images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.1
നടക്കുകതന്നെയായിരുന്ന ഒരു ദിവസം വൈകുന്നേരം.

1815-ൽ, ഒക്ടോബർ മാസത്തിന്റെ ആദ്യത്തിൽ, സൂര്യൻ അസ്തമിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ്, കാൽനടയായി വഴിയാത്ര ചെയ്തിരുന്ന ഒരാൾ ഡി. എന്ന ചെറുപട്ടണത്തിലെത്തി. ആ സമയത്തു, തങ്ങളുടെ ജനാലയ്ക്കലോ അല്ലെങ്കിൽ പൂമുഖത്തോ ഉണ്ടായിരുന്ന പട്ടണനിവാസികളെല്ലാം, ഏതാണ്ടൊരു വല്ലായ്മയോടുകൂടി, ആ പാന്ഥനെ തുറിച്ചുനോക്കി. അതിലധികം അപകടം പിടിച്ച വേഷത്തിൽ ഒരു വഴിപോക്കനെ കണ്ടുമുട്ടാൻ ഞെരുക്കമാണ്. അയാൾ ഒരിടത്തരം ഉയരത്തിൽ, തടിച്ചുരുണ്ടു, നല്ല കരുത്തുള്ള ഒരു യൌവനയുക്തനായിരുന്നു. നാല്പത്താറോ നാല്പത്തെട്ടോ വയസ്സായിരിക്കാം. വെയിലും കാറ്റും കൊണ്ടു കരുവാളിച്ച്, ഊറയ്ക്കിട്ടപോലെയായി, വിയർത്തൊലിക്കുന്ന അയാളുടെ മുഖം, തോൽകൊണ്ടുള്ള മുഖമൂടി തുങ്ങിക്കിടക്കുന്ന ഒരു തൊപ്പിയാൽ പകുതി മറയ്ക്കപ്പെട്ടിരുന്നു. പരുത്തു മഞ്ഞച്ച വക്കത്തുണികൊണ്ടുള്ളതും, ഒരു പൊന്തൻ വെള്ളിക്കുടുക്കു കഴുത്തിൽ കുടുക്കിയുറപ്പിച്ചതുമായ അടിക്കുപ്പായം രോമം നിറഞ്ഞ അയാളുടെ മാറിടത്തെ കുറേശ്ശെ കാണിക്കുന്നുണ്ട്; ഒരു ചരടുപോലെ കൂട്ടിപ്പിണച്ച കണ്ഠവസ്ത്രം അയാൾക്കുണ്ടായിരുന്നു. ഉപയോഗിച്ചു പഴകിയവയും, ഇഴ പിഞ്ഞിയവയും, ഒരു കാൽമുട്ടിന്മേൽ വെളുത്തും മറ്റേതിനാൽ കീറിയും, നീലച്ച അകശ്ശീലവെച്ചുമുള്ളവയാണ് ആ മനുഷ്യന്റെ കാലുറകൾ; ഒരു കൈമുട്ടിന്റെ ഭാഗത്ത് ഒരുകഷ്ണം പച്ചത്തുണിയെ പിരിച്ചരടുകൊണ്ടു തുന്നിപ്പിടിപ്പിച്ചതും, പഴകി കീറിപ്പറിഞ്ഞുതുടങ്ങിയതുമായ ഒരു കൂലിവേലക്കാരന്റെ പുറംകുപ്പായം അയാൾ മേലിട്ടിട്ടുണ്ട്; നല്ലപോലെ കുടുക്കിയതും നന്നേ പുതിയതും നിറയെസ്സാമാനങ്ങൾ തിങ്ങിയതുമായ ഒരു പട്ടാളമാറാപ്പ് അയാളുടെ പുറത്തു തുങ്ങിക്കിടക്കുന്നു; കൈയിൽ കമ്പുള്ള ഒരു പൊന്തൻവടിയുണ്ട്; കീഴ്ക്കാലുറകളില്ലാത്ത കാലടികളിൽ ഇരിമ്പുലാടൻ തറച്ച പാപ്പാസ്സുകൾ കാണുന്നു; തലമുടി പറ്റേ വെട്ടിയിരിക്കുന്നു; താടി നീണ്ടുകിടക്കുന്നു.

വിയർപ്പ്, ചൂട്, കാൽനടയായുള്ള ദൂരയാത്ര, പൊടി-ഇവയെല്ലാം ചേർന്ന് ഈ തകരാറുപിടിച്ച സ്വരൂപത്തിന് എന്തൊരു ചീത്തത്തംകൂടിയാണ് ഉണ്ടാക്കിത്തീർത്തിട്ടുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ. അയാളുടെ മുടി പറ്റെ വെച്ചു വെട്ടിയിരിക്കുന്നു. എങ്കിലും, ആ ഉള്ളതു പറ്റിക്കിടക്കുന്നുണ്ട്; അതു കുറച്ചു വളരാൻ തുടങ്ങി. കുറച്ചു കാലമായി അതു വെട്ടിക്കാറില്ലെന്നു തോന്നുന്നു.

അയാളെ ആരും അറിയില്ല. അയാൾ അവിടെ യദൃച്ഛയായി വന്നുപെട്ട ഒരു വഴി പോക്കൻ മാത്രമാണെന്നു കണ്ടാലറിയാം. അയാൾ എവിടെനിന്നു വന്ന് മെക്കനിൻ, ഒരു സമയം കടല്ക്കരയിൽനിന്ന്- എന്തുകൊണ്ടെന്നാൽ, ഏഴുമാസംമുൻപ് കാന്നിൽനിന്നു പാരീസ്സിലേക്കുണ്ടായ നെപ്പോളിയൻ ചക്ക്രവർത്തിയുടെ യാത്രയെ ദർശിച്ച അതേ തെരുവിലൂടെയാണ് അയാളും ഡി.യിലേക്കു വരുന്നതു കണ്ടത്. ഈ മനുഷ്യൻ പകൽ മുഴുവനും നടക്കുകയായിരിക്കണം. അയാൾ വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നി. പട്ടണത്തിന്നു പുറത്തുള്ള പഴയ ചന്തസ്ഥലത്തിലെ ചില സ്ത്രീകൾ കാണുകയുണ്ടായി. അയാൾ ഗാസ്സ്റാന്ദിയിലെ നടക്കാവിലുള്ള മരക്കൂട്ടത്തിൽ വിശ്രമിക്കുന്നതും, ആ വഴിയറ്റത്തുള്ള ഉറവിൽനിന്നു വെള്ളം കുടിക്കുന്നതും. അയാൾക്കു വല്ലാതെ ദാഹിച്ചിരുന്നിരിക്കണം. എന്തുകൊണ്ടന്നാൽ, അയാൾ അവിടെനിന്ന് ഒരിരുന്നൂറടികൂടി പോയപ്പോൾ ചന്തസ്ഥലത്തുള്ള ഉറവിൽനിന്നു പിന്നെയും വെള്ളം കുടിപ്പാൻ നിന്നതായി, അയാളുടെ പിന്നാലെ കൂടിയ കുട്ടികൾ കണ്ടു.

റ്യൂ പ്രാഷേറിന്റെ മൂലയിൽ എത്തിയപ്പോൾ, അയാൾ ഇടത്തോട്ടു തിരിഞ്ഞു. ടൗൺഹാളിന്നു നേർക്കു നടന്നുതുടങ്ങി. അയാൾ അതിന്നുള്ളിൽക്കടന്നു; ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോൾ, പുറത്തേക്കുതന്നെ വന്നു. ഭയപ്പെട്ടുപോയ ഡി. പട്ടണവാസികൾക്കു ഗൾഫ്ഴുവാങ് വിളംബരം വായിച്ചു കേൾപ്പിക്കുവാൻവേണ്ടി മാർച്ച് 4-ാംന് ജനറൽ ദ്രുവൊ [1] കയറിനിന്ന കല്ലുബെഞ്ചിന്മേൽ, വാതിലക്കരികിലായി ഒരു പൊല്ലീസ്സുകാരൻ ഇരിപ്പുണ്ടായിരുന്നു. നമ്മുടെ വഴിപോക്കൻ തലയിൽനിന്നു തൊപ്പിയെടുത്ത്, ആ പൊല്ലീസ്സുകാരനെ താഴ്മയോടുകൂടി വന്ദിച്ചു. പൊല്ലീസ്സുകാരൻ ആ വന്ദനത്തിനു മറുപടി പറയാതെ, അയാളെ തുറിച്ചുനോക്കി; കുറച്ചുനേരത്തേക്ക് കണ്ണുകൊണ്ട് അയാളെ പിൻതുടർന്ന് ഒടുവിൽ ടൗൺഹാളിൽ കടന്നു.

