images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.13
ഴെർവെയ്ക്കുട്ടി

പറക്കുംപോലെ ഴാങ് വാൽഴാങ് പട്ടണത്തിൽനിന്നു കടന്നു. മുൻപിൽക്കണ്ടനിരത്തിലൂടെയും വഴികളിലൂടെയുമെല്ലാം, ഇളവില്ലാതെ, പോയ വഴിതന്നെ പിന്നിടുകയാണെന്നുള്ള ഓർമകൂടാതെ, അയാൾ വയൽപ്രദേശങ്ങളിലൂടെ കുതിച്ചു നടന്നു. രാവിലെ നേരം മുഴുവനും അയാൾ അങ്ങനെ ചുറ്റിയലഞ്ഞു; യാതൊന്നും ഭക്ഷിക്കുകയാവട്ടെ വിശപ്പുണ്ടെന്നറിയുകയാവട്ടെ ഉണ്ടായിട്ടില്ല. അഭൂതപുൂർവങ്ങളായ അനവധി മനോവികാരങ്ങൾക്ക് അയാളൊരിരയായി. ഒരുമാതിരി ദേഷ്യം തോന്നിയിരുന്നു എന്നയാൾക്കറിയാം; അത് ആരുടെ നേരെയാണെന്ന് നിശ്ചയമില്ല. തനിക്കു വ്യസനം തോന്നുന്നുണ്ടോ, അല്ലെങ്കിൽ തനിക്കവമാനമായി എന്ന വിചാരമുണ്ടോ എന്ന് അയാളെക്കൊണ്ടു പറയാൻ സാധിക്കില്ല. ചില സമയത്ത് ഒരത്ഭുതകരമായ വികാരം അയാളെ കടന്നുബാധിച്ചിരുന്നു; പക്ഷേ, അതിനോടയാൾ യുദ്ധംവെട്ടി-കഴിഞ്ഞ ഇരുപതു കൊല്ലംകൊണ്ടു സമ്പാദിച്ചിട്ടുള്ള മനഃകാഠിന്യത്തെ അയാൾ അതിനുനേർക്കു മറിച്ചു. ഈ നില അയാളെ ക്ഷീണിപ്പിച്ചു. താൻ അനുഭവിച്ചിട്ടുള്ള ദുഃഖത്തിന്റെ അന്യായ്യ്യതായാലുണ്ടാക്കിക്കൊടുക്കപ്പെട്ട ഒരു വല്ലാത്ത ശാന്തത തന്നിൽനിന്ന് സ്വയം ഇല്ലാതായിപ്പോകുന്നുവെന്ന് കണ്ട് അയാൾ ഭയപ്പെട്ടു. അതിനുപകരം എന്താണുണ്ടാവുകയെന്ന് അയാൾ തന്നോടുതന്നെചോദിച്ചു. തടവുപുരയിൽ പൊല്ലീസ്സുകാരുടെ ഇടയിൽത്തന്നെയായാൽ കൊള്ളാമായിരുന്നു എന്ന് അയാൾ ചിലപ്പോൾ വാസ്തവമായാഗ്രഹിക്കും; അങ്ങനെയാണെങ്കിൽ മനസ്സിന് അസ്വാസ്ഥ്യം ഇത്രയുണ്ടാകുമായിരുന്നില്ല. പൂക്കളുടെ കാലംഏതാണ്ട് കഴിയാറായി എങ്കിലും, അവിടവിടെ മാട്ടത്തിന്റെ വക്കത്ത് കുറേ വൈകിപ്പൂത്ത ചുരുക്കം ചില പുഷ്പങ്ങൾ നിന്നിരുന്നു; ഓട്ടത്തിന്നിടയ്ക്ക്, അവയുടെ നടുവിലൂടെ പോകുമ്പോൾ, ആ പുഷ്പസഞ്ചയത്തിൽനിന്ന് പുറപ്പെടുന്ന പരിമളംതന്റെ കുട്ടിക്കാലത്തെ ചില ഓർമകളെ അയാളിൽ അങ്കുരിപ്പിച്ചു. ആ സ്മരണകൾ അയാൾക്ക് ഏറെക്കുറെ അസഹനീയങ്ങളായിരുന്നു; അവ അയാൾക്കുണ്ടായിട്ടു കാലം വളരെയായി.

വാചാതീതങ്ങളായ മനോവൃത്തികൾ ഇങ്ങനെ പകൽസ്സമയം മുഴുവനും അയാളുടെ ഉള്ളിൽ കൂട്ടംകൂടിക്കൊണ്ടിരുന്നു.

ഓരോ മണൽത്തരിയിൽനിന്നും നീണ്ട നിഴലുകളെ നിലത്തു പരത്തിക്കൊണ്ട് സുര്യൻ അസ്തമയത്തിനടുത്തു ചെന്നതോടുകൂടി, പാടലവർണത്തിൽ കിടക്കുന്ന ഒരു വലിയ മൈതാനത്തിൽ-അതു തികച്ചും വിജനമായിരുന്നു. ഒരു കുറ്റിക്കാട്ടിന്റെ പിന്നിലായി ഴാങ് വാൽഴാങ് ഒരിടത്തിരുന്നു. ചക്രവാളാന്തത്തിനു മുകളിൽ ആൽപ്സ് പർവതമല്ലാതെ മറ്റൊന്നുമില്ല. ദൂരത്തെങ്ങാനുമുള്ള ഒരു ഗ്രാമത്തിന്റെ ഗോപുരാഗ്രംപോലും കാണ്മാനില്ല. ഡി. പട്ടണത്തിൽനിന്ന് ഴാങ് വാൽഴാങ് മൂന്നുകാതം ദൂരത്തായിരിക്കണം. മൈതാനത്തെ മുറിച്ചുകൊണ്ടുള്ള വഴി ആ കുറ്റിക്കാട്ടിൽനിന്ന് കുറച്ചടി ദൂരത്തൂടെ പോകുന്നു.

ഈ മനോരാജ്യത്തിന്നിടയിൽ—അയാളെ അവിടെവെച്ചു വല്ലവരും കണ്ടുമുട്ടാനിടയാകുന്ന പക്ഷം, അങ്ങനെയുള്ള ആർക്കുംതന്നെ അയാളുടെ മേൽ കിടക്കുന്ന കീറയുടുപ്പു കുറേക്കൂടി ഭയങ്കരമായിത്തോന്നുവാൻ കുറച്ചൊന്നുമല്ല അതുപയോഗപ്പെടുക—ഒരു സന്തോഷമയമായ ശബ്ദം കേൾക്കായി.

അയാൾ തിരിഞ്ഞുനോക്കി; പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടി തന്റെ കമ്പിവാദ്യം അരക്കെട്ടിലും തന്റെ മലയണ്ണാൻകൂടു പുറത്തും കെട്ടിത്തൂക്കി ആ വഴിയിലൂടെ പാടിക്കൊണ്ടുവരുന്നത് അയാൾ കണ്ടു.

കാലുറകളിലെ കീറലുകളിലൂടെ കാൽമുട്ടുകൾ പുറത്തു കാണിച്ചുംകൊണ്ട് ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കായി അലഞ്ഞുനടക്കുന്നവരായ ആ പാവങ്ങളും ആഹ്ലാദവാന്മാരുമായ കുട്ടികളുടെ കൂട്ടത്തിൽ ഒരുവൻ.

