images/hugo-24.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.2.1
വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടി

ഴാവേറെ വഴിതിരിച്ചുകൊടുത്ത ആ കെണിയുടെ അപ്രതീക്ഷിതവിധത്തിലുള്ള അവസാനം മരിയുസ് നോക്കിക്കണ്ടു; എന്നാൽ ഴാവേർ മൂന്നു കൂലിവണ്ടികളിൽ തന്റെ തടവുപുള്ളികളേയും കയറ്റി ആ വീട്ടിൽനിന്നു പോയ ഉടനേത്തന്നെ, മരിയുസ്സും പതുക്കെ അവിടെനിന്നിറങ്ങി. വൈകുന്നേരം ഒമ്പതുമണിയേ ആയിട്ടുള്ളു. മരിയുസ് നേരെ കുർഫെരാക്കിന്റെ താമസസ്ഥലത്തേക്കുനടന്നു. കുർഫെരാക് ലാറ്റിൻ ക്വാർട്ടറിലെ അക്ഷോഭ്യനായ പാർപ്പുകാരനല്ലാതായിരിക്കുന്നു; അയാൾ ‘രാജ്യഭരണസംബന്ധികളായ ചില കാരണങ്ങളാൽ’ റ്യു ദ് ലാ വൈറ്റി എന്ന പ്രദേശത്തേക്കു താമസം മാറ്റി; അക്കാലത്തു രാജ്യകലഹം ചെന്നു സ്വയം പ്രതിഷ്ഠിക്കപ്പെടുവാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായിരുന്നു അത്. മരിയുസ് കുർഫെരാക്കോടു പറഞ്ഞു, ‘ഞാൻ നിങ്ങളുടെ കൂടെ കിടന്നുറങ്ങാനാണ് വന്നത്.’ കുർഫെരാക് തന്റെ കിടയ്ക്കമേൽനിന്ന് ഒരുമെത്ത വലിച്ചെടുത്തു.— അതിൽ രണ്ടെണ്ണമുണ്ടായിരുന്നു—നിലത്തു വിരിച്ചിട്ടുപറഞ്ഞു: ‘അവിടെ.’

പിറ്റേദിവസം രാവിലെ ഏഴുമണിക്കു മരിയുസ് ചെറ്റപ്പുരയിലേക്കു തിരിച്ചുചെന്നു. മദാം ബുഴോങ്ങിനു കൊടുപ്പാൻ ബാക്കിയുള്ള വാടക തീർത്തു. സ്വന്തം പുസ്തകങ്ങളൊക്കെ കെട്ടാക്കി, കിടപ്പുസാമാനം മേശ, വലിപ്പുപെട്ടി, രണ്ടു കസാലകൾ ഒക്കെയെടുത്ത് ഒരു കൈവണ്ടിയിൽ കയറ്റി, മേൽവിലാസംകൂടി കൊടുത്തേല്പ്പിക്കാതെ, അവിടെനിന്നു നടന്നു; അതുകാരണം തലേ ദിവസത്തെ സംഭവങ്ങളെപ്പറ്റി ചോദിച്ചറിവാൻവേണ്ടി ഴാവേർ ഉച്ചയ്ക്കുമുൻപായി അവിടെ മടങ്ങിച്ചെന്ന സമയത്തു മദാം ബുഴോങ്ങിനെ മാത്രമേ വീട്ടിൽ കണ്ടുള്ളു. അവൾ മറുപടിപറഞ്ഞു: ‘പോയി.’

തലേദിവസത്തെ പിടിക്കപ്പെട്ട തട്ടിപ്പറിക്കാരുടെ ഏതാണ്ട് ഒരു കൂട്ടുകാരനാണ് മരിയുസ്സെന്നു മദാം ബുഴോങ്ങിന് ഉറപ്പുണ്ടായിരുന്നു. ‘ആരെങ്കിലും പറയുമോ അത്?’ അവൾ ആ പ്രദേശത്തെ ഒരു പടികാവല്ക്കാരിയോട് അത്ഭുതപ്പെട്ടുപറഞ്ഞു, ‘കണ്ടാൽ ഒരു പെൺകിടാവിന്റെ മട്ടുള്ള ആ ഒരു ചെറുപ്പക്കാരൻ!’

