images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.14
അദ്ദേഹത്തിന്റെ വിചാരം

ഒടുവിലത്തെ ഒരു വാക്ക്.

ഈ തരത്തിലുള്ള ഒരു വിവരണം, വിശേഷിച്ചും ഈ സമയത്ത്, ഇപ്പോൾ നടപ്പുള്ള ഒരു ഭാഷയിൽ പറകയാണെങ്കിൽ, ഡി.യിലെ മെത്രാന്ന് ഒരുമാതിരി ബ്രഹ്മജ്ഞാനസംബന്ധി’യായ മുഖരേഖയെ കൊടുക്കുകയും, ഏകാന്തവാസം ചെയ്യുന്ന ചിലരിൽ ചിലപ്പോൾ അങ്കുരിച്ച് അവിടെനിന്നുതന്നെ ഇല വിരിഞ്ഞു വലുതായി മതത്തിന്റെ സ്ഥാനം കടന്നു കയ്യേറുന്നവയും ഈ കാലത്തുള്ള വിശേഷതകളിൽപ്പെട്ടവയുമായ ഓരോ മാനുഷിക തത്ത്വശാസ്ത്രങ്ങളുള്ളതിലൊന്ന് അദ്ദേഹത്തിന്നും ഉണ്ടായിരുന്നു എന്ന്–അദ്ദേഹത്തിന്റെ ഗുണത്തിനാവട്ടെ ദോഷത്തിനാവട്ടെ–ആളുകളിൽ ഒരു വിശ്വാസം ജനിപ്പിക്കുകയും ചെയ്യാവുന്നതുകൊണ്ട്, മോൺസിന്യേർ ബിയാങ് വെന്യുവുമായി നേരിട്ടുപരിചയമുള്ളവരിൽ ആരുംതന്നെ അങ്ങനെയൊന്നു വിചാരിക്കുവാൻ അവകാശമുണ്ടെന്നു ലേശമെങ്കിലും സംശയിക്കുകയില്ലെന്നു ഞങ്ങൾ ഇവിടെ ഏറ്റുപറയട്ടെ. ഈ മനുഷ്യനെ ജ്ഞാനിയാക്കിത്തീർത്തത് അദ്ദേഹത്തിന്റെ ഹൃദയമാണ്. അവിടെനിന്നു പുറപ്പെടുന്ന പ്രകാശംകൊണ്ടുണ്ടായതാണ് അദ്ദേഹത്തിന്റെ അറിവ്.

ഒരു ചട്ടവുമില്ല; പലേ പ്രവൃത്തികൾ. വിഷമങ്ങളായ അനുമാനങ്ങളിൽ തലചുറ്റലുണ്ട്; ഇല്ല, അശരീരിവാക്കുകളിൽ അദ്ദേഹം മനസ്സിനെ അപകടപ്പെടുത്തിയിരുന്നു എന്നു കാണിപ്പാൻ തെളിവൊന്നുമില്ല. മന്ത്രദ്രഷ്ടാക്കൾ സാഹസികളാവാം; പക്ഷേ, മെത്രാന്മാർ ഭീരുക്കളായിരിക്കണം. ഭയങ്കരങ്ങളായ മഹാമനസ്സുകൾക്കായി, പക്ഷേ, വിട്ടുകൊടുക്കപ്പെട്ട ചില വിഷമകാര്യങ്ങളെ മുൻകടന്നു മാറ്റുരച്ചുനോക്കുന്നതിൽ അദ്ദേഹത്തിന് ഒരു സങ്കോചം തോന്നിയിരിക്കാം. വേദസിദ്ധാന്തത്തിന്റെ പൂമുഖങ്ങൾക്കു ചുവട്ടിൽ ഒരു ദിവ്യമായ ഭയങ്കരതത്ത്വമുണ്ട്; ആ ഇരുളടഞ്ഞ പുറംപഴുതുകൾ അവിടെ വായും പിളർന്നു നില്ക്കുന്നു. പക്ഷേ, എന്തോ ഒന്നു നിങ്ങളോടു, ജീവിതത്തിലെ ഒരു വഴിപോക്കനായ നിങ്ങളോട്, അകത്തേക്കു കടക്കരുതെന്നു പറഞ്ഞുതരുന്നു. അതിലേക്കു പതുങ്ങിക്കടക്കുന്നവനാരോ, അവന്നാപത്താണ്!

