images/hugo-27.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.5.3
ചാടിപ്പോകലിന്നുള്ള തിരിച്ചലുകൾ

അതേ രാത്രിയിൽ ലഫോർസിലുണ്ടായത് ഇതാണ്.

ബബെയും, ബ്രൂഴോങ്ങും, ഗ്വേൽമറും, തെനാർദിയെർ ഏകാന്തതടവിലായിരുന്നുവെങ്കിലും, അയാളുംകൂടി ഒരു ചാടിപ്പോകൽ ആലോചിച്ചുറച്ചിരുന്നു. അന്നുതന്നെ, മൊങ് പർനാസ് ഗവ്രോഷിനു പറഞ്ഞുകൊടുത്ത വിവരണത്തിൽനിന്നു വായനക്കാർ മനസ്സിലാക്കിയിട്ടുള്ളവിധം, ബബെ തന്റെ ഗുണത്തിനുവേണ്ട ഏർപ്പാടൊക്കെ ചെയ്തുവെച്ചു. മൊങ്പർനാസ്സാണ് അവരെ പുറത്തുനിന്നു സഹായിക്കാൻ.

നിലവറക്കുണ്ടിൽ ഒരു മാസം ശിക്ഷയിൽ കിടക്കെ, ബ്രൂഴോങ്ങിന് ഒന്നാമത് ഒരു കയർ പിരിച്ചുണ്ടാക്കാനും രണ്ടാമത് ഒരുപായം ആലോചിച്ചു ശരിപ്പെടുത്താനും അവസരം കിട്ടി. മുൻകാലങ്ങളിൽ കാരാഗൃഹത്തിലെ ശിക്ഷാനിയമം തടവുപുള്ളിയെ അവനവന്റെ കൈയിലേക്കുതന്നെ ഏല്പിച്ചുകൊടുക്കുന്നേടങ്ങളായ ആ നിഷ്ഠുരസ്ഥലങ്ങൾ, കല്ലുകൊണ്ടുള്ള നാലു ചുമരും, കല്ലുകൊണ്ടുള്ള ഒരു തട്ടും, കല്ലു പാവിയ ഒരു നിലവും, ഒരു മടക്കുകട്ടിലും, ഒരഴിക്കിളിവാതിലും, ഇരിമ്പുകൊണ്ടഴിയിട്ട ഒരു വാതിലും അടങ്ങിയവയാണ്; അവയ്ക്കു കുണ്ടറത്തടവുകൾ എന്നു പേരായിരുന്നു! പക്ഷേ, കുണ്ടറത്തടവു വളരെ ഭയങ്കരമായ ഒന്നായിട്ടാണ് വെപ്പ്; ഇപ്പോഴാകട്ടെ, അവയിൽ ഒരിരിമ്പുവാതിലും ഒരഴിക്കിളിവാതിലും, ഒരു മടക്കുകട്ടിലും, കല്ലു പാവിയ ഒരു നിലവും. കല്ലുകൊണ്ടുള്ള നാലു ചുമരും, കല്ലുകൊണ്ടുള്ള ഒരു തട്ടും അടങ്ങിയിരിക്കും. ഇവയ്ക്കു ശിക്ഷാമുറികൾ എന്നു പറയുന്നു. ഉച്ചയോടുകൂടി കുറച്ചൊരു വെളിച്ചം അകത്തേക്കു കടക്കും. വായനക്കാർ കണ്ടതുപോലെ, കുണ്ടറത്തടവുകളല്ലാത്ത ഈ സ്ഥലങ്ങൾക്കുള്ള ഒരസൗകര്യമെന്തെന്നാൽ, അവ പ്രവൃത്തിയെടുക്കേണ്ടവരായ ആളുകളെ ഇരുന്നാലോ ചിക്കാൻ വിടുന്നു.

അങ്ങനെ ബ്രൂഴോങ് മനോരാജ്യം വിചാരിച്ചു: ‘അവൻ ശിക്ഷാമുറിയിൽനിന്ന് ഒരു കയറുംകൊണ്ടു പുറത്തു കടന്നു. അവൻ ജെയിലിൽ വലിയ അപകടക്കാരനാണെന്നു പേരെടുത്തിരുന്നതുകൊണ്ട് അവനെ പുതുകെട്ടിടത്തിലാക്കി. പുതു കെട്ടിടത്തിൽ അവൻ ഒന്നാമതായി കണ്ടതു ഗ്വെൽമറെയാണ്; രണ്ടാമത് ഒരാണിയും. ഗ്വെൽമർ എന്നുവെച്ചാൽ ദുഷ്പ്രവൃത്തി. ഒരാണി എന്നുവെച്ചാൽ മോചനം. വായനക്കാർക്ക് ഒരു പൂർണ്ണവിവരം കിട്ടിക്കഴിയേണ്ട കാലം അതിക്രമിച്ചിരിക്കുന്ന ഈ ബ്രൂഴോങ് കാഴ്ചയിൽ ആരോഗ്യം കുറഞ്ഞവനെന്നു തോന്നിക്കുന്ന മട്ടോടും തികച്ചും മനഃപൂർവ്വമായ ഒരലസതയോടുകൂടി, പരിഷ്കൃതനും ബുദ്ധിമാനുമായ ഒരു ചെറുപ്പക്കാരനും, ഒരോമനിക്കുന്ന നോട്ടത്തോടും ഒരറുദുഷ്ടമായ പുഞ്ചിരിയോടും കൂടിയ ഒരു കള്ളനുമായിരുന്നു. അവന്റെ നോട്ടം അവന്റെ കരുതലിൽ നിന്നും അവന്റെ പുഞ്ചിരി അവന്റെ പ്രകൃതിയിൽനിന്നും വരുന്നവയാണ്. തന്റെ കലാവിദ്യയിൽ അവൻ ആദ്യമായി പഠിച്ചത് മേൽപ്പുരകളെപ്പറ്റിയാണ്. ഇരട്ടിക്കിള എന്നു പറയപ്പെടുന്ന വിദ്യകൊണ്ട് ഈയത്തെ പൊളിച്ചുകളയുകയും, മേൽപ്പുരകളെ പിടിച്ചുപറിക്കുകയും ഓവുചാലിനെ കൊള്ളയിടുകയും ചെയ്യുന്ന അത്തരം മനുഷ്യരുടെ വ്യവസായത്തിൽ അവൻ വലിയ അഭിവൃദ്ധി നേടി.