ഈ പെട്ടെന്നുണ്ടായ സ്ഥലമാറ്റത്തിൽ മരിയുസ്സിനു രണ്ടു കാരണമാണ്. ഒന്നാമത്തത്, ആ വീട്ടിനെപ്പറ്റി അയാൾക്കൊരു ഭയമായി—അവിടെവെച്ച്, അത്രയുംഅടുത്തുവെച്ച്, ഒരു സമയം ആ ദുഷ്ടനായ ധനവാനെക്കാൾ, ദുഷ്ടനായ ദരിദ്രനെക്കാൾ, അധികം ഭയങ്കരമായിരുന്ന ഒരു സാമുദായികവിരൂപത അതിന്റെ ഏറ്റവും അസഹ്യതരവും ഏറ്റവും നിഷ്ഠുരതരവുമായ നിലയിൽ വളർന്നുണ്ടായത് അയാൾ കണ്ടുവല്ലോ. രണ്ടാമത്തത്, ഇനിയുണ്ടാവാൻ പോകുന്ന കേസ്സിൽ ഒരു സാക്ഷിയായിത്തീർന്നു, തെനാർദിയെർക്കെതിരായി മൊഴികൊടുക്കേണ്ടിവരുന്നത് അയാൾക്ക് അത്ര പ്രിയമായി തോന്നിയില്ല.

ആ ചെറുപ്പക്കാരൻ—പേർ ഴാവേർ ഓർമ്മവിട്ടു—പേടിച്ചു പറഞ്ഞതായിരിക്കണമെന്ന്, അല്ലെങ്കിൽ ആ കെണിക്കുശേഷം അയാൾ വീട്ടിലേക്കു തിരിച്ചുചെല്ലുക തന്നെ ഉണ്ടായിട്ടില്ലെന്ന്, ഇൻസ്പെക്ടർ വിചാരിച്ചു; അയാളെ കണ്ടുപിടിപ്പാൻ ഗാവേർ ചില ശ്രമങ്ങളൊക്കെ ചെയ്തു; പക്ഷേ, ഫലമുണ്ടായില്ല.

ഒരു മാസം കഴിഞ്ഞു; ഒന്നുകൂടി കഴിഞ്ഞു. മരിയുസ്സിന്റെ താമസം കുർഫെരാക്കിന്റെ കൂടെത്തന്നെയായിരുന്നു. കോടതികളിൽ എപ്പോഴും ചെന്നുകൂടാറുള്ള ഒരു ചെറുപ്പക്കാരൻ വക്കീലോടു ചോദിച്ചു, തെനാർദിയെർ തടവിൽത്തന്നെയാണെന്നുള്ള വസ്തുത അയാൾ മനസ്സിലാക്കി. എല്ലാ തിങ്കളാഴ്ചയും തെനാർദിയെർക്കു കൊടുക്കാൻവേണ്ടി അഞ്ചു ഫ്രാങ്ക് അയാൾ ജെയിലിലെ ഗുമസ്തൻവശം കൊടുക്കും.

പണം തീർന്നപ്പോൾ മരിയുസ് കുർഫെരാക്കോട് അഞ്ചു ഫ്രാങ്ക് കടം മേടിച്ചു. ജീവകാലത്തിനിടയിൽ ഒന്നാമതായിട്ടാണ് മരിയുസ് കടം വാങ്ങുന്നത്. തിങ്കളാഴ്ചതോറുമുള്ള ഈ അഞ്ചു ഫ്രാങ്ക്: അതു കടം കൊടുക്കുന്ന കുർഫെരാക്കിനും, അതു കിട്ടിയിരുന്ന തെനാർദിയെർക്കും ഒരുപോലെ, ഒരു കടംകഥയായിരുന്നു. ‘ഇതാർക്കാണ് കൊടുക്കുന്നത്?’

കുർഫെരാക് വിചാരിച്ചു. ‘എനിക്കിത് എവിടെനിന്നു വരുന്നു?’ തെനാരദിയെർ സ്വയം ചോദിച്ചു.

