images/hugo-24.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.2.2
കാരാഗൃഹങ്ങളാകുന്ന പൊരുന്നലിൽവെച്ചുള്ള ദുഷ്പ്രവൃത്തികളുടെ ഗർഭപിണ്ഡസംബന്ധിയായ ഉരുണ്ടുകൂടൽ

ഗോർബോ ചെറ്റപ്പുരയിൽവെച്ചു ഴാവേർക്കു കിട്ടിയ ജയം പരിപൂർണ്ണമാണെന്നു തോന്നി; പക്ഷേ, അങ്ങനെയായിരുന്നില്ല.

ഒന്നാമത്—ഇതായിരുന്നു പ്രധാനമായ ഉത്കണ്ഠ—ഴാവേർ തടവുകാരനെതടവുകാരനാക്കിയില്ല. ചാടിപ്പോവുന്ന കൊലപ്പുള്ളി കൊലപാതകിയെക്കാളധികം സംശയിക്കത്തക്കവനാണ്; എന്നല്ല, ആ ഘാതുകന്മാർക്ക് അത്രമേൽ വിലയുള്ള ഒരു സാധനമായിരുന്ന ആ മനുഷ്യൻ ഭരണാധികാരികൾക്ക് ഒട്ടും നന്മകുറഞ്ഞ സമ്മാനമായിരിക്കയില്ല.

പിന്നെ, മൊങ്പർനാസ് ഴാവേറുടെ പിടിയിൽനിന്നു ചാടുകയും ചെയ്തു.

ആ ‘ചെകുത്താന്റെ പച്ചസ്സുന്ദരനെ’ പിടികൂടുവാൻ ഒന്നുകൂടി തഞ്ചം നോക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ മൊങ്പർനാസ് നടക്കാവിലെ മരക്കൂട്ടത്തിനിടയിൽ കാവൽനിന്നിരുന്ന എപ്പൊനൈനെ കണ്ടെത്തി. അച്ഛനുമായി ഘാതുകവേഷം അഭിനയിക്കുന്നതിനേക്കാൾ മകളോടു പച്ചസ്സുന്ദരവേഷം ചൊല്ലിയാടുന്നതാണ് നല്ലതെന്നു നിശ്ചയിച്ചു അവൻ അവളേയുംകൊണ്ടു നടന്നു. ആ ചെയ്തതുനന്നായി. അവൻ തടവിലായില്ല. എപ്പൊനെനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ അവളെ ഴാവേർ പിടിപ്പിച്ചു; ഒരു നിസ്സാരമായ ആശ്വാസം. എപ്പൊനൈൻചെന്നു ലെമദെലോനത്തിലുള്ള അസെൽമയോടുകൂടി.

