images/hugo-13.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.5.10
ഴാവേറിനു് എങ്ങനെ രൂപം കിട്ടി എന്ന്

നമ്മൾ ഇപ്പോൾത്തന്നെ മറുപുറം കണ്ടുകഴിഞ്ഞു എന്നു പറയട്ടെ; സംഭവങ്ങൾ ഏറ്റവും നിഷ്പ്രയാസമാംവിധം സംഭവിച്ചു.

ഫൻതീന്റെ കിടക്കയ്ക്കരികിൽവെച്ചു ഴാവേർ പിടിച്ചുകൊണ്ടുപോയ ആ ദിവസംതന്നെ വൈകുന്നേരം ഴാങ്ങ് വാൽഴാങ്ങ് എം. പട്ടണത്തിലെ കാരാഗൃഹത്തിൽ നിന്നു ചാടിയപ്പോൾ, അയാൾ നേരെ പാരിസ്സിലേക്കായിരിക്കണം പോയിട്ടുണ്ടാവുകയെന്നു പൊല്ലീസ്സുകാർ ഊഹിച്ചു. പാരിസ്സു് ഒരു കൂറ്റൻ കടൽച്ചുഴിയാണു്: അതിൽ സകലവും ആണ്ടുപോകുന്നു; കടലിന്റെ വയറ്റിലെന്നപോലെ, ലോകത്തിന്റെ ഈ വയറ്റിനുള്ളിൽ സകലവും കാണാതായിപ്പോകുന്നു. അവിടെയുള്ള ആൾക്കൂട്ടമെന്നപോലെ ഏവർക്കും ഇതറിയാം. ഒരു ഗുഹയിലേക്കെന്നപോലെ അവർ പാരിസ്സിലേക്കു പോകുന്നു; ആളുകളെ രക്ഷപ്പെടുത്തുന്ന ഗുഹാദ്വാരങ്ങളുണ്ടു്. പൊല്ലീസ്സുകാർക്കും ഇതറിയാം; മറ്റെല്ലായിടത്തും തിരഞ്ഞുകിട്ടാത്തതിനെ അവർ പിന്നെ പാരിസ്സിലാണു് നോക്കുക. പണ്ടത്തെ എം. പട്ടണത്തിലെ മേയറെ അവർ അവിടെയന്വേഷിച്ചു. അവരുടെ അന്വേഷണങ്ങൾക്കു വഴികാട്ടുവാൻ വേണ്ടി ഴാവേർ പാരിസ്സിലേക്കു വിളിക്കപ്പെട്ടു. വാസ്തവത്തിൽ ഴാങ്ങ് വാൽഴാങ്ങിനെ വീണ്ടും പിടിക്കുന്നതിൽ ഴാവേർ വളരെ പ്രബലമായ സഹായം ചെയ്തിട്ടുണ്ടു്; ആ ഘട്ടത്തിൽ ഴാവേർ കാണിച്ചിട്ടുള്ള ശ്രദ്ധയും ഉത്സാഹവും കോംതു് ആംഗ്ലെയുടെ കീഴിലുള്ള പൊല്ലീസ്സു് സൈന്യവകുപ്പിന്റെ കാര്യദർശി വിശേഷിച്ചും എടുത്തു പറഞ്ഞു. അത്രമാത്രമല്ല, ഴാവേറിന്റെ ക്ഷേമകാംക്ഷിയായ അദ്ദേഹം പാരിസ്സിലെ പൊല്ലീസു് സൈന്യത്തിലേക്ക് എം. പട്ടണത്തിലെ ഇൻസ്പെക്ടരേയും ഏർപ്പെടുത്തി. അവിടെ ഴാവേറെക്കൊണ്ടു പലതിലും, ഇങ്ങനെയൊരു വിശേഷണം ഇവിടെ അസാധാരണമായി തോന്നിയേക്കാമെങ്കിലും പറയട്ടെ, മാന്യങ്ങളായ പല പ്രവൃത്തികളിലും പ്രയോജനമുണ്ടായി.

അയാൾ ഴാങ്ങ് വാൽഴാങ്ങിനെപ്പറ്റി വിചാരിക്കാതായിരുന്നു—എപ്പോഴും നായാട്ടിനു നടക്കുന്ന നായ്ക്കളെക്കൊണ്ടു് ഇന്നത്തെ ചെന്നായ ഇന്നലത്തെ ചെന്നായയുടെ കാര്യം വിസ്മരിച്ചുകളയുന്നു. ഒരിക്കൽ, 1823 ഡിസംബർ മാസത്തിൽ, ഒരു കാലത്തും പത്രം വായിക്കാറില്ലാത്ത അയാൾ ഒരു വർത്തമാനപത്രം വായിച്ചു നോക്കി; എന്നാൽ, എപ്പോഴും രാജകക്ഷിയായിരുന്ന ഴാവേറിനു ‘ഭടപ്രധാനികളുടെ രാജാവു്’ ബായോണിലേക്ക് എഴുന്നള്ളിയതിനെപ്പറ്റിയുള്ള വിശേഷവിവരങ്ങൾ അറിയണമെന്നുണ്ടായിരുന്നു. അയാൾക്കു രസം തോന്നിച്ച ആ ഉപന്യാസം വായിച്ചുകഴിയുന്നതോടുകൂടി, ഒരു പേർ, ഴാങ്ങ് വാൽഴാങ്ങ് എന്ന ഒരു പേർ, അയാളുടെ ശ്രദ്ധയെ ആ കടലാസ്സിന്റെ അറ്റത്തിലേക്കാകർഷിച്ചു. ഴാങ്ങ് വാൽഴാങ്ങ് മരിച്ചുപോയി എന്നാണു് ആ പത്രം രേഖപ്പെടുത്തിയിരുന്നതു്; വിവരം തികച്ചും പരിപൂർണമായി പ്രസ്താവിച്ചിരുന്നതുകൊണ്ടു് ഴാവേറിനു് അതിനെക്കുറിച്ച് സംശയമൊന്നുമുണ്ടായില്ല. അയാൾ ഇങ്ങനെയൊന്നഭിപ്രായപ്പെടുകമാത്രം ചെയ്തു; ‘അതൊരു നല്ല വർത്തമാനമാണു്.’ അയാൾ ആ പത്രം വലിച്ചെറിഞ്ഞു; പിന്നെ അതിനെപ്പറ്റി വിചാരിച്ചില്ല.

കുറച്ചു ദിവസത്തിനുശേഷം, സംഗതിവശാൽ സാങ്ങെത്വായിലെ പൊല്ലീസ്സിൽനിന്നു പാരിസ്സിലെ പൊല്ലീസ്സിനു് ഒരു വിവരക്കുറിപ്പു കിട്ടി; അതു് അസാധാരണമായ നിലയിൽ മോങ്ങ്ഫെർമിയെയിൽനിന്നു് ഒരു കുട്ടിയെ കട്ടുകൊണ്ടുപോയതിനെപ്പറ്റിയായിരുന്നു. ആ പ്രദേശത്തുള്ള ഒരു ഹോട്ടൽക്കാരന്റെ പക്കൽ അമ്മ ഏല്പിച്ചുകൊടുത്തിരുന്ന ഒരു ഏഴെട്ടു വയസ്സുള്ള കുട്ടിയെ ഒരപരിചിതൻ കട്ടുകൊണ്ടുപോയി എന്നാണു് സംഭവക്കുറിപ്പു്. ആ കുട്ടിയുടെ പേർ കൊസെത്തു് എന്നും, ആസ്പത്രിയിൽക്കിടന്ന്—എങ്ങനെ എന്നോ എപ്പോഴെന്നൊ അറിവില്ല മരിച്ചുപോയ അമ്മയുടെ പേർ ഫൻതീൻ എന്നുമായിരുന്നു.

