images/hugo-16.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.8.9
മഠത്തിലായി

കൊസെത്തു് കന്യകാമഠത്തിൽ ഒന്നും മിണ്ടാതെതന്നെ കഴിച്ചു. താൻ ഴാങ്ങ് വാൽഴാങ്ങിന്റെ മകളാണെന്നാണു് കൊസെത്തു് വിശ്വസിച്ചിരുന്നതു്. അതിൽ അത്ഭുതപ്പെടാനില്ലല്ലോ. എന്നല്ല, മറ്റൊന്നും തനിക്കറിവില്ലാതിരുന്നതുകൊണ്ടു്, അവളെക്കൊണ്ടൊന്നും പറവാനും സാധിക്കില്ല. ഇനി സാധിക്കുമെങ്കിൽത്തന്നെ അവൾ പറയില്ല. ഞങ്ങൾ മുൻപു പറഞ്ഞതുപോലെ, ദൗർഭാഗ്യത്തെപ്പോലെ കുട്ടികളെക്കൊണ്ടു മിണ്ടാതാക്കുന്ന മറ്റൊന്നില്ല. കൊസെത്തു് അത്രമേൽ ദുഃഖമനുഭവിച്ചിരുന്നതുകൊണ്ടു സർവത്തെക്കുറിച്ചും അവൾ ഭയപ്പെട്ടു—അതേ, മിണ്ടുവാനോ ശ്വാസം കഴിക്കുവാനോകൂടി അവൾക്കു ഭയമായിരുന്നു. ഒരൊറ്റവാക്കുകൊണ്ടു പലപ്പോഴും ഒരു മല മുഴുവനും അവളുടെ മേൽ പൊളിഞ്ഞുവീണിട്ടുണ്ടു്. ഴാങ്ങ് വാൽഴാങ്ങിന്റെ കൂടെയായതിന്നുശേഷവും അവൾക്കൊരു സമാധാനം കിട്ടിത്തുടങ്ങിയില്ല. ക്ഷണത്തിൽ അവൾ കന്യകാമഠത്തിലെ ജീവിതത്തോടിണങ്ങി. ഒന്നുമാത്രം, കാതറീനെ കൊണ്ടുവന്നില്ലല്ലോ എന്നവൾ പശ്ചാത്തപിച്ചു; പക്ഷേ, അതു പറയാൻ അവൾക്കു ധൈര്യമുണ്ടായില്ല. എന്തായാലും ഒരിക്കൽ അവൾ ഴാങ്ങ് വാൽഴാങ്ങിനോടു പറഞ്ഞു: അച്ഛാ, ഞാനിതറിഞ്ഞിരുന്നുവെങ്കിൽ, എന്റെ കാതറീനെ കൈയിലെടുത്തേനേ.’ കന്യകാമഠത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അവിടത്തെ വിദ്യാർഥിനികളുടെ ഉടുപ്പു് അവളും ധരിക്കേണ്ടിവന്നു. അവൾ കളഞ്ഞ ഉടുപ്പ്, കുട്ടികളോടു പറഞ്ഞു, ഴാങ്ങ് വാൽഴാങ്ങ് കൈയിലാക്കി. തെനാർദിയെർമാരുടെ ചാരായക്കടയിൽനിന്നു പോരുമ്പോൾ അയാൾ കൊസെത്തിനെക്കൊണ്ടു ധരിപ്പിച്ച അതേ ദു:ഖോചിതമായ ഉടുപ്പായിരുന്നു അതു്. അപ്പോഴും അതു വല്ലാതെ പിഞ്ഞിക്കഴിഞ്ഞിട്ടില്ല. ആ ഉടുപ്പുസാമാനങ്ങളെ, കീഴ്ക്കാലുറകളും പാപ്പാസുകളും കൂട്ടി, കന്യകാമഠങ്ങളിൽ ധാരാളമായുണ്ടാകുന്ന കർപ്പൂരവും മറ്റെല്ലാ സുഗന്ധപ്പൊടികളും ധാരാളാം വിതറി, എങ്ങനെയോ അയാൾ സമ്പാദിച്ച ഒരു ചെറിയ യാത്രപ്പെട്ടിയിലിട്ടു പൂട്ടി, ഈ യാത്രപ്പെട്ടി അയാൾ തന്റെ കട്ടിലിനടുത്തു് ഒരു കസാലയിൽ സൂക്ഷിച്ചു; അതിന്റെ താക്കോൽ എപ്പോഴും അയാളുടെ കൈയിലായിരിക്കും. ‘അച്ഛാ,’ ഒരു ദിവസം കൊസെത്തു് അയാളോടു ചോദിച്ചു. ‘അത്രയും നല്ല വാസനയുള്ള ആ പെട്ടിയിലെന്താണു്?’

ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതും തനിക്കു യാതൊരറിവുമില്ലാതിരുന്നതുമായ പ്രശസ്തിക്കു പുറമേ, ഫൂഷൽവാങ്ങിനു് അയാളുടെ സല്കർമത്തിന്റെ ഫലമായി വേറെയും ചില ഗുണങ്ങൾ കിട്ടി; ഒന്നാമതു്, അയാൾക്കു സുഖമയി; പിന്നെ ഒരാൾകൂടിയുണ്ടായതുകൊണ്ടു് മൊസ്സ്യു മദലിയെന്റെ സഹവാസം വളരെ ഉപകാരത്തിലായി. പണം മൊസ്സ്യു മദലിയെൻ കൊടുത്തുവന്നതിനാൽ, അയാൾ മുൻപുണ്ടായിരുന്നതിൽ മൂന്നിരട്ടിയിലധികം പ്രാവശ്യം പൊടി വലിച്ചു; അതു തന്നെ ഓരോരിക്കലും അത്രമേൽ ധാരാളിത്തത്തോടുകൂടിയും. സന്ന്യാസിമാർ ഉൽത്തെം എന്ന പേർ സ്വീകരിച്ചില്ല; അവർ ഴാങ്ങ് വാൽ ഴാങ്ങിനെ മറ്റേ ഫൂവാങ്ങ് എന്നു വിളിച്ചു.