ഇതിനൊക്കെപ്പുറമെ, ഗോർ ബോവീട്ടിൽ പോകുന്ന വഴിക്കുവെച്ചു ക്ലക്സു കൈയിൽനിന്നു പോയി. ഇതെങ്ങനെപ്പറ്റി എന്നു നിശ്ചയമില്ല; പൊല്ലീസ്സുകാർക്കും പട്ടാളക്കാർക്കും ‘അതെങ്ങനെ എന്നു മനസ്സിലാകുന്നതേയില്ല.’ ആ മനുഷ്യൻഒരു മഞ്ഞിൻപുകയായി വേഷം മാറി. കൈയാമങ്ങൾക്കുള്ളിലൂടെ ഉരസിപ്പോയി, വണ്ടിയുടെ ദ്വാരങ്ങളിലൂടെ ചോർന്നു, വണ്ടി ഒന്നു കിരുകിരുപ്പിച്ച്, ഒരോട്ടം കൊടുത്തു; അവർക്കു ഇതുമാത്രമേ പറയാനുള്ളു—ജയിലിൽച്ചെന്നു നോക്കിയപ്പോൾ ക്ലുക്സു ഇല്ല. യക്ഷികൾക്കോ അല്ലെങ്കിൽ പൊല്ലീസ്സുകാർക്കോ അതിലൊരു കൈയുണ്ട്. വെള്ളത്തിൽ മഞ്ഞുതുള്ളിപോലെ ക്ലക്സു നിഴലുകൾക്കുള്ളിൽ ലയിച്ചു എന്നുണ്ടോ? പൊല്ലീസുകാരുടെ വല്ല കള്ളസഹായവും ഉണ്ടായിരുന്നുവോ? സമാധാനരക്ഷയും സമാധാനലംഘനവുമെന്ന ഇരട്ടക്കടങ്കഥയിൽപ്പെട്ട ഒരാളായിരുന്നുവോ ഈ മനുഷ്യൻ? അതിക്രമവും അമർത്തിനിർത്തലും അവനിൽനിന്നു പുറപ്പെടുന്നുണ്ട് എന്നു വരുമോ? ഈ നരസിംഹരൂപത്തിന്റെ കൈനഖങ്ങൾ ദുഷ്ടപ്രവൃത്തിയിലും കാൽനഖങ്ങൾ ഭരണാധികാരത്തിലുമാണെന്നുണ്ടോ? ഈ ശാപവാക്യങ്ങളെ ഴാവേർ ശരിവെച്ചില്ല; ഈ ന്യൂനപ്രവൃത്തികളുടെ നേരെ അയാളുടെ രോമങ്ങൾകൂടി നിവർന്നുനില്ക്കും. പക്ഷേ, അയാളുടെ സൈന്യത്തിൽ വേറേയും ഇൻസ്പെക്ടർമാരുണ്ടായിരുന്നു; പൊല്ലീസ്സുകച്ചേരിയിലെ ഗുഢസംഗതികളിൽ അവർ അയാളുടെ കീഴിലുള്ളവർതന്നെയാണെങ്കിലും, ഒരു സമയം അവർക്ക് അയാളേക്കാൾ അഭ്യാസം കഴിഞ്ഞിട്ടുണ്ടായിരിക്കും. പിന്നെ ക്ലക്സു അത്രയും തികഞ്ഞ ദുഷ്ടനായിരുന്നതുകൊണ്ട്, അവൻ ഒരെണ്ണംപറഞ്ഞ ഒറ്റുകാരനാവാൻ പറ്റും. അന്ധകാരവുമായി ആവിധം ഇന്ദ്രജാലസംബന്ധിയായ സൗഹാർദ്ദത്തോടുകൂടിയിരിക്കുന്നത് ഘാതുകത്വത്തിന് അസ്സൽകാര്യവും പൊല്ലീസ്സൊറ്റിന് ഒന്നാന്തരം സാഹായ്യവുമാണ്. രണ്ടു വശവും മൂർച്ചയുള്ള ഇത്തരം തെമ്മാടിക്കള്ളന്മാരുണ്ട്. അതെന്തെങ്കിലുമാവട്ടെ, ക്ലക്സു ചാടിപ്പോയി; അവനെ പിന്നെ കണ്ടതുമില്ല. ഈ കാര്യത്തിൽ ഴാവേർക്ക് അത്ഭുതത്തേക്കാളധികം ശുണ്ഠിയാണ് ഉണ്ടായിക്കണ്ടത്. ഒരു സമയം പേടിച്ചുപോയിരിക്കാവുന്ന ആ ‘വക്കീല്ക്കഴുത’യായ മരിയുസ്സിനെ സംബന്ധിച്ചേടത്തോളം—അയാളുടെ പേർ ഴാവേർ മറന്നു—ഴാവേർ അയാളെ വലിയ വിലവെച്ചിരുന്നില്ല. എന്നല്ല, ഒരു വക്കീലിനെ എപ്പോഴുമാവാമല്ലോ നായാടിപ്പിടിക്കുക, പക്ഷേ, അയാൾ ആകപ്പാടെ ഒരു വക്കീലാണോ! വിചാരണ നടന്നു. പത്രോങ്മിനെത്സംഘത്തിലെ ഒരുവനെ, അവൻ ഓരോ ഞായം പറയാൻ തുടങ്ങും എന്ന വിചാരത്തിന്മേൽ, കൂട്ടിലിട്ടടയ്ക്കാതിരിയ്ക്കുന്നതു നന്നെന്നു മജിസ്ട്രേട്ടിനു തോന്നി—അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവൻ ബ്രൂഴോങ്ങാണു്-റ്യു ദ്യപെത്തി-ബൻകിയെയിലെ തലമുടിക്കാരൻ, അവനെ ഷാർൽമേൻമുറ്റത്തു ലാത്തിക്കൊള്ളാൻ വിട്ടു; കാവൽക്കാരുടെ നോട്ടം എപ്പോഴും അവനിലുണ്ടാവും താനും.