ആ കുട്ടി, തന്റെ പാട്ടു നിരത്താതെതന്നെ നടക്കുന്നതിനിടയിൽ അപ്പപ്പോൾനിന്നു, കൈയിലുണ്ടായിരുന്ന ചില നാണ്യങ്ങളെക്കൊണ്ടു്—പക്ഷേ, അതായിരിക്കാം അവന്റെ ആകെയുള്ള സ്വത്ത്-തിരിച്ചും മറിച്ചും വിരൽച്ചേർപ്പുകളിലിട്ട് അമ്മാനമാടിയിരുന്നു.

ആ പണത്തിന്റെ കൂട്ടത്തിൽ ഒരു നാല്പതു സൂ നാണ്യമുണ്ട്.

ഴാങ് വാൽഴാങ് ഇരിക്കുന്നത് കാണാതെ, അവൻ ആ കുറ്റിക്കാടിന്റെ അടുത്തെത്തിയപ്പോൾ, അവിടെനിന്ന് തന്റെ കൈയിലുള്ള സൂ നാണ്യമൊട്ടുക്കും മേല്പോടിട്ടു; അതേവരെ താഴെ വീഴുന്ന നാണ്യം മുഴുവനും നല്ല സാമർഥ്യത്തോടുകൂടി അവൻ പുറംകൈകൊണ്ട് പിടിച്ചിരുന്നു.

ഈ പ്രാവശ്യം ആ നാല്പതു സൂ നാണ്യം കൈയിൽനിന്നു വഴുതിപ്പോയി; അത് ഉരുണ്ടുരുണ്ടു കുറ്റിക്കാടിന്റെ അടുത്തെത്തി, ഴാങ് വാൽഴാങ് ഇരിക്കുന്നേടത്തു ചെന്നു വീണു.

ഴാങ് വാൽഴാങ് അതിന്റെ മീതെ കാൽ വെച്ചു.

ഈയിടയ്ക്കു കുട്ടി നാണ്യം തിരിഞ്ഞുനോക്കി, അയാളെ കണ്ടു.

അവൻ ഒട്ടും പരിഭ്രമിച്ചില്ല; നേരെ അയാൾ ഇരിക്കുന്നേടത്തേക്കു ചെന്നു.

ആ പ്രദേശത്തെങ്ങും മറ്റൊരാളില്ല. ആ വയലിലാവട്ടേ വഴിയിലാവട്ടേ കണ്ണെത്താവുന്നേടത്തോളം സ്ഥലത്തെങ്ങും ഒരു മനുഷ്യനുമില്ല. പറന്നു പോകുന്ന ഒരു കൂട്ടം പക്ഷികളുടെ ചെറുതും നേരിയതുമായ കൂകൽ മാത്രമേ ഒരു ശബ്ദമായിട്ടുള്ളു; ആ പക്ഷികൾ വളരെ ദൂരത്തുടെ പറന്ന് ആകാശം പിന്നിടുകയാണ്. ആ കുട്ടി സൂര്യനു പുറംതിരിഞ്ഞാണ് നിന്നിരുന്നത്. ആ അസ്തമയസൂര്യൻ അവന്റെ തലമുടിയിൽ സ്വർണക്കമ്പികൾ കൂട്ടിച്ചേർക്കുകയും, പൈശാചികമായ ഴാങ് വാൽഴാങ്ങിന്റെ മുഖത്തെ തന്റെ രക്തവർണമായ രശ്മികൊണ്ട തുടുപ്പിക്കുകയും ചെയ്യുന്നു.

‘സേർ. കഥയില്ലായ്മയും ദുഷ്ടില്ലായ്മയും നിറഞ്ഞു, കുട്ടികൾക്കുള്ള വിശ്വാസത്തോടുകൂടി ആ ചെറുക്കൻ പറഞ്ഞു, ‘എന്റെ പണം.’

‘നിന്റെ പേരെന്താണ്?’ ഴാങ് വാൽഴാങ് ചോദിച്ചു.

‘ഴെർവെയ്ക്കുട്ടി, സേർ.’

‘പോ കടന്ന്,’ ഴാങ് വാൽഴാങ് പറഞ്ഞു.

‘സേർ,’ ആകുട്ടി ആവർത്തിച്ചു. ‘എന്റെ പണം എനിക്കു മടക്കിത്തരു.’

ഴാങ് വാൽഴാങ് തല തൂക്കിയിട്ടു; മറുപടിയൊന്നും പറഞ്ഞില്ല.

കുട്ടി പിന്നെയും തുടങ്ങി: ‘സേർ എന്റെ പണം.’

ഴാങ് വാൽഴാങ്ങിന്റെ കണ്ണു നിലത്തു പതിഞ്ഞുനിന്നതേ ഉള്ളൂ.

‘എന്റെ പണം!’ കുട്ടി നിലവിളിച്ചു. ‘എന്റെ ആ വെളുത്ത തുട്ട്! എന്റെ വെള്ളി നാണ്യം!’

ഴാങ് വാൽഴാങ് അവന്റെ വാക്കുകൾ കേട്ടില്ലെന്നപോലെ തോന്നി. കുട്ടി അയാളുടെ കഴുത്തുപട്ട പിടിച്ചു കുലുക്കി. അതോടുകൂടി തന്റെ സ്വത്തിനു മുകളിൽനിന്ന് ആ ഉരിമ്പുലാടൻ വെച്ച പാപ്പാസിനെ പിടിച്ചുമാറ്റുവാൻ യത്നിച്ചു.

‘എനിക്ക് എന്റെ പണം കിട്ടണം! എന്റെ നാല്പതു സു.’

‘കൂട്ടി കരഞ്ഞുതുടങ്ങി. ഴാങ് വാൽഴാങ് മുഖം പൊക്കി. അയാൾ അപ്പോഴും ഇരിക്കുകയാണ്. അയാളുടെ നോട്ടമിളകി. അയാൾ ഒരുതരം അമ്പരപ്പോടുകുടി ആകുട്ടിയെ സൂക്ഷിച്ചുനോക്കി; എന്നിട്ട് അയാൾ തന്റെ പൊന്തൻവടിക്കു നേരെ കൈ നീട്ടി. ഒരു ഭയങ്കരശബ്ദത്തിൽ ഉറക്കെ ചോദിച്ചു, ‘ആരത്?

‘ഞാൻ, സേർ, കുട്ടി മറുപടി പറഞ്ഞു: ‘ഴെർവെയ്ക്കുട്ടി! ഞാൻ! ഇഷ്ടമുണ്ടെഒടിൽ, എന്റെ ആ നാല്പതു സു എനിക്കു തരു. ഇഷ്ടമുഴ്ടങ്കിൽ, സേർ,നിങ്ങളുടെ കാലൊന്നെടുക്കു!’

എന്നിട്ടു ശുണ്ഠിയെടുത്തു, കുട്ടിയാണെങ്കിലും ഏതാണ്ട് പേടിപ്പെടുത്തുന്നവിധത്തിൽ, അവൻ പറഞ്ഞു: ആട്ടെ നിങ്ങൾ നിങ്ങളുടെ കാലെടുക്കുമോ, ഇല്ലയോ?കാലെടുത്തോളു. ഇല്ലെങ്കിൽ കാട്ടിത്തരാം!’

