images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.1
ചരിത്രത്തിൽപ്പെടാതെ കഷ്ടിച്ചു കടന്നുപോന്ന ഒരു സംഘം

പുറംകാഴ്ചയിൽ കേവലം ഉദാസീനമായിരുന്ന ആ കാലത്തിൽ ഒരു ഭരണ പരിവർത്തനസംബന്ധിയായ വിറ അവ്യക്തമായി വ്യാപിക്കുന്നുണ്ടായിരുന്നു. 1789-ന്റേയും 1793-ന്റേയും അഗാധതകളിൽനിന്നു പൊന്തിവന്ന നിശ്വാസങ്ങൾ വായുമണ്ഡലത്തിൽ നിലനിന്നു. യൗവനത്തിന്റെ തൂവൽ കൊഴിയുക-ഞങ്ങൾ ഈ വാക്കുപയോഗിക്കുന്നതിനു വായനക്കാർ മാപ്പു തരണം - എന്ന ദിക്കായി. ആളുകൾ കാലഗതിയിലൂടെ തങ്ങളറിയാതെതന്നെ, ഒന്നു രൂപാന്തരപ്പെടുകയായിരുന്നു. ‘വടക്കുനോക്കി’യുടെ ചുറ്റും നടക്കുന്ന സൂചി ആത്മാക്കളിലും സഞ്ചരിക്കുന്നു. ഓരോരുത്തനും ഒരിക്കൽ വെച്ചേ കഴിയൂ എന്നുള്ള കാൽവെപ്പു് മുൻകൂട്ടി വെക്കുകയായി. രാജകക്ഷിക്കാർ സ്വാതന്ത്ര്യവാദികളായിത്തുടങ്ങി; സ്വാതന്ത്ര്യവാദികൾ പ്രജാധിപത്യപക്ഷക്കാരും. വേലിയിറക്കത്തിന്റെ ഒരായിരം ഒഴുക്കുത്തുകളോടു കൂടിപ്പിണഞ്ഞ ഒരു വേലിയേറ്റകാലമായിരുന്നു അതു്; വേലിയിറക്കങ്ങളുടെ ഒരു സവിശേഷത സങ്കരങ്ങളെ സൃഷ്ടിക്കുകയാണു്; അതു കാരണം അത്യന്തം അപൂർവങ്ങളായ ആലോചനകളുടെ സങ്കലനമുണ്ടാകുന്നു; ആളുകൾ നെപ്പോളിയനേയും സ്വാതന്ത്ര്യത്തേയും ഒപ്പം പൂജിച്ചു. ഞങ്ങൾ ഇവിടെ ചരിത്രമുണ്ടാക്കുകയാണു്. ഇവയെല്ലാം അക്കാലത്തിലെ മൃഗതൃഷ്ണകളായിരുന്നു. അഭിപ്രായങ്ങൾ പുറംകാഴ്ചകളെ കവച്ചുപോകുന്നു. വോൾത്തെയർ രാജ്യകക്ഷിത്വം എന്ന ആ വിലക്ഷണവസ്തുവിനു് അതിലൊട്ടും അസാധാരണത്വം കുറയാതെ ഒരു വാലുണ്ടായി-ബോനാപ്പാർത്തു് സ്വാതന്ത്ര്യവാദിത്വം.

മറ്റു മനസ്സംഘങ്ങൾ കുറെക്കൂടി സഗൗരവങ്ങളായിരുന്നു. ആ വഴിക്ക് അവമൂലതത്ത്വങ്ങളെ അളന്നു; അവ യഥാർഥാവകാശത്തോടു പറ്റിനിന്നു. അവ കേവലത്വത്തിൽ മതിമറന്നു; അപാരങ്ങളായ അനുഭവങ്ങളെ ഓരോ നോക്കു കണ്ടു. കേവലത്വം, അതിന്റെ കാർക്കശ്യംകൊണ്ടു, മനസ്സിനെ ആകാശത്തേക്ക് ഓടിക്കുകയും അതിനെ അതിരറ്റതായ ദിഗന്തരത്തിൽ പറപ്പിക്കുകയും ചെയ്യുന്നു. മനോരാജ്യങ്ങളെ ഇളക്കിവിടുവാൻ സിദ്ധാന്തംപോലെ മറ്റൊന്നില്ല. ഭാവിയെ ഉല്പാദിപ്പിക്കുവാൻ മനോരാജ്യങ്ങളെപ്പോലെയും മറ്റൊന്നില്ല. ഇന്നു മനോരാജ്യസ്വർഗം. നാളെ ജീവനുള്ള വസ്തു.

ഈ കടന്ന അഭിപ്രായങ്ങൾക്കു രണ്ടടിസ്ഥാനമുണ്ടു്. ‘വ്യവസ്ഥിതമായ ഭരണഗതിയെ’ നിഗൂഢതയുടെ ആരംഭം പേടിപ്പെടുത്തി. അതു ശങ്കാജനകവും വഞ്ചനപരവുമായി. അങ്ങേ അറ്റത്തോളം ഭരണപരിവർത്തകമായ ഒരു ചിഹ്നം അധികാരത്തിന്റെ പുനർവിചാരങ്ങൾ പൊതുജനസംഘത്തിന്റെ പുനർവിചാരങ്ങളുമായി ഭൂഗർഭത്തിൽവെച്ചു കണ്ടുമുട്ടുന്നു. രാജ്യകലഹങ്ങളെ ‘വിരിയിക്കൽ’ പ്രജാദ്രോഹത്തിന്നായുള്ള മൂന്നാലോചനയോടു പകരം ചോദിക്കുന്നു.

ഫ്രാൻസിൽ ഇനിയും ജർമനിയിലേയും ഇറ്റലിയിലേയും മട്ടിലുള്ള നിഗൂഢ സംഘങ്ങൾ ജനിച്ചുകഴിഞ്ഞിട്ടില്ല; പക്ഷേ, അവിടെയും ഇവിടെയും ചില രഹസ്യങ്ങളായ തുരങ്കപ്പണികൾ പൊടിച്ചുപൊങ്ങാൻ ഒരുങ്ങിനിന്നിരുന്നു; എയിയിൽ കുഗുർദ്സംഘത്തിന്റെ പടുകുറിപ്പുണ്ടായിക്കഴിഞ്ഞു; അത്തരത്തിൽ പാരിസ്സിലെ മറ്റു സംഘങ്ങൾക്കിടയിൽ എബിസി സുഹൃത്സംഘവും ഉണ്ടായിരുന്നു.

ഈ എബിസി സുഹൃത്സംഘം എന്തായിരുന്നു? പുറമെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അകത്തു മനുഷ്യരുടെ ഉന്നമനത്തിനായും ഏർപ്പെടുത്തപ്പെട്ട ഒരു സംഘം.

എബിസി സുഹൃത്തുക്കൾ എന്നു് അവർ തങ്ങൾക്കു പേരിട്ടു-എബിസിയുടെ (=നികൃഷ്ടന്മാർ), എന്നുവെച്ചാൽ പൊതുജനങ്ങളുടെ, സുഹൃത്തുക്കൾ എന്നർഥം. അവർ പൊതുജനങ്ങളെ ഉയർത്തിക്കൊണ്ടു വരുവാൻ ആഗ്രഹിച്ചു. ഇതു കേട്ടാൽ ഒരു കടംകഥയാണു്. പക്ഷേ, അതിനെ നോക്കി പുഞ്ചിരിയിടുന്നതു അബദ്ധമായിരിക്കും. കടംകഥകൾ രാഷ്ട്രീയലോകത്തിൽ ചിലപ്പോൾ സഗൗരവസംഗതികളാണു്; നോക്കൂ, നഗരത്തിൽവെച്ച് ഉടയെടുത്തത്-ഇതിൽനിന്നു നാർസസ്സിന്റെ [1] സൈന്യത്തിലെ ഒരു സേനാധിപതിയുണ്ടായി; മറ്റും മറ്റും.

എബിസി സുഹൃത്തുക്കൾ വളരെയില്ല; അതു ജരായുരൂപത്തിലുള്ള ഒരു നിഗൂഢസംഘമായിരുന്നു; ചങ്ങാതിക്കൂട്ടങ്ങൾ ധീരോദാത്തമായി പരിണമിക്കുമെങ്കിൽ, ചങ്ങാതിക്കൂട്ടം എന്നു പറയട്ടെ. ഇവർ പാരിസ്സിൽ രണ്ടു ഭാഗത്തുവെച്ചു യോഗം കൂടിയിരുന്നു; മത്സ്യച്ചന്തയുടെ അടുത്തു കൊരിന്തു് എന്നു പേരായ വീഞ്ഞു പീടികയിലും-ഇതിനെപ്പറ്റി വഴിയെ വിസ്തരിച്ചു പറയാം-മൂസെങ് കാപ്പിപ്പീടിക എന്നു പേരായി റ്യൂസാങ് മികേൽ എന്ന പ്രദേശത്തുള്ള ഒരു ചെറിയ കാപ്പിപ്പീടികയിലും - ഇതു പിന്നീടു തകർത്തുകളയപ്പെട്ടു; ആദ്യം പറഞ്ഞ യോഗസ്ഥലം കൂലിപ്പണിക്കാരനടുത്തും രണ്ടാമത്തെതു വിദ്യാർത്ഥികൾക്കടുത്തുമായിരുന്നു.

മൂസെങ് കാപ്പിപ്പീടികയുടെ പിന്നിലുള്ള ഒരു മുറിയിൽവെച്ചാണു് എബിസി സുഹൃത്തുക്കളുടെ യോഗം സാധാരണമായി കൂടിയിരുന്നതു്.

കാപ്പിപ്പീടികയിൽനിന്നു ധാരാളം നീങ്ങിയിട്ടുള്ളതും ഒരു നല്ല നീളമുള്ള ഇടനാഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതുമായ ഈ മുറിക്കു രണ്ടു ജനാലയും, റ്യു ദെ ഗ്രെസു് എന്ന ചെറു തെരുവിലേക്കിറങ്ങാൻ ഒരു നിഗുഢക്കോണിയോടുകൂടി പുറത്തേക്കു ഒരു വാതിലുമുണ്ടു്. ഇവിടെയിരുന്നു അവർ ചുരുട്ടു വലിക്കും. മദ്യം കഴിക്കും, ചൂതു കളിക്കും, പൊട്ടിച്ചിരിക്കും. ഇവിടെയിരുന്നു് അവർ സകലത്തെക്കുറിച്ചും ഉച്ചത്തിലും മറ്റുള്ളവയെക്കുറിച്ചു പതുക്കെയും സംസാരിക്കും. പ്രജാഭരണകാലത്തുള്ള ഫ്രാൻസിന്റെ ഒരു ഭൂപടം ചുമരിന്മേൽ തറച്ചിട്ടുണ്ട്-ഒരു പൊല്ലീസ്സുകാരന്നു സംശയം ജനിപ്പിക്കുവാൻ ധാരാളം മതിയായ ഒരു ചിഹ്നം.

എബിസി സുഹൃത്തുക്കളിൽ അധികം പേരും വിദ്യാർഥികളാണു്: അവർ കൂലിപ്പണിക്കാരുമായി വലിയ സ്നേഹത്തിലായിരുന്നു. പ്രമുഖന്മാരുടെ പേർ പറയാം. ഒരു നിലയ്ക്ക് ഈ പേരുകളെല്ലാം ചരിത്രത്തോടു ചേർന്നവയാണ്

ആൻഷൊൽരാ, കോംബ്ഹെർ, ഴാങ്പ്രുവെർ, ഫെയ്ലി, കുർഫെരാക്ക്, ബയോരെൽ, ലെഗ്ൽ, ഴൊലി. ഗ്രന്തേർ.

ഈ ചെറുപ്പക്കാർ സൗഹാർദ്ദബന്ധംവഴിക്ക് ഒരുതരം കുടുംബമായിരുന്നു. ലെഗ്ൽ ഒഴിച്ചു സകലരും തെക്കൻപ്രദേശത്തുകാരാണു്.

