images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.13
അദ്ദേഹത്തിന്റെ വിശ്വാസം

മതവിശ്വാസശുദ്ധിയുടെ കാര്യത്തിൽ ഡി.യിലെ മെത്രാനെ കടന്നു മാറ്റുരച്ചു നോക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. അങ്ങനെയുള്ള ഒരു മഹാത്മാവിന്റെ മുൻപിൽ ബഹുമാനം മാത്രമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഒരുത്തമ മനുഷ്യന്റെ മനസ്സാക്ഷിയെ അദ്ദേഹത്തിന്റെ വാക്കിൽനിന്നു നാം സ്വീകരിക്കണം; എന്നുമാത്രമല്ല. ചില പ്രകൃതികളെ കാണുമ്പോൾ, ഞങ്ങളുടേതിൽ നിന്നു വ്യത്യസ്തമായ വിശ്വാസത്തിൽ, മനുഷ്യഗുണത്തിനുള്ള സകലവിധ സൗഭാഗ്യങ്ങളും വളർന്നുണ്ടാകാമെന്നും ഞങ്ങൾ സമ്മതിക്കുന്നു.

ഈ ഒരു സ്ഥിരപ്രമാണത്തെപ്പറ്റിയോ, ആ ഒരു ഗൂഢസിദ്ധാന്തത്തെക്കുറിച്ചോ അദ്ദേഹം എന്തു വിചാരിക്കുന്നു? അന്തഃകരണത്തിന്റെ അന്തർഭാഗത്തുള്ള ന്യായവിചാരണസഭയിൽവെച്ചു തീർച്ചപ്പെടുത്തുന്ന ഈ ഗൂഢസംഗതികൾ ആത്മാവു നഗ്നരൂപത്തിൽ കടന്നുചെല്ലുന്ന ശവക്കുഴികൾക്കൊഴികെ മറ്റാർക്കും അറിഞ്ഞുകൂടാ ഞങ്ങൾക്കു് നിശ്ചയമുള്ള സംഗതി ഇതൊന്നാണ്. മതവിശ്വാസത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കപടനാട്യങ്ങളായി മാറിയിട്ടില്ല. വൈരക്കല്ലു കിടന്നു ദ്രവിച്ചുപോവാൻ നിവൃത്തിയില്ല. തന്നാൽകഴിയുന്നേടത്തോളം അദ്ദേഹം പലപ്പോഴും പറയും; എന്നു മാത്രമല്ല, മനസ്സാക്ഷിക്കു സമാധാനം കൊടുക്കുവാൻ മതിയായതും, ‘നീ ഈശ്വരന്റെ അടുക്കലാണു്’എന്നു് മനുഷ്യനോടു് മന്ത്രിക്കുന്നതുമായ ഒരു തൃപ്തിയെ അദ്ദേഹം ഉത്തമങ്ങളായ ഗ്രന്ഥങ്ങളിൽനിന്നു വാറ്റിയെടുത്തു.

