images/hugo-36.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.14.1
ഒരു കുടിയന്‍ ഒരു വായാടിയാണ്

ആത്മാവിന്റെ അകത്തുവെച്ചുള്ള കലഹങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ ഒരു നഗരത്തിലെ കുലുക്കങ്ങള്‍ എന്തു സാരമാണ്? മനുഷ്യന്‍ പൊതുജനത്തെക്കാള്‍ കൂറേക്കൂടി വലിയ ഒരഗാധതയാണ്. ഈ സമയത്ത് ഴാങ് വാല്‍ഴാങ് ഒരു ഭയങ്കര ഭൂകമ്പത്തില്‍പ്പെട്ടു. എല്ലാത്തരം അഗാധകുണ്ഡവും അയാളുടെ ഉള്ളില്‍ വീണ്ടും വായ് പിളര്‍ത്തി, നിഗൂഢവും ഭയങ്കരവുമായ ഒരു വിപ്ലവത്തിന്റെ വക്കത്ത് അയാളും പാരിസ്സെന്നപോലെ നിന്നു വിറക്കൊണ്ടിരുന്നു. ഇതിനു കുറച്ചു മണിക്കൂറുകള്‍ മതിയായി. അയാളുടെ കര്‍മ്മഗതിയും അന്തമകരണവും പെട്ടെന്ന് ഇരുട്ടിലായി പാരിസ്സിനെപ്പറ്റി എന്നപോലെത്തന്നെ അയാളെപ്പറ്റിയും ഇങ്ങനെ പറയാം”രണ്ടു മൂലതത്ത്വങ്ങള്‍ എതിരിട്ടു. അഗാധഗുഹയുടെ പാലത്തിയേല്‍ വെച്ചു ദേവനും അസുരനും അന്യോന്യം പിടികൂടാന്‍ പോകുന്നു. ആ രണ്ടില്‍ ആരാണ് മറ്റേയാളെ പിടിച്ചു വലിച്ചെറിയുക? ആരാണ് ജയം നേടുക?”

ഈ ജൂണ്‍ 5-നു-യുടെ തലേ ദിവസം വൈകുന്നേരം ഴാങ് വാല്‍ഴാങ് കൊസൌെത്തോടും തുസ്സാങ്ങോടുംകൂടി റ്യൂ ദ് ലോം അര്‍മെയില്‍ താമസമാക്കി. അവിടെവെച്ച് അയാള്‍ക്കൊരു മാറ്റം വരാന്‍ പോകുന്നു.

ഒന്നെതിര്‍ത്തുനോക്കാതെയല്ല കൊസെത്ത് റ്യു പ്ളുമെ വിട്ടത്. അവര്‍ ഒരുമിച്ചുള്ള താമസം തുടങ്ങിയതിനു ശേഷം അന്ന് ആദ്യമായിട്ടാണ് കൊസെത്തിന്റെ ഇഷ്ടവും ഴാങ് വാല്‍ഴാങ്ങിന്റെ ഇഷ്ടവും തമ്മില്‍ ഭിന്നിക്കുകയും, കൂട്ടിമുട്ടിയില്ലെങ്കിലും എതിരാവുകയും ചെയ്തത്. ഒരാള്‍ പല തടസ്സങ്ങളും പറഞ്ഞു, മറ്റേ ആള്‍ ഒന്നനങ്ങുകയുണ്ടായില്ല. ‘നിങ്ങളുടെ വീടു വിടുക’ എന്നായി പെട്ടെന്ന് ആരോ ഴാങ് വാല്‍ഴാങ്ങിന്റെ മേലേക്കു വലിച്ചെറിഞ്ഞ ഉപദേശം. ഒരു ശാഠ്യക്കാരനാവത്തക്കവിധം അയാളെ അത്രമേല്‍സംഭ്രമിപ്പിച്ചുകളഞ്ഞു. അയാളെ പൊല്ലീസ്സുകാര്‍ കണ്ടെത്തിയെന്നും പിടിപ്പാന്‍ നോക്കുന്നുണ്ടെന്നും അയാള്‍ വിചാരിച്ചു. കൊസെത്തിനു കീഴടങ്ങേണ്ടിവന്നു.

രണ്ടുപേരും ചുണ്ടനക്കാതെ, ഒരക്ഷരമെങ്കിലും മിണ്ടാതെ, അതാതുപേര്‍ക്കുള്ള മനോരാജ്യത്തില്‍ ആണ്ടുമുഴുകിക്കൊണ്ടു, റ്യൂ ദ് ലോം അര്‍മെയിലെത്തി, ഴാങ് വാല്‍ഴാങ് അത്രയും അസ്വസ്ഥനായതുകൊണ്ടു കൊസെത്തിന്റെ കുണ്ഠിതഭാവം കാണുകയുണ്ടായില്ല; കൊസെത്ത് അത്രയും കുണ്ഠിതത്തില്‍പ്പെട്ടിരുന്നതു കൊണ്ടു, ഴാങ് വാല്‍ഴാങ്ങിന്റെ അസ്വാസ്ഥ്യം കണ്ടില്ല.

മറ്റു യാത്രകളിലൊന്നുമുണ്ടായിട്ടില്ലാത്ത ഒന്നു, ഴാങ് വാല്‍ഴാങ് ഇക്കുറി തുസ്സാങ്ങിനേയും കൂടെ കൂട്ടി, റ്യൂ പ്ളുമെയിലേക്ക് ഇനി തിരിച്ചുചെല്ലുകയുണ്ടാവില്ലെന്ന് അയാള്‍ കണ്ടു; തുസ്സാങ്ങിനെ അവിടെത്തന്നെ ആക്കിപ്പോരികയോ അവളെ തന്റെ ഗൂഡകാര്യം മനസ്സിലാക്കുകയോ ചെയ്വാ൯ വയ്യതാനും. എജമാനനും ഭൃത്യയും തമ്മിലുള്ള ചതിപ്പണിയുടെ ആരംഭം ഉത്കണ്ഠയില്‍നിന്നാണ്. എന്നാല്‍ തുസ്സാങ് അവള്‍ ഴാങ് വാല്‍ഴാങ്ങിന്റെ ഭൃത്യയാവാന്‍ വേണ്ടിത്തന്നെ ജനിച്ചവളാണോ എന്നു തോന്നുമാറു, തീരെ ഉത്കണ്ഠകൂടിയവളല്ല, അവള്‍ തന്റെ നാട്ടുപുറത്തെ ദേശ്യഭാഷയില്‍ വിക്കിപ്പറഞ്ഞു: ഞാനങ്ങനെയാണ്; ഞാനെന്റെ കാര്യം നോക്കും; മറ്റുള്ളതൊന്നും എന്റെ പ്രവൃത്തിയല്ല.’