ഈ പരിശുദ്ധസ്ത്രീകൾക്കു ഴാവേറുടെ സൂക്ഷ്മനോട്ടമുണ്ടായിരുന്നുവെങ്കിൽ, തോട്ടത്തില ആവശ്യത്തിലേക്ക് വല്ലപ്പോഴും പുറത്തേക്ക് പോകേണ്ട ആവശ്യം നേരിട്ടാൽ, അതെപ്പോഴും കിഴവനും ക്ഷീണനും മുടന്തനുമായ ഫൂഷൽവാങ്ങല്ലാതെ, മറ്റേയാൾ ആയിരുന്നില്ലെന്നു് അവർ കുറേക്കഴിഞ്ഞാലെങ്കിലും നോക്കിയറിഞ്ഞേനേ; എന്നാൽ എപ്പോഴും ഈശ്വരനിൽ ഊന്നിയിരിക്കുന്ന ദൃഷ്ടികൾക്ക് ഒറ്റുനില്ക്കാൻ അറിഞ്ഞുകൂടാഞ്ഞിട്ടോ, അതോ അവയെ ആവശ്യമുള്ളതെന്നു വെച്ചിട്ടോ, അക്കാര്യത്തിൽ അവർ യാതൊരു ശ്രദ്ധയും പതിച്ചില്ല.

അത്രമാത്രമല്ല, ഴാങ്ങ് വാൽഴാങ്ങ് വീട്ടിൽത്തന്നെ അടച്ചുകൂടുകയും പുറത്തേക്കു കടക്കാതിരിക്കുകയും ചെയ്തതു നന്നായിതാനും. ഒരു മാസത്തോളം കാലം ഴാവേർ ആ പ്രദേശത്തുനിന്നു കണ്ണെടുക്കാതെ നിന്നിരുന്നു.

ഗുഹകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപുപോലെയായിരുന്നു ഴാങ്ങ് വാൽഴാങ്ങിനു് ആ കന്യകാമഠം. മേലാൽ ആ നാലു മതിലുകൾക്കകമായി അയാളുടെ ലോകം. അവിടെ അയാൾക്കു തന്റെ പ്രശാന്തമഹിമയെ നിലനിർത്താൻ വേണ്ടിടത്തോളം ആകാശത്തേയും, സുഖമായിരിക്കാൻ കൊസെത്തിനേയും കാണാനുണ്ടായിരുന്നു.

അയാൾ ഒരു സുഖമായ ജീവിതം ആരംഭിച്ചു.

തോട്ടത്തിന്റെ അറ്റത്തുള്ള പഴയ കുടിലിൽ അയാൾ ഫൂഷൽവാങ്ങോടുകൂടി താമസമായി. പഴയ ഓരോന്നെടുത്തു കൂട്ടിയുണ്ടാക്കിയതും 1845 വരെ നിലനിന്നിരുന്നതുമായ ഈ ചെറ്റപ്പുര, വായനക്കാർക്കറിവുള്ളതുപോലെ, മൂന്നു മുറികളോടു കൂടിയതാണു്; ആ മൂന്നിലും ചുമരുകളല്ലാതെ മറ്റു യാതൊന്നുമില്ല. അവയിൽ പ്രധാനമായ മുറി, ഴാങ്ങ് വാൽഴാങ്ങ് വെറുതെ ശാഠ്യംപിടിച്ചുനോക്കിയെങ്കിലും, മൊസ്സ്യു മദലിയെനെക്കൊണ്ടു ബലാൽക്കാരമായി ഫൂഷൽവാങ്ങ് ഒഴിച്ചുവാങ്ങിച്ചു. ഈ മുറിയുടെ ചുമരുകൾക്ക് ആഭരണമായി കാൽമുട്ടുപട്ടയും കൊട്ടയും തൂങ്ങിക്കിടക്കുന്ന രണ്ടാണിക്കു പുറെമെ, അടുപ്പിൻതിണ്ണയ്ക്കു മുകളിൽ ചുമരിന്മേലായി 1793-ലെ രാജവാഴ്ചക്കാലത്തുള്ള ഒരു നോട്ടുകൂടി പതിച്ചിട്ടുണ്ടായിരുന്നു, താഴെക്കാണുന്നതു് അതിന്റെ ഒരു തത്തുല്യപകർപ്പാണ്-

ഈ നോട്ടു ചുമരിന്മേൽ തറച്ചിരുന്നതു മുൻപത്തെ തോട്ടക്കാരനാണു്. അയാൾ കന്യകാമഠത്തിൽ കിടന്നു മരിച്ചു, ആ സ്ഥാനമാണു് ഫൂഷൽവാങ്ങിനു കിട്ടിയതു്.