ഈ ബ്രൂഴോങ് എന്ന പേർ കാരാഗൃഹത്തിലെ സ്മാരകങ്ങളിലൊന്നാണ്. ‘പുതിയ എടുപ്പ്’ എന്നു പേരുള്ളതും ഭരണാധികാരം സാങ് ബേർനാർ മുറ്റമെന്നു വിളിക്കുന്നതും ഘാതുകന്മാർ ‘സിംഹച്ചാൽ’ എന്നു പറയുന്നതുമായ ആ ഭയങ്കരമുറ്റത്ത്, അടരുകൾകൊണ്ടും കുഷ്ഠവ്യാധികൊണ്ടും നിറഞ്ഞു ലാഫോർസിലെ പ്രഭുമന്ദിരത്തിലെ പുരാതനച്ചെറുപള്ളിയിലേക്കുള്ള ആ തുരുമ്പു പിടിച്ച പഴയ ഇരിമ്പുവാതിലിന്നരികെവെച്ച് മേല്പുരയോളം ഉയർന്നുചെന്നു പിന്നീടു ഘാതുകന്മാരുടെ ഉറക്കുമുറിയിലേക്കു തിരിഞ്ഞുപോകുന്ന മതിലിന്മേൽ പന്ത്രണ്ടു കൊല്ലംമുൻപ് ഒരാണികൊണ്ടു കുത്തിവരച്ചുണ്ടാക്കിയ ഒരുതരം കോട്ടയും അതിനു ചുവട്ടിലായി

ബ്റുഴോങ് 1811

എന്ന് ഒപ്പിട്ടിട്ടുള്ളതും ഇന്നും കാണാം.

1811-ലെ ബ്രുഴോങ് 1832-ലെ ബ്രൂഴോങ്ങിന്റെ അച്ഛനായിരുന്നു.

ഗോർബോവീട്ടിൽവെച്ചു വായനക്കാർ ഒരു നോക്കുമാത്രം കണ്ടിട്ടുള്ള ഈ രണ്ടാമതു പറഞ്ഞയാൾ കാഴ്ചയിൽ അമ്പരപ്പും വ്യസനഭാവവുമുള്ള വലിയ കൗശലക്കാരനും വലിയ സമർത്ഥനുമായ ഒരു ചെറുപ്പക്കാരനാണ്. അവന്റെ ഈ വ്യസനഭാവം കണ്ടിട്ടാണ് കൂട്ടിലിട്ടടയ്ക്കുന്നതിനേക്കാൾ ഷാർൽമേൻമുറ്റത്താക്കിയാൽ അധികം പ്രയോജനമുണ്ടാവുമെന്നു കരുതി അവനെ മജിസ്ട്രേട്ടു വിട്ടയച്ചത്.

നീതിന്യായത്തിന്റെ കൈയിലാണ് നിൽക്കുന്നതെന്നു കണ്ടതുകൊണ്ടു തട്ടിപ്പറിക്കാർ തങ്ങളുടെ ജോലി നിർത്തിക്കളയാറില്ല. അങ്ങനെയുള്ള ഒരു നിസ്സാരകാരണത്തിന്മേൽ അവർ മുഖവും വീർപ്പിച്ചിരിക്കാറില്ല. ഒരു കുറ്റത്തിനു തടവിലായതുകൊണ്ട് മറ്റൊരു കുറ്റം ആരംഭിച്ചുകൂടാ എന്നില്ല. ഒരു ചിത്രം കാഴ്ചസ്ഥലത്തായെങ്കിലും ഉടനെ മറ്റൊരു ചിത്രത്തിന്മേൽ പണിയാരംഭിക്കുന്ന കലാകുശലന്മാരാണ് അവർ.

