(കലാകൗമുദി, ജനുവരി 21,2007)
ഞാനില്ല, ഞാനില്ല,
കാട്ടിലൊറ്റ-
യ്ക്കലഞ്ഞു നടന്നവൾ,
കന്മതിൽ ചാടി
നൂറായ് നുറുങ്ങിയോൾ,
വീട്ടിലേയ്ക്കിനി
ഞാനില്ല, ഞാനില്ല!
വേണ്ട, കയ്യേറ്റു
വാങ്ങേണ്ട, പാഴായ
ജന്മമെന്റേ-
തറിഞ്ഞു പിൻവാങ്ങുന്നു.
കല്ലെറിയാൻ
കുനിഞ്ഞുയർന്നീടുന്ന
നാട്ടിലേയ്ക്കില്ല,
വീട്ടിലേയ്ക്കില്ല ഞാൻ!
എത്ര പെട്ടെ-
ന്നുരുകിയൊലിച്ചുപോയ്
രാപ്പനിക്കുളി-
രായെൻ പ്രണയരാ,
വത്ര തീക്ഷ്ണമായു്
എന്നെ മുറുക്കിയ
സാന്ദ്ര സംഗീത-
ഭേരികൾ നിശ്ചലം!
പിൻതിരിഞ്ഞു
നടക്കാൻ തുനിയുമ്പോൾ
വീടെനിക്കെന്തു
പേടിയാ,ണേവരും
വീട്ടിലേയ്ക്കു മടങ്ങും
പുനർജന്മ ഘോഷമാണെൻ
ചുഴലവുമെങ്കിലും.
അമ്മ കൈവിട്ട
ശൈശവം, താങ്ങുവാൻ
ആരുമില്ലാ വിലാപമായ്
വാർധക്യം,
ആത്മപാപങ്ങൾ
മാറാപ്പിലേന്തി
ഇരുൾക്കയങ്ങളിൽ
നീന്തും വിരക്തിയും
വീടുവീണ്ടും
വിളിക്കുമ്പൊഴാനന്ദ-
മൂർച്ഛയിൽ വഴി
തപ്പിത്തടയുന്നു!
കണ്ണുകെട്ടി-
ച്ചിറകരിഞ്ഞേതേതു
രാസലീല-
യ്ക്കൊരുക്കിനിർത്തുമ്പൊഴും
വീടറിയാമെനിക്കു്,
മറക്കാത്ത ഭൂപടം,
നെഞ്ചിലാഴ്‌ന്നു
പടരുന്ന
കൈവഴികൾ,
മുടുക്കുകൾ,
സ്വപ്നങ്ങൾ
രക്തസമ്മർദ്ദമേറ്റിയ
പൂന്തണൽ!
വീടറിയാമെനിക്കു
വിരുന്നിന്
വേഷമിട്ടവർ
വന്നു ചവച്ചിട്ട
പ്രാണനെന്നെ-
പ്പരിഹസിക്കുമ്പൊഴും,
എന്നുറക്കുപാ-
ട്ടെന്നെ വിളിക്കുന്ന-
തെന്തൊരീർഷ്യയോ-
ടെന്നറിയുമ്പൊഴും.
ഏഴു രാവ-
ല്ലെഴുന്നൂറു ജന്മങ്ങൾ
നൂണുപോകും നിഴലിൽ
കൊടുംപാപ-
ഭാരമാഴ്ത്തുവിൻ,
മുങ്ങിനിവരുവിൻ.
വീട്ടിലേയ്ക്കിനി
ഞാനില്ല, ഞാനില്ല
പിൻവിളിയിൽ
പതറുവാൻ ഞാനില്ല