ഈ വിവരക്കുറിപ്പു ഴാവേറിന്റെ കൈയിലെത്തി; അതയാളുടെ തലയ്ക്കു പിടിച്ചു.

ഫൻതീൻ എന്ന പേർ അയാൾക്കു നല്ലവണ്ണമറിയാം. അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻവേണ്ടി മൂന്നു ദിവസത്തെ അവധി തരാൻ ആവശ്യപ്പെട്ടിട്ടു് ഴാങ്ങ് വാൽഴാങ്ങ് അയാളെ ഒരു ദിവസം പൊട്ടിച്ചിരിപ്പിച്ചതു് അയാൾക്കോർമവന്നു. മോങ്ങ്ഫെർമിയെയിലേക്കു പോവാൻ വണ്ടിയിൽ കയറുമ്പോളാണു് ഴാങ്ങ് വാൽഴാങ്ങിനെ പാരിസ്സിൽവെച്ചു പിടിക്കയുണ്ടായതെന്നും അയാൾ ഓർമിച്ചു. അയാൾ രണ്ടാമത്തെത്തവണയാണു് ആ വണ്ടിയിൽ കയറുന്നതെന്നും, തലേ ദിവസം ആ ഗ്രാമത്തിൽ അയൽപ്രദേശങ്ങളിൽ അയാൾ സഞ്ചരിച്ചിട്ടുണ്ടെന്നും—അയാളെ ആ ഗ്രാമത്തിൽവെച്ച് ആരും കണ്ടിട്ടില്ല—ചില അടയാളങ്ങളെക്കൊണ്ടു ഴാവേർക്കൂഹിക്കാൻ സംഗതിയുണ്ടായിട്ടുണ്ടു്. ആ മോങ്ങ്ഫെർമിയെയിൽ എന്തു കാണിക്കാനായിരുന്നു അയാളുടെ യാത്ര? അതൂഹിക്കാൻകൂടി വയ്യാ. ഴാവേർക്ക് ഇപ്പോൾ അതു മനസ്സിലായി. ഫൻതീന്റെ മകൾ അവിടെയാണു്. ഴാങ്ങ് വാൽഴാങ്ങ് അവളെ തിരയുവാനാണു് അങ്ങോട്ടു പോയിരുന്നതു്. ഇപ്പോൾ ആ കുട്ടിയെ ആരോ ഒരാൾ കട്ടുകൊണ്ടുപോയിരിക്കുന്നു. ആ ആരോ ഒരാൾ ആരായിരിക്കും? അതു ഴാങ്ങ് വാൽഴാങ്ങായിരിക്കുമോ? എന്നാൽ ഴാങ്ങ് വാൽഴാങ്ങ് മരിച്ചിരിക്കുന്നുവല്ലോ. ഴാവേർ ആരോടും ഒന്നും മിണ്ടാതെ വണ്ടിപ്പേട്ടയിൽച്ചെന്നു് ഒരു വണ്ടി പിടിച്ചു മോങ്ങ്ഫെർമിയെയിലേക്ക് ഒരു യാത്ര ചെയ്തു.

അവിടെ ചെന്നാൽ ആ കാര്യത്തിൽ പലേ തെളിവുണ്ടാവുമെന്നാണു് അയാൾ കരുതിയതു്; അവിടെ കണ്ടതു് ഒട്ടും തെളിവല്ല. അത്യധികം മങ്ങലാണു്.

ആദ്യം കുറച്ചുദിവസം തെനാർദിയെർമാർ ശുണ്ഠിപിടിച്ച് എപ്പോഴും ഓരോന്നു പുലമ്പുകതന്നെയായിരുന്നു. വാനമ്പാടിപ്പക്ഷിയുടെ അന്തർദ്ധാനം ഗ്രാമത്തിലെങ്ങും ഒരൊച്ചപ്പാടുണ്ടാക്കി. അയാൾ ആ കഥയെപ്പറ്റി പല പാഠഭേദങ്ങളും ക്ഷണത്തിൽ സമ്പാദിച്ചു; എല്ലാം കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിലാണു് അവസാനിച്ചിരുന്നതു്. അതിൽനിന്നായിരുന്നു പൊല്ലീസു് വിവരക്കുറിപ്പു്. പക്ഷേ, ആദ്യത്തെ ക്ഷോഭം ഒന്നവസാനിച്ചപ്പോൾ, തെനാർദിയെർ, തന്റെ അത്ഭുതകരമായ സഹജജ്ഞാനംകൊണ്ടു; ഗവർമ്മെണ്ടിനെ ഈ കാര്യത്തിൽ വിളിച്ചുണർത്തുന്നതു് ഒരിക്കലും നന്നായിരിക്കില്ലെന്നും, കൊസെത്തിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നുള്ള ആക്ഷേപം ഒരു സമയം ഒന്നാമതായി തന്റെ മേൽത്തന്നെ വന്നുവീണേക്കുമെന്നും, എന്നല്ല നീതിന്യായത്തിന്റെ തിളങ്ങുന്ന നോട്ടം അതോടുകൂടി തന്നെസ്സംബന്ധിച്ച പല ഇരുട്ടടഞ്ഞ സംഗതികളിലും വ്യാപിച്ചുപോവുമെന്നും വളരെ വേഗത്തിൽ മനസ്സിലാക്കി. വെളിച്ചം മുൻപിൽ വരുന്നതാണല്ലോ ഊമന്മാർക്കു തീരെ അപ്രിയമായ കാര്യം. പിന്നെ ഒന്നാമതായി, അയാൾ മേടിച്ചുകഴിഞ്ഞ ആയിരത്തഞ്ഞൂറു ഫ്രാങ്കിന്റെ കാര്യംകൊണ്ടു് എന്തു ചെയ്യും? അയാൾ ക്ഷണത്തിൽ ഒരു തിരിച്ചിൽ തിരിഞ്ഞു. ഭാര്യയുടെ വായിൽ തുണി കുത്തിത്തിരുകി, കുട്ടിയെ കട്ടുപോയതിനെപ്പറ്റി കേട്ടാൽ അത്ഭുതം ഭാവിക്കുകയായി. അയാൾക്ക് അതിനെപ്പറ്റി യാതൊന്നും അറിവില്ല; ആ പ്രിയപ്പെട്ട കൊച്ചുകുട്ടിയെ അത്രയും വേഗത്തിൽ ‘കൈയിൽനിന്നു വാങ്ങിക്കൊണ്ടുപോയ’ തിനെപ്പറ്റി നിശ്ചയമായും കുറച്ചു ദിവസമൊക്കെ പിറുപിറുത്തു; വാത്സല്യം കാരണം രണ്ടുമൂന്നു ദിവസംകൂടി അവളെ അവിടെ താമസിപ്പിച്ചാൽക്കൊള്ളാമെന്നു് അയാൾക്കുണ്ടായിരുന്നു. പക്ഷേ, അവളുടെ ‘മുത്തച്ഛൻ’ മര്യാദയ്ക്കു വന്നു ചോദിച്ചാൽപിന്നെ നിവൃത്തിയില്ലല്ലോ. ‘മുത്തച്ഛൻ’ എന്നു് അയാൾ കൂട്ടിച്ചേർത്തു; അതിനു നല്ല ഫലവുമുണ്ടായി, മോങ്ങ് ഫെർമിയെയിൽച്ചെന്നപ്പോൾ ഴാവേർക്കു കിട്ടിയ വർത്തമാനം ഇതായിരുന്നു. മുത്തച്ഛൻ ചെന്നു ഴാങ്ങ് വാൽഴാങ്ങിനെ മറച്ചുകളഞ്ഞു. എന്തായിട്ടും, ആഴമളക്കുന്ന ഇയ്യക്കട്ടികൾ എന്നപോലെ, ചില ചോദ്യങ്ങൾ ഴാവേർ പിന്നേയും തെനാർദിയെരുടെ കഥയ്ക്കുള്ളിൽ ഇട്ടുനോക്കി. ‘ആ മുത്തച്ഛൻ ആരായിരുന്നു? അയാളുടെ പേരെന്താണു്?’

