images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.1
സിസ്റ്റർ സിംപ്ലീസ്

വായനക്കാർ ഈ വായിക്കാൻ പോകുന്ന സംഭവം മുഴുവനും എം. പട്ടണത്തിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ, അതിൽ അറിയപ്പെട്ടേടത്തോളം ഭാഗം ആ പട്ടണത്തിലെങ്ങും അത്രമേൽ മായാത്ത ഒരു സ്മരണയെ നിലനിർത്തിപ്പോന്നതുകൊണ്ട്, മുഴുവൻ വിവരങ്ങളും ഞങ്ങൾ പറയാതിരിക്കുന്നപക്ഷം അത് ഈ പുസ്തകത്തിൽ ഒരു തൂരാത്ത വിടവായിത്തീരും. ഈ വിവരങ്ങളുടെ കൂട്ടത്തിൽ രണ്ടോ മൂന്നോ അസംഭാവ്യസംഗതികൾ വായനക്കാർ കണ്ടുമുട്ടും; സത്യത്തോടുള്ള ആദരംകൊണ്ട് അവയെ ഞങ്ങൾ കളയാതെ വെക്കുന്നു.

ഴാവേർ വന്നതിന്റെ പിറ്റേദിവസം ഉച്ചതിരിഞ്ഞിട്ടു പതിവുപോലെ, മൊസ്സ്യു മദലിയെൻ ഫൻതീനെ കാണാൻ ചെന്നു.

ഫൻതീന്റെ മുറിയിൽ കടക്കുന്നതിനു മുൻപായി, അയാൾ സിസ്റ്റർ സിംപ്ലീസ്സിനെ വിളിച്ചു.

രോഗിപ്പുരയിൽ ശുശ്രൂഷയ്ക്കു നിന്നിരുന്ന ആ രണ്ടു കന്യകാമഠസ്ത്രീകൾ—അവർ ലാസറിസ്റ്റ് സംഘത്തിൽപ്പെട്ടവരായിരുന്നു—ധർമ്മവിഷയത്തിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാരേയുംപോലെ, സിസ്റ്റർ (—സഹോദരി) പേർപെത്യു എന്നും സിസ്റ്റർ സിംപ്ലീസ്റ് എന്നും പേർ വഹിച്ചിരുന്നു.

സിസ്റ്റർ പേർപെത്യു ഒരു സാധാരണ ഗ്രാമീണയാണ്; ഒരു പരുക്കൻ മട്ടിലുള്ള പരോപകാരിണി: മറ്റുള്ളവർ മറ്റു പ്രവൃത്തികളോരോന്നിൽ പ്രവേശിക്കുന്നതുപോലെ, അവൾ ഈശ്വരവിഷയത്തിൽ പ്രവേശിച്ചു. മറ്റു സ്ത്രീകൾ വെപ്പുകാരികളാകുന്നതുപോലെ, അവൾ കന്യകാമഠസ്ത്രീയായി. ഈ തരക്കാർ അത്രയധികം ചുരുക്കമല്ല. സന്ന്യാസാശ്രമങ്ങൾ ഈ കനമുള്ള ഗ്രാമീണ മൺപാത്രത്തെ സന്തോഷപൂർവം സ്വീകരിക്കുന്നു; അതിനെ ഒരു കപ്പുച്ചി [1] ആയിട്ടോ ഒരു എർസുലി [2] ആയിട്ടോ എളുപ്പത്തിൽ രൂപഭേദപ്പെടുത്താം. ഭക്തിവിഷയകമായ പരുക്കൻ പണിക്കു ഈ നാട്ടുംപുറക്കാരികളെ ഉപയോഗപ്പെടുത്തുന്നു. ഒരു കന്നുകാലിച്ചെക്കനിൽനിന്ന് ഒരു കാർമിലൈറ്റി [3] ലേക്കുള്ള മറിച്ചിൽ ഒട്ടും ഊക്കുകൂടിയതല്ല; അധികം അധ്വാനം കൂടാതെ ഒന്നു മറ്റൊന്നാവുന്നു; ഗ്രാമത്തിനും സന്ന്യാസിമഠത്തിനും പൊതുവിലുള്ള അജ്ഞാനത്തുക തയ്യാറായിരിപ്പുള്ള ഒരൊരുക്കമാണ്; അതു ക്ഷണനേരംകൊണ്ട് ഒരപരിഷ്കൃതയേയും ഒരു സന്ന്യാസിനിയേയും ഒപ്പമാക്കുന്നു. അടിക്കുപ്പായത്തിനു കുറച്ചുകൂടി വലുപ്പം, അതതാ ഒരു സന്ന്യാസിനിയായി, സിസ്റ്റർ പേർപെത്യു പോംത്വാസിനോടടുത്തുള്ള മറീനിൽനിന്നും വന്ന ഒരാരോഗ്യമുള്ള കന്യകയാണ്; അവൾ തന്റെ പടുഭാഷ ചിലയ്ക്കും. മൂളിപ്പാട്ടു പാടും, പിറുപിറുക്കും, രോഗിയുടെ മതഭ്രാന്തോ കപടഭക്തിയോ അനുസരിച്ചു് കഷായമാത്രയിൽ മധുരം കൂട്ടും; ശുശ്രൂഷിക്കപ്പെടുന്നവരോടു തന്റെ ദ്രുതഗതിയിലും പരുക്കൻമട്ടിലും പെരുമാറും; മരിക്കുന്നവരോടു നീരസപ്പെടും; ഈശ്വരനെ പിടിച്ച് ഏതാണ്ട് അവരുടെ മുഖത്തേക്കെറിയും; ഒരു ശുണ്ഠിയോടുകൂടി വിഴുങ്ങിപ്പറയുന്ന ഈശ്വരപ്രാർത്ഥനകളെക്കൊണ്ട് അവരുടെ പ്രാണവേദനയുടെ മേലേക്കു കല്ലെറിയും. അവൾ ശൌര്യമുള്ളവളും മര്യാദക്കാരിയൂം ഒരു പാടലവർണത്തോടുകൂടിയവളുമാണ്.