പോരാത്തതിനു മരിയുസ്സിന്റെ ഹൃദയം തകർന്നിരുന്നു. ഒരിക്കൽക്കൂടി ഒരുതട്ടുവാതിൽപ്പഴുതിലൂടെ സകലവും പുറത്തേക്കു ചാടിക്കളഞ്ഞു. അയാൾ യാതൊന്നും മുൻപിൽ കാണാതെയായി; അയാളുടെ ജീവിതം വീണ്ടും നിഗൂഢതയിൽ കുഴിച്ചുമൂടപ്പെട്ടു! ആ അന്ധകാരത്തിൽ അയാൾ തപ്പിപ്പിടിച്ചു നടന്നു. ആ നിഴല്പ്പാടിൽ അയാൾ, തനിക്കു വളരെ അടുത്തായി, താൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയേയും അവളുടെ അച്ഛനെന്നുതോന്നിയ ആ വൃദ്ധനേയും—ഈ ലോകത്തിൽ അയാൾക്ക് ആകെയുള്ള മുതലും ആശാമാർഗ്ഗവുമായ ആ രണ്ട് അജ്ഞാതസത്ത്വങ്ങളെ—ഒരു നിമിഷനേരം കണ്ടെത്തി; അവരെ കൈയിലാക്കാൻ അയാൾ തുടങ്ങുമ്പോഴേക്ക് ഒരു കൊടുങ്കാറ്റ് ആ നിഴലുകളെയെല്ലാം കൊണ്ടുനടന്നു. എത്രതന്നെ ഭയങ്കരമായ കൂട്ടിമുട്ടലിൽപ്പോലും, സത്യത്തിന്റേയും തീർച്ചയുടേയും ഒരു തീപ്പൊരി പുറപ്പെടുകയുണ്ടായില്ല. ഒരൂഹത്തിനും നിവൃത്തിയില്ല. അറിഞ്ഞു എന്ന് ഒരിക്കൽ കരുതിയ പേർകൂടി അയാളെക്കൊണ്ടു മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിശ്ചയമായും അത് ഉർസൂൽ അല്ല. വാനമ്പാടിപക്ഷി എന്നത് ഒരു ശകാരപ്പേരാണ്. പിന്നെ ആ വൃദ്ധനെപ്പറ്റി എന്താണ് വിചാരിക്കേണ്ടത്? അയാൾ വാസ്തവമായി പൊല്ലീസ്സുകാരിൽനിന്ന് ഒളിച്ചുനടക്കയാണോ? അനാഥശാലയ്ക്കടുത്തുവെച്ചു മരിയുസ്സ് കണ്ടുമുട്ടുകയുണ്ടായ ആ നരച്ച കൂലിപ്പണിക്കാരനെ ഓർമ്മ വന്നു. ആ കൂലിപ്പണിക്കാരനും മൊസ്യ ലെബ്ലാങ്ങും ഒരേ ആളായിരിക്കണമെന്ന് ഇപ്പോൾ തോന്നുന്നു. അപ്പോൾ അയാൾവേഷം മാറി നടക്കയാണോ? സ്തുത്യർഹവും സംശയജനകവുമായ രണ്ടു ഭാഗമുണ്ട് ആ മനുഷ്യനിൽ. എന്തുകൊണ്ട് അയാൾ ലഹളകൂട്ടിയില്ല? എന്തിന് അയാൾ പാഞ്ഞുകളഞ്ഞു അയാൾ ആ പെൺകിടാവിന്റെ അച്ഛനാണോ, അച്ഛനല്ലേ? ചുരുക്കിപ്പറഞ്ഞാൽ, തെനാർദിയെർ തനിക്കു മനസ്സിലായി എന്നു കരുതിയ ആ ആൾ തന്നെയാണോ വാസ്തവത്തിൽ അയാൾ? തെനാർദിയെർക്കു തെറ്റിപ്പോയിരിക്കാം ഇവയൊക്കെ ശരിപ്പെട്ടു കിട്ടാത്ത വിഷമതകളായിത്തീർന്നു. ഇവയൊന്നും ലൂക്സെംബുറിലെ ചെറുപ്പക്കാരിയുടെ ദേവസ്ത്രീജനോചിതമായ സൗന്ദര്യത്തിനു യാതൊരു കോട്ടവും വരുത്തിയില്ല എന്നുള്ളത് പരമാർത്ഥമാണ്. ഹൃദയഭേദകമായ സങ്കടം; മരിയുസ് ഹൃദയത്തിൽ ഒരു വികാരാവേഗവും കണ്ണിന്മുമ്പിൽ അന്ധകാരവും കൊണ്ടുനടന്നു. അയാൾ മുൻപോട്ട് തള്ളപ്പെടുകയും പിൻപോട്ട് വലിക്കപ്പെടുകയും ചെയ്യുന്നു; അങ്ങനെ, അയാൾക്കനങ്ങാൻ വയ്യാ. അനുരാഗമൊഴികെ, മറ്റുള്ളതൊക്കെ മറഞ്ഞു. അനുരാഗത്തെ സംബന്ധിച്ചേടത്തോളംതന്നെ, പ്രകൃതിബോധങ്ങളും ആ അപ്രതീക്ഷിതങ്ങളായ കുത്തിപ്പിടിക്കലുകളും അയാൾക്കില്ലാതായി. സാധാരണമായി, നമ്മെ കത്തിക്കുന്ന ഈ അഗ്നിജ്വാല നമുക്കു കുറച്ചു വെളിച്ചമുണ്ടാക്കുകയും പുറത്തേക്കു ചില പ്രയോജനകരങ്ങളായ നാളങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും; എന്നാൽ അനുരാഗ വികാരത്തിന്റെ ഈ മൗനോപദേശങ്ങളെക്കൂടി മരിയുസ് കേൾക്കാതായി. അയാൾ ഒരിക്കലും ഇങ്ങനെ തന്നെത്താൻ പറഞ്ഞില്ല; ‘എന്താണ് ഇന്ന സ്ഥലത്തേക്കൊന്നു പോയാൽ? അങ്ങനെയൊരു കാര്യം എന്താണ് ഒന്നു പ്രവർത്തിച്ചു നോക്കിയാൽ?’ ഉർസൂൽ എന്നു വിളിക്കാൻ വയ്യാതായ ആ പെൺകുട്ടി ഒരിടത്തുണ്ട്; എവിടേക്കാണ് പോയിനോക്കേണ്ടതെന്നു യാതൊന്നും അയാൾക്കു പറഞ്ഞു കൊടുത്തില്ല. അയാളുടെ ജീവിതം മുഴുവനും രണ്ടുവാക്കുകൊണ്ടു കഴിഞ്ഞു; കണ്ണോടാത്ത ഒരു മഞ്ഞിൻപുകയ്ക്കുള്ളിലെ തികഞ്ഞ സംശയസ്ഥിതി. അവളെ ഒരിക്കൽക്കൂടി കാണുക; അയാൾ അപ്പോഴും അതാശിച്ചിരുന്നു; പക്ഷേ, അതുണ്ടാവുമെന്ന് അയാൾ കരുതാതായി.