തെനാർദിയെർ നിഷ്കളങ്കമായി മറുപടി പറഞ്ഞു: ‘അദ്ദേഹം ഒരു സമ്പന്നനായ കൃഷിക്കാരനാണു്. യാത്രാനുവാദപത്രം ഞാൻ കണ്ടു. അദ്ദേഹത്തിന്റെ പേർ മൊസ്സ്യു ഗിയോം ലാംബർ എന്നാണെന്നു തോന്നുന്നു.’

ലാംബർ എന്ന പേർ മാന്യവും സകലസംശയങ്ങളും തീർത്തുകളയുന്നതുമായിരുന്നു. അതു കേട്ടു ഴാവേർ നേരെ പാരിസ്സിലേക്കു മടങ്ങി.

‘ഴാങ്ങ് വാൽഴാങ്ങ് നിശ്ചയമായും മരിച്ചിരിക്കുന്നു.’ അയാൾ പറഞ്ഞു: ഞാൻ ഒരു പൊണ്ണനാണുതാനും.’

ഈ ചരിത്രം അയാൾ വീണ്ടും മറക്കാൻ തുടങ്ങി. അങ്ങനെയിരിയ്ക്കെ, 1824-ൽ, മാർച്ച് മാസത്തിൽ, സാങ്ങ്മെദാർപള്ളിയുടെ ഇടവകയിൽ താമസിച്ചുവരുന്ന ഒരസാധാരണമനുഷ്യനെപ്പറ്റി അയാൾക്കു കേൾക്കാനിടയായി; ‘ധർമം കൊടുക്കുന്ന യാചകൻ’ എന്നായിരുന്നു ആ മനുഷ്യന്റെ മറ്റൊരു പേർ. ഈ ആൾ മുതല്ക്കാരനാണെന്നാണ് കഥ; പേർ ആർക്കും ശരിയായിട്ടറിഞ്ഞുകൂടാ; അയാളുടെ കൂടെ എട്ടു വയസ്സുള്ള ഒരു പെൺകുട്ടി മാത്രമേ താമസമുള്ളൂ; താൻ മോങ്ങ്ഫെർമിയെയിൽനിന്നാണു് അങ്ങോട്ടു വന്നതെന്നല്ലാതെ, മറ്റു യാതൊരു വിവരവും അവൾക്കറിഞ്ഞുകൂടാ. മോങ്ങ്ഫെർമിയെ! ആ പേരുണ്ടു് എപ്പോഴും; അതു കേട്ടപ്പോൾ ഴാവേറുടെ ചെവി പിന്നേയും എടുത്തുപിടിച്ചു. പണ്ടു പട്ടാളത്തിലായിരുന്ന ഒരു വൃദ്ധയാചകന്റെ വേഷം കെട്ടിയ ഒരു പൊല്ലീസ്സൊറ്റുകാരൻ ചില വിവരങ്ങൾകൂടി കൊണ്ടുവന്നു. ഈ മുതല്ക്കാരൻ ബഹു നാണംകുണുങ്ങിയാണു്. രാത്രിയല്ലാതെ ഒരിക്കലും പുറത്തേക്കു വരില്ല; ചിലപ്പോൾ സാധുക്കളോടു വല്ലതും പറയുന്നതല്ലാതെ, ഒരാളോടും സംസാരിക്കില്ല; ആർക്കും അടുത്തുചെല്ലുവാൻ അയാൾ ഇടംകൊടുക്കയുമില്ല. കണ്ടാൽ വല്ലാത്ത ഒരു പഴയ മഞ്ഞച്ച കുപ്പായമാണു് അയാൾ ധരിക്കാറു്; അതിൽ നിറച്ചും നോട്ടുകൾ പിടിപ്പിച്ചിരുന്നതുകൊണ്ടു്, ആ കുപ്പായത്തിനു് ഒരുപടി ലക്ഷം വില വീഴും. ഇതു ഴാവേറുടെ ശ്രദ്ധയെ ദൃഢമായാകർഷിച്ചു. ഈ അസാധാരണമനുഷ്യനെ, അയാളെ ഭയപ്പെടുത്താതെ, ഒന്നു സൂക്ഷിച്ചു നോക്കിക്കാണാൻവേണ്ടി, ആ പൊല്ലീസ്സൊറ്റുകാരന്റെ കുപ്പായം ഴാവേർ കടം വാങ്ങി; ആ വയസ്സനൊറ്റുകാരൻ എല്ലാ ദിവസവും വൈകുന്നേരം ചെന്നുകൂടാറുള്ള സ്ഥലത്തു് ഓരോ ഈശ്വരപ്രാർഥനകൾ മൂക്കിലൂടെ പുറപ്പെടുവിച്ചുകൊണ്ടു ചെന്നുകൂടി.

‘ആ സംശയിക്കപ്പെട്ട ആൾ’ പതിവുപോലെ വേഷപ്രച്ഛന്നനായ ഴാവേറുടെ അടുത്തു ശരിയ്ക്കെത്തി, കൈയിൽ ധർമം വെച്ചുകൊടുത്തു. ആ സമയത്തു ഴാവേർ തല പൊന്തിച്ചുനോക്കി; ഴാവേറാണെന്നു കണ്ടറിഞ്ഞപ്പോൾ ഴാങ്ങ് വാൽ ഴാങ്ങിന്നുണ്ടായ പരിഭ്രമം ഴാങ്ങ് വാൽഴാങ്ങിനെ കണ്ടറിഞ്ഞപ്പോൾ ഴാവേർക്കുണ്ടായതിനു സമമായിരുന്നു.

എങ്കിലും, ഇരുട്ടു് അയാളെ അന്ധാളിപ്പിച്ചിരിക്കാം; ഴാങ്ങ് വാൽഴാങ്ങിന്റെ മരണം ഭരണാധികാരരേഖയിലുള്ളതാണു്; ഴാവേർക്കു വളരെ ഗൗരവപ്പെട്ട സംശയങ്ങളുണ്ടായി; കാര്യത്തിനു കണിശമുള്ളാളായ ഴാവേർ ഒരിക്കലും സംശയിച്ചിട്ടു് ഒരുവന്റെ കഴുത്തിൽ പിടികൂടുകയില്ല.

