ലാബിൽ നിന്നിറങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, അമ്മു എന്തോ ആലോചനയിലാണു്. അതങ്ങനെയാണു്. അവളുടെ അമ്മയുടെ ഫോൺ വന്നാൽ പിന്നെ കുറേ നേരത്തേയ്ക്കു് നിശ്ശബ്ദയാണു് അമ്മു; അമ്മയെ അവൾ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നു് ആദിക്കറിയാം… തനിക്കോ… ആദി മനസ്സറിയാതെ ദീർഘനിശ്വാസം വിട്ടു.
പക്ഷേ അമ്മു അറിഞ്ഞില്ല; അവൾ അതേ നടപ്പു തുടർന്നു…
പെട്ടെന്നു് അമ്മു തിരിഞ്ഞുനിന്നു് പുഞ്ചിരിച്ചു. ആഹ്ലാദത്തോടെ ആദിയോടു പറഞ്ഞു: ‘ഒരു കാപ്പി കുടിക്കാം.’
അമ്മു മൗനത്തിൽ നിന്നു പുറത്തുവന്നതിലുള്ള സന്തോഷത്തോടെ ആദി ഒപ്പം നടന്നു.
അവർ കാന്റീനിലേയ്ക്കു കയറി.
കാപ്പിക്കു് ഓർഡർ കൊടുത്തപ്പോൾ അവൾ എന്തോ ഓർമ്മിച്ചു് തന്നത്താൻ ചിരിക്കുന്നുണ്ടായിരുന്നു.
“എന്താ അമ്മു ഇത്രയും രസമുള്ള കാര്യം?” ആദി ചോദിച്ചു.
“എനിക്കതു കിട്ടിയെടാ; മുഴുവൻ. ഒരു കണ്ണിപോലും പൊട്ടാതെ.”
“വെരിഗുഡ്” ആദി അഭിനന്ദിച്ചു. ലാബിലിരുന്നു് ‘ഔട്ട്പുട്ട് കിട്ടിയില്ലെടാ’ എന്നു വല്ലാതെ വിഷമിക്കുകയും ഔട്ട്പുട്ട് കിട്ടുമ്പോൾ വലിയ സന്തോഷമൊന്നും കാണിക്കാതിരിക്കുകയും ചെയ്യുകയാണു് അവളുടെ രീതി. അതെന്താ അങ്ങനെ എന്നു ചോദിച്ചാൽ പരീക്ഷണം നടത്തിയാൽ ഫലം കിട്ടണം; അതു് സ്വാഭാവികകാര്യം. അതിലെന്താ സന്തോഷിക്കാൻ എന്നാകും ഉത്തരം. ഇപ്പോളെന്താ ഈ വലിയ സന്തോഷത്തിനു കാരണമെന്നു് ആദി ചോദിച്ചില്ല.
“എന്താ കിട്ടിയതെന്നു നീ ചോദിക്കാത്തതെന്താ?” അമ്മു നീരസത്തോടെ ചോദിച്ചു.
“ലാബിൽ?”
“തേങ്ങാക്കൊല! എപ്പളും ലാബ്… ഇതു ലാബല്ലടാ, ഒരു കഥ. അപ്പച്ചിയമ്മൂമ്മ പറയുമായിരുന്ന കഥ. കൊച്ചിലേ എപ്പോഴും ആ കഥ പറയിപ്പിക്കുമായിരുന്നു, ഞങ്ങൾ… ഡാ, എത്ര കൊല്ലമായെന്നറിയ്യോ? ഇപ്പോ ദാ, എനിക്കതു മുഴ്‌വൻ ഓർമ്മ വന്നു, ചെയിൻ തെറ്റാതെ.” അമ്മുവിന്റെ സ്വരത്തിൽ തുളുമ്പുന്ന ആഹ്ളാദം!