ബ്രൂഴോങ്ങിനു തടവിൽ വന്നപ്പോൾ ഒരമ്പരപ്പു കയറിയപോലെ തോന്നി.അവൻ ചിലപ്പോൾ ഷാർൽമേൻമുറ്റത്തുള്ള പട്ടാളക്കച്ചവടക്കാരന്റെ ജനാലയ്ക്കുമുൻപിലായി, വെളുത്ത ഉള്ളി 62 സെൻ റൈം [1] എന്നു തുടങ്ങി ചുരുട്ട് 5 സെൻ റൈം എന്നവസാനിക്കുന്ന ആ പിശുക്കു പിടിച്ച സാമാനവിലവിവരപ്പട്ടികയുടെ മേലെ ഒരു പെരുംമന്തനെപ്പോലെ തുറിച്ചുനോക്കിക്കൊണ്ട് അനവധി മണിക്കൂറുകളായി നില്ക്കുന്നതു കാണാം. അല്ലെങ്കിൽ വിറച്ചു, പല്ലുകൾ കൂട്ടിയുരുമ്മിക്കൊണ്ടും തനിക്കു പനിയാണെന്നു പറഞ്ഞും, പനിക്കാർക്കുള്ള കിടപ്പുമുറിയിലെ 28 കട്ടിലുകളിൽ ഏതെങ്കിലും ഒന്നൊഴിവുണ്ടോ എന്നമ്പേഷിച്ചും അങ്ങനെ അവൻ സമയം കഴിക്കും.

പെട്ടെന്ന്, 1832 ഫെബ്രവരി അവസാനത്തോടുകൂടി, ആ ഉറക്കംതൂക്കിയായി നിന്നിരുന്ന ബ്രൂുഴോങ് ജെയിലിലെ ദൂതന്മാർമുഖേന, തന്റെ സ്വന്തം പേരിലല്ല, കൂട്ടുകാരിൽ മുന്നാളുടെ പേരും വെച്ച്, മൂന്നു സന്ദേശങ്ങൾ പുറത്തേക്കയച്ചതായികണ്ടെത്തി. അതിന്നുവേണ്ടി അവന്ന് ആകെ അമ്പതു സൂ ചെലവായി—തടവു മേലധികാരിയുടെ ശ്രദ്ധയെ ആകർഷിക്കത്തക്ക ഒരു വല്ലാത്ത തുക.

അന്വേഷണമായി, തടവുപുള്ളികളുടെ മുറിയിൽ തൂക്കിയിട്ടുള്ള സന്ദേശപ്പീസ്സുവിവരപ്പട്ടിക, പരിശോധിച്ചതിൽ ആ അമ്പതു സൂവും ഇന്നവിധമാണ് ചെലവായിട്ടുള്ളതെന്ന് അറിവുകിട്ടി. മൂന്നു സന്ദേശങ്ങൾ: ഒന്ന് പങ്തിയോവിലേക്ക്. പത്തു സൂ; ഒന്നു വാൽ-ദ്-ഗ്രാസ്സിലേക്ക്, പതിനഞ്ചു സൂ; ഒന്നു ബരിയെർദ് ഗ്രെനലെക്ക്. ഇരുപത്തഞ്ചു സൂ. ഈ ഒടുവിലത്തതാണ് കടന്ന പീസ്സായത്. അപ്പോൾ പങ്തിയോവിലും വാൽ ദ് ഗാസിലും ബരിയെർ ദ് ഗ്രെനെലിലുമാണ് വളരെ ഭയങ്കരന്മാരായ മൂന്നു ഘാതുകന്മാർ-ബിസാമൊ എന്നുകൂടി പേരുള്ള ക്രുവിദ്നെയർ ഒരു തടവുപുള്ളിയായിരുന്ന ഗ്ലൊരിയേ ബർ-കമോസ്റ്റ് എന്നിവർ—ഉണ്ടായിരുന്നത്. ഈ സംഭവംകാരണം അവരെ മൂന്നുപേരെപ്പറ്റിയും പൊല്ലീസ്സന്വേഷണം തുടങ്ങി. ഇവർ പത്രോങ് മിനെത്തിലെ അംഗങ്ങളായിരിക്കണമെന്നു തീർച്ചയാക്കി; ആ കൂട്ടത്തിൽപ്പെട്ട ബബെ ഗ്വെൽമെർ എന്നിവരെ പിടിച്ചിരിക്കുന്നു. വീടുകളിലേക്കല്ലാതെ. തെരുവിൽ കാത്തുനില്ക്കുന്ന ആളുകൾക്കായിരുന്ന ആ സന്ദേശത്തിൽ എന്തോ ആലോചിച്ചിട്ടുള്ള ദുഷ്പ്രവൃത്തിയെപ്പറ്റി പറഞ്ഞിട്ടുണ്ടായിരിക്കണമെന്ന് ഊഹിക്കപ്പെട്ടു. വേറെയും അവർക്കു സൂചനകൾ കിട്ടി; തെരുവിൽ ചുറ്റിപ്പറ്റി നിൽക്കുന്ന മൂന്നുപേരെ അവർ പിടികൂടി: ബ്രൂഴോങ്ങിന്റെ കള്ളപ്പണികളിൽ ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ അവരും പങ്കുണ്ടെന്നു നിശ്ചയിച്ചു.