ഏതാണ്ടൊരു ചാടിപ്പോക്കായിരുന്ന ഈ റ്യൂ പ്ളുമെയില്‍നിന്നുള്ള യാത്രയില്‍, കൊസെത്ത് ഒഴിച്ചുകൂടാത്ത വസ്തു’വെന്നു നാമകരണം ചെയ്ത ആ സുഗന്ധദ്രവ്യമിട്ടു സൂക്ഷിക്കുന്ന ചെറുയാത്രപ്പെട്ടിയല്ലാതെ മറ്റൊന്നും ഴാങ്വാല്‍ഴാങ് കൈയിലെടുത്തില്ല. വലിയ പെട്ടികളാവുമ്പോള്‍ കൂലിക്കാര്‍ വേണ്ടിവരും; കൂലിക്കാര്‍ സാക്ഷികളാണ്. റ്യൂ ദെ ബബിലോങ്ങിലേക്കുള്ള പടിവാതിൽക്കല്‍ ഒരു കൂലിവണ്ടി വരുത്തി; അവര്‍ അവിടെനിന്നിറങ്ങി.

അല്പം ചില വസ്ത്രങ്ങളും ചില ചമയല്‍സ്സാമാനങ്ങളും കൈയിലെടുക്കാൻ വളരെ ബുദ്ധിമുട്ടിയിട്ടാണ് തുസ്സാങ് സമ്മതം മേടിച്ചത്. കൊസെത്ത് തന്റെ വെച്ചെഴുത്തും ഒപ്പുകടലാസ്സുപുസ്തകവും മാത്രമേ കൈയിലെടുത്തുള്ളൂ.

ഈ യാത്രയുടെ ഏകാന്തതയ്ക്കും നിഗൂഢതയ്ക്കും കനം പിടിപ്പിക്കുവാന്‍ വേണ്ടി ഉരുട്ടോടുകൂടിയ റ്യൂ പ്ളുമെ ബംഗ്ളാവു വിടാന്‍ അയാള്‍ നിശ്ചയിച്ചിട്ടുള്ളു; അതുകൊണ്ടു കൊസെത്തിനു മരിയുസ്സിനുള്ള കുറിപ്പെഴുതാ൯ ഇട കിട്ടി. നല്ലവണ്ണം രാത്രിയായപ്പോഴേക്കെ അവര്‍ റ്യു ദ് ലോം അര്‍മെയിലെത്തിയുള്ളു.

അവര്‍ മിണ്ടാതെ ചെന്നുകിടന്നു.

റ്യൂ ദ് ലോം അര്‍മെയിലുള്ള താമസസ്ഥലം ഒരു പുറംമുറ്റത്തിനു മുന്‍പില്‍ രണ്ടാംനിലയിലായിരുന്നു; രണ്ടു കിടപ്പുമുറിയും ഒരു ഭക്ഷണമുറിയും ആ ഭക്ഷണ മുറിയോടടുത്ത് ഒരടുക്കളയും തുസ്സാങ്ങിന്റെ ഓഹരിയില്‍പ്പെട്ട ഒരു മടക്കുകട്ടിലുള്ള തട്ടിന്‍പുറവുമാണ് അതിലുള്ളത്. ഭക്ഷണമുറി ഒരു തളമായിട്ടും കൂട്ടാം; രണ്ടു കിടപ്പുമുറികളേയും അതാണ് വേര്‍തിരിച്ചിരുന്നത്. അതില്‍ ആവശ്യമുള്ള വീട്ടുപാത്രങ്ങളെല്ലാമുണ്ട്.

കൈവിടുന്നതുപോലെതന്നെ അത്രയും വിഡ്ഡിത്തത്തോടുകൂടി ആളുകള്‍ വീണ്ടും വിശ്വാസത്തെ കൈക്കൊള്ളുന്നു; മനുഷ്യപ്രകൃതി അങ്ങനെയാണ്. റ്യു ദ് ലോം അര്‍മെയിലെത്തിയതോടുകൂടി ഴാങ് വാല്‍ഴാങ്ങിന്റെ ഉത്കണ്ഠ കനം കുറഞ്ഞു, ക്രമത്തില്‍ ഇല്ലാതായി. അറിയാതെ കണ്ടു മനസ്സില്‍ വ്യാപരിക്കുന്ന ചില ആശ്വാസകരങ്ങളായ പ്രദേശങ്ങളുണ്ട്. ഒരു നിഗൂഢമായ തെരുവ് സമാധാനത്തോടു കൂടിയ നിവാസികള്‍, രണ്ടു തുണിന്മേല്‍ വിലങ്ങനെ വെച്ചുകെട്ടിയ ഒരഴികൊണ്ടു വണ്ടികളെ അകത്തേക്കു വിടാതിരിക്കത്തക്കവിധം അത്രയും വീതി കുറഞ്ഞതും. ആ ലഹള പിടിച്ച പട്ടണത്തിനുള്ളില്‍ ബധിരവും മൂകവുമായി നില്ക്കുന്നതും. ഉച്ചയക്കുകൂടി വെളിച്ചം മങ്ങിയതും, പ്രായം കൂടിയിട്ടു മിണ്ടാതെ കഴിയുന്ന രണ്ടു വരികൂറ്റന്‍ പഴയ ഭവനങ്ങളുടെ ഇടയ്ക്കു യാതൊരു വികാരത്തിനും ത്രാണിയില്ലാത്തതുമായ എന്നു പറയട്ടെ, ആ പഴയ പാരിസിന്റെ ഇടവഴിയിലെ അനിര്‍വചനീയശാന്തതയാകുന്ന പകര്‍ച്ചവ്യാധി ഴാങ് വാല്‍ഴാങ്ങിനേയും ബാധിച്ചു. ആ തെരുവില്‍ കെട്ടിനിലക്കുന്ന നിഗൂഡതയുടെ ഒരു ഗന്ധമുണ്ട്, അവിടെവെച്ചു ഴാങ് വാല്‍ഴാങ് ഒരിക്കല്‍ക്കൂടി ശ്വാസംകഴിച്ചു. അയാളെ അവിടെ എങ്ങനെ കണ്ടുപിടിക്കും?

അയാളുടെ ഒന്നാമത്തെ പണി ആ ഒഴിച്ചുകൂടാത്ത വസ്തു’ തന്റെ അടുക്കല്‍ സൂക്ഷിച്ചുവെക്കയായിരുന്നു.

അയാള്‍ സുഖമായുറങ്ങി. രാത്രി അറിവുംകൊണ്ടു വരുന്നു; ഞങ്ങള്‍ ഒന്നുകൂടി പറയട്ടെ, രാത്രി ആശ്വസിപ്പിക്കുന്നു. പിറ്റേ ദിവസം രാവിലെ അയാള്‍ ഏതാണ്ട് ആഹ്ലാദത്തോടുകൂടിത്തന്നെ ഉണര്‍ന്നെണീറ്റു. ഭക്ഷണമുറി മോശവും, പഴയൊരു വട്ടമേശയാലും, ഒരു ചാഞ്ഞ കണ്ണാടിമുകളിലുള്ള ഒരു നീണ്ട മുലമേശയാലും ഒരു പൊളിഞ്ഞ ചാരുകസാലയാലും, തുസ്സാങ്ങിന്റെ സാമാനക്കെട്ടുകള്‍കൊണ്ടു നിറഞ്ഞ പല വെറും കസാലകളാലും മാത്രം അലംകൃതവുമാണെങ്കിലും, ഴാങ് വാല്‍ഴാങ്ങിന് അതു മനോഹരമായി തോന്നി തുസ്സാങ്ങിന്റെ സാമാനക്കെട്ടുകളിലൊന്നില്‍ ഒരു വിടവിനുള്ളിലൂടേ ഴാങ് വാല്‍ഴാങ്ങിന്റെ രക്ഷിടടസംഘം വെളിപ്പെട്ടിരുന്നു.

