മഴ കുറഞ്ഞു; വെള്ളപ്പൊക്കത്തിനും ശമനമായി. സാവിത്രിക്കുട്ടിയുടെ അച്ഛൻ തിരിച്ചെത്തി; പക്ഷേ, അസുഖത്തിനു കുറവൊന്നുമില്ല. ആ മരുന്നുകൾ ഫലിക്കുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തേഴിലെ ആദ്യത്തെ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടി മന്ത്രിസഭയുണ്ടാക്കിയതു് കമ്യൂണിസ്റ്റുകാരായിരുന്നു. ആ മന്ത്രിസഭയിലെ അംഗങ്ങളോരോരുത്തരും കൈകാര്യം ചെയ്യുന്നതു് അവരവർക്കു വൈദഗ്ദ്ധ്യമുള്ള വകുപ്പുകളാണെന്നതു് പ്രസിദ്ധമായിരുന്നു. ആരോഗ്യവകുപ്പു് കൈകാര്യം ചെയ്യുന്നതു് മിടുക്കനായ ഡോക്ടർ ഏ. ആർ. മേനോനാണു്. സാവിത്രിക്കുട്ടിയുടെ അച്ഛൻ നേരേ അദ്ദേഹത്തിന്റെ പേരിൽ ഒരു കത്തയച്ചു; ഇംഗ്ലീഷിൽ—അമ്മ വായിക്കാതിരിക്കാനായിരുന്നു ഇംഗ്ലീഷിലെഴുതിയതു്. അത്രയ്ക്കും ഹൃദയസ്പർശിയായിരുന്നു ആ കത്തെന്നു് അച്ഛൻ പിന്നീടു് പറഞ്ഞിട്ടുണ്ടു്. അച്ഛന്റെ അസുഖത്തിനുള്ള ചികിത്സയ്ക്കു് സംവിധാനമുണ്ടാക്കണമെന്നുതന്നെയായിരുന്നു അഭ്യർത്ഥിച്ചതു്. നേരത്തേയുള്ള പരിശോധനക്കുറിപ്പുകളെല്ലാം ഒപ്പം അയച്ചു.
ഒരാഴ്ചയ്ക്കകം മറുപടി വന്നു: ‘ദീർഘകാലം ആശുപത്രി ചികിത്സ വേണ്ട രോഗമാണെന്നു കുറിപ്പുകളിൽ നിന്നു കാണുന്നു. താങ്കൾ ഉടനടി തിരുവനന്തപുരത്തിനു വരിക. വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടു്. വിശദമായ പരിശോധനകൾ നടക്കട്ടെ. അതുകഴിഞ്ഞു് തീരുമാനമെടുക്കാം.’
പിറ്റേ ആഴ്ച രവീന്ദ്രൻചേട്ടൻ അച്ഛനെയും കൊണ്ടു് തിരുവനന്തപുരത്തേക്കു തിരിച്ചു… സാവിത്രിക്കുട്ടിയുടെ അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. കൂടെ ആളെ നിർത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ടു മാത്രമല്ല, കൂടെ നിൽക്കുന്ന ആളിനു താമസസ്ഥലവും ആഹാരവും മറ്റും പ്രശ്നമായതുകൊണ്ടു കൂടിയാണു് അച്ഛനെ തനിച്ചാക്കി രവീന്ദ്രൻചേട്ടൻ പോന്നതു്.
അച്ഛന്റെ കത്തു വന്നു: ‘ആശുപത്രിയിൽ നിന്നു കൊടുക്കുന്ന ആഹാരം അത്ര മെച്ചമല്ല. കയ്യിൽ കാശുള്ളവർ പുറത്തുനിന്നു് പാലും മുട്ടയുമൊക്കെ വരുത്തിക്കഴിക്കും. അസുഖം കുറയണമെങ്കിൽ നല്ല ആഹാരം വേണമെന്നു പറയാൻ ഡാക്ടർമാർ മറക്കാറില്ല.’