കോശ്ബയിലെ കുരിശ് [2] എന്ന അടയാളമുള്ളേടത്ത് അന്നു ഡി.യിൽ ഒരു നല്ല ഹോട്ടലുണ്ടായിരുന്നു. അതിന്റെ ഉടമസ്ഥൻ ഴാക്ക്വാങ് ലബാർ എന്നു പേരായ ഒരാളാണ്; ഗ്രെനോബ്ലിലെ മൂന്നു സാമന്തരാജകുമാരന്മാർ എന്ന ഹോട്ടലിന്റെ ഉടമസ്ഥനും പട്ടാളത്തിൽ ഒരുദ്യോഗമുണ്ടായിരുന്ന ആളുമായ മറ്റൊരു ലബാറുമായുള്ള ചാർച്ച കാരണം ഇയ്യാൾക്കു പട്ടണത്തിൽ ഒരു പ്രമാണിത്തമുണ്ട്. ചക്രവർത്തി വന്നു കപ്പലിറങ്ങിയപ്പോൾ മൂന്നു സാമന്തരാജകുമാരന്മാരെന്ന ഹോട്ടലിനെപ്പറ്റി പല സംസാരങ്ങളും നാട്ടിൽ പരന്നു. ജനറൽ ബർത്ത്രാങ്ങ് [3] ഒരു വണ്ടിക്കാരന്റെ വേഷം ധരിച്ചു ജനുവരിമാസത്തിൽ അവിടെ ചെന്നിരുന്നു എന്നും, അദ്ദേഹം അവിടെ വെച്ചു പട്ടാളക്കാർക്കു കുരിശുബിരുദവും പൗരൻമാർക്കു കൈനിറച്ചു സ്വർണനാണ്യവും കൊടുത്തു എന്നും ഒരു ജനശ്രുതിയുണ്ട്. വാസ്തവം ഇതാണ്- ചക്രവർത്തി ഗ്രെനോബിള്‍ വന്നപ്പോൾ അവിടേക്കായി തയ്യാറാക്കിയിരുന്ന ഹോട്ടലിൽ കയറാൻ കൂട്ടാക്കിയില്ല; അദ്ദേഹം നഗരമുഖ്യനോടു പറഞ്ഞു: എനിക്കു പരിചയമുള്ള ഒരു ധർമ്മപുരുഷന്റെ വീട്ടിലേക്കാണ് ഞാനീ പോകുന്നത് അതുപ്രകാരം അദ്ദേഹം മൂന്നു സാമന്തരാജകുമാരന്മാർ എന്ന ഹോട്ടലിലേക്കുപോയി. മൂന്നു സാമന്ത രാജകുമാരന്മാർ എന്ന ഹോട്ടലിലെ ലബാറിനുണ്ടായിരുന്ന ഈ മാന്യപദവി, ഇരുപത്തഞ്ചു കാതം വഴി ദൂരത്തുള്ള കോൾബയിലെ കുരിശ് എന്ന ഹോട്ടലിലെ ലബാറിന്റെ മേൽ പ്രതിഫലിച്ചു. പട്ടണത്തിലുള്ളവർ ഇയ്യാളെപ്പറ്റി ഇങ്ങനെ സംസാരിച്ചു: ‘ഗ്രെനോബ്ലിലുള്ള ആളുടെ ചാർച്ചക്കാരനാണത്.’ നമ്മുടെ വഴിപോക്കൻ ഈ ഹോട്ടലിലേക്കു നടന്നു; ആ നാട്ടുപുറത്തേക്ക് അതൊന്നാന്തരംതന്നെയായിരുന്നു. അയാൾ അടുക്കളയിൽക്കടന്ന്–അങ്ങോട്ടു തെരുവിൽനിന്നു നേരെ കടക്കാം. എല്ലാ അടുപ്പുകളിലും തീപ്പിടിപ്പിച്ചിരിക്കുന്നു; തീത്തിണ്ണയിൽ തിയ്യു പടർന്നാളിക്കത്തുന്നു. ഹോട്ടലുടമസ്ഥൻ–അയാൾ തന്നെയായിരുന്നു പ്രധാന വെപ്പുകാരനും–ഒരു സ്റ്റ്യൂപാത്രത്തിന്റെ അടുക്കൽനിന്നു മറ്റൊന്നിന്റെ അടുക്കലേക്കായി പാഞ്ഞുനടന്ന്, വളരെ ജാഗ്രതയോടുകൂടി വണ്ടിക്കാരുടെ ഭക്ഷണം ഭംഗിയാക്കാൻ ശ്രമിക്കുകയാണ്–അടുത്ത മുറിയിൽനിന്ന് അവരുടെ ഉറക്കെയുള്ള സംസാരവും സംഭാഷണവും ചിരിയും കേൾക്കാമായിരുന്നു. യാത്രചെയ്തു ശീലമുള്ള ഏതൊരാൾക്കും, വണ്ടിക്കാരെക്കാളധികം ആഹ്ലാദത്തോടു കൂടി ചിരിക്കുന്നവർ വേറെയില്ലെന്നറിയാം. രണ്ടു പാർശ്വങ്ങളിലും കാടപ്പക്ഷികളാലും കാട്ടുകോഴികളാലും ഞെങ്ങിയിരിക്കുന്ന ഒരു തടിച്ച മലയണ്ണാൻ, തീയിനുമേലേ പിടിച്ച ഒരു നീണ്ട മാംസക്കുന്തത്തിന്മേൽ കിടന്നു തിരിയുന്നു; ലോസേ തടാകത്തിൽനിന്നു പിടിച്ച രണ്ടു വലിയ കണ്ണൻമത്സ്യങ്ങളും അല്ലോ തടാകത്തിൽ നിന്നു വലയിട്ട് ഒരു പൂമീനും അടുപ്പത്തു വേവുന്നുണ്ട്.

വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുകയും, ഒരു പുതിയ ആൾ അകത്തേക്കു കടക്കുന്നതായറിയുകയും ചെയ്ത ഹോട്ടലുടമസ്ഥൻ, അപ്പുറത്തുനിന്നു കണ്ണെടുക്കാതെ, ചോദിച്ചു: സേർ നിങ്ങൾക്കെന്തുവേണം?’

‘ഭക്ഷണവും കിടപ്പാൻ സ്ഥലവും.’

‘ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല.’ ഹോട്ടൽക്കാരൻ മറുപടി പറഞ്ഞു. ആസമയത്ത് അയാൾ തലതിരിച്ചു; ഒരു നോട്ടത്തിൽ വഴിപോക്കന്റെ സമ്പ്രദായം മുഴുവനും കൈയിലാക്കി തുടർന്നു പറഞ്ഞു: ‘പണം കൊടുത്താൽ...’

ആ മനുഷ്യൻ കുപ്പായക്കീശയിൽനിന്ന് ഒരു വലിയ തോൽപ്പണസഞ്ചി വലിച്ചെടുത്തു മറുപടി പറഞ്ഞു: ‘എന്റെ കയ്യിൽ പണമുണ്ട്.’

‘അങ്ങനെയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ചൊൽപ്പടിയിൽ.’ ഹോട്ടൽക്കാരൻ പറഞ്ഞു.

വഴിപോക്കൻ പണസ്സഞ്ചി കുപ്പായക്കീശയിൽത്തന്നെ ഇട്ടു; പുറത്തുനിന്നു പട്ടാളമാറാപ്പു നീക്കി; അതു വാതിലിന്റെ അരികിൽ നിലത്തു വെച്ചു; വടി കൈയിൽത്തന്നെ പിടിച്ചു; തീയിന്നടുക്കലുള്ള ഒരുയരം കുറഞ്ഞ പീഠത്തിൽ ഇരുന്നു. ഡി. പട്ടണം മലകൾക്കുള്ളിലാണ്. അവിടെ ഒക്ടോബർ മാസത്തിലെ വൈകുന്നേരം വലിയ തണുപ്പുണ്ട്.

എന്നാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയ്ക്കു ഹോട്ടലുടമസ്ഥൻ ആ വഴിപോക്കനെ നല്ലപോലെ സൂക്ഷിച്ചുനോക്കി.

‘ഭക്ഷണം വേഗത്തിൽ തയ്യാറാവുമോ?’ ആ മനുഷ്യൻ ചോദിച്ചു.

‘ഇപ്പോൾ,’ ഹോട്ടലുടമസ്ഥൻ, മറുപടി പറഞ്ഞു.

പുറം തിരിഞ്ഞിരുന്ന ആ വഴിപോക്കൻ തീ കായുന്നതിനിടയ്ക്കു, ഗുണവാനായ ഹോട്ടലുടമസ്ഥൻ, ഴാക്ഷ്വാങ് ലബാർ, കുപ്പായക്കീശയിൽനിന്ന് ഒരു പെൻസിലെടുത്തു; ജനാലയ്ക്കരികിലുള്ള ഒരു ചെറുമേശമേൽ കിടക്കുന്ന ഒരു പഴയ വർത്തമാനപത്രത്തിന്റെ മൂല ചീന്തി കൈയിലാക്കി. എന്നിട്ട അയാൾ അതിന്റെ വെളുത്ത വക്കത്ത് ഒന്നോ രണ്ടോ വരി കുറിച്ചു; മുദ്രവെക്കാതെ മടക്കി; കാഴ്ചയിൽ അടുക്കളച്ചെക്കനും പരിചാരകനുമായി തന്നെ സഹായിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു കുട്ടിയെ വിളിച്ച് ആ കടലാസ്സിൻകഷ്ണം ഏൽപിച്ചു. ആ അടുക്കളഭൃത്യന്റെ ചെകിട്ടിൽ ഒരു വാക്കു മന്ത്രിച്ചു; ആ കുട്ടി ടൗൺഹാളിനു നേരെ ക്ഷണത്തിൽ പാഞ്ഞു. വഴിപോക്കൻ ഇതൊന്നും കണ്ടില്ല. അയാൾ ഒരിക്കൽക്കൂടി ചോദിച്ചു: ഭക്ഷണം ക്ഷണത്തിൽ തയ്യാറാവുമോ?