ഴാങ്ങ് വാൽഴാങ്ങ് ദിവസംപ്രതി തോട്ടത്തിൽ പണിയെടുത്തു, അയാളെക്കൊണ്ടു വളരെ ഉപകാരമുണ്ടായി; പണ്ടൊരു കാലത്തു് അയാൾക്കു തൂപ്പു വെട്ടി നന്നാക്കലായിരുന്നു പണി. ഇപ്പോൾ ഒരിക്കൽക്കൂടി അയാൾ സന്തോഷപൂർവം തോട്ടക്കാരനായി കൃഷിശാസ്ത്രസംബന്ധികളായ എല്ലാ ഗൂഢപ്രയോഗങ്ങളും അയാൾക്കറിയാമായിരുന്നു. ഇതയാൾ ഉപയോഗപ്പെടുത്തി. തോട്ടത്തിലെ മരങ്ങളൊക്കെ വേണ്ടവിധം വെട്ടിനന്നാക്കാതെ കാട്ടുമരങ്ങളെപ്പോലെ നിന്നിരുന്നു. അയാൾ അവയെ പരിഷ്കരിച്ചു ഫലവത്തുക്കളാക്കി

ദിവസംതോറും ഓരോ മണിക്കൂർ നേരം അയാളൊരുമിച്ചിരിക്കാൻ കൊസെത്തിനനുവാദമുണ്ടയിരുന്നു. കന്യകാമഠസ്ത്രീകളൊക്കെ ദുഃഖശീലത്തോടു കൂടിയവരും അയാൾ ദായാലുവായിരുന്നതുകൊണ്ടു്, അവൾ അവരെ തമ്മിൽ ത്തട്ടിച്ചുനോക്കി, അയാളെ മനസ്സുകൊണ്ടു പൂജിച്ചു ആ നിശ്ചിതസമയത്തു് അവൾ കുടിലിലേക്കു പറന്നു ചെല്ലും ആ ചെറ്റപ്പുരയിൽ കടന്നുവന്നാൽ ഉടനെ അവൾ അവിടമെങ്ങും സ്വർഗമാക്കും. ഴാങ്ങ് വാൽഴാങ്ങിനു് ആഹ്ലാദം തോന്നി; കൊസെത്തിന്നുണ്ടാക്കിക്കൊടുക്കുന്ന സുഖംകൊണ്ടു് അയാൾക്കും സുഖംവർദ്ധിച്ചു. നാം ഉണ്ടാക്കിക്കൊടുക്കുന്ന സുഖത്തിനു് ഈ ഹൃദയംഗമായ ഒരു സവിശേഷതയുണ്ടു്. എല്ലാ പ്രതിബിംബങ്ങളെയുംപോലെ അതു മങ്ങിപ്പോകാതെ, പൂർവാധികം പ്രകാശത്തോടുകൂടി മടങ്ങിവരുന്നു. കളിസ്സമയങ്ങളിൽ അവൾ ഓടുന്നതും കളിക്കുന്നതും അയാൾ ദൂരത്തുനിന്നു നോക്കിക്കാണും, മറ്റുള്ളവരുടെ ചിരികളിൽ നിന്നു് അവളുടെ ചിരി അയാൾക്കു തിരിച്ചറിയാം കൊസെത്തു് ഇപ്പോൾ ചിരിച്ചുതുടങ്ങിയിരിക്കുന്നു കൊസെത്തിന്റെ മുഖത്തിനുതന്നെ ഏതാണ്ടൊരു മാറ്റം വന്നിരുന്നു അതിലെ മങ്ങിച്ച കാണാതായി ഒരു പുഞ്ചിരി, ഒരു വെയിൽനാളംപോലെയാണു്; അതു മനുഷ്യമുഖത്തുനിന്നു ദുർദ്ദിനത്തെ ആട്ടിപ്പായിക്കുന്നു.

കളിസ്സമയം കഴിഞ്ഞ് കൊസെത്തു് വീട്ടിലെക്കുതന്നെ മടങ്ങിപ്പോയി, ഴാങ്ങ് വാൽഴാങ്ങ് അവളെ പഠിപ്പുമുറിയിലൂടെ നോക്കിക്കാണും; അവളെ ഉറക്കറയിലെ ജനാലകളിലൂടെ നോക്കുന്നതിനു് അയാൾ രാത്രിയെണീക്കും. എന്നല്ല, ഈശ്വരന്നു ചില സവിശേഷതസമ്പ്രദായങ്ങളുണ്ടു്; മെത്രാൻ ഴാങ്ങ് വാൽഴാങ്ങിൽ തുടങ്ങിവെച്ച പ്രവൃത്തിയെ, കൊസെത്തിനെ എന്നപോലെ, കന്യകാമഠം ഏറ്റെടുക്കുകയും മുഴുമിപ്പിക്കുകയും ചെയ്തു. സൗശീല്യം അഭിമാനത്തിന്റെ ഒരു ഭാഗത്തു തൊട്ടുനില്ക്കുന്നു എന്നു തീർച്ചയാണു്. പിശാചിനാൽ ഉണ്ടാക്കപ്പെട്ട ഒരു പാലം അവിടെയുണ്ടു്. പെത്തി പിക്യുവിലെ കന്യകാമഠത്തിൽ ഈശ്വരൻ അയാളുടെ വിധിയെ തള്ളിമറിച്ചപ്പോൾ, ഴാങ്ങ് വാൽഴാങ്ങ് ഒരു സമയം താനറിയാതെതന്നെ, ആ ഭാഗത്തിനും ആ പാലത്തിനും നല്ലവണ്ണം അടുത്തെത്തിയിടുണ്ടായിരുന്നു; തന്നെ മെത്രാനുമായി മാത്രം താരതമ്യപ്പെടുത്തി നോക്കുന്നേടത്തോളം കാലം, അയാൾ നിസ്സാരനാണെന്നു തീർച്ചപ്പെടുകയും വിനീതനായിത്തന്നെയിരിക്കുകയും ചെയ്യും; എന്നാൽ കുറച്ചുകാലം മുൻപു മുതൽ അയാൾ സാമാന്യജനങ്ങളുമായി സ്വയം തട്ടിച്ചുനോക്കുകയും അഭിമാനം അയാളിൽ അങ്കുരിക്കുകയും ചെയ്യാൻ തുടങ്ങി. ആർക്കറിയാം? പതുക്കെക്കൊണ്ടു് അയാൾ ദ്വേഷത്തിൽത്തന്നെ തിരിച്ചു ചെന്നു എന്നു വരാം.

കന്യകാമഠം അയാളെ ആ അധ:പതനത്തിൽനിന്നു തടഞ്ഞുനിർത്തി.

