1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഗാർസിയ മാർകേസിനോടു് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും [1] പ്രതീകോപാഖ്യാനവും [2] ദൈനംദിന യാഥാർത്ഥ്യത്തോടു സങ്കലനംചെയ്ത മാജിക് റിയലിസം രീതിയിലാണ്‍ താങ്കൾ എഴുതുന്നതു്. ഉദാഹരണത്തിനു് ഒരു പാതിരി ചോക്കലറ്റ് കഴിക്കുമ്പോൾ ഒരു താങ്ങുമില്ലാതെ ആകാശത്തേക്കു് ഉയരുന്നു. അതുകൊണ്ടു് താങ്കളുടെ നോവലുകൾക്കു നിത്യജീവിതത്തോടു് എത്ര ബന്ധമുണ്ടെന്നു് ചോദിച്ചുകൊണ്ടു് നമുക്കു് (ഈ കൂടിക്കാഴ്ച) ആരംഭിക്കാം.” മാർകേസ് മറുപടി നൽകി: “എന്റെ എല്ലാ ഗ്രന്ഥങ്ങളിലുംവച്ചു് ‘ഏകാന്തതയുടെ നൂറുവർഷ’ങ്ങളിൽ ഓരോ വരിയും യാഥാർത്ഥ്യത്തോടു ബന്ധപ്പെട്ടാണു തുടങ്ങുന്നതു്. വായനക്കാർ സത്യം നല്ലപോലെ മനസ്സിലാക്കട്ടെയെന്നു കരുതി ഞാനവർക്കു വിപുലീകരണകാചം [3] നൽകുകയാണു്. ഞാനൊരുദാഹരണം തരട്ടെ.
എറേൻഡിറ [4] കഥയിൽ ഉലീസസ്സ് എന്ന കഥാപാത്രം ഗ്ലാസ്സ് തൊടുന്ന സന്ദർഭങ്ങളിലെല്ലാം അതിന്റെ നിറം മാറ്റുന്നുണ്ടു് ഞാൻ. അതു സത്യാമാകാൻ തരമില്ലല്ലോ. എന്നാൽ സ്നേഹത്തെക്കുറിച്ചു വളരെയേറെ പറഞ്ഞുകഴിഞ്ഞതുകൊണ്ടു് ഈ ബാലൻ സ്നേഹത്തിൽ പെട്ടിരിക്കുകയാണെന്നു തെളിയിക്കാൻ എനിക്കു നൂതനമായ ആവിഷ്ക്കാരരീതി കണ്ടുപിടിക്കേണ്ടിയിരുന്നു. അതിനാൽ ഗ്ലാസ്സിന്റെ നിറങ്ങൾ ഞാൻ മാറ്റിക്കൊണ്ടിരുന്നു. കൂടാതെ അവന്റെ അമ്മയെക്കൊണ്ടു ഇങ്ങനെ പറയിക്കുകയും ചെയ്തു “സ്നേഹം കൊണ്ടു മാത്രമാണു് അവ സംഭവിക്കുന്നതു്… ആരതു്?” സ്നേഹത്തെക്കുറിച്ചു് മുമ്പു് എപ്പോഴും പറഞ്ഞിട്ടുള്ളതിനെത്തന്നെ വേറൊരുവിധത്തിൽ പറയുന്നതാണു് എന്റെ മാർഗ്ഗം; അതെങ്ങനെ ജീവിതത്തെ തകിടം മറിക്കുന്നുവെന്നു്, അതെങ്ങനെ എല്ലാറ്റിനെയും തകിടം മറിക്കുന്നുവെന്നു്.”
കൂടിക്കാഴ്ച നടത്തിയ സ്ത്രീ വീണ്ടും ചോദിക്കുകയായി: “കഴിഞ്ഞ ഇരുപതു വർഷമായി ലാറ്റിനമേരിക്കയിൽനിന്നു് മാജിക് റിയലിസ്റ്റ് നോവലുകളുടെ സ്ഫോടനം ഞങ്ങൾ കാണുകയാണു്. സത്യവും അതിസത്യവും [5] അനിയന്ത്രിതമായി കൂട്ടിക്കലർത്തുന്ന ഇതിൽ പ്രവർത്തിക്കാൻ ലാറ്റിൻ ലോകത്തു് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതെന്താണു്?”