‘ഹാ! പിന്നേയും പോയിട്ടില്ല! ഴാങ് വാൽഴാങ് പറഞ്ഞു; അയാൾ ഉരുന്നേടത്തുനിന്നെണീറ്റ്, അപ്പോഴും ആ നാണൃത്തിന്മേൽത്തന്നെ കാൽവെച്ചുകൊണ്ടുനിന്നു,

തുടർന്നു പറഞ്ഞു: ‘പോകുന്നുവോ കടന്ന്?’

പേടിച്ചുപോയ കുട്ടി അയാളെ തുറിച്ചുനോക്കി; ഉടനെ അവൻ അടിമുതൽ മുടിവരെ വിറയ്ക്കാൻ തുടങ്ങി; ആവിധം കുറച്ചുനേരം അമ്പരന്നു നിന്നതിനുശേഷം, അവൻ കഴിയുന്ന വേഗത്തിൽ ഒരോട്ടം കൊടുത്തു; കഴുത്തൊന്നു തിരിച്ചുനോക്കാനോ നിലവിളിക്കുവാനോ അവന്നു ധൈര്യമുണ്ടായില്ല.

എന്തായാലും, കുറച്ചു ദൂരം ചെന്നപ്പോൾ ശ്വാസം കിട്ടാതെ അവന്നു നിൽക്കേണ്ടി വന്നു; ആ കുട്ടിയുടെ തേങ്ങൽ, ഴാങ് വാൽ ഴാങ് തന്റെ മനോരാജ്യത്തിന്നിടയിൽ കേട്ടു.

കുറച്ചു നിമിഷങ്ങൾകുടി കഴിഞ്ഞു; കുട്ടിയെ കാണാതായി.

സൂര്യൻ അസ്തമിച്ചിരിക്കുന്നു. ഴാങ് വാൽഴാങ്ങിന്റെ ചുറ്റും ഇരുട്ടു വന്നുകൂടി ത്തുടങ്ങി. അന്നത്തെ പകൽ മുഴുവനും അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; അയാൾക്കു പനിയുള്ളതുപോലെ തോന്നി.

അയാൾ നില്ക്കുകതന്നെയാണ്; ആ കുട്ടി പാഞ്ഞുപോയതിനു ശേഷം അയാളുടെ നിലയ്ക്കു യാതൊരു ഭേദവും വന്നിട്ടില്ല. ഇടവിട്ടും ക്രമംതെറ്റിയുമുള്ള ശ്വാസഗതി അതിനൊത്ത് അയാളുടെ മാറിടത്തെ തുളുമ്പിച്ചു. തന്റെ മുൻപിൽ പത്തോപ്രന്തണ്ടോ അടി ദൂരത്തായി പതിഞ്ഞിരുന്ന അയാളുടെ നോട്ടം പുല്ലിൽ വീണു കിടന്നിരുന്ന ഒരു പഴയ നീലച്ചട്ടിയുടെ ആകൃതിയെ സൂക്ഷിച്ചുനോക്കുന്നതു പോലെ തോന്നി. പെട്ടെന്ന് അയാൾ ആകെ കുടഞ്ഞുവിറച്ചു: വൈകുന്നേരത്തെ കാറ്റിന്റെ തണുപ്പ് അയാൾക്കനുഭവപ്പെടാൻ തുടങ്ങി.

അയാൾ തൊപ്പി നെറ്റിമേൽ കുറേക്കൂടി അമർത്തിയുറപ്പിച്ചു; ഒരു പാവയുടെ മട്ടിൽ അടിക്കുപ്പായത്തിന്റെ തുറന്ന ഭാഗം കൂട്ടിയടുപ്പിച്ചു കുടുക്കിട്ടു; ഒരടി മുമ്പോട്ടു ചെന്നു; പൊന്തൻവടി എടുക്കുവാൻ കുമ്പിട്ടു.

ആ സമയത്ത് ആ നാല്പതു സൂ നാണ്യം അയാൾ കണ്ടെത്തി; അയാളുടെകാൽ അതിനെ മണ്ണിൽ പകുതി പുഴത്തിയിരുന്നു; അതു മണൽത്തരികളുടെ കൂട്ടത്തിൽ കിടന്നു മിന്നുന്നു. ആ കാഴ്ച അയാളുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർപായിച്ചതുപോലെ തോന്നി. ‘എന്താ ഇത്?’ പല്ലിന്നിടയിലൂടെ അയാൾ പിറുപിറുത്തു. അയാൾ രണ്ടുമുന്നടി പിന്നോക്കം വാങ്ങിപ്പോയി; അവിടെ ആ ഉരുട്ടത്തു മിന്നിക്കൊണ്ടു കിടക്കുന്ന ആ സാധനം തന്റെ നേരെ ഇമ വെട്ടാതെ സൂക്ഷിച്ചു നോക്കുന്ന ഒരു തുറിച്ച ദൃഷ്ടിയാണെന്നവിധം, തന്റെ കാൽ അപ്പോൾത്തന്നെ ചവിട്ടിത്താഴ്ത്തിയ നിലത്തുനിന്നു കണ്ണെടുക്കുവാൻ ശക്തിയില്ലാതെ, അയാൾ അവിടെ സ്തംഭിച്ചുനിന്നു.

കുറച്ചുനിമിഷങ്ങൾ കഴിഞ്ഞ ഉടനെ അപസ്മാരമട്ടിൽ അയാൾ ആ വെള്ളിനാണയത്തിന്റെ അടുക്കലേക്ക് പിടഞ്ഞുചെന്നു, അതു കടന്നെടുത്തു; പിന്നേയും നീണ്ടുനിവർന്നുനിന്നു. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തേക്കു സൂക്ഷിച്ചു നോക്കാൻ തുടങ്ങി; അതോടുകുടിത്തന്നെ, രക്ഷപ്പെടുവാൻ എന്തുവേണ്ടു എന്ന അന്വേഷിക്കുന്ന ഒരു കാട്ടുമൃഗത്തെപ്പോലെ അയാൾ ചക്രവാളത്തിന്റെ എല്ലാ വശത്തേക്കും കണ്ണോടിച്ചു.

അയാൾ യാതൊന്നും കണ്ടില്ല. രാത്രി കൂടിക്കൂടി വരുന്നു; മൈതാനം മങ്ങിയും തണുത്തും നില്ക്കുന്നു; സന്ധ്യാരാഗത്തിന്നിടയിൽ ഈതനിറത്തിലുള്ള വലിയ മൂടലുകൾ ഉയർന്നുകൂടുന്നുണ്ട്. അയാൾ ‘ഹാ!’ എന്നുച്ചത്തിൽ പറഞ്ഞു: ആ കുട്ടിയെ കാണാതായ ഭാഗത്തേക്ക് അയാൾ ക്ഷണത്തിൽ നടന്നു. ഏകദേശം മുപ്പതടി പോയപ്പോൾ അയാൾ അവിടെ നിന്നു, നാലുപുറവും നോക്കി; ഒന്നും കണ്ടില്ല.

ഉടനെ അയാൾ തന്നെക്കൊണ്ടു കഴിയുന്നേടത്തോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’

അയാൾ മിണ്ടാതെനിന്നു ചെവിയോർത്തു.

ഒരു മറുപടിയുമില്ല.