ഇവിടെ എടുത്തുപറയുന്നതു് ധർമ്മമാണെന്നു ഞങ്ങൾ വിചാരിക്കുന്ന ഒരു സംഗതി, തന്റെ വിശ്വാസത്തിനുള്ളിൽപ്പെടാത്തതും അതിനു പുറമേ നില്‍ക്കുന്നതുമായ സർവ്വത്തോടും മെത്രാന്ന് ഒരതിസ്നേഹമുണ്ടായിരുന്നു എന്നത്രേ. അദ്ദേഹം അതിയായി സ്നേഹിച്ചിരുന്നു എന്നുള്ള ആ ഒരു ഭാഗത്താണ് അദ്ദേഹത്തിന്റെ മർമ്മമെന്നു ‘ഗംഭീരന്മാരും’ ‘ഗൗരവശാലികളും’ ‘ബുദ്ധിമാന്മാരു’മായവർ വിചാരിച്ചുവന്നു–അഹംഭാവം തന്റെ ആജ്ഞാവാക്യത്തെ വിദ്യാഡംബരത്തിൽനിന്നു സ്വീകരിക്കുന്നതായ നമ്മുടെ ദുഃഖപരിപൂർണലോകത്തിലെ ഓരോ പ്രിയപ്പെട്ട സംസാരം. എന്താണ് ഈ അതിയായ സ്നേഹം? ഞങ്ങൾ മുൻപുതന്നെ സൂചിപ്പിച്ചിട്ടുള്ളവിധം, മനുഷ്യസമുദായം, മുഴുവനും നിറഞ്ഞുകവിഞ്ഞു, ചില സന്ദർഭങ്ങളിൽ ജന്തുക്കളുടേയും ചെടികളുടേയും നേർക്കുകൂടി ഒഴുകിച്ചെല്ലുന്ന ആ സത്ത്വഗുണ പ്രധാനമായ പരോപകാരശീലം. അദ്ദേഹം നിന്ദകൂടാതെ ജീവിച്ചുപോന്നു. ഈശ്വരസൃഷ്ടികളുടെ മേൽ അദ്ദേഹം ദയാലുവായിരുന്നു. ഏതു മനുഷ്യന്നും എത്രതന്നെ നല്ലാൾക്കും, ഉള്ളിൽ ഒരു കഥയില്ലാത്ത ക്രൂരതയുണ്ട്; അതയാൾ തിര്യക്കുകളുടെ നേർക്ക് ഉഴിഞ്ഞുവെക്കുന്നു. ഏതായാലും ഡി.യിലെ മെത്രാന്നും, പല മതാചാര്യന്മാരുടേയും ഒരു സവിശേഷസ്വഭാവമായ ആ ക്രൂരതയും ഉണ്ടായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനോളം അത്ര മേല്പോട്ടു ചെന്നിരുന്നില്ല; എങ്കിലും, മൃഗങ്ങളുടെ ജീവൻ എവിടേക്കാണ് പോകുന്നതെന്ന് ആർ കണ്ടു?’ എന്നുള്ള സഭാപ്രസംഗ പുസ്തകത്തിലെ വാചകം അദ്ദേഹം കനം നോക്കിയിട്ടുള്ളതായി തോന്നി. ആകൃതിയുടെ വൈരൂപ്യമോ ബുദ്ധിയുടെ വൈകൃതമോ അദ്ദേഹത്തെ അലട്ടാറില്ല–അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കാറില്ല. അവ അദ്ദേഹത്തിന്റെ ഉള്ളിൽത്തട്ടുകയും ഏതാണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ ആർദ്രമാക്കുകയുമാണ് ചെയ്യാറ്. ജീവിതത്തിന്റെ പുറം ഭാഗത്തുള്ള അതിരുകളെ കവച്ചുകടന്ന്, അതുകൾ ഉണ്ടായിത്തീരാനുള്ള കാരണമോ അവയ്ക്കുള്ള സമാധാനമോ, അല്ലെങ്കിൽ അവയ്ക്ക് എന്തു ഞായമാണ് പറയാനുള്ളതെന്നോ അന്വേഷിക്കുവാൻവേണ്ടി അദ്ദേഹം ആലോചനാപരനായിത്തീരുന്നതുപോലെ കാണപ്പെടും. ഈ ശിക്ഷകളെ കുറച്ചുകൊടുക്കുന്നതിന്ന് അദ്ദേഹം ചിലപ്പോൾ ഈശ്വരനോടു പ്രാർഥിക്കുന്നതായി തോന്നും. മുഷിച്ചിൽ കൂടാതെയും ആദ്യത്തെ എഴുത്തു മാച്ചെഴുതിയിട്ടുള്ള ഒരോലച്ചുരുളിൽ ഒരു വായനക്കാരൻ മനസ്സിരുത്തി നോക്കുന്നതുപോലെയും, പ്രകൃതിയിലുള്ള ആ ഇരുട്ടടഞ്ഞ ഭാഗത്തെ അദ്ദേഹം സൂക്ഷിച്ചു പരീക്ഷണം ചെയ്തുപോന്നു. ഈ ആലോചനാശീലം അദ്ദേഹത്തെക്കൊണ്ട് ചിലപ്പോൾ ചില അസംബന്ധങ്ങൾ പറയിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹം തോട്ടത്തിൽ നടക്കുകയാണ്; താൻ തനിച്ചേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ; പക്ഷേ, അദ്ദേഹം കാണാതെ അദ്ദേഹത്തിന്റെ സഹോദരി പിന്നാലെ ഉണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹം നിന്നു, നിലത്ത് എന്തോ ഒന്നിനെ സൂക്ഷിച്ചുനോക്കി; അതു കറുത്തു വലുതായി മേലൊക്കെ രോമത്തോടുകുടി കണ്ടാൽ പേടിയാകുന്ന ഒരെട്ടുകാലിയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞത് ആ സഹോദരി കേട്ടു:

‘സാധു ജന്തു! അത് അതിന്റെ കുറ്റമല്ല.’

