images/hugo-25.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.3.2
ഒരപൂർവ്വക്കാഴ്ചയെപ്പറ്റി വിവരിക്കാൻ മദർ പ്ളുത്താർക്കിന് ഒരു പ്രയാസവുമുണ്ടായില്ല

ഒരു ദിവസം വൈകുന്നേരം ഗവ്രോഷ് കുട്ടിക്കു ഭക്ഷണത്തിനു യാതൊന്നുമുണ്ടായിരുന്നില്ല; തലേ ദിവസവും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവന്നോർമ്മവന്നു; ഇതു മുഷിപ്പനായിത്തുടങ്ങി. എന്തെങ്കിലും ഒരത്താഴം കിട്ടുമോ എന്നു നോക്കണമെന്ന് അവനുറച്ചു. സാൽപെന്ത്രിയേർ വിട്ട് അവൻ ആൾപ്പാർപ്പില്ലാത്തേടങ്ങളിലേക്ക്—എന്നുവെച്ചാൽ, അപ്രതീക്ഷിത ഭാഗ്യങ്ങൾ കണ്ടെത്തുന്നേടത്തേക്ക്—ഇറങ്ങി; യാതൊന്നുമില്ലാത്തേടത്ത് എപ്പോഴും എന്തെങ്കിലുമൊന്നുണ്ടാവും. അവൻ ഒരിടത്തെത്തി; അത് ഓസ്തെർലിത്സ് ഗ്രാമമാണെന്നു തോന്നി.

പണ്ടത്തെ വിനോദസഞ്ചാരങ്ങളിലൊന്നിൽ, അവിടെ ഒരു കിഴവനും കിഴവിയും ചുറ്റിനടക്കുന്നതും ഒരു കൊള്ളാവുന്ന ആപ്പിൾമരമുള്ളതുമായ ഒരു പഴയ തോട്ടം അവൻ കണ്ടുവെച്ചിരുന്നു. ആ ആപ്പിൾമരത്തിനടുത്ത് ഒരുതരം കായ്കറിസ്സൂക്ഷിപ്പു സ്ഥലമുണ്ട്; അതു വലിയ നിഷ്കർഷയിൽ പൂട്ടിയിടാറില്ല; അതിൽനിന്ന് ഒരാപ്പിൾപഴം വല്ലവിധവും കൈയിലാക്കാം. ഒരാപ്പിൾപഴം ഒരത്താഴമാണ്; ഒരാപ്പിൾ പഴം ആയുസ്സാണ്. ആദാമിന്റെ നാശത്തിനു കാരണമായതെന്തോ അതു ഗവ്രോഷിന്റെ രക്ഷയ്ക്കു കാരണമായി എന്നുവരാം. ഏകാന്തമായി, കൽവിരിയില്ലാതെ, വീടുകളുടെ വരവു കാത്തിരിക്കുന്നതിനിടയ്ക്കു കുറ്റിക്കാടുകൊണ്ടു വക്കുകരവെയ്ക്കപ്പെട്ടതായിട്ടുള്ള ഒരു കുറുക്കുവഴി തൊട്ടാണ് ആ തോട്ടത്തിന്റെ നില; അതിനെ ആ വഴിയുമായി ഒരു വേലി വേർതിരിക്കുന്നു.

ഗവ്രോഷ് ആ തോട്ടത്തിനു നേർക്കു നടന്നു; അവൻ ആ ഇടവഴി കണ്ടു, തന്റെ ആപ്പിൾമരം കണ്ടു, കായ്കറിസ്സൂക്ഷിപ്പുസ്ഥലം കണ്ടറിഞ്ഞു, വേലി പരിശോധിച്ചു നോക്കി; ഒരു വേലി എന്നുവെച്ചാൽ ഒരു കാൽവെപ്പു മാത്രമാണ്. നേരം സന്ധ്യയാവുന്നു; ഒരു പൂച്ചയെങ്കിലും ഇടവഴിയിലില്ല; കൊള്ളാവുന്ന മുഹൂർത്തം. ഗവ്രോഷ് വേലി ചാടിക്കടക്കുക എന്ന പ്രയോഗം തുടങ്ങി; പെട്ടെന്നു നിന്നു. തോട്ടത്തിൽ വെച്ച് ആരോ സംസാരിക്കുന്നുണ്ട്, വേലിമേലുള്ള ഒരു വലിയ വിടവിലൂടെ ഗവ്രോഷ് പതുങ്ങിനോക്കി.

ഒരു രണ്ടടി ദൂരത്തു, വേലിയുടെ അടുത്തു ചുവട്ടിൽ, ചാടിക്കടക്കാൻ അവൻ ഒരു പഴുതാലോചിച്ചിരുന്നത് എവിടെയോ, ശരിക്കവിടെത്തന്നെ, ഒരു ബെഞ്ചിന്റെ ഛായയിൽ ചാരിയിരിക്കാവുന്നവിധം ഒരു കല്ലു കിടന്നിരുന്നു; ആ ബെഞ്ചിന്മേൽ തോട്ടത്തിന്റെ ഉടമസ്ഥനായ കിഴവൻ ഇരിക്കുന്നു; അയാളുടെ മുൻപിലായി ആ കിഴവി നില്ക്കുന്നുണ്ട്. ആ കിഴവി പിറുപിറുക്കുകയാണ്. വലിയ വിവേകിയല്ലാത്ത ഗവ്രോഷ് ചെവിയോർത്തു.

‘മൊസ്യു മബേ!’ ആ കിഴവി പറയുന്നു.

‘മബേ!’ ഗവ്രോഷ് വിചാരിച്ചു, ‘ആ പേർ ഒരൊന്നാന്തരം പൊറാട്ടുനാടകമാണ്.’

ആവിധം വിളിക്കപ്പെട്ട വൃദ്ധൻ അനങ്ങിയില്ല. വൃദ്ധ ആവർത്തിച്ചു: ‘മൊസ്യു മബേ!’

കീഴ്പോട്ടു നോക്കിയിരുന്ന നോട്ടം പൊന്തിക്കാതെ കിഴവൻ മറുപടി പറയാൻ നിശ്ചയിച്ചു: ‘എന്താ വേണ്ടത്, മദർ പ്ളുത്താർക്ക്!’