കണ്ണെത്തുന്നേടത്തെല്ലാം ഇരുട്ടടഞ്ഞിരിക്കുന്നു; അവിടെയെങ്ങും ഒരാളില്ല. ദിഗ്വിഭാഗത്താൽ അയാൾ ചുറ്റപ്പെട്ടു. അയാളുടെ ചുറ്റും യാതൊന്നുമില്ല. അയാളുടെനോട്ടം ലയിച്ചുമറിയുന്ന ഒരേകാന്തതയും, അയാളുടെ ശബ്ദം ആണ്ടുമുങ്ങിപ്പോകുന്ന ഒരു നിശ്ശബ്ദതയും മാത്രമുണ്ട്.

മഞ്ഞിൻകട്ടയുടെ തണുപ്പോടുകൂടിയ ഒരു വടക്കൻകാറ്റടിക്കുന്നു; അത് അയാളുടെ ചുറ്റുമുള്ള സകലത്തിന്മേലും ദുഃഖകരമായ ഒരു ജീവൻ പായിച്ചു. വിശ്വസിക്കാൻ വയ്യാത്ത ഉഗ്രതയോടുകൂടി ചെടിപ്പടർപ്പുകൾ തങ്ങളുടെ മെലിഞ്ഞു ചെറുതായ കൈകളെക്കൊണ്ടു പിടിച്ചിളക്കി. അവയെല്ലാം ആരെയോ പേടിപ്പെടുത്തുകയും ആരെയോ പിടികൂടുവാൻ പിൻചെല്ലുകയുമാണെന്നു തോന്നും..

പിന്നേയും അയാൾ നടന്നുതുടങ്ങി; ഉടനെ അയാൾ പായാനാരംഭിച്ചു. ഇടയ്ക്കിടയ്ക്കു നിന്നു, മനുഷ്യൻ കേട്ടിട്ടുള്ളവയിൽവെച്ച് ഏറ്റവും ഭയങ്കരവും ഏറ്റവും അസ്ധാസ്ഥ്യമയവുമായ ഒരു ശബ്ദത്തിൽ ആ ഏകാന്തതയുടെ ഉള്ളിലേക്ക് അയാൾ ഉറക്കെ നിലവിളിച്ചു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’

നിശ്ചയമായും അത് ആ കുട്ടി കേട്ടിരുന്നുവെങ്കിൽ, അവൻ വല്ലാതെ പേടിക്കുകയും അയാളുടെ മുൻപിലേക്ക് ഒരിക്കലും ചെല്ലാതിരിപ്പാൻ കഴിയുന്നതും സൂക്ഷിക്കുകയും ചെയ്യും. പക്ഷേ, ആ കുട്ടി വളരെ ദൂരത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

കുതിരപ്പുറത്തു വരുന്ന ഒരു മതാചാര്യനെ അയാൾ കണ്ടുമുട്ടി. അയാൾ അങ്ങോട്ടു ചെന്ന് ആ യാത്രക്കാരനോടു ചോദിച്ചു: ‘ഹേ, മതാചാര്യനവർകളേ,ഒരു കുട്ടി പോകുന്നതു നിങ്ങൾ കണ്ടുവോ?’

‘ഇല്ല,’ ആ മതാചാര്യൻ പറഞ്ഞു.

‘ഴെർവെയ്ക്കുട്ടി എന്നു പേരായ ഒരുവനെ?’

‘ഞാൻ ആരേയും കണ്ടിട്ടില്ല.’

ഴാങ് വാൽഴാങ് തന്റെ പണസ്സഞ്ചിയിൽനിന്ന് അയ്യഞ്ചു ഫ്രാങ്കിന്റെ രണ്ടുനാണ്യം വലിച്ചെടുത്തു മതാചാര്യന്റെ കൈയിൽ വെച്ചുകൊടുത്തു. ‘ഹേ, മതാചാര്യനവർകളേ, ഇതു നിങ്ങളുടെ പാവങ്ങൾക്കിരിക്കട്ടെ; ഒരു മലയണ്ണക്കൂടോടുംഒരു കമ്പിവാദ്യത്തോടുംകൂടി ഏകദേശം പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിയാണവൻ. നിങ്ങൾക്കറിയാമല്ലോ, തെണ്ടിക്കഴിയുന്ന കൂട്ടത്തിലുള്ള ഒരു കുട്ടി?’

‘ഞാനവനെ കണ്ടിട്ടില്ല.’

‘ഴെർവെയ്ക്കുട്ടി? ഇവിടെയെങ്ങും ഗ്രാമങ്ങളില്ലേ? നിങ്ങൾ പറഞ്ഞുതരാമോ?’

‘നിങ്ങൾ പറയുന്നവിധത്തിൽ ഒരാളാണെങ്കിൽ, അവൻ ഇവിടെ പുതുതായി വന്നതായിരിക്കണം. അങ്ങനെയുള്ളവർ ഇതിലെ കടന്നുപോകാറുണ്ട്. ഞങ്ങൾക്ക് അവരെപ്പറ്റി ഒന്നും അറിവില്ല.’

ഴാങ് വാൽഴാങ് പിന്നേയും രണ്ട് അയ്യഞ്ചു ഫ്രാങ്ക് നാണ്യങ്ങൾ വാരിയെടുത്തു മതാചാര്യന്റെ കൈയിലിട്ടു.

‘നിങ്ങളുടെ പാവങ്ങൾക്ക്,’ അയാൾ പറഞ്ഞു.

ഉടനെ അയാൾ ഒരു ഭ്രാന്തനെപ്പോലെ തുടർന്നു പറഞ്ഞു: ‘ഹേ, മതാചാര്യനവർകളേ, എന്നെ പൊല്ലീസ്സുകാരെക്കൊണ്ട് പിടിപ്പിക്കൂ. ഞാനൊരു കള്ളനാണ്.’

മതാചാര്യൻ കുതിരയെ ഈന്നിപ്പായിച്ചു: കലശലായി പേടിച്ചിട്ട് അവിടെനിന്നു പറപറന്നു.

താനാദ്യം വന്ന വഴിക്കു ഴാങ് വാൽഴാങ് ക്ഷണത്തിൽ പാഞ്ഞു.