“ആരു പറഞ്ഞ കഥ? ‘അപ്പച്ചി… യ… മ്മൂമ്മ’, ആ വാക്കു് എന്താ?” ആദി ആകാംക്ഷയോടെ ചോദിച്ചു:
“അപ്പച്ചിയമ്മൂമ്മ… അമ്മയുടെ അച്ഛന്റെ സഹോദരി… അമ്മയ്ക്കു് അപ്പച്ചി, ഞങ്ങൾക്കു് അപ്പച്ചിയമ്മൂമ്മ. നിങ്ങൾക്കെല്ലാരും ആന്റിയാണല്ലോ, അല്ലേടാ” അമ്മു വിശദീകരിച്ചു. ആദി ചിരിച്ചു. ‘അപ്പച്ചിയമ്മൂമ്മ’ എന്നു ശരിയായി ഉച്ചരിച്ചു; പിന്നെ സ്വയം അഭിനന്ദിച്ചു: “ഫന്റാസ്റ്റിക്! ഞാനതു പറഞ്ഞു. ശരി, ഇനി കഥപറ.”
“ഇപ്പോഴോ… ഒരു കാര്യം ചെയ്യാം, ചുരുക്കിപ്പറയാം; ഇപ്പോ കഥ പറയാനായിട്ടു മുന്നോട്ടുപോയി, അതേ ഓർഡറിൽ റിവേഴ്സു് ചെയ്തു് ക്ലൈമാക്സിലെത്തും… പറയട്ടെ:”
ഒരു കുട്ടത്തിപ്രാവു് ഒരു ആശാരിച്ചിയുടെ മുറ്റത്തെ മാവിൻ കൊമ്പിൽ കൂടുകെട്ടി… അതിൽ അഞ്ചുമുട്ടയിട്ടു. പിറ്റേന്നു് പ്രാവു് തീറ്റതേടി പുറത്തു പോയപ്പോൾ ആശാരിച്ചിയുടെ മക്കൾ മുട്ടകളെടുത്തു് അടുക്കളയിലെ അരിപ്പെട്ടിയിലൊളിപ്പിച്ചു. പ്രാവു് തിരിച്ചെത്തിയപ്പോൾ കൂട്ടിൽ മുട്ടകളില്ല; അതിനു കാര്യം മനസ്സിലായി. ആ പ്രാവു് ആശാരിച്ചിയോടു പറഞ്ഞു: ‘ആശാരിച്ചിയമ്മേ, ആശാരിച്ചിയമ്മേ എന്റെ മുട്ടകൾ തിരിച്ചുതരുമോ?’
‘ഇല്ല, തരില്ല, നീ നിന്റെ പാട്ടിനുപോ’ ആശാരിച്ചി പ്രാവിനെ ഓടിച്ചു.
പ്രാവു് സങ്കടപ്പെട്ടു് ആ പറമ്പിലെ വേലിപ്പത്തലിൽ ചെന്നിരുന്നു. അങ്ങനെയിരിക്കുമ്പോളൊണ്ടു് ഒരെലി പറമ്പിൽ തീറ്റ പരതി നടക്കുന്നു. കുട്ടത്തിപ്രാവിനു ഒരു ഐഡിയാ തോന്നി. പ്രാവു് എലിയോടു ചോദിച്ചു സഹായിക്കാമോയെന്നു്.
‘എങ്ങനെ?’ എലി ചോദിച്ചു.
‘മുട്ട തിരിച്ചു തരാത്ത ആശാരിച്ചിയുടെ മുറ്റത്തു നട്ടിരിക്കുന്ന ചേമ്പും ചേനേം കുത്തിക്കളയാൻ ചെന്നാൽ മതി; മുട്ട തിരിച്ചു കൊടുത്തില്ലേൽ എല്ലാം കുത്തിക്കളയുമെന്നു പറയണം. ആശാരിച്ചി പേടിച്ചു മുട്ടതരും. നിനക്കു് ചേമ്പും ചേനേം കുത്താമോ എലീ?’ പ്രാവു് ചോദിച്ചു.
‘പിന്നേ എനിക്കിപ്പ അതിന്റെയാവശ്യമില്ല. വേറെന്തെങ്കിലും കിട്ടും’ എലി വേലിക്കൽ തീറ്റി തപ്പിനടന്നു.
കുട്ടത്തിപ്രാവിനു സങ്കടം സഹിക്കാൻ വയ്യാതെ അടുത്ത പറമ്പിലെ മരത്തിൽ ചെന്നിരുന്നു. അപ്പോളുണ്ടു് ഒരു പൂച്ച ഒരണ്ണാന്റെ പുറകേ മരത്തിൽ കേറുന്നു. അണ്ണാൻ അടുത്ത കമ്പിലേയ്ക്കു ചാടി രക്ഷപ്പെട്ടു. കുട്ടത്തി പ്രാവിനു സന്തോഷമായി; ഈ പൂച്ച സഹായിച്ചേക്കും.