‘മദർ പ്ളുത്താർക്ക്!’ ഗവ്രോഷ് വിചാരിച്ചു, ‘മറ്റൊരു പൊറാട്ടുനാടകപ്പേര്.’

മദർ പ്ളുത്താർക്ക് പിന്നെയും ആരംഭിച്ചു; വൃദ്ധന്ന് ആ സംഭാഷണത്തിൽ ചേരാതെ നിവൃത്തിയില്ലെന്നായി: ‘വീട്ടുടമസ്ഥൻ മുഷിഞ്ഞിരിക്കുന്നു.’

‘എന്തിന്?’

‘നമ്മൾ ഒമ്പതു മാസത്തെ വാടക കൊടുക്കാനുണ്ട്.’

‘മൂന്നുമാസം കൂടിയാൽ, ഒരു കൊല്ലത്തെ വാടക ബാക്കിയാവും.’

‘ഇന്നു നിങ്ങൾക്കു പുറത്തു കിടന്നുറങ്ങേണ്ടിവരുമെന്ന് അയാൾ പറയുന്നു.’

‘അങ്ങനെ ചെയ്യും.’

‘വിറകുകാരിക്കു പണം കിട്ടിയേ കഴിയൂ എന്നു ശാഠ്യം പിടിക്കുന്നു. അവൾ ഇനി ഇവിടെ വിറകിട്ടുപോവില്ല. ഈ മഴക്കാലത്തു നിങ്ങൾ എന്തെടുത്തു തീക്കായും? നമുക്കു വിറകുണ്ടാവില്ല.’

‘സൂര്യനുണ്ട്.’

‘കശാപ്പുകാരൻ ഇനി കടം തരില്ലെന്നു പറയുന്നു; അയാൾ ഇനി നമുക്കു മാംസം തരില്ല.’

‘വളരെ ശരിയാണ്. എനിക്കു മാംസം വേണ്ടപോലെ ദഹിക്കുന്നില്ല. അതിനു ബഹു ഗുരുത്വം.’

‘നമ്മൾ എന്തെടുത്തു ഭക്ഷിക്കും?’

‘അപ്പം.’

‘അപ്പക്കാരന്നു സംഖ്യ തീർത്തു കിട്ടണം; അയാൾ പറയുന്നു, പണമില്ല, അപ്പവുമില്ല.’

‘അതു നന്ന്.’

‘നിങ്ങൾ എന്തു കഴിക്കും?’

‘ആപ്പിൾക്കലവറയിൽ ആപ്പിൾപഴമുണ്ട്.’

‘പക്ഷേ, മൊസ്യു, പണമില്ലാതെ നമുക്കു കഴിഞ്ഞുകൂടാൻ വയ്യാ.’

‘എന്റെ കൈയിലില്ല.’

കിഴവി പോയി; കിഴവൻ തനിച്ചായി. അയാൾ മനോരാജ്യത്തിൽ ചാടി. ഗവ്രോഷും ആലോചനയിൽപ്പെട്ടു. നേരം ഏതാണ്ട് ഇരുട്ടായി.

ഗവ്രോഷിന്റെ ആലോചനയിൽനിന്നുണ്ടായ ഒന്നാമത്തെ ഫലം ഇതാണ്: വേലി കയറിക്കടക്കുന്നതിനു പകരം അവൻ അതിന്റെ ചുവട്ടിലൂടെ നൂണു. കുറ്റിക്കാട്ടിന്റെ അടിയിൽ ചില്ലകൾ ഒന്നകന്നു നിന്നിരുന്നു.

‘ആട്ടെ,’ ഗവ്രോഷ് മനസ്സുകൊണ്ട് ഉച്ചത്തിൽ പറഞ്ഞു, ‘ഇവിടെ ഇതാ ഒരിടുക്ക്!’ അവൻ അതിലേക്കു ചുരുണ്ടു. അവന്റെ പുറം മബേയുടെ ബെഞ്ചുമായി ഏതാണ്ടു തൊടുകതന്നെ ചെയ്തു. ആ എൺപതു വയസ്സുകാരൻ ശ്വാസം കഴിക്കുന്നത് അവന്നു കേൾക്കാമായിരുന്നു.

അപ്പോൾ ഭക്ഷണം കഴിക്കുകയുണ്ടായതുപോലെ, മബേ ഉറങ്ങാൻ ശ്രമിക്കയാണ്.

ഒരു കണ്ണു തുറന്നുംകൊണ്ടുള്ള ഒരു പൂച്ചമയക്കമായിരുന്നു അത്. അയാൾ മയങ്ങുമ്പോൾ, ഗവ്രോഷ് കാവൽ നിന്നു.

ആകാശത്തിന്റെ സന്ധ്യാരാഗം ഭൂമിയെ ഒന്നോപ്പമിട്ടു; ഇരുണ്ട രണ്ടു വരി കുറ്റിക്കാടുകൾക്കിടയിലൂടെ ഇടവഴി ഒരു വെള്ളവരയായിത്തീർന്നു.

പെട്ടെന്ന് ആ നരച്ച നാടയിൽ രണ്ടു സ്വരൂപങ്ങൾ ആവിർഭവിച്ചു. ഒന്നു മുൻപിലും, മറ്റതു പിന്നിൽ കുറച്ചു ദൂരത്തും.

‘അതാ, രണ്ടെണ്ണമുണ്ട് വരുന്നു,’ ഗവ്രോഷ് മന്ത്രിച്ചു.

ആദ്യത്തെ സ്വരൂപം പ്രായം ചെന്ന ഒരിടത്തരപ്രമാണിയുടേതാണ്; സാധാരണക്കാരുടേതിൽ നിന്നു ഭേദപ്പെട്ട ഉടുപ്പിട്ട അയാൾ ഒന്നകത്തോട്ടു വളഞ്ഞ് ആലോചനയിൽ മുങ്ങിയുംകൊണ്ടാണ്; പ്രായംകൊണ്ടു പതുക്കെയേ നടന്നിരുന്നുള്ളൂ. അയാൾ വൈകുന്നേരം തുറസ്സുസ്ഥലങ്ങളിൽ ലാത്താൻ ഇറങ്ങിയതാണ്.