എല്ലാം തികയുന്നതിന്ന്, അയാളുടെ ദാരിദ്യവും തിരിച്ചെത്തി. ആ മരവിപ്പിക്കുന്ന നിശ്വാസം തന്റെ അടുത്തുണ്ടെന്നു,കാലിന്റെ മടമ്പും തൊട്ടുകൊണ്ടുണ്ടെന്ന്, അയാൾക്കനുഭവമായി. മനോവേദനകൾക്കിടയിൽ, ഇതിനൊക്കെ വളരെ മുൻപുതന്നെ, അയാൾ പ്രവൃത്തി വെണ്ടെന്നുവെച്ചിരുന്നു; പ്രവൃത്തിയില്ലാതാകുന്നതുപോലെ അപകടം പിടിച്ചതു വേറൊന്നില്ല. അതു മറഞ്ഞുകളയുന്ന ഒരു സാത്മ്യമാണ്. ക്ഷണത്തിൽ ഒഴിച്ചുകളയാവുന്നതും വീണ്ടും കൈയിലാക്കുവാൻ വളരെ പ്രയാസമുള്ളതുമായ ഒരു സാത്മ്യം.

വിവേകപൂർവ്വമായി മാത്രയനുസരിച്ചു പെരുമാറുന്ന ഒരുറക്കുമരുന്നുപോലെ, കുറച്ചൊക്കെ മനോരാജ്യം വിചാരിക്കൽ നല്ലതാണ്. ചില സമയത്തു ദുസ്സഹമായിത്തീരുന്ന പ്രസവവേദനയിൽപ്പെട്ട മനസ്സിന്റെ അസ്വാസ്ഥ്യത്തിന് അത് ഒരു മയക്കം കൊടുക്കുകയും, പരിശുദ്ധമായ ആലോചനയുടെ അതികഠിനങ്ങളായ മുഖരേഖകളെ ശരിപ്പെടുത്തുന്ന ഒരു സൗരമ്യവും ശുദ്ധവുമായ ചിന്തയെ ആത്മാവിൽ ഉണ്ടാക്കിവെയ്ക്കുകയും, അങ്ങുമിങ്ങുമുള്ള കുഴികളെ തൂക്കുകയും, വിചാരങ്ങളെ കൂട്ടിച്ചേർക്കുകയും, അവരുടെ മുനമ്പുകളെ തേച്ചുരുട്ടുകയും ചെയ്യുന്നു. പക്ഷേ, അതിയായ മനോരാജ്യം ആണ്ടുകളയുന്നു, മുങ്ങിച്ചാവുന്നു. ആലോചനയിൽനിന്നു മനോരാജ്യത്തിലേക്കു തികച്ചും ഇടിഞ്ഞുവീഴുന്ന ആലോചനാശീലന്റെ കഥ കഷ്ടമാണ്. വീണ്ടും അതേവിധം എളുപ്പത്തിൽ മുകളിലേക്കു കയറാമെന്ന് അയാൾ വിചാരിക്കുന്നു; ആകപ്പാടെ രണ്ടും ഒന്നുതന്നെയാണെന്ന് അയാൾ സ്വയം പറയുന്നു. അബദ്ധം.

ആലോചന ബുദ്ധിയുടെ പ്രവൃത്തിയാണ്; മനോരാജ്യം അതിന്റെ വിഷയാസക്തിയും. ആലോചനയുടെ സ്ഥാനത്തു മനോരാജ്യത്തെ വെയ്ക്കുന്നതു ഭക്ഷണ സാധനത്തെ വിഷദ്രവ്യത്തോടു കൂട്ടിക്കലർത്തുകയാണ്.