കൊസെത്താണെങ്കില്‍, അവള്‍ തുസ്സാങ്ങോടു തന്റെ മുറിയിലേക്കു കുറച്ചു സൂപ്പു കൊണ്ടുവരാന്‍ പറഞ്ഞു; വൈകുന്നേരമാവുന്നതുവരെ അവള്‍ പുറത്തേക്കു കടന്നില്ല.

ആ സ്ഥലം വൃത്തിയാക്കാന്‍വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു ബുദ്ധിമുട്ടിയിരുന്ന തുസ്സാങ് ഏതാണ്ട് അഞ്ചു മണിയോടുകൂടി ഒരു തണുത്ത കോഴിക്കുഞ്ഞിനെ മേശപ്പുറത്തു കൊണ്ടുവെച്ചു; അച്ഛന്റെ മേലുള്ള ഭക്തികൊണ്ടു കൊസെത്ത് അതൊന്നു നോക്കി.

അതു കഴിഞ്ഞു, കൊസെത്ത്, എന്തായിട്ടും മാറാത്ത ഒരു തലവേദന കാരണവും പറഞ്ഞു, ഴാങ് വാല്‍ഴാങ്ങുമായി പിരിഞ്ഞു. തന്റെ കിടപ്പുമുറിയില്‍ച്ചെന്നു വാതിലടച്ചു. ഴാങ് വാല്‍ഴാങ് നല്ല രുചിയോടുകൂടി കോഴിക്കുഞ്ഞിന്റെ ഒരു കൊറുമുഴുവനും ഭക്ഷിച്ചു; അയാള്‍ തന്റെ കൈമുട്ടു രണ്ടും മേശമേല്‍ കുത്തി, ഇനി പേടിക്കാനൊന്നുമില്ലെന്ന ബോധത്തോടുകൂടി, തന്റെ ശാന്തമട്ടില്‍ ഇരുന്നു ഭക്ഷണം കഴിച്ചു.

അധികം വട്ടങ്ങളില്ലാത്ത ഭക്ഷണം കഴിക്കുന്നതിനിടയ്ക്കു രണ്ടോ മൂന്നോ തവണ തുസ്സാങ് എന്തോ വിക്കിക്കൊണ്ടു പറയുന്നുണ്ടെന്ന് അയാള്‍ക്ക് അസ്പഷ്ടമായി തോന്നി; അവള്‍ അയാളോടു പറഞ്ഞിരുന്നു; ’മൊസ്യു, എന്തോ ചിലതുണ്ടാവാന്‍ ഭാവമുണ്ട്; പാരിസ്സില്‍ യുദ്ധം തുടങ്ങിയിരിക്കുന്നു.” പക്ഷേ, ആന്തരമായ എന്തോ ചില കണക്കുകൂട്ടലിന്റെ ലഹളയില്‍ അയാള്‍ അതത്ര ശ്രദ്ധിച്ചില്ല. വാസ്തവം പറഞ്ഞാരു, അവളുടെ വാക്കുകള്‍ അയാളുടെ ചെകിട്ടില്‍ കടന്നില്ല.

ക്രമത്തില്‍ അധികമധികം സഗൌരവനായി അയാള്‍ എണിറ്റു വാതില്ക്കല്‍ നിന്നു ജനാലയ്ക്കലേക്കും, ജനാലയ്ക്കല്‍നിന്നു വാതില്ക്കലേക്കും ലാത്താന്‍ തുടങ്ങി.

ഈ ശാന്തതയ്ക്കിടയില്‍ കൊസെത്ത്—അയാളുടെ ആകെയുള്ള ഉത്കണ്ഠ-ആലോചനയിലേക്കു പ്രവേശിച്ചു. ആ തലവേദനയല്ല അയാളെ അസ്ധാഗ്ഥ്യപ്പെടുത്തിയിരുന്നത്; ഞരമ്പുസംബന്ധിച്ചുള്ള ആ ചെറിയ സുഖക്കേടു, ചെറിയ പെണ്‍കുട്ടിയുടെ ആ ഒരല്പരസം, തല്‍ക്കാലത്തെ അസുഖം, ഒന്നുരണ്ടു ദിവസം കൊണ്ടു തീരെ മാറിപ്പോകാനുള്ളതേ ഉള്ളു; അയാള്‍ ഭാവിയെപ്പറ്റി ആലോചിച്ചു; പതിവുപോലെ. അയാള്‍ അതിനെപ്പറ്റി സന്തോഷപൂര്‍വം ചിന്തിച്ചു; അവരുടെ ആഹ്ലാദമയമായ ജീവിതം വീണ്ടും വഴിക്കൂടുന്നതില്‍ യാതൊരു പ്രതിബന്ധവും അയാള്‍ കണ്ടില്ല. ചിലപ്പോള്‍ സകലവും അസാധ്യമായി തോന്നും, മറ്റു ചിലപ്പോള്‍ സകലവും സുസാധ്യവും; ഴാങ് വാല്‍ഴാങ് ഈ ഒടുവില്‍പ്പറഞ്ഞ നല്ല സമയങ്ങളിലൊന്നിലായിരുന്നു അന്ന്. പ്രകൃതിയുടെ അസ്തിവാരത്തിലുള്ളതും കഥ കുറഞ്ഞവര്‍ വിരോധാഭാസമെന്നു പറയുന്നതുമായ ആ ക്രമാനുക്രമസംഭവത്തിന്റേയും വിപരീതഭാവത്തിന്റേയും ശാശ്വതനിയമത്തിനുള്ള പ്രാബല്യംകൊണ്ടു. രാത്രിയെ പകല്‍ എന്നപോലെ, നല്ല സമയം ചീത്തസമയത്തെ എപ്പോഴും പിന്തുടരുന്നു. അയാള്‍ ചെന്നു രക്ഷ പ്രാപിച്ച ഈ സമാധാനപരമായ തെരുവില്‍നിന്നു കുറച്ചുകാലമായി അയാളെ സ്വാസ്ഥ്യം കെടുത്തിയിരുന്നതില്‍നിന്നെല്ലാം അയാള്‍ക്കു വിടുതി കിട്ടി, പല നിഴലുകളും അയാള്‍ കണ്ടുകഴിഞ്ഞു, അതേ വാസ്തവസ്ഥിതി കുറച്ച് ആകാശനീലിമയെ അയാള്‍ക്കു കാണിക്കാന്‍ തുടങ്ങി തകരാറുകളും ദുര്‍ഘടങ്ങളുമൊന്നും കൂടാതെ റ്യൂ പ്ളുമെയില്‍നിന്നു വിട്ടുപോരാൻ സാധിച്ചതുതന്നെ ഒരു നല്ല കാര്യമാണ്. കുറച്ചു മാസത്തേക്കായിട്ടെങ്കിലും ദൂരദിക്കിലേക്കു പോകുന്നതു നന്ന്; ലണ്ടനിലേക്കു പുറപ്പെടുന്നതു കൊള്ളാം. ശരി, തങ്ങള്‍ പോവണം. കൊസെത്ത് ഒരുമിച്ചുണ്ടെങ്കില്‍പ്പിന്നെ, താന്‍ ഫ്രാന്‍സിലായാലെന്ത്, ഇംഗ്ലണ്ടിലായാലെന്ത്*? കൊസെത്താണ് തന്റെ സ്വരാജ്യം. കൊസെത്ത് മതി തന്റെ സുഖത്തിന്; ഒരു സമയം കൊസെത്തിന്റെ സുഖത്തിനു താന്‍ മതിയാവാതെ വരാമെന്നുള്ള വിചാരം, പണ്ട് അയാളുടെ അസ്വസ്ഥതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായിരുന്ന ഈയൊരു വിചാരം, അന്നയാളുടെ മനസ്സില്‍ കടന്നതേയില്ല. പണ്ടത്തെ മനോവ്ൃയസനങ്ങളില്‍നിന്നെല്ലാം പൊന്തിപ്പോന്ന അയാള്‍ ഒരു ഗുണൈകദ്യക്കായി. കൊസെത്ത് തന്റെ അടുത്തുണ്ട്; അവള്‍ തന്റെയാണെന്നുതോന്നി എല്ലാ മനുഷ്യരും അനുഭവിച്ചിട്ടുള്ള ഒരു ദൃഷ്ടിഭ്രമം, ഇംഗ്ലണ്ടിലേക്കു കൊസെത്തിനേയും കൂട്ടിയുള്ള യാത്ര അയാള്‍ എല്ലാത്തരം ആഹ്ലാദമയങ്ങളായ യുക്തിവിചാരങ്ങളോടുംകൂടി മനസ്സില്‍ ശരിപ്പെടുത്തി; എന്നല്ല മനോരാജ്യക്കാഴ്ചയ്ക്കുള്ളില്‍ ഇഷ്ടമുള്ളേടത്തെല്ലാം അയാള്‍ തന്റെ സുഖം വീണ്ടും പ്രതിഷ്ഠിതമായി കണ്ടു.