‘ഇപ്പോൾ,’ ഹോട്ടലുടമസ്ഥന്‍ മറുപടി പറഞ്ഞു.

കുട്ടി തിരിച്ചെത്തി. അവൻ കടലാസ്സു തിരികെ കൊണ്ടുവന്നിരുന്നു. ഹോട്ടലുടമസ്ഥൻ അതു വാങ്ങി. ഒരു മറുപടി കാത്തിരുന്ന ആളെപ്പോലെ, ആർത്തിയോടു കൂടി നിവർത്തി, അയാൾ ശ്രദ്ധിച്ചു വായിക്കുന്നതായി തോന്നി; ഉടനെ അയാൾ തലകുലുക്കി; ഒരു നിമിഷനേരം ആലോചിച്ചു നിന്നു. എന്നിട്ട്, അയാൾ വഴിപോക്കൻ ഇരിക്കുന്നേടത്തേക്കടുത്തുചെന്നു. ആ മനുഷ്യൻ അത്ര വളരെ സന്തോഷകരമല്ലാത്ത ഒരു മനോരാജ്യത്തിൽ മഗ്നനായിരുന്നു.

‘സേർ, എനിക്കു നിങ്ങളെ സ്വീകരിക്കുവാൻ നിവൃത്തിയില്ല.’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ പകുതി എഴുന്നേറ്റു. എന്ത്! ഞാൻ പണം തരില്ലെന്നു നിങ്ങൾക്കു ഭയമുണ്ടോ? ഞാൻ മുൻകൂട്ടി പണം തരണമെന്നുണ്ടോ? ഞാൻ പറയുന്നു, എന്റെ കൈയിൽ പണമുണ്ട്.’

‘അതല്ല.’

‘പിന്നെ എന്താ?’

‘നിങ്ങൾക്കു പണമുണ്ട്-’

‘ഉവ്വ്,’ ആ മനുഷ്യൻ പറഞ്ഞു.

‘എനിക്ക് അറയൊന്നും ഒഴിവില്ല,’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ ശാന്തതയോടുകുടി പറഞ്ഞു: ‘എന്നെ കുതിരപ്പന്തിയിലാക്കു!’

‘നിവൃത്തിയില്ല.’

‘എന്തുകൊണ്ട്?’

‘അതിൽ കുതിരകളെക്കൊണ്ടു സ്ഥലമില്ല.’

‘അങ്ങനെയാവട്ടെ; എന്നാൽ അതിന്റെ അടുത്ത് ഒരു കൊട്ട വൈക്കോൽ മതി. ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് നമുക്കതാലോചിക്കാം.’

‘എന്നെക്കൊണ്ട് നിങ്ങൾക്കു ഭക്ഷണം തരാൻ സാധിക്കയില്ല.’

മന്ദമായും ഉറപ്പിച്ചുമുള്ള ഒരു സ്വരത്തിൽ പറഞ്ഞ ഈ മറുപടി ആ അപരിചിതന്നു കുറേ കാര്യമായി തോന്നി. അയാൾ എണീറ്റു.

‘ആ! ഹ! പക്ഷേ, ഞാൻ വിശന്നു ചാവുന്നു. പുലർന്നപ്പോൾ നടന്നുതുടങ്ങിയതാണ് ഞാൻ. ഞാൻ പന്ത്രണ്ടു കാതം വഴി നടന്നിരിക്കുന്നു. ഞാൻ പണം തരാം. എനിക്കു വല്ലതും കഴിച്ചാൽ കൊള്ളാം.’

‘എന്റെ പക്കൽ ഒന്നുമില്ല,’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു; അയാൾ തിയ്യിനും അടുപ്പുകൾക്കും നേരെ തിരിഞ്ഞുനോക്കി. ‘ഒന്നുമില്ല! അതൊക്കെപ്പിന്നെ?’

‘അതിന്നൊക്കെ ആവശ്യക്കാരായിരിക്കുന്നു.’

‘ആരാണ്?’

‘വണ്ടിക്കാർ.’

‘അവർ എത്ര പേരുണ്ട്?’

‘പന്ത്രണ്ട്.’

‘ഇതിൽ ഇരുപതു പേർക്കു മതിയാവുന്ന ഭക്ഷണമുണ്ടല്ലോ.’

‘അവർ അതു മുഴുവനും വേണമെന്നു പറഞ്ഞു പണം മുൻകൂർ തന്നിരിക്കുന്നു.’

ആ മനുഷ്യൻ അവിടെത്തന്നെ ഇരുന്നു; സ്വരം ഒട്ടും പൊന്തിക്കാതെ അയാൾ പറഞ്ഞു: ‘ഞാൻ ഒരു ഹോട്ടലിലാണ്; എനിക്കു വിശക്കുന്നു; ഞാൻ ഇവിടെത്തന്നെ കൂടും.’

‘അപ്പോൾ ഹോട്ടലുടമസ്ഥൻ കുനിഞ്ഞ് അയാളുടെ ചെകിട്ടിൽ, അയാളെ ഞെട്ടിത്തെറിപ്പിച്ച ഒരു സ്വരത്തിൽ പറഞ്ഞു: കടന്നുപോവു.’

ഈ സമയത്തു വഴിപോക്കൻ മുൻപോട്ടു കുനിഞ്ഞിരുന്ന് ഇരിമ്പുകെട്ടുള്ള തന്റെ വടിത്തലപ്പുകൊണ്ടു ചില തീക്കൊള്ളികളെ തീയിലേക്കു തട്ടിയിടുകയായിരുന്നു; അയാൾ പെട്ടെന്നു തിരിഞ്ഞുനോക്കി, എന്തോ പറയാൻ വായ തുറന്നു. പക്ഷേ, ഹോട്ടലുടമസ്ഥൻ അയാളുടെ മുഖത്ത് ഉറപ്പിച്ചുനോക്കിക്കൊണ്ടു പിന്നേയും ഒരു താഴ്‌ന്ന സ്വരത്തിൽ തുടർന്നുപറഞ്ഞു: ‘നില്ക്കു! ആവക സംസാരമൊക്കെ ധാരാളം കഴിഞ്ഞു. നിങ്ങളുടെ പേർ ഞാൻ നിങ്ങൾക്കു പറഞ്ഞുതരണമോ?’ നിങ്ങളുടെ പേർ ഴാങ് വാൽഴാങ് എന്നാണ്. ഇനി ആരാണെന്നും ഞാൻ പറഞ്ഞുതരണമോ? നിങ്ങൾ അകത്തേക്കു കടക്കുന്നതു കണ്ടപ്പോൾത്തന്നെ, എനിക്കൊരു സംശയം തോന്നി; ഞാൻ ടൗൺഹാളിലേക്കു പറഞ്ഞയച്ചു; ഇതാണ് എനിക്കു കിട്ടിയ മറുപടി. നിങ്ങൾക്ക് അക്ഷരം തിരിയുമോ?’

ഇങ്ങനെ പറഞ്ഞുകൊണ്ട്, ഹോട്ടലിൽനിന്ന് ടൗൺഹാളിലേക്കും ടൗൺഹാളിൽനിന്നു ഹോട്ടലിലേക്കും അപ്പോൾത്തന്നെ പോയി തിരിച്ചെത്തിയ കടലാസ്സ് ഹോട്ടലുടമസ്ഥൻ ആ അപരിചിതന്നു നല്ലപോലെ നിവർത്തി കാണിച്ചുകൊടുത്തു. ആ മനുഷ്യൻ അതൊന്ന് ഓടിച്ചുനോക്കി. ഹോട്ടൽക്കാരൻ കുറച്ചിട മിണ്ടാതെ നിന്നതിനുശേഷം ആരംഭിച്ചു: ‘എല്ലാവരോടും മര്യാദയോടുകൂടി പെരുമാറുന്നതാണ് എന്റെ പതിവ്. കടന്നുപോവു!’

ആ മനുഷ്യന്റെ തല താഴ്‌ന്നു; അയാൾ നിലത്തുവെച്ചിരുന്ന പട്ടാളമാറാപ്പെടുത്തു; പുറത്തേക്കിറങ്ങി.

അയാൾ പ്രധാന നിരത്തിൽ കടന്നു. ദുഃഖിതനും അവമാനിതനുമായ ഒരാളെപ്പോലെ, വീടുകളുടെ ഓരത്തിലൂടെ, അയാൾ ഒരുക്കിൽ നേരേ നടന്നു. ഒരിക്കലെങ്കിലും അയാൾ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, കോൾബയിലെ കുരിശ് എന്ന ഹോട്ടലിന്റെ ഉടമസ്ഥൻ, അവിടെയുള്ള എല്ലാ അതിഥികളോടും തെരുവിലുള്ള എല്ലാ വഴിയാത്രക്കാരോടുംകൂടി, ഉന്മേഷപൂർവം സംസാരിച്ചുകൊണ്ടും തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടും ഹോട്ടലുമ്മറത്തു നില്ക്കുന്നത് അയാൾക്കു കാണാമായിരുന്നു; എന്നല്ല, ആ ആൾക്കൂട്ടത്തിന്റെ ഭയവും അവിശ്വാസവും നിറഞ്ഞ നോട്ടങ്ങളിൽനിന്നു, തന്റെ വരവ് ആ പട്ടണത്തിലെങ്ങും ഒരു പ്രധാന സംഗതിയായിത്തീരുക എന്നത് ഇപ്പോൾ കഴിയുമെന്നും അയാൾക്കൂഹിക്കാമായിരുന്നു.

