images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
ഡേർട്ടി റിയലിസം

സാഹിത്യം കാല്പനികതയെ ഉപേക്ഷിച്ചു് “കാര്യമാത്രപ്രസക്ത”മായതിലേയ്ക്കു വരുമ്പോൾ റിയലിസം എന്ന പ്രസ്ഥാനം ഉണ്ടാകുന്നു. കാല്പനികത അധിഷ്ഠാനനിഷ്ഠമാണു്. Subjective എന്നു് ഇംഗ്ലീഷിൽ പറയാം. റിയലിസം പദാർത്ഥാശ്രിതമത്രേ. Objective എന്ന ഇംഗ്ലീഷ് പദത്തെ മനസ്സിൽ കണ്ടുകൊണ്ടാണു് പദാർത്ഥാശ്രിതമെന്നു് ഇവിടെ പ്രയോഗിച്ചതു്. കാല്പനികസാഹിത്യം മാത്രം വായിച്ചുശീലിച്ചവർക്കു് റിയലിസ്റ്റിക് സാഹിത്യം വികാര രഹിതമാണെന്നു തോന്നിയേയ്ക്കും. ആ തോന്നൽ ശരിയല്ല. സി. വി. രാമൻ പിള്ളയുടെ “മാർത്താണ്ഡവർമ്മ” എന്ന നോവൽ വായിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ്ണ വികാരങ്ങൾ തകഴി ശിവശങ്കരപ്പിള്ളയുടെ ഏതു റിയലിസ്റ്റിക് നോവൽ വായിച്ചാലുമുണ്ടാകും. കാല്പനികതയോടുള്ള അതിരുകടന്ന ആഭിമുഖ്യം റിയലിസത്തിന്റെ വൈകാരിക സങ്കീർണ്ണത കാണുന്നതിനു് തടസ്സമായിത്തീരുന്നു എന്നു മാത്രമേ നമ്മൾ മനസ്സിലാക്കേണ്ടതുള്ളു.

കാല്പനികതയെ ഉപേക്ഷിക്കാനും കാര്യമാത്രപ്രസക്തമായതിലേയ്ക്കു പോകാനും ആളുകളെ പ്രേരിപ്പിക്കുന്നതു് എന്താണു്? പരിഷ്കാരത്തിലും സംസ്ക്കാരത്തിലും വരുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ ഘടനയെയും ക്രമത്തെയും മാറ്റിക്കളയും. സമൂഹത്തിന്റെ വ്യവസ്ഥ മാറുമ്പോൾ മനുഷ്യന്റെ വീക്ഷണഗതിക്കു മാറ്റം വരും. സാഹിത്യം ആത്മാവിഷ്കാരമാണു്. വീക്ഷണഗതിക്കു വരുന്ന പരിവർത്തനം ആവിഷ്ക്കാരരീതിക്കും പരിവർത്തനം സംഭവിപ്പിക്കും.

“സരസ്സിലെ ജലം അല്പാല്പമായി വാർന്നൊഴുകി സേതുഭൂമിയെ വിദ്രവിപ്പിച്ചു് കീഴോട്ടിഴയിച്ചു തുടങ്ങി. അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ടു് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തിലെന്നവണ്ണം ആ ലോഹഖണ്ഡത്തിന്റെ അഗ്രഭാഗം മുഴുവനേയും താഴ്ത്തി ആ ശിലാ കുട്ടിമത്തെ സരസ്സിലോട്ടു് ആവേശിപ്പാൻ താൻ അഭ്യസിച്ചിട്ടുള്ള യോഗസിദ്ധിയെ കാര്യക്കാർ പ്രയോഗിച്ചു.”

സി. വി. രാമൻ പിള്ളയുടെ “രാമരാജാ ബഹദൂരി”ലെ ഈ ഭാഗം തകഴി ശിവശങ്കരപ്പിള്ളയുടെ ഏതെങ്കിലും നോവലിന്റെ ഏതു ഭാഗത്തോടും താരതമ്യപ്പെടുത്തി നോക്കുക. ശൈലീ വിഷയകമായ മാറ്റത്തിനു ഹേതു മനോഭാവത്തിന്റെ മാറ്റമാണെന്നു ഗ്രഹിക്കാൻ കഴിയും. ലോകത്തെ പുതിയ രീതിയിൽ പരിഹാരമുണ്ടാക്കാനും ശ്രമിക്കുമ്പോൾ സാഹിത്യത്തിലെ ആവിഷ്ക്കാരമാർഗ്ഗത്തിനു പരിവർത്തനം വരും; അടിസ്ഥാനപരങ്ങളായ വികാരങ്ങൾക്കു മാറ്റം സംഭവിക്കുന്നില്ലെങ്കിലും.

