“എന്തു കിടപ്പാ മണിച്ചേച്ചീ, എഴുന്നേറ്റു വാ, ദാ എല്ലാരും ഡൈനിംഗ് ഹാളിൽ കാത്തിരിക്കുന്നു.” സാവിത്രിക്കുട്ടി വന്നു വിളിച്ചു. ലേഖയുടെ വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ വെളുപ്പാൻകാലത്തെ നനുത്ത കുളിരിൽ വെറുതെ കിടന്നു മനോരാജ്യം കാണുകയായിരുന്നു അപ്പച്ചിയമ്മൂമ്മ. ഒരാഴ്ചയായുള്ള യാത്രയുടെ ആവേശവും ക്ഷീണവും രാത്രിയിലെ ഉറക്കത്തെയും ബാധിച്ചു. എങ്കിലും മനസ്സു് സന്തോഷത്തിലായിരുന്നു. പതിറ്റാണ്ടുകളിലെ ഓർമ്മകളിലൂടെ കയറിയിറങ്ങുകയായിരുന്നു കഴിഞ്ഞ ആറേഴു ദിവസങ്ങളിലെ ഓരോ നിമിഷവും. അപ്രതീക്ഷിതമായിരുന്നു ഈ യാത്ര. കാലങ്ങൾ കൂടി പ്രിയപ്പട്ട കൊച്ചുമോൾ അമ്മുവിനെ കണ്ടതും അവൾ പഴയ ചരിത്രമൊക്കെ ചോദിച്ചതും ഒരു നിമിത്തമായി.
സാവിത്രിക്കുട്ടി കുറച്ചുനാളായി ആവശ്യപ്പെടുകയായിരുന്നു: ‘മണിച്ചേച്ചീ, നമുക്കു് നമ്മുടെ പഴയ കുടുംബവീടുകളൊന്നു തേടിപ്പോയാലോ… ചേച്ചിയും കേട്ടിട്ടുണ്ടാകും പഴയ വിചിത്ര കഥകളൊക്കെ. കൂട്ടത്തിൽ ശശിച്ചേട്ടനെ ഒന്നു കാണണം. പ്രായമായിരിക്കുകല്ലേ. വലിയ സന്തോഷമാകും നമ്മളെ കണ്ടാൽ. ചേട്ടനു് പല കഥകളും അറിയാം.’ സാവിത്രിക്കുട്ടി ഇതിനകം സ്വന്തമായി പല ചരിത്രാന്വേഷണ യാത്രകളും നടത്തിയെന്നറിഞ്ഞിരുന്നു. അതിന്റെ തുടർച്ചയുമായി ഈ യാത്ര. അവളുടെ ഓർമ്മക്കുറിപ്പുകളിൽ ചേർക്കാൻ നിറയെ വിഭവങ്ങളായി.
നേരം വൈകിയതിന്റെ ജാള ്യതയോടെ വേഗം എഴുന്നേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു് ഒരു തോർത്തും തോളിലിട്ടു അപ്പച്ചിയമ്മൂമ്മ താഴേക്ക് ചെന്നു. ആദിയും അമ്മുവും ലേഖയുമെല്ലാം ഡ്രസ്സ്ചെയ്തു പോകാൻ തയ്യാറായി തീന്മേശയ്ക്കരികെ ഇരിക്കുന്നു. “തോമസ് നേരത്തെ കഴിച്ചു. അവര്ടെ സാധനങ്ങളൊക്കെ എടുത്തുവച്ചു. പതിനൊന്നരയ്ക്കാണു് ഫ്ലൈറ്റ്. ചേച്ചീ, ഇന്നിപ്പം പോകണ്ട നമുക്കു്… ” സാവിത്രിക്കുട്ടി പറഞ്ഞുനിർത്തി.
“അമ്പടി നീ കൊള്ളാമല്ലോ. ഒരാഴ്ച കറങ്ങി കൊതിതീർന്നില്ലേ?” അപ്പച്ചിയമ്മൂമ്മ കളിയാക്കി ചിരിച്ചു. പെട്ടെന്നാണു് അവർ അമ്മുവിനെ നോക്കിയതു്. അമ്മു അവിടത്തെ സംഭാഷണങ്ങളിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. പ്ലേറ്റിലെ ഇഡലിക്കു നോവാതെ പതുക്കെ അടർത്തിയെടുത്ത് കഴിക്കുന്നു. “എന്താ അമ്മൂ, എന്താ മോളേ ചിന്തിക്കുന്നേ? പോകാൻ തോന്നുന്നില്ലല്ലേ?” അപ്പച്ചിയമ്മൂമ്മ തമാശപോലെ ചോദിച്ചു.