ദയാശീലത്തിൽനിന്നു പുറപ്പെടുന്ന ഈ ദിവ്യങ്ങളായ ബാലിശവാക്കുകളെ എന്തിനു പറയാതിരിക്കുന്നു? നിസ്സാരങ്ങളായിരിക്കാം ഇവ; പക്ഷേ, ഈ വിശിഷ്ടങ്ങളായ നിസ്സാരവാക്കുകൾ സെയിന്റ് ഫ്രാൻസിസ് ദ് അസ്സിസ്സിക്കും [70] മാർക്കസ് ഓറിലിയസ്സിന്നു [71] ഉള്ള ഓരോ വൈശിഷ്ട്യങ്ങളാണ്. ഒരു ദിവസം ഒരെറുമ്പിന്റെ മേൽ കാലു കൊള്ളാതിരിക്കാൻവേണ്ടി ചാടിയതുകൊണ്ട് അദ്ദേഹത്തിനു കാലുളുക്കിപ്പോയി. ഇങ്ങനെ ജീവിച്ചുപോന്നു ഈ മനുഷ്യൻ. ചിലപ്പോൾ അദ്ദേഹം തോട്ടത്തിൽ കിടന്നുറങ്ങിപ്പോവും; എന്നാൽ അതിലധികം വന്ദ്യമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ.

ചെറുപ്പത്തിലെ കഥയും യൌവനകാലത്തെപ്പറ്റിത്തന്നെ കേൾക്കുന്ന വർത്തമാനങ്ങളും വിശ്വസിക്കാമെങ്കിൽ, മോൺസിന്യേർ ബിയാങ് വെന്യു ഒരു വികാരാവേഗമുള്ള ആളും ഏതാണ്ട് ഒരു ‘പോക്കിരി’യുമായിരുന്നു. അദ്ദേഹത്തിന്റെ സാർവത്രികമായ സാത്ത്വികത്വം അധികവും പ്രകൃത്യാ ഉള്ള ബുദ്ധിവിശേഷമല്ല; അതു ജീവിതമാർഗമായി മനസ്സിലേക്കു വിചാരരൂപേണ ഇറ്റിറ്റിറങ്ങി അവിടെച്ചെന്നു പതുക്കെ ഊറിപ്പരന്ന ഒരു മഹത്തായ മനോബോധത്തിന്റെ ഫലമാണ്; പാറയിലെന്നപോലെ മനുഷ്യപ്രകൃതിയിലും വെള്ളം തട്ടിത്തട്ടി കുഴിഞ്ഞു ദ്വാരങ്ങൾ ഉണ്ടാകും. ആ പഴുതുകൾ പിന്നെ അടഞ്ഞുപോവുകയില്ല, ആ പണിത്തരങ്ങൾ അനശ്വരങ്ങളാണ്.