അങ്ങനെ അകന്ന കാല്‍വെപ്പുകളോടുകൂടി ലാത്തുന്നതിനിടയ്ക്ക് അയാളുടെ നോട്ടം പെട്ടെന്ന് അത്ഭുതകരമായ എന്തോ ഒന്നില്‍ പതിഞ്ഞു.

അയാള്‍ക്കഭിമുഖമായുള്ള മൂലമേശയുടെ മുകളില്‍ പിടിപ്പിച്ചിട്ടുള്ള ചായ്പു കണ്ണാടിയില്‍ ഈ താഴേ കാണുന്ന നാലുവരി എഴുതിക്കണ്ടു: “എന്റെ പ്രാണ പ്രിയ, കഷ്ടം! എന്റെ അച്ഛന്‍ ഇപ്പോള്‍ത്തന്നെ പുറപ്പെട്ടേ കഴിയു എന്നു ശാഠ്യം പിടിക്കുന്നു. ഞങ്ങള്‍ ഇന്നു വൈകുന്നേരം റ്യൂ ദ് ലോം അര്‍മെയില്‍ 7ാം നമ്പര്‍ ഭവനത്തിലായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഇംഗ്ലണ്ടിലെത്തും. കൊസെത്ത് ജൂണ്‍ 4-ാംന് ’

ഴാങ് വാല്‍ഴാണ് തികച്ചും കണ്ണുനട്ടു നിലവായി.

എത്തിയ ഉടനെ കൊസെത്ത് തന്റെ ഒപ്പുകടലാസ്സുപുസ്തകം കണ്ണാടിയുടെ മുന്‍പിലായി മൂലമേശമേല്‍ വെച്ചു; കഠിനമായ മനോവേദനയില്‍ ആണ്ടുമുങ്ങിയിരുന്നതുകൊണ്ട് അവള്‍ അക്കഥ മറന്ന് അതവിടെ ഇട്ടുംവെച്ചുപോയി; എന്നല്ല, അതു തുറന്നിട്ടാണ് വെച്ചിരുന്നതെന്നും അതും റ്യു പ്ളുമെയിലെ ചെറുപ്പക്കാരന്‍ കൂലിക്കാരന്റെ പക്കല്‍ കൊടുത്തേല്‍പിക്കുകയുണ്ടായ ആ നാലുവരി എഴുതി ഒപ്പാന്‍ വെച്ച അതേ വശമാണെന്നും അവള്‍ നോക്കിയില്ല. എഴുത്ത് ഒപ്പുകടലാസ്സില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.

കണ്ണാടിയില്‍ എഴുത്തു പ്രതിഫലിച്ചു.

വന്നുകൂടിയ ഫലം ക്ഷേത്രഗണിതത്തില്‍ പറയുന്ന അംഗാനുസാരി രുപമാണ്, ഒപ്പുകടലാസ്സില്‍ മറിച്ചു പതിഞ്ഞ എഴുത്തുകണ്ണാടിയില്‍ ശരിക്കായി, വാസ്തവരൂപത്തില്‍ നിന്നു; അങ്ങനെ തലേന്നാള്‍ വൈകുന്നേരം കൊസെത്ത് മരിയുസ്സിന്നെഴുതിയയച്ച കത്ത് ഴാങ് വാല്‍ഴാങ്ങിനു കണ്ണിന്‍മുന്‍പില്‍ കാണാറായി.

അതു സാധാരണവും ഹൃദയഭേദകവുമായിരുന്നു.

ഴാങ് വാല്‍ഴാങ് കണ്ണാടിയുടെ അടുക്കലേക്കു ചെന്നു. ആ നാലുവരി അയാള്‍ ഒരിക്കല്‍ക്കൂടി വായിച്ചു; പക്ഷേ, അയാള്‍ക്കതു വിശ്വാസമായില്ല. അത് ഒരു മിന്നല്‍ പിണരായി ആവിര്‍ഭവിച്ചു. അതൊരു മായയായിരുന്നു, അസാധ്യം. അതാ, അങ്ങനെയല്ല.

കുറേശ്ശെക്കുറേശ്ശയായി അയാളുടെ നോട്ടത്തിനു സൂക്ഷ്മത വെച്ചു, അയാള്‍ കൊനെത്തിന്റെ ഒപ്പുകടലാസ്സുപുസ്തകത്തില്‍ നോക്കി, വാസ്തവമാണെന്ന ബോധം തിരിച്ചെത്തി. അയാള്‍ ഒപ്പുകടലാസ്സുപുസ്തകം വാരിയെടുത്തു പറഞ്ഞു: ഇതതില്‍നിന്നാണ്.’ ആ ഒപ്പുകടലാസ്സില്‍ പതിഞ്ഞ നാലുവരി, എന്തോ ചില കുത്തിക്കുറിക്കലായി മാറിയിരുന്ന ആ കിഴുക്കാംതൂക്കക്ഷരങ്ങള്‍, അയാള്‍ അക്ഷമതയോടുകുടി പരിശോധിച്ചു; അതിന് ഒരര്‍ത്ഥവുമില്ല. അയാള്‍ വിചാരിച്ചു പറഞ്ഞു: ’ഒരര്‍ത്ഥവും ഇതിന്നില്ല ഇതിലൊന്നും എഴുതിയിട്ടില്ല.” അനിര്‍വചനീയമായ ആശ്വാസത്തോടുകൂടി അയാള്‍ ഒരു ദീര്‍ഘശ്വാസം വിട്ടു. ഭയങ്കരങ്ങളായ സന്ദർഭങ്ങളില്‍ കഥയില്ലാത്ത ഇത്തരം ആഹ്ലാദങ്ങള്‍ ആരാണനുഭവിച്ചിട്ടില്ലാത്തത്? എല്ലാത്തരം കമ്പങ്ങളും ആലോചിച്ചു തീര്‍ന്നല്ലാതെ ആത്മാവു നിരാശതയ്ക്കു കീഴടങ്ങില്ല.