ഈ പ്രവൃത്തികളെല്ലാം ചെയ്തുകഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്കുശേഷം ഒരു ദിവസം രാത്രി പുതിയ എടുപ്പിലെ താഴത്തെ ഭാഗത്തുള്ള ശയനസ്ഥലം പരിശോധിച്ചിരുന്ന ഒരു പാറാവുതലയാളി പെട്ടിയിൽ ‘ചെസ്നട്ടു’കായ ഇടാൻ തുടങ്ങുമ്പോൾ—പാറാവുകാർ കണിശമായി പ്രവൃത്തി നടത്തി എന്നു തീർച്ചപ്പെടുത്തുവാൻ വെച്ചിട്ടുള്ള ഒരു ചട്ടമായിരുന്നു ഇത്; ശയനസ്ഥലങ്ങളുടെയെല്ലാം വാതിൽക്കൽ ആണിക്കിട്ടുറപ്പിച്ചിട്ടുള്ള പെട്ടികളിൽ മണിക്കൂർതോറും ഓരോ ചെസ്നട്ടു കായയിടണം—ശയനസ്ഥലത്തിന്റെ ഒരു നോട്ടപ്പഴുതിലൂടെ സൂക്ഷിച്ചുനോക്കി ബ്രൂഴോങ് തന്റെ കിടപ്പുസാമാനത്തിലിരുന്നു ‘ഹാൾ’ വിളക്കിന്റെ വെളിച്ചത്ത് എന്തോ എഴുതിയിരുന്നതായി കണ്ടു. ജെയിൽസൂക്ഷിപ്പുകാരൻ അകത്തേക്കു ചെന്നു; ബ്രൂഴോങ്ങിന്ന് ഒരു മാസത്തെ ഏകാന്തതടവു കിട്ടി; പക്ഷേ, അവൻ എഴുതിയിരുന്നതു കൈയിലാക്കാൻ അവരെക്കൊണ്ടു കഴിഞ്ഞില്ല. അതിനുശേഷം യാതൊരു വിവരവും പൊല്ലീസ്സുകാർക്കു കിട്ടിയിട്ടില്ല.

പിറ്റേദിവസം രാവിലെ ഷാർൽമേൻമുറ്റത്തുനിന്നു ‘സിംഹച്ചാലി’ ലേയ്ക്കുരണ്ടു മുറ്റങ്ങളും തമ്മിൽ വേർതിരിക്കുന്ന അഞ്ചു നിലയെടുപ്പിന്റെ മുകളിലൂടെ ഒരു ‘സാരഥി’ വലിച്ചെറിയപ്പെട്ടു എന്നുള്ളതു തീർച്ചയാണ്.