വായനക്കാർ ഓർമ്മിക്കുന്നതുപോലെ, മരിയുസ് അങ്ങനെയാണ് ആരംഭിച്ചത്. വികാരാവേഗം മീതെ കയറി; ഉദ്ദേശ്യമോ അടിത്തട്ടോ ഇല്ലാത്ത കമ്പങ്ങളിലേക്ക് അയാളെ ഉപായത്തിൽ ഉറക്കിയിടുന്ന പണി മുഴുമിപ്പിച്ചു. മനോരാജ്യം വിചാരിക്കുവാനായിട്ടല്ലാതെ ആരും തന്നിൽനിന്നു പുറത്തേക്കിറങ്ങാറില്ല. വെറുതെയുള്ള പണി. ക്ഷോഭമയവും കെട്ടിനില്ക്കുന്നതുമായ നീർച്ചുഴി. പിന്നെ, പ്രവൃത്തി കുറയുന്തോറും ആവശ്യം കൂടുകയും ചെയ്യുന്നു. ഇതൊരു പ്രകൃതിനിയമമാണ്. മനോരാജ്യത്തിലുള്ള മനുഷ്യൻ പ്രായേണ ധാരാളിയും അലസനുമാണ്; അഴച്ചിട്ട മനസ്സിനു ജീവിതത്തെ പിടിച്ചടുപ്പിച്ചുനിർത്താൻ വയ്യാ.

അത്തരം ജീവിതത്തിൽ ദോഷവും ഗുണവുമുണ്ട്. അശക്തി ദോഷകരമാണെങ്കിൽ ഔദാര്യം ഗുണകരവുമാണ്. പക്ഷേ, ഉദാരനും മാന്യനും പ്രവൃത്തി യാതൊന്നുമില്ലാത്തവനുമായ ദരിദ്രന്റെ കാര്യം പോയതുതന്നെ. വരവുകളൊക്കെത്തീർന്നു; ചെലവു വർദ്ധിച്ചും വരുന്നു.

ഏറ്റവുമധികം മര്യാദയുള്ളവരും ഏറ്റവുമധികം മനസ്സുറപ്പുള്ളവരുമെന്ന പോലെ ഏറ്റവുമധികം ശക്തിക്കുറവാർന്നവരും ഏറ്റവുമധികം ദുഃസ്വഭാവം ചേർന്നവരും കൂടി വലിച്ചിറക്കപ്പെടുന്നതും ആത്മഹത്യയോ ദു ദുഷ്പ്രവൃത്തിയോ ആകുന്ന കുഴിയിൽച്ചെന്നവസാനിക്കുന്നതുമായ ഒരു അപായകരമായ കടുംതൂക്കം.

ആലോചിക്കാൻ വേണ്ടിയുള്ള പുറത്തേക്കു പോകലിന്റെ ശക്തി കൂടികൂടിആൾ വെള്ളത്തിൽ ചെന്നു ചാടുന്ന ഒരു ദിവസം ഉണ്ടായിരുന്നു. മനോരാജ്യത്തിന്റെ ആധിക്യം എസ്കുസ്സിനേയും ലെബ്രായേയും പോലെയുള്ള ആളുകളെ വളർത്തിയുണ്ടാക്കുന്നു.

മരിയുസ് ഈ കടുംതുക്കത്തിലൂടെ പതുക്കെ ആ കാണാതെ കണ്ട പെൺകുട്ടിയുടെ മേൽ ദൃഷ്ടിപതിച്ചുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു. ഞങ്ങൾ ഈ എഴുതിയത് അത്ഭുതകരമായിത്തോന്നും; പക്ഷേ, വാസ്തവമാണ്. കാണാനില്ലാതായ ഒരാളെപ്പറ്റിയുള്ള ഓർമ്മ ഹൃദയത്തിന്റെ അന്ധകാരത്തിൽ വെച്ചു കത്തിയാളുന്നു; എത്രകണ്ടധികം മറയപ്പെടുന്നുവോ അത്രകണ്ടധികം അതു കത്തുന്നു; കുണ്ഠിതത്തോടുകൂടിയതും നൈരാശ്യപ്പെടുന്നതുമായ ആത്മാവു ചക്രവാളത്തിനു മുകളിൽ ആ വെളിച്ചത്തെ കണ്ടെത്തുന്നു; ആന്തരമായ രാത്രിയിലെ നക്ഷത്രം. അവൾ - മരിയുസ്സിന്റെ ആലോചന മുഴുവനും അതായി. മറ്റു യാതൊന്നിനെപ്പറ്റിയും അയാൾ ആലോചിച്ചില്ല; തന്റെ പഴയ പുറംകുപ്പായം ഒരു കൊള്ളരുതാത്ത കുപ്പായമായി എന്നും, പുതിയ പുറംകുപ്പായം പഴയതായിത്തുടങ്ങി എന്നും, ഉൾക്കുപ്പായങ്ങൾ പിഞ്ഞിത്തുടങ്ങിയെന്നും, തൊപ്പി പിഞ്ഞിത്തുടങ്ങിയെന്നും, ബൂട്ടുസ്സുകൾ കൊള്ളരുതാതായിയെന്നും അയാൾക്ക് ഏതാണ്ടു ബോധം വന്നു. അയാൾ സ്വയം പറഞ്ഞും: ‘മരിക്കുന്നതിനു മുൻപായി ഒരിക്കൽക്കൂടി അവളെ കാണാൻ!’