അയാള്‍ ആ ഒപ്പുകടലാസ്സുപുസ്തകം കൈയില്‍പ്പിടിച്ചു. താന്‍ മൂക്കുകുത്തിപ്പോയ ആ മായാമോഹനത്രെപ്പറ്റി പൊട്ടിച്ചിരിക്കാന്‍ ഏതാണ്ടു തെയ്യാറായി. അതിനെ അന്തംവിട്ട ആഹ്ലാദത്തോടുകൂടി നോക്കിക്കണ്ടു. ഉടനെതന്നെ പിന്നെയും അയാളുടെ നോട്ടം കണ്ണാടിയില്‍ പതിഞ്ഞു; പിന്നെയും അയാള്‍ ആ കാഴ്ച കണ്ടു. നിര്‍ദയമായ വ്യക്തതയോടുകൂടി ആ നാലുവരി അതാ, വീണ്ടും. ആവര്‍ത്തിക്കപ്പെടുന്ന ഒരു കാഴ്ച ഒരു വാസ്തവാവസ്ഥയാണ്; അതു സ്പഷ്ടമായി; കണ്ണാടിയില്‍ പ്രതിഫലിച്ച എഴുത്താണത്. അയാള്‍ക്കു കാര്യം മനസ്സിലായി.

ഴാങ് വാല്‍ഴാണ് ചാഞ്ചാടി, ഒപ്പുകടലാസ്സുപുസ്തകം താഴെയിട്ടു, തികച്ചും അമ്പരന്നു, കീഴ്പോട്ടു തുങ്ങിയ തലയോടും ജീവസ്സറ്റ കണ്ണുകളോടുംകൂടി, ഭക്ഷണമേശയ്ക്കടുത്തുള്ള പഴയ ചാരുകസാലയില്‍ വിരണ്ടുവീണു. ആ കണ്ടതു ശരിയാണെന്നും, ലോകത്തിലെ വെളിച്ചം എന്നന്നെക്കുമായി കെട്ടുവെന്നും, കൊസെത്ത് അത് ഏതൊരാള്‍ക്ക് എഴുതിയതാണെന്നും അയാള്‍ സ്വയം പറഞ്ഞു ഉടനെ, ഒരിക്കല്‍ക്കൂടി ഭയങ്കരമായിത്തീര്‍ന്ന ആത്മാവ് ഇരുട്ടത്തുവെച്ച് ഒരു കൊടുംഗര്‍ജ്ജനം ഗര്‍ജ്ജിച്ചത് അയാള്‍ കേട്ടു. സിംഹത്തിന്റെ കൂട്ടിന്നുള്ളിലായ നായയെ അതിന്റെ അടുക്കല്‍നിന്നു പിടിച്ചെടുത്തുനോക്കുക!

അത്ഭുതകരവും വ്യസനകരവുമെന്നേ പറയേണ്ടു. ആ സമയത്ത് കൊസെത്തിന്റെ കത്തു മരിയുസ്സിനു കിട്ടിയിരുന്നില്ല, അതിനെ യദ്യച്ഛാസംഭവം ചതിപ്പണിയില്‍ കൈയിലാക്കി, മരിയുസ്സിന് എത്തിച്ചുകൊടുക്കുന്നതിനു മുന്‍പായി. ഴാങ് വാല്‍ഴാങ്ങിനു കൊണ്ടുക്കൊടുത്തു. ആ ദിവസംവരെ, പീഡാനുഭവത്തിനു ഴാങ് വാല്‍ഴാങ്ങിനെ മറിച്ചിടുവാന്‍ കഴിഞ്ഞിട്ടില്ല ഭയങ്കരങ്ങളായ പരീക്ഷകള്‍ക്ക് അയാള്‍ വശംവദനായിട്ടുണ്ട്; ദുര്‍വിധിയുടെ യാതൊരു കഠിനക്കയ്യും അയാള്‍ക്കു കൊള്ളാതിരുന്നിട്ടില്ല; എല്ലാത്തരം പ്രതികാരബുദ്ധികൊണ്ടും എല്ലാത്തരം സാമുദായികാധിക്ഷേപംകൊണ്ടും ആയുധധാരിയായ നിഷ്ഠുരവിധി അയാളെ തന്റെ തീന്‍പണ്ടമായെടുത്തു കടിച്ചുചിന്നിയിരുന്നു. ആവശ്യമായിവരുമ്പോള്‍ എല്ലാ പരമാപത്തിനേയും അയാള്‍ കൈക്കൊണ്ടിട്ടുണ്ട്; ഒരു സംസ്കൃതമനുഷ്യന്‍ എന്ന നിലയ്ക്കുള്ള അലംഘനീയതയെ അയാള്‍ ബലികഴിച്ചു; സ്വാതന്ത്ര്യത്തെ കൈവിട്ടു; ആയുസ്സുപേക്ഷിച്ചു. സര്‍വ്വവും കളഞ്ഞു! സകലദുഃഖവും അനുഭവിച്ചു. ധര്‍മ്മാര്‍ത്ഥമായി കഠിനപീഡയനുഭവിക്കുന്ന ഒരുവനെപ്പോലെ, അയാൾ തന്നില്‍ നിന്നു മാറിനില്ക്കുന്നതായി തോന്നുമാറ്, അത്രമേല്‍ സ്വാര്‍ത്ഥരാഹിത്യത്തോടും ജിതേന്ദ്രിയത്വത്തോടുംകൂടി കഴിഞ്ഞുപോന്നു. ഈശ്വരവിധിയുടെ എല്ലാത്തരം ആക്രമണവുമായി തഴകിക്കഴിഞ്ഞ അയാളുടെ അന്തഃകരണം എന്നന്നേക്കും അനുല്ലംഘ്യമായി എന്നു തോന്നും. എന്നാല്‍, അയാളുടെ ആത്മീയവ്യക്തിയെ നോക്കിക്കണ്ട ആരും ആ സന്ദര്‍ഭത്തില്‍ അതു തളര്‍ന്നുപോയി എന്നു സമ്മതിക്കേണ്ടിവരും. എന്തുകൊണ്ടെന്നാല്‍, ഈശ്വരവിധി അയാളെ പിടിച്ചുനിര്‍ത്തി ചെയ്യുന്ന ഈ വളരെക്കാലത്തെ പരീക്ഷണത്തില്‍ അയാള്‍ അനുഭവിച്ചു പോന്നിട്ടുള്ള എല്ലാ കഠിനദണണ്‍്ഡങ്ങളിലുംവെച്ച് ഇതായിരുന്നു ഏറ്റവുമധികം ഭയങ്കരം. ഇത്തരം ചവണകള്‍ അയാളെ ഇതുവരെ പിടിച്ചിറുക്കിയിട്ടില്ല. തന്നില്‍ മറഞ്ഞുകിടന്നിരുന്ന എല്ലാത്തരം മനഃക്ഷോഭങ്ങളും നിഗൂഡമായി ഉളകിമറിയുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. അത്ഭുതകരമായ കമ്പിയില്‍ പിടിച്ചുവലിക്കുന്നത് അയാള്‍ക്കനുഭവപ്പെട്ടു! കഷ്ടം! മഹത്തായ സങ്കടം, ഞങ്ങള്‍ പറയട്ടെ, സഹിച്ചുകൂടാത്ത ഏകസങ്കടം, ഇഷ്ടപ്പെട്ട ജീവി നഷ്ടപ്പെടുന്നതാണ്.

