“ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായുള്ള സൗഖ്യമാണു്.”
പതിനൊന്നു് വർഷം മുൻപുള്ള കഥയാണു്. നഗരത്തിലെ പ്രമുഖ സർക്കാർ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ പുതുതായി തുടങ്ങിയ പാലിയേറ്റീവ് കെയർ ക്ലിനിക് നടത്തുവാനായി ഞങ്ങൾ നടന്നു. ക്ലിനിക്കിലെത്തുന്നതിനു് കുറെ ദൂരം മുൻപേ ഒരു കുഞ്ഞു് അലറിക്കരയുന്ന ശബ്ദം കേൾക്കാമായിരുന്നു. ഞങ്ങൾ നടപ്പു് അല്പം വേഗത്തിലാക്കി.
മൂന്നു് വയസ്സു് തികയാത്ത ഒരു കുഞ്ഞിൽ നിന്നായിരുന്നു ആ വിലാപം. തലച്ചോറിൽ പഴുപ്പു് കയറിയതായിരുന്നു രോഗം. മരുന്നുകൾ കൊണ്ടു് അണുബാധ മാറിയപ്പോഴേക്കും തലച്ചോറിൽ കേടു് സംഭവിച്ചു് കഴിഞ്ഞിരുന്നു. ക്രൂരമായ ആ രോഗം ആ കുട്ടിയുടെ മാംസപേശികളെ വലിച്ചു മുറുക്കി വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കിട്ടുന്ന മരുന്നുകൾ കൊണ്ടൊന്നും വേദന മാറുന്നില്ല എന്നതു് വ്യക്തം.
മുറിയുടെ ഒരു മൂലയിൽ കുട്ടിയുടെ അമ്മ നിൽപ്പുണ്ടു്. മുഖത്തു് ഒരു ഭാവവുമില്ല; ഒരു പ്രതിമയെപ്പോലെ. പിന്നീടു് മനസ്സിലായി ഒന്നര മാസം നീണ്ടു നിന്ന ആ കുഞ്ഞിന്റെ ദുരിതം കണ്ടു കണ്ടു് അവർ അവരല്ലാതായി മാറിപ്പോയി. വൈകല്യം ബാധിച്ച ആ മനസ്സിനു് അമ്മയായി തുടരാൻ കഴിയുന്നില്ല. നിസ്സഹായതയുടെ മൂർത്തീകരണം എന്നോണം കുട്ടിയുടെ അച്ഛൻ അപ്പുറത്തു് നിൽക്കുന്നു. കുഞ്ഞിനെ തൊട്ടുകൊണ്ടു് ആശ്വസിപ്പിക്കേണ്ടതെങ്ങനെ എന്നറിയില്ലല്ലോ എന്ന മുഖഭാവത്തോടെ പത്തു വയസ്സുള്ള ചേച്ചി നിൽപ്പുണ്ടു്. ആ കുട്ടിയാണു് അമ്മയുടെ കടമകൾ ഇപ്പോൾ നിർവഹിക്കുന്നതു്. ആ അമ്മക്കുഞ്ഞു പറഞ്ഞു തന്നു, എന്തൊക്കെയാണു് സ്ഥിതി എന്നൊക്കെ. എല്ലാ വിശദാംശങ്ങളും, ഓരോ ബുദ്ധിമുട്ടും. ആ കൊച്ചു ചേച്ചിയോടു് ഞങ്ങൾ ചോദിച്ചു, കുഞ്ഞു് ഉറങ്ങുന്നുണ്ടോയെന്നു്.
“ചെലപ്പോ ഉറങ്ങും ഒരു പതിനഞ്ചു മിനിട്ടു്. എന്നിട്ടു് നിലവിളിച്ചുകൊണ്ടു് ഉണരും”
“അപ്പോൾ മോളോ? നീ എപ്പോ ഉറങ്ങും?”
“കുഞ്ഞു് എപ്പോ ഉറങ്ങുന്നോ, അപ്പോ ഞാനും ഉറങ്ങും.”