1815-ൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുണ്ടെന്നു വിചാരിക്കുന്നതുപോലെ, അദ്ദേഹത്തിന് എഴുപത്തഞ്ചാമത്തെ പിറന്നാളായി; പക്ഷേ, അദ്ദേഹത്തെ കണ്ടാൽ അറുപതിലധികം വയസ്സു തോന്നില്ല. അദ്ദേഹം നീണ്ടാളല്ല; കുറേ തടിച്ചാളാണെന്നു പറയാം; ഈ തടിക്കൂടുതലോടു മല്ലിടാൻവേണ്ടി, കാൽനടയായി കുറേ ദൂരത്തേക്കുലാത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു; അദ്ദേഹത്തിന്റെ കാൽവെപ്പു ശക്തിയുള്ളതാണ്; ദേഹം കുറച്ചൊന്ന് അകത്തോട്ടു വളഞ്ഞിരുന്നു–ഈ പറഞ്ഞതിൽ നിന്നു വിശേഷിച്ചു യാതൊന്നും ഊഹിക്കുന്നതായി ഞങ്ങൾക്കു നാട്യമില്ല. പതിനാറാമൻ ഗ്രിഗറി [72] എൺപതാമത്തെ വയസ്സിൽ ദേഹത്തിനു നല്ല ചൊവ്വുള്ളാളും പ്രസന്നമുഖനുമായിരുന്നു; പക്ഷേ, ഒരു ദുർമാർഗിയായ മെത്രാനാവുന്നതിൽ വിരോധമൊന്നും അദ്ദേഹത്തിന് അതുകൊണ്ടുണ്ടായില്ല. മോൺസിന്യേർ വെൽക്കം ആളുകൾ പറഞ്ഞിരുന്നതുപോലെ ഒരു ‘നല്ല തല’യുള്ള ആളായിരുന്നു; പക്ഷേ, അദ്ദേഹം എത്രയും രഞ്ജിപ്പുള്ള ആളായിരുന്നതുകൊണ്ട്, ആ നല്ല തലയുടെ കാര്യം അവർ മറന്നുപോയി.

ഞങ്ങൾ മുൻപേ പറഞ്ഞിട്ടുള്ളതുപോലെ, കുട്ടികളുടെ മട്ടിലുള്ള ആഹ്ലാദത്തോടുകൂടി അദ്ദേഹം സംസാരിക്കുമ്പോൾ–ഇതു് അദ്ദേഹത്തിനുള്ള ഒരു സവിശേഷ സൗഭാഗ്യമായിരുന്നു–അദ്ദേഹത്തിന്റെ ഏതു ഭാഗത്തുനിന്നും സന്തോഷരശ്മികൾ ഉജ്ജ്വലിക്കുന്നതുപോലെ ഒരനുഭവമുണ്ടാകും ശുദ്ധവും രക്തപ്രസാദമുള്ളതുമായ ദേഹവർണവും, ഒന്നും പോയ്പോകാതെ ക്ഷയിച്ചുവരുന്നതും പുഞ്ചിരിയിൽ പുറത്തേക്കു പ്രകാശിക്കാറുള്ളതുമായ വെളുപ്പുകൂടിയ പല്ലും, ഒരാളെ കണ്ടാൽ ‘നല്ലൊരുത്തൻ’ എന്നും ഒരു വയസ്സനെയാണെങ്കിൽ ‘നല്ലൊരാൾ’ എന്നും ജനങ്ങളെക്കൊണ്ടു പറയിക്കുന്ന ഒരു സൗഭാഗ്യത്തേയും ഒരു തറവാടിത്തത്തേയും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. നെപ്പോളിയന്ന് അദ്ദേഹത്തെ കണ്ടപ്പോൾ തോന്നിയ വിചാരം ഇങ്ങനെ ഒന്നായിരുന്നു എന്ന് ഓർമ്മിക്കേണ്ടതാണ്. ആദ്യത്തെ കാഴ്ചയിലും, ഒന്നാമതായി കണ്ടുമുട്ടുന്ന ആൾക്കും, വാസ്തവത്തിൽ അദ്ദേഹം ഒരു നല്ലാൾ എന്നല്ലാതെ അതിലധികമൊന്നും തോന്നുകയില്ല. പക്ഷേ, കുറച്ചുസമയം അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒട്ടും മനോരാജ്യത്തിൽപ്പെടാത്ത സമയത്ത്, അദ്ദേഹത്തെ സൂക്ഷിച്ചുനോക്കുന്നപക്ഷം, ആ നല്ല ആൾ ക്രമത്തിൽ മാറി മാറി, ആളുകളെക്കൊണ്ടു ബഹുമാനിപ്പിക്കുന്ന ഒരു വൈശിഷ്ട്യത്തെ, ഇന്നതെന്ന എനിക്കറിഞ്ഞുകൂടാ, പ്രകാശിപ്പിച്ചു തുടങ്ങുന്നതു കാണാം. നരച്ച തലമുടിച്ചുരുളുകളെക്കൊണ്ട പ്രതാപവത്തായി ഗൗരവദ്യോതകമായ അദ്ദേഹത്തിന്റെ ആ പരന്ന നെറ്റിത്തടം ധ്യാനശീലംകൊണ്ടുകുറേക്കൂടി പ്രതാപവത്തായിത്തീർന്നു; അദ്ദേഹത്തിന്റെ സ്വഭാവഗുണത്തിൽനിന്ന്