ഇതൊരെണ്ണംപറഞ്ഞ സംഘമായിരുന്നു. ഇതു നമ്മുടെ പിന്നിൽക്കിടക്കുന്ന അദൃശ്യക്കുണ്ടുകളിൽ മറഞ്ഞുപോയി. ഈ നാടകത്തിൽ ഇപ്പോൾ നാം എത്തിയിട്ടുള്ള ഭാഗത്തുനിന്നു നോക്കുമ്പോൾ, ഇനി അവർ വ്യസനകരമായ ഒരപകട സംഭവത്തിൽ ആണ്ടുപോകുന്നതായി വായനക്കാർ കണ്ടുകഴിയുംമുൻപെ, ആ യൗവനയുക്തങ്ങളായ ശിരസ്സുകൾക്കുമേൽ ഒരു വെളിച്ചം തട്ടിക്കുന്നതു്. പക്ഷേ, അനാവശ്യമായി എന്നു വരില്ല.

ഞങ്ങൾ എല്ലാറ്റിലുംവെച്ച് ആദ്യമായി എടുത്തുപറഞ്ഞ പേരുകാരൻ-അതെന്തുകൊണ്ടെന്നു വഴിയേ അറിയാം-ആൻഷൊൽരാ ഏകപുത്രനും ധനികനുമാണ്

ഭയങ്കരനായിത്തീരാൻ കഴിയുമായിരുന്ന ഒരു സുഭഗയുവാവാണു് ആൻഷൊൽരാ. അയാൾ ഒരു ദേവനെപ്പോലെ സുന്ദരനാണു്. അയാൾ ഒരു കാടനായ ആന്തിനോവുസ്സാണ് [2] അയാളുടെ നോട്ടത്തിലുള്ള ആ സവിഷാദമായ ആലോചനാശീലം കാണുന്നവൻ, അയാൾ മുൻജന്മത്തിൽത്തന്നെ ഭരണപരിവർത്തനസംബന്ധിയായ ‘വെളിപാടു’ കടന്നുപോന്നിരിക്കുന്നു എന്നു് പറയും. അതിന്റെ കഥയൊക്കെ അയാൾക്ക് കണ്ടിട്ടുള്ളതിൻവണ്ണമറിയാം. ആ മഹാസംഭവത്തിന്റെ ഏതു നിസ്സാരഭാഗവും അയാൾക്കു സുപരിചിതമാണു്. ആരാധനത്തിലും ആയോധനത്തിലും വൈദഗ്ധ്യമുള്ള സ്വഭാവം-ഒരു യുവാവിന്റെ ഒരസാധാരണവസ്തു. അയാൾ ഈശ്വരാരാധകനായ ഒരു മതാചാര്യനും ഒരു യുദ്ധവിദഗ്ധനുമാണു്: ഇപ്പോഴത്തെ നിലയ്ക്കു നോക്കുമ്പോൾ, പൊതുജനസ്വാതന്ത്ര്യത്തിന്നുവേണ്ടി യുദ്ധം ചെയ്യുന്ന ഒരു ഭടൻ; താൽക്കാലികസ്ഥിതിയെ കവച്ചുനോക്കുമ്പോൾ, ആദർശത്തിന്റെ ഒരാരാധകൻ. അയാളുടെ കണ്ണുകൾ അഗാധങ്ങളും, കൺപോളകൾ ഇളം ചുവപ്പുള്ളവയും, താഴത്തെ ചുണ്ടു് കനം കൂടിയതും ക്ഷണത്തിൽ പുച്ഛമയമായിത്തീരുന്നതും, നെറ്റിത്തടം ഉയർന്നതുമാണു്. ഒരു മുഖത്തു കൂടുതലാർന്ന നെറ്റിത്തടം ഒരു ദൂരക്കാഴ്ചയിൽകൂടുതലാർന്ന ആകാശാന്തംപോലെയാണു്. ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ചെറുപ്പത്തിൽത്തന്നെ പ്രമാണികളായിത്തീരുന്ന ചില യുവാക്കളുണ്ടായിരുന്നതുപോലെ ഇയാൾ അതിയായ യൗവനത്താൽ അനുഗൃഹീതനും, ഇടയ്ക്കിടയ്ക്കു വർണഭേദം വരാറുണ്ടെങ്കിലും, ഒരു പെൺകുട്ടിയെപ്പോലെ ചന്തമുള്ള തുടുപ്പുനിറത്തോടു കൂടിയവനുമായിരുന്നു. ഒരാളോളം പോന്നുവെങ്കിലും, അയാൾ ഒരു കുട്ടിയാണെന്നേ തോന്നു. അയാളുടെ ഇരുപത്തിരണ്ടു വയസ്സിനു പതിനേഴിന്റേയേ മട്ടുള്ളു; അയാൾ സഗൗരവനാണു്; ലോകത്തിൽ സ്ത്രീ എന്നൊരു സാധനമുണ്ടെന്നു് അയാൾ അറിഞ്ഞിട്ടുണ്ടെന്നു തോന്നിയില്ല. അയാൾക്ക് ഒരു വിചാരമേ ഉള്ളൂ-ധർമ്മം; ഒരാലോചനയേ ഉള്ളു-തടസ്സങ്ങളെ തവിടാക്കണം. അവന്തിൻപർവതാഗ്രത്തിൽ അയാൾ ഗ്രാകുസ്സായിരിക്കും; [3] പ്രതിനിധിയോഗത്തിൽ, സാങ്-ഴുസ്തും. അയാൾ പനിനീർപ്പൂ കണ്ടിട്ടുണ്ടോ എന്നു് സംശയമാണു്; അയാൾ വസന്തം നോക്കാറില്ല; അയാൾ പക്ഷികളുടെ ഗാനം കേട്ടിട്ടേ ഇല്ല; എവദ്നെ [4] യുടെ കണ്ഠശുദ്ധി അരിസ്തൊഗൈതൊനെ [5] എത്രകണ്ടു് രസിപ്പിക്കുമായിരുന്നുവോ അതിൽ ഒട്ടുമധികം അയാളെയും രസിപ്പിക്കുകയില്ല; ഹാർമോദ്യുസ്സിനെ [6] പ്പോലെ വാളൊളിപ്പിക്കുവാനല്ലാതെ പുഷ്പങ്ങളെക്കൊണ്ടു യാതൊരു ഗുണവും അയാൾ കണ്ടിട്ടില്ല. സുഖാനുഭവങ്ങളിൽ അയാൾ കഠിനനാണു്. പ്രജാധിപത്യമല്ലാത്ത സകലത്തിനുമുൻപിലും അയാൾ നിഷ്ഠതയോടുകൂടി കണ്ണു ചിമ്മും. അയാൾ സ്വതന്ത്രതയുടെ വെണ്ണക്കൽക്കാമുകനാണു്. അയാളുടെ പ്രസംഗം പരുഷമായ വിധത്തിൽ ഈശ്വരപ്രേരിതമാണു്; അതിനു് ഒരു കീർത്തനത്തിന്റെ ഹൃദയസ്പർശിത്വമുണ്ടു്. ആത്മാവിന്റെ അപ്രതീക്ഷിതങ്ങളായ സ്ഫുടീകരണങ്ങൾക്ക് അയാൾ വശംവദനത്രേ. അയാളുടെ അടുക്കൽച്ചെന്നു തലതല്ലുന്ന അനുരാഗകഥയുടെ കാര്യം കഷ്ടംതന്നെ! പ്ലാസ്പ്രെയിലെയോ റ്യു സാങ് ഴാങ് ദ്-ബോവെയിലെയോ ഏതെങ്കിലും പെൺകിടാവു സർവകലാശാല വിട്ടിറങ്ങുന്ന ആ യുവാവിന്റെ മുഖവും, ആ ഭൃത്യവേഷവും, ആ നീണ്ട തങ്കറിനക്കൺപോളകളും, നീലക്കണ്ണുകളും, കാറ്റത്തു് അലയടിക്കുന്ന തലമുടിയും, തുടുത്ത കവിളുകളും, നനവുള്ള ചുണ്ടുകളും, മനോഹരമായ പല്ലും കണ്ടു്, ആ തികഞ്ഞ അരുണോദയത്തിന്മേൽ രുചി തോന്നി, തന്റെ സൗന്ദര്യത്തെ ആൻഷൊൽരായുടെ നേരെ പ്രയോഗിക്കാൻ പുറപ്പെടുകയാണെങ്കിൽ, സംഭ്രമിപ്പിച്ചുകളയുന്നതും, പേടിപ്പെടുത്തുന്നതുമായ ഒരു നോട്ടം പെട്ടെന്നു പാതാളം അവൾക്കു കാണിച്ചുകൊടുക്കുകയും, എസികിയെലൂടെ [7] ശക്തൻ ദേവദൂതനെ ബൊമാർഷെയുടെ രസികൻ ദേവദൂതനുമായി കൂട്ടിമറിച്ചാലത്തെ വൈഷമ്യം അവളെ പഠിപ്പിക്കുകയും ചെയ്യും.