സാധുകിഴവന്‍ ഴാങ് വാല്‍ഴാങ് ഒരച്ഛനെപ്പോലെയല്ലാതെ മറ്റൊരുവിധത്തിലും കൊസെത്തിനെ സ്നേഹിച്ചിരുന്നില്ല, തീര്‍ച്ചതന്നെ. പക്ഷേ, ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ, ഈ പിതൃത്വത്തിലേക്ക്; അയാളുടെ ജീവിതത്തിലെ ഭാര്യയില്ലായ്മ സ്നേഹത്തിന്റെ എല്ലാ സ്ഥിതിഭേദങ്ങളേയും പ്രവേശിപ്പിച്ചിരുന്നു; അയാള്‍ കൊനെത്തിനെ തന്റെ മകളെപ്പോലെയും അമ്മയെപ്പോലെയും സഹോദരിയെപ്പോലെയും സ്നേഹിച്ചു; എന്നല്ല, സ്നേഹിക്കാന്‍ ഒരു സ്ത്രീയോ ഒരു ഭാര്യയോ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്തതുകൊണ്ടും, പ്രകൃതി യാതൊരെ തിര്‍വാദവും കൈക്കൊള്ളാത്ത ഒരു മുതലാളിയായതുകൊണ്ടും, വിട്ടുകളയാന്‍ തീരെ സാധ്യമല്ലാത്തൊന്നായ ആ മനോവികാരംകൂടി അവ്യക്തവും അജ്ഞവും അന്ധത്വത്തിനുള്ള പരിശുദ്ധികൊണ്ടു പരിശുദ്ധവും ബോധരഹിതവും സ്വര്‍ഗ്ലോചിതവും ദേവോചിതവും ദിവ്യവുമായി, മറ്റുള്ളവയോടു ചേര്‍ന്നിണങ്ങിയിരുന്നു; അത് ഒരു മനോവികാരത്തെക്കാളധികം ഒരു പ്രകൃതിബോധമായിരുന്നു—ഒരു പ്രകൃതിബോധത്തേക്കാളധികം അഗോചരവും അദൃശ്യവും പക്ഷേ, വാസ്തവുമായ ഒരാകര്‍ഷണശക്തി; ശരിക്കു പറകയാണെങ്കില്‍, അയാള്‍ക്കു കൊസെത്തോടുള്ള അളവറ്റ വാത്സല്യത്തിലെ ആ അനുരാഗം, മലയിലെ ഒരു തങ്കരേഖപോലെ, നിഗൂഢവും നിഷ്കളങ്കവുമായിരുന്നു.

ഞങ്ങള്‍ സൂചിപ്പിച്ച ഹൃദയസ്ഥിതി വായനക്കാര്‍ ഒന്നോര്‍മ്മിക്കട്ടെ. ഈ രണ്ടുപേര്‍ തമ്മില്‍ വിവാഹമുണ്ടാവാന്‍ വയ്യാ; ആത്മാക്കള്‍ തമ്മിലും അസാധ്യം തന്നെ; എങ്കിലും അവരുടെ കര്‍മ്മഗതികള്‍ തമ്മില്‍ വിവാഹിതങ്ങളാണെന്നുള്ളതില്‍ സംശയിക്കാനില്ല. കൊസെത്തിനെ ഒഴിച്ച് എന്നുവെച്ചാല്‍ ഒരു ശിശുത്വത്തെയൊഴിച്ചു സ്നേഹിക്കാവുന്നതായി യാതൊന്നും ഴാങ് വാല്‍ഴാങ് തന്റെ ദീര്‍ഘജീവിതത്തിനുള്ളില്‍ ഒരിക്കലും കണ്ടിട്ടില്ല. മഴക്കാലത്തും അമ്പതു വയസ്സു ചെന്ന പുരുഷന്മാരിലും ഇലപ്പടര്‍പ്പോടുകൂടി കാണപ്പെടുന്ന ഇളംപച്ചയോ കടും പച്ചയോ ആയി തുടരെത്തുടരെയുള്ള തളിര്‍പ്പുളപ്പുകളെയൊന്നുംതന്നെ അടിക്കടി തുടര്‍ന്നുവരുന്ന വികാരങ്ങളും സ്നേഹങ്ങളും അയാളില്‍ അങ്കുരിപ്പിച്ചിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍—എന്നല്ല, ഇതു ഞങ്ങള്‍ ഒന്നിലധികം തവണ ഈന്നിപ്പറഞ്ഞിട്ടുള്ളതാണ്—ആകത്തുക നോക്കിയാല്‍ ഒരുത്കൃഷ്ടമനോഗുണമാകുന്ന ഈ ആന്തരമായ ഉമുകിക്കൂടലെല്ലാം. ഈ സകലവുംകൂടി ഒടുവില്‍ ഴാങ് വാല്‍ഴാങ്ങിനെ കൊനെത്തിന്റെ ഒരച്ഛനാക്കി—അതേ, ഴാങ് വാല്‍ഴാങ്ങിലൂുണ്ടായിരുന്ന മുത്തച്ഛനില്‍നിന്നും മകനില്‍നിന്നും സഹോദരനില്‍നിന്നും ഭര്‍ത്താവില്‍നിന്നും കൂടി കള്ളപ്പണിയില്‍ അടിച്ചെടുത്ത ഒരസാധാരണമായ അച്ഛന്‍, ഒരമ്മകൂടി ഉള്‍പ്പെട്ടിട്ടുള്ള ഒരച്ഛന്‍, കൊസെത്തിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളും, ആ കുട്ടിയെ തന്റെ പ്രഭാതമായി, തന്റെ ഗൃഹമായി, തന്റെ കുടുംബമായി, തന്റെ രാജ്യമായി, തന്റെ സ്വര്‍ഗ്ഗമായി, കരുതിവരുന്ന ആളുമായ ഒരച്ഛന്‍.