ചിന്തയിൽനിന്നും ഞെട്ടിയുണർന്ന അമ്മു പെട്ടെന്നു് സാവിത്രിക്കുട്ടിയമ്മൂമ്മയെ നോക്കി. “അമ്മൂമ്മയുടെ കൈയിൽ പഴയ കഥകൾ എഴുതി വച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞതു്. എനിക്കു് അയച്ചു തരണം. ഒരാഴ്ച കണ്ടതും കേട്ടതും കൂടി ചേർത്തു് പൂർത്തിയാക്കണം. ഞാൻ പോയിട്ടു് വിളിക്കാം. ചില സംശയങ്ങൾ തീർക്കാനുണ്ടു്. നമുക്കിതു് വേഗം പബ്ലിഷ് ചെയ്യണം.” അമ്മു ആവേശത്തോടെ പറഞ്ഞു. അമ്മുവിന്റെ കണ്ണുകളിലെ തിളക്കം കണ്ടു് എല്ലാവർക്കും അത്ഭുതമായി. അപ്പച്ചിയമ്മൂമ്മ ഇടത്തുകൈ കൊണ്ടു് അമ്മുവിനെ കെട്ടിപ്പിടിച്ചു നിറുകയിൽ ഉമ്മവച്ചു.
“അതല്ല. അടുത്തയാഴ്ച എനിക്കു് ലാബിൽ ഒരു സെമിനാറുണ്ടു്. അതു കഴിഞ്ഞാലുടൻ സാവിത്രിക്കുട്ടിയമ്മൂമ്മയുടെ കുറിപ്പുകളും രണ്ടമ്മൂമ്മമാരുടെയും കഥകളും കേട്ട ചരിത്രങ്ങളും—ഞാൻ ചില നോട്ട്സു് എഴുതി വച്ചിട്ടുണ്ടു്—എല്ലാം ചേർത്തു് ഒന്നു റഫായിട്ടെഴുതി വയ്ക്കാം. വിട്ടുപോയതു് കൂട്ടിച്ചേർക്കാനും തിരുത്താനും അപ്പച്ചിയമ്മൂമ്മേടേം സാവിത്രിക്കുട്ടിയമ്മൂമ്മേടേം സഹായം വേണം. അതിനു നമുക്കു് ഒരാഴ്ച ഇരിക്കണം. ബോംബെയിൽ ഹോട്ടൽ ബുക്ക് ചെയ്യാം. അമ്മയും അച്ഛനുംകൂടി കൊണ്ടുവരും. അല്ലെങ്കിൽ നാട്ടിലോ.അതല്ല വല്ല കാട്ടിലോ പോകാം. ശാന്തമായ പരിസരമുള്ള ഒരു റിസോർട്ടു്. അതാ നല്ലതു്. ഞങ്ങളതു തീരുമാനിച്ചു. ഒരു കാലഘട്ടത്തിലെ അതിജീവനത്തിന്റെ മുറിപ്പാടുകളിൽ ചിലതെങ്കിലും ഞങ്ങളുടെ തലമുറ കൂടി അറിയട്ടെ.” അമ്മു ഉത്സാഹത്തോടെ കാപ്പികുടിച്ചു തീർത്തു.
അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും അമ്മുവിനെയും ആദിയെയും ചേർത്തുനിറുത്തി നെറ്റിയിലും കവിളത്തും ചുംബിച്ചു. ലേഖ നോക്കി പുഞ്ചിരിച്ചു.
കാർ മറയുന്നതതു വരെ നിറകണ്ണുകളോടെ കൈവീശി നോക്കിനിന്നു വല്ല്യമ്മമാർ രണ്ടുപേരും. പെട്ടെന്നു് സാവിത്രിക്കുട്ടി മണിച്ചേച്ചിയെ കെട്ടിപ്പിടിച്ചു് ഒരു കരച്ചിൽ.
“എന്താ സാവിത്രി, എന്തായിതു്? എന്തിനാ നീ കരയുന്നേ?” സ്വയം മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് അപ്പച്ചിയമ്മൂമ്മ സാവിത്രിക്കുട്ടിയെ പിടിച്ചുനേരെ നിർത്തി…
“അഞ്ചാറു പതിറ്റാണ്ടായി ഞാൻ ചുമന്നു തളർന്ന ഭാരം അമ്മു ഏറ്റെടുക്കാൻവന്നല്ലോ. അവളാണു് എന്റെ മകൾ!” സാവിത്രിക്കുട്ടി കണ്ണീരിനിടയിൽക്കൂടി സംതൃപ്തിയോടെ ചിരിച്ചു.