അയാൾക്കനുഭവിക്കേണ്ടിവന്ന രണ്ടാമത്തെ കാരാഗൃഹവാസമാണിതു്. ചെറുപ്പത്തിൽ—അതായതു് അയാളുടെ ജീവിതാരംഭത്തിൽ—പിന്നെ ഇയ്യിടെയിലുമായി, മറ്റൊരു കാരാഗൃഹം—അതേ, നീതിന്യായത്തിന്റെ ദുഷ്ടതയും രാജ്യനിയമത്തിന്റെ ആ കൃത്യവുമായി അയാൾക്കു തോന്നിയിട്ടുള്ള പലേ നിഷ്ഠൂരതകളോടു കൂടിയ ഒരു ഭയങ്കരസ്ഥലം-അയാൾ കണ്ടിട്ടുണ്ടു്. ഇപ്പോൾ, തണ്ടുവലിശിക്ഷാസ്ഥലത്തിനുശേഷം, അയാൾ സന്ന്യാസിമഠം കണ്ടു; തണ്ടുവലിശിക്ഷാസ്ഥലങ്ങളിൽ താൻ എങ്ങനെ ഒരംഗമായിരുന്നു എന്നും, ഇപ്പോൾ ഒരു സന്ന്യാസിമഠത്തെ താൻ എങ്ങനെ നോക്കിക്കണ്ടുകൊണ്ടിരിക്കുന്നു എന്നും ആലോചിച്ചപ്പോൾ, ആ രണ്ടും വ്യാകുലതയോടുകൂടി അയാളുടെ മനസ്സിൽ മുൻപിൽ വന്നുമുട്ടി.

ചിലപ്പോൾ കൈ രണ്ടും കെട്ടി അയാൾ തൂമ്പമേൽ ചാരിനിന്നു മനോരാജ്യത്തിന്റെ അവസാനരഹിതങ്ങളായ പിരിയൻകോണികളിലൂടെ ഇറങ്ങിപ്പോവും.

അയാൾ പണ്ടത്തെ കൂട്ടുകാരെ ഓർമിക്കും; അവർ എന്തു കഷ്ടസ്ഥിതിയിലായിരുന്നു; പുലർന്നാൽ എഴുന്നേറ്റു, രാത്രിയാവുന്നതുവരെ അധ്വാനിക്കും; ഉറങ്ങുവാൻതന്നെ അവർക്കു സമയം കിട്ടിയിരുന്നില്ല; ഊക്കൻ വേനല്ക്കാലത്തല്ലാതെ മറ്റൊരിക്കലും ചൂടു തട്ടാത്ത മുറികളിൽ, രണ്ടിഞ്ചു കനമുള്ള വിരികളല്ലാതെ മറ്റൊന്നും പാടില്ലെന്നുള്ള പാളയക്കിടക്കകളിൽ അവർ കിടക്കും; ചുകന്ന ഭയങ്കരങ്ങളായ കുറുങ്കുപ്പായങ്ങളെക്കൊണ്ടു വസ്ത്രധാരണം കഴിക്കും; ഒരു വലിയ ദയയായി, ഏറ്റവും ചൂടുള്ള കാലത്തു പരുത്തിത്തുണിക്കാലുറകളും വല്ലാത്ത തണുപ്പുകാലത്തു് രോമംകൊണ്ടുള്ള വണ്ടിക്കാരൻമുറിക്കുപ്പായവും ധരിക്കുവാൻ അവർക്കനുവാദം കിട്ടിയിരുന്നു; അവർ വീഞ്ഞു കുടിച്ചിരുന്നില്ല; ‘ക്ഷീണപ്പണിയെടുക്കുന്ന കാലത്തല്ലാതെ മാംസം തിന്നിരുന്നുമില്ല. അവർക്കു പേരില്ല. ഓരോ നമ്പർ മാത്രമേ ഉള്ളൂ; എന്നല്ല, കീഴ്പോട്ടു തൂങ്ങിയ ദൃഷ്ടികളോടും താഴ്ത്തപ്പെട്ട ഒച്ചകളോടും കത്തിരിച്ചുകളഞ്ഞ തലമുടിയോടുംകൂടി അവമാനത്തിലും പൊന്തൻ വടികൊണ്ടുള്ള തല്ലുകൾക്കിടയിലും ആകപ്പാടെ അവർതന്നെ ഓരോ സുന്നങ്ങളായി മാറിയിരിക്കുന്നു എന്നു പറയാം.

ഉടനെ അയാളുടെ മനസ്സു് ആ മുൻപിൽക്കാണുന്ന സത്ത്വങ്ങളുടെ മേലേക്കു തിരിഞ്ഞു.