അതിനാല്‍ അവസാനകാലം തികച്ചും എത്തിപ്പോയി എന്ന്, അവള്‍ അയാളുടെ പക്കല്‍നിന്നു ചാടിപ്പോകയായിയെന്ന് അവള്‍ അയാളുടെ കൈയില്‍നിന്നു ചോര്‍ന്നുപോകയായി എന്ന്, അവള്‍ ഒരു മേഘംപോലെ, വെള്ളംപോലെ അയാളെ വിട്ടുപോകയായി എന്നു കണ്ടപ്പോള്‍, ഈ ചതച്ചുകളയുന്ന തെളിവ്— “അവളുടെ ഹൃദയത്തിന്നുള്ള പ്രാപ്യസ്ഥാനം മറ്റൊന്നാണ്; അവളുടെ ജീവിതോദ്ദേശ്യം മറ്റൊന്നാണ്; അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരാളുണ്ട്; ഞാന്‍ അവളുടെ അച്ഛന്‍മാത്രം; ഞാന്‍ ഇല്ലാത്ത നിലയായി?’—അയാളുടെ കണ്ണിന്മുമ്പിലായപ്പോള്‍ അയാള്‍ക്കു സംശയിക്കാന്‍ വഴിയൊന്നുമില്ലെന്നായപ്പോള്‍, “അവള്‍ എന്റെ കൈയില്‍നിന്നു പോവുകയായി’—എന്ന് അയാള്‍ തന്നോടുതന്നെ പറയുക എന്നായപ്പോള്‍, ആ മനുഷ്യനനുഭവിച്ച മനോവേദന സംഭാവ്യതയുടെ എല്ലാ അതിര്‍ത്തികളേയും അതിക്രമിച്ചു. ഇങ്ങനെയൊന്നില്‍ ചെന്നവസാനിക്കുവാന്‍വേണ്ടി അയാള്‍ അതുവരെ ചെയ്തിട്ടുള്ളതൊക്കെ ചെയ്യുക! ഒരു വിലയുമില്ലാത്തവനാവുക എന്ന ആ ഒരു ബോധം! ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞവിധം, കഠിനമായ വെറുപ്പിന്റെ ഒരു കുടച്ചില്‍ അയാളുടെ അടിമുതല്‍ മുടിവരെ വ്യാപിച്ചു. അയാളുടെ ഓരോ രോമകുപത്തില്‍പ്പോലും അഹംബുദ്ധിയുടെ അപാരമായ പുനര്‍ജ്ജീവനം അനുഭവപ്പെട്ടു; ആ മനുഷ്യന്റെ അതൃഗാധതയില്‍നിന്നു ഞാന്‍ എന്നത് ഒരു മുരളിച്ച മുരണ്ടു.

ഹൃദയാന്തര്‍ഭാഗത്തുള്ള അടിമണ്ണ പെട്ടെന്ന ഇടിഞ്ഞുവിഴുക എന്നൊന്നുണ്ട. ഒരു മനുഷ്യന്റെ ഉള്ളിലേക്കും ചില ഘട്ടങ്ങളില്‍, ആ മനുഷ്യ൯തന്നെയായ ഏതോ ചില കേവലപ്രകൃതികളെ തട്ടിനീക്കുകയും തച്ചുതകര്‍ക്കുകയും ചെയ്യാതെ. ഒരു നിരാശമായ ദൃഢനിശ്ചയം കടന്നുവരികയില്ല മനോദുഃഖം, ഈയൊരാകൃതിയിലെത്തിക്കഴിയുമ്പോള്‍, അന്തഃകരണത്തിനുള്ള സര്‍വൃശക്തികളുടേയും ഒരു കൊണ്ടുപിടിച്ച തള്ളിക്കേറ്റമായിത്തീരുന്നു. ഇതൊരപായകരമായ ഘട്ടമാണ്. ഈവക ഘട്ടങ്ങളില്‍നിന്നു, നമ്മളില്‍ ആരുംതന്നെ എന്നു പറയാം. വീണ്ടും നമ്മള്‍ നമ്മള്‍തന്നെയായും വീണ്ടും ധര്‍മ്മനിഷ്ഠരായും പുറത്തേക്കു പോരാറില്ല. സഹന ശക്തിയുടെ അതിര്‍ കടന്നുകഴിഞ്ഞാല്‍. ഏറ്റവുമധികം അക്ഷോഭ്യമായ മനോഗുണവും ഭ്രമിച്ചുപോകുന്നു. ഴാങ് വാല്‍ഴാങ് വീണ്ടും ഒപ്പുകടലാസ്സു പുസ്തകമെടുത്ത് ഒരിക്കല്‍ക്കൂടി വായിച്ചുറപ്പിച്ചു; ആക്ഷേപയോഗ്യങ്ങളല്ലാത്ത ആ നാല,വരിയുടെ മുന്‍പില്‍ അയാള്‍ തല കുനിഞ്ഞും മരവിച്ചും മിഴിച്ചും നിലവായി.; ആത്മാവിലുള്ളതെല്ലാം ഒടിഞ്ഞുതകരുകയാണെന്നു തോന്നുമാറ് അയാളുടെ ഉള്ളില്‍ ഒരു മൂടല്‍ വ്യാപിച്ചു.

മനോരാജ്യത്തിനുള്ള അതിശയോക്തികള്‍ക്കു വിരുദ്ധമായി ഈ “വെളിപാടു” വരികളെ അയാള്‍ സ്പഷ്ടവും ഭയങ്കരവുമായ ഒരു ശാന്തതയോടുകൂടി—എന്തു കൊണ്ടെന്നാല്‍, ഒരു മനുഷ്യന്റെ ശാന്തത ഒരു പ്രതിമയുടെ ഉദാസീനതയിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ അതൊരു ഭയങ്കരവസ്തുവാണ്—പരീക്ഷണം ചെയ്തു.

അയാള്‍, താന്‍ ലേശമെങ്കിലും സംശയിക്കാതിരിക്കെ, തന്റെ ഈശ്വരവിധി എടുത്തുവെച്ചു കൂറ്റന്‍ കാല്‍വെപ്പ്, അളന്നുനോക്കി, അത്രയും കഥയില്ലാതെ തള്ളിക്കളഞ്ഞ ആ വേനല്ക്കാലത്തെ ശങ്കുകള്‍ അയാളോര്‍മ്മിച്ചു; അയാള്‍ ആ അഗാധകുണ്ഡത്തെ കണ്ടറിഞ്ഞു; അതപ്പോഴും അങ്ങനെതന്നെ നില്ക്കുന്നു; ഒന്നുമാത്രം, ഴാങ് വാല്‍ഴാങ് അതിന്റെ വക്കത്തല്ലാതായി—അയാള്‍ അതിന്റെ അടിയിലെത്തി.

അതിലെ അപൂര്‍വവും ഹൃദയഭേദകവുമായ ഭാഗമെന്തെന്നാല്‍, അറിയാതെയാണ് അയാള്‍ അതിനുള്ളില്‍ ചാടിയത്. താന്‍ സൂര്യനെ കാണുന്നുണ്ടെന്നു കരുതിയിരിക്കെ, അയാളുടെ ജീവിതത്തിലെ വെളിച്ചം മുഴുവനും കെട്ടുപോയി.

അയാളുടെ പ്രകൃതിബോധം ഒട്ടും സംശയിച്ചുനിന്നില്ല. ചില സംഗതികളേയും, ചില തിയ്ൃതികളേയും. കൊനെത്തിന്റെ മുഖത്തു കണ്ട ചില നിറഭേദങ്ങളേയും, വിളര്‍പ്പുകളേയും അയാള്‍ കൂട്ടിനോക്കി ഇങ്ങനെ സ്വയം പറഞ്ഞു: “അതവനാണ്.”