രണ്ടാമത്തേതു നിവർന്ന്, ഉറച്ചുരണ്ടു, മെലിഞ്ഞ ഒന്നാണ്. ആദ്യത്തതിന്റെ കാൽവെപ്പനുസരിച്ചു രണ്ടാമത്തതു തന്റെ നടത്തം ക്രമപ്പെടുത്തിയിരുന്നു. പക്ഷേ, കല്പിച്ചുകൂട്ടി പതുക്കെയാക്കിയ അതിന്റെ നടത്തത്തിൽ, ചപലതയും ചുറുചുറുക്കും വെളിപ്പെട്ടിരുന്നു. ആ സ്വരൂപത്തിൽ ക്രൂരവും അസ്വസ്ഥവുമായ എന്തോ ഒന്നുകൂടിയുണ്ട്. ആകൃതി ആകപ്പാടെ ഒരു രസികൻ എന്നു പറയപ്പെടാറുള്ളതിന്റെ മട്ടിലാണ്; തൊപ്പിക്കു ചന്തമുണ്ട്; കുപ്പായം കറുത്തിട്ടാണ്; അതിന്റെ വെട്ടുന്നത്; ഒരു സമയം തുണിയും മേത്തരംതന്നെ; അരയ്ക്കുവെച്ച് അതു നല്ലവണ്ണം കുടുങ്ങിക്കിടക്കുന്നുമുണ്ട്. ആരോഗ്യപരമായ ഒരുതരം അന്തസ്സോടുകൂടി തല ഉയർത്തിപ്പിടിച്ചിരിക്കുന്നു; തൊപ്പിയുടെ താഴത്തായി ഒരു ചെറുപ്പക്കാരന്റെ വിളർത്ത മുഖം മങ്ങിയ നാട്ടുവെളിച്ചത്തു കാണാമായിരുന്നു. ആ മുഖാകൃതിയുടെ വായയിൽ ഒരു പനിനീർപ്പൂവുണ്ട്. ഈ രണ്ടാംസ്വരൂപം ഗവ്രോഷിനു സുപരിചിതമാണ്; അതു മൊങ്പർനാസ്സായിരുന്നു.

മറ്റേ ആളെപ്പറ്റി ഗവ്രോഷിനു യാതൊന്നും പറയാൻ വയ്യാ; ഒന്നു മാത്രം, ഒരു മാന്യനായ വൃദ്ധനാണ്.

ഗവ്രോഷ് ക്ഷണത്തിൽ കാര്യം നോക്കി മനസ്സിലാക്കാൻ തുടങ്ങി.

ആ രണ്ടു കാൽനടക്കാരിൽ ഒരാൾക്കു മറ്റാളെസ്സംബന്ധിച്ചു പ്രത്യക്ഷത്തിൽ ഒരുദ്ദേശ്യമുണ്ട്. എന്തുതന്നെയും നോക്കിയറിയാൻ ഗവ്രോഷിന്റെ നില പറ്റിയതായിരുന്നു. ഒരു വേണ്ട സമയത്തു കിടപ്പറ ഒളിസ്ഥലമായി മാറി.

ആ സമയത്തും, ആ സ്ഥലത്തും, നായാടിച്ചെല്ലുന്ന മൊങ്പർനാസ് അപായകരമായ ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. തെമ്മാടിച്ചെക്കന്റേതായ തന്റെ ഉള്ള് ആ വയസ്സന്റെ മേലുള്ള അനുകമ്പകൊണ്ട് ഇളകുന്നതായി ഗവ്രോഷിനു തോന്നി.

അവൻ എന്തു ചെയ്യണം? തടുത്താലോ? ഒരശക്തി മറ്റൊരശക്തിയെ സഹായിക്കാൻ ചെല്ലുക. മൊങ്പർനാസിന് അതൊരു നേരമ്പോക്കു മാത്രമാവും. ഒന്നാമതായി ആ കിഴവനും പിന്നെ ഈ കുട്ടിയുംകൂടി ആ പതിനെട്ടു വയസ്സുള്ള ഭയങ്കരഘാതുകന്നു രണ്ടു വായയ്ക്കുമാത്രമുണ്ടാവും എന്ന വാസ്തവം ഗവ്രോഷ് കാണാതിരുന്നില്ല.

ഗവ്രോഷ് ആലോചിക്കുന്നതിനിടയ്ക്കു, പെട്ടെന്നും ഭയങ്കരമായും അതാചാടലും പിടിക്കലും കഴിഞ്ഞു. കാട്ടുകഴുതയുടെ മേലേക്കുള്ള നരിയുടെ ചാട്ടം; ഈച്ചയുടെ മേലേക്കുള്ള എട്ടുകാലിയുടെ ചാട്ടം. മൊങ്പർനാസ്, ക്ഷണത്തിൽ, തന്റെ പനിനീർപ്പൂവ് ഒരേറെറിഞ്ഞു. കിഴവന്റെ നേർക്കു ചാടി, കഴുത്തുപട്ടമേൽ പിടികൂടി, മുറുകെ പിടിച്ചു തൂങ്ങി. ഗവ്രോഷ് ഒരു നിലവിളി അമർത്തിയതു ബുദ്ധിമുട്ടിയിട്ടാണ്. ഒരു നിമിഷം കഴിഞ്ഞപ്പോഴേക്ക് ഒരാൾ മറ്റാളുടെ താഴെ ഞെരങ്ങിക്കൊണ്ടും പിടഞ്ഞുകൊണ്ടും മാറത്ത് ഒരു വെണ്ണക്കല്ക്കാൽമുട്ടോടുകൂടിയും കിടപ്പായി. ഒന്നുമാത്രം, ഗവ്രോഷ് ഊഹിച്ചവിധത്തിൽത്തന്നെയായിരുന്നില്ല അത്. നിലത്തു കിടന്നിരുന്ന ആൾ മൊങ്പർനാസ്സാണ്; മീതെയുണ്ടായിരുന്ന ആൾ ആ കിഴവനും. ഇതെല്ലാം ഉണ്ടായത് ഗവ്രോഷിന്റെ കുറച്ചടി മാത്രം അകലെവെച്ചാണ്.