ആ സ്വഭാവഗുണത്തിന്റെ മിന്നിച്ച അവസാനിച്ചിട്ടില്ലെങ്കിലും–ഒരു പ്രഭാവിശേഷം എപ്പോഴും തള്ളിപ്പുറപ്പെട്ടിരുന്നു. ഒരു സ്മേരമുഖനായ ദേവൻ, ആ പുഞ്ചിരി പോയ് പോകാതെതന്നെ, തന്റെ ചിറകുകളെ വിടർത്തുന്നതു കണ്ടാൽ എന്തൊരു ഭാവവിശേഷമുണ്ടാവുമോ അതാണ് അദ്ദേഹത്തിന്റെ കാഴ്ചയിൽ ഒരാൾക്കു തോന്നുക. ബഹുമാനം, വാചാതീതമായ ഒരു ബഹുമാനം, ഉള്ളിലേക്കു പതുക്കെപ്പതുക്കെ തുളഞ്ഞിറങ്ങി നിങ്ങളുടെ ഹൃദയത്തെ കീഴടക്കും. ഒരിക്കലും അസൗമ്യനാവാൻ നിവൃത്തിയില്ലാത്തവിധം വിചാരത്തിനെല്ലാം അത്ര വിശിഷ്ടത ചേർന്നു ശക്തിമത്തുക്കളും ദുഃഖസഹിഷ്ണുക്കളും ക്ഷമാശീലങ്ങളുമായിരിക്കുന്ന ചില ആത്മാക്കളുള്ളതിലൊന്നു മുൻപിൽ പ്രത്യക്ഷീഭവിച്ചതുപോലെ തോന്നിപ്പോകുന്നു. നമ്മൾ കണ്ടതുപോലെ ഈശ്വരഭജനം, മതസംബന്ധികളായ ഉദ്യോഗങ്ങൾ നടത്തൽ, ധർമം കൊടുക്കൽ, കഷ്ടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കൽ, ഒരു കഷ്ണം സ്ഥലത്തു കൃഷി ചെയ്യൽ, സഹോദരഭാവം, മിതവ്യയം, അതിഥിസൽക്കാരം, ത്യാഗശീലം, മനഃസ്വൈര്യം, അധ്യയനം, അധ്വാനം ഇവയാൽ അദ്ദേഹത്തിന്റെ ഓരോ ദിവസവും നിറയപ്പെട്ടു. നിറയപ്പെട്ടു, ഇതുതന്നെയാണ് ശരിക്കുള്ളവാക്ക്; നിശ്ചയമായും മെത്രാന്റെ ഓരോ ദിവസവും നല്ല വിചാരങ്ങളെക്കൊണ്ടും നല്ല പ്രവൃത്തികളെക്കൊണ്ടും വക്കുവരെ തികച്ചും നിറഞ്ഞിരുന്നു. എന്നാലും സ്ത്രീകൾ രണ്ടുപേരും കിടക്കാൻ പോയതിനുശേഷം, താൻ ഉറങ്ങുന്നതിനുമുൻപ്, ഒന്നോ രണ്ടോ മണിക്കൂറുനേരം തോട്ടത്തിൽച്ചെന്നു നടക്കുവാൻ മഞ്ഞോ മഴയോപോലും നിവൃത്തിയില്ലാത്തപ്പോൾ, ആവിധം അതു മുഴുവനായി എന്നു പറഞ്ഞുകൂടാ. രാത്രിയിൽ ആകാശത്തുള്ള മഹത്തരങ്ങളായ കാഴ്ചകളെപ്പറ്റി കുറച്ചുനേരം ധ്യാനിച്ചുകൊണ്ട് ഉറങ്ങാൻ തയ്യാറാവുക എന്നത് അദ്ദേഹത്തിന് ഏതാണ്ട് ഒരു ചടങ്ങായിരുന്നു; ചിലപ്പോൾ ആ രണ്ടു വൃദ്ധകളും ഉറങ്ങാതെ കിടക്കുമ്പോൾ, രാത്രി നേരം വളരെ വൈകിയതിനുശേഷം, അദ്ദേഹം തോട്ടത്തിലുള്ള വഴിയിലൂടെ നടക്കുന്നതിന്റെ ശബ്ദം അവർ കേൾക്കാറുണ്ട്. തനിച്ചു, തന്നോടുതന്നെ സംസാരിച്ചുകൊണ്ട്, സമാധാനത്തോടുകുടി, സ്നേഹപരിപുർണനായി, ആകാശത്തിന്റെ ശാന്തതയേയും തന്റെ ഹൃദയത്തിന്റെ ശാന്തതയേയും തമ്മിൽ തട്ടിച്ചുനോക്കിക്കൊണ്ട്, അന്ധകാരത്തിന്റെ ഇടയിലുള്ള നക്ഷത്രങ്ങളുടെ ദൃശ്യമായ തേജസ്സിനാലും ഈശ്വരന്റെ അദൃശ്യമായ തേജസ്സിനാലും ഇളക്കപ്പെട്ട മനസ്സുമായി, അജ്ഞാതമാഹാത്മ്യത്തിൽ നിന്നു പൊഴിയുന്ന വിചാരപരമ്പരയ്ക്കുമുൻപിൽ തന്റെ ഹൃദയത്തെ തുറന്നുവെച്ചുകൊണ്ട്, അദ്ദേഹം പതുക്കെ ലാത്തും. ഈ വക സന്ദർഭങ്ങളിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയിൽ, കൊളുത്തിവെച്ച ഒരു വിളക്കുപോലെ, പാതിരാപ്പുക്കൾ സ്വസൗരഭ്യത്തെ അർപ്പണം ചെയ്തുകൊണ്ടുനില്ക്കുന്ന സമയത്ത്, അദ്ദേഹം തന്റെ ഹൃദയത്തെ ലോകത്തിനു സമർപ്പിക്കുമ്പോൾ–പ്രപഞ്ചം മുഴുവനും സാർവത്രികമായ പ്രകാശത്തിൽ മുങ്ങിയിരിക്കുമ്പോൾ–അതിനു നടുവേ ആഹ്ലാദപരങ്ങളായ വിചാരങ്ങളിലേക്ക് അദ്ദേഹം തന്നെത്തന്നെ സമർപ്പിക്കുന്ന ചില സമയത്തു–തന്റെ ആത്മാവിനുള്ളിൽ കഴിയുന്നത് എന്തൊക്കെയാണെന്ന്, പക്ഷേ, തന്നോടുതന്നെ അദ്ദേഹത്തിനു പറയാൻ വയ്യായിരിക്കും; തന്നിൽനിന്നു ചിലതു പുറത്തേക്കു പറന്നുപോകുന്നതായും ചിലതു തന്നിലേക്ക് ഇറങ്ങിവരുന്നതായും അദ്ദേഹത്തിനു തോന്നും, ആത്മാവിന്റെ അഗാധതയും പ്രപഞ്ചത്തിന്റെ അഗാധതയും തമ്മിലുള്ള നിഗൂഡമായ കൈമാറ്റം!

ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും സാന്നിധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു; അവസാനമില്ലാത്ത ഭാവിയെപ്പറ്റി–ആ അത്ഭുതരഹസ്യത്തെപ്പറ്റി– അദ്ദേഹം ആലോചിച്ചു; അവസാനമില്ലാത്ത ഭൂതകാലത്തെപ്പറ്റി– കുറേക്കൂടി അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി– അദ്ദേഹം വിചാരിച്ചു; തന്റെ നോട്ടത്തിനടിയിലൂടെ തന്റെ എല്ലാ വിഷയേന്ദ്രിയങ്ങളിലേക്കും തുളഞ്ഞുകയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. എന്നിട്ട്, ആ അറിവാൻ കഴിയാത്തതിനെ അറിവാൻ ശ്രമിക്കാതെ, അദ്ദേഹം അതിനെ സുക്ഷിച്ചു നോക്കും. താൻ ഈശ്വരനെ പഠിച്ചുനോക്കിയില്ല; ഈശ്വരനെ കണ്ടു ഞാൻ അമ്പരന്നു. പ്രകൃതിക്കു രൂപമുണ്ടാക്കുന്നവയും, സത്യങ്ങളെന്നു ബോധപ്പെടുന്തോറും ശക്തികളെ ആവിഷ്കരിക്കുന്നവയും ഏകത്വത്തിന്നുള്ളിൽ പരസ്പരഭിന്നങ്ങളായ സവിശേഷവ്യക്തികളേയും അപാരമായ ദേശത്തിന്നുള്ളിൽ അതിർത്തിവിഭാഗങ്ങളേയും അതിരില്ലാത്തതിനുള്ളിൽ നാനാത്വങ്ങളേയും ഉണ്ടാക്കുന്നവയും, തേജസ്സിലൂടെ സൗന്ദര്യത്തെ നിര്‍മ്മിക്കുന്നവയുമായ പരമാണുക്കളുടെ സവിശേഷങ്ങളായ സങ്കലനങ്ങളെപ്പറ്റി അദ്ദേഹം പര്യാലോചിച്ചു. ഈ സങ്കലനങ്ങൾ ഇളവില്ലാതെ എപ്പോഴും ഉണ്ടാകുന്നു, നശിക്കുന്നു; അതുകൊണ്ടത്രേ ജനനവും മരണവും.