ഭരണപരിവർത്തനത്തിലെ ന്യായശാസ്ത്രത്തെ കാണിക്കുന്ന ആൻഷൊൽരായെപ്പോലെ കോംബ്ഫേർ അതിലെ തത്ത്വശാസ്ത്രത്തെ കാണിക്കുന്നു. ഭരണപരിവർത്തനത്തിലെ ന്യായശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും തമ്മിൽ ഈയൊരു വ്യത്യാസമുണ്ട്-അതിന്റെ ന്യായശാസ്ത്രം യുദ്ധത്തിൽ ചെന്നവസാനിച്ചേയ്ക്കാം; എന്നാൽ അതിന്റെ തത്ത്വശാസ്ത്രം സമാധാനത്തിൽ മാത്രമേ ചെന്നുനില്ക്കൂ. കോംബ്ഫെറാകട്ടേ ആൻഷൊൽരായെ പൂരിപ്പിക്കുകയും തെറ്റുതീർക്കുകയും ചെയ്യുന്നു. അയാൾക്ക് ഔന്നത്യം കുറയും, പക്ഷേ, വിസ്താരം കൂടും. അയാൾക്കാവശ്യം, സാധാരണനിയമങ്ങളുടെ വ്യാപ്തി കൂടിയ മൂലതത്ത്വങ്ങളെ എല്ലാ മനസ്സുകളിലേക്കും സംക്രമിപ്പിക്കുകയാണു്. അയാൾ പറയും: ‘ഭരണപരിവർത്തനം, പക്ഷേ, മനഃപരിഷ്കാരം;’ പർവതത്തിന്റെ കൊടുമുടിക്കു ചുറ്റും അയാൾ നീലച്ച ആകാശത്തിന്റെ ഒരു പരന്ന കാഴ്ച തുറന്നുവെക്കുന്നു. ആൻഷൊൽരായുടെ അടുത്തുള്ളതിലധികം കൊംബ്ഫെറുടെ അടുക്കലാവുമ്പോഴാണു് ഭരണപരിവർത്തനം ജീവിതയോഗ്യമാവുന്നതു്. ആൻഷൊൽരാ അതിന്റെ ദൈവികാവകാശത്തെ കാണിക്കുന്നു; കൊംബ്ഫേർ അതിന്റെ സഹജാവകാശത്തെയും, ഒന്നാമത്തെയാൾ അടുക്കുന്നതു രൊബെപിയരോടാണു്; രണ്ടാമത്തെയാൾ കൊങ്ദൊർസെയോടും, ആൻഷൊൽരായെക്കാളധികം കൊംബ്ഫെറാണു് ലോകസാധാരണമായി ജീവിതം നയിക്കുന്നതു്. ഈ രണ്ടു ചെറുപ്പക്കാർക്കും ചരിത്രത്തിലെത്താൻ സാധിച്ചിരുന്നുവെങ്കിൽ ഒരാൾ നീതിമാനും മറ്റാൾ ജ്ഞാനിയുമായേനേ. ആൻഷൊൽരായ്ക്കാണു് അധികം ഉന്മേഷം; കൊംബ്ഫെർക്കു ദയ കൂടും. ഉശിരും മനുഷ്യത്വവും-അവരുടെ ഭിന്നസ്വഭാവങ്ങളുടെ യഥാർഥഫലം ഇതാണു്. പ്രകൃതിസിദ്ധമായ നിർമലതയിൽ ആൻഷൊൽരാ എത്രകണ്ടു കഠിനനോ, കൊംബ്ഫെർ അത്രകണ്ടു സൗമ്യനായിരുന്നു. അയാൾക്കു പൗരൻ എന്ന വാക്ക് ഇഷ്ടമാണു്; പക്ഷേ, മനുഷ്യൻ എന്ന പേരാണു് തൃപ്തി. സ്പെയിൻകാരെപ്പോലെ അയാൾ ‘ആൾ’ എന്നു പറഞ്ഞേനേ. അയാൾ സകലവും വായിക്കും, നാടകശാലകളിൽ പോവും; പ്രസംഗങ്ങളുള്ളേടത്തൊക്കെ ചെല്ലും; വെളിച്ചത്തിന്റെ പ്രസരണസ്വഭാവം അയാൾ അരഗോവിൽനിന്നു [8] ധരിച്ചിട്ടുണ്ടു്; മുഖത്തേയും തലച്ചോറിനേയും ഉണ്ടാക്കിത്തീർക്കുന്ന ബാഹ്യാഭ്യന്തര രക്തനാഡിയുടെ ഇരട്ടപ്രവൃത്തികളെ വിവരിക്കുന്ന ഇയൊഫ്രസാങ്തിലെരുടെ [9] ഒരു പ്രസംഗം അയാളുടെ തലയ്ക്കു പിടിച്ചു; അപ്പപ്പോൾ നടക്കുന്നതെല്ലാം അയാൾ ധരിച്ചുവെക്കും; പ്രകൃതിശാസ്ത്രത്തിന്റെ പടിപടിയായുള്ള കയറ്റത്തെ അയാൾ പിന്തുടരും, സാങ്-സിമോവിനേയും [10] ഫൂരിയെയേയും [11] പറ്റി താരതമ്യവിവേചനം ചെയ്യും. പുരാതന ചിത്രലിപികൾ വായിക്കാൻ പഠിക്കും; കണ്ണിൽക്കണ്ട വെള്ളാരങ്കല്ലു തച്ചുടച്ചു ഭൂതത്ത്വശാസ്ത്രത്തെക്കുറിച്ചു യുക്തിവാദം ചെയ്യും. പട്ടുനൂൽപ്പുഴുവിനെ ഓർമവെച്ചു വിവരിക്കും; പണ്ഡിതയോഗംവക നിഘണ്ടുവിലെ ഭാഷാതെറ്റുകൾ ചൂണ്ടിക്കാണിക്കും; എന്തൊന്നിനെത്തന്നെയും, അത്ഭുതപ്രവൃത്തികളെക്കൂടിയും, സമ്മതിക്കാതിരിക്കും; എന്തൊന്നിനേയും, പ്രേതങ്ങളെപ്പോലും നിഷേധിക്കാതിരിക്കും; മൊനിത്യെ പത്രത്തിന്റെ പഴയ ലക്കങ്ങൾ മറിച്ചുനോക്കി മനോരാജ്യം വിചാരിക്കും; അയാൾ ഭാവിയുടെ കിടപ്പു് ഉപാധ്യായന്മാരിലാണെന്നു സിദ്ധാന്തിക്കും; അതിനാൽ വിദ്യാഭ്യാസകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധവെക്കും. സദാചാരത്തേയും അറിവിനേയും സംബന്ധിച്ചുള്ള സ്ഥിതി പൊന്തിക്കുവാനും, പ്രകൃതിശാസ്ത്രമുണ്ടാക്കുവാനും, അഭിപ്രായങ്ങളെ പ്രചരിപ്പിക്കുവാനും, യുവാക്കന്മാരിൽ ഉന്മേഷം വർദ്ധിപ്പിക്കുവാനും ഇടവിടാതെ സമുദായം യത്നിക്കണമെന്നാണു് അയാളുടെ ആവശ്യം; രീതിവൈചിത്ര്യങ്ങൾക്കുള്ള ഇന്നത്തെ ദാരിദ്ര്യവും ഭാഷാശുദ്ധിയുള്ളതെന്നു പറയപ്പെടുന്ന രണ്ടുമൂന്നു നൂറ്റാണ്ടോളമായി സാഹിത്യാഭിവൃദ്ധിക്കുണ്ടായിട്ടുള്ള കുറവും, ജ്ഞാനലവദുർവിദഗ്ദ്ധന്മാരുടെ പരമദുഷ്ടങ്ങളായ സിദ്ധാന്തങ്ങളും, പണ്ഡിതന്മാരുടെ അന്ധാളിത്തങ്ങളും, ആചാരങ്ങളും നമ്മുടെ സർവകലാശാലകളെയെല്ലാം കൃത്രിമങ്ങളായ ചില കക്കത്തടങ്ങളാക്കി മാറ്റിക്കളയുമോ എന്നയാൾ ഭയപ്പെട്ടിരുന്നു. അയാൾ പഠിപ്പുള്ളവനാണു്, ഭാഷാശുദ്ധിക്കാരനാണു്, കണിശക്കാരനാണു്, ശില്പവിദ്യാലയത്തിലെ ഒരു ബിരുദധാരിയാണു്, ഒരു ശ്രദ്ധാലുവായ ജിജ്ഞാസുവാണു്, അതോടൊപ്പം തന്നെ ആലോചനാശീലനുമാണു്. ‘വലിയ മനോരാജ്യക്കാരനാണു്,’ അയാളുടെ സുഹൃത്തുക്കൾ പറയും. അയാൾ എല്ലാവിധം സ്വപ്നങ്ങളിലും, തീവണ്ടിപ്പണികളിലും, ശസ്ത്രപ്രയോഗംകൊണ്ടു വേദന മാറ്റുന്നതിലും, ഇരുട്ടുമുറിയിൽ പ്രതിമകളെ പ്രതിഷ്ഠിക്കുന്നതിലും, വിദ്യുച്ഛക്തികൊണ്ടു കമ്പിയടിക്കുന്നതിലും, വിമാനങ്ങളോടിക്കുന്നതിലും വിശ്വസിച്ചിരുന്നു. എന്നല്ല, അന്ധവിശ്വാസം, സ്വേച്ഛാപ്രഭുത്വം, പക്ഷഭേദം എന്നിതുകളാൽ മനുഷ്യന്റെ ഏതു ഭാഗത്തും ഇളക്കാൻ വയ്യാത്തവിധം കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകളെക്കുറിച്ച് അയാൾക്കു വലിയ ഭയമില്ലായിരുന്നു. പ്രകൃതിശാസ്ത്രം ഒടുവിൽ എല്ലാം ശരിപ്പെടുത്തുമെന്നുള്ള വിശ്വാസക്കാരിൽ ഒരാളായിരുന്നു അയാൾ. ആൻഷൊൽരാ ഒരു പ്രമുഖനാണു്, കൊംബ്ഫെർ ഒരു നേതാവാണു്. ഒരാളുടെ കീഴിൽനിന്നു പൊരുതാനും മറ്റാളുടെ കൂടെ സധൈര്യം മുമ്പോട്ടു തള്ളിക്കയറാനും രസം തോന്നും. കൊംബ്ഫെർക്കു യുദ്ധംചെയ്യാൻ വയ്യെന്നല്ല പറയുന്നതു്, തടസ്സവുമായി നേരിട്ടുനിന്നു ദ്വന്ദ്വയുദ്ധം ചെയ്വാനും ശക്തികൊണ്ടുതന്നെ അതിനെ ഉടച്ചുകളയാനും അയാൾക്കു മടിയില്ല. പക്ഷേ, മനുഷ്യജാതിയെ അതിന്റെ ഈശ്വരവിധിയുമായി ക്രമത്തിൽ വിദ്യാഭ്യാസംകൊണ്ടും പ്രത്യക്ഷപ്രമാണങ്ങളുടെ പ്രബോധനംകൊണ്ടും ശരിയായ തത്ത്വങ്ങളുടെ പ്രചാരണംകൊണ്ടും ഇണക്കിക്കൊണ്ടു പോകുന്നതാണു് അയാൾക്ക് അധികം ഇഷ്ടം. രണ്ടു വെളിച്ചങ്ങളുള്ളതിൽ, ആളിക്കത്തുന്നതിനെക്കാൾ കത്തിപ്രകാശിക്കുന്നതാണു് അയാൾക്ക് അധികം ഇഷ്ടം. ആളിക്കത്തൽ ഒരു പ്രഭാപരിധിയെ ഉണ്ടാക്കും. സംശയമില്ല. എന്നാൽ എന്തുകൊണ്ടു പ്രഭാതത്തെയും കാത്തിരുന്നുകൂടാ? ഒരഗ്നിപർവതം കത്തിപ്രകാശിക്കുന്നു, പക്ഷേ, അരുണോദയം അതിലും നല്ല ഒരു വെളിച്ചത്തെ ഉണ്ടാക്കിത്തരുന്നു. ഒരു സമയം കൊംബ്ഫെർക്കു സൗന്ദര്യത്തിന്റെ വെളുപ്പായിരിക്കാം വിശിഷ്ടതയുടെ മിന്നലിനെക്കാൾ ഇഷ്ടമേറിയതു്. പുകയെക്കൊണ്ടു തകരാറായ വെളിച്ചം, അക്രമ പ്രവൃത്തിയാകുന്ന വില കൊടുത്തു വാങ്ങിയ അഭിവൃദ്ധി, സരളവും സഗൗരവവുമായ ഈ ആത്മാവിനെ പകുതിയേ തൃപ്തിപ്പെടുത്തിയിരുന്നുള്ളു. സത്യസ്ഥിതിയിലേക്കുള്ള ഒരു ജനസമുദായത്തിന്റെ കുത്തിച്ചാട്ടം, ഒരു 1793, അയാളെ പേടിപ്പെടുത്തി; എങ്കിലും കെട്ടിനില്ക്കൽ അയാൾക്ക് അതിലുമധികം നീരസപ്രദമാണു്; അതിൽ അളിയലും നശിക്കലുമാണു് അയാൾ കണ്ടതു്, ആകപ്പാടെ വിഷവായുവിനെക്കാളധികം അഴുക്കായിരുന്നു അയാൾക്കിഷ്ടം; കുപ്പക്കുണ്ടിനെക്കാളധികം വെള്ളച്ചാട്ടമാണു് അയാൾക്കു തൃപ്തി; മൊങ്ഫൊസൊതടാകത്തെക്കാളും നയാഗരാ നിർഝരം. ചുരുക്കിപ്പറഞ്ഞാൽ നില്പും ഓട്ടവും അയാൾക്കിഷ്ടമല്ല. ലഹളക്കാരായ ചങ്ങാതിമാർ കേവലത്വത്തിൽ മതിമറന്നു മഹത്തരങ്ങളായ ഭരണ പരിവർത്തനശ്രമങ്ങളെ ആരാധിക്കുകയും ആവാഹിക്കുകയും ചെയ്യുമ്പോൾ, കൊംബ്ഫെർ അഭിവൃദ്ധിക്കു, ശരിയായ അഭിവൃദ്ധിക്കു, വഴിവഴങ്ങിക്കൊടുത്തു നില്ക്കാനാണു് ഇഷ്ടപ്പെട്ടിരുന്നതു്; അയാൾക്കു ചൊടി പോരായിരിക്കാം-പക്ഷേ, ശുദ്ധനാണു്; അയാൾ ക്രമപ്രകാരമേ നടക്കു-പക്ഷേ, നിരാക്ഷേപനാണു്; ചുണ കുറഞ്ഞവനാണ്-പക്ഷേ, അക്ഷോഭ്യൻ. ഭാവികാലത്തെ അതിന്റെ സകലമാഹാത്മ്യത്തോടുംകൂടി വന്നെത്താൻ സഹായിക്കുന്നതിനും മനുഷ്യവർഗത്തിന്റെ അപാരവും അത്യുൽകൃഷ്ടവുമായ പരിണാമഗതിയെ യാതൊന്നും തടയാതിരിക്കുന്നതിനുമായി വേണമെങ്കിൽ കൊംബ്ഫെർ മുട്ടുകുത്തി കൈ കെട്ടി ഇരുന്നുകൊള്ളും. ‘നല്ലതു നിർദ്ദോഷമായിരിക്കണം,’ അയാൾ എപ്പോഴും ആവർത്തിച്ചിരുന്നു. എന്നല്ല, വാസ്തവത്തിൽ ഭരണപരിവർത്തനത്തിന്റെ മാഹാത്മ്യമിരിക്കുന്നതു മുൻപിൽ കണ്ണഞ്ചിക്കുന്ന ആദർശത്തെ വിടാതെ നിർത്തുകയും തുണ്ഡങ്ങൾക്കിടയിൽ തിയ്യോടും ചോരയോടുംകൂടി മിന്നല്പിണരുകൾക്കുള്ളിലൂടെ അങ്ങോട്ടു പറന്നെത്തുകയും ചെയ്യുന്നതിലാണെങ്കിൽ, അഭിവൃദ്ധിയുടെ സൗഭാഗ്യമിരിക്കുന്നതു നിഷ്കളങ്കതയിലാണു്; ഒന്നിനുദാഹരണമായ വാഷിങ്ടന്നും മറ്റേതിന്റെ അവതാരമൂർത്തിയായ ദന്തോങ്ങിനും മധ്യേ അരയന്നത്തേയും കഴുകിൻ ചിറകോടുകൂടിയ ദേവദൂതനേയും അകത്തിനിർത്തുന്ന ആ ഒരു വ്യത്യാസമുണ്ടു്.