ആദ്യം വൃദ്ധൻ ഒന്നു ഞെട്ടി, ഉടനെ അങ്ങോട്ടു പിടികൂടി; അത് അത്രയും ഭയങ്കരമട്ടിലായിരുന്നതുകൊണ്ട് ഒരു ഞൊടിക്കുള്ളിൽ, എതിർത്തവനും എതിർക്കപ്പെട്ടവനും തമ്മിൽ നിലമാറി, ഇതാണുണ്ടായത്.

‘ഇതാ ഒരൊന്നാന്തരം പഴമക്കാരൻ’, ഗവ്രോഷ് വിചാരിച്ചു.

കൈ കൊട്ടാതിരിക്കാൻ അവനെക്കൊണ്ടു കഴിഞ്ഞില്ല. പക്ഷേ, അതു വൃഥാചെലവായ ഒരഭിനന്ദനമായി. അന്യോന്യമുള്ള പിടിച്ചമർക്കലിലെ ശ്വാസംമുട്ടലിൽ മതിമറന്നും ചെവിയടച്ചുമിരുന്ന ആ ദ്വന്ദ്വയുദ്ധക്കാർ അതു കേട്ടില്ല.

നിശ്ശബ്ദം, മൊങ്പർനാസ് അനങ്ങാതായി, ഗവ്രോഷ് ഈ ആത്മഗതം പുറപ്പെടുവിച്ചു: ‘അയാൾ തീർന്നുവോ?’

ആ കൊള്ളാവുന്ന കിഴവൻ ഒരക്ഷരമെങ്കിലും മിണ്ടുകയോ ഒരു നിലവിളിയെങ്കിലും പുറപ്പെടുവിക്കുകയോ ചെയ്തില്ല. അയാൾ എണീറ്റു നിന്നു; അയാൾ മൊങ്പർനാസ്സോട് ഇങ്ങനെ പറയുന്നതു കേട്ടു: ‘എണീയ്ക്കൂ!’

മൊങ്പർനാസ്സ് എണീറ്റു; പക്ഷേ, ആ കൊള്ളാവുന്നാൾ മുറുകെപ്പിടിച്ചിരുന്നു. ഒരാടിനാൽ പിടിച്ചുനിർത്തപ്പെട്ട ഒരു ചെന്നായയുടെ അവമാനിതവും അതിക്രൂരവുമായ നിലയായിരുന്നു മൊങ്പർനാസ്സിന്റേത്.

ഗവ്രോഷ് നോക്കിനിന്നു ചെവിയോർത്തു; ചെവികളെക്കൊണ്ടു കണ്ണിനു ബലം കൂട്ടാൻ ശ്രമിച്ചു. അവന്നു ബഹുരസം പിടിച്ചു.

ഒരു കാഴ്ചക്കാരൻ എന്ന നിലയ്ക്കുള്ള അവന്റെ ആന്തരമായ ഉത്കണ്ഠയ്ക്കു ഫലം കിട്ടി. അന്ധകാരത്തിൽനിന്ന് അനിർവചനീയമായ ഒരു കരുണ സ്വരത്തെ കടം വാങ്ങിയിരുന്ന ഒരു സംഭാഷണത്തിന്റെ ചിറകിന്മേൽ പിടികൂടുവാൻ അവന്നു കഴിഞ്ഞു. ആ കൊള്ളാവുന്നാൾ ചോദിച്ചു. മൊങ്പർനാസ്സ് മറുപടി പറഞ്ഞു.

‘എത്ര വയസ്സായി?’

‘പത്തൊമ്പത്.’

‘നിങ്ങൾക്കു നല്ല ശക്തിയും ആരോഗ്യവുമുണ്ടല്ലോ. എന്തുകൊണ്ട് പ്രവൃത്തിയെടുക്കുന്നില്ല?’

‘എനിക്കതു മുഷിപ്പനാണ്.’

‘നിങ്ങളുടെ ഉദ്യോഗമെന്ത്?’

‘വെറുതെയിരിക്കൽ.’

‘കാര്യം പറയൂ. നിങ്ങൾക്കു വല്ലതും ചെയ്തുതരേണ്ടതുണ്ടോ? എന്തുദ്യോഗക്കാരനാവാനാണ് ഇഷ്ടം?’

‘ഒരു കള്ളൻ.’

ആരും ഒന്നും മിണ്ടിയില്ല. വൃദ്ധൻ എന്തോ അഗാധമായ ചിന്തയിൽ മുങ്ങിപ്പോയതുപോലെ തോന്നി. അയാൾ അനങ്ങാതെ നിന്നു; മൊങ്പർനാസ്സിന്റെ മേലുള്ള പിടുത്തം വിട്ടില്ല.

ഓരോ നിമിഷത്തിലും, ആ ശക്തിയും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരൻ ഘാതുകൻ കെണിയിൽപ്പെട്ട ഒരു കാട്ടുമൃഗത്തിന്റെ പിടിച്ചുവലികളെ കാണിച്ചിരുന്നു. അവൻ കുടയും, കാലൊന്നു മടക്കാൻ നോക്കും, എന്തെന്നില്ലാതെ കൈകാലുകളെ പിരിച്ചുവളയ്ക്കും. ചാടിക്കളയാൻ ശ്രമിക്കും.

ആ വയസ്സൻ അതറിയുന്നുണ്ടെന്നു തോന്നിയില്ല; തികഞ്ഞ ദേഹശക്തിക്കുള്ള രാജകീയൗദാസീന്യത്തോടുകൂടി ആ ചെറുപ്പക്കാരന്റെ രണ്ടു കൈയും അയാൾ ഒരു കൈകൊണ്ടു കൂട്ടിപ്പിടിച്ചിരുന്നു.