അയാൾ ഇതൊന്നുംതന്നെ കണ്ടില്ല. ചതഞ്ഞമർന്നുകഴിഞ്ഞ ആളുകൾ പിന്നോക്കം നോക്കുക പതിവില്ല. അല്ലെങ്കിൽത്തന്നെ അവർക്കു തങ്ങളുടെ പിന്നാലെ വരുന്ന ആപത്തു വേണ്ടതിലധികം അറിയാം.

അങ്ങനെ, അയാൾ നില്ക്കാതെ നടന്നു. തനിക്കു യാതൊരറിവുമില്ലാത്ത ഓരോ തെരുവുകൾ കടന്നു, ദുഃഖിതരിൽ സാധാരണമായ ക്ലമവിസ്മൃതിയോടു; കൂടി കുറച്ചുദുരം പോയി. വിശപ്പുകൊണ്ടുള്ള പ്രാണവേദന അയാൾക്കു കഠിനമായിത്തീർന്നു. രാത്രി അടുത്തെത്തിയിരുന്നു. വല്ല താവളവും കണ്ടുകിട്ടില്ലേ എന്ന് അയാൾ ചുറ്റും നോക്കി.

ആ പ്രദേശത്തെ നല്ല ഹോട്ടലിൽ അയാൾക്കു പ്രവേശനമില്ലെന്നുവന്നു; വളരെ താഴ്‌ന്നതരത്തിലുള്ള ഒരു ഭക്ഷണശാല, എത്രതന്നെ മോശമായാലും ശരി, ഒരു ചെറ്റക്കുടിൽ, അയാൾ അന്വേഷിക്കുകയായി. ആ സമയത്തു തെരുവിന്റെ അങ്ങേ അറ്റത്തുനിന്നു ഒരു വെളിച്ചം കണ്ടു; ഇരിമ്പുകൊണ്ടുള്ള ഒരു കുരിശുതുലാത്തണ്ടിൽനിന്നു തുങ്ങിക്കിടക്കുന്ന ഒരു പയിൻമരത്തുപ്പു, സന്ധ്യാസമയത്തുള്ള വെള്ളനഭസ്സിനു നേരെ തെളിഞ്ഞുകണ്ടു. അയാൾ അങ്ങോട്ടു നടന്നു.

അതു വാസ്തവത്തിൽ ഒരു ചാരായപ്പീടികതന്നെയാണെന്നു തെളിഞ്ഞു; റ്യൂ ദ് ഷാഫോവിലെ ചാരായക്കട.

വഴിപോക്കൻ കുറച്ചുനേരം അവിടെ നിന്നു; മേശപ്പുറത്തു കത്തുന്ന ഒരു ചെറിയ വിളക്കുകൊണ്ടും അടുപ്പുതിണ്ണയിലെ വമ്പിച്ച തിയ്യുകൊണ്ടും പ്രകാശമാനമായി. ചാരായക്കടയ്ക്കുള്ളിലുള്ള ഒരുയരം കുറഞ്ഞ മുറിയിലേക്ക് അയാൾ ജനാലപ്പഴുതിലൂടെ പാളിനോക്കി. അവിടെ ചിലരുണ്ട് ഇരുന്നു കുടിക്കുന്നു. ഷാപ്പുടമസ്ഥൻ തീക്കായുകയാണ്. ഒരു തിരിപ്പുകയറ്റു യന്ത്രത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന ഒരിരുമ്പുപാത്രത്തിൽ എന്തോ തിയ്യിനു മുകളിൽ കിടന്നു തിളയ്ക്കുന്നുണ്ട്.

ഒരു ഹോട്ടലിന്റെ മട്ടിൽത്തന്നെയുള്ള ഈ ചാരായക്കടയ്ക്കു പുറത്തേക്കു രണ്ടു പഴുതുണ്ട്. ഒന്നു തെരുവിലേക്കും, മറ്റേത് വളം നിറഞ്ഞ ഒരു ചെറുമുറ്റത്തേക്കും. തെരുവിലേക്കുള്ള വാതിലിലൂടെ കടപ്പാൻ വഴിപോക്കന്നു ധൈര്യമുണ്ടായില്ല. അയാൾ പതുക്കെ മുറ്റത്തേക്കു കടന്നു; പിന്നെയും നിന്നു; ഉപായത്തിൽ നീക്കു നീക്കി, വാതിൽ തുറന്നു.

‘ആ പോകുന്നതാർ?’ ഷാപ്പുടമസ്ഥൻ ചോദിച്ചു.

‘ഭക്ഷണവും കിടപ്പാൻ സ്ഥലവും ആവശ്യമുള്ള ഒരാൾ.’

‘നല്ലത്, ഭക്ഷണവും കിടപ്പാൻ സ്ഥലവും ഞങ്ങൾ ഇവിടെ തയ്യാറാക്കിക്കൊടുക്കുന്നു.’

അയാൾ അകത്തേക്കു ചെന്നു. അവിടെ ഇരുന്നു കുടിക്കുന്നവരെല്ലാം അങ്ങോട്ടുനോക്കി. ഒരു ഭാഗത്തുനിന്നു വിളക്കും മറ്റേ ഭാഗത്തുനിന്ന് അടുപ്പിൽ തീയ്യും അയാളെ തെളിയിച്ചുകാണിച്ചു. അയാൾ തന്റെ പട്ടാളമാറാപ്പു പുറത്തുനിന്നെടുക്കുന്നതിനിടയ്ക്ക് അവർ അയാളെ നോക്കിപ്പഠിച്ചു.

ഷാപ്പുടമസ്ഥൻ പറഞ്ഞു: ‘അതാ, തീക്കായാം. ഭക്ഷണം അടുപ്പത്തു വേവുന്നു.ചങ്ങാതി, വരൂ, തീക്കാഞ്ഞോളൂ.’

അയാൾ അടുത്തുചെന്നു, തിയ്യിന്നരികിൽ ഇരുന്നു. നടന്നിട്ടുള്ള ക്ഷീണം കൊണ്ട് കുഴഞ്ഞ കാൽ അയാൾ തിയ്യിന്റെ അടുക്കലേക്കു നീട്ടി; അടുപ്പിനു മേലെപാത്രത്തിൽനിന്ന് ഒരു രുചികരമായ ഗന്ധം പുറപ്പെട്ടിരുന്നു. നല്ലപോലെ താഴ്ത്തിയിട്ടിരുന്ന തൊപ്പിക്കുള്ളിലൂടെ കുറച്ചുമാത്രം പ്രത്യക്ഷീഭവിച്ച അയാളുടെമുഖത്തു, വളരെക്കാലമായി കൂടിക്കലർന്ന സംതൃപ്തിയുടെ ഒരു നേരിയ തെളിവുകാണപ്പെട്ടു.

എന്നല്ല, ആ മുഖത്തിന്റെ ആകൃതി ദൃഢതയും ഉത്സാഹവും ദുഃഖശീലവും കാണിക്കുന്നു. ആ മനുഷ്യന്റെ മുഖഭാവം അത്ഭുതകരമായിരുന്നു; ആദ്യമായി സാധുത്വം തോന്നിച്ചുകൊണ്ട് ഒടുവിൽ അതു സഗൗരവമായ ക്രൂരതയിൽച്ചെന്നവസാനിക്കുന്നു. ചവറ്റിൽക്കിടക്കുന്ന തിയ്യുപോലെ, അയാളുടെ കണ്ണു പോളകൾക്കുള്ളിൽ തിളങ്ങി.