ഞങ്ങൾ പാലിയേറ്റീവ് കെയറുകാർ ധാരാളം വേദന കാണുന്നവരാണു്. എന്നാലും ഇതു് ഉൾക്കൊള്ളാൻ ഒരല്പം ബുദ്ധിമുട്ടായി. ആ അച്ഛനു് എത്രയോ ആഴ്ചയായി ജോലിക്കു് പോകാൻ കഴിയാതെയായിട്ടു്. തമിഴ്‌നാട്ടിലെ അയൽനഗരത്തിൽ ഒരു ഫാക്ടറി തൊഴിലാളി ആയിരുന്നു അയാൾ. ജോലി നഷ്ടപ്പെട്ടു. വരുമാനമില്ല. അമ്മയ്ക്കു് ബോധമേ പോയ മട്ടു്. കുഞ്ഞിന്റെ ചേച്ചി സ്കൂളിൽ നിന്നും പുറത്തു്. സ്കൂൾ മാത്രമല്ല, ആ കുട്ടിക്കു് ബാല്യമേ നഷ്ടപ്പെട്ടു കഴിഞ്ഞു. പിന്നീടു് അറിയാനിടയായി. വാസ്തവത്തിൽ ആ മനുഷ്യൻ വിഷം വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. ഭാര്യക്കും കുഞ്ഞുങ്ങൾക്കും കൊടുത്തു് സ്വയം മരിക്കാനായി.
ഞങ്ങൾ വേദനയുടെ രീതി മനസ്സിലാക്കി. ഗുളിക രൂപത്തിലുള്ള മോർഫിൻ പൊടിച്ചു് തേനിൽ ചാലിച്ചു് രണ്ടര മില്ലിഗ്രാം വീതം നാലു മണിക്കൂർ കൂടുമ്പോൾ നൽകാൻ തുടങ്ങി. അടുത്ത ദിവസം ആയപ്പൊഴേക്കും വേദനക്കു് ആശ്വാസമായി, കുഞ്ഞു് ഒരല്പമൊക്കെ ഭക്ഷണം ഉള്ളിലാക്കിത്തുടങ്ങി. രക്തക്കുഴലിനുള്ളിലേക്കു കടത്തിയിരുന്ന കാനുല ഞങ്ങൾക്കു് എടുത്തു മാറ്റാനായി. അതു് അനങ്ങാതെ കയ്യിൽ ബന്ധിച്ചു വെച്ചിരുന്ന സ്പ്ലിന്റും അതോടെ പുറത്തായി. കുട്ടി ഉറങ്ങിത്തുടങ്ങി.
ഈ ചെയ്തതു് സാന്ത്വന ചികിത്സയുടെ ഒരു ഭാഗം മാത്രം.
ഒന്നു് ആലോചിച്ചു നോക്കൂ, ആരോഗ്യമെന്നാൽ എന്താണു്? ലോകാരോഗ്യസംഘടന നിർവചിച്ചിട്ടുണ്ടു്, “ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായുള്ള സൗഖ്യമാണു് ” എന്നു്. അങ്ങനെയാണെങ്കിൽ രോഗം ചികിൽസിക്കുക മാത്രമാണോ നമ്മുടെ കടമ.
ആരോഗ്യപ്രവർത്തകരല്ലേ നാം? മേൽപ്പറഞ്ഞ രീതിയിലുള്ള സൗഖ്യത്തിനു് വേണ്ടി ശ്രമിക്കുകയല്ലേ വേണ്ടതു് ?