വൃദ്ധന്റെ മനോരാജ്യം കുറച്ചു നേരത്തേക്കുണ്ടായി; എന്നിട്ടു മൊങ്പർനാസ്സിന്റെ നേർക്ക് ഉറപ്പിച്ചുനോക്കി. ആ ഇരുട്ടത്തുവെച്ച് ഒരു സൗമ്യസ്വരത്തിൽ അയാൾ ഒരു വിശിഷ്ടപ്രസംഗം ചെയ്തു—ഒരക്ഷരവും വിടാതെ അതു മുഴുവനും ഗവ്രോഷ് കേട്ടിരുന്നു:

‘എന്റെ കുട്ടീ, മടി കാരണം, നിങ്ങൾ ഏറ്റവും ബുദ്ധിമുട്ടുകൂടിയ ജീവിതങ്ങളിലൊന്നിലേക്കാണ് പ്രവേശിക്കുന്നത്. ഹാ! വെറുതെയിരിക്കലാണ് പ്രവൃത്തി എന്നു പറഞ്ഞുവല്ലോ! അധ്വാനിക്കാൻ ഒരുങ്ങുക, ഭയങ്കരമായ ഒരു യന്ത്രമുണ്ട്, കണ്ടിട്ടുണ്ടോ? അത് തകിടുയന്ത്രമാണ്. അതിനെ നല്ലവണ്ണം സൂക്ഷിക്കണം; അത് ഉപായിയും ക്രൂരവുമാണ്; അതിനു നിങ്ങളുടെ കുപ്പായത്തുമ്പു പിടികിട്ടിയാൽ തീർന്നു. നിങ്ങളെ ആകെ അകത്തോട്ടു വലിച്ചുകളയും, ആ യന്ത്രമാണ് മടി. ഇപ്പോൾ അപകടം പറ്റിക്കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്, നില്ക്കൂ; അവനവന്റെ രക്ഷനോക്കൂ! അല്ലെങ്കിൽ നിങ്ങളുടെ കഥ കഴിയും; ഒരു നിമിഷംകൊണ്ടു നിങ്ങൾ യന്ത്രക്കൂട്ടത്തിന്റെ ഉള്ളിൽ പെട്ടുപോവും. പെട്ടാൽ കഴിഞ്ഞു; യാതൊന്നും പിന്നെ ആഗ്രഹിക്കേണ്ടാ. ഹേ, കുഴിമടിയാ, അധ്വാനിച്ചുകൊള്ളൂ! നിങ്ങൾക്കു വിശ്രമിക്കാൻ ഇടയില്ല! കൊടുംപകയുള്ളതായ അധ്വാനത്തിന്റെ ഉരുക്കുകൈ നിങ്ങളെ പിടികൂടിയിരിക്കുന്നു. ഉപജീവനമാർഗ്ഗമുണ്ടാക്കാൻ, ഒരു പ്രവൃത്തിയെടുക്കാൻ, ഒരു ചുമതല ചെയ്യാൻ, നിങ്ങൾ ഇഷ്ടപ്പെടുന്നില്ല! മറ്റുള്ളവരെപ്പോലെയാകുന്നതു നിങ്ങൾക്കു മുഷിപ്പനാണ്? ശരി, നിങ്ങൾ മറ്റൊന്നാവും, പ്രവൃത്തിയെടുക്കലാണ് നിയമം, അതിനെ നിരസിക്കുന്നവന്ന് പണിയില്ലായ്മ ഒരു കഠിന ദണ്ഡമായിത്തീരും. നിങ്ങൾക്ക് ഒരു കൂലിക്കാരനാവാൻ ഇഷ്ടമില്ല; ഒരടിമയായിക്കഴിയാം. അധ്വാനം നിങ്ങളെ ഒരു ഭാഗത്തൂടെ വിട്ടയയ്ക്കുന്നതു, മറ്റേ ഭാഗത്തൂടെ പിടികൂടാനാണ്. അതിന്റെ ചങ്ങാതിയായിരിക്കാൻ നിങ്ങൾക്കിഷ്ടമില്ല; അതിന്റെ കാപ്പിരിയടിമയായി കഴിഞ്ഞുകൂടാം. ഹാ! നിങ്ങൾക്കു മനുഷ്യരുടെ മര്യാദപ്രകാരമുള്ള ക്ഷീണമൊന്നും അനുഭവിക്കാൻ വയ്യാ; നികൃഷ്ടർക്കുള്ള വിയർത്തുമുങ്ങൽ നിങ്ങൾക്കറിയാറാവും. മറ്റുള്ളവർ പാട്ടു പാടുന്നേടത്തു നിങ്ങൾക്കു നിന്നു ഞെരങ്ങാം. ചുവട്ടിൽനിന്നു നോക്കുമ്പോൾ, വളരെ ദൂരത്ത് ആളുകൾ പണിയെടുക്കുന്നതു കാണാം; അവർ വിശ്രമിക്കുകയാണെന്നു നിങ്ങൾക്കു തോന്നും. കൂലിക്കാരൻ, കൊയ്ത്തുകാരൻ, കപ്പൽക്കാരൻ, ഇരിമ്പുപണിക്കാരൻ ഇവർ, സ്വർഗ്ഗത്തിലുള്ള ദേവന്മാരെപ്പോലെ, പൂജ്യരായി നിങ്ങൾക്കു തോന്നും. ആലയ്ക്കു ചുറ്റും എന്തൊരു പ്രകാശം; കരി വലിക്കുന്നത്, കറ്റ കെട്ടുന്നത്, ഒരാനന്ദമാണ്. കാറ്റത്തു യഥേഷ്ടം പോകുന്ന ചെറുതോണി, എന്തു രസം! ഹാ ഒന്നും ചെയ്യാതിരിക്കയാണ് നിങ്ങൾക്കാവശ്യം. ശരി, ഒരാഴ്ചയോ ഒരു ദിവസമോ ഒരു മണിക്കൂറോ ബുദ്ധിമുട്ടല്ലാതെ നിങ്ങൾക്കുണ്ടാവില്ല കഠിനവേദനയോടുകൂടിയല്ലാതെ യാതൊന്നും നിങ്ങൾക്കു പൊന്തിക്കാൻ കഴികയില്ല. നീങ്ങിപ്പോകുന്ന ഓരോ നിമിഷവും നിങ്ങളുടെ മാംസപേശികളെ കെറകെറപ്പിക്കും. മറ്റുള്ളവർക്ക് ഒരു പക്ഷിത്തൂവലായതു നിങ്ങൾക്ക് ഒരു പാറയാവും. എത്രയധികം നിസ്സാരങ്ങളും കടുംകുത്തനെയുള്ള കയറ്റങ്ങളായിത്തീരും. നിങ്ങൾക്കു ചുറ്റിലും ജീവിതം പൈശാചികമായിത്തീരും. പോവുക, വരുക, ശ്വാസം കഴിക്കുക, ഇതൊക്കെ അത്രയും ഭയങ്കരമായ ഓരോ അധ്വാനമായിരിക്കും. ഒരു