നിരാശതയുടെ ഈഹം ഒരിക്കലും ഉന്നംതെറ്റിപ്പോകാത്ത ഒരുതരം അസാധാരണചാപമാണ്. അയാളുടെ ഒന്നാമത്തെ ഈഹംതന്നെ മരിയുസ്സിന്റെ മേല്‍ ചെന്നു കൊണ്ടു. അയാള്‍ക്കു പേരറിഞ്ഞുകൂടാ, എങ്കിലും ആളെ ക്ഷണത്തില്‍ അറിയാറായി: അയാള്‍ തന്റെ ഓര്‍മ്മശക്തിക്കുള്ള എന്തെന്നില്ലാത്ത വിശദീകരണവിദ്യയുടെ പിന്നില്‍ ലുക്സെംബുറിലെ ആ ഇന്നാളെന്നറിയാത്ത തെണ്ടിയെ, അനുരാഗ കഥകളന്വേഷിച്ചു നടക്കുന്ന ആ രണ്ടുംകെട്ട ഇരപ്പാളിയെ, ആ വങ്കനെ, ആ പേടിത്തൊണ്ടനെ—എന്തുകൊണ്ടെന്നാല്‍, പെണ്‍കിടാങ്ങളുടെ നേരെ, അവരെ സ്നേഹിക്കുന്ന ഒരച്ഛന്‍ അടുത്തുണ്ടായിരിക്കെ, കുള്ളക്കണ്ണെറിയുന്നത് ഒരു ഭീരുത്വം തന്നെയാണല്ലോ—വ്യക്തമായി കണ്ടു.

ഈ കാര്യത്തിനടിയിലുള്ളത് ആ ചെറുപ്പക്കാരനാണെന്നും എല്ലാറ്റിന്റേയും ഉത്ഭവം അവിടെനിന്നാണെന്നുമുള്ള വാസ്തവം ആലോചിച്ചു തീര്‍ച്ചപ്പെടുത്തിയ ശേഷം, അയാള്‍ ഴാങ് വാല്‍ഴാങ്, ആ ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യന്‍, അത്രമേല്‍ തന്റെ ആത്മാവിനുമേല്‍ പണിയെടുത്ത മനുഷ്യന്‍, ജീവിതത്തെ മുഴുവനും ദുഃഖത്തെ മുഴുവനും ദൌര്‍ഭാഗ്യത്തെ മുഴുവനും സ്നേഹമാക്കിത്തീര്‍ക്കാന്‍ വേണ്ടി അത്രയധികം അധ്വാനിച്ച മനുഷ്യന്‍, സ്വന്തം ഹൃദയത്തിലേക്കു ദൃഷ്ടിപതിച്ചു. അവിടെ ഒരു പ്രേതത്തെ കണ്ടു—ദ്വേഷത്തെ.

മഹത്തരങ്ങളായ മനോവേദനകള്‍ക്കുള്ളില്‍ എന്തോ ഒരുന്മേഷക്കുറവുണ്ട്. അവ ജീവിതത്തില്‍ത്തന്നെ ഉത്സാഹമില്ലാതാക്കുന്നു; അവ ആരുടെ ഉള്ളില്‍ പ്രവേശിക്കുന്നുവോ അയാള്‍ക്കു തന്നില്‍നിന്ന് എന്തോ ഒന്നു പിൻവാങ്ങുന്നതായി തോന്നിപ്പോകുന്നു, അയാളുടെ ചെറുപ്പത്തില്‍ അവയുടെ വരവ് പരിതാപകരമാണ്. പിന്നീട് അതാപല്‍ക്കരമായിപ്പോകുന്നു. ഹാ, ദേഹത്തില്‍ രക്തം തിളച്ചുമറിയുമ്പോള്‍, തലമുടി കറുത്തിരിക്കുമ്പോള്‍, ഒരു ചൂട്ടില്‍ തീജ്വാലയെന്നപ്പോലെ ദേഹത്തില്‍ ശിരസ്സു ശരിക്കുയര്‍ന്നു നില്ക്കുമ്പോള്‍, കര്‍മ്മഗതിച്ചുരുളിന് ഇനിയും നല്ല കനമുണ്ടെന്നിരിക്കുമ്പോള്‍, വേണ്ടതായ സ്നേഹംകൊണ്ടു നിറഞ്ഞിട്ടുള്ള ഹൃദയം വീണ്ടും തന്നിലേക്കുതന്നെ തിരിച്ചുവരാവുന്ന മിടിപ്പുകളെ അപ്പോഴും പുറപ്പെടുവിക്കുമ്പോള്‍, പ്രതിശാന്തിക്കുള്ള സമയമായിരിക്കുമ്പോള്‍ സ്ര്രീകള്‍ മുഴുവനും പുഞ്ചിരികള്‍ മുഴുവനും ഭാവി മുഴുവനും ആകാശാന്തം മുഴുവനും ഒരുവന്റെ മുന്‍പില്‍ നില്ക്കുമ്പോള്‍, ജീവിതത്തിന്റെ ശക്തി തികഞ്ഞിരിക്കുമ്പോള്‍, നിരാശത ഒരു ഭയങ്കരവസ്തുവാണെങ്കില്‍, പ്രായംകൂടി ജര കയറിശവക്കുഴിയിലെ നക്ഷത്രങ്ങള്‍ കാണപ്പെടുക എന്ന അസ്തമയകാലത്ത് അതിന്റെ നില എന്തായിരിക്കും?

അയാള്‍ മനോരാജ്യം വിചാരിക്കുന്നതിനിടയ്ക്കു തുസ്സാങ് അങ്ങോട്ടു വന്നുഴാങ് വാല്‍ഴാങ് എണീറ്റ് അവളോടു ചോദിച്ചു: ഏതു പ്രദേശത്താണത്? അറിയാമോ?”

തുസ്സാങ് പകച്ചു; അവള്‍ക്ക് ഇതേ മറുപടി പറയാന്‍ കിട്ടിയുള്ളു: “സേര്‍, എന്ത്?”

ഴാങ് വാല്‍ഴാങ് വീണ്ടും തുടര്‍ന്നു: “ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഇപ്പോള്‍ ത്തന്നെ എന്നോടു പറഞ്ഞില്ലേ?”

“ഓ ശരി”, തുസ്സാങ് പറഞ്ഞു, “അതു സാങ് മെറിയുടെ ആ ഭാഗത്താണ്.”

അറിയാതെ, നമ്മുടെ ആലോചനകള്‍ക്കുള്ള ഏറ്റവും അറ്റത്തെ അഗാധതകളില്‍നിന്ന്, ഒരു ഞെട്ടിത്തെറിക്കല്‍ നമ്മെ ബാധിക്കാനുണ്ട്. നിശ്ചയമായും, ലേശമെങ്കിലും അറിയാതെകണ്ടുണ്ടായ അങ്ങനെയൊന്നനുസരിച്ച് അഞ്ചുനിമിഷത്തിനുള്ളില്‍ ഴാങ് വാല്‍ഴാങ് തെരുവിലെത്തി

തൊപ്പിയില്ലാതെ, അയാള്‍ തന്റെ വീട്ടിന്‍പടിക്കലുള്ള കല്ലുകട്ടിളമേല്‍ ഇരിപ്പായി. അയാള്‍ എന്തോ ചെവിയോര്‍ക്കുകയാണെന്നു തോന്നി.

രാത്രിയായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 14; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.