‘പൂച്ചച്ചേട്ടാ എന്നേയൊന്നു സഹായിക്കാമോ?’
പൂച്ച ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കി.
‘അതേയ്. എന്റെ മുട്ടകളൊളിച്ചുവച്ച ആശാരിച്ചിയുടെ മുറ്റത്തെ ചേമ്പും ചേനേം കുത്താത്ത എലി, ദാ ആ വേലിക്കലൊണ്ടു്. അവനെ കടിക്കാൻ ചെല്ലാമോ? ചേട്ടനെക്കണ്ടാൽ അവനോടിപ്പോയി ചേമ്പും ചേനേം കുത്തും, അപ്പോ എനിക്കു അവർ മുട്ടയെടുത്തു തരും.’ പ്രാവു് ആശയോടെ നോക്കി.
പൂച്ച പൊട്ടിച്ചിരിച്ചു: ‘പിന്നേ ഞാനെന്താ നിന്റെ കളിപ്പിള്ളയാ. എലിയെ പേടിപ്പിക്കണത്രേ!’ പൂച്ച തിരിഞ്ഞു നടന്നു… അങ്ങനെയങ്ങനെ ഒരു ചെയിൻ-ആശാരിച്ചിമുറ്റത്തു പ്രാവഞ്ചുമുട്ടയിട്ടു. ആശാരിച്ചി മക്കളെടുത്തൊളിച്ചുവച്ചു. മുട്ടതരാത്ത ആശാരിച്ചിയുടെ മുറ്റത്തെ ചേമ്പുംചേനേം കുത്താത്ത എലിയെ പിടിക്കാത്ത പൂച്ചയെ കടിക്കാത്ത പട്ടിയെ തല്ലാത്ത അപ്പൂപ്പന്റെ താടിമീശയ്ക്കു തീകൊളുത്താത്ത തീയെകെടുത്താത്ത വെള്ളത്തെ കുത്തിക്കലക്കാത്ത കൊമ്പനാനേടെ മൂക്കിൽകേറി കടിക്കാമോ കട്ടുറുമ്പേ?
ഇങ്ങനെ ചെയിൻ ഒരറ്റത്തെത്തി. പിന്നെ റിവേഴ്സ്… കട്ടുറുമ്പു്…
അമ്മു പൊട്ടിച്ചിരിച്ചുകൊണ്ടു് വലതു കയ്യിലെ ചൂണ്ടുവിരലും നടുവിരലുമുയർത്തി വിജയചിഹ്നം കാണിച്ചു.
അടുത്ത മേശയിൽ കാപ്പികുടിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികൾ മേശയിലടിച്ചു് വാഹ്, വാഹ് വച്ചു. എന്നിട്ടു മലയാളത്തിൽ പറഞ്ഞു: ‘കലക്കി.’
ആദി പക്ഷെ അമ്മുവിനെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കയായിരുന്നു. അമ്മു കഥ പറഞ്ഞതു് ഇംഗ്ലീഷിലായിരുന്നെങ്കിലും അവനൊന്നും മനസ്സിലായില്ല. അമ്മുവിന്റെ ഇടമുറിയാത്ത വാക്കുകളുടെ ഒഴുക്കു് അവനെ അത്ഭുതപ്പെടുത്തിയെന്നതു നേരു്. അമ്മുവിനു് പാവം തോന്നി:
“എടാ പിടികിട്ടിയില്ല അല്ലേ, പറഞ്ഞു തരാം. അതിന്റെ ഫോർവേഡ് ബാക്വേഡ് ചെയിൻ പഠിപ്പിച്ചുതരാം… കുട്ടിക്കഥയാ… വേറെ കഥ വേണോ… മണ്ണാംകട്ടയും കരീലയും കൂടി കാശിക്കു പോയതു്… അല്ലെങ്കിൽ ഭീമനും ബകനും… ങും?”
“ഞാൻ കുട്ടിക്കഥകൾ കേട്ടല്ലേ വളർന്നതു്!” നല്ല മൂഡിലായിരുന്ന അമ്മു അവന്റെ സ്വഗതം കേട്ടില്ല. അവൾ ഓർമ്മകളിലേക്കു ഊളിയിട്ടിരുന്നു.