ഒരു പ്രായംചെന്ന മുന്തിരിവള്ളിക്കെട്ടിന്മേൽ ചാരി അദ്ദേഹം ഒരു ബെഞ്ചിന്മേലിരുന്നു; തന്റെ ഫലവൃക്ഷങ്ങളെക്കൊണ്ടുണ്ടായ കൃശവാമനങ്ങളായ നിഴല്പടങ്ങളുടെ മുകളിലുള്ള നക്ഷത്രങ്ങളുടെ നേർക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി. അത്രമേൽ ദാരിദ്ര്യം പിടിച്ച് കൃഷിചെയ്യപ്പെട്ടതും എടുപ്പുകളെക്കൊണ്ടും ചെറുപുരകളെക്കൊണ്ടും ഞെരുങ്ങിയതുമായ ആ കാലേക്കർ സ്ഥലം അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു; അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം അതുകൊണ്ടു കഴിഞ്ഞു.

അത്രയും കുറച്ചുമാത്രം വിശ്രമസമയമുള്ള ഒരു ജീവകാലത്തിനുള്ളിൽ നിന്നു കൈയിൽ കിട്ടുന്ന വിശ്രമസമയത്തെ, പകൽ തോട്ടത്തിൽ കൃഷി ചെയ്യുന്നതിനും രാത്രി മനോരാജ്യം വിചാരിക്കുന്നതിനുമായി വിഭജിക്കുന്ന ഈ വയസ്സന്നു പിന്നെ ഇതിലധികം എന്തുവേണം? മേൽതട്ടിന്ന് ആകാശമുള്ള ഈ ചുരുങ്ങിയ വേലിക്കകം, അദ്ദേഹത്തെക്കൊണ്ട് ഈശ്വരന്റെ ദിവ്യചേഷ്ടിതങ്ങളെ വിചാരിച്ചാരാധിപ്പിക്കുന്നതിനു ധാരാളം പര്യാപ്തമല്ലയോ? വാസ്തവത്തിൽ സകലത്തേയും ഇതു പരാമർശിക്കുന്നില്ലേ? ഇതിനുമീതെ എന്തൊന്നാണ് അഗ്രഹിക്കാൻ കിടക്കുന്നത്? നടക്കുവാൻ ഒരു ചെറിയ തോട്ടം; മനോരാജ്യം വിചാരിക്കാൻ അത്രയും അപാരത. കാൽച്ചുവട്ടിൽ കൃഷിചെയ്തുണ്ടാക്കി പറിച്ചെടുക്കാൻ വേണ്ടത്ര; തലയ്ക്കുമീതേ, പഠിക്കുന്നതിനും ചിന്തിക്കുന്നതിനും ആവശ്യമുള്ളത്. ചില പുഷ്പങ്ങൾ ഭൂമിയിൽ; എല്ലാ നക്ഷത്രങ്ങളും ആകാശത്തിൽ.

കുറിപ്പുകൾ

[70] സുപ്രസിദ്ധനായ ഒരു റോമനുകത്തോലിക്കു ഋഷി.

[71] സുപ്രസിദ്ധനായ ഒരു റോമൻ തത്ത്വജ്ഞാനി.

[72] 1846-ൽ മരിച്ചുപോയ പോപ്പ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.