സൂക്ഷിച്ചുനോക്കിയും, വിളിച്ചുനോക്കിയും, ഉറക്കെ കൂുക്കിയും, കുറച്ചധികംദൂരം അയാൾ പോയി; പക്ഷേ, ഒരാളേയും കണ്ടില്ല. ചാരിയിരിക്കുകയോ കുമ്ിട്ടിരിക്കുകയോ ചെയ്യുന്ന ഒരു മനുഷ്യനാണെന്നു സംശയം തോന്നിച്ച ചിലതിന്റെ അടുക്കലേക്കു രണ്ടോ മൂന്നോ തവണ അയാൾ വയലിലൂടെ പാഞ്ഞുചെന്നു: അത് ഏതാണ്ട് നിലത്തോടു പറ്റിനില്ക്കുന്ന ചെറുചെടികളോ പാറകളോ മാത്രമായിത്തീർന്നു. ഒടുവിൽ മൂന്നു വഴി കൂടിച്ചേരുന്ന ഒരിടത്ത്, അയാൾ നിന്നു. ചന്ദ്രൻ ഉദിച്ചുപൊങ്ങിയിരിക്കുന്നു. അയാൾ തന്റെ സുക്ഷ്മനോട്ടത്തെ ദൂരത്തേക്കയച്ചു നോക്കി; അവസാനത്തെത്തവണ ഉച്ചത്തിൽ നിലവിളിച്ചു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’ അയാളുടെ കൂക്കിവിളി ഒരു പ്രതിധ്വനിയെപ്പോലും പുറപ്പെടുവിക്കാതെ ഇരുളിന്നിടയിൽ വ്യാപിച്ചു ലയിച്ചു. എങ്കിലും അയാൾ ഒരിക്കൽക്കൂടി ‘ഴെർവെയ്ക്കുട്ടി’ എന്നു പതുക്കെ പറഞ്ഞു-പക്ഷേ, അതു ക്ഷീണിച്ചതും ഏതാണ്ടു കേൾക്കാൻ വയ്യാത്തതുമായ ഒരൊച്ചയിലാണ്. അത് അയാളുടെ ഒടുവിലത്തെ യത്നമായിരുന്നു; തന്റെ ദുഷ്ടമായ അന്തഃകരണത്തിന്റെ ഭാരംകൊണ്ട്, എന്തോ ഒരദൃശ്യശക്തി അയാളെ അമർത്തിയിട്ടതുപോലെ, പെട്ടെന്ന് ആ മനുഷ്യന്റെ കാൽ കുഴഞ്ഞു; ക്ഷീണിച്ച് ഒരു വലിയ കല്ലിന്മേൽ വിരണ്ടു വീണു; അയാളുടെ രണ്ടു മുഷ്ടികളും തലമുടിയിൽ മുറുകെപ്പിടിച്ചു; കാൽമുട്ടുകൾക്കിടയിൽമുഖം അമർത്തി, അയാൾ ഉറക്കെ നിലവിളിച്ചു: ‘ഞാൻ ഒരു ദുഷ്ടനാണ്.’

ഉടനെ അയാളുടെ മനസ്സ് തകർന്നു, അയാൾ കരയാൻ തുടങ്ങി. പത്തൊമ്പതു കൊല്ലമായിട്ട് അയാൾ അന്ന് ഒന്നാമതായിട്ടാണ് കരയുന്നത്.

മെത്രാന്റെ വീട്ടിൽനിന്നു മടങ്ങിയതുമുതൽ നമ്മൾ കണ്ടതുപോലെ അതേവരെ ഉണ്ടായിട്ടുള്ള വിചാരങ്ങളിൽനിന്നെല്ലാം ഴാങ് വാൽഴാങ് ഒന്നപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു. വാസ്തവമായി വെച്ചുനടക്കുന്നതെന്തോ അതിനോടു വഴിപ്പെടുവാൻ അയാൾക്കു കഴിഞ്ഞില്ല. ആ വയസ്സന്റെ ദേവതുല്യമായ സൽപ്രവൃത്തിയോടും, ‘ഒരു സത്യവാനായി കഴിയുവാൻ നിങ്ങൾ എന്നോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ ഞാൻ വിലയ്ക്കു വാങ്ങുന്നു.അതിനെ ഞാൻ നരകദേവതയുടെ അടുക്കൽ നിന്നു വീണ്ടെടുക്കുന്നു; ഞാൻ അതിനെ ദയാലുവായ ഈശ്വരങ്കൽ സമർപ്പിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ സൗനമ്യവാക്കുകളോടും, തടഞ്ഞുനില്ക്കുവാൻ അയാൾ തന്നത്തന്നെ വെറുങ്ങലിപ്പിച്ചു.

ഇത് അയാളുടെ മനസ്സിൽ പിന്നേയും പിന്നേയും കടന്നുവന്നു. ഈ ദേവോചിതമായ ദയയെ അയാൾ അഹങ്കാരംകൊണ്ട്—അതേ, നമ്മുടെ ഉള്ളിൽ ദുഷ്ടതയ്ക്കുള്ള രക്ഷാസ്ഥാനമായ അഹങ്കാരംകൊണ്ട്—തടഞ്ഞു. അതേവരെയായി തന്റെ ഉള്ളിൽത്തട്ടിയിട്ടുള്ളതിലെല്ലാം വെച്ച് ഏറ്റവും വമ്പിച്ച ആക്രമണവും ഏറ്റവും ഭയങ്കരമായ അതിക്രമവും ആ മതാചാര്യന്റെ മാപ്പുതരലാണെന്നും: ഈ ദയാലുത്വത്തോട് എതിർത്തു ജയിച്ചാൽ തന്റെ മനഃശഠത എന്നെന്നേക്കും ഉറച്ചം കഴിഞ്ഞു എന്നും; താൻ അതിനു വഴങ്ങിക്കൊടുക്കുന്നപക്ഷം, അത്രയുമധികം കൊല്ലങ്ങളോളമായി മറ്റുള്ളവരുടെ പ്രവൃത്തികൾമുലം തന്നിൽ നിറഞ്ഞുനില്ക്കക്കുന്നതും തന്നെ രസം പിടിപ്പിക്കുന്നതുമായ ദ്വേഷത്തെ താൻ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നും; ജയിക്കുകയോ ജയിക്കപ്പെടുകയോ രണ്ടിലൊന്ന ഇത്തവണ ചെയിതേ കഴിയു എന്നും; തന്റെ ദുസ്ത്ഭാവവും ആ മനുഷ്യന്റെ സത്വഭാവവും കൂടി വമ്പിച്ചതും അവസാനത്തേതുമായ ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നും അയാൾക്കു തുലോം അസ്പഷ്ടതരമായ ഒരു ബോധമുണ്ടായിരുന്നു.

ഈ വെളിച്ചങ്ങൾക്കു മുൻപിൽ അയാൾ ഒരുന്മത്തനെപ്പോലെ നടന്നു. അങ്ങനെ കുണ്ടിൽപ്പോയ കണ്ണുകളോടുകൂടി നടന്നുപോകുമ്പോൾ, ഡി.യിൽവെച്ചുണ്ടായ അത്ഭുതസംഭവത്തിന്റെ ഫലമായി തനിക്കു വരാൻ പോകുന്നതെന്താണെന്ന് അയാൾക്കു വ്യക്തമായ ഒരു ബോധം ഉണ്ടായിരുന്നുവോ? ജീവകാലത്തിൽ ചില സമയങ്ങളിൽ ആത്മാവിനെ ഉപദേശിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തു കാണാറുള്ള ആ അത്ഭുതകരങ്ങളായ പിറുപിറുക്കലുകളെല്ലാം അയാൾക്കു മനസ്സിലായോ? തന്റെ ദൈവഗതിയെ സംബന്ധിച്ചുള്ള ഒരു വിശിഷ്ടഘട്ടത്തെ അയാൾ അതാ കടന്നു എന്ന്; രണ്ടിലൊന്നിൽ നടക്കുകയല്ലാതെ നടുവിലൂടെ അയാൾക്കിനി മാർഗമില്ലെന്ന്; ലോകത്തിൽവെച്ചു നല്ലവനായിത്തീരാത്ത പക്ഷം, അയാൾ ലോകത്തിൽവെച്ചു വലിയ ദുഷ്ടനായിക്കലാശിക്കുമെന്ന്; ഒന്നുകിൽ മെത്രാനിലും ഉയർന്ന പദവിയെടുക്കുക, അല്ലെങ്കിൽ തടവു പുള്ളിയിലും താഴത്തേക്കുവീഴുക എന്നു പറയട്ടെ, രണ്ടിലൊന്നു ചെയ്യുന്നത് ഇപ്പോൾ ഉചിതമായിരിക്കുമെന്ന്; നന്നായിത്തീരുവാൻ ആഗ്രഹിക്കുന്ന പക്ഷം അയാൾ ഒരു ദേവതുല്യനായിത്തീരണമെന്ന്; ദുഷ്ടനായിത്തന്നെ കഴിയണമെന്നാണ് ആഗ്രഹമെങ്കിൽ അയാൾ ഒരു രാക്ഷസനായിത്തീരണമെന്ന് ഒരു ചെറുശബ്ദം അയാളുടെ ചെകിട്ടിൽ മന്ത്രിച്ചുവോ?