images/mkn-mr2-01.jpg
നോർമൻ മേലർ

ടെക്നോളജിയോടു ബന്ധപ്പെട്ട പരിഷ്കാരത്തിനു് എന്തെന്നില്ലാത്ത വികാസമുണ്ടായപ്പോൾ ‘റിയലിസം’ ഒരാത്മാവിഷ്കാരമാർഗ്ഗമെന്ന നിലയിൽ തികച്ചും അപര്യാപ്തമാണെന്ന ചിന്താഗതി അമേരിക്കയിലുണ്ടായി. റിയലിസത്തിനു പല വിഭാഗങ്ങളുണ്ടെങ്കിലും രണ്ടെണ്ണത്തിനാണു് പ്രാധാന്യം; ബാഹ്യങ്ങളായ ശക്തി വിശേഷങ്ങളുടെ പരിണതഫലങ്ങളാണു് മനുഷ്യചേഷ്ടകളെന്നു സോഷ്യൽ റിയലിസ്റ്റുകൾ വിശ്വസിച്ചു. ആന്തരങ്ങളായ ശക്തിവിശേഷങ്ങളുടെ ഫലങ്ങളാണു് അവയെന്നു സൈക്കോളജിക്കൽ റിയലിസ്റ്റുകൾ കരുതി. താൻ വിശ്വസിക്കുന്ന ആദർശസംഹിതയ്ക്ക് അനുരൂപമായി വികാരവിചാരങ്ങളെ ആവിഷ്ക്കരിക്കുന്ന സോഷ്യൽ റിയലിസ്റ്റ് ആ ആദർശസംഹിതയിൽ വിശ്വസിക്കാത്ത വായനക്കാരനെ എങ്ങനെ സത്യത്തിലേയ്ക്കു നയിക്കും? ഫ്റായിറ്റിന്റെയും ആഡ്ലറുടെയും മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങൾ വിഭിന്നങ്ങളാണല്ലോ. ആഡ്ലറുടെ സിദ്ധാന്തങ്ങളെ അവലംബിച്ചു നിർമ്മിക്കപ്പെട്ട സാഹിത്യസൃഷ്ടി ഫ്റായിറ്റിന്റെ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ആളിനു സ്വീകാര്യമാവുകയില്ല. അതിനാൽ സോഷ്യൽ റിയലിസ്റ്റും സൈക്കോളജിക്കൽ റിയലിസ്റ്റും വസ്തുതകളെ അയഥാർത്ഥീകരിക്കുന്നുവെന്നു ചിലർ വാദിച്ചു. ടെക്നോളജിയുടെ വികാസത്താൽ മനോഭാവത്തിനു മാറ്റം വന്ന അക്കൂട്ടർ റിയലിസത്തേയും അതിന്റെ മറ്റു വിഭാഗങ്ങളെയും നിരാകരിച്ചു. അവർ ഒരു നൂതനാവിഷ്കാരമാർഗ്ഗത്തിന്റെ ഉദ്ഘോഷകരായി. ആ മാർഗ്ഗമാണു് ന്യൂ ജർണ്ണലിസം. (New Journalism.)