ഇതു് പറയുമ്പോൾ പലരും നെറ്റി ചുളിക്കുന്നുണ്ടാവും. “അതൊക്കെ ചെയ്യാനൊക്കുന്ന കാര്യമാണോ?” എന്നോ “അതൊന്നും അല്ലല്ലോ നമ്മൾ പഠിച്ചിട്ടുള്ളതു്, രോഗം ചികിൽസിക്കലല്ലേ നമ്മുടെ ചുമതല?” എന്നോ ചോദ്യങ്ങൾ ഉയരുന്നുണ്ടാവാം. ആരോഗ്യമെന്നതു് എന്തെന്നു് നാം പഠിച്ചതും ഡോക്ടറോ നഴ്സോ പഠിക്കുന്ന ശാസ്ത്രവും തമ്മിൽ വലിയ ഒരു അന്തരം ഉണ്ടു്. ഞങ്ങൾ പഠിച്ചതെല്ലാം ശരീരത്തെപ്പറ്റിയും അണുക്കളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും ഒക്കെ മാത്രമാണു്. ശാരീരികമായിപ്പോലും സൗഖ്യം എങ്ങനെയുണ്ടാക്കാമെന്നു് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. മാനസികമോ സാമൂഹികമോ ആയ സൗഖ്യത്തിന്റെ കാര്യം പറയുകയേ വേണ്ട.
ഒന്നു് ആലോചിക്കേണ്ട കാര്യമല്ലേ.
ഇതെന്തുകൊണ്ടാണു് ഇങ്ങനെ?
തിരിച്ചു് ഒരു ചോദ്യം വരും, എനിക്കു് അറിയാം.
ഡോക്ടർമാർക്കും ആശുപത്രികൾക്കും എന്തൊക്കെ ചെയ്യാനാകും?
എത്രയോ രോഗികൾ വരുന്നുണ്ടു് ആശുപത്രിയിൽ! എന്തൊരു തിരക്കാണു്! മാനസികവും സാമൂഹികവുമായ ആശ്വാസം എന്നൊക്കെ പറഞ്ഞാൽ എങ്ങനെ നടപ്പിൽ വരുത്തും?
ഇതെല്ലാം ഡോക്ടർമാരും നഴ്സുമാരും തനിയെ ചെയ്യേണ്ട ആവശ്യമില്ല എന്നാണു് ഇതിനു മറുപടി. പാലിയേറ്റീവ് കെയറും ആരോഗ്യ മേഖലയിൽ ഉള്ളൊരു പ്രസ്ഥാനമാണല്ലോ? മുന്നൂറ്റിഅമ്പതിലേറെ സന്നദ്ധസംഘടനകൾ ഉണ്ടു് കേരളത്തിൽ മാത്രം. അതിലൊക്കെ കൂടി സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ലഭിച്ചവർ പതിനായിരക്കണക്കിനു് ഉണ്ടാവും. തീർച്ചയായും എത്രയോ ആയിരങ്ങൾ സജീവ പ്രവർത്തന മേഖലയിൽ ഉണ്ടു്. ഇവർ വൈദ്യശാസ്ത്രം പഠിച്ചിട്ടുണ്ടാവില്ല. ഏതാനും ദിവസത്തെ ഒരു പരിശീലനം ആയിരിക്കും അവർക്കു് ആകെ കിട്ടിയിരിക്കുക. പക്ഷേ, അവരുണ്ടല്ലോ. അവർക്കു് എന്തൊക്കെ ചെയ്യാനാകും എന്നു് ആലോചിച്ചു കൂടെ?
നേരത്തെ പറഞ്ഞ കുഞ്ഞിന്റെ കാര്യത്തിൽ എന്തൊക്കെയാണു് സംഭവിച്ചതെന്നു് പറയട്ടെ. കുഞ്ഞിനു് ഒരല്പം ആശ്വാസമായപ്പോൾ ആദ്യത്തെ നടപടി ആ അമ്മയെ ഒരു സന്നദ്ധപ്രവർത്തക കൂടെ കൂട്ടി മാനസിക രോഗവിഭാഗത്തിലേക്കു് കൊണ്ടു പോകുകയായിരുന്നു. “അവിടെ സൈക്യാട്രി ഒപിയിൽ കാണിക്കൂ” എന്നൊരു നിർദ്ദേശം മാത്രം കൊടുത്തെങ്കിൽ കാര്യം നടപ്പിൽ വരുമായിരുന്നില്ല. അന്നത്തെ അന്നത്തിനു വേണ്ടി ഉഴലുന്ന ആ അച്ഛൻ എന്തൊക്കെ ചെയ്യും ? കുഞ്ഞുങ്ങളെ രണ്ടിനെയും ആശുപത്രിയിലാക്കി അദ്ദേഹം എങ്ങനെ വേറൊരു ആശുപത്രിയിൽ പോയി മണിക്കൂറുകൾ കാത്തുനിൽക്കും?