മാർകേസ് മറുപടി പറഞ്ഞു: “ലാറ്റിനമേരിക്കൻ പരിതഃസ്ഥിതികൾ അത്യത്ഭുതകരമാണെന്നതു സ്പഷ്ടം. വിശേഷിച്ചും കരിബിയൻ [6] കൊളമ്പിയയുടെ കരിബിയൻ ഭാഗത്തുനിന്നാണു് ഞാൻ വരുന്നതു്. അതു് വിചിത്രമായ സ്ഥലമാണു്. പർവ്വതപ്രദേശമായ അൻഡീയൻ [7] പ്രദേശത്തുനിന്നു് അതു തികച്ചും വിഭിന്നമാണു്. കൊളമ്പിയൻ ചരിത്രത്തിലെ അധിനിവേശ കാലയളവിൽ മാന്യരായി സ്വയം കരുതിയവരെല്ലാം ഉൾനാട്ടിലേക്കു്—ബോഗോറ്റായിലേക്കു—പോയി. കടൽത്തീരത്തു് അവശേഷിച്ചവർ കൊള്ളക്കാർ മാത്രം—നല്ല അർത്ഥത്തിൽ കൊള്ളക്കാർ. പിന്നെ നർത്തകരും സാഹസികരും ഉല്ലാസമാർന്നവരും. സമുദ്രതീരത്തുള്ളവർ കടൽക്കൊള്ളക്കാരുടെയും കള്ളക്കടത്തുകാരുടെയും പിൻതുടർച്ചക്കാരായിരുന്നു. കറുത്ത അടിമകളുടെ കലർപ്പുമുണ്ടു്. ഇങ്ങനെയൊരു പരിതഃസ്ഥിതിയിൽ വളർന്നുവരികയെന്നു പറഞ്ഞാൽ കവിതയെക്കുറിച്ചു് വിചിത്രതരങ്ങളായ വിഭവകേന്ദ്രങ്ങൾ ഉണ്ടാവുകയെന്നാണർത്ഥം. കൂടാതെ കരിബിയനിൽ എന്തു വിശ്വസിക്കുവാനും ഞങ്ങൾക്കു കഴിയുമായിരുന്നു. കാരണം വിഭിന്നങ്ങളായ എല്ലാ സംസ്ക്കാരങ്ങളുടെയും സ്വാധീനശക്തി ഞങ്ങളിലുണ്ടായിരുന്നു എന്നതാണു്. അവയോടു കത്തോലിക്കാ മതവും തദ്ദേശ വിശ്വാസങ്ങളും കലർന്നിരുന്നു എന്നതും. പ്രത്യക്ഷസത്യത്തിനു് അപ്പുറത്തു നോക്കുവാനുള്ള ഹൃദയവിശാലത അതു ഞങ്ങൾക്കു തന്നുവെന്നാണു് എന്റെ വിചാരം. ആരകാറ്റക്കയിലെ ഒരു കരിബിയൻ ഗ്രാമത്തിൽ വളർന്നുവന്ന ശിശുവെന്ന നിലയിൽ കസേരകളെ നോട്ടംകൊണ്ടുമാത്രം ചലനം കൊള്ളിക്കുന്ന ആളുകളുടെ അത്ഭുതകരങ്ങളായ കഥകൾ ഞാൻ കേൾക്കുകയുണ്ടായീ. പശുക്കളുടെ രോഗങ്ങൾ ഭേദമാക്കാനായി അവയുടെ മുൻപിൽനിന്നു് വിരകളെ ഇല്ലാതാക്കുന്ന ഒരാളുണ്ടായിരുന്നു ആരകാറ്റക്കയിൽ. അയാൾ പശുവിന്റെ മുൻപിൽ നില്ക്കും. വിരകൾ പശുവിന്റെ തലയിലൂടെ പുറത്തുവാരാൻ തുടങ്ങും. ഞാനതു് ഒരിക്കൽ കണ്ടു് എന്നതു് സത്യമാണു്. സ്ത്രീ വീണ്ടും ചോദിച്ചു: “താങ്കൾ എങ്ങനെയാണു് ഇതിനു സമാധാനം നൽകുന്നതു്.” മാർകേസിന്റെ മരുപടി: “ഹാ, എനിക്കതിനു് സമാധാനം നല്കാൻ കഴിയുമെങ്കിൽ ഇതു് ഞാൻ ഭവതിയോടു പറയുമായിരുന്നില്ല. ശിശുവായിരുന്ന കാലത്തു് അതെനിക്കു് അത്ഭുതകരമായി തോന്നി. ഇന്നും അതു് അത്ഭുതപ്പെടുത്തുന്നു.”
മാജിക്കൽ റിയലിസത്തിന്റെ ഉദ്ഘോഷകനായ മാർകേസ് തന്നെ അതെന്താണെന്നു സ്പഷ്ടമായി പ്രതിപാദിച്ചതുകൊണ്ടു് വിശേഷിച്ചൊരു വിശദീകരണം കൂടിയേ തീരൂ എന്നില്ല. എങ്കിലും ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ സവിശേഷതയായി കൊണ്ടാടപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ഉദ്ഭവവും വികാസവും പരിഗണനാർഹങ്ങളാണെന്നു വിചാരിക്കുന്നു. ഫാന്റസിയുടെയും മാന്ത്രികത്വത്തിന്റെയും അദ്ഭുതത്തിന്റെയും അന്തരീക്ഷത്തിൽ ഗൗരവപൂർണ്ണങ്ങളായ വിഷയങ്ങളെ നിവേശനം ചെയ്യുക, അതിനു കാമോത്സുകത്വം കൊണ്ടു നിറമിയറ്റുക, ഇതാണു് മാജിക്കൽ റിയലിസം. ഇതു ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ മാത്രമേ ദൃശ്യമാകുന്നുള്ളൂ. അതിന്റെ വികാസവും മാർകേസിന്റെ കൃതികളിലും. യഥാതഥവും സാങ്കല്പികവും ആയതിന്റെ വ്യത്യാസം ഇവിടെ നേർത്തു നേർത്തു് ഇല്ലാതാവുന്നു. വായനക്കാരൻ രണ്ടും ഒന്നാണെന്നു കരുതി സത്യത്തിലേയ്ക്കല്ല അതിസത്യത്തിലേക്കു് (മഹാസത്യത്തിലേക്കു്) (greater reality) പ്രവേശിക്കുന്നു.