സംഗതിവശാൽ മേശയ്ക്കടുത്തുണ്ടായിരുന്നവരിൽ ഒരാൾ, ഒരു മത്സ്യക്കച്ചവടക്കാരനായിരുന്നു, അയാൾ റ്യു ദ് ഷാഫോവിലെ ചാരായക്കടയിൽ വരുന്നതിനുമുൻപ് കുതിരയെ തളയ്ക്കാൻ വേണ്ടി ലബാറുടെ ഹോട്ടലിൽ പോയി. കാണ്മാൻ സുഖമില്ലാത്ത ഈ അപരിചിതനെ അയാൾ അന്നു രാവിലെത്തന്നെ ബ്രാദാസിനും***നും–ഞാൻ പേർ മറന്നു; എസ്കൂൾബ്ലോങ്ങാണോ എന്നു സംശയം– ഇടയ്ക്കുള്ള നിരത്തിൽവെച്ചു യദൃച്ഛയാ കണ്ടുമുട്ടി. ആ കണ്ടസമയത്ത് അപ്പോൾത്തന്നെ കഠിനമായി ക്ഷീണിച്ച മട്ടിലായിരുന്ന നമ്മുടെ വഴിപോക്കൻ മത്സ്യക്കച്ചവടക്കാരനോടു തന്നെയും കുതിരപ്പിൻപുറത്തു കേറ്റി കൊണ്ടുപോകാമോ എന്നു ചോദിച്ചു; കുതിരയുടെ നടത്തത്തിന് ഒന്നുകൂടി മുറുക്കം കൂട്ടുകയല്ലാതെ മത്സ്യവ്യാപാരി അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഈ മത്സ്യക്കച്ചവടക്കാരൻ, ഴാക്ക്വാങ് ലബാറുടെ നാലുപുറത്തും അരമണിക്കൂർ മുൻപു കൂടിയ ആൾക്കൂട്ടത്തിലെ ഒരംഗമായിരുന്നു; കോൾബയിലെ കുരിശ് എന്ന സ്ഥലത്തുള്ള ആളുകളോട് അയാൾ രാവിലെ ആ മനുഷ്യനെ കണ്ടെത്തിയ കഥ പറഞ്ഞു. അയാൾ ഇരുന്നേടത്തുനിന്നു ഹോട്ടൽക്കാരനോട് അടുത്തുചെല്ലുവാൻ ഉപായത്തിൽ ഒരാംഗ്യം കാണിച്ചു. ഹോട്ടൽക്കാരൻ അടുത്തു ചെന്നു. ഒരു താഴ്‌ന്ന സ്വരത്തിൽ അവർ എന്തോ സംസാരിച്ചു. വഴിപോക്കൻ പിന്നെയും മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നു.

ഹോട്ടലുടമസ്ഥൻ തിയ്യിന്റെ അടുക്കലേക്കു ചെന്നു. ആ വഴിപോക്കന്റെ ചുമലിൽ പെട്ടെന്നു കൈ വെച്ചു പറഞ്ഞു: ‘നിങ്ങൾക്ക് ഇവിടെനിന്നു പോകാറായി.’

അപരിചിതൻ ഉടനെ മുഖംതിരിച്ചു. ശാന്തതയോടുകൂടി പറഞ്ഞു, ‘ഹാ നിങ്ങൾ അറിഞ്ഞു?–’

‘ഉവ്വ്.’

‘മറ്റേ ഹോട്ടലിൽനിന്ന് എന്നെ ആട്ടിയയച്ചു.’

‘ഇവിടെനിന്നും നിങ്ങളെ പറഞ്ഞയക്കേണ്ടിയിരിക്കുന്നു.’

‘ഞാൻ എവിടെ പോണമെന്നാണ് നിങ്ങൾക്കാവശ്യം?’

‘മറ്റെവിടെയെങ്കിലും.’

ആ മനുഷ്യൻ വടിയെടുത്തു. പട്ടാളമാറാപ്പെടുത്തു പുറപ്പെട്ടു.

പുറത്തേക്കിറങ്ങിയപ്പോൾ കോൾബയിലെ കുരിശിൽനിന്നു കൂടെ കൂടിയവരും അതുവരെ അവിടെയെവിടെയോ ഒളിച്ചിരുന്നവരുമായ കുട്ടികൾ അയാളുടെ നേരെ കല്ലെറിഞ്ഞു. അയാൾ ദേഷ്യപ്പെട്ടു പിന്നോക്കം ചെന്നു. തന്റെ വടിയോങ്ങി അവരെ പേടിപ്പെടുത്തി: ഒരുകൂട്ടം പക്ഷികളെപ്പോലെ കുട്ടികളെല്ലാം പറപറന്നു.

അയാൾ ജയിലിനു മുൻപിലെത്തി. പുറത്തെ വാതില്ക്കൽ അകത്തു മണിയോടുകൂടിയ ഒരിരുമ്പുചങ്ങല കണ്ടു. അയാൾ അതു പിടിച്ചുവലിച്ചു.

വാതിലിന്റെ സാക്ഷ നീങ്ങി.

‘ഹേ, ജയിൽമൂപ്പ,’ തന്റെ തൊപ്പി സമര്യാദമായി മാറ്റിക്കൊണ്ട് അയാൾ പറഞ്ഞു. ‘ദയചെയ്ത് എന്നെ അകത്തു കടക്കാൻ സമ്മതിച്ച്, ഇന്ന് രാത്രിക്ക് ഒരു താവളം തരുമോ?’

ഒരു ശബ്ദം മറുപടി പറഞ്ഞു: ‘ജയിൽ ഹോട്ടലല്ല. നിങ്ങളെ പൊല്ലീസ്റ്റുകാരെക്കൊണ്ടു പിടിപ്പിക്കു; എന്നാൽ ഇങ്ങോട്ടു കടത്തും.’

സാക്ഷ പിന്നേയും അടഞ്ഞു.

അയാൾ പല തോട്ടങ്ങളുമുള്ള ഒരു തെരുവിലേക്ക് കടന്നു. അവയിൽ ചിലതിനുചുറ്റും ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്; ആ ചെടിക്കൂട്ടം തെരുവിന് ഒരു ചന്തംകൂട്ടി ഈ തോട്ടങ്ങൾക്കും ചെടിക്കൂട്ടങ്ങൾക്കും ഇടയിൽ അയാൾ രണ്ടാംനിലയുയർത്താത്ത ഒരു ചെറുവീടു കണ്ടു; അതിന്റെ ഒരു ജനാലയിലൂടെ ഒരു വെളിച്ചം പ്രകാശിച്ചിരുന്നു; ചാരായക്കടയിൽവെച്ചു ചെയ്തതുപോലെ അയാൾ ആ ജനാലയ്ക്കുള്ള കണ്ണാടിച്ചില്ലിലൂടെ സൂക്ഷിച്ചുനോക്കി. അതിനുള്ളിൽ ഒരു വെള്ളയടിച്ച മുറിയും, അച്ചടിപ്പുള്ളികളുള്ള പരുത്തിത്തുണികൊണ്ടു മൂടിവിരിച്ച ഒരു കട്ടിലും, ഒരു മൂലയ്ക്കായി ഒരു തൊട്ടിലും, കുറച്ചു ചില മരക്കസാലകളും, ചുമരിന്മേൽ തൂക്കിയ ഒരു ഇരട്ടത്തിരത്തോക്കും ഉണ്ടായിരുന്നു. മുറിയുടെ നടുവിൽ ഒരു മേശ കിടക്കുന്നു. ഒരു ചെമ്പുവിളക്കു വെള്ളത്തുണികൊണ്ടുള്ള പരുത്ത മേശവിരിപ്പിനേയും, വെള്ളിപോലെ തിളങ്ങുന്നതും വീഞ്ഞു നിറഞ്ഞതുമായ ഒരു ബീരളവുപാത്രത്തേയും, തവിട്ടുനിറത്തിലുള്ള ഒരു സൂപ്പുകുഴിത്തളികയേയും തെളിയിച്ചു കാണിച്ചു. ആ മേശയ്ക്കടുത്തു, സന്തോഷത്തേയും സൗശീല്യത്തേയും കാണിക്കുന്ന മുഖഭാവത്തോടുകൂടി നാല്പതു വയസ്സോടടുത്ത ഒരാൾ, കാൽമുട്ടുകൾക്കിടയിൽ ഒരു ചെറുകുട്ടിയെ വെച്ച് ആടിച്ചുംകൊണ്ടിരിക്കുന്നു. അടുക്കൽത്തന്നെ നന്നേ ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഇരുന്നു മറ്റൊരു കുട്ടിയേയും ഓമനിക്കുന്നുണ്ട്. അച്ഛൻ ചിരിക്കുന്നു; കുട്ടികൾ ചിരിക്കുന്നു; അമ്മ പുഞ്ചിരിക്കൊള്ളുന്നു.

ഈ കൗതുകകരവും സന്തോഷപ്രദവുമായ കാഴ്ച കണ്ട് ആ അപരിചിതൻ കുറച്ചിട മനോരാജ്യത്തിൽ മുങ്ങി. അയാളുടെ വിചാരം എന്തായിരുന്നു? അയാളെക്കൊണ്ടു മാത്രമേ പറയാൻ കഴിയൂ. ഈ സന്തോഷം നിറഞ്ഞ വീട് അതിഥിസൽക്കാരത്തിൽ താൽപ്പര്യമുള്ളതായിരിക്കുമെന്നും, ഇത്രമേൽ സുഖപൂർണമായ ഒരു സ്ഥലത്തു പക്ഷേ, കുറച്ചു ദീനാനുകമ്പകൂടി കണ്ടേക്കാമെന്നും അയാൾ വിചാരിച്ചിരിക്കാം.

അയാൾ കണ്ണാടിച്ചില്ലിന്മേൽ വളരെപ്പതുക്കെ ഒരു ചെറിയ മുട്ടു മുട്ടി.

അവർ അതു കേട്ടില്ല.

അയാൾ ഒരിക്കൽക്കൂടി മുട്ടി.

ആ സ്ത്രീ ഇങ്ങനെ പറയുന്നത് അയാൾ കേട്ടു; ‘ഭർത്താവേ ആരോ വിളിക്കുന്നതുപോലെ തോന്നുന്നു.’

‘ഇല്ല.’ ഭർത്താവ് മറുപടി പറഞ്ഞു.

അയാൾ മൂന്നാമതൊരിക്കൽക്കൂടി മുട്ടി.