കത്തു വായിച്ചു് അമ്മ കരഞ്ഞു. എവിടുന്നാണുണ്ടാക്കുക. കുറച്ചു പണമെങ്കിലും അച്ഛനു് അയച്ചുകൊടുക്കാൻ! സാവിത്രിക്കുട്ടിക്കു കിട്ടിയ ട്യൂഷൻ ഫീസായ പത്തുരൂപയിൽ നിന്നു് അഞ്ചുരൂപാ അച്ഛനയച്ചുകൊടുത്തു… അതു ഡിസംബർ മാസമായിരുന്നു.
ഒരു ദിവസം സാവിത്രിക്കുട്ടിക്കു് പബ്ലിക് സർവീസ് കമ്മീഷന്റെ അറിയിപ്പുവന്നു; ലോവർ ഡിവിഷൻ ക്ലർക്കു പരീക്ഷയിൽ ജയിച്ചെന്നും റാങ്ക് 31 ആണെന്നും. ജോലിക്കുള്ള ഉത്തരവു് ഒന്നുരണ്ടു മാസത്തിനകം വരുമെന്നു് രവീന്ദ്രൻചേട്ടൻ പറഞ്ഞു. പക്ഷേ, വീട്ടിലാരും അതുകണ്ടു സന്തോഷിച്ചില്ല. ഒപ്പം പരീക്ഷയെഴുതിയ രവീന്ദ്രൻചേട്ടനു് കാർഡു വന്നിട്ടില്ല.
പക്ഷേ, അച്ഛൻ സമാധാനിപ്പിച്ചു: കേരളസർക്കാർ സർവീസിലെ പല പല വകുപ്പുകളിലേക്കു് ഒന്നിച്ചായിരുന്നില്ലേ പരീക്ഷ. റിസൽറ്റായപ്പോൾ റാങ്കുചെയ്തയാളുകളെ ഓരോ വകുപ്പിലേക്കും അലോട്ടുചെയ്യുകയല്ലേ. ചില വകുപ്പുകളിൽ നേരത്തെ തന്നെ പോസ്റ്റു കാണും. മറ്റുള്ളവർക്ക് പോസ്റ്റു സാംങ്ഷൻ കിട്ടിയിട്ടല്ലേ ആളുകളെ അറിയിക്കൂ. നേരത്തെ പോസ്റ്റു് അറിയിച്ചവർക്കുവേണ്ടിയായിരിക്കും ഇപ്പോ അറിയിപ്പു് കൊടുത്തേക്കുന്നേ. എനിക്കു് തോന്നുന്നതു് രവിക്കു രണ്ടു പരീക്ഷേടേം സെലക്ഷൻ കിട്ടൂന്നാ. എന്റൊപ്പമുള്ള ഒരാൾ സെക്രട്ടേറിയറ്റിൽ ജോലിയുള്ള ആളാ. രോഗം മൂത്തതുകൊണ്ടു് ഇവിടെ അഡ്മിറ്റാക്കി. അദ്ദേഹം പറഞ്ഞതു് ‘കഴിഞ്ഞ കൊല്ലത്തെ റാങ്ക്ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. ഡിപ്പാർട്ടുമെന്റുകളിലെ വേക്കൻസി റിപ്പോർട്ടിനു കാത്തിരിക്കുകയാണെന്നു് പി എസു് സിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ടു്…’
അച്ഛന്റെ കത്തു വായിച്ചിട്ടും രവീന്ദ്രൻചേട്ടൻ നിരാശനായിത്തന്നെ നടന്നു.
ഫെബ്രുവരിയിൽ ജോലിക്കു നിയമിച്ചുകൊണ്ടുള്ള കത്തുവന്നു. കണ്ണൂരാണു്. ഒത്തിരി ദൂരെയാണു്, ഒട്ടും സുഖമുള്ള സ്ഥലമല്ല എന്നൊക്കെ ചിലർ പേടിപ്പിച്ചു. വേറെയെവിടെങ്കിലും തരാൻ കത്തയക്കു്; വേറെ സ്ഥലത്താണേ പോയാമതി എന്നു ചിലർ. രവീന്ദ്രൻചേട്ടനും പേടിയുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത നാട്ടിൽ തനിയെ ആക്കിപ്പോരുന്നതെങ്ങനെ?