മാർകേസിന്റെ The Handsomest Drowned Man in the World [8] ഈ ലോകത്തെ, മുങ്ങിമരിച്ചവരിൽ ഏറ്റവും സുന്ദരനായ മനുഷ്യൻ—എന്ന ആദ്യകാല കഥയിൽത്തന്നെ പില്ക്കാലത്തു വികാസംകൊണ്ട മാജിക്കൽ റിയലിസത്തിന്റെ അനവദ്യ സൗന്ദര്യം കാണാവുന്നതാണു്.
കടപ്പുറത്തു് അടിഞ്ഞുകയറിയ ഒരു ശവംകൊണ്ടു കുട്ടികൾ കളിക്കുകയാണു്. അവർ അതിനെ മണ്ണിൽ കുഴിച്ചിടും, തോണ്ടിയെടുക്കും. ഈ കളി പ്രായംകൂടിയ ആരോ കണ്ടപ്പോൾ ഗ്രാമത്തിലാകെ ഭീതി പരന്നു. മുക്കുവർ ആ ശവമെടുത്തു ഗ്രാമത്തിലേക്കു കൊണ്ടു പോയി. ഒരു മൃതദേഹത്തിനുമില്ലാത്ത ഭാരം അതിനു്. മറ്റുള്ള എല്ലാവരെക്കാളും പൊക്കവും സമീപത്തെ ഗ്രാമപ്രദേശങ്ങളിൽ നിന്നു് ആരെയെങ്കിലും കാണാതെ പോയോ എന്നറിയുന്നതിനു വേണ്ടി പുരുഷന്മാർ പോയപ്പോൾ സ്ത്രീകൾ മുങ്ങിമരിച്ച മനുഷ്യനു് പരിചരണങ്ങൾ അനുഷ്ഠിച്ചു. ചെളി തുടച്ചു മാറ്റിയും തലമുടിയിലെ കല്ലുകൾ മാറ്റിയും സ്ത്രീകൾ അങ്ങനെ പരിചരിക്കുമ്പോൾ അയാളുടെ മുഖം അവർ ശ്രദ്ധിച്ചു. മരണത്തെ അഭിമാനത്തോടെ നേരിട്ടവനാണു് അയാളെന്നു് അവർ കണ്ടു. കടലിൽ മുങ്ങിമരിച്ചവന്റെ ഏകാന്തതയുടെ ഭാവം അയാൾക്കില്ലായിരുന്നു. നദിയിൽ മുങ്ങിച്ചത്തവന്റെ ഉഗ്രദർശനഭാവവും ഇല്ല. അയാൾ ഏറ്റവും പൊക്കംകൂടിയ, ഏറ്റവും ശക്തനായ, ഏറ്റവും പൗരുഷമുള്ള മനുഷ്യനായിരുന്നു. അവർ അയാളെ നോക്കിയിരിക്കുകയാണെങ്കിലും അവരുടെ ഭാവനയിൽപ്പോലും അയാൾക്കു കടന്നുചെല്ലാൻ വയ്യ. അത്രയ്ക്കുണ്ടു് അയാളുടെ വൈപുല്യവും സൗന്ദര്യവും. അവർ അയാൾക്കു് ഏസ്റ്റിവൻ എന്നു പേരിട്ടു. അടുത്ത ഗ്രാമങ്ങളിലേക്കു പോയ പുരുഷന്മാർ തിരിച്ചുവന്നു് അറിയിച്ചു അയാൾ അവിടെയെങ്ങുമുള്ള ആളല്ലെന്നു്. അതു കേട്ടതോടെ പെണ്ണുങ്ങൾ കണ്ണീരോടെ ആഹ്ലാദിച്ചു. “ഈശ്വരനു സ്തുതി. അദ്ദേഹം (മൃതദേഹം) നമ്മുടേതു തന്നെല്ലോ”, സ്ത്രീകളുടെ ചാപല്യമാണു് ഇതെന്നു പുരുഷന്മാർ വിചാരിച്ചു. പെണ്ണുങ്ങളാകട്ടെ മരിച്ചയാൾ തങ്ങളുടെ വീട്ടിൽ വന്നുവെന്നു് സങ്കല്പിക്കുകയാണു്. പൊക്കംകൂടിയ ആളായതുകൊണ്ടു് “തല സൂക്ഷിക്കണേ” എന്നു് അവർ സ്നേഹത്തോടെ അയാളോടുപറഞ്ഞു. അതിന്റെയൊക്കെ ഫലമോ? മൃതദേഹം കടലിലേക്കു താഴ്ത്തിയപ്പോൾ അതിന്റെ കാലിൽ ഭാരം കെട്ടിയിടേണ്ടതില്ല എന്നു് അവർ തീരുമാനിച്ചു. എങ്കിൽ മാത്രമേ മരിച്ച മനുഷ്യനു് ഏതു സമയവും അവരുടെ വീട്ടിൽ വരാൻ പറ്റുകയുള്ളു.