ഇവരും കത്തിരിച്ചുകളഞ്ഞ തലമുടികളോടും കീഴ്പ്പോട്ടു തൂങ്ങിയ ദൃഷ്ടികളോടും താഴ്ത്തപ്പെട്ട ഒച്ചകളോടും കൂടി, അവമാനത്തിലല്ല, ലോകത്തിന്റെ പരിഹാസങ്ങൾക്കിടയിൽ, പൊന്തൻവടികൊണ്ടുള്ള തല്ലുകൊണ്ടു തോലുരിഞ്ഞ പുറത്തോടുകൂടിയല്ല, തങ്ങളുടെ തപോനിഷ്ടകൾകൊണ്ടു വേദനപ്പെടുന്ന ചുമലുകളോടുകൂടി കഴിഞ്ഞുവരുന്നു. മനുഷ്യരുടെ ഇടയിൽനിന്നു് ഇവരുടെ പേരുകളും അറിയപ്പെടുന്നില്ല ഇവർ ഒരിക്കലും വീഞ്ഞു കുടിക്കില്ല, മാംസം തിന്നില്ല; വൈകുന്നേരമാവുന്നതുവരെ പലപ്പോഴും ഇവർ ഉപവാസംകൊള്ളും; ഇവർ ധരിക്കുന്നതു, ചുവന്ന മുറിക്കുപ്പായമല്ല, വേനല്ക്കാലത്തു കനം കൂടിയതും മഴക്കാലത്തു കനം കുറഞ്ഞതുമായി കറുത്ത രോമംകൊണ്ടുള്ള ഒരു മറത്തുണിയാണ്—അതിൽ യാതൊന്നും കൂട്ടുവാനോ കുറയ്ക്കുവാനോ അധികാരമില്ല; എന്നല്ല, കാലത്തെ അനുസരിച്ചു പരുത്തിത്തുണിപ്പുറം കുപ്പായമോ രോമത്തുണിനിലയങ്കിയോ ധരിക്കുവാനും പാടില്ല. കൊല്ലത്തിൽ ആറുമാസവും കമ്പിളിത്തുണികൊണ്ടുള്ള ഉൾക്കുപ്പായമിടുന്നതുകൊണ്ടു് പനി പിടിക്കുകയും ചെയ്യുന്നു. കഠിനമായ മഴക്കാലത്തുമാത്രം തിയ്യിടുന്ന മുറികളിലല്ല ഇവരുടെ താമസം; ഒരിക്കലും തിയ്യിടാത്ത ചെറുഗുഹകളിലാണു്; ഇവർ രണ്ടിഞ്ചു കനമുള്ള വൈക്കോൽവിരിയിൽക്കിടന്നല്ല ഉറങ്ങുന്നതു്; വെറും വൈക്കോലിൽ. ഇതൊന്നും പോരാ, ഇവരെ ഉറങ്ങാൻതന്നെ സമ്മതിക്കുന്നില്ല; ഓരോ രാത്രിയിലും, പകൽ മുഴുവൻ അധ്വാനിച്ചു കഴിഞ്ഞതിനുശേഷം, ആദ്യത്തെ ഒരു മയക്കത്തിന്റെ ക്ഷീണം തീരുന്നതിനു മുൻപേ, കഷ്ടിച്ചു ഗാഢനിദ്രയിലായി എന്നും കുറച്ചു ചൂടുപിടിച്ചു എന്നും വരുമ്പോഴേക്കു വീണ്ടും ഉണർന്നു, കാൽമുട്ടുകളെ കല്ലിന്മേലൂന്നി മഞ്ഞിൻകട്ടപോലെ തണുത്തതും ഇരുട്ടടഞ്ഞതുമായ ഒരു ചെറുപള്ളിയിൽ പോയിരുന്നു് പ്രാർത്ഥിക്കുവാൻവേണ്ടി ഇവർക്കെഴുന്നേല്ക്കേണ്ടിയിരിക്കുന്നു.

ചില ദിവസങ്ങളിൽ ഇവരിലോരോരുത്തർക്കും വഴിക്കുവഴിയായി പന്ത്രണ്ടു മണിക്കൂർനേരം മുട്ടുകുത്തിയോ അല്ലെങ്കിൽ മുഖം കൽവിരിയോടു ചേർത്തു നിലത്തു കൈകൊണ്ടു് കുരിശുണ്ടാക്കുമാറു് നീട്ടി സാഷ്ടാംഗം കിടന്നോ കഴിച്ചു കൂട്ടിക്കൊള്ളണമെന്നുണ്ടു്.

മറ്റേക്കൂട്ടർ പുരുഷന്മാരാണു്; ഇവർ സ്ത്രീകൾ.

ആ പുരുഷന്മാർ എന്തു ചെയ്തു? അവർ മോഷ്ടിച്ചു, അക്രമം കാണിച്ചു, കുത്തിക്കവർന്നു; കഴുത്തു മുറിച്ചു; വെടിവച്ചുകൊന്നു. അവർ തട്ടിപ്പറിക്കാരാണു്, ആൾമാറ്റക്കാരനാണു്, വിഷം കൊടുക്കുന്നവരാണു്, പുരചൂടുകാരനാണു്, കൊലപാതകികളാണു്, പിതൃഹത്യക്കാരാണു്. ഈ സ്ത്രീകൾ എന്തു കാണിച്ചു? അവർ യാതൊന്നും ചെയ്തിട്ടില്ല. ഒരു ഭാഗത്തു തട്ടിപ്പറി, ചതി, കള്ളപ്പണി, അക്രമപ്രവൃത്തി, തോന്നിവാസം, കൊലപാതകം, എല്ലാതരത്തിലും ദുഷ്കർമം, എല്ലാ വിധത്തിലും കുറ്റം. മറ്റേ ഭാഗത്തു് ഒന്നുമാത്രം—നിർദ്ദോഷത.

ഒരു നിഗൂഢമായ ധാരണയിന്മേൽ സ്വർഗത്തിലേക്കു കൂട്ടിക്കൊളുത്തപ്പെട്ടും, സൗശീല്യത്താൽ ഭൂമിയിലേക്കു ബന്ധിക്കപ്പെട്ടും, പരിശുദ്ധികൊണ്ടു സ്വർഗത്തിലെ ഏതാനും ഭാഗം ഇപ്പോൾത്തന്നെ അനുഭവിച്ചും കഴിയുന്ന പരിപൂർണ നിർദ്ദോഷത.

ഒരു ഭാഗത്തു ദുഷ്ടപ്രവർത്തികളെക്കുറിച്ചു വിശ്വാസപൂർവമായ സംസാരം—ഇതന്യോന്യം താഴ്‌ന്ന സ്വരത്തിൽ മന്ത്രിക്കപ്പെടുന്നു; മറ്റേ ഭാഗത്തു തെറ്റുകളെപ്പറ്റി ഉറക്കെ സമ്മതിച്ചു പറയൽ. എന്നല്ല, എന്തു ദുഷ്ടപ്രവൃത്തികൾ! എന്തു തെറ്റുകൾ!