ഭർത്താവെണീറ്റു, വിളക്കെടുത്തു, വാതില്ക്കലേക്കു ചെന്ന് അതു തുറന്നു.

അയാൾ പകുതി കൃഷിക്കാരന്റേയും പകുതി കൈവേലക്കാരന്റേയും മട്ടിൽ ഒരുയരമുള്ള ആളായിരുന്നു. ഇടത്തേ ചുമലുവരെ എത്തുന്നതും തോൽകൊണ്ടുള്ളതുമായ ഒരുടുപ്പുമറ അയാൾ ധരിച്ചിട്ടുണ്ട്. ഒരു കുപ്പായക്കീശയിൽക്കിടക്കുന്നതുപോലെ അരപ്പട്ടകൊണ്ടു താങ്ങിയിരിക്കുന്ന ഒരു ചുറ്റിക, ഒരു ചുകന്ന ഉറുമാൽ, വെടിമരുന്നുകുറ്റി, വേറെ പലത് എന്നിവകൊണ്ട് ആ ഉടുപ്പുമറ കുറച്ചൊന്ന് ഉന്തിയിരുന്നു. തല അല്പം പിന്നോട്ടു ചാഞ്ഞിട്ടാണ്; ധാരാളമായി തുറന്നിട്ട പിന്നോക്കം മടക്കിവെച്ചിരുന്ന അടിക്കുപ്പായം, വെളുത്തതും മറവില്ലാത്തതുമായ അയാളുടെ കാളക്കഴുത്തിനെ വെളിപ്പെടുത്തിയിരുന്നു. അയാളുടെ കൺപോളകൾ കനത്തവയാണ്; അയാൾ കറുത്തു മുറ്റിയ മേൽമീശ വെച്ചിരുന്നു; അയാളുടെ കണ്ണുകൾക്കു നല്ല വലുപ്പമുണ്ട് അയാളുടെ മുഖത്തിന്റെ കീഴഭാഗം ഒരു തുമ്പിക്കയ്യിന്റെ ഛായയിലാണ്; ഇതിനെല്ലാം പുറമേ, ഇന്നവിധമെന്നു വിവരിക്കാൻ വയ്യാത്ത മട്ടിൽ, താൻ തന്റെ നിലയ്ക്കാണ് നില്ക്കുന്നതെന്ന് പറയുന്ന ഒരു ഭാവവിശേഷം അയാൾക്കുണ്ടായിരുന്നു.

‘സേർ, എനിക്ക് മാപ്പു തരണം,’ വഴിപോക്കൻ പറഞ്ഞു. ‘പണത്തിനു മാത്രമായി, ഒരു കിണ്ണം സൂപ്പും, കിടന്നുറങ്ങുവാൻ അവിടെ ആ തോട്ടത്തിലുള്ള ചായ്ചുകെട്ടിയതിൽ ഒരു മൂലയും, നിങ്ങൾ എനിക്ക് തരുമോ? എന്നോടു പറയു; നിങ്ങൾക്ക് തരാൻ കഴിയുമോ? പണത്തിന്?’

‘നിങ്ങൾ ആരാണ്?’ വീട്ടുടമസ്ഥൻ കൽപിച്ചുചോദിച്ചു.

ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ഞാൻ ഇതാ പ്വി-മ്വാസ്സോങ്ങിൽനിന്ന് വന്നു. ഞാൻ ഇന്ന് പകൽ മുഴുവനും നടക്കുകയായിരുന്നു. ഞാൻ പന്ത്രണ്ട് കാതം വഴി നടന്നിരിക്കുന്നു. നിങ്ങൾക്കു സാധിക്കുമോ–ഞാൻ പണം തന്നാൽ?’

ആ കൃഷിക്കാരൻ പറഞ്ഞു: ‘പണം തരാൻ കഴിവുള്ള ഒരു മാന്യൻ താമസിക്കാൻ സ്ഥലം ചോദിച്ചാൽ ഇല്ലെന്ന് ഞാൻ പറയില്ല. അപ്പോൾ, എന്തേ നിങ്ങൾ ഹോട്ടലിൽ പോവാത്തത്?’

‘അവിടെ സ്ഥലമില്ല.’

‘ആയി! അതു വരാൻ വയ്യ. ഇന്ന് ചന്തദിവസമോ ഉത്സവദിവസമോ അല്ല. നിങ്ങൾ ലബാറിന്റെ ഹോട്ടലിൽ പോയോ?’

‘ഉവ്വ്’

‘എന്നിട്ട്?’

ആ വഴിപോക്കൻ പരിഭ്രമിച്ചുകൊണ്ട് മറുപടി പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ. ‘അയാൾ എന്നെ താമസിപ്പിച്ചില്ല.’

‘നിങ്ങൾ റ്യൂ ഷാഫോവിൽ–എന്താ അയാളുടെ പേർ?– അവിടെ പോയോ?’

‘വഴിപോക്കന്റെ പരിഭ്രമം വർദ്ധിച്ചു; അയാൾ വിക്കിപ്പറഞ്ഞു, അയാളും എന്നെ സ്വീകരിച്ചില്ല.’

കൃഷിക്കാരന്റെ മുഖത്ത് ഒരവിശ്വാസം കയറി; അയാൾ പുതിയ അതിഥിയെ കാലുമുതൽ തലവരെ ഒന്നു നോക്കിപ്പഠിച്ചു; പെട്ടെന്ന് ഒരു കിടുകിടുപ്പോടുകൂടി അയാൾ ഉറക്കെപ്പറഞ്ഞു:–‘നിങ്ങളാണോ ആ മനുഷ്യൻ?’

അയാൾ ആ അപരിചിതന്റെ നേരെ പുതുതായി ഒന്നു നോക്കി; രണ്ടുമൂന്നടി പിന്നോക്കം വെച്ചു, വിളക്ക് മേശപ്പുറത്തു നിർത്തി, ചുമരിൽ തുക്കിയിരുന്ന തോക്കെടുത്തു.

ഇതിനിടയിൽ, നിങ്ങളാണോ ആ മനുഷ്യൻ? എന്നു കേട്ടതോടുകൂടി, സ്ത്രീ ഇരുന്നേടത്തുനിന്നെണീറ്റു, രണ്ടു കുട്ടികളേയും വാരിവലിച്ചെടുത്തു, നഗ്നമായ മാറിടത്തോടും, ഭയപ്പെട്ട പരിഭ്രമിച്ചിട്ടുള്ള നോട്ടത്തോടുംകൂടി, ആ അപരിചിതനെ പേടിച്ച് തുറിച്ചുനോക്കിക്കൊണ്ട് ഭർത്താവിന്റെ പിന്നിൽ ഉപായത്തിൽ ചെന്നഭയം പ്രാപിച്ചു: അവൾ ഒരു താഴ്‌ന്ന സ്വരത്തിൽ പിറുപിറുത്തു, ‘തെമ്മാടിക്കള്ളാ!’

ഒരാൾക്ക് വിചാരിക്കാവുന്നതിലും അത്യധികം വേഗത്തിലാണ് ഈ പറഞ്ഞതെല്ലാം ഉണ്ടായത്. കുറച്ച് നിമിഷങ്ങളോളം ഒരണലിപ്പാമ്പിനെ നോക്കിക്കാണുന്നതുപോലെ, ആ അപരിചിതനെ സൂക്ഷിച്ചുനോക്കിയതിനുശേഷം, വീട്ടുടമസ്ഥൻ വാതിലിന്റെ അടുക്കലേക്ക് മടങ്ങിച്ചെന്നു പറഞ്ഞു: ‘ഉം, ഓട്’

‘ദയ വിചാരിച്ചുമാത്രം ഒരു ഗ്ലാസ്സ് വെള്ളം,’ ആ മനുഷ്യൻ പറഞ്ഞു.

‘എന്റെ തോക്കിൽനിന്ന് ഒരുണ്ട!’ കൃഷിക്കാരൻ പറഞ്ഞു.

ഉടനെ അയാൾ വാതിൽ കൊട്ടിയടച്ചു; ഊക്കോടുകൂടി രണ്ടു സാക്ഷയും വലിച്ചിടുന്നത് ആ മനുഷ്യൻ കേട്ടു. ഒരു നിമിഷംകൂടി കഴിഞ്ഞ്, ജനാലയുടെ നീക്കുകൾ നീങ്ങി; വിലങ്ങനെ ഒരിരുമ്പുവടി വലിച്ചിടുന്ന ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.