കേവലത്വത്തിന്റേയും ശുദ്ധമേ അനുമാനത്തിന്റേയും ഗഹനങ്ങളായ അഗാധതകൾക്കുള്ളിൽ, എല്ലാ പ്രമാണങ്ങൾക്കും മീതെ എന്നു പറയട്ടെ, നിവസിക്കുന്ന അതിബുദ്ധിമാന്മാർ തങ്ങളുടെ ആലോചനകളെ ഈശ്വരനോടു പ്രസ്താവിക്കുന്നു. അവരുടെ ഈശ്വരവന്ദനം വാദപ്രതിവാദത്തെ ധിക്കാരപൂർവം മുൻപിൽ വെച്ചുകൊടുക്കുന്നു. അവരുടെ ആരാധന ചോദ്യം ചോദിക്കുന്നു. ഇതാണ് ശരിയായ മതം; കുത്തനെയുള്ള അതിന്റെ പാറയിടുക്കുകളിൽ കാലെടുത്തു കുത്തുന്ന മനുഷ്യൻ ഉത്കണ്ഠകളിലും ഉത്തരവാദിത്വങ്ങളിലും മുങ്ങിപ്പോകുന്നു.

മനുഷ്യന്റെ ആലോചനയ്ക്ക് അതിരില്ല. എന്താപത്തും എന്തപകടവും വന്നാൽവരട്ടെ എന്നുവെച്ച് അത് അതിന്റെ അമ്പരപ്പിനെത്തന്നെ സുക്ഷിച്ചു പരീക്ഷിക്കുകയും അതിലേക്കുതന്നെ കുഴിച്ചുകുഴിച്ചിറങ്ങുകയും ചെയ്യുന്നു. മഹത്തരമായ ഒരുമാതിരി പ്രതിചലനംകൊണ്ടെന്നു പറയട്ടെ, അതു തന്നോടുകൂടി പ്രകൃതിയെ സംഭ്രമിപ്പിക്കുന്നു; നമ്മെ ചുറ്റിനില്ക്കുന്ന അത്ഭുതകരമായ ലോകം തനിക്കു കിട്ടിയിട്ടുള്ളതിനെ തിരിച്ചുകൊടുക്കുന്നു; ആലോചിക്കുന്നവതന്നെ ആലോചിക്കപ്പെടുന്നു എന്നു വരാം. അതെങ്ങനെയെങ്കിലുമാവട്ടെ, മനോരാജ്യമാകുന്ന ചക്രവാളത്തിന്റെ വക്കത്ത് ബ്രഹ്മത്തിനുള്ള ഒൌന്നത്യത്തെ സ്പഷ്ടമായി കണ്ടെത്തുന്നവരും ആ അപാരപർവതത്തിന്റെ ഭയങ്കരകാഴ്ച കാണുന്നവരുമായ മനുഷ്യർ–അവരെ മനുഷ്യരെന്നു പറയാമോ?– ഭൂമിയിലുമുണ്ട്. മോൺസിന്യേർ വെൽക്കം അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ല; മോൺസിന്യേർ വെൽക്കം ഒരതിബുദ്ധിമാനല്ല. വളരെ വലിയ മഹാന്മാർ–സ്വീഡൻബർഗിനേയും? [73] പാസ്കലിനേയും [74] പോലെയുള്ളവർകൂടി -ചിത്തഭ്രമത്തിലേക്കു വഴുതിവീണിട്ടുള്ള ആ അത്യുന്നത പ്രദേശങ്ങളെപ്പറ്റി അദ്ദേഹം പേടിച്ചിരിക്കും. നിശ്ചയമായും, ഇങ്ങനെയുള്ള ശക്തിമത്തുക്കളായ മനോരാജ്യങ്ങൾമൂലം മനസ്സിനു ഗുണമുണ്ടാവാനിടയുണ്ട്; ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഒരുവൻ ഉത്തമമായ പുരുഷാർഥത്തെ പ്രാപിക്കുന്നു. അദ്ദേഹത്തെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, അദ്ദേഹം എളുപ്പവഴി പിടിച്ചു– വേദോക്തം.