images/mkn-mr2-02.jpg
ട്രൂമൻ കപ്പോട്ടിയും

അമേരിക്കയിലെ നോർമൻ മേലറും ട്രൂമൻ കപ്പോട്ടിയും ഈ ഉദ്ഘോഷകരിൽ സുപ്രധാനരാണു്. റിപ്പോർട്ടാഷും (Reportage വാർത്തകൾ റിപ്പോർട്ടുചെയ്യുന്ന പ്രവർത്തനം അല്ലെങ്കിൽ ടെക്നിക്) സാങ്കല്പികാംശവും കൂട്ടിക്കലർത്തുന്ന രീതിക്കാണു് ന്യൂ ജർണ്ണലിസമെന്നു പറയുന്നതു്. ഇതിലെ പ്രതിപാദ്യവിഷയം ‘യഥാർത്ഥത്തിൽ’ സംഭവിച്ചതുതന്നെയായിരിക്കും. വായനക്കാർ അതൊക്കെ പത്രത്തിൽ വായിച്ചിരിക്കുകയും ചെയ്യും. എഴുത്തുകാരൻ ആ സംഭവങ്ങളെ വ്യക്തിഗതമായ മനോഭാവത്തിനു പ്രാധാന്യം നൽകി പുനഃസംവിധാനം ചെയ്യുന്നു. അതു വായിക്കുന്ന ആൾ റിയലിസത്തോടു് ആഭിമുഖ്യമുള്ളവനാണെന്നു വിചാരിക്കൂ. നിത്യജീവിത യാഥാർത്ഥ്യം അതിൽ ദർശിച്ചു് അയാൾ ആഹ്ലാദിക്കും. പത്ര റിപ്പോർട്ടുകളിൽ നിന്നു ലഭിച്ച യാഥാർത്ഥ്യബോധത്തിനു് എഴുത്തുകാരന്റെ—ന്യൂ ജർണ്ണലിസ്റ്റിന്റെ—വൈദഗ്ദ്ധ്യം സാന്ദ്രതവരുത്തുന്നു. അയാളുടെ മനോഭാവത്തിന്റെ ആവിഷ്ക്കാരം അനുവാചകനു് സാഹിത്യസൃഷ്ടിയുടെ ‘രസം’ പകരുന്നു. പരസ്പരവിരുദ്ധങ്ങളായ റിപ്പോർട്ടാഷിനെയും സാങ്കല്പികാംശത്തെയും കൂട്ടിയിണക്കി ആകർഷകമാക്കുന്നു എന്നതിലാണു് ന്യൂ ജർണ്ണലിസത്തിന്റെ സവിശേഷതയിരിക്കുന്നതു്. ട്രൂമൻ കപ്പോട്ടിയുടെ In cold Blood സുപ്രസിദ്ധമായ ന്യൂ ജർണ്ണലിസ്റ്റിക് നോവലാണു്; അല്ലെങ്കിൽ ‘നോണ്‍ ഫിക്ഷൻ’ നോവലാണു്. അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിലെ ഒരു കുടുംബം വധിക്കപ്പെട്ടതാണു് In cold Blood എന്ന ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയം. ഡിക്ക്ഹിക്ക് കോക്കും പെരിസ്മിത്തും കൊലപാതകികൾ. അവരുമായി, കൊലപാതകത്തോടു ബന്ധപ്പെട്ട മറ്റുള്ളവരുമായി കപ്പോട്ടി അനവധി അഭിമുഖസംഭാഷണങ്ങൾ നിർവ്വഹിച്ചു. അതിന്റെ ഫലമാണു് In cold Blood എന്ന ന്യൂ ജർണ്ണലിസ്റ്റിക് നോവൽ. കപ്പോട്ടി അതിനെ ഡോക്യുമെന്റററി നോവൽ എന്നാണു് വിളിക്കുന്നതു്. അമേരിക്കൻ നോവലെഴുത്തുകാരി ജോണ്‍ ഡിഡീയൻ (Joan Didion) ന്യൂ ജർണ്ണലിസ്റ്റാണു്. അവരുടെ “Some Dreamers of the golden Dream” എന്ന ചെറുകഥ വായിക്കൂ. ഈ പ്രസ്ഥാനത്തിന്റെ സവിശേഷതകളാകെ അതിൽ കാണാം. 1964 ഒക്ടോബർ 7, കാലിഫോർണിയയിലെ ലൂസീൽ എന്ന ചെറുപ്പക്കാരി രാത്രി പന്ത്രണ്ടരമണിക്കു കാറിൽ കയറി പാലുവാങ്ങാൻ പോയി.

images/mkn-mr2-03.jpg
നോർമൻ മേലർ

റോഡിലൊരിടത്തുവച്ചു് അവളുടെ കാറു് തീ പിടിച്ചു നശിച്ചു. ഒന്നേ കാൽ മണിക്കൂറോളം സഹായമഭ്യർത്ഥിച്ചുകൊണ്ടു് ലൂസീൽ റോഡിലങ്ങോട്ടുമിങ്ങോട്ടും ഓടി. ഒരു കാറും വന്നില്ല. ഒരു മനുഷ്യനും വന്നില്ല. ലൂസീൽ എന്തുചെയ്യും? കാറിന്റെ പിറകിലത്തെ സീറ്റിൽ അവളുടെ ഭർത്താവു് കരിക്കട്ടയായി കിടക്കുന്നു. അവൾ കുഞ്ഞുങ്ങളോടു് അവരുടെ അച്ഛനെക്കുറിച്ചു് എന്തു പറയും? പക്ഷേ, ലൂസീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ പേരിൽ ഇൻഷ്വർ ചെയ്തിട്ടു് ആ പണത്തിനുവേണ്ടി പെട്രോൾ ഒഴിച്ചു് അവൾ അയാളെ കൊന്നതാണെന്ന വസ്തുത ക്രമേണ വ്യക്തമായി വരുന്നു. ഒരു യഥാർത്ഥ സംഭവം. റിപ്പോർട്ടാഷിന്റെ മട്ടിലാണു് ഡിഡീയൻ എഴുതുന്നതു്. വായിച്ചുകഴിയുമ്പോൾ ചേതോഹരമായ ചെറുകഥ വായിച്ചു വഴിഞ്ഞാലുണ്ടാകുന്ന പ്രതീതി അനുവാചകനു് ഉളവാകുന്നു. “This is a story about love and death in the golden land, and begins with the country” എന്നു കഥയുടെ തുടക്കം. “A coronet of seed pearls held her illusion veil” എന്നു് ഒടുക്കത്തെ വാക്യം. കഥ വായിക്കൂ, ജോണ്‍ ഡിഡീയന്റെ കഴിവുകളിൽ നിങ്ങൾക്കു് അസൂയ തോന്നിയെന്നു വരാം.