ഴാങ്പ്രുവെറാകട്ടേ, കൊംബ്ഫെറെക്കാളും സൗമ്യനാണു് മധ്യകാലസമ്പ്രദായങ്ങളെ വളരെ സനിഷ്കർഷമായി അഭ്യസിക്കുക എന്നതു പുറപ്പെട്ട ആ ശക്തിമത്തും അഗാധവുമായ വ്യവസ്ഥാപനത്തോടു കൂടിക്കലർന്നു ഒരു നിസ്സാരക്ഷണികഭ്രാന്തിയിൽ അയാൾക്ക് ഴഹാങ് എന്നായിരുന്നു ഇട്ട പേർ. ഴാങ്പ്രുവെർ അനുരാഗത്തിൽ മുങ്ങിയിരിക്കയാണു്; അയാൾ ഒരു ചട്ടിയിൽ പൂക്കൾ വെച്ചുപിടിപ്പിച്ചു, ഓടക്കുഴൽ വിളിച്ചു, പദ്യങ്ങളുണ്ടാക്കി, ആളുകളെ സ്നേഹിച്ചു. സ്ത്രീകളെപ്പറ്റി അനുകമ്പ വിചാരിച്ചു. കുട്ടികളെപ്പറ്റി കരഞ്ഞു, ഒരേ മനോവിശ്വാസത്തോടുകൂടിത്തന്നെ ഈശ്വരനേയും ഭാവിയേയും കൂട്ടിമറിച്ചു, അങ്ദ്രെഷെനിയെ [12] യുടെതായ ആ രാജശിരസ്സിനെ താഴത്തു വീഴിച്ചതിൽ ഭരണപരിവർത്തനത്തെ ദുഷിച്ചു സാധാരണമായി അയാളുടെ ശബ്ദം സൗമ്യമാണു്; പക്ഷേ, പെട്ടെന്നു പുരുഷോചിതമായിത്തീരും പാണ്ഡിത്യത്തിലെത്തത്തക്കവണ്ണം അയാൾക്കു പഠിപ്പുണ്ടു്; ഏതാണ്ടു് ഒരു പൗരസ്ത്യഭാഷാപണ്ഡിതനാണു്. എല്ലാറ്റിനുംപുറമേ, അയാൾ നല്ലവനാണു്; എന്നല്ല, കവിതയിൽ അയാൾക്ക് അപാരതയായിരുന്നു ഇഷ്ടം-മനോഗുണം എത്രകണ്ടു മഹത്ത്വത്തിന്റെ വക്കത്തു ചെല്ലുന്നു എന്നറിയുന്നവർക്ക് ഒരു വെറും സാധാരണ സംഗതി. അയാൾക്ക് ഇറ്റാലിയനും ലാറ്റിനും ഗ്രീക്കും ഹീബ്രുവും അറിയാം: ഇതുകൊണ്ടു നാലു കവികളുടെ കൃതികൾ വായിക്കുവാൻ മാത്രമേ അയാൾക്കുപയോഗപ്പെട്ടുള്ളൂ-ദാന്തേ, ജുവനൽ, എക്സിലസ്സു്, ഇസയ. ഫ്രഞ്ചുഭാഷയിൽ രസിനെക്കാളധികം കൊർണീലിയെയാണു് അയാൾക്കിഷ്ടം; കൊർണീലിയെക്കാളധികം അഗ്രിപ ദു് ഒബിഞെയേയും, കുതിരക്കോതമ്പും ചോളവുമുള്ള വയലുകളിലൂടെ ലാത്തുന്നതു് അയാൾക്കു ബഹുസന്തോഷമാണു്; ഏകദേശം ലൗകികസംഭവങ്ങളെക്കൊണ്ടെന്നപോലെതന്നെ മേഘങ്ങളെക്കൊണ്ടും അയാൾ സോന്മേഷം സമയം പോക്കും. അയാളുടെ മനസ്സിന്നു് രണ്ടു നിലയുണ്ട്-ഒന്നു് മനുഷ്യന്റെ ഭാഗത്തേക്കു തിരിഞ്ഞതും, മറ്റതു ഈശ്വരനിലേക്കു ചാഞ്ഞതും; അയാൾ പഠിക്കും, അല്ലെങ്കിൽ മനോരാജ്യം വിചാരിക്കും. പകൽ മുഴുവനും അയാൾ സാമുദായികസംഗതികളിലും ശമ്പളംവരവിലും കച്ചവടമൂലധനത്തിലും വ്യാപാരവിശ്വാസത്തിലും വിവാഹത്തിലും മതത്തിലും വിചാരസ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും നാടുകടത്തലിലും ദാരിദ്ര്യത്തിലും യോഗംകൂടലിലും വസ്തുമുതലിലും സമ്പാദ്യത്തിലും ധനവിഭാഗത്തിലും അന്ധകാരംകൊണ്ടു മനുഷ്യപ്പുറ്റിനെ മൂടിയിടുന്ന ഈ ഭൂലോകക്കടംകഥയിലും ചെന്നു് ആണ്ടുമുങ്ങിക്കിടക്കും; രാത്രിയായാൽ അയാൾ നക്ഷത്രങ്ങളെ, ആ മഹത്തരങ്ങളായ സത്ത്വങ്ങളെ നോക്കിക്കാണുകയായി. ആൻഷൊൽരായെപ്പോലെതന്നെ അയാളും ധനികനും ഏകപുത്രനുമാണു്. അയാൾ പതുക്കെ സംസാരിക്കും, തലകുനിക്കും, കീഴ്പ്പോട്ടു നോക്കും. അമ്പരപ്പോടുകൂടി പുഞ്ചിരിയിടും, നിഷ്കർഷയില്ലാതെ ഉടുപ്പു ധരിക്കും; അയാൾക്കു കാഴ്ചയിൽ ഒരു വികൃതമട്ടുണ്ടു്; വെറുതെ ലജ്ജിക്കും; വലിയ നാണംകുണുങ്ങിയാണു്. എങ്കിലും അയാൾ നിർഭയനായിരുന്നു.