തന്റെ മതാചാര്യക്കുപ്പായത്തിന്മേൽ എലിജയുടെ [75] ഉടുപ്പിനുള്ള ഞെറി തുന്നിപ്പിടിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല; ലൗകികസംഭവങ്ങളുടെ അന്ധകാരമയമായ തിരമാലയ്ക്കു മീതെ ഭാവിയെസ്സംബന്ധിച്ച യാതൊരു പ്രകാശരശ്മിയും അദ്ദേഹം പുറപ്പെടുവിച്ചിട്ടില്ല; ഓരോന്നിനുമുള്ള വെളിച്ചത്തെ നാളത്തിനുള്ളിൽ അടക്കിനിർത്തുവാൻ അദ്ദേഹം ശ്രമിച്ചില്ല. സിദ്ധനോ മാന്ത്രികനോ ആവാനുള്ള യാതൊന്നും അദ്ദേഹത്തിലില്ലായിരുന്നു. ഈ സാധുജീവൻ സ്നേഹിച്ചുവന്നു; അത്രമാത്രം.

അമാനുഷമായ ഒരാഗ്രഹത്തിലോളം അദ്ദേഹം ഈശ്വരവന്ദനത്തെ നീട്ടിക്കൊണ്ടുപോയി എന്നു വരാവുന്നതാണ്; എന്നാൽ, സ്നേഹിച്ചതധികമായി എന്നു വരാമെങ്കിലല്ലാതെ, വന്ദിച്ചതേറിപ്പോയി എന്നുവരാൻ വയ്യാ; എന്നല്ല, മതഗ്രന്ഥങ്ങളിൽ പറയുന്നതിലുമധികം വന്ദിച്ചുപോകുന്നതു മതവിരുദ്ധമാണെങ്കിൽ സെന്റ് തെറീസ്സയും [76].സെന്റ് ജേറോമും [77] മതഭ്രഷ്ടരാവും.

ഉള്ളിൽത്തട്ടി കരയുന്ന സകലത്തിലും പ്രായശ്ചിത്തം ചെയ്യുന്നതായ സർവത്തിലും അദ്ദേഹത്തിന്റെ മനസ്സു ചെന്നു. പ്രപഞ്ചം ഒരു വല്ലാത്ത രോഗമായി അദ്ദേഹത്തിനു തോന്നി; എവിടെ തൊടുമ്പോഴും പനിയുണ്ട്; എവിടെനിന്നും സങ്കടം കൊണ്ടുള്ള ഞെരക്കം കേൾക്കായി; അതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു നോക്കാൻ നില്ക്കാതെ, അദ്ദേഹം മുറികെട്ടുവാൻ യത്നിച്ചു. ഈശ്വര സൃഷ്ടികളുടെ വ്യാകുലസ്ഥിതി കണ്ട് അദ്ദേഹത്തിനു ദയ തോന്നി; അനുകമ്പ തോന്നിക്കുന്നതിനും ആശ്വാസമുണ്ടാക്കുന്നതിനും ഏറ്റവും പറ്റിയ മാർഗം എന്താണെന്നു് നോക്കിക്കാണുവാനും അന്യന്മാരെ കാണിക്കുവാനുംവേണ്ടി യത്നിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. ഈ സുശീലനും അസാമാന്യനുമായ മതാചാര്യന്ന് ജീവനുള്ള സകലവും ആശ്വാസത്തെ അന്വേഷിക്കുന്ന ഓരോ ദുഃഖഭാജനമായിരുന്നു.