ഒരു രസമുള്ള വിചാരംമാത്രം അയാൾക്കു ശേഷിച്ചു കിട്ടിയിട്ടുണ്ട്, അവൾക്കുതന്നെ സ്നേഹമുണ്ട്; അവളുടെ നോട്ടം അതറിയിച്ചിരുന്നു; അവൾക്ക് തന്റെ പേരറിഞ്ഞുകൂടെങ്കിലും, അവൾ തന്റെ ആത്മാവിനെ മനസ്സിലാക്കിയിട്ടുണ്ട്: അവൾ എവിടെയായിരുന്നാലും, ആ സ്ഥലം എത്രതന്നെ നിഗൂഢമായിരുന്നാലും, അവൾ തന്നെ സ്നേഹിക്കുന്നുണ്ട്—ഒരു സമയം. താൻ അവളെപ്പറ്റി വിചാരിക്കുന്നതു പോലെ, അവൾ തന്നെപ്പറ്റിയും വിചാരിക്കുന്നില്ലെന്ന് ആർക്കറിയും? ചിലപ്പോൾ, അനുരാഗമുള്ള ഏതൊരു ഹൃദയവും അനുഭവിച്ചിട്ടുള്ള അത്തരം അനിർവചനീയങ്ങളായ സമയങ്ങളിൽ, വ്യസനത്തിനല്ലാതെ മറ്റൊന്നിനും കാരണമുണ്ടായിരുന്നില്ലെങ്കിലും സന്തോഷത്തിന്റെ ഒരു നിഗൂഢചലനം അനുഭവപ്പെടുന്ന സമയങ്ങളിൽ.

അയാൾ സ്വയം പറയും: ‘അവളുടെ വിചാരങ്ങളാണ് എന്റെ അടുക്കലേക്ക് വരുന്നത്?’ ഉടനെ അയാൾ തുടർന്നു പറയും: ‘ഒരു സമയം എന്റെ ആലോചനകൾ അവളുടെ അടുക്കലും എത്തുന്നുണ്ടാവും.’ ഈ കമ്പം— ഉത്തരക്ഷണത്തിൽ അയാൾ തലയിളക്കിയെങ്കിലും ആട്ടെ—ചിലപ്പോഴൊക്കെ ആശയുടെ മട്ടുപിടിച്ച പ്രകാശനാളങ്ങളെ അയാളുടെ ആത്മാവിലേക്കു പുറപ്പെടുവിക്കുവാൻ മതിയായിരുന്നു. ഇടയ്ക്കിടയ്ക്കു, വിശേഷിച്ചും മനോരാജ്യക്കാർക്കുകൂടിയും ഏറ്റവുമധികം കുണ്ഠിതപ്രദമായ വൈകുന്നേരങ്ങളിൽ, തന്റെ തലച്ചോറിൽ നിറഞ്ഞുനില്ക്കുന്ന ഏറ്റവുമധികം ശുദ്ധിയുള്ളതും ഏറ്റവുമധികം പൊതുവേ പറ്റുന്നതും ഏറ്റവുമധികം ആദർശപരവുമായ മനോരാജ്യത്തെ മറ്റൊന്നും എഴുതാത്ത ഒരു നോട്ടുപുസ്തകത്തിൽ അയാൾ കുറിച്ചിടാറുണ്ടായിരുന്നു. ഇതിനെ അയാൾ ‘അവൾക്കെഴുത്തെഴുതുക’ എന്നാണു പറയാറ്.

അയാളുടെ ബുദ്ധിക്കു തകരാറു പറ്റിയിരുന്നു എന്നു വിചാരിക്കരുത്. നേരേമറിച്ച് ഏതെങ്കിലും ഉറച്ച ഒരു കാര്യത്തിനുവേണ്ടി പ്രവർത്തിക്കാനും അങ്ങോട്ടു ദൃഢതയോടുകൂടി അടുക്കുവാനുമുള്ള ശക്തി അയാൾക്കില്ലാതായിയെങ്കിലും, മുൻപത്തെക്കാളെല്ലാമധികം ഋജുത്വവും സുക്ഷ്മദൃഷ്ടിയും അയാൾക്കുണ്ടായിവന്നു. സവിശേഷമെങ്കിലും ശാന്തവും പരമാർത്ഥവുമായ ഒരു വെളിച്ചത്തു മരീയുസ് തന്റെ കണ്ണിൻമുൻപിലൂടെ പോകുന്ന സകലത്തേയും ഏറ്റവുമധികം ഉദാസീനങ്ങളായ പ്രവൃത്തികളേയും ആളുകളേയുംകൂടി, നോക്കി പരിശോധിച്ചുപോന്നു; അയാൾ സകലത്തെക്കുറിച്ചും ഒരുതരം സമര്യാദമായ കുണ്ഠിതത്തോടും നിഷ്കളങ്കമായ പക്ഷപാതരാഹിത്യത്തോടുംകൂടി നിരൂപണം ചെയ്തു ശരിയായ അഭിപ്രായം പറഞ്ഞിരുന്നു. ഏതാണ്ടു തികച്ചും ആശയിൽനിന്നു വേർപെട്ടിരുന്ന അയാളുടെ വിധി ദൂരത്തേക്ക് വാങ്ങിനില്ക്കയും മുകളിലേക്കു പറന്നുചെല്ലുകയും ചെയ്തിരുന്നു.