ഴാവേർ ആ കണ്ടാളുടെ പിന്നാലെ ഗോർബോഭവനത്തിലേക്കു ചെന്നു; ആ വൃദ്ധയുമായി സംസാരിക്കാൻ തുടങ്ങി—അതു വലിയ പ്രയാസമുള്ള കാര്യമല്ല. കുപ്പായത്തിന്റെ ഉള്ളിൽ ഒരുപടി ലക്ഷം ഒതുക്കിയിട്ടുണ്ടെന്നു് ആ വൃദ്ധ ഒന്നുകൂടി ഉറപ്പിച്ചു. ആയിരം ഫ്രാങ്ക് നോട്ടിന്റെ കാര്യം അയാൾക്കു പറഞ്ഞുകൊടുത്തു. അവൾ അതു കണ്ടു! അവൾ അതെടുത്തുനോക്കി! ഴാവേർ ഒരു മുറി വാടകയ്ക്കു വാങ്ങി; അന്നു രാത്രി അതിൽ പാർപ്പാക്കി. ആ നിഗൂഢനിവാസിയുടെ വാതില്ക്കൽ ആ മനുഷ്യന്റെ ഒച്ച കേട്ടേയ്ക്കാമെന്നു കരുതി അയാൾ ചെവിയോർത്തു നിന്നു; പക്ഷേ, ഴാങ്ങ് വാൽഴാങ്ങ് താക്കോൽപ്പഴുതിലൂടെ വെളിച്ചം കണ്ടു; മിണ്ടാതെയിരുന്നു് ഒറ്റുകാരനെ തോല്പിച്ചു.

പിറ്റേ ദിവസം ഴാങ്ങ് വാൽഴാങ്ങ് ചുവടൊഴിച്ചു; പക്ഷേ, അഞ്ചു ഫ്രാങ്ക് നാണ്യം വീണ ശബ്ദം ആ വൃദ്ധ സൂക്ഷിച്ചു; നാണ്യത്തിന്റെ കിലുക്കംകേട്ട ഉടനെ, അയാൾ പോകാനുള്ള പുറപ്പാടായിരിക്കാം എന്നു വിചാരിച്ചു; ഴാവേറോടു വിവരം ചെന്നു പറഞ്ഞു. രാത്രി, ഴാങ്ങ് വാൽഴാങ്ങ് പുറത്തു കടന്നപ്പോൾ, രണ്ടു കൂട്ടുകാരോടുകൂടി ഴാവേർ നടക്കാവിലെ മരക്കൂട്ടത്തിനു പിന്നിൽ കാവൽ നിന്നിരുന്നു.

ഴാവേർ പൊല്ലീസു് സ്റ്റേഷനിൽച്ചെന്നു തുണയ്ക്ക് ആളെ കൂട്ടി; പക്ഷേ, അയാൾ പിടിക്കാനുദ്ദേശിക്കുന്നാളുടെ പേർ പറഞ്ഞില്ല. അതയാൾ സ്വന്തം കാര്യമാക്കി വെച്ചു; അതിനു മൂന്നു കാരണമുണ്ടായിരുന്നു; ഒന്നാമതു്, അല്പം ഒരു നോട്ടക്കുറവു പറ്റിയാൽ ഴാങ്ങ് വാൽഴാങ്ങ് കൈയിൽനിന്നു പോവും; പിന്നെ, പണ്ടേ തടവിൽ കിടന്നിരുന്നവനും അവിടെനിന്നു ചാടിപ്പോയി മരിച്ചു എന്നു പ്രസിദ്ധനും, ഏറ്റവും പേടിയ്ക്കേണ്ട ദുർമാർഗികളുടെ കൂട്ടത്തിൽ എന്നെന്നേക്കുമായി എണ്ണപ്പെട്ടിട്ടുള്ളവനുമായ ഒരു കുറ്റക്കാരനെ പിടിക്കുന്ന കാര്യം ഒരു പുതിയ ആൾക്കേല്പിച്ചുകൊടുക്കാതെ തന്നെപ്പോലെ പൊല്ലീസ്സുദ്യോഗത്തിൽ പഴക്കമുള്ളവർ തന്നെ തീർച്ചയായും കൈയിൽ വെക്കാൻ മാത്രം പോന്ന വിലപ്പെട്ട ഒന്നായതുകൊണ്ടു് തന്റെ തടവുപുള്ളി തന്റെ കൈയിൽനിന്നു പോയ്പോയെങ്കിലോ എന്നു് അയാൾ ഭയപ്പെട്ടു; എന്നല്ല, ഒടുവിൽ, ഴാവേർ ഒരു കലാകുശലനായതുകൊണ്ടു്, ഈ വക അപൂർവസംഭവങ്ങളിൽച്ചെന്നു തലയിടുവാൻ അയാൾക്ക് ഒരു വാസനയുമുണ്ടായിരുന്നു. മുൻകൂട്ടിത്തന്നെ പറഞ്ഞുനടന്നു കാര്യത്തിന്റെ പുതുമ കളഞ്ഞ് നിറംമങ്ങിയ വിജയങ്ങളുടെ മേൽ അയാൾക്കു ബഹു വെറുപ്പാണു്. ഇരുട്ടത്തു വെച്ചു തന്റെ അത്ഭുതകൃത്യം ശരിപ്പെടുത്തി, ഒടുവിൽ പെട്ടെന്നു മൂടുപടം നീക്കുന്നതായിരുന്നു അയാൾക്കിഷ്ടം.

ഴാവേർ മരത്തിൽനിന്നു മരത്തിലേക്കും തെരുമൂലയിൽനിന്നു തെരുമൂലയിലെക്കുമായി വിടാതെ ഴാങ്ങ് വാൽഴാങ്ങിനെ പിന്തുടർന്നു. ഒരു നിമിഷമെങ്കിലും അയാളെ കണ്ണിൽനിന്നു മറയുവാൻ ഇൻസ്പെക്ടർ സമ്മതിച്ചിട്ടില്ല; യാതൊന്നും ഭയപ്പെടാനില്ലെന്നു് ഴാങ്ങ് വാൽഴാങ്ങിനു തികച്ചും ധൈര്യം തോന്നിയ സമയത്തുകൂടി, ഴാവേറുടെ നോട്ടം അയാളിൽ പതിഞ്ഞിരുന്നു. എന്തുകൊണ്ടു് ഴാവേർ കടന്നു ഴാങ്ങ് വാൽഴാങ്ങിനു കയ്യാമം വെച്ചില്ല? അയാളുടെ സംശയം തീർന്നുകഴിഞ്ഞില്ല.

ആ കാലത്തു പൊല്ലീസ്സിനു യഥേഷ്ടം എന്തുംതന്നെ പ്രവർത്തിക്കാൻ വയ്യായിരുന്നു എന്നോർമിക്കണം. സ്വതന്ത്രനായ പത്രലോകം അതിനെ ബുദ്ധിമുട്ടിച്ചിരുന്നു; കഥയില്ലാതെ ചെയ്ത പിടുത്തങ്ങളെപ്പറ്റി വർത്തമാനപത്രങ്ങൾ പുറപ്പെടുവിച്ച ആക്ഷേപം ആസ്ഥാനസ്ഥലംവരെ മാറ്റൊലിക്കൊള്ളുകയും പൊല്ലീസു് സൈന്യവകുപ്പിനെ വിറപ്പിക്കുകയും ചെയ്തിരുന്നു. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തടയുക എന്നതു് അന്നു വളരെ ഗൗരവമുള്ള ഒന്നായിരുന്നു. പൊല്ലീസ്സുകാർക്ക് അബദ്ധം പറ്റിയെങ്കിലോ എന്നു ഭയമുണ്ടായിരുന്നു; മേലുദ്യോഗസ്ഥൻ അവരിലാണു് കുറ്റം ചുമത്തുക; അബദ്ധം പറ്റിപ്പോയാൽ പണി ദൂരെത്തെറിക്കും. ഇരുപതു പത്രങ്ങളിൽ എടുത്തെടുത്തു ചേർത്തുകഴിഞ്ഞ ഈ ഒരു ചെറിയ വർത്തമാനക്കുറിപ്പു് പാരിസ്സിൽ ഉണ്ടാക്കിത്തീർത്തേക്കാവുന്ന ബഹളം വായനക്കാർക്കൂഹിക്കാം;

‘ഇന്നലെ എട്ടു വയസ്സു പ്രായമുള്ള ഒരു കുട്ടിയോടുകൂടി നടന്നിരുന്ന ഒരു വയസ്സൻ മുത്തച്ഛനെ, നരച്ച് തലമുടിയോടുകൂടിയ ഒരു ധനവാനായ മാന്യനെ, തടവിൽനിന്നു ചാടിപ്പോയവനെന്നനിലയിൽ പൊല്ലീസ്സുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയാക്കി.’

