്കാൻ തിരഞ്ഞെടുത്ത സ്ഥലം (ഉൽപത്തി 22).
താനാണു് ബലിമൃഗമെന്നു് യിസഹാക്കു് അറിഞ്ഞിരുന്നില്ല.
അബ്രഹാമിനു് ദാസിയിൽ പിറന്ന ആദ്യപുത്രൻ യിശ്മായേലും അവന്റെ അമ്മ ഹാഗാറും പരിത്യക്തരായി അലഞ്ഞുതിരിഞ്ഞ മരുഭൂമി.