II

നോർമൻ മേലറും ട്രൂമൻ കപ്പോട്ടിയും സമാരംഭിച്ചതും ജോണ്‍ ഡിഡീയൻ, ജോഎസ്റ്റേർ ഹാസ്, ഗേറ്റലീസേ ഇവർ വികസിപ്പിച്ചതുമായ ന്യൂ ജർണ്ണലിസത്തെ ഗളഹസ്തം ചെയ്തുകൊണ്ടു് അമേരിക്കയിൽ മറ്റൊരു സാഹിത്യപ്രസ്ഥാനമുണ്ടായിരിക്കുന്നു. ഡേർട്ടി റിയലിസം (dirty realism) എന്ന പേരിലാണു് അതറിയപ്പെടുന്നതു്. ഇവിടെ യഥാർത്ഥ സംഭവങ്ങളുടെ പുനരാവിഷ്കാരമില്ല. ഭാവനയുടെ അതിപ്രസരമില്ല. സമകാലിക ജീവിതത്തിന്റെ സത്യം അതു ചിത്രീകരിക്കുന്നുണ്ടെങ്കിലും ഫ്ളോബറിന്റെ റിയലിസത്തോടും സൊലയുടെ (Zola) നാച്ചുറലിസത്തോടും അതിനു ബന്ധമില്ല. കള്ളൻ, അതിമദ്യപൻ, ഭർത്താവു് ഉപേക്ഷിച്ച ഭാര്യ, മകന്റെ അടികൊണ്ടിട്ടും അവനെ സ്നേഹിക്കുകയും അതേ സമയം വെറുക്കുകയും ചെയ്യുന്ന അച്ഛൻ ഇവരെയൊക്കെ നിസ്സംഗതയോടെ അവതരിപ്പിക്കുന്ന പ്രസ്ഥാനമാണു ഡേർട്ടി റിയലിസം. ഒരലങ്കാരംപോലും പ്രയോഗിക്കാതെ വെറും റിപ്പോർട്ടാഷിന്റെ മട്ടിലാണു് ഡേർട്ടി റിയലിസ്റ്റുകൾ എഴുതുന്നതു്. അത്യുക്തി ഇല്ലെന്നുമാത്രമല്ല ന്യൂനോക്തി ഉണ്ടുതാനും. പരിമിതങ്ങളായ വാക്കുകൾമാത്രം പ്രയോഗിച്ചിട്ടു് The rest is Silence എന്ന മട്ടിൽ ഡേർട്ടി റിയലിസ്റ്റു മാറിനിൽക്കുന്നു.

“റൊമാൻറിസിസ”ത്തെയും “മോഡേണിസത്തെയും” വെല്ലുവിളിച്ചുകൊണ്ടു് ആവിർഭവിച്ച “പോസ്റ്റ് മോഡേണിസ”ത്തെയും ഈ പ്രസ്ഥാനം അംഗീകരിക്കുന്നില്ല. പോസ്റ്റ് മേഡേണിസ്റ്റുകൾക്കു പ്രകടനാത്മകതയിലാണു് താൽപര്യമെന്നു ഡേർട്ടി റിയലിസ്റ്റുകൾ ഉദ്ഘോഷിക്കുന്നു. “മേജർ അമേരിക്കൻ നോവലിസ്റ്റ്” എന്നു് ചിലരും കാഫ്കായ്ക്കു സദൃശൻ എന്നു മറ്റു ചിലരും വാഴ്ത്താറുള്ള തോമസ് പിൻചൻ (Thomas Pynchon) അനിയന്ത്രിതമെന്നു പറയാവുന്ന ഭാവനാശക്തി പ്രദർശിപ്പിക്കുന്ന സാഹിത്യകാരനാണു്. ഈ ശതാബ്ദത്തിലെ അമേരിക്കൻ ജീവിതം ചിത്രീകരിക്കണമെങ്കിൽ റിയലിസം പ്രയോജനപ്പെടുകയില്ലെന്നും ‘ഫാന്റസി’കൊണ്ടേ അതു സാദ്ധ്യമാവൂ എന്നും പിൻചൻ അഭിപ്രായപ്പെട്ടു. രാവണൻകോട്ടയ്ക്കു സദൃശവും അന്ധകാരബാധിതവുമായ ലോകമാണു് പിൻചന്റെ നോവലുകളിലുള്ളതു്. വിശ്വവിഖ്യാതനായ ഈ നോവലിസ്റ്റ് ഡേർട്ടി റിയലിസ്റ്റുകളുടെ ദൃഷ്ടിയിൽ ആരുമല്ല. സവിശേഷതയാർന്ന കലാസങ്കല്പമുള്ള അവർക്കു് ആവിധത്തിലൊരു മതമുണ്ടായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മഹാന്മാരായ നിരൂപകർപോലും ഡേർട്ടി റിയലിസ്റ്റുകളെ അനുഗ്രഹിക്കുന്നു. ഫ്റാങ്ക് കെർമോഡ് എന്ന ബ്രിട്ടീഷ് നിരൂപകൻ ഭുവന പ്രശസ്തിയാർജ്ജിച്ചിട്ടുള്ള മഹാവ്യക്തിയാണു്. അദ്ദേഹം റേയ്മണ്ടു് കാർവർ എന്ന ഡേർട്ടി റിയലിസ്റ്റിനെക്കുറിച്ചു പറഞ്ഞു: “… a fiction so spare in manner that it takes time before one realizes how completely a whole culture and a whole moral condition are being represented by even the most seemingly slight sketch” ക്ഷുദ്രമായ ‘സ്കെച്ച്’ ആയിത്തോന്നുന്ന രചനകൊണ്ടു സാകല്യാവസ്ഥയിലുള്ള ഒരു സംസ്ക്കാരത്തെയും സമ്പൂർണ്ണമായ സാന്മാർഗ്ഗികാവസ്ഥയെയും ചിത്രീകരിക്കുന്ന പ്രസ്ഥാനമാണു് ഡേർട്ടി റിയലിസമെന്നു കെർമോഡ് പറയുകയാണു്. അവരുടെ രചനകൾ നോക്കൂ. ഈ അഭിപ്രായം ശരിയാണെന്നു കാണാം.