ഒരു സന്നദ്ധപ്രവർത്തക വേണ്ടി വന്നു കാര്യം നടത്തിയെടുക്കാൻ. ഇതു് നടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ. എത്രയോ നടക്കുന്നു. ഞങ്ങൾ തിരുവനന്തപുരത്തു് ശുശ്രൂഷിക്കുന്ന രോഗികളിൽ ചിലർക്കു് എന്തെങ്കിലുമൊരു രോഗത്തിന്റെ ചികിത്സയ്ക്കു് വലിയ ഒരു ആശുപത്രിയിൽ ഇടയ്ക്കു് പോകേണ്ടിവരുമ്പോൾ കൂടെപ്പോകാൻ ആളില്ല എന്ന അവസ്ഥ ഉണ്ടെങ്കിൽ പലപ്പോഴും ഞങ്ങളോടു് ചേർന്നു് പ്രവർത്തിക്കുന്ന കോളേജ് വിദ്യാർത്ഥികൾ ആയിരിക്കും ആ ചുമതല ഏറ്റെടുക്കുക. അല്ലെങ്കിൽ മറ്റൊരു സന്നദ്ധപ്രവർത്തകയോ സന്നദ്ധപ്രവർത്തകനോ.
ആ അമ്മയുടെ അവസ്ഥ ഒന്നു് ശരിയായി വരാൻ ആഴ്ചകളെടുത്തു.
മുറിയുടെ മൂലയിലെ പ്രതിമ എന്നിടത്തു് നിന്നു് കുഞ്ഞിന്റെ അമ്മ എന്ന സ്ഥാനത്തേക്കു് അവർക്കു് തിരിച്ചു വരാനായി.
ഒരു സന്നദ്ധപ്രവർത്തകൻ കുഞ്ഞിന്റെ അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ നമ്പർ തേടിപ്പിടിച്ചു് സംസാരിച്ചു. അച്ഛനു് തിരിച്ചു ചെല്ലാനാകുമ്പോൾ ജോലി തിരികെ നൽകാം എന്നൊരു വാക്കു് നേടിയെടുത്തു. ആ മനുഷ്യൻ വാങ്ങി വെച്ച വിഷം ഇനി ഒഴിച്ചു കളയാമല്ലോ.
കുഞ്ഞിന്റെ ചേച്ചി വീണ്ടും ബാലികയായി മാറി, സ്കൂളിൽ പോയിത്തുടങ്ങി. അതിനു് ചെലവില്ലേ? ഉണ്ടാകും. പക്ഷേ, സന്നദ്ധപ്രവർത്തകർ സ്വയം നടത്തുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുണ്ടു് പാലിയം ഇന്ത്യക്കു് (മറ്റു് പല പാലിയേറ്റീവ് കെയർ സംഘടനകളിലും ഉള്ളതുപോലെ). രോഗം ബാധിച്ച കുടുംബത്തിൽ കുഞ്ഞിനു് പുസ്തകം വാങ്ങിക്കൊടുക്കാനോ ഒരു കുട വാങ്ങിക്കൊടുക്കാനോ പോലും ഒന്നും ബാക്കിയില്ലാത്ത അവസ്ഥ വരുന്ന മുന്നൂറോളം വീടുകളിൽ ഈ വിദ്യാഭ്യാസ സഹായം എത്തുന്നുണ്ടു്. ആരോഗ്യപ്രവർത്തനം അല്ലെ ഇതും, ആരോഗ്യമെന്നാൽ സാമൂഹികമായും മാനസികവുമായുള്ള സൗഖ്യം കൂടിയാണെങ്കിൽ ഇതൊക്കെ നടക്കണമെങ്കിൽ നാം ചില കാര്യങ്ങൾ മനസ്സുകൊണ്ടു് സ്വീകരിക്കാൻ തയ്യാറാവണം.