മാർകേസിന്റെ “മാജിക്കൽ റിയലിസം” അതിന്റെ എല്ലാ സൗന്ദര്യത്തോടും എല്ലാ സവിശേഷതയോടുംകൂടി ഈ കഥയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണു് എന്റെ തോന്നൽ. 1968-ലാണു് ഈ കഥ രചിച്ചതു്. അതിനുമുൻപുണ്ടായ ലാറ്റിനമേരിക്കൻ നോവലുകളിലെയും ചെറുകഥകളിലെയും മാജിക്കൽ റിയലിസം വികസിത രൂപത്തിൽ ഇക്കഥയിൽ പ്രത്യക്ഷമാകുന്നു. ഹൂലിയോ കോർടാസാറിന്റെ (Julio Cortazar) End of the game (1956), Hospsotch (1966) ഈ നോവലുകളിലും കാർലോസ് ഫ്വേന്റസിന്റെ (Carlos Fuentes) Where the Air is clear (1958), The Death of Artemio Cruz (1962), A Change of Skin (1967) ഈ നോവലുകളിലും മേറിയോ വാർഗാസ് യോസയുടെ (Mario Vargas Lhosa) The time of the Hero (1962), The Green House (1966), Conversation in the Cathedral (തർജ്ജമ 1975) ഈ നോവലുകളിലും ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടു. “മാന്ത്രികയാഥാതഥ്യം” തികച്ചും ചേതോഹരമായി മാർകേസിന്റെ കഥയിൽ പ്രകടമാകുന്നു.
അബോധമനസ്സിനെ അയുക്തികമായ ഒരന്തരീക്ഷത്തിൽ കൊണ്ടുവരുമ്പോഴാണു് മനോരഥസൃഷ്ടി—ഫാന്റസി—ജനിക്കുന്നതു്. ഒരു സുന്ദരനോടു് (അയാൾ മരിച്ചവനാണെങ്കിലും) സ്ത്രീകൾക്കുണ്ടാകുന്ന അബോധാത്മകമായ താൽപര്യത്തെ യുക്തിഹീനമായ അന്തരീക്ഷത്തിലേക്കു വികസിപ്പിച്ചുകൊണ്ടുവരുന്നു മാർകേസ്. ആ താൽപര്യം ചപലതയായി കരുതുന്നു പുരുഷന്മാർ. അവർക്കു സ്ത്രീകളുടെ മാനസിക നിലയെക്കുറിച്ചു്, അബോധാത്മക പ്രേരണകളെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ. പെണ്ണുങ്ങൾ ആഹ്ലാദത്തിന്റെ കണ്ണുനീർ പൊഴിക്കുന്നതു് എന്തിനാണെന്നു് അവർക്കു നിശ്ചയമില്ല. ശവശരീരത്തിൽ ഭാരം കെട്ടാതെ സമുദ്രത്തിലേക്കു താഴ്ത്തുമ്പോൾ മരിച്ചവർ തങ്ങളുടെ വീട്ടിൽ തടസ്സംകൂടാതെ വരുമല്ലോ എന്നു വിചാരിച്ചു് സ്ത്രീകൾ സന്തോഷിച്ചിരിക്കണം. മുങ്ങിമരിക്കുന്നതും പ്രേതം കരയ്ക്കുവന്നടിയുന്നതും ജനങ്ങൾ അതെടുത്തു സംസ്കരിക്കുതും നിത്യജീവിത സംഭവങ്ങൾ. അവയ്ക്കു രൂപപരിവർത്തനം വരുത്തി അയുക്തികമായ അന്തരീക്ഷം പ്രദാനംചയ്തു് മാർകേസ് അതിസത്യത്തിലേക്കു്—സ്ത്രീക്കു് പുരുഷനെ സംബന്ധിച്ചുണ്ടാകുന്ന ആകർഷകത്വത്തിലേക്കു്—വായനക്കാരെ കൊണ്ടുചെല്ലുന്നു. അപ്പോൾ നിത്യജീവിത സത്യവും മനോരഥസൃഷ്ടിയും തമ്മിലുള്ള അകൽച്ച ഇല്ലാതാവുന്നു. ഏതു് റിയാലിറ്റി, ഏതു് ഫാന്റസി എന്നു വേർതിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇതു സ്വാഭാവികം. “ഏകാന്തതയുടെ നൂറുവർഷ”ങ്ങളിൽ മാക്കോണ്ട എന്ന പ്രദേശത്തിന്റെ ചരിത്രമാണല്ലോ ആവിഷ്കൃതമാകുന്നതു്. സ്പാനിഷ് പള്ളിയുടെ ആധിപത്യത്തിലമർന്ന പ്രദേശത്തെ ജനങ്ങൾക്കു് അയസ്കാന്തവും വിപുലീകരണ കാചവും റെയിൽവേയുമാണു് കൂടുതൽ അത്ഭുതമുളവാക്കുന്നതു്. താങ്ങില്ലാതെ അന്തരീക്ഷത്തിലേക്കു് ഉയരുന്ന പാതിരിയല്ല, ആകാശത്തു നിന്നുണ്ടാകുന്ന മഞ്ഞപ്പൂക്കളുടെ വർഷമല്ല.