ഇതിനു പുറമെ, ഴാവേർക്ക് സ്വന്തമായി ചില ശങ്കകളുണ്ടായിരുന്നു; പൊല്ലീസു് മേലുദ്യോഗസ്ഥന്റെ ശാസനകൾക്കു പുറമെ അയാൾക്കു സ്വന്തം മനസ്സാക്ഷിയുടെ ശാസനകളുമുണ്ടായിരുന്നു. അയാൾ വാസ്തവത്തിൽ സംശയിച്ചു.

ഴാങ്ങ് വാൽഴാങ്ങ് അയാൾ നില്ക്കുന്നതിന്നെതിരായി ഇരുട്ടിലൂടെ നടന്നു.

ദുഃഖം, അസ്വാസ്ഥ്യം, ഉൽക്കണ്ഠ, ഉന്മേഷമില്ലായ്മ, രാത്രിയിൽ വീടുവിട്ടു പാഞ്ഞു പാരിസ്സിൽ എവിടെയെങ്കിലും ചെന്നു തനിക്കും കൊസെത്തിനും ഒരു താൽക്കാലികരക്ഷ കണ്ടുപിടിക്കേണ്ടതായിവന്ന ഈ പുതുകഷ്ടപ്പാടു്, കുട്ടിയുടെ നടത്തത്തിനൊപ്പിച്ചു തന്റേതും മന്ദിപ്പിക്കേണ്ടിവന്നത്—ഇതെല്ലാംകൂടി, ഴാങ്ങ് വാൽഴാങ്ങിന്റെ സാധാരണനടത്തിനു്, അറിയാതെതന്നെ, ഒരു മാറ്റം വരുത്തി. ഴാവേറായി അവതരിച്ചിട്ടുള്ള പൊല്ലീസ്സിനുപോലും തെറ്റൂ പറ്റിപ്പോകുമാറ്—വാസ്തവത്തിൽ അതുണ്ടാകതന്നെ ചെയ്തുവല്ലോ—അയാളുടെ മട്ടിൽ ഒരു വാർദ്ധക്യത്തെ കൂട്ടിച്ചേർത്തു. നല്ലവണ്ണം അടുത്തു ചെല്ലുവാൻ സാധിക്കായ്ക, ഒരധ്യാപകന്റേതായ അയാളുടെ വസ്ത്രധാരണം, അയാളെക്കൊണ്ടു് ഒരു മുത്തച്ഛനെ ഉണ്ടാക്കിത്തീർത്ത തെനാർദിയെരുടെ വാമൊഴി, പിന്നെ തടവുകാലത്തു മരിച്ചു പോയിരിക്കുന്നു എന്നുള്ള വിശ്വാസം-ഇവയെല്ലാം ഴാവേറുടെ മനസ്സിൽ തിങ്ങിക്കൂടിയിരുന്ന സംശയത്തിനു പിന്നേയും കനംപിടിപ്പിച്ചു.

അയാളോടു പെട്ടന്നു ചെന്നു യാത്രാനുവാദപത്രം കാട്ടിത്തരാൻ ആവശ്യപ്പെട്ടാലോ എന്നു് ഒരു നിമിഷനേരം ഴാവേർ ആലോചിച്ചു; പക്ഷേ, ആ മനുഷ്യൻ ഴാങ്ങ് വാൽഴാങ്ങല്ലെങ്കിലും, സ്വന്തം വരവുകൊണ്ടു കഴിഞ്ഞുകൂടുന്ന ഒരു നല്ല മര്യാദക്കാരൻ കിഴവനല്ല അയാൾ എന്നിരുന്നാലും, ഒരു സമയം അയാൾ പാരിസ്സിലെ നിഗൂഢമായ ദുഷ്കർമവലക്കെട്ടിൽ തികച്ചും സാമർഥ്യത്തോടുകൂടിയും, കടന്നു പെരുമാറുന്ന ഏതോ ഒരു നേരംപോക്കുകാരൻ തെമ്മാടിയാണെന്നു വരാം—അതേ, മറ്റു സാമർഥ്യങ്ങളെ മറയ്ക്കുവാൻ, ഒരു പഴയ സൂത്രമായി ധർമം കൊടുത്തുവരുന്ന ഏതോ അപകടസംഘത്തിന്റെ നേതാവു്. അയാൾക്ക് വിശ്വസ്തന്മാരായ കൂട്ടുകാരും, ദുർഘടസമയത്തു ചെന്നഭയം പ്രാപിക്കാവുന്ന സഹായത്താവളങ്ങളും ഉണ്ടെന്നു വരാം; അയാൾ നിശ്ചയമായും അങ്ങനെ ഒന്നിലൂടെ രക്ഷപ്പെട്ടുകളയും. തെരുവുകളിലൂടെ എടുത്തിരുന്ന ഈ പിന്മാറലുകൾകൊണ്ടെല്ലാം അയാൾ നല്ല മര്യാദക്കാരനല്ലെന്നു തെളിയുന്നുണ്ടു്. പെട്ടെന്നു കടന്നു് അയാളെ പിടികൂടുന്നതു് സ്വർണമുട്ടയിടുന്ന പിടക്കോഴിയെ എല്ലാ സ്വർണമുട്ടകളും ഒന്നായി കിട്ടാൻവേണ്ടി കൊല്ലുകയാണു്. താമസിച്ചതുകൊണ്ടുണ്ടാകാവുന്ന അസൗകര്യമെന്താണു്? അയാളെക്കൊണ്ടു ചാടിപ്പോവാൻ കഴികയില്ലെന്നു ഴാവേർക്ക് നല്ല ഉറപ്പുണ്ടു്.

ഇങ്ങനെ ഴാവേർ ആ അസാധാരണസത്ത്വത്തെപ്പറ്റി സ്വയം ഒരു നൂറു ചോദ്യം ചോദിച്ചതുകൊണ്ടു്, സാമാന്യം പരിഭ്രമത്തോടുകൂടിയാണു് ഈ കാര്യത്തിൽ പ്രവർത്തിച്ചിരുന്നതു്.

ദ്യു ദു് പോങ്ങ്ത്വാവിൽ വെച്ചു കാര്യം കുറെ കടന്ന നിലയിൽ എത്തിയതിനുശേഷമാണു് അയാൾ-ഒരു കള്ളുഷാപ്പിൽനിന്നുണ്ടായ വെളിച്ചത്തിനു നാം നന്ദി പറയുക-ഴാങ്ങ് വാൽഴാങ്ങിനെ ശരിക്കു കണ്ടറിഞ്ഞതു്.

കഠിനമായി ഞെട്ടിപ്പോകുന്ന രണ്ടു സത്ത്വങ്ങളാണു് ലോകത്തിലുള്ളത്—തന്റെ കുട്ടിയെ വീണ്ടുകിട്ടുന്ന അമ്മയും, തന്റെ ഇര തിരിച്ചുകിട്ടുന്ന നരിയും, ഴാവേർ ആ കഠിനമായ ഞെട്ടൽ ഞെട്ടി.