images/mkn-mr2-04.jpg
റേയ്മണ്ടു് കാർവർ

ഈ ലേഖകനെ വല്ലാതെ ആകർഷിച്ച ചെറുകഥയാണു് ജേയ്ൻ ആനി ഫിലിപ്പ്സിന്റെ Rayme—A Memoir of the Seventies എന്നതു്. അതിനേക്കാൾ മനോഹരമാണു് റേയ്മണ്ടു് കാർവറുടെ The Compartment എന്ന ചെറുകഥ. ഒട്ടൊക്കെ ദീർഘങ്ങളായ ആ ചെറുകഥകളെക്കുറിച്ചു പറയാൻ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു ഡേർട്ടി റിയലിസത്തിന്റെ സവിശേഷതകൾ ആവഹിക്കുന്ന ഒരു കൊച്ചു കഥയുടെ സംഗ്രഹം നൽകാം; സംഗ്രഹിക്കുന്നതു് കലാഹിംസയാണെന്നു് അറിഞ്ഞു കൊണ്ടുതന്നെ. ടോഡ് മക്‍ഈവന്റെ Even Song കഥയിലെന്ന പോലെ ഉത്തമപുരുഷ സർവ്വനാമംതന്നെ സംഗ്രഹത്തിലും പ്രയോഗിക്കട്ടെ:—“എന്റെ ഭാര്യയെ വെറുതെ വിട്ടേക്കു എന്നു ഞാൻ പറഞ്ഞു. ഇല്ല ഞാൻ നിങ്ങളുടെ ഭാര്യയെ വിട്ടുപോകില്ല, ഞാനവളെ സ്നേഹിക്കുന്നു എന്നു് അവൻ പറഞ്ഞു. അങ്ങനെ പറഞ്ഞുകൊണ്ടു് അവൻ വീട്ടുവാതിൽക്കൽനിന്നു പോയി പൂന്തോട്ടത്തിൽ ഒരു പച്ച കൂടാരമുണ്ടാക്കി അതിനകത്തു് ഇരിപ്പായി. ദിവസന്തോറും ഓരോ മണിക്കൂർ വച്ചു് പതിനാറുതവണ പ്രേമ ലേഖനം കൊണ്ടുവരാനായി അവനൊരു കൊച്ചു കുട്ടിയെ കൂലിക്കെടുത്തു. എന്റെ ഭാര്യ അവനു് ഓരോ പ്രാവശ്യവും അഞ്ചു പെൻസ് കൊടുക്കും. ഇതു് എന്നെ ദേഷ്യപ്പെടുത്തി. എന്നാൽ അതു് അവന്റെ കുറ്റമല്ലെന്നാണു് അവൾ പറഞ്ഞതു്. പക്ഷേ, 5 പെൻസ് × 16 മണിക്കൂർ=80 പെൻസ് എന്നതു് എന്നെ അനാഥമന്ദിരത്തിലേയ്ക്കു് ഓടിക്കുകയില്ലേ? പണത്തിന്റെ കാര്യം പോകട്ടെ അതു് അവസ്ഥാവിശേഷമാണു്. എല്ലാ പ്രഭാതങ്ങളിലുമുള്ള നാറ്റവും. എന്റെ ഭാര്യയുടെ പ്രഖ്യാപനം അതു് ഒരു അവസ്ഥാവിശേഷം മാത്രമാണു് എന്നാണു്. ആർക്കുള്ള അവസ്ഥാവിശേഷം? എത്ര കാലം? എന്നു ഞാൻ വീട്ടുവാതിൽക്കൽവന്നു പയ്യനു അഞ്ചു പെൻസ് വീതം ഓരോ മണിക്കൂറിലും കൊടുക്കണം. ഓമനേ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നിന്നെക്കൂടാതെ എനിക്കു ജീവിക്കാൻ വയ്യ. നീ എന്റേതാകൂ. നിന്റെ ആരാധകൻ. ഞാൻ കത്തുകൾ വായിക്കുന്ന ഏർപ്പാടു നിർത്തി. എല്ലാം ഒരുപോലെയുള്ള കത്തുകൾ. കൂടുകളും ഒരുപോലെ. എല്ലാം അവൾക്കു് എന്ന മേൽവിലാസത്തിൽ. കാലത്തെ കത്തുകളിൽ പാചകം ചെയ്യാനുള്ള കൊഴുപ്പുവീണ പാടുകൾ കാണും. അല്ലെങ്കിൽ ഏതോ ‘ജാ’മിന്റെ പാടുകൾ ഉച്ചയ്ക്കുവരുന്ന കത്തുകൾ താരതമ്യേന വൃത്തിയുള്ളവയായിരിക്കും. വൈകുന്നേരത്തെ കത്തുകൾക്കു വിസ്കിയുടെയോ ബിയറിന്റെയോ ഉരുളക്കിഴങ്ങു ക്രിപ്സിന്റെയോ ഗന്ധം.