ഒരു ഭാഗത്തു വിഷവായുക്കൾ; മറ്റേ ഭാഗത്തു് അനിർവചനീയമായ ഒരു പരിമളം. ഒരു ഭാഗത്തു ലോകദൃഷ്ടിയിൽനിന്നു മറയ്ക്കപ്പെട്ടതും പീരങ്കിനിരകളാൽ പൂട്ടിയിടപ്പെട്ടതും സ്വന്തം പ്ലേഗുരോഗത്താൽ ബാധിക്കപ്പെട്ടവരെ മുഴുവനും വാസ്തവമായി വിഴുങ്ങിക്കളയുന്നതുമായ ഒരു മാനസികവിഷൂചിക; മറ്റേ ഭാഗത്തു് ഒരേ അടുപ്പിൽ കത്തുന്ന എല്ലാ ആത്മാക്കളുടേയും കൂടിയ തെളിഞ്ഞ നാളം. അവിടെ, ഇരുട്ടു്; ഇവിടെ നിഴല്-പക്ഷേ, വെളിച്ചത്തിന്റെ നാളങ്ങളെക്കൊണ്ടും പ്രകാശപൂർണങ്ങളായ ദീപ്തികളെക്കൊണ്ടും നിറഞ്ഞ ഒരു നിഴൽ.

അടിമത്തിന്റെ രണ്ടു താവളങ്ങൾ; പക്ഷേ, ഒന്നിൽനിന്നു് ഒരു കാലത്തു നിശ്ചയമായും മുക്തിയുണ്ട്— നിയമസംബന്ധിയായ ഒരതിർത്തി എപ്പോഴും മുൻപിൽ നില്ക്കുന്നു; അതു കഴിഞ്ഞാൽ പുറത്തു കടക്കാം. രണ്ടാമത്തേതിൽ ശാശ്വതത്വം, ഭാവിയുടെ അങ്ങേ അറ്റത്തു മനുഷ്യൻ മരണം എന്നു പറയുന്ന ആ മങ്ങിയ സ്വാതന്ത്ര്യപ്രകാശം മാത്രമാണു് ഒരാശ്വാസം.

ആദ്യത്തേതിൽ മനുഷ്യരെ ചങ്ങലകളെക്കൊണ്ടു കെട്ടിയിടുന്നതേയുള്ളു; പിന്നത്തേതിൽ, വിശ്വാസംകൊണ്ടു് അവർ ശൃംഖലിതരാകുന്നു.

ഒന്നാമത്തേതിൽ എന്തൊന്നു പ്രവഹിക്കുന്നു? ഒരു മഹത്തായ ശാപം, പല്ലുകടി, ദ്വേഷം, നിരാശമായ പക, മനുഷ്യസമുദായത്തിന്റെ നേർക്ക് ഒരു ശുണ്ഠി പിടിച്ച നിലവിളി, ഈശ്വരന്റെ നേരെ ഒരു പുച്ഛം.

രണ്ടാമത്തേതിൽനിന്നു് എന്തെല്ലാം പ്രവഹിക്കുന്നു? അനുഗ്രഹങ്ങളും സ്നേഹവും.

അപ്പോൾ, അത്രമേൽ യോജിപ്പുള്ളവയും എന്നാൽ കേവലം വ്യത്യാസപ്പെട്ടവയുമായ ഈ രണ്ടു സ്ഥലങ്ങളിൽവെച്ച്, അത്രമേൽ വ്യത്യാസപ്പെട്ടവയായ ഈ രണ്ടു സത്ത്വവിശേഷങ്ങൾ ഒരേ പ്രവൃത്തി നടത്തുന്നു —പാപപരിഹാരം.

ആദ്യത്തേതിലെ പ്രായശ്ചിത്തപ്രവൃത്തി ഴാങ്ങ് വൽഴാങ്ങിനു തികച്ചും മനസ്സിലായിട്ടുണ്ടു്; താൻതാൻ ചെയ്ത പാപകർമങ്ങൾക്കുള്ള പ്രായശ്ചിത്തം, ആത്മീയപാപങ്ങളുടെ പ്രായശ്ചിത്തം പക്ഷേ, ഈ പിന്നത്തേതിൽവെച്ചു യാതൊരു ദോഷവുമില്ലാത്തവരും യാതൊരു കളങ്കവുമില്ലാത്തവരുമായ ഈ സാധുക്കൾ എന്തു ചെയ്യുന്നു എന്നയാൾക്കു മനസ്സിലായില്ല; ഇങ്ങനെ സ്വയം ചോദിക്കുമ്പോൾ അയാൾ വിറച്ചു:—‘എന്തിന്റെ പ്രായശ്ചിത്തം? എന്തു പ്രായശ്ചിത്തം’

ഇവിടെ ഞങ്ങളെസ്സംബന്ധിക്കുന്നതെല്ലാം നിർത്തിക്കളയുന്നു; ഞങ്ങൾ കഥ പറയുന്നു എന്നുമാത്രമേ ഉള്ളൂ; ഞങ്ങൾ ഴാങ്ങ് വാൽഴാങ്ങിന്റെ അഭിപ്രായത്തിനുള്ളിൽച്ചെന്നുനിന്നു്, അവിടെ പതിഞ്ഞുകാണുന്നവയെ തർജ്ജമചെയ്യുക മാത്രം ചെയ്യുന്നു.