നൂറു റാത്തൽ എടുത്തു പൊന്തിക്കുന്ന പണി ഓരോ ശ്വാസോച്ഛാസത്തിനുണ്ടാവും. അവിടെ നടക്കുന്നതിലധികം ഇവിടെ നടക്കുകയാണോ നല്ലത് എന്ന കാര്യം ആലോചിച്ചു തീർച്ചപ്പെടുത്തേണ്ട ഒരു വിഷമസംഗതിയായിത്തീരും. പുറത്തേക്കു പോകേണ്ടുന്ന ആർക്കും വാതിലിന് ഒരുന്തു കൊടുത്താൽ മതി. അതാ പുറത്തെത്തി. നിങ്ങൾ പുറത്തു പോകണമെന്നുണ്ടെങ്കിൽ, ചുമർ തുളച്ചു കടക്കേണ്ടിവരും. തെരുവിലേക്കിറങ്ങണമെന്നുള്ള എല്ലാവരും എന്താണ് ചെയ്യുന്നത്? അവർ കോണിയിറങ്ങുന്നു. നിങ്ങൾക്കാകട്ടേ, വിരിപ്പു പിച്ചിച്ചീന്തി, അതു കുറേശ്ശെക്കുറേശ്ശയായി ഏച്ചുകൂട്ടി, ഒരു കയർ പിരിക്കണം; എന്നിട്ടു ജനാലയുടെ പുറത്തേക്കു പിടിച്ചുകടന്ന്, ഒരന്ധകാരകുണ്ഡത്തിനു മീതെ ആ കയർത്തുമ്പത്തു തൂങ്ങി ഞാലണം; അതു രാത്രിയായിരിക്കും; കാറ്റ്, മഴ, കൊടുങ്കാറ്റ്; കയർ നീളം പോരെങ്കിലോ താഴത്തെത്താൻ ഒരു മാർഗ്ഗം മാത്രം, വീഴുക. എത്രയെന്നറിയാത്ത ഉയരത്തിൽനിന്നു പാതാളത്തിലേക്കു കണ്ണും ചിമ്മി വിരണ്ടു വീഴുക; എന്തിന്മേൽ? താഴത്തെന്തുണ്ടോ അതിന്മേൽ, ഇന്നതെന്നറിഞ്ഞിട്ടില്ലാത്തതിന്മേൽ, അല്ലെങ്കിൽ വെന്താൽ വേവട്ടെ എന്നുവെച്ചു പുകക്കുഴലിലൂടെ ഇഴഞ്ഞുകയറണം; അല്ലെങ്കിൽ മുങ്ങിച്ചത്താൽ ചാവട്ടെ എന്നുംവെച്ച് ഓവുകുഴലിലൂടെ അരിച്ചുപോണം; മൂടുപടമിടേണ്ടിവരുന്ന പഴുതുകളെപ്പറ്റിയും, ദിവസത്തിൽ ഒരിരുപതു പ്രാവശ്യം പുഴക്കിയെടുത്ത് അവിടെത്തന്നെ വെയ്ക്കേണ്ടിവരുന്ന കല്ലുകളെപ്പറ്റിയും, വൈക്കോൽവിരിക്കുള്ളിൽ ഒളിപ്പിക്കേണ്ടിവരുന്ന കുമ്മായത്തെപ്പറ്റിയും ഞാൻ പറയുന്നില്ല. അതാ ഒരു പൂട്ട്; പ്രമാണികളുടെ കുപ്പായക്കീശയിൽ ഒരു കരുവാനുണ്ടായിട്ടുള്ള താക്കോലുണ്ടാവും. നിങ്ങൾക്ക് അതു തുറന്നു കടക്കണമെന്നുണ്ടെങ്കിൽ, വല്ലാത്ത ഒരു കഷ്ണം കലാകൗശലം കാണിക്കയല്ലാതെ ഗത്യന്തരമില്ല; ഒരു വലിയ സൂനാണ്യമെടുത്തു രണ്ടായി പൊളിയ്ക്കണം; പണിയായുധമെന്ത്? അതാലോചിച്ചുണ്ടാക്കേണ്ടിവരും. അതു നിങ്ങളുടെ പ്രവൃത്തിയാണ്. എന്നിട്ട് ആ രണ്ടു ലോഹപ്പലകകളുടെ ഉള്ളു, പുറംഭാഗത്തിനൊന്നും കേടു പറ്റാതിരിക്കാൻ നന്നെ സൂക്ഷിച്ചുകൊണ്ടു, തുരന്നെടുത്ത് അതിന്റെ വക്കുകളിൽ ഒരു ചരടിടണം; എന്തു മട്ടിൽ? ഒരു പെട്ടിയും അടപ്പുംപോലെ വക്കുകളെ കൂട്ടിവെയ്ക്കാൻ കഴിയുമാറ്, അടിയും മുകളും ആവിധം തിരിച്ചുറപ്പിച്ചാൽ പിന്നെ, കാണുന്നവർ ശങ്കിക്കില്ല. പരിശോധിക്കുന്നവർക്ക് അതൊരു സൂ മാത്രമായിരിക്കും; നിങ്ങൾക്കോ അതൊരു പെട്ടി. പെട്ടിയിൽ എന്തു വെച്ചു സൂക്ഷിക്കും? ഒരു കഷ്ണം ഇരുമ്പ്. ഒരു ഘടികാരത്തിന്റെ ഓലച്ചുറ്റ്; അതിലൊക്കെ പല്ലുണ്ടാക്കിയിരിക്കണം. അതൊരരമാവും. ഒരു മൊട്ടുസൂചിയോളം നീളമുള്ളതും ഒരു സൂവിൽ ഒളിച്ചു വെയ്ക്കപ്പെടുന്നതുമായ ആ അരംകൊണ്ടു നിങ്ങൾ പൂട്ടിന്റെ കള്ളൻ മുറിക്കണം, ഓടാമ്പലുകളും അവനവനെ കെട്ടിയിട്ടുള്ള ചങ്ങലയുടെ പൂട്ടിൻതാഴും ജനാലയുടെ അഴിയും കാലിലുള്ള ചങ്ങലയും മുറിച്ചകത്തണം. ഈ മഹാകൃത്യം ചെയ്തു കഴിഞ്ഞിട്ട്, ഈ അപൂർവ്വകർമ്മം നിറവേറ്റിക്കഴിഞ്ഞിട്ട്, കലാകൗശലത്തിലും സ്ഥിരോത്സാഹത്തിലും സാമർത്ഥ്യത്തിലും ക്ഷമയിലും അദ്വിതീയങ്ങളായ അത്ഭുതപ്രവൃത്തികളെല്ലാം സാധിച്ചുകഴിഞ്ഞിട്ട്, കർത്താവു നിങ്ങളാണെന്നറിവായാൽ കിട്ടുന്ന പ്രതിഫലമെന്താണ്? കുണ്ടറത്തടവ്. ഇതാണ് നിങ്ങളുടെ ഭാവി. മടിയും സുഖാനുഭവവും