അമ്മുവിന്റെ നേരിട്ടുള്ള രണ്ടു് അമ്മൂമ്മമാർക്കു് കുട്ടിക്കഥകൾ പറയുന്ന സ്വഭാവമൊന്നുമില്ലായിരുന്നു; അവരെപ്പോഴും തിരക്കിലായിരുന്നു… ജോലികൾ, വായന, ടീവിഷോകൾ അങ്ങനെ… അച്ഛനുമമ്മയ്ക്കും ആഫീസ്, ടൂറുകൾ… പക്ഷേ അമ്മ ചിലപ്പോൾ സമയം കിട്ടുമ്പോൾ കഥ പറയും; ഒക്കെ സ്വയം കൃതികളാണു്. എന്നാലും രസമായിരുന്നു.
അപ്പച്ചിയമ്മൂമ്മ ഇടയ്ക്കു വരുമ്പോഴാണു് കഥകൾ കേൾക്കുന്നതു്. അപ്പച്ചിയമ്മൂമ്മയുടേയും അപ്പൂപ്പന്റേയും അമ്മ ഭാരതിമുത്തശ്ശി. ആ മുത്തശ്ശിയുടെ അമ്മ ദാക്ഷായണി വല്യമുത്തശ്ശി. ആ മുത്തശ്ശീടെ ചേച്ചിയുടെ മകൾ മീനാക്ഷിമുത്തശ്ശീടെ മകൾ സാവിത്രി. അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും വലിയ കൂട്ടാണു്. അവർ വന്നാൽ പിന്നെ നല്ലരസമായിരുന്നു. ഓടിക്കളിക്കാനും ഇലയിട്ടു കളിക്കാനും ഒളിച്ചുകളിക്കാനുമൊക്കെ കൂടും. രാത്രിയിൽ കുട്ടികളെ എല്ലാവരേയും അടുത്തുകിടത്തി കുട്ടിക്കഥകൾ മുതൽ പുരാണവും, ചരിത്രകഥകളും വരെ പറയും… അവർ ‘അയ്യോ, ലീവു തീർന്നു, പോയല്ലേ പറ്റൂ’ എന്നുപറഞ്ഞു തിരിച്ചുപോകുമ്പോൾ അമ്മു കരഞ്ഞിട്ടുണ്ടു്. ഇടയ്ക്കു വല്ലപ്പോളുമൊക്കെ അവരുടെ വീടുകളിലും പോകും… പറഞ്ഞ കഥകൾ തന്നെ ഒരായിരം വട്ടം പറയിക്കും…
പക്ഷേ, പെട്ടെന്നു തന്നെ അതൊക്കെ വിട്ടു തങ്ങളുടേതായ കുട്ടിക്കളികളിലേക്കു മാറി. അമ്മാവന്റെ മക്കൾ അനിലും അഹാനയും അമ്മൂം. സ്ക്കൂളും, കുസൃതികളും, തല്ലുകൂടലും, കൂടെ സ്വന്തം കഥ-കവിത നിർമ്മാണവും… മുത്തശ്ശിക്കഥകൾ വേണ്ടാതായി; അവർ വലുതായപോലെ… കാലം എത്ര വേഗമാണു് കുട്ടിത്തങ്ങളെ അകറ്റിക്കളഞ്ഞതു്! ആധുനികത കൈത്തുമ്പിൽ വച്ചു തരുന്ന അറിവുകളും ആഹ്ലാദങ്ങളും… ആരെങ്കിലും ടിവികണ്ടുകൊണ്ടിരിക്കുമ്പോൾ, സ്ക്രീൻ മറച്ചു നിന്നു് ‘ഇതു് ഓഫ് ചെയ്യ്വോ’ എന്നുവിളിച്ചു കരഞ്ഞിരുന്ന കുട്ടിത്തം വിട്ടു്, ടിവി സ്ക്രീനിനു മുൻപിലും കംപ്യൂട്ടറുകൾക്കു മുൻപിലും മണിക്കൂറുകൾ ചിലവഴിക്കുന്ന അന്വേഷണ കുതുകികളായി മാറി.