മനസ്സിന്റെ ഏതാദൃശസ്ഥിതിയിൽ യാതൊന്നും അയാളുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞില്ല; യാതൊന്നും അയാളെ വഞ്ചിച്ചില്ല; ഓരോ നിമിഷത്തിലും അയാൾ ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും വിധിയുടെയും അടിസ്ഥാനംകണ്ടുപിടിക്കയായിരുന്നു. കഠിനമായ മനോവേദനയുടെ നടുക്കും, സ്നേഹവും സഹതാപവും കൊൾവാൻ കഴിവുള്ളതായ ഒരാത്മാവ് ഈശ്വരനാൽ നല്കപ്പെട്ടിട്ടുള്ളതാർക്കോ ആ മനുഷ്യൻ ഭാഗ്യവാനാണ്! ഈ ലോകത്തിലുള്ളവയേയും മനുഷ്യന്റെ ഹൃദയത്തേയും ഈ ഇരട്ടവെളിച്ചത്തിലൂടെ നോക്കിക്കണ്ടിട്ടില്ലാത്തവൻ പരമാർത്ഥവസ്തുവെസ്സംബന്ധിച്ച യാതൊന്നും കണ്ടിട്ടില്ല, യാതൊന്നുംഅറിഞ്ഞിട്ടുമില്ല.

സ്നേഹിക്കുകയും സഹതാപപ്പെടുകയും ചെയ്യുന്ന ആത്മാവ് ഒരുതരം വിശിഷ്ടതയിലാണ് നില്ക്കുന്നത്.

ഏതായാലും ദിവസങ്ങൾ കഴിഞ്ഞുപോയി, പുതുതായി യാതൊന്നുമുണ്ടായില്ല. അയാൾക്കു നടന്നുതീർക്കാൻ ബാക്കിയുള്ള ഇരുണ്ടസ്ഥലം ഓരോ നിമിഷത്തിലും അധികമധികം ഇടുങ്ങിവരുന്നുണ്ടെന്നുമാത്രം തോന്നി. ആഴമറിയാത്തഅന്ധകാരകുണ്ഡത്തിന്റെ വക്കു വ്യക്തമായി കണ്ടുതുടങ്ങി എന്ന് അയാൾക്കുതോന്നി.

‘എന്ത്’ അയാൾ തന്നെത്താൻ ആവർത്തിച്ചു, ‘അപ്പോൾ അതിനുമുൻപായിഞാനവളെ ഇനി കാണില്ലെന്നുണ്ടോ?’

റ്യൂ സാങ്ഴാക്ക് കയറി അതിർക്കോട്ടയെ ഒരു ഭാഗത്തേക്കു വിട്ടു കുറച്ചുദുരത്തേക്ക് അകത്തെ ഉപനഗരത്തിലൂടെ നടന്നാൽ നിങ്ങൾ റ്യു ദ് ലാസാന്തയിലെത്തുന്നു. ഗ്ലാസിയേറായിൽ; എന്നിട്ട് ഗ്ലോബ്ലാങ് ചെറുപുഴയ്ക്കൽ എത്തുന്നതിനുകുറച്ചുമുൻപായി പാരിസ്സിന്റെ നീണ്ടതും ഏകരീതിയിലുള്ളതുമായ ഉപനഗരച്ചങ്ങലയിൽവെച്ചു വിസ്ദെലിന്ന് [1] ഇരിക്കാൻ തോന്നിപ്പോകുന്നതായി ആകെയുള്ള ആ ഒരേ ഒരു മൈതാനത്തിൽ നിങ്ങൾ ചെല്ലുന്നു.