ഫെയ്ലി ഒരു കൂലിവേലക്കാരനായിരുന്നു, ഒരു വിശറിപ്പണിക്കാരൻ; ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും മരിച്ചു; ബുദ്ധിമുട്ടി ദിവസത്തിൽ മൂന്നു ഫ്രാങ്ക് സമ്പാദിക്കും; ഒരു വിചാരമേ അയാൾക്കുള്ളു-ലോകത്തെ സ്വതന്ത്രമാക്കണം. ഒരു കാര്യംകൂടി അയാൾക്കുണ്ടായിരുന്നു-പഠിക്കുക; ഇതിനും അയാൾ പറയാറ്തന്നെ സ്വതന്ത്രനാക്കുക എന്നാണു്. അയാൾ എഴുതാനും വായിക്കാനും സ്വയം പഠിച്ചു; അയാൾക്കറിവുള്ളതെല്ലാം താൻ തനിച്ചു പഠിച്ചുണ്ടാക്കിയതാണു്. ഫെയ്ലിയുടേതു് ഒരു സരളമനസ്സാണു്. അയാളുടെ ആലിംഗനത്തിന്റെ വിസ്താരം അപാരമത്രേ. ഈ അനാഥശിശു ജനസമുദായത്തെ ദത്തെടുത്തു. അമ്മ അയാളെ വിട്ടുപോയതുകൊണ്ടു്, അയാൾ രാജ്യത്തെപ്പറ്റി വിചാരിച്ചു. പൊതുജനനേതാക്കന്മാരുടെ അഗാധജ്ഞാനദൃഷ്ടിയോടുകൂടി, നാമിപ്പോൾ രാഷ്ട്രീയബോധം എന്നു വിളിക്കുന്ന ആ ഒരു വസ്തുവിനു മിതെ ‘അണയിരുന്നു’കൊണ്ടു്, സകലതും മനസ്സിലാക്കിയേ കഴിയൂ എന്നുവെച്ച് അയാൾ ചരിത്രം പഠിച്ചു. പ്രധാനമായി ഫ്രാൻസിനെപ്പറ്റി മാത്രം ശ്രദ്ധിക്കുന്ന ഈ മനോരാജ്യസ്വർഗക്കാരുടെ യോഗത്തിൽ അയാൾ ബഹിർലോകത്തിന്റെ പ്രതിനിധിയായി നിന്നു. അയാളുടെ സവിശേഷശ്രദ്ധയിൽ പെട്ടിട്ടുള്ളതു ഗ്രീസ്സും പോളണ്ടും ഹംഗറിയും റുമേനിയയും ഇറ്റലിയുമാണു്. ധർമ്മത്തിനുള്ള ഉറപ്പോടുകൂടി അയാൾ ഈ പേരുകളെയെല്ലാം ഇളവില്ലാതെ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും ഉച്ചരിച്ചിരുന്നു. ഗ്രീസ്സിനോടു തുർക്കിയും, വാർസൊവോടു റഷ്യയും, വെനീസോടു ആസ്ട്രിയയും കാണിച്ച അക്രമങ്ങൾ അയാളെ ശുണ്ഠിപിടിപ്പിച്ചു. എല്ലാറ്റിലുമധികം 1772-ലെ മഹത്തായ അക്രമപ്രവൃത്തിയാണു് അയാളെ ഇളക്കിമറിച്ചതു്. ശുണ്ഠികയറിയ സത്യത്തേക്കാളധികം പ്രാഭവമുള്ള ഒരു വാഗ്മിത്വമില്ല; ആ ഒരു വാഗ്മിത്വംകൊണ്ടു് അയാൾ ഒരു വാഗ്മിയായിരുന്നു. ആ നികൃഷ്ടവർഷമായ 1772-നെപ്പറ്റി - ഉൽകൃഷ്ടവും ധീരോദാത്തവുമായ ഒരു ജനസമുദായം അനീതിയാൽ അമർത്തപ്പെട്ട ആ മുമ്മുനയുള്ള മഹാപാതകത്തെപ്പറ്റി-അന്നുമുതൽ ഉൽകൃഷ്ടങ്ങളായ അനവധി രാജ്യങ്ങളെ ബാധിച്ച് അവയുടെ ജന്മാവകാശപത്രത്തെത്തന്നെ, എന്നു പറയട്ടെ, വെട്ടിക്കളയിച്ച, ആ ഭയങ്കരങ്ങളായ എല്ലാത്തരം അക്രമങ്ങളുടേയും മൂലവും മാതൃകയുമായ ആ പൈശാചികപ്പതിയിരുപ്പുപടയെപ്പറ്റി-സംസാരിച്ചു തുടങ്ങിയാൽപ്പിന്നെ അയാൾക്കു നില്പില്ല. അക്കാലത്തെ എല്ലാ സാമുദായികപാതകങ്ങളുടേയും ഉത്ഭവം പോളണ്ടു വിഭജനത്തിൽനിന്നാണു്. പോളണ്ടു വിഭജനം ഒരു സിദ്ധാന്തസൂത്രമാണു്; അതിന്റെ ഭാഷ്യങ്ങളത്രേ രാഷ്ട്രീയവിപ്ലവങ്ങളെല്ലാം. പോളണ്ടു വിഭജനത്തെ ശരിവെക്കുകയോ സമ്മതിക്കുകയോ മേലൊപ്പുവെക്കുകയോ പകർത്തെടുക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്വേച്ഛാധികാരിയോ, ഒരു രാജ്യദ്രോഹിയോ ഒരു നൂറ്റാണ്ടിന്റെ ഇപ്പുറത്തെങ്ങും ഉണ്ടായിട്ടില്ല. ഇന്നത്തെ രാജ്യദ്രോഹങ്ങളുടെ രേഖ പരിശോധിച്ചാൽ, ആദ്യമായുണ്ടായിട്ടുള്ളതു് അതൊന്നായികിത്തും. വിയനയിലെ രാജപ്രതിനിധിയോഗം തന്റെ പാപകർമം മുഴുമിപ്പിക്കുന്നതിനുമുൻപായി ആ ഒരു ദുഷ്കർമത്തെപ്പറ്റിയാണാലോചിച്ചതു്. 1772 പോരിനുവിളി തുടങ്ങിവെച്ചു; 1815-ലാണു് ആ ചൂതുകളി അവസാനിച്ചതു്. ഇതാണു് ഫെയ്ലിയുടെ സാധാരണപാഠം. ഈ സാധുവായ കൂലിവേലക്കാരൻ നീതിന്യായത്തിന്റെ അധ്യാപകനായി നിന്നു; അതിന്റെ പ്രത്യുപകാരമായി ആ നീതിലക്ഷ്മി അയാളെ മഹാനാക്കുകയും ചെയ്തു. വാസ്തവമെന്തെന്നാൽ, ധർമത്തിൽ അനശ്വരത്വമുണ്ടു്. വേഗത്തിലല്ലെങ്കിൽ പതുക്കെ, കീഴടിഞ്ഞ ഭാഗ്യം മുകളിലേക്കു പൊന്തിവന്നു വീണ്ടും വെളിപ്പെടും. ഗ്രീസ്സു് വീണ്ടും ഗ്രീസ്സായി; ഇറ്റലി ഒരിക്കൽക്കൂടി ഇറ്റലിയായി കർമത്തെപ്പറ്റി കർമത്തിനുള്ള എതിർവാദം എന്നെന്നും നിലനില്ക്കും. ഒരു ജനസമുദായം ചെയ്ത മോഷണം നടപ്പവകാശംകൊണ്ടു സാധുവാകുന്നതല്ല. ഈ അന്തസ്സിലുള്ള തെമ്മാടിത്തരങ്ങൾക്ക് ശോഭനമായ ഭാവിയില്ല. ഒരു കൈലേസ്സിന്റെ എന്നപോലെ, ഒരു ജനസമുദായത്തിന്റെ അടയാളം മാച്ചുകളയാൻ വയ്യാ.

കുർഫെരാക്കിനു മൊസ്സ്യു ദു് കുർഫെരാക് എന്നു പേരായ ഒരച്ഛനുണ്ടു്. രാജവാഴ്ചയുടെ പുനഃസ്ഥാപനത്തിൽ പ്രഭുക്കന്മാരേയും നാടുവാഴികളേയും സംബന്ധിച്ചു പ്രമാണികളുടെ ഇടയിൽ ഉണ്ടായിത്തീർന്ന അബദ്ധധാരണകളിൽ ഒന്നു് അവ്യയശബ്ദ (‘ദു്’) ത്തോടുള്ള ഭക്തിയാണു്. എല്ലാവർക്കും അറിയാവുന്നതു പോലെ അവ്യയത്തിനു് അർഥമില്ല. എന്നാൽ ആ സാധുവായ ‘ദു്’ എന്ന അവ്യയത്തെ പ്രമാണികൾ അത്രമേൽ വിലവെച്ചുവെന്നതുകൊണ്ടു്, പ്രഭുത്വത്തിന്റെ മാഹാത്മ്യം കുറഞ്ഞ കാലത്തു് ആളുകൾക്ക് അതുപേക്ഷിക്കേണ്ടതായി വന്നു. മൊസ്സ്യു ദു് ഷെവ്ലെങ് സ്വയമേവ മൊസ്സ്യു ഷെവ്ലെങ്ങായി; മൊസ്സ്യു ദു് കൊമർതെങ് മൊസ്സ്യു കൊമർതെങ്ങായി; ണൊസ്സ്യു ദു് ലഫയേത്തു് മൊസ്സ്യു ലഫയേത്തായി; മറ്റു മറ്റും. കുർഫെരാക്കിനു മറ്റുള്ളവരുടെ പിന്നിൽ നില്ക്കാൻ രസമില്ലായിരുന്നു, അയാളും വെറും കുർഫെരാക്കായി.

കുർഫെരാക്കിനെസ്സംബന്ധിച്ചുള്ള വിവരണം ഞങ്ങൾ ഇവിടെ നിർത്താ; ബാക്കി ഭാഗത്തെപ്പറ്റി ഇങ്ങനെമാത്രം പറഞ്ഞു, വേണമെങ്കിൽ, അവസാനിപ്പിക്കാം; ‘കുർഫെരാക്കിനെ കാണാൻ തൊലൊമിയെയെ നോക്കുക.’

വാസ്തവത്തിൽ കുർഫെരാക്കിനു മനസ്സിന്റെ പൈശാചികസൗഭാഗ്യം എന്നു പറയാവുന്ന ആ ചെറുപ്പത്തിലെ നേരമ്പോക്കുണ്ടായിരുന്നു. കാലക്രമത്തിൽ, പൂച്ചക്കുട്ടികളുടെ വിനോദശീലംപോലെ, അതില്ലാതായി. ഈയൊരു സൗഭാഗ്യം നാടുവാഴികളിൽ രണ്ടു കാലിന്മേലും, കാടൻപൂച്ചയിൽ നാലു കാലിന്മേലും ചെന്നവസാനിക്കുന്നു.

വിദ്യാലയങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാ യുവാക്കന്മാരുടെ കൂട്ടവും ഈ നേരംപോക്കുമട്ടു് പിന്തുടർച്ചക്കാർക്ക് കൊടുത്തുപോരാറുണ്ടെന്നു തോന്നുന്നു; ഒരു കൂട്ടർ മറ്റൊരു കൂട്ടർക്കായി ഇതു കൈമാറിപ്പോരുന്നു; എല്ലാം ഏകദേശം ഒന്നായിരിക്കും; അതിനാൽ ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, 1828-ൽ കുർഫെരാക്കിന്റെ സംസാരം കേട്ടിട്ടുള്ളവർ 1817-ലെ തൊലൊമിയെയുടെ സംസാരമാണു് കേൾക്കുന്നതെന്നു വിചാരിക്കും. ഒന്നുമാത്രം, കുർഫെരാക്ക് ഒരു മാന്യനാണു്. പുറമെ കാണുന്ന പ്രത്യക്ഷ സാദൃശ്യങ്ങൾക്കിടയിൽ, അയാളും തൊലൊമിയയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണു്. രണ്ടു പേരുടേയും ഉള്ളിൽ മറഞ്ഞുനില്ക്കുന്ന വ്യക്തിവിശേഷം രണ്ടാമത്തെയാളിലുള്ളതിൽനിന്നു തികച്ചും വ്യത്യാസപ്പെട്ടിട്ടാണു് ഒന്നാമത്തെയാളിൽ നിന്നിരുന്നതു്. തൊലൊമിയെയിലുള്ള ആൾ ഒരു ജില്ലാവക്കീലും, കുർഫെരാക്കിലെ ആൾ ഒരു തറവാടിയുമാണു്.

അൻഷൊൽരാ അതിലെ പ്രമുഖനായിരുന്നു; കൊംബ്ഫെർ നേതാവു്, കുർഫെരാക് കേന്ദ്രപുരുഷൻ. മറ്റുള്ളവർ വെളിച്ചം കൂട്ടി; അയാൾ ചൂടു കൂട്ടി. വാസ്തവം പറഞ്ഞാൽ, ആ കേന്ദ്രത്തിന്നുള്ള എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്-ഗോളാകൃതിയും പ്രകാശമാനത്വവും.

ബയോരെൽ 1822 ജൂൺമാസത്തിലെ ഭയങ്കരലഹളയിൽ, ചെറുപ്പക്കാരനായ ലല്ലെമാന്റെ [13] സംസ്കാരസമയത്തു്, ഒരു പ്രധാന സ്ഥാനം വഹിച്ചു.