ശൂന്യതയിൽ നിന്നു് ഒന്നും സൃഷ്ടിക്കാനാവില്ല. പാരമ്പര്യമാണു് ഏതു നൂതന സമാരംഭത്തിനും കാരണമാകുന്നതു്. അതുകൊണ്ടു് മാർകേസിന്റെ മാജിക്കൽ റിയലിസവും പാരമ്പര്യത്തിൽ നിന്നു് ഉത്ഭവിച്ചതത്രേ. എന്നാൽ ദീർഘത ആവഹിക്കുന്ന ആ പാരമ്പര്യത്തെക്കുറിച്ചെഴുതാൻ ഇവിടെ സ്ഥലമില്ല. ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ഈ ലേഖകനു് അവഗാഹവുമില്ല. അതിനാൽ മെക്സിക്കൻ കവിയായ ഒക്ടാവ്യോ പാസ്സ് (Octavio Paz) തൊട്ടു ആരംഭിക്കാമെന്നു വിചാരിക്കുന്നു. പാസ്സിന്റെ ഭുവനപ്രശസ്തമായ കാവ്യമാണു് Sun stone (1957). ആസ്റ്റക് സംസ്ക്കാരത്തിന്റെ അവശിഷ്ടമായ Calendar Stone എന്നതിനെ സൂചിപ്പിക്കുന്നു പാസ്സിന്റെ കാവ്യം. ജ്യോതി:ശാസ്ത്രം, ചരിത്രം, ഇതിഹാസം ഇവയെ എല്ലാം സൂചിപ്പിക്കുന്ന സിംബലുകൾ കൊത്തിയിട്ടുള്ള ഒരു വലിയ കല്ലാണു് കലണ്ടർ സ്റ്റോണ്‍. അതിന്റെ നടുക്കു് സൂര്യദേവന്റെ ശിരസ്സു് കൊത്തിവച്ചിട്ടുണ്ടു്. ആസ്റ്റക് പ്രപഞ്ചത്തിന്റെ അനന്തതയെ ആവിഷ്ക്കരിക്കുന്ന ഈ കല്ലിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു് സൂര്യനാണു്. കവിതയുടെ കൃത്യം സൂര്യനെ കല്ലിലേയ്ക്കു് ആവാഹിച്ചു് അതിനെ സജീവമാക്കുക എന്നതാണു്. കവിത വിരാജിക്കുമ്പോൾ കല്ലു് ഉണരുന്നു.കല്ലുകൊണ്ടു് മതിലു കെട്ടൂ. അതു് സ്വാതന്ത്ര്യദർശനത്തിൽനിന്നു നമ്മെ മാറ്റി നിരുത്തുന്നു കവിതകൊണ്ടു് അതിനെ ആദ്രമാക്കൂ. അപ്പോൾ ശ്വാസകോശംപോലെ കന്മതിൽ ശ്വാസോച്ഛ്വാസം ചെയ്യും. പാസ്സ് പറയുന്നതു കേട്ടാലും:-
ഓരോ വാതിലും തകർന്നുവീഴുകയായിരുന്നു.
സൂര്യൻ എന്റെ നെറ്റിത്തടത്തിലൂടെ
അതിന്റെ മാർഗ്ഗം കുത്തിക്കവരുകയായിരുന്നു,
എന്റെ അടഞ്ഞ കണ്‍പോളകളെ എന്റെ സത്തയിൽ
നിന്നു് അഴിച്ചുമാറ്റിക്കൊണ്ടു്,
എന്നെ എന്നിൽനിന്നു് ശക്തമായി വലിച്ചുകീറിക്കൊണ്ടു്,
ഉറങ്ങുന്ന മൃഗീയമായ ശതാബ്ദങ്ങളിലെ
കല്ലുകളെ എന്നിൽനിന്നു് വേർതിരിച്ചുകൊണ്ട്.”
കാരാഗൃഹത്തിലായവയെല്ലാം മോചിപ്പിക്കാനാണു് പാസ്സിന്റെ ആഗ്രഹം. നിത്യജീവിത യാഥാർത്ഥ്യത്തിലെ ‘മാജിക്കി’നെ മോചിപ്പിക്കുന്ന മാർകേസുമായി പാസ്സിനു് ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല.
ആർജന്റൈൻ നോവലിസ്റ്റ് ഹൂലിയോ കോർട്ടാസാർ തന്റെ നോവലുകളിലൂടെ “മറുപുറം” (the other side) അന്വേഷിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു് ആ ‘മറുപുറ’ത്തെക്കുറിച്ചു് ഒരു ‘തിളക്കം’ മാത്രമേ ലഭിക്കുന്നുള്ളു. ഇതു് നോവലിസ്റ്റിന്റെ അപ്രഗല്ഭതയായി കരുതാൻ പാടില്ല. ആർജൻറീനയിലെ ഭരണകൂടവും അതിന്റെ ഫലമായ രാഷ്ട്രവ്യവഹാരവും സത്യാന്വേഷണ തൽപരത്വത്തെ ഹനിക്കുന്നു എന്നാണു് നമ്മൾ മനസ്സിലാക്കേണ്ടതു്.