സംഭവബഹുലമായിരുന്ന ഭൂതകാലത്തിന്റെ ചരിത്രം-പുതുതലമുറകൾക്കു തീർത്തും അന്യമായ സംഘർഷങ്ങളുടേയും ദുരന്തങ്ങളുടേയും ദാരിദ്ര്യത്തിന്റേയും അനീതികളുടെ തേർവാഴ്ചകളുടേയും കഥകൾ-മാത്രമല്ല, വർത്തമാനകാല ചരിത്രത്തിനുപോലും കാതോർക്കാൻ പറ്റാത്തത്ര സങ്കീർണ്ണമായ തിരക്കുകളിലേക്കായി കുട്ടികളുടെ ജീവിതം. അതുപക്ഷേ അവർ ആസ്വദിക്കുക തന്നെയായിരുന്നു.
പെട്ടെന്നു് അമ്മു ചിന്തകളിൽ നിന്നുണർന്നു; ആദി അടുത്തുണ്ടെന്ന കാര്യം പോലും കുറെ നേരത്തേയ്ക്കു് മറന്നുപോയിരുന്നു. വാടിയ മുഖത്തോടെ കാപ്പിക്കപ്പിൽ നോട്ടമെറിഞ്ഞിരിക്കുന്ന ആദിയെ അവൾ കുറ്റബോധത്തോടെ വിളിച്ചു:
“ആദീ… സോറി ആദീ… നീയെന്താ വല്ലാതെ? ഞാനേതോ ഓർമ്മകളിൽ…”
“ഒന്നുമില്ല… ഇല്ലമ്മൂ, ഒന്നുമില്ല. നീ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ. അമ്മ എന്താ പറഞ്ഞതു്?”, വല്ലായ്മ മറച്ചുവയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആദി ടവ്വലെടുത്തു മുഖം തുടച്ചു. അമ്മു അവന്റെ തോളിൽത്തട്ടി: “സാരമില്ലെടാ, ഇത്തിരി നേരത്തേക്കു ഞാൻ നിന്നെ ഒറ്റയ്ക്കാക്കി അല്ലേ? പോട്ടെ, സോറി ആദീ”
ആദി പുഞ്ചരിച്ചു. അമ്മു പെട്ടെന്നു് ഉത്സാഹത്തോടെ പറഞ്ഞു: “ദാ… വിശേഷം പറയാൻ വന്നതാര്ന്നു. അപ്പളാ ആ കഥ എടേക്കേറി വന്നതു്… ഞാൻ പറഞ്ഞില്ലേ, അപ്പച്ചിയമ്മൂമ്മയാണു്. അപ്പച്ചിയമ്മൂമ്മ ഇപ്പോ അമ്മേടെ അടുത്തൊണ്ടു്. ഏതോ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ വന്നതാ; സുഖമില്ലത്രെ. എന്നെ കാണണംന്നു് നിർബ്ബന്ധം പറഞ്ഞത്രെ; പാവം അല്ലേ… അമ്മ ചോദിക്കുന്നു ലീവെടുക്കാമോ എന്നു്. നാലുമാസമായി നാട്ടിൽ പോയിട്ടു്; അതു സാരമില്ല. അപ്പച്ചിയമ്മൂമ്മേടെ കാര്യം പറഞ്ഞപ്പോൾ അറിയാതെ പഴയകാലത്തേയ്ക്കൊരു യാത്ര പോയി, അതാ…’
“നമുക്കു പോകാം… ഞാനും വരുന്നു, ലീവെടുക്കാം.” ആദി പെട്ടെന്നു പറഞ്ഞു. അമ്മു അതുകേട്ടു് അമ്പരന്നു ചോദിച്ചു: “നമുക്കോ? നീ… നീയവ്ടെ എന്റെ നാട്ടിൽ? ഭാഷേം കൂടി അറിയില്ല… അല്ല, നീ ശരിക്കും?”
“അതേ അമ്മൂ… നമ്മൾ-നീയും ഞാനും, നിന്റെ നാട്ടിൽ പോകുന്നു… എനിക്കു നിന്റെ നാടുകാണണം, അമ്മൂമ്മമാരെ കാണണം… ഞാൻ വരുന്നു.”
ആദി ഉറപ്പിച്ചു പറഞ്ഞു.