ബയോരെൽ ചീത്ത കൂട്ടുകാരോടു ചേർന്ന ഒരു സാധുമനുഷ്യനും ധീരനും, ധാരാളിയും ഔദാര്യത്തിന്റെ വക്കത്തോളമെത്തിയ ഒരു മുടിയനും വായാടിയും ചില സമയത്തു വാഗ്മിയും ഔദ്ധത്ത്യത്തിൽചെന്നു മുട്ടത്തക്കവിധം ഉൾക്കരുത്തുകാരനുമായിരുന്നു; ഒന്നാന്തരം ഒരാൾ; ആരുടേയും മുഖം നോക്കാത്ത ഉൾക്കുപ്പായങ്ങളും തുടുത്തുമറിഞ്ഞ അഭിപ്രായങ്ങളും അയാൾക്കുണ്ടു്; ഒരെണ്ണംപറഞ്ഞ ഒച്ചപ്പാടുകാരൻ-എന്നുവെച്ചാൽ ശണ്ഠകൂടലിനെപ്പോലെ മറ്റൊന്നിനേയും ഇഷ്ടപ്പെടാത്ത ഒരാൾ; അല്ലെങ്കിൽപ്പിന്നെ ലഹളയാകണം; എന്നല്ല, ലഹളയെപ്പോലെ മറ്റൊന്നും അയാൾക്ക് ഇഷ്ടമല്ല, അല്ലെങ്കിൽപ്പിന്നെ ഭരണപരിവർത്തനമാവണം; എന്താണുണ്ടാവുക എന്നു കാണാൻവേണ്ടി മാത്രം ഒരു ജനാലച്ചില്ലു് തച്ചുടയ്ക്കാനും, എന്നിട്ടു് കൽവിരി മുഴുവനും ഇളക്കിമറിക്കാനും, പിന്നീടു രാജഭരണയന്ത്രത്തെത്തന്നെ തവിടാക്കാനും എപ്പോഴും ഒരുങ്ങിക്കൊണ്ടു നില്ക്കുന്ന ഒരാൾ; പതിനൊന്നാമത്തെ വയസ്സിൽ ഒരു വിദ്യാർഥി. അയാൾ നിയമത്തിന്റെ സ്വാദറിഞ്ഞിട്ടുണ്ടു്; പക്ഷേ, വക്കീലായിരുന്നിട്ടില്ല. ഇതാണു് അയാളുടെ നിയമം; ‘ഒരിക്കലും വക്കീലാവരുതു്.’ അയാളുടെ കവചാദികൾ ഇടാൻ ഒരിരുട്ടുമുറിയുണ്ടു്; അതിൽ ഒരു ചതുരത്തൊപ്പി കാണാം, നിയമവിദ്യാലയത്തിന്റെ അടുക്കലൂടെ പോകുമ്പോൾ-അതു വളരെ ചുരുക്കമായിട്ടേ ഉള്ളു-അയാൾ തന്റെ മുറിക്കുപ്പായത്തിനു കുടുക്കിടും-മേലങ്കി അന്നു നടപ്പായിട്ടില്ല-ആരോഗ്യശാസ്ത്രസംബന്ധികളായ മുൻകരുതലുകളെല്ലാം ചെയ്യും. പള്ളിക്കൂടത്തിന്റെ പടികാവല്ക്കാരനെപ്പറ്റി അയാൾ പറയും: ‘എന്തൊരു കൊള്ളാവുന്ന കിഴവൻ!’ മൊസ്സ്യു ദേൽവിൻകൂർ എന്ന വിദ്യാലയത്തലവനെപ്പറ്റി പറയും, ‘എന്തൊരു സ്മാരകസ്തംഭം’ തന്റെ പ്രസംഗങ്ങളിൽനിന്നു പാട്ടിനുള്ള വിഷയങ്ങളും തന്റെ ഉപാധ്യായന്മാരിൽനിന്നു പരിഹാസചിത്രങ്ങൾക്കുള്ള സന്ദർഭങ്ങളും അയാൾ കണ്ടുപിടിക്കും. വെറുതെയിരുന്നു് ഒരുക്കൻ വരവുസംഖ്യ, കൊല്ലത്തിൽ മുവ്വായിരം ഫ്രാങ്ക്, അയാൾ ചെലവാക്കും.

നാടന്മാരായ മാതാപിതാക്കന്മാർക്കു മകനെക്കുറിച്ച് ഒരു ബഹുമാനം ഉണ്ടാക്കിത്തീർക്കാൻ അയാൾ വിദ്യയെടുത്തു.

അയാൾ അവരെപ്പറ്റി പറയും: ‘അവർ നാടന്മാരാണു്, പ്രമാണികളല്ല; അവർക്കു ബുദ്ധിയുണ്ടാവാനുള്ള കാരണം അതാണു്.

എപ്പോഴും വിചാരം മാറിക്കൊണ്ടുള്ള ബയോരെൽ അനവധി കാപ്പിപ്പീടികകളിലായി കഴിഞ്ഞുകൂടും. മറ്റുള്ളവർക്കൊക്കെ ഒരു സ്വഭാവം വീണിട്ടുണ്ടു്; അയാൾക്കതില്ല. അയാൾ തെണ്ടിനടക്കും. തെറ്റിനടക്കുന്നതു മനുഷ്യന്റെ പ്രകൃതിയാണു്; തെണ്ടിനടക്കുന്നതു പാരിസ്സുകാരന്റെ പ്രകൃതിയാണു്. വാസ്തവത്തിൽ, അയാൾക്ക് ഉള്ളിലേക്കു തുളഞ്ഞുചെല്ലുന്ന ഒരു ബുദ്ധിയുണ്ടു്; കാഴ്ചയിൽ തോന്നുന്നതിലധികം അയാൾ ഒരാലോചനക്കാരനാണു്.

എബിസി സുഹൃത്തുക്കളേയും ഇനി ഉണ്ടാവാനിരിക്കുന്ന മറ്റു സംഘങ്ങളേയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ചങ്ങലക്കണ്ണിയായിരുന്നു അയാൾ.

ഈ ചെറുപ്പക്കാരുടെ തലകൾക്കിടയിൽ ഒരു കഷണ്ടിത്തലയനുണ്ടായിരുന്നു.

ഓടിപ്പോയ കാലത്തു് ഒരു കൂലിവണ്ടിയിൽക്കയറാൻ സഹായിച്ചതിനു പതിനെട്ടാമൻ ലൂയി ഒരു മഹാപ്രഭുവാക്കിക്കൊടുത്ത മാർക്കി ദവരേതാൻ ഫ്രാൻസിൽ മടങ്ങിയെത്തിയശേഷം, 1814-ൽ രാജാവു കലൈയിൽ വന്നു കപ്പലിറങ്ങുമ്പോൾ, ഒരാൾ രാജാവിന്റെ കൈയിൽ ഒരു ഹർജി കൊടുത്തു എന്നു് ഒരു കഥ പറയാറുണ്ടു്.

‘നിങ്ങൾക്കെന്തു വേണം?’ രാജാവു ചോദിച്ചു.

‘തിരുമേനി, ഒരു തപ്പാലാപ്പീസു്.’

‘നിങ്ങളുടെ പേരെന്താണു്?’

‘ലെഗ്ൽ.’ രാജാവു മുഖം ചുളിച്ചു; ഹർജിയിലെ ഒപ്പു നോക്കിയപ്പോൾ ലെഗ്ൽ എന്നു പേരെഴുതിക്കണ്ടു. ബോനാപ്പാർത്തിന്റേതല്ലാത്ത ഈ അക്ഷരശുദ്ധി രാജാവിനെ രസിപ്പിച്ചു. അവിടുന്നു പുഞ്ചിരിക്കൊള്ളാൻ തുടങ്ങി. ‘തിരുമേനി, ഹർജിക്കാരൻ വീണ്ടും ആരംഭിച്ചു. ‘ലെഗ്യുൽ എന്നു പേരായി എനിക്കൊരു പൂർവികനുണ്ടായിരുന്നു. അദ്ദേഹം നായാട്ടുനായ്ക്കളുടെ മേച്ചിൽക്കാരനാണു് ഈ പേരത്രേ എനിക്കു കിട്ടിയതു്. എനിക്കു ലെഗ്യുലു് എന്നാണു് പേർ; അതു ചുരുങ്ങി ലേഗിലു് എന്നായി; അതു പോയി ലേഗ്ലായി.’ ഇതു കേട്ടു രാജാവു നല്ല വിസ്താരത്തിൽ ഒന്നു പുഞ്ചിരിയിട്ടു. പിന്നീടു് അവിടുന്നു് അയാൾക്കു മനഃപൂർവമായോ യാദൃച്ഛികമായോ മോവിലെ തപ്പാലാപ്പീസു് കല്പിച്ചുകൊടുത്തു.

സംഘത്തിലെ കഷണ്ടിക്കാരൻ ഈ ലേഗ്ലിന്റെ മകനാണു്; അയാൾ ഇങ്ങിനെ ഒപ്പിടും, ലേഗ്ൽ (ദു് മോ). ഒരു ചുരുക്കപ്പേർ എന്ന നിലയ്ക്ക് അയാളെ കൂട്ടുകാർ ബൊസ്വെ എന്നു വിളിക്കുന്നു.

ബൊസ്വെ ഒരു രസികനാണു്; പക്ഷേ, ഭാഗ്യമില്ല. അയാൾക്കുള്ള വിശേഷത യാതൊന്നിലും ജയിക്കുകയില്ല എന്നാണു്. അതിന്റെ പ്രതിക്രിയയായി, അയാൾ സകലത്തേയും പറ്റി പുച്ഛിച്ചു ചിരിക്കും. ഇരുപത്തഞ്ചാമത്തെ വയസ്സിൽ അയാൾ കഷണ്ടിക്കാരനായി. അച്ഛൻ ഒരു വീടും ഒരു നിലവും സമ്പാദിച്ചുവെച്ചു; മകൻ ഒരു വിഡ്ഢിത്തക്കച്ചവടത്തിൽ ചെന്നിറങ്ങി ആ വീടും ആ നിലവും ക്ഷണത്തിൽ കളഞ്ഞുകുളിച്ചു. അയാൾക്ക് ഒരു മുതലുമില്ലാതായി. അയാൾക്ക് അറിവും രസികത്തവുമുണ്ടു്, പക്ഷേ, ചെയ്യുന്നതൊക്കെ തകരാറിലേ ചെന്നുചാടൂ. എന്തിലും അയാൾ തോല്ക്കും, എല്ലാവരും അയാളെ തോല്പിക്കും; അയാൾ പണിചെയ്തുണ്ടാക്കുന്നതൊക്കെ അയാളുടെ തലയിൽത്തന്നെ ഇടിഞ്ഞുവീഴും. വിറകു വെട്ടുകയാണെങ്കിൽ, അയാൾ ഒരു വിരൽ മുറിക്കും. ഒരു പത്നിയുണ്ടെങ്കിൽ വേഗത്തിൽ തനിക്കൊരു കൂട്ടുകാരൻ കൂടിയുണ്ടെന്നു് അയാൾ കണ്ടെത്തും. എന്തെങ്കിലും ഓരോ നിമിഷത്തിലും ഓരോ ദൗർഭാഗ്യം അയാൾക്കു പറ്റും; അതു കാരണമാണു് അയാളുടെ ആഹ്ലാദശീലം അയാൾ പറയും: ‘ഉരുണ്ടുവീഴുന്ന ഓട്ടിൻചുവട്ടിലാണു് എന്റെ താമസം.’ അയാൾ എളുപ്പത്തിൽ അത്ഭുതപ്പെടുകയില്ല; എന്തുകൊണ്ടെന്നാൽ; ഏതാപത്തും അയാൾ മുൻകൂട്ടി കണ്ടതായിരിക്കും. അയാളുടെ നിർഭാഗ്യത്തെ അയാൾ ക്ഷോഭരഹിതനായി കൈക്കൊണ്ടു; നേരംപോക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെ അയാൾ വിധിയുടെ ദ്രോഹത്തെ നോക്കി പുഞ്ചിരിയിടും. അയാൾ ദരിദ്രനാണു് പക്ഷേ, അയാളുടെ ഫലിതങ്ങളുടെ ഈടുവെപ്പിനു് അവസാനമില്ല. ഒടുവിലത്തെ സൂ നാണ്യത്തിൽ അയാൾ ക്ഷണത്തിലെത്തും; ഒടുവിലത്തെ പൊട്ടിച്ചിരിയിൽ ഒരിക്കലും അയാൾ ചെന്നിട്ടില്ല. ആപത്തു് അകത്തേക്കു വരുമ്പോൾ, ആ പഴയ പരിചിതനെ അയാൾ സന്തോഷപൂർവം സ്വാഗതം ചെയ്യും; എല്ലാ കഷ്ടപ്പാടുകളുടേയും കുമ്പമേൽ അയാൾ താളംപിടിക്കും; ദുർവിധിയുമായി അയാൾക്ക് അത്രയും പരിചയമായതുകൊണ്ടു്, അതിനോടു് അയാൾ പറയും, ‘വരൂ, വരൂ, മൂപ്പരേ!’

ദുർവിധിയുടെ ദ്രോഹങ്ങൾ അയാളെ സമർഥനാക്കി. അനവധി യുക്തികൾ ആലോചിച്ചുണ്ടാക്കാൻ അയാൾക്കു സാധിക്കും. അയാൾക്കു പണമില്ല; പക്ഷേ വേണമെന്നു തോന്നുമ്പോൾ ഒരു നിലനില്പില്ലാത്ത ധാരാളിത്തത്തിൽ മുങ്ങിമറിയുവാൻ അയാൾ വഴിയുണ്ടാക്കും. ഒരു ദിവസം ഒരു ചെറുപ്പക്കാരിയോടൊരുമിച്ചിരുന്നു് അയാൾ ‘നൂറു ഫ്രാങ്കി’ന്റെ ഒരൂണുണ്ണുകകൂടി ചെയ്തു; ആ സദ്യയ്ക്കിടയിൽ ഈ സ്മരണീയമായ വാക്കുപറയാൻ അയാൾക്കുത്സാഹം തോന്നി: ‘ഹേനൂറു ഫ്രാങ്കിന്റെ തെറിച്ചിപ്പെണ്ണേ, എന്റെ ബൂട്ടുസ്സഴിക്ക്.’