മെക്സിക്കൻ നോവലിസ്റ്റായ കാർലോശ് ഫ്വേൻറ്റേസിന്റെ “Where the Air is Clean (1958), The Death of Artemio Cruz (1962), A change of skin (1967) എന്നീ മൂന്നു നോവലുകളേ എനിക്കു വായിക്കാൻ കഴിഞ്ഞിട്ടുള്ളു. അവയിൽ മൂർത്തങ്ങളായ വസ്തുക്കളുടെ വർണ്ണനകളുണ്ടെങ്കിലും ആ വസ്തുക്കളുടേയും ദൈനംദിന ജീവിതത്തിന്റേയും അപ്പുറത്തുള്ള സത്യത്തെയാണു് ഫ്വേൻറ്റേസ് ആവിഷ്ക്കരിക്കുന്നതു്.
ക്യൂബയിലെ പ്രമുഖനായ നോവലിസ്റ്റാണു് ആലേഹോ കാർപെൻറ്റ്യേർ. ഈ മാർക്സിസ്റ്റ് നോവലിസ്റ്റ് “മാജിക് റിയലിസ്റ്റ്” എന്ന പേരിലാണു് അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ Explosion is a Cathedral എന്ന ‘മാസ്റ്റർ പീസി’ൽ ഫ്രഞ്ചുവിപ്ലവമാണു് പ്രതിപാദ്യവിഷയം. എങ്കിലും മാർക്സിസത്തെ സാക്ഷാത്കരിക്കുമ്പോൾ മാത്രമേ മനുഷ്യനു് പുരോഗതിയുണ്ടാകൂ എന്ന ആശയത്തിനു് അദ്ദേഹം പ്രാമുഖ്യം കല്പിച്ചിട്ടുണ്ടു്. അങ്ങനെ കല്പിക്കുന്നതു മാജിക്കൽ റിയലിസത്തിലൂടെയാണുതാനും. നോവലിലെ പ്രധാന കഥാപാത്രമായ എസ്റ്റിവൻ രാഷ്ട്രവ്യവഹാരം (Politics) അസത്യാത്മകമാണെന്നു കരുതിയിട്ടു് കാട്ടിലെ വൃക്ഷത്തിൽ കയറാൻ പോകുന്നു. ഈ വൃക്ഷാരോഹണം ഒരു പ്രാക്തനരൂപപരമായ (archetypal) പ്രവർത്തനമാണു്. രാഷ്ട്ര വ്യവഹാരമെന്ന നിത്യജീവിതയാഥാർത്ഥ്യത്തിലൂടെ മാജിക്കൽ റിയലിസത്തിലേക്കുള്ള പോക്കാണതു്.
ഇവരിൽനിന്നു നമ്മൾ മാർകേസിലെത്തുമ്പോൾ മാജിക്കൽ റിയലിസത്തിനു് എന്തെന്നില്ലാത്ത മനോഹാരിത കൈവന്നതായി കാണുന്നു. വിശ്വസാഹിത്യത്തിലെ പരമോൽകൃഷ്ടങ്ങളായ നോവലുകളിൽ ഒന്നാണു് “ഏകാന്തതയുടെ നൂറുവർഷങ്ങൾ.” “നൂറുവർഷത്തെ ഏകാന്തത അനുഭവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗങ്ങൾക്കു ഭൂമിയിൽ രണ്ടാമതൊരു സന്ദർഭം ലഭിക്കുന്നില്ലെ”ന്നു [9] തെളിയിക്കാനായി മാർകേസ് എഴുതിയ ഈ നോവലിലെ സ്ഥൂലീകരണങ്ങളും അത്യുക്തികളും വേറൊരു ലാറ്റിനമേരിക്കൻ നോവലിലും ദൃശ്യമല്ല. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെ ഒരു കഥാപാത്രം മരണത്തിനുശേഷം ഭൂമിയിലേക്കു പോരുന്നു. വേറൊരു സ്ത്രീകഥാപാത്രം മരണത്തിനുശേഷം ഭൂമിയിലേക്കു ഉയർന്നുപോകുന്നു. മറ്റൊരു കഥാപാത്രം മരിക്കുമ്പോൾ അന്തരീക്ഷത്തിൽനിന്നു മഞ്ഞപ്പൂക്കൾ വർഷിക്കുന്നു. എന്തിനേറെപ്പറയുന്നു? ഈ നോവലിലെ ഓരോ വാക്യവും വിസ്മയം ജനിപ്പിക്കും. ഒരുദാഹരണം നൽകാം. ഉർസൂല എന്ന വൃദ്ധയായ കഥാപാത്രം ഒരുദിവസം കോപത്തോടുകൂടി “തീ” എന്നു വിളിച്ചു. വീട്ടിലുള്ളവരെല്ലാം പേടിച്ചു. പക്ഷേ ഉർസൂലയ്ക്കു് നാലുവയസ്സുണ്ടായിരുന്ന കാലത്തു് ഒരു വയ്ക്കോൽപ്പുര തീ പിടിച്ചതിനെക്കുറിച്ചു് ഓർമ്മിച്ചിട്ടു് അവർ ‘തീ’ എന്നു വിളിക്കുകയായിരുന്നു. ആദ്യം ഒരു സ്ഥൂലീകരണം. രണ്ടാമതു് യാഥാർത്ഥ്യത്തിലേക്കുള്ള വരവു്. ഇതാണു് മാർകേസിന്റെ മാജിക്കൽ റിയലിസം. പെറൂവ്യൻ നോവലിസ്റ്റ് മേറിയോ വാർഗാസ് യോസയിലോ കാർപെൻറ്റ്യേറിലോ കോർട്ടാസാറിലോ ഈ സവിശേഷത—യാഥാർത്ഥ്യത്തിലേക്കുള്ള വരവു്—തെളിഞ്ഞുകാണാനില്ല. സ്ഥൂലീകരണത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുന്ന അനുവാചകൻ ഉത്തരക്ഷണത്തിൽ നിത്യജീവിത യാഥാർത്ഥ്യത്തിലേക്കുതന്നെ പോരുന്നതുകൊണ്ടു് അയാൾക്കു വൈരസ്യമില്ല. പ്രത്യക്ഷ സത്യവും പരോക്ഷസത്യവും അയാൾ ദർശിക്കുന്നു.