ഇവിടെ പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു—ഞങ്ങൾ ഞങ്ങളോടു തന്നെ ഈ ചോദ്യങ്ങൾ മറ്റൊരിക്കൽ ചോദിക്കുകയുണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം ഒരു നിഴൽ തന്റെ വിചാരങ്ങൾക്കിടയിൽ അയാൾക്കു കൈയിൽ കിട്ടുകയുണ്ടായോ? ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുള്ളതുപോലെ, നിശ്ചയമായും നിർഭാഗ്യമാണ് ബുദ്ധിക്കു സംസ്കാരമുണ്ടാക്കുന്നത്; എന്തായാലും ഞങ്ങൾ ഇവിടെ പറഞ്ഞതെല്ലാം വെവ്വേറെ വേർപെടുത്തിയെടുക്കുവാൻ ഴാങ് വാൽഴാങ്ങിനെക്കൊണ്ട് കഴിഞ്ഞിരുന്നുവോ എന്നു സംശയമാണ്. ഈ വിചാരങ്ങൾ അയാളുടെ ഉള്ളിൽ കടന്നുവെങ്കിൽത്തന്നെ, അവയെ അയാൾ എന്തോ ഒരു നോക്കു കണ്ടിട്ടുണ്ടായിരിക്കാമെന്നല്ലാതെ, നോക്കിക്കണ്ടു എന്നു പറയാൻ വയ്യാ; എന്നല്ല, ആ വിചാരങ്ങൾ അനിർവചനീയവും ദുഃഖമയവുമായ ഒരു വികാരാവേഗത്തിലേക്ക് അയാളെ എടുത്തുമറിക്കുവാൻ മാത്രമേ ഉപയോഗപ്പെട്ടുള്ളൂ. ഇരുട്ടുപിടിച്ചതും വൈകൃതപ്പെട്ടതുമായ ആ തണ്ടുവലിശ്ലീക്ഷയിൽനിന്നു വിട്ടുപോന്ന ഉടനെ, മെത്രാൻ അയാളുടെ ആത്മാവിനെ കടന്നുപ്രദവിച്ചു-ഇരുട്ടത്തുനിന്നു കടന്ന ഉടനെ ഒരു ജ്വലിക്കുന്ന ദീപ്തിധോരണിക്കു മുൻപിൽപ്പെട്ടാൽ അതു കണ്ണിനെ എന്നപോലെ, അദ്ദേഹം അയാളെ ഉപദ്രവിച്ചു. പരിശുദ്ധവും പ്രകാശമാനവുമായിത്തന്നെയുള്ള ഭാവിജീവിതം മേലിൽ താൻ അനുഭവിക്കേണ്ടതായി വരുമെന്നു തോന്നിയ ആ പുതുജീവിതം, അയാളിൽ മുഴുവനും ഉൽക്കണ്ഠയെക്കൊണ്ടും ഭയപ്പാടുകളെക്കൊണ്ടും നിറച്ചു. താൻ എവിടെയാണെന്ന് അയാൾക്കു നിശ്ചയമില്ലാതായി. പെട്ടെന്നു സൂര്യനുദിക്കുന്നതു കണ്ട ഒരു കൂമനെപ്പോലെ, എന്നു പറയട്ടെ, ആ തടവുപുള്ളി സദ്വൃത്തി കണ്ട് മലയ്ക്കുകയും അന്ധനായിപ്പോവുകയും ചെയ്തു.

ഒന്ന് അയാൾക്കു തീർച്ചയായി—ഇനി ഒരിക്കലും താൻ പണ്ടത്തെ ആളായിരിക്കപ്പെടുന്ന, തന്നെസ്സംബന്ധിച്ചുള്ള സകലവും മാറിപ്പോയെന്ന്, മെത്രാൻ തന്നോടു സംസാരിക്കുകയും തന്റെ മർമത്തിൽ കടന്നുപിടിക്കുകയും ചെയ്രിട്ടില്ലെന്നു ഭാവിക്കുവാൻ തന്നെക്കൊണ്ട ഒരിക്കലും കഴിയുകയില്ലെന്ന് അയാൾക്കുറപ്പു തോന്നി—ആ കാരൃത്തിൽ അയാൾക്കു സംശയമില്ലായിരുന്നു.

അയാളുടെ മനസ്സ് ഈ നിലയിലിരിക്കുമ്പോഴാണ്, ഴെർവെയ്ക്കുട്ടിയെ കണ്ടെത്തിയതും അവന്റെ നാല്പതു സു നാണ്യം അയാൾ കടന്നു കൈയിലാക്കിയതും. അതെന്തിന്? നിശ്ചയമായും അയാളെക്കൊണ്ട് അതിനുത്തരം പറയാൻ സാധിക്കില്ല; തണ്ടുവലിശ്ലിക്ഷ അനുഭവിച്ചിരുന്നേടത്തുനിന്ന് അയാൾ പോരുമ്പോൾകൊണ്ടുപോന്ന ദുഷ്ടവിചാരങ്ങളുടെ ഒടുവിലത്തേതും ഒന്നിച്ചുള്ളതുമായ ഒരുമഹാശ്രമമായിരിക്കുമോ അത്—ഒരു മഹാപ്രേരണത്തിന്റെ അവശേഷം, പദാർഥസ്ഥിതിശാസ്ത്രപ്രകാരമുള്ള സഞ്ചിതശക്തി’ അത് അതുതന്നെയായിരുന്നു; ഒരുസമയം, അത് അതിലും താഴെയുള്ള ഒന്നായിരുന്നു. ഞങ്ങൾ വളച്ചുകെട്ടാതെ പറയട്ടെ, അയാളല്ല ആ കട്ടത്; അതു ചെയ്തതു മനുഷ്യനല്ല; മുമ്പനുഭവിച്ചിട്ടില്ലാത്തതും മുമ്പു കേട്ടിട്ടേ ഇല്ലാത്തതുമായ വിചാരപരമ്പരയിൽ ബുദ്ധി കിടന്നു മുങ്ങിപ്പൊന്തുന്നതിനിടയ്ക്ക്, അയാളുടെ ഉള്ളിൽ സാത്മ്യംകൊണ്ടും സ്വഭാവവിശേഷം കൊണ്ടും ഉണ്ടായിത്തീർന്നിട്ടുള്ള മൃഗത്വമാണ് ആ പണത്തിനു മുകളിൽ കാലമർത്തിയത്.

