(ഭാഷാപോഷിണി, 2001)
പ്രേമലേഖനങ്ങൾ സൂക്ഷിച്ചതു്
താമരയിലയിലല്ല,
ഹൃദയത്തിലത്രെ!
വായിച്ചതു്
വരികളിലല്ല,
വാക്കിൻ ചുണ്ടിലെ
മൗനത്തിലത്രെ!
എന്നിട്ടും
എനിക്കു് നിന്നെയും
നിനക്കു് എന്നെയും
മനസ്സിലാകുന്നില്ല!
ഈ രഹസ്യാത്മക ഗാന്ധർവത്തിൽനിന്നു്
നമുക്കതുകൊണ്ടു് മോചനമില്ല.
വഴിതെറ്റി അലയുന്ന
തപോവനങ്ങളിൽ
വേടനെ വെട്ടിച്ചു്
നിലയറിയാതെ
ഓടുന്നുണ്ടൊരു മാൻപേട.
കറുകപ്പുല്ലും മരണവേഗവും
അതിനു ജന്മാവകാശം.
പുൽത്തുമ്പിലുരുളും
കുളിർമഞ്ഞിൽ
സൂര്യദാഹം മൊഴിയുന്ന
പ്രണയരഹസ്യമോ
അജ്ഞാതം!
ഭ്രമണഗാനത്തിൻ ഉറവതേടി
മാലിനിയിലും മരുത്തിലും
മരതകപ്പച്ചയിലും
പാഞ്ഞു പടർന്നുകയറുന്നു
അമ്പരപ്പിൻ മിഴികൾ.
കണ്ണിറുക്കും നക്ഷത്രങ്ങളുടെ
പ്രകാശഭാഷയും
കർത്തരിപ്രയോഗവും വശമില്ല.
നിലാവിന്റെ
പ്രണയാക്ഷരങ്ങളിൽ
അറിയാതെ ചെന്നു മുട്ടുമ്പോൾ മാത്രം
അതു തുള്ളിച്ചാടുന്നു.
എഴുത്തു നിർത്താതെ
സ്രഷ്ടാവു്
അതിനെ
കൈകളിൽ വാരിയെടുത്തു്
വരികളിൽ പ്രതിഷ്ഠിക്കുന്നതും
അപ്പോൾ!
പാഠം ഒന്നു്: ശകുന്തള
അനുഭൂതികൾക്കു് അക്ഷരചൈതന്യം,
വ്യംഗ്യമുദ്രകൾക്കു് അംഗലാവണ്യം.
അരുളപ്പാടുകൾക്കായി
അതു്-
അല്ല,അവൾ
കാതോർത്തിരിക്കുന്നു.