എഴുത്തുകൾ ഞാൻ ഭംഗിയായി ഭാര്യയുടെ മേശയുടെ പുറത്തു് അടുക്കിവയ്ക്കും. അവൾ ചെടി നട്ടിട്ടു് ഇടയ്ക്കുവന്നു് അവയിൽ ചിലതെടുത്തു നോക്കും. എഴുത്തിനു മാറ്റമുണ്ടോ എന്നറിയാൻ. ഇല്ലെന്നു ഞാൻ പറഞ്ഞു, ആ അവസ്ഥാവിശേഷത്തിൽ ഭാര്യ ഉൾപ്പെടുകയേയില്ല; എനിക്കാകട്ടെ അതൊരു ഒഴിയാബാധയും. കൽക്കരി കൊണ്ടുവരുന്നവർപോലും കൂടാരമൊഴിഞ്ഞു് അവനെ ഉപദ്രവിക്കാതെ പോരും. അവരിലൊരാൾ എന്നോടു മന്ത്രിച്ചു അതൊരു അവസ്ഥാവിശേഷം മാത്രമാണെന്നു്. ഞാൻ ഭാര്യയോടു പറഞ്ഞു, നമ്മൾ പ്രഭുവിന്റെ കുടികിടപ്പുകാരല്ലേ? അദ്ദേഹം വേണ്ടതു ചെയ്യും. ഭാര്യ ശാന്തതയോടെ തയ്ക്കുകയായിരുന്നു. അവൾ ആ അവസ്ഥാവിശേഷത്തിൽ വന്നുപെടാൻ കൂട്ടാക്കിയില്ല. എനിക്കാകട്ടെ അതൊരു ഒഴിയാബാധയും. ഞാൻ ദുർഗ്ഗഹർമ്മ്യത്തിലേയ്ക്കു ഡയൽ കറക്കി. പ്രഭു ഉറങ്ങുകയാണു്. എന്നും ഈ സമയത്തു് ഉറങ്ങും. ശബ്ദം അറിയിച്ചു. എന്റെ പൂന്തോട്ടത്തിൽ ഒരുത്തൻ. നിലത്തു കുത്തിയിരിക്കുന്നവനോ? ശബ്ദം ചോദിച്ചു… നിങ്ങൾ പോലീസിനെ വിളിക്കാത്തതെന്തു്? അതിൽ കാര്യമില്ലെന്നു് ഞാൻ പറഞ്ഞു. താങ്കൾക്കറിഞ്ഞുകൂടെ പ്രഭുവിനു് ഫ്യൂഡൽഭൂമിയിൽനിന്നു് ആരെയും ഒഴിപ്പിക്കാമെന്നു്. ഫ്യൂ എന്നു പറഞ്ഞപ്പോൾ (ടെലിഫോണിന്റെ) മൗത്തു് പീസ് ഞാൻ പതകൊണ്ടു നിറച്ചു.അവൻ ഉപദ്രവിക്കുന്നോ? ശബ്ദത്തിന്റെ ചോദ്യം. അവൻ എന്റെ ഭാര്യയ്ക്കു് പ്രേമലേഖനങ്ങൾ എഴുതുന്നു… ഹൃദയത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ എസ്റ്റേറ്റ് ഇടപെടില്ല; അതു നല്ലതല്ല എന്നു ശബ്ദം. അയാൾ ഫോണ്‍ താഴെ വച്ചു. ഞാനും ഫോണ്‍ താഴെ വച്ചു ഭാര്യയെ നോക്കി. അവൾ റേഡിയോ ട്യൂണ്‍ചെയ്യുകയാണു്. വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു് ഞാൻ മക്കാർട്ടിന്റെ വീട്ടിലേക്കു നടന്നു.