അയാളുടെ കണ്ണിന്മുൻപിൽ അതാ, മഹത്തരമായ ആത്മത്യാഗത്തിന്റെ അങ്ങേഅറ്റം, സൗശീല്യത്തിന്റെ ഏറ്റവും ഉയർന്ന നില; മനുഷ്യരുടെ തെറ്റുകളെ ക്ഷമിക്കുന്നതും അവർക്കുവേണ്ടി പാപപ്രായശ്ചിത്തം ചെയ്യുന്നതുമായ നിർദ്ദോഷത, സ്വയം അംഗീകരിക്കപ്പെട്ട അടിമത്തം, സ്വീകരിക്കപ്പെട്ട ദണ്ഡനം, യാതൊരു പാപകർമ്മവും ചെയ്യാത്ത ആത്മാക്കൾ അധ:പതിച്ചുപോയ ആത്മാക്കൾക്കു ശിക്ഷ തട്ടാതിരിക്കാൻവേണ്ടി അനുഭവിക്കുന്ന ശിക്ഷ; ഈശ്വരഭക്തിയിൽ മുഴുകിപ്പോയിയെങ്കിലും അവിടെയും ആത്മവ്യക്തിയെ വേറിട്ടും മധ്യത്തിലായും നിലനിർത്തിപ്പോരുന്ന മനുഷ്യസമുദായസ്നേഹം; ദണ്ഡിക്കപ്പെട്ടവരുടെ കഷ്ടപ്പാടും രക്ഷ കിട്ടിയവരുടെ സന്തോഷവുമുള്ള അശക്തങ്ങളും നിഷ്കപടവുമായ സത്ത്വങ്ങൾ.

അപ്പോൾ, അയാൾ പിറുപിറുക്കുകയുണ്ടായി എന്നോർമവന്നു.

പലപ്പോഴും, അർദ്ധരാത്രിക്കു, കഠിനങ്ങളായ തപോനിഷ്ഠകളെക്കൊണ്ട് കൂന്നിരിക്കുന്ന ആ നിഷ്കപടസത്ത്വങ്ങളുടെ നന്ദിപൂർവങ്ങളായ പാട്ടുകൾ കേൾപ്പാൻ അയാൾ ഉണർന്നെണീയ്ക്കും; ഉചിതമായ ദണ്ഡനങ്ങളേല്ക്കുന്നവർ ഈശ്വരനെ ദുഷിക്കുകയേ ചെയ്യുന്നുള്ളു എന്നും, ദുഷ്ടനായ താൻകൂടി ഈശ്വരന്റെ നേരെ മുഷ്ടിചുരുട്ടിക്കാട്ടിയിട്ടുണ്ടെന്നും വിചാരിക്കുമ്പോൾ അയാളുടെ സിരകളിൽ രക്തം ഉറച്ചു കട്ടിയായിപ്പോവും.

ഈശ്വരനിൽനിന്നുതന്നെയുള്ള ഒരുപദേശംപോലെ, അയാളെക്കൊണ്ടു ഗാഢമായി മനോരാജ്യം വിചാരിപ്പിക്കുന്ന ഒരു സംഗതിയുണ്ടായിരുന്നു; ആ മതിൽ കയറിക്കടക്കൽ, ആ തടസ്സങ്ങളെ കവച്ചുകടക്കൽ മരിച്ചാലും ശരിയെന്നുവെച്ചു ചെയ്ത സാഹസപ്രവൃത്തി, വേദനാപ്രദവും മഹാപ്രയാസവുമായ പിടിച്ചുകയറൽ, ആ മറ്റേ പാപപരിഹാരസ്ഥലത്തുനിന്നു പുറത്തു ചാടാൻവേണ്ടി അയാൾ ചെയ്തിട്ടുള്ള എല്ലാ ശ്രമങ്ങൾപോലും, ഈ ഒന്നിൽ കടന്നുകൂടുവാൻവേണ്ടി ചെയ്യപ്പെട്ടവയായിരുന്നു. ഇതു് അയാളുടെ ശിരോരേഖയുടെ ഒരു ചിഹ്നമായിരുന്നുവോ? അയാൾ പാഞ്ഞുപോന്ന ആ മറ്റൊരു സ്ഥലത്തോടു ദുഃഖമയമായ ഒരു സാദൃശ്യമുള്ളതും ആ വിധംതന്നെ ഒരു തുറങ്കായതുമാണു് ഈ സ്ഥലവും; എങ്കിലും അതു പോലുള്ള മറ്റൊന്നുണ്ടാവുമെന്നു് അയാൾ വിചാരിച്ചതേ ഇല്ല.

പിന്നേയും, അയാൾ അഴിച്ചുമരുകളും സാക്ഷകളും ഇരുമ്പുവടികളും കണ്ടു ആരെച്ചൊല്ലി പാറാവു നില്ക്കാൻ? ദേവസ്ത്രീകളെ.

നരികളുടെ ചുറ്റും അയാൾ കണ്ടിട്ടുള്ള ഉയർന്ന മതിലുകൾ, ആടുകളുടെ ചുറ്റുമായി ഒരിക്കൽക്കൂടി കണ്ടു.

ഇതു പാപപ്രായശ്ചിത്തത്തിനുള്ള സ്ഥലമാണു്. ദണ്ഡനത്തിനുള്ളതല്ല; എങ്കിലും ഇതു മറ്റേതിനേക്കാളധികം നിഷ്ഠൂരവും നിർദ്ദയവും വ്യസനമയവുമാണു്.

ഈ കന്യകമാർ തടവുപുള്ളികളെക്കാളധികം കഷ്ടപ്പാടനുഭവിക്കുന്നു. തണുത്തു നിഷ്ഠൂരമായ ഒരു കാറ്റു്, അയാളുടെ യൗവനത്തെ മരവിപ്പിച്ചു കളഞ്ഞ ആ ഒരു കാറ്റു്, സാക്ഷിയിടപ്പെട്ടതും പൂട്ടിയിടപ്പെട്ടതുമായ കഴുകുകളുടെ അഴിച്ചുമരിനുള്ളിൽ ചുറ്റിയടിച്ചു; അതിലും തണുപ്പു കൂടിയതും അതിലുമധികം മുറുകെക്കടിക്കുന്നതുമായ ഒരു മന്ദമാരുതൻ ഈ പ്രാവുകളുടെ കൂട്ടിലും സഞ്ചരിക്കുന്നു.