രാത്രി കൂടിക്കൂടി വന്നു. ആൽപ്സ് പർവതത്തിൽനിന്നുള്ള ഒരു തണുത്ത കാറ്റടിച്ചു ഊർദ്ധ്വൻ വലിച്ചിട്ടടങ്ങുന്ന പകലിന്റെ പ്രകാശത്താൽ, ആ അപരിചിതൻ തെരുവിന്റെ ഇരുവശത്തുമുള്ള തോട്ടങ്ങളിലൊന്നിൽ ഒരു ചെറ്റക്കുടിൽ കണ്ടു; അതു മൺകൊണ്ടുണ്ടാക്കിയതാണെന്ന് അയാൾക്കു തോന്നി. അയാൾ ചെടിപ്പടർപ്പുവേലി പൊത്തിപ്പിടിച്ചു കയറി. തോട്ടത്തിൽക്കടന്നു. അയാൾ ആ ചെറ്റക്കുടിലിന്റെ അടുത്ത് ചെന്നു; അതിന്റെ പുറത്തേക്കുള്ള പഴുത്, താഴ്‌ന്നതും ഇടുങ്ങിയതുമായ ഒരു ദ്വാരമായിരുന്നു; നിരത്തു നന്നാക്കുന്നവർ വഴിക്കരികെ തങ്ങൾക്ക് താമസിക്കാൻവേണ്ടി ഉണ്ടാക്കാറുള്ള പുരകളുടെ ഛായയിൽ ഒന്നായിരുന്നു ആ സ്ഥലം. അത് വാസ്തവത്തിൽ നിരത്തുപണിക്കാരിൽ ഒരാളുടെ പാർപ്പിടമായിരിക്കണമെന്ന് ആ മനുഷ്യൻ സംശയം കൂടാതെ വിശ്വസിച്ചു; അയാൾക്ക് തണുപ്പും വിശപ്പും വല്ലാതുണ്ടായിരുന്നു; ഇതു തന്നെ കഷ്ടിച്ച് തണുപ്പിൽനിന്നു രക്ഷിക്കുമെന്ന് അയാൾ കരുതി. ഈവക പാർപ്പിടങ്ങളിൽ രാത്രി ആരും ഉണ്ടായിരിക്കുക പതിവില്ല. അയാൾ കമിഴ്‌ന്നു കിടന്നു. പതുക്കെ ആ കുടിലിലേക്കു നീന്തി. അതിനുള്ളിൽ ചൂടുണ്ടായിരുന്നു; അതിൽ കഴിച്ചുകൂട്ടാവുന്ന ഒരു വൈക്കോൽ കിടക്ക കണ്ടു. ഒരുഭാഗവും അനക്കാൻ ശക്തിയില്ലാതെ കുറച്ചു നേരത്തേക്ക് അയാൾ അങ്ങനെത്തന്നെ ആ കിടക്കയിൽ കിടന്നു; അയാൾക്ക് അത്രയും കഠിനമായ ക്ഷീണമുണ്ടായിരുന്നു. പിന്നീട്, പുറത്തുള്ള പട്ടാളമാറാപ്പ് ഒരുപദ്രവമായിരുന്നതുകൊണ്ടും, എന്നുമാത്രമല്ല അതൊരു തലയണയായുപയോഗിക്കാൻ കൊള്ളാമെന്നു കണ്ടും, അയാൾ അതഴിച്ചെടുക്കാൻ ആരംഭിച്ചു. ആ സമയത്ത് പുറത്തുനിന്ന് ഒരു ഭയങ്കരമായ മുരളിച്ച കേട്ടു. അയാൾ തല പൊന്തിച്ചു നോക്കി. കുടിലിന്റെ ഉമ്മറത്തുള്ള ഇരുട്ടിൽ ഒരു കൂറ്റൻനായയുടെ തല പ്രത്യക്ഷമായി.

അത് ഒരു നായക്കൂടായിരുന്നു.

അയാൾതന്നെ നല്ല കരുത്തുള്ളവനും എന്തിനും മടിയില്ലാത്തവനുമാണ്; വടി കൈയിലെടുത്തു; പട്ടാളമാറാപ്പു പരിചയാക്കി; കീറിയ തന്റെ ഉടുപ്പിലെ തുളകൾക്കു വിസ്താരം വരുത്താതെ, കഴിയുന്ന വിധത്തിൽ, അയാൾ ആ നായക്കൂട്ടിൽനിന്നു പുറത്തുചാടി.

അങ്ങോട്ടു കടന്നതു പോലെത്തന്നെ അയാൾ തോട്ടത്തിന്റെ പുറത്തേക്കു കടന്നു; പക്ഷേ, പിന്നോക്കം നടന്നുകൊണ്ടാണ്. നായയെ കുറച്ചു നേരം ബഹുമാനിപ്പിച്ചു നിർത്തുന്നതിനുതന്നെ, അയാൾക്ക് തന്റെ വടികൊണ്ട്, വടിത്തല്ലിൽ പ്രമാണിത്തമുള്ളവർ പന്തീരാൻവീശൽ എന്നു പറയുന്ന പയറ്റ് കുറച്ചിട പ്രയോഗിക്കേണ്ടിവന്നു.

ബുദ്ധിമുട്ട് കൂടാതെയല്ല, വേലി വീണ്ടും കയറിക്കടന്നു, യാതൊരു നിലയുമില്ലാതെ, കഴിച്ചുകൂട്ടാൻ ഒരു സ്ഥലവുമില്ലാതെ, നിലം പൊത്തുവാൻ ഒരു ചെറ്റക്കുടിൽപോലുമില്ലാതെ, ആ വൈക്കോൽക്കിടക്കയിൽനിന്നും ആ നിസ്സാരമായ നായക്കൂട്ടിൽനിന്നും കൂടി ആട്ടിയോടിക്കപ്പെട്ട, ആ മനുഷ്യൻ, പിന്നേയും നിരത്തിൽ തനിച്ചായി എന്നു കണ്ടപ്പോൾ, അവിടെയുള്ള ഒരു കല്ലിന്മേൽ ഇരുന്നു, എന്നല്ല പറയേണ്ടത്, കുഴഞ്ഞുവീണു; അതിലേ കടന്നുപോയിരുന്ന ഒരു വഴിപോക്കൻ, അയാൾ ഇങ്ങനെ ഏതാണ്ട് നിലവിളിച്ചുപറഞ്ഞത് കേട്ടു എന്നു തോന്നുന്നു– ‘ഞാൻ ഒരു നായകൂടിയല്ല!’

വേഗത്തിൽ അയാൾ വീണ്ടും എണീറ്റു; നടന്നുതുടങ്ങി. കഴിച്ചുകൂട്ടുവാൻ വല്ല മരപ്പൊത്തോ തിരികല്ലിന്റെ കുഴിയോ കണ്ടേക്കുമെന്നാഗ്രഹിച്ച്, അയാൾ പട്ടണം വിട്ടു വയൽപ്രദേശങ്ങളിലേക്കു നടന്നു.

പിന്നേയും തല തുങ്ങിക്കൊണ്ട് അയാൾ കുറേ നേരംകൂടി നടന്നു. തീരെ ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെത്തി എന്നു കണ്ടപ്പോൾ അയാൾ തല പൊന്തിച്ചു നാലുപുറവും ഒന്നു സൂക്ഷിച്ചുനോക്കി. അയാൾ ഒരു വയലിൽ എത്തിയിരുന്നു. പറ്റേ വെച്ചു മുറിച്ച നെൽത്തണ്ടിൻകുറ്റികളാൽ മുടപ്പെട്ടവയും, കൊയ്ത്തുകഴിഞ്ഞ സമയത്ത് ക്ഷൌരം കഴിഞ്ഞ തലയുടെ ഛായ തോന്നിക്കുന്നവയുമായ ചെറുകുന്നുകളിൽ ഒന്ന് അയാളുടെ മുൻപിൽ നില്ക്കുന്നു.

ചക്രവാളാന്തം തികച്ചും കറുത്തിരുന്നു. ആ കറുപ്പ് മുഴുവനും രാത്രിയുടെ മങ്ങൽകൊണ്ടല്ല; വളരെ താഴ്‌ന്നിറങ്ങിവന്നതും, ആ കുന്നിന്മേൽ വിശ്രമിക്കുന്നതുപോലെയും പതുക്കെ ആകാശത്തേക്കു പിടിച്ചുകയറി ഏതിടത്തും പരന്നു ചെല്ലുന്നതുപോലെയും തോന്നപ്പെട്ടതുമായ മേഘപടലവും അതിന്ന് സഹായിച്ചു. അതിനിടയ്ക്ക്, ചന്ദ്രൻ പുറപ്പെടാറായതുകൊണ്ടും, സന്ധ്യാരാഗത്തിന്റെ ഒരവശേഷം ആകാശത്തിന്റെ മേൽഭാഗത്ത് അപ്പോഴുംതങ്ങി നിന്നിരുന്നതുകൊണ്ടും, ആ മേഘപടലം, ഒത്തമുകളിലായി, ഒരുമാതിരി വെള്ളക്കമാനത്തെ കെട്ടിയുണ്ടാക്കുകയും, അതിൽനിന്നുള്ള ഒരു പ്രകാശനാളം ഭൂമിയിൽ വന്നുതട്ടുകയും ചെയ്തിരുന്നു.

അതിനാൽ, ഒരു സവിശേഷമായ അലക്ഷ്മി പിടിച്ചപോലുള്ള ആ ആകാശത്തേക്കാൾ, ഭൂമി കുറേക്കൂടി തെളിഞ്ഞിരുന്നു; എന്നല്ല, മോശവും ദാരിദ്ര്യം പിടിച്ചതുമായ ആ ചെറുകുന്നിന്റെ സ്വരൂപം കരുവാളിപ്പുള്ള ചക്രവാളത്തിനു മുൻപിൽമങ്ങിയും വിളർത്തും കാണപ്പെട്ടു. ആകപ്പാടെ ഏതിടവും കാഴ്ചയിൽ മോശവും വികൃതവും ഏതാണ്ട് നീചവും ദുഃഖകരവുമായിരുന്നു.