സിസ്റ്റർ സിംപ്ലീസ് വെളുത്ത ഒരു മെഴുവർണക്കാരിയാണ്. സിസ്റ്റർ പേർപെത്യുവിന്റെ അടുത്തു നിലക്കുമ്പോൾ, അവർ മെഴുതിരിക്കടുത്തുള്ള ചെറുതിരിയാണ്. വങ്സാങ് ദ് പോൾ [4] ധർമ്മവിഷയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെപ്പറ്റി സ്വാതന്ത്ര്യത്തോളംതന്നെ അടിമത്തരവും കൂട്ടിയിളക്കിക്കൊണ്ടു പറഞ്ഞിട്ടുള്ള ഈ താഴേ കാണുന്ന ദിവ്യവിവരണത്തിൽ, അവരുടെ ആകൃതിവിശേഷത്തെ ശരിയായി ഒപ്പിച്ചിരിക്കുന്നു; “അവർക്കു തങ്ങളുടെ മഠത്തിന്റെ സ്ഥാനത്തു രോഗികളുടെ വീടുമാത്രമുണ്ടാവും; ആശ്രമത്തിന്റെ സ്ഥാനത്തു കൂലിക്കു മേടിച്ച ഒരറ മാത്രം; ചെറുപള്ളിയുടെ സ്ഥാനത്തു തങ്ങളുടെ ഇടവക പള്ളി മാത്രം; വീട്ടുവളപ്പിന്റെ സ്ഥാനത്തു പട്ടണത്തിലെ തെരുവുകളും ആസ്പത്രികളുടെ മതില്‍ക്കകങ്ങളും മാത്രം; മറവുസ്ഥലത്തിന്റെ സ്ഥാനത്ത് അനുസരണം മാത്രം; അഴിച്ചുമരുകളുടെ സ്ഥാനത്തു ദൈവഭയം മാത്രം; മുഖമറയുടെ സ്ഥാനത്തു ലജ്ജ മാത്രം; ഈ മാതൃക സിസ്റ്റർ സിംപ്ലീസ്സിൽ ഒരു ജീവദ്രൂപമെടുത്തു; അവൾ ഒരിക്കലും ചെറുപ്പക്കാരിയാവുക ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും അവൾ വൃദ്ധയാവുക ഉണ്ടാവില്ലെന്നു തോന്നി. സിസ്റ്റർ സിംപ്ലീസ്സിന് എത്ര വയസ്സായി എന്ന് ആരെക്കൊണ്ടും പറയാൻ സാധിക്കയില്ല. അവൾ സൌശീല്യത്തോടും തപോനിഷ്ഠയോടും തറവാടിത്തത്തോടും ഉന്മേഷക്കുറവോടും കൂടിയ ഒരാളായിരുന്നു—ഒരു സ്ത്രീയായിരുന്നു എന്നു പറയാൻ ഞങ്ങൾക്കു ധൈര്യമില്ല. അവൾ ഒരിക്കലും നുണ പറയുകയുണ്ടായിട്ടില്ല. ഉറപ്പില്ലാത്തവളോ എന്നു തോന്നുമാറ് അവൾ അത്രയും സൌമ്യശീലയാണ്; പക്ഷേ, അവൾക്കു കരിങ്കല്ലിനെക്കാൾ കുട്ടിത്തം കൂടും. കൌതുകകരമായ പരിശുദ്ധിയും സൌഭാഗ്യവുമുള്ള വിരലുകളെക്കൊണ്ട് അവൾ ഭാഗ്യംകെട്ടവരെ തൊടും. അവളുടെ സംസാരത്തിൽ ഒരു നിശബ്ദതയുണ്ടായിരുന്നു എന്നു പറയട്ടെ; അവൾ ആവശ്യമുള്ളതുമാത്രം സംസാരിക്കും; ’പാപസമ്മതം’ ചെയ്വാനുള്ള സ്ഥലത്തെ സംസ്കരിക്കുകയോ ഒരതിഥിസൽക്കാരമുറിയെ വശ്യമാക്കുകയോ ഒരേമാതിരിയിൽ ചെയ്യുന്ന ഒരു സ്വരവിശേഷം അവളുടെ ശബ്ദത്തിനുണ്ട്. ഈ കോമളത കമ്പിളിത്തുണികൊണ്ടുള്ള പുറംകുപ്പായത്തോടു ഘടിപ്പിക്കപ്പെട്ടു; ഈ കഠിനതരമായ സമ്പർക്കത്തിൽ സ്വർഗത്തേയും ഈശ്വരനേയുംപറ്റി ഇളവല്ലാത്ത ഒരോർമിപ്പിക്കലുണ്ട്. ഞങ്ങൾ ഒരു വിവരം