തെക്കേ അമേരിക്കയിലെ ഏതോ അജ്ഞാതമായ റിപ്പബ്ലിക്ക് ഭരിച്ച ഒരു സ്വേച്ഛാധിപതിയുടെ വീഴ്ചയെ വർണ്ണിക്കുന്ന നോവലാണു് The Autumn of the Patriarch. നോവൽ ആരംഭിക്കുമ്പോൾ അയാൾ മരിച്ചുകഴിഞ്ഞിരിക്കുന്നു. അയാളുടെ വെപ്പാട്ടികളുടെയും ചില കുഷ്ഠരോഗികളുടെയും സ്മരണകളിലൂടെ അയാൾ നമ്മുടെ മുൻപിൽ വന്നു നിൽക്കുന്നു. അയാളുടെ ശവമാണു് ആദ്യം കാണുന്നതു് നമ്മൾ. കഴുകന്മാർ അതു കൊത്തിവലിക്കുന്നു. പക്ഷേ, ആ പക്ഷികൾ ഹെർണിയകൊണ്ടുവീർത്ത വൃഷണത്തെമാത്രം തൊടുന്നില്ല. ഈ ഭയങ്കരൻ ഗോപുരത്തിലെ നാഴികമണി പന്ത്രണ്ടടിക്കേണ്ട സമയത്തു് രണ്ടേ അടിക്കാവൂ എന്നു കല്പിച്ചവനാണു്. ആജ്ഞ അനുസരിക്കപ്പെട്ടു. നൂറുവയസ്സുവരെ വളർന്നിട്ടു് പിന്നെ നൂറ്റമ്പതിലേക്കു ചെന്നവനാണു് ആ പ്രസിഡന്റ്. നൂറ്റമ്പതാമത്തെ വയസ്സിൽ അയാൾക്കു മൂന്നാമത്തെ വരി പല്ലുകളുണ്ടായി പോലും. ഉപജാപം നടത്തിയ ഒരു മന്ത്രിയെക്കൂടി ‘ബാൻക്വിറ്റി’നു് സ്വേച്ഛാപതി ക്ഷണിച്ചിരുന്നു. പക്ഷേ, അയാൾ ഹാളിൽ വന്നതു് ഒരു വെള്ളി ‘ട്രേ’യിൽ കിടന്നുകൊണ്ടാണു്. നല്ലപോലെ പൊരിച്ചെടുത്ത ശരീരം. കോളിഫ്ളവറും മസാലയുമൊക്കെ അതിന്റെ കൂടെയുണ്ടായിരുന്നു. അതിഥികൾക്കു ആ “വിശിഷ്ട ഭോജ്യം” തിന്നേണ്ടതായി വന്നു.
സഹോദരിയുടെ കന്യകാത്വം നശിപ്പിച്ചുവെന്നു കരുതി ‘ഇരട്ട പെറ്റ’ സഹോദരന്മാർ സാന്തിയാഗോ നാസറെ കൊല്ലുന്നതാണു് മാർകേസിന്റെ പുതിയ നോവലിൽ—“പൂർവ്വകഥിതമരണത്തിന്റെ പുരാവൃത്തം” (Chronicle of a death foretold) എന്നതിലെ—പ്രതിപാദ്യവിഷയം. പേദ്രോ വീക്കോറിയോ എന്ന ഒരു സഹോദരൻ കത്തി നാസറിന്റെ വലതുകൈയിൽ കുത്തിയിറക്കിയപ്പോൾ കത്തിയിൽ ഒരുതുള്ളി രക്തംപോലും പുരണ്ടില്ലത്രേ. “I’d given it to him atleast three times and there wasn’t a drop of blood” എന്നു് അയാൾ കേസന്വേഷിക്കാനെത്തിയവനോടു പറഞ്ഞു. (Page 120, Jonathan Cape പ്രസാധനം.) കുത്തേറ്റു് കടലു വെളിയിൽ ചാടിയ നാസർ എഴുന്നേറ്റു നടന്നു.