മക്കാർട്ട് മൂക്കു വൃത്തിയാക്കുകയായിരുന്നു. ഞാൻ വാതിലിലിടിച്ചപ്പോൾ മക്കാർട്ട് അതു തുറന്നു. അയാളുടെ പട്ടി എന്നെ നോക്കി നിർത്താതെ കുരച്ചു. പട്ടി കുര നിർത്തുകയില്ലെന്നു മനസ്സിലാക്കി മക്കാർട്ട് വാതിലടച്ചിട്ടു പടിയിൽ വന്നുനിന്നു. പട്ടി പെട്ടെന്നു കുര നിർത്തി… കുത്തിയിരിക്കുന്നവനോ? അതേ… അവൻ എന്റെ ഭാര്യയ്ക്കു പ്രേമലേഖനങ്ങളെഴുതുന്നു… മക്കാർട്ട് നിങ്ങളുടെ ട്രാക്ടർ ആ കൂടാരത്തിന്റെ മുകളിൽക്കൂടി “ആക്സിഡന്റ്” എന്ന രീതിയിൽ ഓടിച്ചുകൂടേ?… വയ്യ. ഗുഡ്ഈവനിംഗ് എന്നു പറഞ്ഞു മക്കാർട്ട് അകത്തേയ്ക്കു പോയി. അരണ്ട വെളിച്ചം. ഞാൻ കൂടാരത്തിനടുത്തെത്തി ഒരു കുഴിയിൽ മറഞ്ഞിരുന്നു. ഒരു വലിയ കല്ലെടുത്തു് കൂടാരത്തിന്റെ നേർക്കു് എറിഞ്ഞു… ഹേയ്. കൂടാരത്തിൽനിന്നു് വിളി ഉയർന്നു. വൂ, വൂ ഞാൻ ശബ്ദിച്ചു. ഞാൻ ഈ പ്രദേശത്തെ പ്രേതമാണു്… ഞാൻ കുഴിയിൽ തപ്പി മറ്റൊരു കല്ലെടുത്തു് എറിഞ്ഞു പക്ഷേ അതൊരു ചത്ത പേക്കാന്തവളയായിരുന്നു. കൂടാരത്തിന്റെ മുള തകർന്നുവീണു. അവൻ എഴുന്നേറ്റു നോക്കി. മറിഞ്ഞുവീണ സ്റ്റൗവിൽനിന്നുണ്ടായ തീയിൽ കൂടാരം കത്തിയെരിഞ്ഞു വൂ—വാ ഞാൻ കാറ്റുപോലെ കൂവി. നിലവിളിച്ചുകൊണ്ടു് അവൻ വേലിചാടി റോഡിലേയ്ക്കു് ഓടി… ഞാൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ റേഡിയോ ട്യൂണ്‍ ചെയ്യുകയായിരുന്നു. ആ അവസ്ഥാവിശേഷത്തിൽ ചെന്നുപെടാൻ അവൾ കൂട്ടാക്കിയില്ല. എനിക്കാകട്ടെ അതു് ഒഴിയാബാധയും. അടുത്ത ദിവസം കാലത്തു് പയ്യൻ വാതിലിനു തട്ടി. പക്ഷേ അവന്റെ കൈയിൽ എഴുത്തില്ല. എനിക്കു് അവനെ കാണാൻ ആഹ്ലാദം. ഞാൻ അവനു് അമ്പതു പെൻസ് കൊടുത്തിട്ടു് വീട്ടിൽ തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞു് അവൻ തിരിച്ചുവന്നു; എഴുത്തില്ല. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും.