തടവുപുള്ളികൾ ‘സാരഥി’ എന്നു പറഞ്ഞുവരുന്നത് ഒര; മുറ്റത്തുനിന്നു മറ്റൊരു മുറ്റത്തേക്കായി, ഐർലാണ്ടിലേക്ക്. എന്നുവെച്ചാൽ ഒരു ജെയിലിന്റെ മേൽപ്പുരയ്ക്കു മുകളിലൂടെ, അയയ്ക്കപ്പെടുന്ന കൗതുകകരമായി നിർമ്മിക്കപ്പെട്ട ഒരു അപ്പപ്പൊതിയാണ്. ശബ്ദശാസ്ത്രം: ഇംഗ്ലണ്ടിനു മുകളിലൂടെ; ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക്; ഐർലാണ്ടിലേക്ക്. ഈ ചെറിയ അപ്പപ്പൊതി മുറ്റത്തുചെന്നു വീഴുന്നു. അതു കൈയിലെടുക്കുന്നവൻ തുറന്നുനോക്കി അതിനുള്ളിൽ ഒരു തടവുപുള്ളിക്കുള്ള ഒരു കുറിപ്പു കാണുന്നു. ആ നിധി കണ്ടെത്തുന്നത ഒരു തടവുപുള്ളിയാണെങ്കിൽ അവൻ ആ കുറിപ്പ് അതെത്തേണ്ട ദിക്കിൽ എത്തിക്കുന്നു; അതൊരു പാറാവുകാരനോ, അല്ലെങ്കിൽ ജെയിലുകളിൽ ‘ആടുകൾ’ എന്നും തണ്ടുവലിശ്ശിക്ഷാസ്ഥലങ്ങളിൽ ‘കുറുക്കന്മാർ’ എന്നും പറയപ്പെടുന്നവരായി ഉപായത്തിൽ ഭരണാധികാരത്തിലേക്കു വില്ക്കപ്പെട്ടിട്ടുള്ള തടവുപുള്ളികളിൽ ഒരുവനോ ആണെങ്കിൽ അതെടുത്ത് ആപ്പീസ്സിൽ കൊണ്ടുകൊടുക്കുകയും ഉടനെ അതു പൊല്ലീസ്സുകാരുടെ കൈയിൽ എത്തിക്കപ്പെടുകയും ചെയുന്നു.

ഇക്കുറി, ‘സാരഥി’ അതിന്റെ മേൽവിലാസക്കാരന്റെ കൈയിൽ, അവൻ തൽക്കാലം ഏകാന്തതടവിലായിരുന്നുവെങ്കിലും, എത്തിച്ചേർന്നു. ഈ മേൽവിലാസക്കാരൻ ബബെയല്ലാതെ മറ്റാരുമല്ല— പത്രൊങ്മിനെത്തിലെ നാലു തലവന്മാരിൽ ഒരുവൻ.

‘സാരഥി’യിൽ ഈ രണ്ടു വരിമാത്രം എഴുതിയിട്ടുള്ള ഒരു കടലാസ്സുചുരുളുണ്ടായിരുന്നു;—‘ബബെ, റ്യൂ പ്ളുമെയിൽ ഒരു കാര്യമുണ്ട്! ഒരു തോട്ടത്തിൽ ഒരു പടിവാതിൽ.

ഇതാണ് തലേദിവസം രാത്രി ബ്രുഴോങ് എഴുതിയിരുന്നത്.

പുരുഷന്മാരും സ്ത്രീകളുമായ പരിശോധകരിരുന്നാലും, ബബെ ഈ കത്തു ലാഹോർസിൽനിന്നു സാൽപ്രെതിയേറിലേക്ക് അവിടെ ബന്ധനത്തിലുള്ള തന്റെ ‘കൊള്ളാവുന്ന സുഹൃത്തിന്’ എങ്ങനെയോ എത്തിച്ചു. ഈ സ്ത്രീ ആ കത്തെടുത്തു തനിക്കു പരിചയമുള്ള മറ്റൊരു സ്ത്രീക്കും പൊല്ലീസ്സുകാർ കലശലായി സംശയിച്ചുവരുന്നുണ്ടെങ്കിലും പിടിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു മഞോവിന് എത്തിച്ചുകൊടുത്തു. വായനക്കാർ കണ്ടുകഴിഞ്ഞിട്ടുള്ളവിധം ഈ മഞോ തെനാർദിയെൽക്കുടുംബവുമായി ബന്ധപ്പെട്ടവളാണു്—ഇതിനെപ്പറ്റി വഴിയേ വിവരിക്കും; എപ്പൊനൈനെ കാണാൻ ചെല്ലുന്നതോടുകുടി അവൾക്കു സാൽപ്പെത്രിയേറിൽ നിന്നുലെ മദെലോനെത്തിലേക്ക് ഒരു പാലമിടാൻ സാധിച്ചു.