സാവിത്രിക്കുട്ടിക്കു് ഒരു സംശയവും ഇല്ലായിരുന്നു. ആദ്യം കിട്ടിയ സർക്കാർ ജോലി… പോകണം. ബാക്കിയൊക്കെ പിന്നെ… രവീന്ദ്രൻചേട്ടൻ തർക്കിച്ചു: ‘വേണുമ്മാവൻ പറഞ്ഞില്ലേ നെനക്കു് മാർക്കുവച്ചു് സെൻട്രൽ ഗവർമെന്റിൽ ജോലികിട്ടും, ഈ ജനുവരിയിൽത്തന്നെ അപേക്ഷ അയയ്ക്കാനുള്ള ഫോം അമ്മാവനയയ്ക്കും എന്നൊക്കെ. ശമ്പളം വളരെ കൂടുതലാണെന്നും പറഞ്ഞു. എന്നാപ്പിന്നെ അതു നോക്കാം.’
ഇല്ല, സാവിത്രിക്കുട്ടി ഒരു ഭാഗ്യപരീക്ഷണത്തിനുമില്ല: ‘മറ്റൊരു നല്ല ജോലി കിട്ടുമെങ്കിൽ കിട്ടട്ടെ, അന്നു് ആ ജോലി സ്വീകരിക്കാം. ഇപ്പോൾ എനിക്കു പോകണം. അച്ഛൻ ആശുപത്രീലു്, ദേവീകേടെ കോളേജ് ചെലവുകൾ, ഗോപുവിന്റെ സ്ക്കൂൾ ഫീസ്, വീട്ടുചെലവു്… ആ ജോലികിട്ടാൻ ഒരു കൊല്ലംവരെ ചെലപ്പോൾ താമസമുണ്ടാകും. നമുക്കു് ഒന്നാം തീയതി തന്നെ പോകണം; രണ്ടാം തീയതി ജോയ്ൻ ചെയ്യാമല്ലോ.’
അമ്മ ഒരഭിപ്രായവും പറയാനാളാകാതെ നിന്നു. സാവിത്രിക്കുട്ടി ഒന്നാംതീയതി തന്നെ പോകണമെന്നു പറയുന്നതു കേട്ടപ്പോൾ ആധിയായി… രണ്ടു പാവാടയും ബ്ലൗസും ഹാഫ്സാരിയുമാണു് ആകെ സ്വത്തു്. സാരിയും അതിനു് അനുസാരികളും വേണം. താമസിക്കാൻ പോകുമ്പോൾ ഒരു കോസടിയും വിരിപ്പുമെങ്കിലും കരുതണം. പിന്നെ അല്ലറ ചില്ലറ… അറിവുള്ളവർ പറഞ്ഞുതന്നു.
മലയാളം വാക്കുകൾ പോയിട്ടു് അക്ഷരങ്ങൾ തന്നെ എഴുതാൻ ബുദ്ധിമുട്ടിയിരുന്ന നാലാംക്ലാസുകാരൻ ശിവൻകുട്ടി സാവിത്രിക്കുട്ടിയുടെ ശിക്ഷണത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിച്ചു. ബാലസംഘം കമ്മിറ്റിയിൽ പ്രസംഗിച്ചു… അമ്മ മരിച്ചുപോയ മകനെ വലിയവനായിക്കാണാൻ നോമ്പുനോറ്റിരിക്കുന്ന രാമകൃഷ്ണൻനായരെന്ന ഒരു ചെറുകിട കർഷകൻ അമ്മേ വന്നു കണ്ടു. ‘അവളെന്റെ കുഞ്ഞിന്റെ കണ്ണു തെളിയിച്ചു. ഇപ്പം കൂളിപ്പിള്ളാരൊത്തു് വട്ടുകളിയൊന്നുമില്ല. അന്നന്നു പഠിക്കും. ഇതിൽപരം ഒരു സന്തോഷം എനിക്കെന്താ… അതുകൊണ്ടു് മീനാക്ഷിച്ചേച്ചി എതിർക്കരുതു്. സാവിത്രിക്കും ദേവികയ്ക്കും ഒരു കാപ്പികൊടുക്കണം എനിക്കു് പിന്നെ രണ്ടു സാരീം ബ്ലൗസും അതിനാവശ്യമുള്ളതും സോപ്പുചീപ്പു കണ്ണാടിയൊക്കെ ഞാൻ വാങ്ങാം.’