കഥ ഇവിടെ അവസാനിച്ചു. അതു് ചേതോഹരമായി വായനക്കാർക്കു തോന്നുന്നില്ലെങ്കിൽ അതിനു ഹേതു എന്റെ അവിദഗ്ദ്ധത തന്നെ. സംക്ഷേപണം കഥയുടെ എല്ലാ മൂല്യങ്ങളെയും തകർത്തുകളയും. അതിരിക്കട്ടെ. കഥയിൽ ഒരലങ്കാരപ്രയോഗവുമില്ല. അലങ്കാരം അസത്യാത്മകമാണെന്നു ഡേർട്ടി റിയലിസ്റ്റുകൾ കരുതുന്നുണ്ടാവും. “ശോകമൂകമായ അന്തരീക്ഷം” എന്നു പറയുമ്പോൾ ശോകവും മൂകതയും വക്താവിന്റെ വികാരങ്ങൾ മാത്രമാണു് അന്തരീക്ഷത്തിനു ശോകമില്ല, മൂകതയുമില്ല. പറയുന്ന ആൾ ആ വികാരങ്ങളെ അന്തരീക്ഷത്തിൽ അടിച്ചേല്പ്പിക്കുകയാണു്. വസ്തുക്കളും മാനുഷികവികാരങ്ങളും തമ്മിൽ ബന്ധമില്ലാത്തതുകൊണ്ടു് അലങ്കാരം അസത്യത്തിന്റെ സന്തതിയാണെന്നു് ഡേർട്ടി റിയലിസ്റ്റുകൾ കരുതുന്നു. അലങ്കാരപ്രയോഗം പാടില്ലെന്നു മാത്രമല്ല അവർ പരോക്ഷമായി പ്രഖ്യാപിക്കുന്നതു്. മോടി പിടിപ്പിച്ച ഭാഷയും സത്യാവിഷ്ക്കാരത്തിനു തടസ്സം സൃഷ്ടിക്കുമെന്നു് അവർ കരുതുന്നു. ജോണ്‍ ഡിഡീയൻ കഥ തുടങ്ങുമ്പോൾ This is a story about love and death in the golden land and begins with the Country എന്നാണു് ശോഭാപൂർണ്ണമായി എഴുതുന്നതു്. ഡേർട്ടി റിയലിസ്റ്റുകൾക്കു നഗ്നീകൃതമായ ഭാഷയേ വേണ്ടൂ. റേയ്മണ്ടു് കാർവർ എന്ന ഡേർട്ടി റിയലിസ്റ്റിന്റെ The Compartment എന്ന അതിസുന്ദരമായ ചെറുകഥ ആരംഭിക്കുന്നതു് ഇങ്ങനെ:—Myers was travelling through France in a first-class rail car on his way to visit his son in Strasbourg, who was a student at the University there. ഏറ്റവും കുറഞ്ഞതോതിൽ വാക്കുകളുപയോഗിച്ചു് അവർ നിർമ്മിച്ചുവയ്ക്കുന്നതു് സുന്ദരമായ കലാശില്പങ്ങളും. പദങ്ങളുടെ വൈരള ്യമുള്ളതുകൊണ്ടു് പ്രതിപാദ്യ വിഷയം അവരുടെ പിടിയിൽനിന്നു് വിട്ടുപോകുന്നതുമില്ല. മാകീവന്റെ കഥ നോക്കുക. സുന്ദരിയായ വിവാഹിതയെക്കണ്ടു് ചെറുപ്പക്കാരനുണ്ടാകുന്ന കാമത്തിന്റെ അതിപ്രസരം, അവൾക്കു് അതിനോടുള്ള പരമപുച്ഛം, ഭർത്താവിന്റെ ‘ജലസി’, ഫ്യൂഡലിസത്തിന്റെ കെടുതികൾ, കുത്തിയിരിപ്പുകാരനെ പറഞ്ഞയയ്ക്കാനുള്ള ഫ്യൂഡലിസത്തിന്റെ പ്രതിനിധിക്കുള്ള ഭയം, സ്നേഹിതനെ സഹായിക്കാനുള്ള വൈമനസ്യം, വീട്ടിൽ വന്നു കയറുന്നവനോടു പട്ടിക്കു പോലുമുള്ള ദേഷ്യം, എങ്ങനെയെങ്കിലും പണം നേടാനുള്ള പയ്യന്റെ അത്യാഗ്രഹം, കാമത്തിന്റെ ക്ഷണികസ്വഭാവം ഇങ്ങനെ എത്രയെത്ര കാര്യങ്ങളാണു് കഥാകാരൻ ചാരുതയോടെ ധ്വനിപ്പിക്കുന്നതു്! കഥയിലാകെ പ്രഭ പ്രസരിപ്പിക്കുന്ന ഐറണിയോ! ഒന്നാന്തരമെന്നേ പറയേണ്ടു. സത്യത്തിന്റെ അനുകരണമല്ല സത്യത്തിന്റെ ഭാവനാത്മകമായ ആവിഷ്ക്കാരമാണു് കലയെന്നു ഡേർട്ടി റിയലിസ്റ്റുകളും വിശ്വസിക്കുന്നു. ഡേർട്ടി റിയലിസം! അതു് ഒട്ടുംതന്നെ ഡേർട്ടിയല്ല. ബ്യൂട്ടിഫുൾ റിയലിസം എന്നാണു് അതിനെ വിളിക്കേണ്ടതു്.

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.