എന്തു കടുംകുഴികളാണ്! ഒന്നും ചെയ്തിട്ടില്ലെന്നുള്ളത് വ്യസനകരമായ ഒരു നിശ്ചയമാണെന്നു നിങ്ങൾക്കറിയാമോ? സമുദായത്തിന്റെ സ്വത്തുകൊണ്ടു പണിയെടുക്കാതെ കഴിയുക! കൊള്ളരുതാതാവുക, എന്നുവെച്ചാൽ ദുഷ്ടനാവുക! ഇതു നേരെ കഷ്ടപ്പാടിന്റെ അടിയിലേക്കുള്ള വഴിയാണ്. മറ്റൊന്നിനെ പറ്റിനില്ക്കാൻ ഇച്ഛിക്കുന്നവന്ന് ആപത്താണ്! അവൻ കൃമിയാവും! ഹാ അപ്പോൾ പ്രവൃത്തിയെടുക്കാൻ നിങ്ങൾക്കിഷ്ടമില്ല, ഒരു വിചാരമേ ഉള്ളൂ—നല്ലവണ്ണം കുടിക്കണം, നല്ലവണ്ണം ഭക്ഷിക്കണം, നല്ലവണ്ണം ഉറങ്ങണം. നിങ്ങൾ വെള്ളം കുടിക്കും, കറുത്ത അപ്പം ഭക്ഷിക്കും, രാത്രി മുഴുവനും മാംസത്തിനുള്ളിൽ തടവുന്നുണ്ടെന്നു തോന്നിക്കുന്ന തണുപ്പോടുകൂടിയ ചങ്ങല കൈകളിലും കാൽകളിലും മുറുകെപ്പറ്റിക്കൊണ്ട് ഒരു പലകമേൽ കിടന്നുറങ്ങും. നിങ്ങൾ ആ ചങ്ങല പൊട്ടിക്കും, പാഞ്ഞുകളയും, അതു ശരി. നിങ്ങൾ കുറ്റിക്കാടുകളിലൂടെ നീന്തണം; കാട്ടുജന്തുക്കളെപ്പോലെ പുല്ലു തിന്നണം, എന്നല്ല, പിന്നെയും നിങ്ങൾ പിടിക്കപ്പെടും. എന്നാലോ, ഒരു ചുമരിനോട് ഒട്ടിച്ചേർന്ന്, കുടിക്കാൻ വെള്ളം വെച്ച പാത്രം കിട്ടാൻ തപ്പിത്തടഞ്ഞു, നായ്ക്കൾപോലും തൊടാത്ത ഒരു വല്ലാത്ത ഇരുണ്ടപ്പം കാർന്നു, നിങ്ങൾക്കു മുമ്പേ പുഴുക്കൾ തിന്നുകഴിഞ്ഞ പയറ്റിൻ മണികളും തിന്ന്, ഒരു കുണ്ടറയ്ക്കുള്ളിൽ കൊല്ലങ്ങൾ കഴിച്ചുകൂട്ടാം. നിങ്ങൾ ഒരു നിലവറക്കുണ്ടിലെ മരച്ചെള്ളായിത്തീരും. ഹാ! ഒരിരുപതു കൊല്ലത്തിനപ്പുറം വളർത്തമ്മയുടെ മുലപ്പാൽ വലിച്ചുകുടിച്ചിരുന്നവനും നിശ്ചയമായും ഇപ്പോഴും അമ്മ ജീവിച്ചിരിപ്പുള്ളവനുമായ എന്റെ ഭാഗ്യംകെട്ട കുട്ടീ, നിങ്ങൾക്കു നിങ്ങളുടെ മേൽ ദയവേണം! ഞാൻ യാചിക്കുന്നു. എന്റെ വാക്കുകൾ കേൾക്കൂ—ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങൾക്കു മേത്തരം കറുപ്പുടുപ്പു വേണം, വാർണീഷിട്ട പാപ്പാസ്സിടണം, തലമുടി ചുരുളിക്കണം, ചുരുൾമുടിയിൽ വാസനത്തൈലം പുരട്ടണം, തേവിടിശ്ശികളെ സന്തോഷിപ്പിക്കണം, സുന്ദരനാവണം. നിങ്ങൾക്കു മുടികളയേണ്ടിവരും; ഒരു ചുകന്ന മുറിക്കുപ്പായവും മരപ്പാപ്പാസും ധരിക്കാറാവും. നിങ്ങൾക്കു കൈവിരലിന്മേൽ മോതിരമിടണം; കഴുത്തിൽ ഇരുമ്പുകണ്ഠാഭരണം അണിയാറാവും; ഒരു പെണ്ണിന്റെ മുഖത്തേക്കു നോക്കിയാൽ ഒരടി നിങ്ങൾക്കു കിട്ടും. എന്നല്ല ഇരുപതാമത്തെ വയസ്സോടുകൂടി നിങ്ങൾക്കങ്ങോട്ടു ചെല്ലാം; അമ്പതാമത്തെ വയസ്സിൽ ഇങ്ങോട്ടും പോരാം! ചെറുപ്പത്തോടും സൗഭാഗ്യത്തോടും ഉണർവോടും തിളങ്ങുന്ന കണ്ണുകളോടും വെളുത്ത പല്ലുകളോടും ചന്തമുള്ള ധാരാളം തലമുടിയോടുംകൂടി നിങ്ങൾ അവിടെ ചെല്ലും; ക്ഷീണിച്ചു, കൂന്നു, ചുക്കിച്ചുളിഞ്ഞു, പല്ലുപോയി, വല്ലാതായി, തലമുടി നരച്ച്. അങ്ങനെ അവിടെനിന്നു പോരും! ഹാ! എന്റെ സാധുക്കുട്ടീ! നിങ്ങൾ വെയ്ക്കുന്ന വഴി തെറ്റാണ്; മടി നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്; മോഷണമാണ് എല്ലാറ്റിലും വെച്ച് അധ്വാനമേറിയ പണി. ഞാൻ പറയുന്നതു വിശ്വസിക്കൂ, ഒരു മടിയന്റെ വ്യസനകരമായ തൊഴിൽ എടുക്കരുത്. ഒരു തെമ്മാടിയാകുന്ന പണി എളുപ്പമുള്ളതല്ല. ഒരു മര്യാദക്കാരനാവാൻ അത്ര ബുദ്ധിമുട്ടില്ല. ഇനി പൊയ്ക്കോളൂ; ഞാൻ പറഞ്ഞതിനെപ്പറ്റി ആലോചിച്ചുനോക്കൂ. കൂട്ടത്തിൽ ചോദിക്കട്ടെ, നിങ്ങൾക്ക് എന്റെ കൈയിൽനിന്ന് എന്തു വേണം? എന്റെ പണസ്സഞ്ചി? ഇതാ.’