ഉറപ്പിക്കട്ടെ, ഒരിക്കലും അസത്യം പറഞ്ഞിട്ടില്ലെന്നുള്ളത്—എന്താവശ്യത്തിനായാലും ശരി; വെറുതെയായിട്ടുകൂടി, സത്യമല്ലാതെ; സർവ്വോൽകൃഷ്ടമായ സത്യമല്ലാതെ, യാതൊന്നും ഒരു കാലത്തും പറഞ്ഞിട്ടില്ലെന്നുള്ളത്—സിസ്റ്റർ സിംപ്ലീസ്സിന്റെ സ്വഭാവഗുണത്തിലുള്ള ഒരു മുഖ്യ സവിശേഷതയാണ്; അതവളുടെ സൌശീലത്തിന്റെ ഉച്ചാരണനിയമമാണ്. ഈ അക്ഷോഭ്യമായ സത്യനിഷ്ഠ നിമിത്തം അവൾ ആ സഭായോഗത്തിനിടയിൽ എവിടെയും ഏതാണ്ടു സുപ്രസിദ്ധയായിരുന്നു. സിക്കാർ മതാചാര്യൻ ബധിരനും മൂകനുമായ മാസ്സ്യോവിന്നയച്ച ഒരു കത്തിൽ സിസ്റ്റർ സിംപ്ലീസ്സിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. നമ്മൾ എത്രതന്നെ പരിശുദ്ധന്മാരും നിഷ്കപടന്മാരുമായാലും നമ്മുടെയെല്ലാം വെണ്മയുടെ മീതെ ചെറുതും നിർദ്ദോഷവുമായ നുണയുടെ വിള്ളിച്ചയുണ്ട്. അവൾക്കതില്ല, ചെറിയ നുണ, നിർദ്ദോഷമായ നുണ—അങ്ങനെയൊന്നുണ്ടോ? അസത്യം പറക എന്നതു പാപത്തിന്റെ കേവലസ്വരൂപമാണ്. കുറച്ചു നുണ പറയുക എന്നതു ചെയ്യാൻ സാധിക്കുന്ന ഒന്നല്ല; നുണ പറയുന്നവൻ ആ മുഴുവൻ നുണയും പറയുന്നു. അസത്യം പറക എന്നതു നരകദേവതയുടെ ശരിയായ മുഖമാണ്. നരകദേവതയ്ക്കു—സേറ്റന്നു—രണ്ടു പേരുണ്ട്, ഒന്നു സേറ്റനെന്നും മറ്റൊന്ന് അസത്യഭാഷണമെന്നും. ഇതായിരുന്നു അവളുടെ ആലോചന; അവൾ അതുപ്രകാരംതന്നെ പ്രവർത്തിച്ചു. അതിന്റെ ഫലമാണ് ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള അവളുടെ വെളുപ്പ്—അവളുടെ ചുണ്ടുകളേയും കണ്ണുകളേയും കൂടി പ്രകാശംകൊണ്ടു മൂടിയ ആ ഒരു വെളുപ്പ്. അവളുടെ പുഞ്ചിരി വെളുത്തിട്ടാണ്; അവളുടെ നോട്ടം വെളുത്തിട്ടാണ്. ആ മനസ്സാക്ഷിയുടെ ചില്ലുജനാലയ്ക്കു മുൻപിൽ ഒരൊറ്റ മാറാലനൂലാവട്ടെ, ഒരൊറ്റ മണ്ണിൻതരിയാവട്ടെ ഇല്ല. വങ്സാങ് ദ് പോളിന്റെ വക ആശ്രമത്തിൽ ചേർന്നപ്പോൾ, അവൾ കൽപ്പിച്ചുകൂട്ടി സിസ്റ്റർ സിംപ്ലീസ് എന്ന പേരെടുത്തു. നമുക്കെല്ലാം അറിവുള്ളതുപോലെ, സിസിലിയിലെ സിംപ്ലീസ്സാണല്ലോ, താൻ സീറാക്യൂസ്സിൽ പിറന്ന സ്ഥിതിക്ക് അതു വിട്ടു സെഗെസ്തയിൽ ജനിച്ചവളാണെന്നു പറയുന്നതിലും ഭേദമാണെന്നു വെച്ച്—ഈ ഒരു നുണകൊണ്ട് തനിക്ക് രക്ഷ കിട്ടുമായിരുന്നുവെങ്കിലും—തന്റെ രണ്ടു മാറിടവും പറിച്ചു ചീന്തിക്കളയുവാൻ സമ്മതിച്ചുനിന്ന സന്ന്യാസിനി. ആ മഹാതപസ്വിനി ഈ ഒരാത്മാവിനു യോജിച്ചു.