ഒരു വക്കീൽത്തൊഴിലിലേക്കു ബൊസ്വെ പതുക്കെ ചെല്ലുകയായിരുന്നു; ബയോരെലിന്റെ മട്ടിൽ അയാളും നിയമം പഠിക്കുകയാണു്. ബൊസ്വെയ്ക്കു സ്ഥിരതാമസം എന്നതു് അധികമില്ല; ചിലപ്പോൾ ഇല്ലതന്നെ. ഇന്നു് ഒരാളുടെ കൂടെ താമസിക്കും: നാളെ മറ്റൊരാളുടെകൂടെ, മിക്കപ്പോഴും ഴൊലിയുടെ കൂടെ ഴൊലി വൈദ്യം പഠിക്കയാണു്. അയാൾക്കു ബൊസ്വെയെക്കാൾ രണ്ടു വയസ്സു കുറയും.

ഴൊലി ഒരു ‘മനോരാജ്യരോഗി’ ഇളമയാണു്. വൈദ്യത്തിൽനിന്നു് അയാൾ പഠിച്ചതു വൈദ്യനാവാനല്ല. രോഗിയാവാനാണു്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അയാൾ ഒരു സദാരോഗിയായി; കണ്ണാടിയിൽ നോക്കി നാവു പരിശോധിച്ചുകൊണ്ടു് അയാൾ ആയുസ്സു കഴിക്കും. സൂചിപോലെ മനുഷ്യൻ കാന്തത്തിന്റെ ആകർഷണത്തിനു വശപ്പെടുന്നതായി അയാൾ സിദ്ധാന്തിക്കുന്നു; രാത്രി ഭൂഗോളത്തിലെ മഹത്തായ വിദ്യുൽപ്രവാഹത്താൽ തന്റെ രക്തപരിസരണത്തിനു തകരാറൊന്നും പറ്റിപ്പോകാതിരിപ്പാൻവേണ്ടി, തെക്കോട്ടു തലയും വടക്കോട്ടു കാലുമായി കിടപ്പാൻ തക്കവിധം അറയിൽ അയാൾ കട്ടിൽ തിരിച്ചിട്ടിരിക്കുന്നു. ഇടിമിന്നലുള്ളപ്പോൾ അയാൾ നാഡി പിടിച്ചു നോക്കും. ഇല്ലാത്തപ്പോൾ അയാളാണു് മറ്റെല്ലാവരിലുംവെച്ച് അധികം പ്രസരിപ്പുകാരൻ. ചെറുപ്പക്കാരും നൊസ്സന്മാരും വളർച്ചയെത്താത്തവരും ആഹ്ലാദശീലന്മാരുമായ ഇവരെല്ലാം ഒത്തൊരുമിച്ചു താമസിക്കുന്നു; അതിന്റെ ഫലമാണു് വാലുള്ള സ്വരാക്ഷരങ്ങൾക്കു ദുർഭിക്ഷമില്ലാത്ത കൂട്ടുകാരെല്ലാംകൂടി ഴൊല്ലി എന്നു പേരിട്ട ആ നൊസ്സനും നല്ലവനുമായ സത്ത്വം. ‘നിങ്ങൾക്ക് ആ രണ്ടു ‘ലി’ന്മേൽ പറക്കാം, ഴാങ്പ്രുവെർ പറഞ്ഞു.

ഴൊലിക്കു വടിത്തുമ്പുകൊണ്ടു മൂക്കത്തു തൊടുന്ന ഒരു വിദ്യയുണ്ടു്; ബുദ്ധികൂർമയുടെ ഒരടയാളം.

ഇത്രമേൽ വ്യത്യാസപ്പെട്ടവരും ആകപ്പാടെ ഗൗരവത്തോടുകൂടിയല്ലാതെ വിവരിക്കപ്പെടാൻ വയ്യാത്തവരുമായ ഈ എല്ലാ യുവാക്കന്മാർക്കുംകൂടി ഒരു മതമായിരുന്നു; അഭിവൃദ്ധി.

എല്ലാവരും ഫ്രഞ്ച് ഭരണപരിവർത്തനത്തിന്റെ നേർസ്സന്താനങ്ങളാണു്. അവരിൽവെച്ച് എത്രതന്നെ തലയുയർന്നവനും ഈ ഒരു കൊല്ലത്തിന്റെ പേർ പറഞ്ഞാൽ സഗൗരവനായി; 1789. അവരുടെ അച്ഛന്മാർ രാജകക്ഷിക്കാരായാലും പ്രജാധിപത്യക്കാരായാലും ശരി; അതുകൊണ്ടു വിശേഷിച്ചൊന്നുമില്ല; ചെറുപ്പക്കാരായ ഇവരുടെ ജനനത്തിനു മുൻപത്തെ തകരാറൊന്നും ഇവർക്കു ബാധകമല്ല; ഈ യുവാക്കന്മാരുടെ സിരകളിലൂടെ നിയമനിഷ്ഠയുടെ പരിശുദ്ധരക്തമാണു് പാഞ്ഞിരുന്നതു്. അവർ നിഷ്കളങ്കമായ ധർമത്തേയും കേവലമായ മനുഷ്യമുറയേയും ആരാധിച്ചു; നടുക്കുള്ള നിലകളൊന്നും അവർക്കില്ല.

കുടുംബമായി ചേർന്നവരും ഒരുപോലെ പഠിച്ചവരുമായ ഈ സുഹൃത്തുക്കൾ പ്രാപ്യസ്ഥിതിയെ നിഗുഢതയിൽ കുറിച്ചിട്ടു.

ഈ ഉത്സാഹശീലന്മാരുടേയും മൂഢവിശ്വാസികളുടേയും ഇടയിൽ ഒരു സംശയക്കാരനുണ്ടായിരുന്നു. അയാൾ അവിടെ എങ്ങിനെ വന്നുപെട്ടു? സാമീപ്യം കൊണ്ടു്. ഈ സംശയക്കാരന്റെ പേർ ഗ്രന്തേർ എന്നാണു്; ഈ ചിത്രഭാഷയിലാണു് അയാൾ ഒപ്പിടുക പതിവു്; ആർ. ഗ്രന്തേർ യാതൊന്നും വിശ്വസിക്കാതിരിക്കാൻ സവിശേഷമായി മനസ്സിരുത്തുന്ന ഒരാളാണു്, എന്നല്ല, പാരിസ്സിലെ വിദ്യാലയപ്പാർപ്പു കാലത്തു കഴിയുന്നേടത്തോളമധികം പഠിച്ചിട്ടുള്ള ഒരു വിദ്യാർഥിയാണു് അയാൾ; ഒന്നാംതരം കാപ്പി പാരിസ്സിൽ ലെംബ്ലാങ് കാപ്പിപ്പീടികയിലാണു് കിട്ടുക എന്നും. ഒന്നാന്തരം ബില്ലിയേർഡ് കളി വൊൾത്തെയർ എന്നേടത്താണെന്നും, നല്ല അപ്പങ്ങളും നല്ല പെൺകുട്ടികളും ഏർമിറ്റേജിൽ കാണാമെന്നും, ഒന്നാന്തരം കോഴിക്കുട്ടികൾ മദർ സൊഗെയുടെ ഹോട്ടലിലാണെന്നും, എണ്ണം പറഞ്ഞ മത്സ്യഭക്ഷണം കുനെത്തിലാണെന്നും, നേർത്തു വെളുത്ത ഒരുതരം വീഞ്ഞു ബാരിയേർ ദ്യുകൊംപായിൽ കിട്ടുമെന്നും അയാൾക്കറിയാം. എല്ലാറ്റിനുമുള്ള ഒന്നാന്തരം സ്ഥലം അയാൾ മനസ്സിലാക്കിയിട്ടുണ്ടു്; പുറമെ, കയ്യാങ്കളിയും ചവുട്ടുകളിയും മറ്റു ചില നൃത്തവിനോദങ്ങളും. അയാൾ ഒരു മേലെക്കിടയിലുള്ള വടിവീശൽക്കാരനാണു്. പോരാത്തതിനു് അയാൾ അസ്സൽ കുടി കുടിക്കും. അയാൾ തീരെ പരിഷ്കാരമില്ലാത്താളാണു്; അന്നത്തെ ബൂട്ടുസു് തുന്നൽപ്പണിക്കാരികളിൽവെച്ച് ഏറ്റവും സൗഭാഗ്യവതി ഇർമ ബ്വാസി അയാളുടെ പരുക്കൻമട്ടുകൊണ്ടു ശുണ്ഠി കയറി ഇങ്ങനെ ഒരു വിധി വിധിച്ചു: ‘ഒരസാധ്യമനുഷ്യൻ’; പക്ഷേ, ഗ്രന്തേരുടെ മന്തത്തരം അക്ഷോഭ്യമായിരുന്നു. അയാൾ ശ്രദ്ധയോടും വാത്സല്യത്തോടുകൂടി എല്ലാ സ്ത്രീകളേയും സൂക്ഷിച്ചു നോക്കും; ആ നോട്ടത്തിൽ അവരെല്ലാവരോടും അയാൾ ഇങ്ങനെ പറയുന്ന ഒരു മട്ടുണ്ടായിരിക്കും: ‘എനിക്കിഷ്ടം തോന്നണം!’ സകല സ്ത്രീകളും തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണെന്നു് അയാൾ കൂട്ടുകാരെ ധരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നും.

പൊതുജനാവകാശം, മനുഷ്യധർമം, സാമുദായികബന്ധം, ഫ്രഞ്ച് ഭരണപരിവർത്തനം, പ്രജാധിപത്യം, പൊതുജനഭരണം, മനുഷ്യത്വം, പരിഷ്കാരം, അഭിവൃദ്ധി - ഈ വാക്കുകളെല്ലാം ഗ്രന്തേറെസ്സംബന്ധിച്ചേടത്തോളം ഏതാണ്ടു നിരർഥകങ്ങളാണു്. അയാൾ അവയുടെ നേരെയൊക്കെ പുഞ്ചിരിയിടും ബുദ്ധിയുടെ എല്ലുതിർച്ചരോഗമായ ആ സംശയവാദം ഒരൊറ്റ ആലോചനയെങ്കിലും ഗ്രന്തേറിൽ ബാക്കിവെച്ചില്ല. അയാൾ വക്രോക്തിയുടെ കൂടെ താമസിച്ചുപോന്നു. ഇതാണു് അയാളുടെ മുഖ്യസിദ്ധാന്തം: ‘നേരായിട്ടു് ഒന്നു മാത്രമുണ്ടു്, എന്റെ നിറഞ്ഞ പാനപാത്രം.’ എല്ലാ കക്ഷിക്കാരിലും കാണപ്പെടുന്ന മനോവിശ്വാസത്തെ അയാൾ പുച്ഛിച്ചു; അച്ഛനേയും ശരി, സഹോദരനേയും ശരി; ഇളയ രൊബെപിയറേയും ല്വാസെരോലിനേയും. [14] ‘അവർക്കൊക്കെ മരിക്കാൻമാത്രം പ്രായമായി’ അയാൾ ഉച്ചത്തിൽ പറയും. കുരിശിനെപ്പറ്റി അയാൾ അഭിപ്രായപ്പെട്ടു: ‘ഒരു വിജയമായി കലാശിച്ച തൂക്കുമരമാണതു്.’ ഒരു തെണ്ടിയും ചൂതുകളിക്കാരനും തെമ്മാടിയും കള്ളുകുടിയനുമായ അയാൾ ‘നാലാമൻ ആങ്റി ജയിച്ചിടട്ടെ’ എന്ന പല്ലവിയുള്ള പാട്ടു് ഇളവില്ലാതെ പാടി ആ ചെറുപ്പക്കാരായ മനോരാജ്യക്കാരെയെല്ലാം മുഷിപ്പിക്കും.