സൗഭാഗ്യത്തെ ചുറ്റും വീശുന്ന ഒരനിർവചനീയമായ എന്തോ ഒന്ന് അവിടെയുണ്ട്—കാറ്റത്തു കീറത്തുണികൾ പാറിപ്പറക്കുന്നവയും മുറുക്കി വലിച്ചപോലുള്ളവയുമായ വഴികളെക്കൊണ്ട് ഇടമുറിഞ്ഞ ഒരു പച്ചച്ച മൈതാനവും, പതിനെട്ടാമൻ ലൂയിയുടെ കാലത്തുണ്ടാക്കിയതും കള്ളിജനാലകളാൽ അവിടവിടെ തുളയുണ്ടാക്കപ്പെട്ട കൂറ്റൻ മേൽപ്പുരയോടും ഇടിഞ്ഞുപൊളിഞ്ഞ അഴിവേലികളോടും പയൻമരങ്ങളുടെ ഇടയിൽ ഒരു ചെറുകുളത്തോടും സ്ത്രീകളോടും ഒച്ചകളോടും ചിരിയോടും കൂടിയതുമായ ഒരു പഴയ കായ്ക്കറിക്കച്ചവടക്കാരന്റെ വീടും കാണാം; ചക്രവാളത്തിലായി കറുത്തു തടിച്ചു കുറുതായി അത്ഭുതരൂപത്തിൽ നേരംപോക്കു തോന്നുമാറ് അന്തസ്സിൽ സർവ്വദേവമണ്ഡപവും മൂകബധിരന്മാരുടെ ഭവനാഗ്രവും; പിൻഭാഗത്തു നോത്തൃദാംപള്ളിയിലെ ഗോപുരങ്ങളുടെ ഘനഭാവത്തിലുള്ള ചതുരാഗ്രങ്ങളും.

നോക്കിക്കാണേണ്ട ഒരു സ്ഥലമായതുകൊണ്ട് ആരും അങ്ങോട്ടു പോകാറില്ല. ഒരു കാൽമണിക്കുറിനുള്ളിൽ ഒരു വണ്ടി അതിലേ പോയി എന്നുവരില്ല.

ഈ സ്ഥലത്തു കുളത്തിന്നരികിലേക്കായി, സംഗതിവശാൽ, മരിയുസ്സിന്റെ ലാത്തൽ, ആ ദിവസം അവിടെ ഒരപൂർവ്വസംഭവമുണ്ടായി—ഒരു വഴിപോക്കൻ. ആ സ്ഥലത്തിലെ അപരിഷ്കൃതസൗഭാഗ്യം ഏതാണ്ട് ഉള്ളിൽത്തട്ടിയിരുന്ന മരിയുസ് ആ വഴിപോക്കനോടു ചോദിച്ചു: എന്താണ് ഈ സ്ഥലത്തിന്റെ പേര്?

അയാൾ മറുപടി പറഞ്ഞു: ‘ഇതു വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയാണ്.’

അയാൾ തുടർന്നു: ഇവിടെവെച്ചാണ് ഇധ്വിയിലെ ആട്ടിടയത്തിയെ ഉൽബാക്ക് കൊലപ്പെടുത്തിയത്.

പക്ഷേ, വാനമ്പാടിപ്പക്ഷി എന്ന വാക്കിനുശേഷമുള്ളുതൊന്നും മരിയുസ് കേട്ടില്ല. മനോരാജ്യത്തിനിടയിൽ ഒരൊറ്റ വാക്കുകൊണ്ടുണ്ടായിത്തീരുന്ന ഇത്തരം പെട്ടെന്നുള്ള കട്ടപിടിക്കലുകൾ ചിലപ്പോൾ കാണാം. ഒരു വിഷയത്തിനു ചുറ്റുമായി ആലോചന മുഴുവനും പെട്ടെന്നു ചെന്ന് അടിഞ്ഞുകൂടുന്നു; അതിനുപിന്നെ മറ്റു യാതൊന്നും കാണാൻ വയ്യെന്നാവും.

മരിയുസ്സിന്റെ വ്യസനശീലത്തിന്നുള്ള അഗാധതകൾക്കുള്ളിൽ ഉർസൂൽ എന്നപേരിന്റെ സ്ഥാനത്തു വാനമ്പാടിപ്പക്ഷി എന്നായിരിക്കുന്നു. ‘നില്ക്കൂ’ ഇത്തരം നിഗൂഡങ്ങളായ ആത്മഗതങ്ങളുടെ സവിശേഷതയായ ആ വിവേകമറ്റമ്പരപ്പോടുകൂടി അയാൾ പറഞ്ഞു, ‘ഇത് അവളുടെ പുൽത്തകിടിയാണ്. അവൾ താമസിക്കുന്നതെവിടെയാണെന്ന് ഇപ്പോൾ അറിയാം.’

ഇതു കഥയില്ലായ്മതന്നെ; എങ്കിലും അനിവാര്യമാണ്.

അങ്ങനെ ഓരോ ദിവസവും അയാൾ ആ വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലേക്കു ചെന്നു.

കുറിപ്പുകൾ

[1] ഒരു പ്രസിദ്ധനായ ഹോളണ്ടുകാരൻ—ചിത്രകാരൻ, ദ്വിഗ്വിഭാഗങ്ങളെ വരച്ചുകാണിക്കുന്നതിനാലാണു് ഇദ്ദേഹത്തിനു് സവിശേഷസാമർത്ഥ്യം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.