മറ്റുള്ളവയിൽനിന്നും സ്വർണത്തെ പിഴിഞ്ഞെടുക്കുവാൻ യത്നിക്കുന്നവരുണ്ട്; അദ്ദേഹം അനുകമ്പയെ പിഴിഞ്ഞെടുക്കുവാൻവേണ്ടി അധ്വാനിച്ചു. സാർവജനീനമായ കഷ്ടപ്പാടായിരുന്നു അദ്ദേഹത്തിന്റെ സ്വർണഖനി. എവിടെയും മുമ്പിട്ടുനില്ക്കുന്ന വ്യസനം ഒരിക്കലും കുറയാത്ത ദയയ്ക്കുള്ള ഒരു ഞായം മാത്രമായിരുന്നു. അന്യോന്യം സ്നേഹിക്കുക ഈ വാക്യത്തിൽ സകലതും ഒതുങ്ങിയതായി അദ്ദേഹം പറഞ്ഞു; ഇതിലധികമൊന്നും അദ്ദേഹത്തിനാവശ്യമില്ല; അദ്ദേഹത്തിന്റെ ധർമ്മശാസ്ത്രം മുഴുവനും ഇതിലന്തർഭവിച്ചു. ഒരു ദിവസം, താൻ ഒരു ‘തത്വജ്ഞാനി’യാണെന്നു വിശ്വസിച്ചിരുന്ന അയാൾ, ഞങ്ങൾ മുൻപു സൂചിപ്പിച്ചിട്ടുള്ള ആ സെനറ്റർ, മെത്രാനോടു പറഞ്ഞു: ഈ ലോകത്തിൽ നടക്കുന്നതെല്ലാം ഒന്ന് പരീക്ഷണം ചെയ്തുനോക്കൂ: സകലവും മറ്റു സകലത്തോടും യുദ്ധം ചെയ്യുന്നു; ഏറ്റവുമധികം ശക്തിയുള്ളതിന് ഏറ്റവുമധികം സാമർഥ്യമുണ്ട്; നിങ്ങളുടെ അന്യോന്യം സ്നേഹിക്കുക കഥയില്ലായ്മയാണ്.

‘ശരി,’ തർക്കിക്കാൻ നില്ക്കാതെ മോൺസിന്യേർ വെൽക്കം മറുപടി പറഞ്ഞു: ‘അതു കഥയില്ലായ്മയാണെങ്കിൽ, മുത്തുച്ചിപ്പിയിൽ മുത്തുപോലെ, ആത്മാവിനെ ആ കഥയില്ലായ്മയ്ക്കുള്ളിൽ സ്വയം അടച്ചിടണം.’ അങ്ങനെ അദ്ദേഹം അതിൽ അവനവനെ അടച്ചിട്ടു; അദ്ദേഹം അതിൽ പാർപ്പാക്കി; അദ്ദേഹം അതുകൊണ്ടു തികച്ചും തൃപ്തിപ്പെട്ടു. ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ആ കേവലത്വത്തിന്റെ ആഴമറിയാത്ത ദൂരക്കാഴ്ചകൾ–മന്ത്രദ്രഷ്ടാക്കളുടെ കണ്ണിന് ഈശ്വരനിലും നിരീശ്വരന്മാരുടെ നോട്ടത്തിൽ ശുന്യതയിലും ചെന്ന് അടിഞ്ഞു കൂടുന്ന എല്ലാ അഗാധതകളും; നല്ലതും ചീത്തയുമായ ഈശ്വരവിധി; ഒരു സത്ത്വവും മറ്റൊരു സത്ത്വവുമായുള്ള യുദ്ധം; മനുഷ്യന്റെ മനസ്സാക്ഷി; ജന്തുക്കളുടെ ബുദ്ധിപൂർവമായ സ്വപ്നാടനം; മരത്തണലിലെ പ്രകൃതിവികാരം; ശവക്കുഴിയിൽക്കിടക്കുന്ന ജീവിതങ്ങളുടെ പുനരാവർത്തനം; സത്തയായി, സകലത്തിന്റേയും ഏകരൂപമായി, എന്തും ചെന്നുചേരുന്നതായി, സർവത്തിന്റേയും ഏകരൂപമായി, ആത്മാവായി, പ്രകൃതിയായി, സ്വാതന്ത്ര്യമായി, അദൃഷ്ടമായി ആ എന്നെന്നും നശിക്കാതെ ശഠിച്ചു നില്ക്കുന്ന ഞാനിൽ തുടരെത്തുടരെയുള്ള സ്നേഹവിശേഷങ്ങളെ അജ്ഞേയമായവിധം വെച്ചുപിടിപ്പിക്കൽ; മനുഷ്യമനസ്സിനെ സംബന്ധിച്ചവയും മഹാമഹിമാക്കളായ സംശയങ്ങൾ–അതേ, അപകടം പിടിച്ച അസ്പഷ്ടതകൾ; ലുക്രീഷിയസ്സ്, [78] മനു, സെയിന്റ് പോൾ, ദാന്തെ എന്നിവർ നിശ്ചലനോട്ടത്തിൽ അപാരതയിലെങ്ങും നക്ഷത്രങ്ങളെ ഉദിപ്പിക്കുകയും അടിക്കടി മിന്നൽപ്പിണരുകളെ പുറപ്പെടുവിക്കുന്നതുമായ കണ്ണുകളാൽ നോക്കിക്കണ്ടിട്ടുള്ള ഭയങ്കരങ്ങളായ അന്ധകാരകുണ്ഡങ്ങൾ–ഇവയെല്ലാം അദ്ദേഹം ഒരു ഭാഗത്തേക്കു നീക്കിവെക്കയാണ് ചെയ്തത്.