ആശ്രമത്തിൽ ചേരുമ്പോൾ സിസ്റ്റർ സിംപ്ലീസ്സിനു രണ്ടു ദോഷമുണ്ടായിരുന്നു; രണ്ടും അവൾ ക്രമേണ ഇല്ലാതാക്കി; രൂചികരഭക്ഷണങ്ങളോടു താൽപര്യമുണ്ട്; കത്തുകൾ കിട്ടുന്നത് ഇഷ്ടമാണ്. ലാറ്റിൻഭാഷയിൽ ഭംഗിയില്ലാത്ത അച്ചിൽ അച്ചടിച്ച ഒരീശ്വരസ്തുതിഗ്രന്ഥമല്ലാതെ അവൾ മറ്റൊന്നും വായിച്ചിട്ടില്ല. അവൾക്കു ലാറ്റിൻ വായിച്ചാൽ മനസ്സിലാവില്ല; പക്ഷേ, ആ പുസ്തകം അവൾക്കു കണ്ടാലറിയാം.

ഈ മതഭക്തിയുള്ള സ്ത്രീക്ക് ഫൻതീന്റെ നേരെ ഒരു വാത്സല്യം തോന്നി; അത് അവളിൽ ലയിച്ചുകിടക്കുന്ന മനോഗുണം ബോധപ്പെട്ടിട്ടാവണം; അവൾ ഫൻതീനെത്തന്നെ ശുശ്രുഷിച്ചുനിന്നു.