“അവർ എന്നെ കൊന്നു” എന്നു പറഞ്ഞുകൊണ്ടു് കുടലിൽ പറ്റിയ അഴുക്കു് തൂത്തുകളഞ്ഞു. (Page 122.) ബുദ്ധിഹീനമെന്നോ ഭോഷത്തമെന്നോ കരുതാവുന്ന തലത്തിലെത്തുന്നതുവരെ മാർകേസ് എന്തിനാണു് ഇങ്ങനെ സംഭവങ്ങളെ സ്ഥൂലീകരിക്കുന്നതു്? സാന്തിയാഗോ നാസർ നിരപരാധനാണെന്നു് സൂചിപ്പിക്കാനാണു്. സാപരാധനാണു് അയാളെങ്കിൽ കത്തി രക്തം പുരണ്ടുതന്നെ പുറത്തേക്കു പോരുമായിരുന്നു. കുടലിൽ പറ്റിയ മാലിന്യം പോലും തുടച്ചുകളയുന്ന നാസർ എത്ര നിഷ്കളങ്കൻ. സമഗ്രാധിപത്യം താണ്ഡവമാടുന്ന തന്റെ നാട്ടിൽ ഏതും സ്ഥൂലീകരണമാർന്നല്ലേ പ്രത്യക്ഷപ്പെടൂ. മാക്കോണ്ടയിൽ ബനാന പ്ലാന്റേഷനിൽ പണിമുടക്കുണ്ടായപ്പോൾ മൂവായിരം തൊഴിലാളികളേയാണു് സർക്കാർ കശാപ്പു ചെയ്തതു്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അങ്ങനെയൊരു പ്ലാന്റേഷൻ പോലുമില്ലായിരുന്നുവെന്നു സർക്കാർ പറഞ്ഞു. (One hundred years of Solitude) ഇങ്ങനെ അസത്യ പ്രസ്താവം നടക്കുന്ന ഒരു രാജ്യത്തു് സാഹിത്യകാരന്മാർ മാജിക്കൽ റിയലിസം അംഗീകരിച്ചു് സ്ഥൂലീകരണ സ്വഭാവമാർന്ന വർണ്ണനകൾ നല്കിയാൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? അചഞ്ചല ധൈര്യവും അസാധാരണ ശക്തിയും പ്രകടിപ്പിക്കാൻ പുരുഷന്മാർക്കു പ്രവണതയുണ്ട്. ഇതിനെ ‘മാച്ചിസ്മോ’ (machismo) എന്നു സ്പാനിഷ് ഭാഷയിൽ പറയും. വൈപുല്യമാർന്ന മാച്ചിസ്മോയെ ‘പുരാവൃത്ത’ത്തിലൂടെ (Chronicle) ആലേഖനം ചെയ്യുന്ന മാർകേസ് സ്ഥൂലീകരണം സ്വീകരിച്ചതിലും വിസ്മയപ്രദമായി ഒന്നുമില്ല.
ക്ലോദിയ ദ്രേഫസ് അദ്ദേഹത്തോടു് ദൂരാനുഭൂതിയെക്കുറിച്ചു് ചോദിച്ചു. മാർകേസ് പറഞ്ഞു: ഞാൻ അടുത്തകാലത്തു് ബാർസലോണയിലേക്കു തീവണ്ടിയിൽ പോകുകയായിരുന്നു. മെക്സിക്കോയിൽ ഞങ്ങളുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ഏതു നിമിഷവും പ്രസവിക്കാവുന്ന സ്ഥിതിയിലായിരുന്നു. തീവണ്ടിയിലിരുന്നു് ഞാൻ ഷൂ അഴിച്ചുമാറ്റിയപ്പോൾ എനിക്കുതോന്നി മെക്സിക്കോയിൽ ഞങ്ങളെ സംബന്ധിക്കുന്ന എന്തോ നടക്കുന്നുണ്ടെന്നു്. ഞാൻ മെർസേതീസിനോടു [10] പറഞ്ഞു: “റെറ്റീസ ഇപ്പോൾ പ്രസവിച്ചു.”
ബാർസലോണയിലെത്തി മാർകേസ് ടെലിഫോണിലൂടെ അന്വേഷിച്ചപ്പോൾ ഏതാണ്ടു് ആ സമയത്തുതന്നെ പ്രസവം നടന്നെന്നു് അറിഞ്ഞു. ഒരുതരത്തിലുള്ള നിഷ്കളങ്കതയുണ്ടെങ്കിൽ ഈ പൂർവ്വജ്ഞാനം—ഭൂതോദയം—ആർക്കും ലഭിക്കുമെന്നാണു് മാർകേസിന്റെ മതം. നിഷ്കളങ്കനായ പ്രതിഭാശാലിയാണു് മാർകേസിന്റെ മതം. നിഷ്കളങ്കനായ പ്രതിഭാശാലിയാണു് ഗാർസി ആ മാർകേസ്. ആ പ്രതിഭയും നിഷ്കളങ്കതയും അദ്ദേഹത്തിന്റെ മാജിക്കൽ റിയലിസത്തിൽ കാണാം.
Fantasy
Myth
Magnifying glass
Erendira, Innocent Erendira എന്ന ചെറുകഥ
Surreal
കരിബിയനെ സംബന്ധിച്ചതു്. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ പ്രദേശത്തെ ആളുകൾ കരിബ്സ്.
അൻഡീസിനെ സംബന്ധിച്ചതു്, തെക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള പർവ്വതപംക്തിയാണു് അൻഡീസ്
രചനാകാലം 1968
Races condemned to one hundred years of solitude do not get a second chance on earth”—Marquez
Merceds—മാർകേസിന്റെ ഭാര്യ