ഴാങ്ങ് വാൽഴാങ്ങിനെ, ആ ഭയങ്കരത്തടവുപുള്ളിയെ, ശരിക്കു കണ്ടറിഞ്ഞപ്പോൾ, തങ്ങൾ മൂന്നു പേരേ ഉള്ളൂ എന്നു ഴാവേർ സൂക്ഷിച്ചു; അടുത്ത പൊല്ലീസു് സ്റ്റേഷനിൽച്ചെന്നു തുണക്കാരെ ആവശ്യപ്പെട്ടു. മുള്ളുള്ള വടി കൈയിലെടുക്കുന്നതിനു മുൻപു് ആളുകൾ കൈയുറയിടുന്നു.

ഈ താമസവും കൂട്ടുകാരുമായാലോചിക്കാൻ റോലാങ്ങിൽ കുറച്ചു നേരം നിന്നതും കാരണം പിടിവള്ളി കൈയിൽനിന്നു് ഏതാണ്ടു് വിട്ടുപോകതന്നെ ചെയ്തു. ഏതായാലും ഴാങ്ങ് വാൽഴാങ്ങിന്റേയും പൊല്ലീസ്സുകാരുടേയും നടുക്ക് പുഴ വന്നുപെടുമല്ലോ എന്നയാൾ ക്ഷണത്തിൽ പരിഗണിച്ചു. താൻ പോകുന്നതു് നേർവഴിക്കല്ലേ എന്നറിയാൻവേണ്ടി നായാട്ടുനായ നിലത്തു മുക്കടുപ്പിച്ചു മണത്തുനോക്കുന്നതുപോലെ, അയാൾ തലകുനിച്ച് ആലോചിച്ചു. തന്റെ സഹജജ്ഞാനത്തിനുള്ള ശക്തിമത്തായ ഋജുത്വത്തോടുകൂടി ഴാവേർ നേരെ ഓസ്തെർലിത്സു് പാലത്തിലേക്കു നടന്നു. ‘ഒരു ചെറിയ പെൺകുട്ടിയോടുകൂടി ഒരാൾ ഇതിലേ പോകുന്നതു കണ്ടുവോ?’ എന്നു ചുങ്കം പിരിവുകാരനോടു് ഒരു വാക്കു ചോദിച്ചതിൽനിന്നു് അയാൾക്കാവശ്യമുള്ള വിവരം കൈയിൽക്കിട്ടി. ‘ഞാൻ അയാളെക്കൊണ്ടു രണ്ടു സൂ കൊടുപ്പിച്ചു.’ ചുങ്കം പിരിവുകാരൻ മറുപടി പറഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് കൊസെത്തിന്റെ കൈപിടിച്ചു നടത്തിക്കൊണ്ടു പാലത്തിന്റെ അപ്പുറത്തു വെളിച്ചമുള്ള കുറച്ചു സ്ഥലം കടക്കുന്നതു കാണാൻ പാകത്തിൽ ഴാവേർ അവിടെയെത്തി. ഴാങ്ങ് വാൽഴാങ്ങ് സാങ്ങ്താന്ത്വാനിലേക്കു കടക്കുന്നതു് അയാൾ കണ്ടു; ഴാങ്ങ്റോ സ്ഥലംകൊണ്ടു താൻ ഒരു കെണിയുണ്ടാക്കിവെച്ചിട്ടുള്ളതു് അയാൾ ഓർമിച്ചു. റ്യു ദ്രുവാമ്യൂറിൽനിന്നു് ആകെ റ്യു പെത്തി പിക്പ്യുവിലെക്കുള്ള വഴിമാത്രമേ പുറത്തേക്ക് ഒരു പഴുതായിട്ടുള്ളൂ. നായാട്ടുകാർ പറയുമ്പോലെ പിൻപുറത്തെ മാളങ്ങളെല്ലാം അയാൾ നോക്കി ശരിപ്പെടുത്തി! ആ ഒരു മാർഗം മാത്രം ബാക്കിയുള്ളതിനെ നിരോധിക്കുവാൻ ഒരാളെ മറ്റൊരു വഴിക്കു ക്ഷണത്തിൽ വിട്ടു. ആയുധശാലയിലേക്കു മടങ്ങുന്ന ഒരു പാറാവുപട്ടാളം തന്റെ അടുക്കലൂടെ കടന്നുപോകുന്നതുകണ്ടു്, അയാൾ അവരെ വിളിച്ചുകൂട്ടി കൂടെ കൊണ്ടുപോകുന്നു. ഈവക ശീട്ടുകളികളിൽ പട്ടാളക്കാർ ‘ആസ്സു’ പോലെയാണു്. അത്രമാത്രമല്ല, കാട്ടുപന്നികളിൽവെച്ച് ഒന്നാന്തരത്തെ കിട്ടുന്നതിനു മൃഗയാശാസ്ത്രത്തേയും ധാരാളം നായാട്ടുനായ്ക്കളേയും ഉപയോഗിച്ചുകൊള്ളണമെന്നാണു് സിദ്ധാന്തം. ഈ കൂട്ടിക്കെട്ടലുകളെല്ലാം ശരിപ്പെടുത്തി, വലതുപുറത്തു ഴാങ്ങ്റോ ഇരുട്ടിടവഴിയും, ഇടത്തുവശത്തു തന്റെ ആളും, പിന്നിൽ താൻതന്നെയും ഉള്ളതിന്റെ ഇടയിൽവെച്ചു ഴാങ്ങ് വാൽഴാങ്ങ് നിശ്ചയമായും കുടുങ്ങിക്കഴിഞ്ഞു എന്നുള്ള ബോധത്തോടുകൂടി; അയാൾ, ഴാവേർ, ഒരു കുത്തു പൊടിയെടുത്തു വലിച്ചു.

അതു കഴിഞ്ഞു നായാട്ടു തുടങ്ങി; അയാൾക്ക് അത്യാഹ്ലാദമയവും പൈശാചികവുമായ ഒരു രസം തോന്നി; തനിക്കു പിടിക്കേണ്ട ആൾ എത്ര പോയാലും കൈയിൽത്തന്നെയാണെന്നറിഞ്ഞുകൊണ്ടു്, എന്നാൽ ആ പിടികൂടൽ പാടുള്ളേടത്തോളം ദൂരത്തേക്കു നീട്ടിക്കൊണ്ടുപോവാൻ ഒരു രസത്തോടുകൂടി, ആ മനുഷ്യൻ പിടിക്കപ്പെട്ടുകഴിഞ്ഞു. എങ്കിലും സ്വതന്ത്രനായി നടക്കുന്നതു കണ്ടു സന്തോഷിച്ച്, ഈച്ചയെ ചിറകിട്ടടിക്കാൻ അനുവദിക്കുന്ന എട്ടുകാലിക്കും എലിയെ ഓടാൻ വിടുന്ന പൂച്ചയ്ക്കുമുള്ള ആ ഒരു രസത്തോടുകൂടി, ആ മനുഷ്യനെ നോക്കിക്കണ്ടു ‘നൊട്ടയിട്ടു കൊണ്ടു ഴാവേർ അയാളെ മുൻപോട്ടു നടന്നുകൊൾവാൻ സമ്മതിച്ചു. ഗൃധ്രനഖങ്ങൾക്കും ഗൃധ്രതുണ്ഡങ്ങൾക്കും രാക്ഷസോചിതമായ ഒരു വിഷയലമ്പടത്വമുണ്ട്—അവയുടെ ഇറുക്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കഴിഞ്ഞ ജന്തുവിന്റെ സാരമില്ലാത്ത അനക്കങ്ങൾ. ഈ തൂക്കിക്കൊല്ലൽ എന്തു രസമുള്ളതാണ്!

