അമ്മു പൊട്ടിച്ചിരിച്ചു. എന്നിട്ടു് അവന്റെ തലയിൽ തട്ടി: “അതിനു ഞാൻ പോകുന്നുണ്ടെന്നു പറഞ്ഞില്ലല്ലോ.”
“ങേ… നീ പോകുന്നില്ലേ? പോകണം. വയസ്സായവരുടെ ആഗ്രഹം, പ്രതീക്ഷ നമ്മൾ…” ആദി പൂർത്തിയാക്കിയില്ല; അറിയാതെ ഉയർന്ന നെടുവീർപ്പിൽ ബാക്കി അലിഞ്ഞുപോയി.
“ആദിത്യനാഥാ”, അമ്മു അലിവോടെ വിളിച്ചു; അവൻ അവന്റെ അച്ഛമ്മയെ ഓർമ്മിച്ചുകാണും, അവൾക്കറിയാം.
“നോ… നോ. ആദി… ഒൺലി ആദി… എന്റെ ഗ്രാന്റ്മാ ഇട്ടപേരു് ആദിത്യൻ… ഗ്രാന്റ്മാ ആദീന്നേ വിളിക്കാറുള്ളൂ.” അവന്റെ ശബ്ദം വികാരസാന്ദ്രമായി.
“ശരി… ആദി തന്നെ… ആദിത്യൻ, The God of Light!” അമ്മു ചിരിച്ചുകൊണ്ടു് ആദിയുടെ തോളത്തുതട്ടി അന്തരീക്ഷത്തിന്റെ ഘനം കുറച്ചു. ആദി ചിരിച്ചു.
“പക്ഷേ ആദീ… ഇപ്പോ ഞാൻ ലീവെടുത്താൽ ജേർണലിനു അയക്കാനുള്ള മാറ്റർ… അല്ലെങ്കിലും ഇപ്പോ അവടെപ്പോയാ ബോറാരിക്കും. ചേട്ടനു് എക്സാം അടുത്തിട്ടുണ്ടു്. ലീവെടുക്കില്ല. ചേച്ചിക്കും ലീവെടുക്കാൻ പറ്റില്ല… പിന്നെ വീട്ടിലിരുന്നു് വല്യമ്മമാര്ടെ പഴം കഥകൾ കേൾക്കാം, അത്ര തന്നെ. എന്നാലും പോകാമായിരുന്നു; എല്ലാരേം കാണാല്ലോ… പക്ഷേ ലീവ്…”
“ജേർണലിനൊള്ള മാറ്റർ കൊടുക്കാൻ സമയമുണ്ടു്. ലീവെടുക്കാം. സാറു സമ്മതിച്ചില്ലേൽ സിക്കു ലീവ് അപ്ലൈ ചെയ്യാം അമ്മൂ. ഞാനെന്തായാലും വരുന്നുണ്ടു്.” ആദി ഉറപ്പിച്ചു പറഞ്ഞു.
“എടാ നെനക്കെന്താ? ലണ്ടനും, കൽക്കട്ടേം, ഡൽഹീം, ബോംബേം ഒന്നുമല്ല അവടം… ഒരു പാവം പാവം നാടു്… നീ ബോറടിച്ചു ചാകും!” അമ്മു ആദിയെ നിരുത്സാഹപ്പെടുത്താൻ നോക്കി.
“അതല്ല… പട്ടണത്തിന്റെ മോടികളേക്കാൾ എനിക്കിഷ്ടം നാട്ടിൻ പുറത്തിന്റെ ശാന്തതയാണെന്നു നിനക്കറിയില്ലേ… കേരളം ഭംഗിയുള്ള നാടാണെന്നു ഞാൻ കേട്ടിട്ടുണ്ടു്. പിന്നെ, എനിക്കു കഥ കേൾക്കണം… നീ പറഞ്ഞ പഴംകഥകൾ!”