മോൺസിന്യേർ ബിയാങ് വെന്യു വാസ്തവത്തിൽ ഗൂഢങ്ങളായ സംഗതികളെ സൂക്ഷിച്ചുനോക്കാൻ നില്ക്കാതെ, അവയെക്കൊണ്ടു തന്റെ മനസ്സിനെ ബുദ്ധിമുട്ടിക്കാതെ. അവയുടെ ബഹിർഭാഗത്തുമാത്രം ബുദ്ധിയിരുത്തുന്നവനും, അന്ധകാരത്തെക്കുറിച്ചു സഗൗരവമായ ഒരു ബഹുമാനത്തെ ഹൃദയാന്തർഭാഗത്തുവെച്ചു വളർത്തുന്നവനുമായിരുന്നു.

കുറിപ്പുകൾ

[73] യൂറോപ്പിലെ തത്ത്വജ്ഞാനികളിൽവെച്ചു പ്രമുഖനായ സ്വീഡൻകാരൻ പണ്ഡിതൻ.

[74] ഫ്രാൻസിലെ ഒരു വലിയ ഗണിതശാസ്ത്രജ്ഞനും ഭക്തിപരങ്ങളായ പല ഗ്രന്ഥങ്ങളുടേയും നിർമ്മാതാവും.

[75] യഹുദന്മാരുടെ ഋഷിസംഘത്തിൽ അദ്വിതീയൻ. ഇദ്ദേഹം സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ തന്റെ മേലുടുപ്പു പ്രധാനശിഷ്യന്നു കീഴ്പോട്ടിട്ടു കൊടുത്തു. ആ ശിഷ്യൻ അതോടുകൂടി ഋഷിയായി. ’മേലുടുപ്പുവീണുകിട്ടുക’ എന്നുവെച്ചാൽ തൽസ്ഥാനത്താവുക എന്നർത്ഥത്തിലുളള ചൊല്ല് ഇതിൽനിന്നുണ്ടായി.

[76] സ്പെയിൻരാജ്യത്തുണ്ടായിരുന്ന ഒരു പ്രസിദ്ധയായ കന്യകാമഠസ്ത്രീ

[77] ഇദ്ദേഹം വലിയ മതഭക്തനായിരുന്നു. ഇദ്ദേഹം ലാറ്റിൻഭാഷയിൽ തർജ്ജമ ചെയ്തിട്ടുളള വേദപുസ്തകങ്ങളാണ് ഇന്നും റോമൻപളളികൾ ഉപയോഗപ്പെടുത്തുന്നത്.

[78] ഒരു റോമൻകവി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.