എന്തുകൊണ്ടു്?

ഇവയെപ്പറ്റി ആലോചിച്ചപ്പോൾ, ഈ ഉൽകൃഷ്ടതയുടെ നിഗൂഢതയ്ക്കു മുൻപിൽ അയാളുടെ ഉള്ളിലുള്ളതെന്തും അമ്പരപ്പിൽ മുങ്ങിപ്പോയി.

ഈ ആലോചനകൾക്കിടയിൽ അയാളുടെ അഹംഭാവം മറഞ്ഞുകളഞ്ഞു. എല്ലാ വിധത്തിലും അയാളുടെ ഹൃദയത്തെ സൂക്ഷിച്ചു പരിശോധിച്ചു. അയാളുടെ നിസ്സാരത ബോധപ്പെട്ടു. പലപ്പോഴും അയാൾ കരഞ്ഞു. കഴിഞ്ഞ ആറുമാസമായി അയാളുടെ ജീവിതത്തിൽ കടന്നതെല്ലാംകൂടി അയാളെ മെത്രാന്റെ ദിവ്യോപദേശങ്ങളിലേക്കു വീണ്ടും നയിച്ചു; കൊസെത്തു് സ്നേഹത്തിലൂടെയും, കന്യകാമഠം വിനീതത്വത്തിലൂടെയും.

ചിലപ്പോൾ വൈകുന്നേരം, സന്ധ്യയ്ക്കു, തോട്ടത്തിൽ ആരുമില്ലാതിരിക്കുന്ന സമയത്തു ചെറുപുള്ളിയെ കരയിട്ടുപോകുന്ന വഴിയുടെ നടുക്കു, താൻ വന്ന ദിവസം രാത്രി അകത്തേക്കു സൂക്ഷിച്ചു നോക്കുകയുണ്ടായതും, പിന്നീടു മനസ്സിലായതു പോലെ ആ കന്യകാമഠസ്ത്രീ നമസ്കരിച്ചു കിടന്നു പാപപരിഹാരം ചെയ്തിരുന്ന സ്ഥലത്തുള്ളതുമായ ജനാലയുടെ മുൻപിലായി മുട്ടുകുത്തി അയാൾ ഈശ്വരവന്ദനം ചെയ്തു.

നേരെ ഈശ്വരന്റെ മുൻപിൽ മുട്ടുകുത്തുവാൻ അയാൾക്കു ധൈര്യമില്ലെന്നു തോന്നി.

ആ ശാന്തമായ തോട്ടം, ആ സുഗന്ധമുള്ള പുഷ്പങ്ങൾ, സന്തോഷപൂർവങ്ങളായ ഒച്ചകളെ പുറപ്പെടുവിക്കുന്ന ആ കുട്ടികൾ, ആ ഗൗരവത്തോടു കൂടിയവരും ധാടിയില്ലാത്തവരുമായ സ്ത്രീകൾ, ആ നിശ്ശബ്ദമായ സന്ന്യാസിമഠം എന്നീ ചുറ്റുമുള്ള സകലവും അയാളിൽ കിനിഞ്ഞിറങ്ങുകയും, കുറച്ചു കുറച്ചായി അയാളുടെ ആത്മാവിൽ സന്ന്യാസിമഠത്തിലെന്നപ്പോലെ നിശ്ശബ്ദതയും, പുഷ്പങ്ങളിലെപ്പോലെ പരിമളവും, സ്ത്രീകളെപ്പോലെ സരളതയും, കുട്ടികളെപ്പോലെ സന്തോഷവും കൂടിച്ചേരുകയും ചെയ്തു. തന്റെ ജീവിതത്തിലെ രണ്ടു സവിശേഷ സന്ദർഭങ്ങളിൽ വഴിക്കു വഴിയെ അയാളെ സ്വീകരിച്ച ആ രണ്ടു ഭവനം ഈശ്വരന്റെ രണ്ടു സ്ഥലങ്ങളാണെന്നു് അയാൾ ആലോചിച്ചു. ആദ്യത്തേതു്, അയാളുടെ മുൻപിൽ സകല വീട്ടുവാതിലുകളും കൊട്ടിയടയ്ക്കപ്പെടുകയും മനുഷ്യസമുദായം അയാളെ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ, പിന്നത്തതു് മനുഷ്യസമുദായം അയാളെ തേടിപ്പിടിപ്പിക്കുവാൻ പിന്നാലെ വരുകയും തണ്ടുവലിശിക്ഷാസ്ഥലം പിന്നേയും വായ പിളർത്തി നില്ക്കുകയും ചെയ്തപ്പോൾ; ഒന്നാമത്തെതു് ഇല്ലായിരുന്നുവെങ്കിൽ അയാൾ വീണ്ടും ദുർവൃത്തികളിലേക്കും രണ്ടാമത്തെതു് ഇല്ലായിരുന്നുവെങ്കിൽ അയാൾ വീണ്ടും കഷ്ടപ്പാടിലേക്കും വഴുതി വീഴുമായിരുന്നു എന്നും അയാൾ ആലോചിച്ചു.

അയാളുടെ ഹൃദയം മുഴുവനും കൃതജ്ഞതയിൽ അലിഞ്ഞുപോയി; അയാളുടെ ഭക്തി പിന്നെയും വർദ്ധിച്ചു.

ഈ നിലയിൽ അനവധി കൊല്ലങ്ങൾ കഴിഞ്ഞു; കൊസെത്തു് വളർന്നു പോന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.