ബുദ്ധിയുണരർന്നു, മൃഗത്വത്താൽ പ്രവർത്തിക്കപ്പെട്ട ആ പ്രവൃത്തി കണ്ടപ്പോൾ ഴാങ് വാൽഴാങ് കഠിനദുഃഖംകൊണ്ടു ചുളുങ്ങി, ഭയാവേഗത്തോടുകൂടി ഉറക്കെ ഒരു നിലവിളി നിലവിളിച്ചു.

കുട്ടിയുടെ കൈയിൽനിന്ന് ആ പണം കണ്ടെടുത്തതിൽ, തന്നെക്കൊണ്ടു മേലാൽ ചെയ്യാൻ വയ്യാത്ത ഒരു കാര്യം താൻ ചെയ്തുപോയതുകൊണ്ടാണ്—അത്ഭുതകരമായ സംഭവം; അയാൾ അപ്പോൾ ചെന്നുപെട്ടിട്ടുള്ള ആ ഒരു നിലയിൽ നില്ക്കുമ്പോൾ മാത്രമേ അങ്ങനെയൊന്നുണ്ടാവാൻ നിവൃത്തിയുള്ളൂ-അയാൾക്ക് ആ നിലവിളി വന്നത്.

അതെന്തായാലും ശരി, ഈ ഒടുവിലത്തെ ദുഷ്പ്രവൃത്തിക്ക് അയാളെസ്സംബന്ധിച്ചേടത്തോളം ഒരുറച്ച ഫലമുണ്ടായി; അത് അയാളുടെ മനസ്സു വഹിച്ചുകൊണ്ടിരുന്ന ആ അന്ധകാരകുണ്ഡത്തെ ക്ഷണനേരംകൊണ്ടു പിന്നിട്ടു; ഒരു ഭാഗത്തു കനത്ത ഇരുട്ടും മറ്റേഭാഗത്തു തെളിഞ്ഞ വെളിച്ചവുമായി അതിനെ ഭാഗിച്ചകറ്റി; രസായനശാസ്ത്രസംബന്ധികളായ ചില സംശോധക്രദ്രവ്യങ്ങൾ, രണ്ടെണ്ണംകൂടിച്ചേർന്ന ഒരു മിശ്രയോഗത്തിൽനിന്ന് ഒന്നിനെഉറിച്ചെടുത്തും മറ്റതിനെ തെളിയിച്ചെടുത്തും വേർതിരിക്കുന്നതുപോലെ, അയാളുടെ അപ്പോഴത്തെ സ്ഥിതിയിൽ കിടന്നിരുന്ന ആത്മാവിൽ അതു പ്രവർത്തിച്ചു.

സകലവും ക്ഷോഭിച്ചുപോയിരുന്നതുകൊണ്ട്, തന്നെപ്പറ്റി പരീക്ഷണം ചെയ്യുന്നതിനും തന്നെപ്പറ്റി ആലോചിക്കുന്നതിനും മുൻപായി, ഒന്നാമതു തന്നത്തന്നെ രക്ഷപ്പെടുത്തുവാൻവേണ്ടി പിടയുന്ന ഒരാളെപ്പോലെ, അയാൾ ആകുട്ടിയെ കണ്ടുപിടിച്ചു അവന്നു പണം തിരിച്ചു കൊടുക്കുവാൻ ശ്രമിച്ചു; പിന്നീട, അതസാധ്യമാണെന്നു മനസ്സിലായപ്പോൾ, അയാൾ നിരാശതയോടുകൂടി നിന്നു. ‘ഞാൻ ഒരുദുഷ്ടനാണ്!’ എന്നുച്ചത്തിൽ പറഞ്ഞ സമയത്ത്, താൻ ആരാണെന്ന് അയാഗ് കണ്ടറിഞ്ഞു, താൻ ഒരു ഛായാരുപം മാത്രമായിരിക്കുന്നു എന്ന് തോന്നുമാറ—കൈയിൽ പൊന്തൻവടിയോടും, അരയിൽവെച്ചു മുറുക്കിയ അടിക്കുപ്പായത്തോടും, പുറത്തു താൻ കട്ടെടുത്തിട്ടുള്ള സാമാനങ്ങളെക്കൊണ്ടു നിറഞ്ഞ പട്ടാളമാറാപ്പോടും, മുറുക്കിപ്പിടിച്ചതും ഒരു രസമില്ലാത്തതുമായ മുഖഭാവത്തോടും നികൃഷ്ടങ്ങളായ വിഷയങ്ങളാൽ നിറയപ്പെട്ട വിചാരങ്ങളോടുംകൂടി തന്റെമുൻപിൽ രക്തമാംസസമ്മിശ്രമായ ശരീരം വഹിച്ചു ഭയങ്കരനായ ആ തടവുപുള്ളി, ഴാങ് വാൽഴാങ്, നില്ക്കുന്നുണ്ടെന്ന് തോന്നത്തക്കവിധം-അയാൾ അയാളിൽനിന്ന് തീരെ വേറിട്ടുകഴിഞ്ഞു.

ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ അതിയായ ദുഃഖാനുഭവം അയാളെ ഒരുതരംവിചാരശീലനാക്കിയിരുന്നു. അപ്പോൾ, അത് ഒരുമാതിരി മായാവിചാരമാണ്. ഴാങ്വാൽഴാങ്ങിനെ, ആ അപകടം പിടിച്ച മുഖത്തെ, അയാൾ വാസ്തവത്തിൽ കാണുകതന്നെ ചെയ്തു. ആരാണതെന്ന് അയാൾ ഏതാണ്ട് കടന്നുചോദിക്കാനുള്ള ഭാവമായി; അയാൾ ആ അന്യരൂപത്തെ കണ്ടു പേടിച്ചമ്പരന്നു.

വാസ്തവസ്ഥിതിയെ തന്നിൽത്തന്നെ ലയിപ്പിച്ച് ഇല്ലാതാക്കത്തക്കവിധംമനോരാജ്യം അത്രയും അഗാധതരമായിപ്പോകുന്ന ക്ഷുഭിതങ്ങളും എന്നാൽ തികച്ചും ശാന്തങ്ങളുമായ ഘട്ടങ്ങളിൽ ഒന്നിലൂടെയാണ് അപ്പോൾ അയാളുടെ തലച്ചോറു സഞ്ചരിച്ചിരുന്നത്. ആ സമയത്തു മനുഷ്യൻ തന്റെ മുൻപിലുള്ള ഇന്ദ്രിയവിഷയങ്ങളെയൊന്നുംതന്നെ അറിയുന്നില്ല; അയാൾ തന്റെ ഉള്ളിലുള്ള വിചാരങ്ങളെയെല്ലാം തന്നിൽനിന്നു വേറിട്ടു കാണുകയും ചെയ്യുന്നു.