സംഗതിവശാൽ, ഇതോടൊപ്പംതന്നെ തെനാർദിയെരെക്കുറിച്ചുണ്ടായ വിചാരണയിൽ, രണ്ടു പെൺമക്കളുടേയും കാര്യത്തിൽ തെളിവുകളൊന്നും മതിയാവാത്തതുകൊണ്ട് എപ്പൊനൈനേയും അസെൽമയേയും ജെയിലിൽനിന്നു പുറത്താക്കി. എപ്പൊനൈൻ പുറത്തെത്തിയ ഉടനെ, മദെലോനെത്തിലെ പടിവാതിൽക്കാവൽക്കാരിയായിരുന്ന മഞോ ആ കാര്യത്തിൽ വേണ്ടതെല്ലാം പ്രവർത്തിക്കുവാൻ അവളെ ചുമതലപ്പെടുത്തി.

എപ്പൊനൈൻ റ്യൂ പ്ളുമെയിൽ ചെന്നു, പടിവാതിലും തോട്ടവും കണ്ടുമനസ്സിലാക്കി, വീടു നോക്കിയറിഞ്ഞു, ഒറ്റു നിന്നു, പതുങ്ങിക്കൂടി. കുറച്ചുദിവസത്തിനുള്ളിൽ അവൾ ഒരു ബിസ്കോത്ത് മഞോവിനു കൊണ്ടു കൊടുത്തു; മഞോ അതിനെ സാൽപ്രെതിയേറിലുള്ള ബബെയുടെ ഉപപത്നിക്ക് എത്തിച്ചുകൊടുത്തു. കാരാഗൃഹങ്ങളിലെ അന്ധകാരമടഞ്ഞ ചിഹ്നവ്യവസ്ഥപ്രകാരം ഒരു ബിസ്കോത്തിന്റെ അർത്ഥം ‘നിവൃത്തിയില്ല’ എന്നാണ്.

അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ലാഫോർസിലെ വളപ്പിൽവെച്ച് ഒരാൾ പരിശോധനയക്കു പോകയും മറ്റാൾ പരിശോധന കഴിഞ്ഞു വരുകയും ചെയ്യുന്ന സമയത്തു ബ്രൂഴോങ് ബബെയെ കണ്ടപ്പോൾ—‘അപ്പോൾ’ ബ്രുഴോങ്. ചോദിച്ചു: ‘റ്യു പ്ലു?’

‘ബിസ്കോത്ത്,’ ബബെ മറുപടി പറഞ്ഞു, അങ്ങനെ ലാഫോർസിൽവെച്ചു ബ്രുഴോങ് ഉണ്ടാക്കിത്തീർത്ത ദുഷ്പ്രവൃത്തി ഗർഭത്തിൽ അലസിപ്പോയി.

എന്തായാലും ഈ ഗർഭമലസലിൽനിന്നു ഫലമുണ്ടായി. ബ്രൂഴോങ്ങിന്റെ യുക്തിക്കു നേരേവിപരീതമായിരുന്നു അത് എന്നുമാത്രം. ആ ഫലം എന്താണെന്നു വായനക്കാർക്കു കാണാം.

ഒരു ചരടു കുടുക്കുകയാണെന്നു നാം വിചാരിക്കുന്ന പല സമയത്തും കെട്ടു പിണയുന്നതു മറ്റൊരു ചരടായിരിക്കും.

കുറിപ്പുകൾ

[1] ഒരു ഫ്രാങ്കിന്റെ നൂറിൽ ഒരു ഭാഗം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.