“അയ്യോ കഥയോ! ബോറ്. ഫെയറീ ടെയ്ൽസല്ല, ഏലിയനും, ഡ്രാക്കുളയും ഹാരിപോട്ടർ സീരിസും പോലൊന്നുമല്ല. ഞങ്ങൾ വലുതായേപ്പിന്നെ അപ്പച്ചിയമ്മൂമ്മ ബോധവൽക്കരണമാ… എന്നു വച്ചാ. ‘ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിൽ കിടക്കുമ്പോൾ നമ്മൾ…’ എന്നൊക്കെ തുടങ്ങി കൊറേ കാര്യങ്ങൾ. ‘ഇന്നത്തെ പുരോഗതി പൊട്ടിമുളച്ചതൊന്നുമല്ല. എത്രയോ മനുഷ്യസ്നേഹികളുടെ കഠിനപ്രയത്നവും ജീവത്യാഗവും…’ അങ്ങനെയങ്ങനെ… അഹാനച്ചേച്ചിക്കു് ദേഷ്യം വരും: ‘കേട്ടു മടുത്തമ്മൂമ്മേ. ചരിത്രമൊക്കെ സമയംപോലെ നെറ്റീന്നോ വല്ലോം നോക്കിപ്പഠിച്ചോളാം’ എന്നും പറഞ്ഞു് ഞങ്ങളെഴുന്നേറ്റു പോകും… നെനക്കു ശരിക്കും ബോറടിക്കും.”
ആദിയുടെ മുഖം മ്ളാനമായി; അവൻ പതുക്കെ പറഞ്ഞു:
“എനിക്കു കഥകൾ കേൾക്കണം… കുട്ടിയായിരിക്കുമ്പോൾ കഥകൾ കേട്ടല്ല ഞാനുറങ്ങാറ്… ആയയുടെ സ്ഥിരം പാട്ടുകൾ; ഗ്രാന്റ്മായുടെ പതിഞ്ഞ ശബ്ദത്തിലെ ദുഃഖഗാനങ്ങൾ. അപ്പോൾ കരയാനാണു് തോന്നിയിട്ടുള്ളതു്.”
“അമ്മേം അച്ഛനുമൊന്നും കഥ പറയില്ലേ?” അമ്മു ചോദിച്ചു. “അമ്മ എന്നും തിരക്കിലായിരുന്നു, അവരുടെ കുടുംബത്തിന്റെ ബിസിനസ്. അച്ഛനു ജോലി അയർലണ്ടിൽ, ഇടയ്ക്കുവരും; പക്ഷേ വീട്ടുകാര്യങ്ങൾ ഒരുപാടുണ്ടാകും. ഏഴു വയസ്സുവരെ ശരിക്കും ആയയാ എന്നെ വളർത്തീതു്… ഞാനും ആയയും ജൂലിയും കൂടി-ജൂലി ഞങ്ങടെ പട്ടിക്കുട്ടിയാ-മൈതാനത്തു കളിക്കും; ഗ്രാന്റ്മാ നോക്കിയിരിക്കും. ഞാൻ ക്ഷീണിക്കുമ്പോൾ ഗ്രാന്റ്മായുടെ മടിയിൽ തലവച്ചു കിടക്കും. ഗ്രാന്റ്മാ മധുരമായി പാടും… പക്ഷേ അതും ഏതോ അജ്ഞാതവേദനയുടെ പാട്ടുതന്നെ.”
“സുഖമില്ലാതായ അച്ഛനമ്മമാരെ നോക്കാൻ ഏകമകളായ അമ്മയ്ക്കു് ഇറ്റലിക്കു പോകേണ്ടിവന്നപ്പോൾ ഞങ്ങൾ തനിച്ചായി. അമ്മയുടെ അച്ഛന്റെ ബിസിനസ്സിന്റെ മുഴുവൻ ചുമതലയും അമ്മയ്ക്കായിരുന്നു. അപ്പോൾ ഞങ്ങളെ നോക്കേണ്ട ചുമതല അച്ഛനായി. അച്ഛൻ അയർലണ്ടിലെ സ്വത്തെല്ലാം ചാരിറ്റി പ്രവർത്തനങ്ങൾക്കു നൽകി ഇന്ത്യയിലേക്കു ഞങ്ങളേയും കൂട്ടിപ്പോന്നു. കൽക്കട്ടയിലായിരുന്നു അച്ഛൻ പോസ്റ്റിംഗ് വാങ്ങിയതു്; അതിനൊരു കാരണമുണ്ടായിരുന്നു.”