ഴാവേർ രസം അനുഭവിക്കുകയായിരുന്നു. അയാളുടെ വലയ്ക്കുള്ള കണ്ണികളെല്ലാം ശക്തിയിൽ കെട്ടിയുറപ്പിച്ചിരിക്കുന്നു. ജയിക്കുമോ എന്നതിൽ അയാൾക്കു സംശയംതന്നെയില്ല; ഇനി ഒന്നേ ഒന്നുമാത്രം ചെയ്യാനുണ്ട്-കൈ കൂട്ടുക.

കൂടെ ആളുകളുള്ളതുകൊണ്ടു്, എത്രതന്നെ ശക്തനും മിടുക്കനും നിരാശനുമാണു് ഴാങ്ങ് വാൽഴാങ്ങ് എന്നിരുന്നാലും, എതിർത്തുനിന്നേക്കും എന്ന കാര്യം ആലോചിക്കുകയേ വേണ്ടാ.

ഴാവേർ, തെരുവിലെ എല്ലാ മൂലകളും, കള്ളന്മാരുടെ കുപ്പായക്കീശകളാണെന്നപോലെ, തടവിനോക്കിക്കൊണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടും പതുക്കെ മുന്നോട്ടു നടന്നു.

എട്ടുകാലി വലയുടെ നടുവിൽ എത്തിച്ചേർന്നപ്പോൾ ഈച്ചയെ അവിടെയെങ്ങും കാണാനില്ല.

അയാളുടെ ശുണ്ഠി ആലോചിച്ചാൽ മതി.

ദ്രുമാവ്യൂറിലും പെത്തി പിക്പ്യുവിലും താൻ നിർത്തിയിട്ടുള്ള പാറാവുകാരനെ അയാൾ വിചാരണചെയ്തു; നിന്നനിലയിൽനിന്നു് ഒന്നങ്ങുകകൂടി ചെയ്തിട്ടില്ലാത്ത ആ മനുഷ്യൻ അതിലേ ആരും കടന്നുപോകുന്നതു കണ്ടില്ല.

ചില സമയത്തു് കലമാനിനു തലയും കുളമ്പുകളും ഇല്ലാതായി എന്നുവരാം; എന്നുവെച്ചാൽ, നായാട്ടുനായ്ക്കളുടെ ഒരുകൂട്ടം മുഴുവൻ കാൽമടമ്പു തൊട്ടുകൊണ്ടുണ്ടെങ്കിലും, അതു രക്ഷപ്പെട്ടുകളയുന്നു; ആ ഘട്ടത്തിൽ പഴമക്കാരനായ നായാട്ടുകാർക്കുംകൂടി എന്താണു് പറയേണ്ടതെന്നറിഞ്ഞുകൂടാ. ദ്യുവിവിയേയും ലിങ്ങിവീലും ദെപ്രെയുംകൂടി മലച്ചുനില്ക്കും. ഇത്തരത്തിലുള്ള ഒരാശാഭംഗത്തിൽപ്പെട്ടിട്ടാണു്, ആർട്ടജ് ഉച്ചത്തിൽ പറഞ്ഞുപോയത്—അതു കലമാനല്ല, ഒരാഭിചാരക്കാരനാണു്.’ അങ്ങനെയൊരു നിലവിളി ഴാവേറിനും നിലവിളിക്കാൻ തോന്നി.

അയാളുടെ ആശാഭംഗം നിരാശതയുടേയും ശുണ്ഠിയുടേയും വക്കത്തു് ഒരു നിമിഷനേരത്തേക്കു ചെന്നു മുട്ടിപ്പോയി.

റഷ്യയുമായുള്ള യുദ്ധത്തിൽ നെപ്പോളിയന്നു് അബദ്ധം പിണഞ്ഞു എന്നുള്ളതും, ഇന്ത്യയിൽവെച്ചുണ്ടായ യുദ്ധത്തിൽ അലക്സാണ്ടർ വിഡ്ഢിത്തം കാണിച്ചു എന്നതും, ആഫ്രിക്കയിൽവെച്ചു ചെയ്ത യുദ്ധത്തിൽ സീസർ തെറ്റു പ്രവർത്തിച്ചു എന്നുള്ളതും, സിതിയയിലെ യുദ്ധത്തിൽ സൈറസ്സിനു [1] തെറ്റു പറ്റി എന്നുള്ളതും തീർച്ചയാണു്; ഴാങ്ങ് വാൽഴാങ്ങുമായുണ്ടായ ഈ പോരാട്ടത്തിൽ ഴാവേർക്കും വിഡ്ഢിത്തം പറ്റി. ആ തടവുപുള്ളിയെ കണ്ടുപിടിക്കാൻ അമാന്തിച്ചതിൽ പക്ഷേ, അയാൾക്കു തെറ്റിപ്പോയിരിക്കാം. ഒന്നാമത്തെ നേട്ടംകൊണ്ടു് തൃപ്തിപ്പെടേണ്ടിയിരുന്നു. ആ പഴയ ഭവനത്തിൽവെച്ചു നേരെ ചെന്നു പിടിച്ചു കയ്യാമം വെക്കാത്തതിൽ അയാൾക്കു തെറ്റിപ്പോയി. റ്യു ദു് പോങ്ങ്ത്വായിൽ വെച്ചു തികച്ചും ആളെ അറിഞ്ഞപ്പോൾ ആ ക്ഷണത്തിൽച്ചെന്നു പിടിക്കാതിരുന്നതു്, അയാൾക്കു തെറ്റി. റോലോങ്ങിൽവെച്ചു നല്ല ചന്ദ്രികയിൽ, കൂട്ടുകാരുമായി നിന്നാലോചിച്ചതു് അയാളുടെ പക്കൽ തെറ്റാണു്. കൂടിയാലോചന നിശ്ചയമായും ആവശ്യംതന്നെ;

അറിയുകയും അഭിപ്രായം ചോദിക്കാൻ അർഹതയുള്ള നായാട്ടുനായ്ക്കളോടു ചില ചോദ്യം ചെയ്കയും നല്ലതുതന്നെ; ചെന്നായയേയും തടവുപുള്ളിയേയും പോലെ വൈഷമ്യമുള്ള ജന്തുക്കളെ നായാടുമ്പോൾ നായാട്ടുകാരൻ വേണ്ടതിലധികം മുൻകരുതലെടുക്കാൻ നില്ക്കരുതു്. തന്റെ നായ്ക്കൂട്ടത്തിലെ നായാട്ടുനായ്ക്കളെ എങ്ങെനെയെല്ലാമാണ് പിന്നാലെ വിടേണ്ടതെന്നു വേണ്ടതിലധികം ആലോചിക്കാൻ നിന്നതുകൊണ്ടു് ചാട്ടുകുന്തത്തിന്റെ പോക്ക് ഇന്ന വഴിയ്ക്കെന്നറിയിച്ച് അയാൾ ആ ജന്തുവിനെ ഓടിച്ചുകളഞ്ഞു. എല്ലാറ്റിനും പുറമേ ഓസ്തെർലിത്സു് പാലത്തിന്മേൽവെച്ചു രണ്ടാമതും മണത്തറിഞ്ഞതിന്നുശേഷം, അത്തരത്തിലുള്ള ഒരുവനെ ചൂണ്ടലിന്റെ അറ്റത്തിട്ടു കളിപ്പിച്ചുംകൊണ്ടുനിന്ന ആ പിള്ളർകളി അയാളുടെ പക്കൽ തെറ്റുതന്നെയാണു്. സ്വതവേ ഉള്ളതിലധികം ശക്തി തനിക്കുണ്ടെന്നു് അയാൾ വിചാരിച്ചു; ചുണ്ടെലിയും സിംഹവുമായുള്ള കളി കളിക്കാൻ തനിക്കു കഴിയുമെന്നു് അയാൾ വിശ്വസിച്ചു. അതോടൊപ്പംതന്നെ, തുണക്കാരെ കുറെക്കൂടി വിളിച്ചുകൂട്ടണമെന്നു തീർച്ചപ്പെടുത്തിയപ്പോൾ താൻ കൂറച്ചധികം അശക്തനാണെന്നും അയാൾ ഗണിച്ചുപോയി. അപായകരമായ മുൻകരുതൽ, വിലപിടിച്ച സമയത്തെ പാഴാക്കാൻ-ഴാവേർ ഈ എല്ലാ വിഡ്ഢിത്തങ്ങളും കാണിച്ചു; എന്തായാലും ലോകത്തിലുണ്ടായിട്ടുള്ള ഒറ്റുകാരിൽവെച്ച് അയാൾ ഏറ്റവും വലിയ സമർഥനും തെറ്റു പറ്റാത്തവനുമാണുതാനും. നായാട്ടുഭാഷയിൽ പറയുമ്പോൾ ഉരു അറിയുന്ന നായ അയാളാണെന്നു എത്ര തികച്ചും പറയാം. പക്ഷേ, പരിപൂർണത ലോകത്തിൽ എവിടെയുണ്ടു്?

മഹാന്മാരായ യുദ്ധനിപുണന്മാർക്ക് അവരുടെ കുറവുകളുണ്ടു്.

ഏറ്റവും വലിയ വിഡ്ഢിത്തങ്ങൾ പലപ്പോഴും, വണ്ണമേറിയ കയറുകളെപ്പോലെ, ഒരുകൂട്ടം ഇഴകൾ കൂടിച്ചേർന്നവയായിരിക്കും. കമ്പക്കയറിനെ നൂലുനൂലായി വേർപെടുത്തുക, പ്രവർത്തകങ്ങളായിരുന്ന ഉദ്ദേശ്യങ്ങളെയെല്ലാം വെവ്വേറെയെടുക്കുക—എന്നാൽ ഒന്നു കഴിഞ്ഞ് ഒന്നായി സകലവും നിങ്ങൾക്കു മുറിക്കാം; നിങ്ങൾ പറയുന്നു: ‘ആകപ്പാടെ ഇതേ ഇതിലുള്ളൂ!’ അവയെ മെടയുക, അവയെ കൂട്ടിപ്പിരിക്കുക; വല്ലാത്തൊന്നായിത്തീർന്നു. അതാണു് കിഴക്കു മാർഷിനും [2] പടിഞ്ഞാറു വാലന്റിനിയനും [3] ഉള്ളതിന്നു നടുക്കുനിന്നു് സംശയിക്കുന്ന ആറ്റില; [4] അതാണു് കാപ്പുവയിൽ തങ്ങിപ്പോയ ഹാനിബാൾ; [5] അതേ, ആർസി-സർ-ഓബി [6] ഉറങ്ങിപ്പോയ ദാന്തോവും അതുതന്നെ.

അതെങ്ങനെയായാലും ആവട്ടെ, ഴാങ്ങ് വാൽഴാങ്ങ് കൈയിൽനിന്നു പൊയ്പോയി എന്നു് കണ്ടപ്പോൾക്കൂടി, ഴാവേർ പരിഭ്രമിക്കുകയുണ്ടായില്ല. ചാടിപ്പോയ തടവുപുള്ളി അധികദൂരം പോയിട്ടുണ്ടാവില്ലെന്നുള്ള ഉറപ്പുകൊണ്ടു്, അയാൾ പാറാവുകാരെ നിർത്തി; കെണികളും കുടുക്കുകളും അവിടവിടെ ശരിപ്പെടുത്തി; രാത്രി മുഴുവനും ആ വഴിക്ക് ആളെ നടത്തി. ഒന്നാമതായി അയാൾ കണ്ടെത്തിയതു് കയർ മുറിച്ചെടുത്ത തെരുവുവിളക്കിന്റെ തകരാറാണു്, ഒരു വിലപിടിച്ച സംഗതി; എന്തായാലും അതയാളെ വഴിതെറ്റിച്ചു. അയാളുടെ അന്വേഷണങ്ങളെല്ലാം അതുകാരണം ഴാങ്ങ്റോവിന്നു നേർക്കു തിരിഞ്ഞു. ആ ഇരുട്ടുവഴിവക്കത്തു തോട്ടങ്ങളിൽനിന്നു മേല്പോട്ടു നിൽക്കുന്ന സാമാന്യം ചെറിയ മതിലുകളാണുള്ളതു്; ആ തോട്ടങ്ങൾക്കപ്പുറത്തെല്ലാം അപാരങ്ങളായ തരിശുപ്രദേശങ്ങളും. ഴാങ്ങ് വാൽഴാങ്ങ് ആ വഴിക്കായിരിക്കണം പാഞ്ഞിട്ടുള്ളതു്. സംശയമില്ല. വാസ്തവത്തിൽ ഴാങ്ങ്റോവിലൂടെ അയാൾ കുറച്ചടികൂടി മുൻപോട്ടു പോയിരുന്നുവെങ്കിൽ, അതിലേ താൻ ചെല്ലുകയും പൊല്ലീസ്സുകാരാൽ പിടികൂടപ്പെടുകയുംതന്നെ ചെയ്തേനേ. ഴാവേർ ഒരു സൂചി പോയാലെന്നപോലെ ആ തോട്ടങ്ങൾ മുഴുവനും അവയ്ക്കപ്പുറത്തുള്ള തരിശുനിലങ്ങളും, നടന്നു സൂക്ഷിച്ചുനോക്കി.

നേരം പുലർന്നപ്പോൾ രണ്ടു കൊള്ളാവുന്ന കിങ്കരന്മാരെ അന്വേഷണത്തിനേല്പിച്ച്, ഒരു തട്ടിപ്പറിക്കാരനാൽ പിടിക്കപ്പെട്ട പൊല്ലീസ്സൊറ്റുകാരനെപ്പോലെ അയാൾ നാണംകെട്ടു കച്ചേരിയിലേക്കു മടങ്ങി.

കുറിപ്പുകൾ

[1] പേർഷ്യൻ സാമ്രാജ്യമുണ്ടാക്കിയ ആൾ ഇദ്ദേഹത്തെ മഹാനായ സൈറസ്സു് എന്നു പറഞ്ഞുവരുന്നു.

[2] ഒരു രാജ്യഭരണനിപുണനായ പൗരസ്ത്യചക്രവർത്തി, ഇദ്ദേഹം ഒരാൾക്കും കീഴടങ്ങുകയുണ്ടായിട്ടില്ല.

[3] ഒരു റോമൻ ചക്രവർത്തി.

[4] ക്രി. മു.അഞ്ചാംനൂറ്റാണ്ടിലുണ്ടായിരുന്ന ഒരു ക്രൂരചക്രവർത്തി ‘ഈശ്വരന്റെ ശാപം’ എന്ന ശകാരപ്പേർ ഈ രാജാവു് സമ്പാദിച്ചു.

[5] കർത്തിജിനിയയിലെ സുപ്രസിദ്ധ സേനാനായകൻ ഇറ്റലിയെ ആക്രമിച്ചു പതിനഞ്ചു കൊല്ലം കൊള്ളയിട്ടു നടന്നു.

[6] ഫ്രാൻസിലെ ഒരു പട്ടണം ദാന്തോ എന്ന ആ പ്രസിദ്ധ ഭരണപരിവർത്തനനേതാവിന്റെ ജനനഭൂമി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.