മൊസ്സ്യു മദലിയെൻ സിസ്റ്റർ സിംപ്ലീസ്സിനെ അടുക്കലേക്ക് വിളിച്ച് ഒരസാധാരണസ്വരത്തിൽ ഫൻതീനെ നോക്കണമെന്നേൽപ്പിക്കുകയുണ്ടായി: ഇത് ആ സിസ്റ്റർ പിന്നീട് ഓർമ്മിച്ചിരുന്നു.

ആ കന്യകാമഠസ്ത്രീയുമായി പിരിഞ്ഞ്, അയാൾ ഫൻതീന്റെ അടുക്കലേക്കു ചെന്നു.

ഉത്സാഹത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു ഉദയത്തെയെന്നപോലെ ഫൻതീൻ ദിവസംപ്രതി മൊസ്സ്യു മദലിയെന്റെ വരവും കാത്തിരുന്നു. അവൾ ആ കന്യകാമഠസ്ത്രീകളോടു പറയാറുണ്ട്: “മൊസ്സ്യു മദലിയെൻ ഇവിടെയുള്ളപ്പൊഴേ ഞാൻ ജീവിക്കുന്നുള്ളു.”

അവൾക്കന്നു വല്ലാതെ പനിച്ചു. മൊസ്സ്യു മദലിയെനെ കണ്ട ഉടനെ അവൾ ചോദിച്ചു: “കൊസെത്തോ?”

അയാൾ ഒരു പുഞ്ചിരിയോടുകൂടി മറുപടി പറഞ്ഞു: ’ഇപ്പോൾ,’

ഫൻതീനെസ്സംബന്ധിച്ചേടത്തോളം മൊസ്സ്യു മദലിയെൻ പതിവുമട്ടിൽത്തന്നെയായിരുന്നു. ഫൻതീന്റെ അത്യാഹ്ലാദത്തിന്, അയാൾ അരമണിക്കുറിനുപകരം ഒരു മണിക്കൂർ താമസിച്ചു എന്നു മാത്രം. ദീനക്കാരിക്ക് എന്തൊന്നും ഇല്ലാതെ വരരുതെന്ന് അയാൾ എല്ലാവരോടും പിന്നേയും പിന്നേയും ഏല്പിച്ചു. അയാളുടെ മുഖഭാവം അത്യന്തം ദുഃഖമയമായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നതായി കാണപ്പെട്ടു. പക്ഷേ, ഡോക്ടർ മുഖം കുനിച്ച് അയാളുടെ ചെകിട്ടിൽ “അവളുടെ നില വേഗത്തിൽ തരം തെറ്റുന്നു’ എന്നു പറകയുണ്ടായെന്നറിഞ്ഞപ്പോൾ ആ ദുഃഖകാരണം വെളിവായി.

അവിടെനിന്ന് അയാൾ ടൗൺഹാളിലേക്കു തിരിച്ചു. തന്റെ ആപ്പീസ്സുമുറിയിൽ തൂക്കിയിട്ടുള്ള ഫ്രാൻസിലെ നിരത്തുകളുടെ ഒരു പടം അയാൾ സശ്രദ്ധം നോക്കിപ്പഠിച്ചിരുന്നതു ഗുമസ്തൻ സൂക്ഷിച്ചു. മൊസ്സ്യു മദലിയെൻ ഒരു കഷ്ണം കടലാസ്സിൽ പെൻസിൽകൊണ്ട് ചില അക്കങ്ങൾ കുറിച്ചെടുത്തു.

കുറിപ്പുകൾ

[1] റോമൻ കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു സന്ന്യാസിവർഗ്ഗം. ഇവർ വിശേഷിച്ചും മതപ്രസംഗം നടത്തുന്നതിൽ ശ്രദ്ധിക്കുന്നു.

[2] റോമൻ കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു കന്യകാമഠസ്ത്രീസംഘം. ഇവർ മുഖ്യമായി വിദ്യാഭ്യാസവിഷയത്തിൽ ഏർപ്പെടുന്നു.

[3] ബേർത്തോൾഡ് എന്ന ഒരിറ്റലിക്കാരനാൽ സ്ഥാപിക്കപ്പെട്ട ഒരു സന്ന്യാസിവർഗ്ഗം.

[4] ലാസറിസ്റ്റ്സംഘത്തിന്റെ പ്രതിഷ്ഠാപകൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.