“ഗ്രാന്റ്മായുടെ അച്ഛൻ ഇന്ത്യക്കാരനായിരുന്നു, പക്ഷേ ഗ്രാന്റ്മാ തന്റെ അച്ഛനെ കണ്ടിട്ടേയില്ല. അറിവായതിനുശേഷമാണു് വളർത്തച്ഛനും അമ്മയും ആ സത്യം മകളോടു പറയുന്നതു്… ഗ്രാന്റ്മായെ എന്നും ദുഃഖിതയായി കാണുന്നതെന്താണെന്നുള്ള ചോദ്യത്തിന്റെ മറുപടിയായിരുന്നു അതു്… ഗ്രാന്റ്മായുടെ അമ്മ റോയൽ ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന സഹോദരന്റെ കൂടെ ഇന്ത്യയിലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ഇന്ത്യാക്കാരനായ ഒരു എൻജിനീയർ രഹസ്യമായി ഗ്രാന്റ്മായുടെ അമ്മയെ അടുത്തൊരു ക്ഷേത്രത്തിൽ വച്ചു വിവാഹം ചെയ്തു. മേലുദ്യോഗസ്ഥന്റെ അടുത്ത സുഹൃത്തും കൂടിയായിരുന്നു എൻജിനീയർ. പക്ഷേ ഒരു ബംഗാളി ബ്രാഹ്മിൻ ആയ അദ്ദേഹത്തിനു് മേലുദ്യോഗസ്ഥൻ സ്വന്തം സഹോദരിയെ ഒരിക്കലും വിവാഹം കഴിച്ചുകൊടുക്കില്ലെന്നുറപ്പുണ്ടായിരുന്നു. ഗ്രാന്റ്മായുടെ അമ്മയുടെ നിർബ്ബന്ധം കാരണമാണത്രെ അവർ രഹസ്യമായി വിവാഹം നടത്തിയതു്… ക്രമേണ തന്റെ സഹോദരൻ ക്ഷമിക്കുമെന്നവർ വിശ്വസിച്ചു. പക്ഷെ സംഭവിച്ചതു് മറ്റൊന്നു്. ഗ്രാന്റ്മായെ ആറുമാസം ഗർഭമായിരിക്കുമ്പോൾ സഹോദരൻ അവരെ ബലമായി കപ്പൽ കയറ്റി സ്വന്തം സ്ഥലമായ ഇംഗ്ലണ്ടിലേക്കയച്ചു. മരണം വരെ എന്നെങ്കിലും ഭർത്താവിനെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ അവർ ജീവിച്ചു. കഥ കേട്ടതോടെ ഗ്രാന്റ്മാ അമ്മയുടെ പ്രതീക്ഷ ഏറ്റെടുത്തു.”
“എന്റെ അച്ഛന്റെ അച്ഛൻ ഗ്രാന്റ്മായ്ക്കു് വാക്കുകൊടുത്തിരുന്നുവത്രെ ഇന്ത്യയിൽ കൊണ്ടുപോകാമെന്നു്… പക്ഷെ അദ്ദേഹം പെട്ടെന്നു മരിച്ചുപോയി. അമ്മ ഇറ്റലിക്കു പോയപ്പോഴാണു് ഗ്രാന്റ്മാ ആ ആഗ്രഹം അച്ഛനോടു പറയുന്നതു്. അമ്മയുടെ ദുഃഖഭാവത്തിന്റെ കാരണമറിയാമായിരുന്ന അച്ഛൻ ആ ദൗത്യം ഏറ്റെടുത്തു. ഗ്രാന്റ്മായുടെ ആഗ്രഹപ്രകാരമാണു് അച്ഛൻ സ്വത്തുക്കൾ ചാരിറ്റിക്കു കൊടുത്തതു്. കൽക്കട്ടായിൽ ഒരു ബംഗാളി ആയയായിരുന്നു ഞങ്ങൾക്കു്… അവരുടെ ഇടപെടലോ അതോ സ്വന്തം അച്ഛന്റെ ജന്മനാട്ടിലെത്തിയതിന്റെ സന്തോഷമോ എന്തായാലും ഗ്രാന്റ്മാ കുറച്ചൊക്കെ ഉന്മേഷവതിയായി. അച്ഛനെ അത്രയും കാലത്തിനുശേഷം കണ്ടുമുട്ടാനിടയില്ലെന്നുള്ളതുകൊണ്ടാകാം വിവരങ്ങളെങ്കിലും അന്വേഷിക്കണമെന്നു ഗ്രാന്റ്മാ നിർബ്ബന്ധം പിടിച്ചതു്. അന്വേഷണം നിഷ്ഫലമായി എന്ന അച്ഛന്റെ വാക്കു് വിശ്വസിച്ചു് അച്ഛന്റേയും അമ്മയുടേയും നിർബ്ബന്ധം മാനിച്ചു് ഗ്രാന്റ്മാ ഞങ്ങൾക്കൊപ്പം പോന്നു, ഡൽഹിയിലേക്കു്… ഓ പറയാൻ പറന്നു, അമ്മയുടെ അച്ഛനമ്മമാർ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ബിസിനസെല്ലാം വൈൻഡപു് ചെയ്തു അമ്മയും ഇന്ത്യയിലേക്കു മടങ്ങി വന്നു. ഗ്രാന്റ്മാ ഒറ്റയ്ക്കു് കൽക്കട്ടയിലെ ഏതെങ്കിലും ആശ്രമത്തിൽ സ്ഥിരതാമസമാക്കണമെന്നു നിർബ്ബന്ധം പിടിച്ചതാണു്. പക്ഷെ അമ്മ ഉറപ്പുനൽകി ഞങ്ങൾ ഇന്ത്യയിൽ തന്നെ സെറ്റിൽ ചെയ്യാൻ പോകുന്നുവെന്നു്. അങ്ങനെയാണു് ഞങ്ങൾ ഡൽഹിയിൽ സ്ഥിരതാമസക്കാരാകുന്നതു്.”
“ആദീ… ഗ്രാന്റ്മായുടെ അച്ഛന്റെ ഒരു വിവരവും യഥാർത്ഥത്തിൽ കിട്ടിയില്ലായിരുന്നോ?” അമ്മു ചോദിച്ചു.
അല്പനേരത്തെ മൗനത്തിനുശേഷം അവൻ പറഞ്ഞു: “കിട്ടി… അച്ഛൻ ഒരുപാടന്വേഷണം നടത്തി… അറിഞ്ഞ കാര്യം ഗ്രാന്റ്മയോടു് പറയാൻ പറ്റുന്നതായിരുന്നില്ല. സഹോദരിയെ കപ്പൽ കയറ്റിയ ഉടനെ ഗ്രാന്റ്മായുടെ അമ്മയുടെ സഹോദരൻ ആ യുവ എൻജിനീയറെ എങ്ങോട്ടോ അയച്ചു. ത്രിപുരയിലേക്കു വളരെ പ്രധാനപ്പെട്ട ദൗത്യവുമായി അയച്ചെന്നാണു് ഔദ്യോഗികവിവരം. അദ്ദേഹം അവിടെ എത്തിയില്ല… പിന്നീടു് ഒരു വിവരവും അദ്ദേഹത്തേക്കുറിച്ചു് ആർക്കും കിട്ടിയിട്ടുമില്ലത്രെ.”
ആദിയുടെ ശബ്ദത്തിലെ ദൈന്യഭാവം അമ്മുവിനെ വിഷമിപ്പിച്ചു. എപ്പോഴും സന്തോഷവാനായി മാത്രമെ അവനെ കണ്ടിട്ടുള്ളൂ. ഡൽഹിയിൽ പോയിട്ടു വരുമ്പോഴൊക്കെ ബംഗാളി സ്വീറ്റ്സും ചെറിപ്പഴങ്ങളുമായാണു് ആദി വരുക. ഗ്രാന്റ്മായ്ക്കു് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളാണത്രെ അതു്. അവർ നാലുപേരും കൂടി ഷോപ്പിംഗിനു പോകുമ്പോൾ വാങ്ങുന്നതാണത്രെ… ഇത്തരമൊരു മൂഡിൽ അവനെ കണ്ടിട്ടില്ല…
അമ്മു പെട്ടെന്നു് ഉറപ്പിച്ചു. നാട്ടിൽ പോകണം; ആദിയെ കൊണ്ടുപോകണം… എല്ലാവരേയും കാണണം.