ആ വയലിലാവട്ടേ കുന്നിന്മേലാവട്ടേ, നമ്മുടെ വഴിപോക്കന്റെ കുറച്ചു ദൂരെ മുൻപിലായി വിറച്ചും ചുളിക്കൊണ്ടുമുള്ള ഒരു ‘കൊഴിഞ്ഞുപിടിച്ചു’ മരമല്ലാതെ, മറ്റൊന്നുമുണ്ടായിരുന്നില്ല.

പ്രകൃതിയുടെ അത്ഭുതകരമായ അന്തർഭാഗത്തേക്ക് നോക്കുന്ന സ്വഭാവമോ സാമർഥ്യമോ ലേശമെങ്കിലും ഉണ്ടാവാൻ വയ്യാത്ത ഒരുവനാണ് ആ വഴിപോക്കനെന്നു കാണപ്പെട്ടിരുന്നു എങ്കിലും, ആ ആകാശത്തും, ആ കുന്നിന്മേലും, ആ വയലിലും, ആ മരത്തിന്മേലും, അത്രമേൽ ഭയജനകമായ ഒരു തികഞ്ഞ ശുന്യതയുണ്ടായിരുന്നു; അതിനാൽ ഒരു നിമിഷനേരത്തേക്ക് അയാൾ മരവിച്ചും മനോരാജ്യത്തിൽ മുങ്ങിയും നിന്നതിനു ശേഷം, പെട്ടെന്ന് പിന്നോക്കം തിരിഞ്ഞു. പ്രകൃതി എതിർപക്ഷത്തിലാണെന്നു തോന്നിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്.

അയാൾ പിന്നോക്കം മടങ്ങി; ഡി.യിലെ കോട്ടവാതിൽ അടച്ചിരിക്കുന്നു. മതസംബന്ധികളായ യുദ്ധങ്ങളുടെ കാലത്തു പല ആക്രമണങ്ങളേയും തടുത്തു നിന്നിട്ടുള്ളൊന്നായ ഡി. പട്ടണം അന്നും. 1815–ലും, അടുത്തടുത്തു ചതുരത്തിലുള്ള ഗോപുരങ്ങളോടുകൂടിയ കോട്ടമതിലുകളാൽ ചുറ്റപ്പെട്ടിരുന്നു; അവയെയെല്ലാം പിന്നീട് നശിപ്പിച്ചുകളഞ്ഞു. അയാൾ ഒരു വിടവിലൂടെ അകത്തു കടന്നു; വീണ്ടും പട്ടണത്തിന്നുള്ളിലായി.

അപ്പോൾ ഏകദേശം രാത്രി എട്ടു മണിയായിരിക്കണം. തെരുവൊന്നും പരിചയമില്ലാത്തതുകൊണ്ട് അയാൾ കണ്ട വഴിയിലൂടെ നടന്നു.

അങ്ങനെ അയാൾ മതാചാര്യസ്ഥലത്തെത്തി; പിന്നീടു പള്ളിവക വിദ്യാലയം കടന്നു. വലിയ പള്ളിക്കു മുൻപിലൂടെ പോകുമ്പോൾ അയാൾ പള്ളിക്കു നേരെ മുഷ്ടി ചുരുട്ടിക്കാണിച്ചു.

ഈ വഴിയുടെ അറ്റത്തുള്ള മൂലയിൽ ഒരച്ചുകൂടമുണ്ട്. എൽബദ്വീപിൽനിന്നു കൊണ്ടുവന്നതും നെപ്പോളിയൻതന്നെ പറഞ്ഞുകൊടുത്തെഴുതിച്ചതുമായി പൊതു ഭടസംഘത്തോടുള്ള ചക്രവർത്തിയുടേയും രക്ഷാസൈന്യത്തിന്റേയും വക വിളംബരം ഒന്നാമതായി അച്ചടിച്ചത് ഈ അച്ചുകൂടത്തിലാണ്.

ക്ഷീണംകൊണ്ടു കുഴഞ്ഞും, മനസ്സിൽ യാതൊരു ആഗ്രഹത്തിനും ഇടയില്ലാതെയും, ആ മനുഷ്യൻ അച്ചുകൂടത്തിന്റെ ഉമ്മറത്തുള്ള ഒരു കല്ലുബെഞ്ചിന്മേൽ ചെന്നുവീണു.

ആ സമയത്തു പള്ളിയിൽനിന്ന് ഒരു വൃദ്ധ പുറത്തേക്കു കടന്നു. ആ കിടക്കുന്നമനുഷ്യനെ ആ സ്ത്രീ ഇരുട്ടിലൂടെ കണ്ടു. ‘സ്നേഹിതാ, എന്താണ് നിങ്ങളവിടെ കാണിക്കുന്നത്?’ അവൾ ചോദിച്ചു.

അയാൾ ദേഷ്യത്തോടും നീരസത്തോടും കൂടി പറഞ്ഞു: ‘എന്റെ സുശീലയായ അമ്മേ, നിങ്ങൾ കാണുന്നതുപോലെ, ഞാൻ ഇവിടെ കിടന്നുറങ്ങുകയാണ്.’

ആ സുശീലയായ അമ്മ, ആ പേരിനെ വാസ്തവമായർഹിക്കുന്ന മാർക്കിസ് ദ് ആർ ആയിരുന്നു.

‘ഈ ബെഞ്ചിന്മേലോ?’ ആ മാർക്കിസ് തുടർന്നു ചോദിച്ചു.

പന്ത്രണ്ടു കൊല്ലത്തോളമായി എനിക്കു മരംകൊണ്ടുള്ള വിരിപ്പായിരുന്നു കിടക്കാൻ.’ അയാൾ പറഞ്ഞു: ‘ഇന്നു കല്ലുകൊണ്ടുള്ളതായി.’

‘നിങ്ങൾ ഒരു പട്ടാളക്കാരനായിരിക്കാം?’

‘അതേ, എന്റെ സുശീലയായ അമ്മേ, ഒരു പട്ടാളക്കാരൻ.’

‘നിങ്ങൾ എന്തുകൊണ്ടു ഹോട്ടലിൽ പോയില്ല?’

‘എന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ട്.’.

‘കഷ്ടം!’ മാർക്കിസ് പറഞ്ഞു, ‘എന്റെ കയ്യിൽ ആകെ നാലു സൂവേ ഉള്ളൂ.’

‘എന്തെങ്കിലുമാവട്ടെ, അതെനിക്കു തരു.’

ആ മനുഷ്യൻ ആ നാല് സൂവും വാങ്ങി. മാർക്കിസ് തുടർന്നു പറഞ്ഞു: ഇത്രയും കുറഞ്ഞ സംഖ്യക്ക് ഹോട്ടലിൽ നിങ്ങൾക്കു സ്ഥലം കിട്ടില്ല. അപ്പോൾ, നിങ്ങൾ അന്വേഷിച്ചുനോക്കിയോ? ഇങ്ങനെ രാത്രി കഴിച്ചുകൂട്ടുവാൻ നിങ്ങളെക്കൊണ്ടു സാധിക്കില്ല. നിങ്ങൾക്കു തണുപ്പും വിശപ്പുമുണ്ട്, സംശയമില്ല. ദയ വിചാരിച്ചു നിങ്ങൾക്ക് ആരെങ്കിലും ഒരു താമസസ്ഥലം തരേണ്ടിയിരുന്നു.’

‘ഞാൻ എല്ലാ വാതില്ക്കലും ചെന്നു ചോദിച്ചുകഴിഞ്ഞു.’

‘എന്നിട്ട്?’

‘എവിടെനിന്നും എന്നെ തച്ചാട്ടിയതേ ഉള്ളൂ.’

ആ ‘സുശീലയായ അമ്മ’ അയാളുടെ കൈ പിടിച്ചു. തെരുവിന്റെ അങ്ങേവശത്തു മെത്രാന്റെ അരമനയ്ക്കടുത്തുള്ള ഒരു ചെറിയ ഉയരം കുറഞ്ഞ വീടു കാണിച്ചുകൊടുത്തു. ‘നിങ്ങൾ എല്ലാ വാതില്ക്കലും ചെന്നു വിളിച്ചു?’

‘ഉവ്വ്,’

‘ആ ഒരു വീട്ടിൽ പോയോ?’

‘ഇല്ല.’

‘അവിടെ പോയി വിളിക്കു.’

കുറിപ്പുകൾ

[1] ഭരണപരിവർത്തനത്തിൽ പ്രവർത്തിച്ച ഒരു പ്രമുഖ നേതാവ്, പതിനാറാമൻ ലൂയിയെ ബന്ധനസ്ഥനാക്കുന്നതിനും പിന്നീടു ശിരച്ഛേദം ചെയ്യുന്നതിനും ഇദ്ദേഹം വളരെ പരിശ്രമിച്ചിട്ടുണ്ട്.

[2] ഓരോ ഹോട്ടലിന്റേയും ഉമ്മറത്ത് ഇങ്ങനെ എന്തെങ്കിലും ഒരടയാളം വെയ്ക്കുക പതിവുണ്ട്.

[3] നെപ്പോളിയന്റെ വലിയ ഒരു സുഹൃത്തും വിശ്വസ്തനും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.