ഏതായാലും ഈ സംശയക്കാരന്നു് ഒരു മതഭ്രാന്തിയുണ്ടു്. ആ മതഭ്രാന്തി ഒരു സിദ്ധാന്തത്തോടല്ല, ഒരു കാര്യത്തോടല്ല; ഒരു കലാവിദ്യയോടല്ല, ഒരു ശാസ്ത്രത്തോടല്ല; ഒരാളോടാണു് -ആൻഷൊൽരാ. ആൻഷൊൽരായെ അയാൾ ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു, പൂജിച്ചിരുന്നു. കേവലത്വത്തിലൂന്നിനില്ക്കുന്ന ആ മനുഷ്യമനസ്സുകളുടെ കൂട്ടത്തിൽ ഈ കീഴടക്കമില്ലാത്ത പരിഹാസക്കാരൻ ആരോടാണു് തന്നെ കൂട്ടിക്കെട്ടിയതു്? ഏറ്റവുമധികം കേവലഹൃദയനോടു്. ഏതു നിലയിൽ ആൻഷൊൽരാ അയാളെ കീഴ്പ്പെടുത്തി? അയാളുടെ അഭിപ്രായങ്ങളാലാണോ? അല്ല; സ്വഭാവംകൊണ്ടു്, പലപ്പോഴും കാണാവുന്ന ഒരു കാഴ്ച. ചേർന്നിണങ്ങുന്ന വർണവിശേഷങ്ങളെപ്പോലെ, ഒരു സംശയക്കാരൻ ഒരു വിശ്വാസിയോടു ചേരുന്നതു പ്രകൃതിസാധാരണമാണു്. നമുക്കില്ലാത്തതു നമ്മെ ആകർഷിക്കുന്നു കുരുടനെപ്പോലെ വെളിച്ചം ഇഷ്ടപ്പെടുന്ന ആളില്ല. കള്ളൻ പെരുംകൂറ്റനെ ആരാധിക്കുന്നു. പോക്കാച്ചിത്തവളയുടെ കണ്ണു് എപ്പോഴും ആകാശത്തൂന്നിക്കൊണ്ടാണ് എന്തിനു്? പറക്കുന്ന പക്ഷിയെ നോക്കിക്കാണാൻ? സംശയം ഉള്ളിൽ ചുരുണ്ടുകിടക്കുന്ന ഗ്രന്തേർക്ക് ആൻഷൊൽരായിൽ വിശ്വാസം പൊങ്ങിപ്പറക്കുന്നതു കാണുക രസമായിരുന്നു. അയാൾക്ക് ആൻഷൊൽരായെക്കൊണ്ടാവശ്യമുണ്ടു്. ആ ചരിത്രത്തോടും ആരോഗ്യത്തോടും ദൃഢതയോടും ഋജുത്വത്തോടും സ്ഥിരതയോടും കലവറയില്ലായ്മയോടും കൂടിയ പ്രകൃതി അയാളെ മയക്കിക്കളഞ്ഞു; ആ കഥ അയാൾ വ്യക്തമായറിയുകയാവട്ടേ, അങ്ങനെയൊന്നുണ്ടെന്നു തന്നെത്താൻ മനസ്സിലാക്കാൻ ശ്രമിക്കുകയാവട്ടെ ചെയ്തിരുന്നില്ല; പ്രകൃതിപ്രേരണയാൽ ആ എതിർസ്വഭാവിയെ അയാൾ ബഹുമാനിച്ചു. അയാളുടെ മൃദുക്കളും, അശക്തങ്ങളും, അഴിഞ്ഞുതീർന്നവയും, രൂപമറ്റവയുമായ ആലോചനകൾ, ഒരു തണ്ടെല്ലിനോടെന്നപോലെ, ആൻഷൊൽരായോടു പറ്റിപ്പിടിച്ചു. അയാളുടെ ധാർമികപ്രകൃതി ആ സ്ഥിരതമേൽ ചാരിനിന്നു. ആൻഷൊൽരായുടെ സാന്നിധ്യത്തിൽ ഗ്രന്തേർ ഒരിക്കൽക്കൂടി ഒരാളായി. എന്നല്ല, പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധങ്ങളായ രണ്ടു സ്വഭാവങ്ങൾ കൂടിച്ചേർന്നുണ്ടായതായിരുന്നു ആ മനുഷ്യൻ. അയാളിൽ കപടതയുമുണ്ടു്. നിഷ്കപടതയുമുണ്ടു്. അയാളുടെ ഔദാസീന്യം സ്നേഹിച്ചു. വിശ്വാസത്തെക്കൂടാതെ അയാളുടെ മനസ്സിനു കഴിഞ്ഞുകൂടാം; പക്ഷേ, സൗഹാർദ്ദത്തെക്കൂടാതെ അയാളുടെ ഹൃദയത്തിനു കഴിഞ്ഞുകൂടാം; പക്ഷേ, സൗഹാർദ്ദത്തെക്കൂടാതെ അയാളുടെ ഹൃദയത്തിനു കഴിഞ്ഞുകൂടാൻ വയ്യാ. ഒരഗാധമായ പരസ്പരവിരുദ്ധത; എന്തുകൊണ്ടെന്നാൽ, സ്നേഹം ഒരു വിശ്വാസമാണു്. അയാളുടെ പ്രകൃതി അങ്ങനെയായിരുന്നു. അകവും പുറവും എതിർവക്കുമായിരിക്കാൻ വേണ്ടി ജനിച്ചവരോ എന്നു തോന്നുമാറു ചില ആളുകളുണ്ടു്. അവരാണു് പൊലുക്സു്, [15] പത്രൊക്ലെസു്, [16] നിസുസ [17] എന്നവർ. മറ്റൊരാൾ പുറത്തു താങ്ങുന്നതുകൊണ്ടുമാത്രമാണു് അവർ നില്ക്കുന്നതു്; അവരുടെ പേർ ഒരു തുടർച്ചയാണു്. ഉം എന്ന സമുച്ചയത്തോടുകൂടിയേ അതെഴുതപ്പെടാറുള്ളു; അവരുടെ ജീവിതം സ്വന്തമല്ല; അതു് അവരുടേതല്ലാത്ത ഒരു ജീവിതത്തിന്റെ മറുപുറമാണു്. ഗ്രന്തേർ അത്തരക്കാരിൽ ഒരാളാണു്. അയാൾ ആർഷൊൽരായുടെ പുറമായിരുന്നു.

ആൻഷൊൽരായുടെ ശരിക്കുള്ള ഉപഗ്രഹമായ ഗ്രന്തേർ ഈ യുവാക്കളുടെ സംഘത്തിൽ താമസിച്ചു; അയാളുടെ പാർപ്പു് അതിലായിരുന്നു; മറ്റെവിടെയും അയാൾക്കു രസമില്ല; അയാൾ എല്ലായിടത്തും അവരെ പിൻതുടർന്നു. ഈ രൂപങ്ങൾ വീഞ്ഞിന്റെ പതയിലൂടെ വരുന്നതും പോകുന്നതും കാണുകയായിരുന്നു അയാൾക്കു രസം, അയാളുടെ നേരംപോക്കുകാരണം അവരയാളെ കൊണ്ടു നടന്നു.

വിശ്വാസിയായ ആൻഷൊൽരായ്ക്ക് ഈ സംശയക്കാരനെ ബഹുപുച്ഛമായിരുന്നു; മദ്യം തൊടാത്ത അയാൾക്ക് ആ മദ്യപനെ ബഹുപരിഹാസമായിരുന്നു. കുറച്ച് അന്തസ്സുകൂടിയ അനുകമ്പമാത്രം അയാൾ ആ സേവന്റെ നേരെ കാണിച്ചുപോന്നു. ആൻഷൊൽരായാൽ എപ്പോഴും നിർദ്ദയമായി പെരുമാറപ്പെടുന്നവനും, പരുഷനിലയിൽ നിരാകരിക്കപ്പെടുന്നവനും, ഉപേക്ഷിക്കപ്പെട്ടാലും എപ്പോഴും അടുത്തു കൂടുന്നവനുമായ ആ മനുഷ്യൻ ആൻഷൊൽരായെപ്പറ്റി പറയും; ‘എന്തുകൊള്ളാവുന്ന വെണ്ണക്കല്ലു്.’

കുറിപ്പുകൾ

[1] ഇറ്റലിയിൽനിന്നു ഗോത്ത്കാരെ ഓടിച്ചാളും ചേംബർലേന്റെ സുഹൃത്തുമായ ഒരു നപുംസകരാജ്യതന്ത്രജ്ഞൻ.

[2] യവനേതിഹാസങ്ങളിൽ മഹാപതിവ്രതയായി വർണ്ണിക്കപ്പെടുന്ന പെനിലൊപ്പിനെ കൈവശപ്പെടുത്തുവാൻ തുനിഞ്ഞ അനവധി കാമുകന്മാരിൽവെച്ചു പ്രധാനനും വലിയ അധികപ്രസംഗിയും.

[3] ഒരു റോമൻ രാജ്യതന്ത്രജ്ഞനും പ്രാസംഗികനും.

[4] യവനേതിഹാസങ്ങളിൽ സമുദ്രത്തിന്റെ അധിദേവതയായിട്ടുള്ള പൊസിഡോണിന്റെ മകൾ.

[5] ഹിപ്പാർക്കസു് എന്ന രാജ്യദ്രോഹിയായ രാജാവോടെതിർത്ത ഒരഥീനിയക്കാരൻ യുദ്ധത്തിലല്ലാതെ മറ്റൊന്നിലും യാതൊരു രസവുമില്ലാത്താൾ.

[6] ഹിപ്പാർക്കസ്സോടു യുദ്ധം ചെയ്തു് ആ രാജാവിനെ കൊലപ്പെടുത്തിയ അഥീനിയക്കാരൻ യുവാവു്.

[7] പഴയ നിയമത്തിലെ ഒരു ഭാഗം എഴുതിയ ആൾ.

[8] ഒരു പ്രസിദ്ധനായ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും എഴുത്തുകാരനും.

[9] ഫ്രാൻസിലെ ഒരു ഗണിതശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും.

[10] ഫ്രാൻസിലെ സമഷ്ടിവാദസ്ഥാപകൻ.

[11] ഒരു ഫ്രഞ്ച് സമഷ്ടിവാദി.

[12] ഒരു ഫ്രഞ്ച് കവി. ശിരച്ഛേദം ചെയ്യപ്പെട്ടു.

[13] അത്ര പ്രസിദ്ധനല്ല.

[14] അത്ര പ്രസിദ്ധനല്ല.

[15] വ്യാഴത്തിനു യവനേതിഹാസപ്രകാരം സ്പാർട്ടയിലെ രാജാവായ തിൻദരിയുസ്സിന്റെ ഭാര്യയിൽ ഉണ്ടായ ഇരട്ടപെറ്റ കുട്ടികളിൽ ഒരാൾ.

[16] യവനേതിഹാസങ്ങളിൽ വർണ്ണിക്കപ്പെടുന്ന ട്രോജൻ യുദ്ധത്തിലെ ഒരു പ്രമുഖൻ; അക്കിൽസിന്റെ പ്രാണസ്നേഹിതൻ.

[17] വെർജിലിന്റെ മഹാകാവ്യത്തിലെ ഒരു കഥാപാത്രം യുറിയാലസ്സിന്റെ മുഖ്യസുഹൃത്തു് ഈ രണ്ടു പേരും എപ്പോഴും ഒരുമിച്ചേ ഉള്ളു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.