“നമുക്കു പോകാം ആദീ… കഥകൾ കേൾക്കണം… അപ്പച്ചിയമ്മൂമ്മേം സാവിത്രിക്കുട്ടിയമ്മൂമ്മേം… ഒരുപാടു കഥകളറിയാം അവർക്ക്. അതുമാത്രമല്ല, മൺമറഞ്ഞ കാലത്തിന്റെ മുഖമുദ്രകളൊരുപാടു് വാരിക്കൂട്ടി അടുക്കിയെടുത്തു് ഭദ്രമായി സൂക്ഷിച്ചിരിപ്പൊണ്ടു് മനസ്സിന്റെ കോണിൽ. ഒന്നു ചോദിക്കയേ വേണ്ടൂ… അതുമാത്രമല്ല, എന്തെങ്കിലും ന്യൂസു് കേട്ടാൽ ഉടനെ വരും ഒരു പഴംകഥ-ഉപമേം ഉൽപ്രേക്ഷേം രൂപകോം എല്ലാം കലർത്തി… പണ്ടൊരിക്കൽ ടീവീലു് മൂന്നാറിലേം വാഗമണ്ണിലേമൊക്കെ സ്ഥലം കയ്യേറ്റത്തിന്റെ ന്യൂസ്… ഒടനെ വന്നു അപ്പച്ചിയമ്മൂമ്മേടെ കഥ ‘പിന്നേ ഇതാപ്പോ ഇത്ര വല്യേ കാര്യം… എടാ മക്കളേ ഇങ്ങനൊക്കെത്തന്നെയല്ലേ പഴേ ഭൂവുടമകളും ജന്മിമാരുമൊക്കെ ഒണ്ടായേ… പഴേകാലത്തു്; നിയമങ്ങളുടെയും അധികാരികളുടെയും സഹായോം കിട്ടീട്ടൊണ്ടാകും എന്നേയൊള്ളൂ… രാജഭരണമല്ലായിരുന്നോ? അല്ല, ഇപ്പളും അധികാരികൾ സഹായിക്കുന്നൊണ്ടാകും. അതുപോട്ടെ. നമ്മടെ വകേലൊരു വല്യേ കാർന്നോര്… അങ്ങേർക്കു് കൊറച്ചു ഭൂമിയൊക്കെ ഒണ്ടാര്ന്നു; പെണ്ണും പെടക്കോഴീമില്ലാത്ത ഒറ്റത്തടി… എന്നിട്ടും പാവമൊരു ഈഴവന്റെ പറമ്പിക്കേറിത്തൂറി ആ സ്ഥലം സ്വന്തമാക്കി, പിന്നെയാ!”
അമ്മു പൂർത്തിയാക്കും മുൻപു് ആദി പൊട്ടിച്ചിരിച്ചു; ചിരിയടക്കാൻ പറ്റുന്നില്ല. ചിരിക്കിടയിൽ ആദി ചോദിച്ചു:
“അതെങ്ങനെ, അതെന്തു കഥയാ? പറ അമ്മൂ.”
അമ്മുവിനു് സന്തോഷമായി; അവൻ നല്ല മൂഡിലായിരിക്കുന്നു.
“ആ… എനിക്കറിയില്ല. ഞാനാക്കഥ കേട്ടിട്ടില്ല. അന്നങ്ങനെ പറഞ്ഞിട്ടും കഥ കേൾക്കാൻ ഞങ്ങളിരുന്നില്ല.”
“അപ്പച്ചിയമ്മൂമ്മയെ കാണണം, സാവിത്രിയമ്മൂമ്മയേയും കാണണം, ഒരുപാടു കഥകൾ കേൾക്കണം. നാടുകാണണം. ഡൽഹീലൊരു ജോസഫങ്കിളുണ്ടു്… കേരളത്തിലാ വീടു്… ലോകത്തിലെ ഏറ്റവും സുന്ദരമായ നാടെന്നാ പറയാറു്… ദൈവത്തിന്റെ സ്വന്തം നാടാണത്രെ. നമുക്കു പോകാം.” ആദി ഉത്സാഹത്തോടെ പറഞ്ഞു.