ആരോഗ്യമെന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായുള്ള സൗഖ്യമാണു്.
രോഗം ചികിൽസിക്കൽ മാത്രമല്ല നമ്മുടെ ധർമ്മം.
“രോഗസംബന്ധമായ ദുരിതം മാറ്റൽ ആരോഗ്യപ്രവർത്തകരുടെ കടമയാണു്; ഈ നിയമത്തിനു് ഒരു അപവാദവുമില്ല” എന്നു് ഔദ്യോഗികമായി ഇന്ത്യയിൽ എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടു്. ഇതു് വായിക്കുന്നതിലപ്പുറം ഡോക്ടർമാരോ ഞാനോ എം ബി ബി എസ്സിന്റെ പഠന ഭാഗമായി വേദന എങ്ങനെ മാറ്റണമെന്ന അറിവു് പോലും ശാസ്ത്രീയമായി നേടിയിട്ടില്ല. പല മിഥ്യാധാരണകളോടും കൂടിയാണു് ഞങ്ങൾ എം ബി ബി എസ് കഴിഞ്ഞു് പുറത്തിറങ്ങിയതു്. ഉദാഹരണത്തിനു്, മോർഫിന്റെ ഉപയോഗത്തെപ്പറ്റി. ഏതൊക്കെ തരം വേദനകളിൽ മോർഫിൻ ഉപയോഗിക്കാം; ഉപയോഗിച്ചേ തീരു; എങ്ങനെ ഉപയോഗിക്കാം എന്നതു് ഞങ്ങൾക്കു് അറിവുണ്ടായിരുന്നില്ല. ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ മയക്കുമരുന്നിനു അടിമയാകാനുള്ള സാധ്യത വളരെ വളരെ വിദൂരമാണു് എന്നതു് ഞങ്ങൾക്കു് അറിയുമായിരുന്നില്ല. അതിനു് പാലിയേറ്റീവ് കെയർ പ്രത്യേകം പഠിക്കേണ്ടി വന്നു. സാമൂഹികമായോ മാനസികമായോ ഉള്ള ദുരിതം എങ്ങനെ ദൂരീകരിക്കാമെന്നും ഞങ്ങൾ പഠിച്ചില്ല. പക്ഷേ, ഇപ്പോഴതൊക്കെ പാഠ്യപദ്ധതിയിൽ എത്തിക്കഴിഞ്ഞു. 2019 മുതൽ മെഡിക്കൽ കോളേജുകളിൽ ചേരുന്ന ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും 2021-നു ശേഷം ബി എസ് സി നഴ്സിംഗ് കോഴ്സിൽ പ്രവേശിച്ചവർക്കും ഒക്കെ പാഠ്യപദ്ധതിയിൽ പാലിയേറ്റിവ് കെയർ ഉണ്ടു്: വേദന എങ്ങനെ ചികിൽസിക്കാം.
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിന്റെ ഡയറക്ടറും പാലിയം ഇന്ത്യ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനുമാണു് ഡോ. എം. ആർ. രാജഗോപാൽ. ഡോ. രാജഗോപാലും പാലിയം ഇന്ത്യയും ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പാലിയേറ്റീവ് കെയറിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.
ഇതു വഴി സമാഹരിക്കപ്പെടുന്ന തുക ‘പാലിയം ഇന്ത്യ’യിൽ ചികിത്സതേടുന്നവർക്കായാണു് ഉപയോഗിക്കുക എന്നു ലേഖകൻ അറിയിക്കുന്നു.