ഈ നിലയ്ക്ക് അയാൾ തന്നത്തന്നെ മുഖത്തോടുമുഖമായി നോക്കിക്കണ്ടു എന്നു പറയട്ടെ; എന്നല്ല, അതോടുകൂടിത്തന്നെ, ആ ചിത്തഭ്രമത്തിനു വിലങ്ങനെ, ഒരത്ഭുതകരമായ ആഴത്തിനുള്ളിൽ, ആദ്യം ഒരു ചുട്ടാണോ എന്ന് തോന്നിയ ഒരുതരം വെളിച്ചം അയാൾ കണ്ടു. തന്റെ അന്തഃകരണത്തിനു അധികം ശ്രദ്ധേയമായി തോന്നിയ ആ വെളിച്ചത്തെ അയാൾ സുക്ഷിച്ചു നോക്കിക്കണ്ടപ്പോൾ, അതിന് ഒരുമനുഷ്യാകൃതിയുള്ളതായിത്തോന്നി; എന്നല്ല, ആ കണ്ട ചൂട്ടു മെത്രാനാണെന്നും അയാൾ വാസ്തവമറിഞ്ഞു.

അയാളുടെ മനഃസാക്ഷി ആ രണ്ടുപേരേയും—മെത്രാനേയും ഴാങ് വാൽഴാങ്ങിനേയും—തുലാസ്സിലിട്ടു. രണ്ടാമത്തെയാളെ പാകപ്പെടുത്തുവാൻ ആദ്യത്തെയാളിൽനിന്ന് ഒട്ടും കുറയാത്ത ഒന്നാവശ്യമാണ്. ഇത്തരം മനസ്സംഭ്രമങ്ങളുടെ വിശേഷതകളായ ആ അസാധാരണഫലങ്ങളിൽ ഒന്നുകൊണ്ട്, മനോരാജ്യം ദീർഘിച്ചതോടുകുടി അയാളുടെ ദൃഷ്ടികൾക്കു മുൻപിൽ മെത്രാൻ വലുപ്പത്തിലും പ്രകാശത്തിലും അത്യന്തം വർദ്ധിച്ചുവന്നതനുസരിച്ച്, ഴാങ് വാൽഴാങ് ചെറുതാവുകയുംമറഞ്ഞുപോകയും ചെയ്തുതുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ, അയാൾ ഒരുവെറും ഉരുട്ടല്ലാതെ മറ്റൊന്നുമല്ലെന്നായി. ഉത്തരക്ഷണത്തിൽ അയാൾ മറഞ്ഞു. മെത്രാൻ മാത്രം ശേഷിച്ചു; ഈ ഭാഗ്യംകെട്ട മനുഷ യന്റെ ആത്മാവിനെ മുഴുവനും അദ്ദേഹം ഉത്കൃഷ്ടമായ ഒരു ദീപ്തിവിതാനംകൊണ്ടു നിറച്ചു.

ഴാങ് വാൽഴാങ് കുറെ അധികനേരം കരഞ്ഞു; അയാളുടെ കണ്ണുകളിൽനിന്ന് ചുട്ടുതിളയ്ക്കുന്ന കണ്ണുനീരൊഴുകി; ഒരു സ്ത്രീയേക്കാളധികം പാവമായും ഒരു കുട്ടിയെക്കാളധികം പേടിച്ചും അയാൾ തേങ്ങിപ്പോയി.

അങ്ങനെ അയാൾ കരയുന്നതോടുകൂടി, പ്രഭാതം അയാളുടെ ആത്മാവിൽ അധികമധികം പ്രകാശിച്ചു— അതേ, അത്ഭുതകരമായ ഒരു വെളിച്ചം—മനസ്സുമയക്കുന്നതും അപ്പോൾത്തന്നെ പേടിപ്പിക്കുന്നതുമായ അങ്ങനെയൊരപ്പിക്കുന്നതു തേജോവിശേഷം, തന്റെ ആദ്യചരിത്രം, താൻ ഒന്നാമതു ചെയ്ത കുറ്റം, താൻ അതിന്നനുഭവിച്ച ആ അനവധികാലത്തെ പ്രതിശാന്തി, തനിക്കു പുറത്തുണ്ടായിത്തീർന്ന കൂരമൃഗത്വം, അകത്തുണ്ടായിവന്ന മനഃകാഠിന്യം, സ്വാത്ന്ത്യത്തിലേക്കുണ്ടായതന്റെ മോചനം, പകരംവീട്ടുവാൻ പലേ വഴികളും ആലോചിച്ചിരുന്നതിലെ ആഹ്ലാദം, മ്താന്റെ ഗൃഹത്തിൽവെച്ചു താൻ അനുഭവിച്ചത്, താൻ ഒടുവിൽചെയ്തുവെച്ച ക്രിയ, ഒരു കുട്ടിയിൽനിന്ന് നാല്പതു സു കട്ടു കൈക്കലാക്കിയത്. മെത്രാന്റെ മാപ്പുകഴിഞ്ഞതിനുശേഷമായതുകൊണ്ട് അത്രയും ഭീരുത്വത്തോടു കൂടിയതും അത്രയും രാക്ഷസോചിതമായി തോന്നുന്നതുമായ ആ ഒരു ദുഷ്പ്രവൃത്തി—ഇതെല്ലാം അയാളുടെ മനസ്സിൽ ആവർത്തിച്ചു; അതേവരെ താൻ കണ്ടറിഞ്ഞിട്ടില്ലാത്ത ഒരു പുതിയതരം സ്ഫുടതയോടുകൂടി ഇതെല്ലാം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. അയാൾ തന്റെ ജീവിതത്തെ പരീക്ഷണം ചെയ്തു; അത് ഭയങ്കരമായി തോന്നി; അയാളുടെ ആത്മാവ്—അതയാൾക്കു ഭയങ്കരമായിത്തീർന്നു. അതിന്നിടയ്ക്ക് ഒരു സൗമ്യതേജസ്സ് ആ ജീവിതത്തിനും ആ ആത്മാവിനും ആശ്വാസകരമായി അവയുടെ മേൽ പതുക്കെ വന്നുപതിഞ്ഞു. സ്വർഗത്തിന്റെ വെളിച്ചത്തിലൂടെ താൻ നരകദേവതയെ കാണുന്നതായി അയാൾക്കു തോന്നി.

ഇങ്ങനെ അയാൾ എത്ര മണിക്കൂർ നേരം കരഞ്ഞു? കരച്ചിലവസാനിച്ചതിനുശേഷം അയാൾ എന്തു പ്രവർത്തിച്ചു? അയാൾ എവിടേക്കാണ് പോയത്? ഒരാൾക്കും ഒരുകാലത്തും നിശ്ചയമില്ല. ഒരു കാര്യം മാത്രം മതിയായ തെളിവിന്മേൽവിശ്വസിച്ചു പറയാവുന്നതാണ്—ആ കാലത്തു ഗ്രെനോബ്ളിലായിരുന്ന ഒരഞ്ചലോട്ടക്കാരൻ, അന്നു രാത്രിതന്നെ, ഏകദേശം പുലരാൻ മുന്നു മണിക്കു ഡി.യിൽ വന്ന സമയത്ത്, താൻ മെത്രാന്റെ താമസസ്ഥലം നിലക്കുന്ന തെരുവിലൂടെ കടന്നുപോകുമ്പോൾ, ഇരുട്ടത്തു പുറത്തെ കൽവിരിപ്പിൽ, മോൺസിന്യേർ വെല്ക്കമിന്റെ വീട്ടുവാതിലിനു മുൻപിലായി ഒരാൾ ഈശ്വരവന്ദനത്തിനുള്ള ഇരിപ്പിൽ മുട്ടുകുത്തിയിരിക്കുന്നതു കാണുകയുണ്ടായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.