ആ വൃദ്ധൻ മൊങ്പർനാസ്സിനെ പിടിച്ചിരുന്ന പിടി വിട്ടു. പണസ്സഞ്ചി അവന്റെ കൈയിൽ ഇട്ടുകൊടുത്തു; മൊങ്പർനാസ് അതൊന്നു കൈയിലിട്ടു കനം നോക്കി. കട്ടെടുത്തതാണെന്നാലത്തെ മുൻകരുതലോടുകൂടിത്തന്നെ, പുറംകുപ്പായത്തിന്റെ ഉൾക്കീശയിലിട്ടു.

‘ആനവങ്കൻ!’ മൊങ്പർനാസ് മന്ത്രിച്ചു.

ഈ കൊള്ളാവുന്നാൾ ആരാണ്! വായനക്കാർ നിശ്ചയമായും ഊഹിച്ചിരിക്കും.

അയാൾ ഇരുട്ടിൽ മറയുന്നതുവരെ മൊങ്പർനാസ് അമ്പരപ്പോടുകൂടി നോക്കിക്കണ്ടു. ഈ നോക്കിക്കാണൽ അവന്ന് അപകടത്തിനായിരുന്നു.

ആ വയസ്സൻ പോയതോടുകൂടി ഗവ്രോഷ് അടുത്തെത്തി.

ഒരൊളിനോട്ടംകൊണ്ടു ഫാദർ മബെ, ഒരുസമയം ഗാഢനിദ്രയിൽപ്പെട്ട്, അപ്പോഴും ആ ബെഞ്ചിന്മേൽത്തന്നെ ഇരിക്കയാണെന്നു നോക്കിയറിഞ്ഞ ഉടനെ ആ തെമ്മാടിച്ചെക്കൻ കുറുംകാട്ടിൽനിന്നു പുറത്തേക്കു കടന്നു; മൊങ്പർനാസ്സിന്റെ പിന്നിലൂടെ ഇരുട്ടത്ത് അരിച്ചുചെല്ലാൻ തുടങ്ങി; അവൻ അവിടെ അനങ്ങാതെ നില്ക്കുകയായിരുന്നുവല്ലോ. അങ്ങനെ ആരും കാണുകയോ കേൾക്കുകയോ ചെയ്യാതെ അവൻ മൊങ്പർനാസ്സിന്റെ അടുത്തെത്തി, മേത്തരം കറുപ്പു തുണികൊണ്ടുള്ള കുറുക്കുകുപ്പായത്തിന്റെ പിന്നിലെ കീശയിലേക്കു പതുക്കെ കൈകടത്തി, പണസ്സഞ്ചി പിടിച്ചു, പുറത്തേക്കു കൈയെടുത്തു; ഒരിക്കൽക്കൂടി അരിച്ചരിച്ച് ഒരണലിപ്പാമ്പിനെപ്പോലെ, ഇരുട്ടിലൂടെ മറഞ്ഞു. കരുതിയിരിക്കേണ്ട ആവശ്യമൊന്നും ഇല്ലാതിരുന്നവനും ജനിച്ചതിനുശേഷം ഇദംപ്രഥമമായി ആലോചനയിൽപ്പെട്ടവനുമായ മൊങ്പർനാസ് യാതൊന്നും അറിഞ്ഞില്ല. വീണ്ടും ഫാദർ മബേ ഇരിക്കുന്നതിന്നടുത്തെത്തിയപ്പോൾ, ഗവ്രോഷ് ആ പണസ്സഞ്ചി വേലിക്കുമീതെ എറിഞ്ഞു, കഴിയുന്ന വേഗത്തിൽ ഒരോട്ടംകൊടുത്തു.

പണസ്സഞ്ചി ഫാദർ മബേയുടെ കാല്ക്കൽച്ചെന്നു വീണു. ഈ ലഹള അയാളെ ഉണർത്തി.

അയാൾ കുനിഞ്ഞു പണസ്സഞ്ചിയെടുത്തു.

അയാൾക്കു യാതൊന്നും മനസ്സിലായില്ല. അതു തുറന്നു.

പണസ്സഞ്ചിയിൽ രണ്ടുറയുണ്ട്; ഒന്നിൽ കുറച്ചു ചില്ലറയാണ്; മറ്റേതിൽ ആറു നെപ്പോളിയൻ നാണ്യങ്ങളും.

മൊസ്യു മബേ വളരെ പരിഭ്രമിച്ച് ആ വസ്തു തന്റെ തറവാട്ടമ്മയെ ധരിപ്പിച്ചു.

‘അത് സ്വർഗ്ഗത്തിൽനിന്നു വീണതാണ്;’ മദർ പ്ളുത്താർക്ക് അഭിപ്രായപ്പെട്ടു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.