‘അതുവേണ്ടാ… വെറുതെ മനുഷ്യരെക്കൊണ്ടു പറയിപ്പിക്കണ്ട’ അമ്മ എതിർത്തു.
‘വേണ്ടാ, ചേച്ചി എതിർക്കണ്ട… വെറുതെയല്ല. അവൾ ശമ്പളം കിട്ടുമ്പോൾ കാശയക്കൂല്ലോ. അതീന്നു തന്നാ മതിയല്ലോ.’
സാവിത്രിക്കുട്ടിക്കും അനുജത്തിക്കും കൂടി ശിവൻകുട്ടിയുടെ വീട്ടിൽ അവന്റെ അച്ഛനൊരുക്കിയ യാത്രയയപ്പുപാർട്ടി. ഒന്നാംതരം കുത്തരി കുതിർത്തു് മൂക്കാത്ത തേങ്ങയും ജീരകവുമരച്ചുണ്ടാക്കുന്ന കൊഴുക്കട്ട പൊടിച്ചു് ധാരാളം ഉള്ളിയും തേങ്ങയും ഉഴുന്നുപരിപ്പുമൊക്കെ ഇട്ടുണ്ടാക്കുന്ന ഉപ്പുമാവും കാപ്പിയും. അത്രയ്ക്കും സ്വാദിഷ്ടവും ആത്മാർത്ഥവുമായ ഒരു സത്ക്കാരം സാവിത്രിക്കുട്ടിക്കു് ആദ്യമായാണു് കിട്ടുന്നതു്…
ഒരേ ഡിസൈനിലുള്ള രണ്ടു പരുപരുത്ത കോട്ടൺ സാരിയും ബ്ലൗസുകളുമൊക്കെ വാങ്ങി വച്ചിരുന്നു; ഒപ്പം ഒരു ട്രങ്കും. എല്ലാം കൂടി പന്ത്രണ്ടുരൂപാ നാലണ. വണ്ടിക്കൂലിക്കും മറ്റുമായി പതിനഞ്ചുരൂപ അമ്മ മറ്റെവിടുന്നോ കടം വാങ്ങി. സംവിധാനമെല്ലാമായി. സാവിത്രിക്കുട്ടി ഇരുപത്തേഴുരൂപ നാലണയുടെ കടത്തിന്റെയും കടമകളുടേയും ഭാരം പേറി പുറപ്പെട്ടു.
ഉദ്യോഗസ്ഥയായി… ബാല്യത്തേയും കൗമാരജീവിതത്തേയും കടത്തിവെട്ടുന്ന തീവ്രാനുഭവമേഖലകളിലൂടെ ഉത്തരവാദിത്തങ്ങളുടെ വൻചുമടുമായി അടുത്ത കനൽ നടത്തം… അതിനിടെ സാഹചര്യം ജ്വലിപ്പിച്ച സാവിത്രിക്കുട്ടിയുടെ വിപ്ലവബോധം ജീവിതത്തിന്റെ ഒരു ദശാസന്ധിയായി… തോരാത്ത മഴപെയ്ത രാത്രികളിലൊന്നിൽ കൊപ്ര അട്ടിക്കടിയിലിരുന്നു് സാവിത്രിക്കുട്ടിയെടുത്ത പ്രതിജ്ഞ നിറവേറ്റുന്നതിനു് ആ ദശാസന്ധി വഴിയൊരുക്കി.
…പ്രതിജ്ഞ നിറവേറ്റി; പക്ഷേ, പകരം സ്വത്വം പണയപ്പെടുത്തി നടത്തിയ ഒത്തുതീർപ്പുകൾ… ജീവിതത്തിന്റെ കാണാക്കുരുക്കുകൾ, എടുത്തുപൊക്കിയ ചുമടുകളുടെ താങ്ങാനാകാത്ത ഭാരം. സാവിത്രിക്കുട്ടി ജീവിതക്കടൽ നീന്തിക്കയറി; പക്ഷേ, ഒരിക്കലും ഉണങ്ങാത്ത ചോര കിനിയുന്ന മുറിവുകൾ സഹയാത്രികരായി…