പുറത്തുചാടാനുള്ള ശ്രമത്തിന് ഏറ്റവും യോജിച്ചതായ ഘട്ടത്തിൽ ഒടുവിലത്തെ മിനുക്കുപണികൂടി കഴിച്ചുവെച്ച സംഭവം മേൽപ്പുരപ്പണിക്കാർ ആ സമയത്തു കാരാഗൃഹം മേഞ്ഞിരുന്ന കല്പലക ഇളക്കി മാറ്റിവെച്ചുറപ്പിക്കുകയായിരുന്നു എന്നതാണ്. സാങ്ബേർനാർമുറ്റവും ഷാർൾമേൻ മുറ്റത്തിൽനിന്നും സാങ്ലൂയിമുറ്റത്തിൽനിന്നും തികച്ചും ഒറ്റപ്പെട്ടിട്ടല്ലാതായിരുന്നു. മുകളിലായി തൂക്കുമരങ്ങളും കോണികളുമുണ്ട്. മറ്റുവിധത്തിൽ പറഞ്ഞാൽ, മോചനത്തിന്റെ വഴിയിലുള്ള പാലങ്ങളും ഒതുക്കുകളും.

ലോകത്തിൽ എവിടെത്തന്നെയും കാണാവുന്നതിൽവെച്ച് ഏറ്റവുമധികം ഇടിഞ്ഞുപൊളിഞ്ഞതും വഴക്കംചെന്നതുമായ പുതുകെട്ടിടം ആ ജെയിൽപ്പുരയിലെ ഏറ്റവുമധികം അപായകരമായ ഭാഗമാണ്. വിരിയിൽക്കിടന്നുറങ്ങുന്നതുകൊണ്ട് ഉറക്കറകളുടെ വളവുമച്ചിലെങ്ങും നിരയടിക്കാതെ ഭരണാധികാരികൾക്കു ഗത്യന്തരമില്ലെന്നാകത്തക്കവിധം ചുമരുകളെല്ലാം ദ്രവിച്ചുപോയിരുന്നു. ഈ പഴക്കമിരുന്നാലും, ഏറ്റവുമധികം അപകടക്കാരായ തടവുപുള്ളികളെ പുതുകെട്ടിടത്തിലാക്കുക, ജെയിൽബ്ഭാഷയിൽ പറയുന്നവിധം ‘വല്ലാത്ത കേസ്സുകളെ’ല്ലാം അതിൽ കൊണ്ടിടുക, എന്ന അബദ്ധം അധികാരികൾ കാണിച്ചുപോന്നിരുന്നു.

പുതുകെട്ടിടത്തിൽ ഒന്നിനൊന്ന് മീതെയായി നാല് ഉറക്കറകളുണ്ടായിരുന്നു; ‘അസ്സൽക്കാറ്റ്’ എന്നു പറയുന്ന ഒരു മുകൾനിലയും. ലഫോർസ് പ്രഭുക്കന്മാരുടെ ഏതോ പഴയ അടുക്കളയിൽനിന്നുള്ളതാവാൻ വഴിയുള്ള ഒരു കൂറ്റൻ പുകക്കുഴൾ നിലത്തുനിന്നു പുറപ്പെട്ടു നാലു നിലകളും തുളച്ചുകടന്ന് ഉറക്കറകളെ രണ്ടു ഭാഗമായിത്തിരിച്ച്— ഇവിടെ വെച്ച് അതൊരു പരന്ന തൂണായിത്തീർന്നിരുന്നു—ഒടുവിൽ മേൽപ്പുരയിലൂടെ മുകളിലേക്കു തുളച്ചുകയറി.

ഗ്വെൽമറും ബ്രൂഴോങ്ങും ഒരേ ഒരു കിടപ്പുപുരയിലാണ്. അവരെ ഒരു മുൻകരുതലിന്മേൽ താഴത്തെ നിലയിലാക്കി. യദൃച്ഛാസംഭവത്തിന്റെ കല്പനപ്രകാരം അവരുടെ കട്ടിലിന്റെ തല രണ്ടും പുകക്കുഴൽ തൊട്ടുകൊണ്ടായി.

അവയ്ക്കു നേരെ മുകളിൽ, ‘അസ്സൽക്കാറ്റ്’ എന്നു പേരുള്ള മുകൾനിലയിലായിരുന്നു തെനാർദിയെർ. പീരങ്കിപ്പട്ടാളക്കാരുടെ താവളസ്ഥലങ്ങൾ വിട്ടുകടന്നു കളിസ്ഥലത്തിന്റെ പുറത്തളത്തിനു മുൻപിലായി റ്യു കുൽതുർസാങ്-കാതറിനിൽ ചെന്നുനില്ക്കുന്ന കാൽനടക്കാരൻ മരപ്പെട്ടികളിൽ പൂക്കളും ചെടികളും നിറഞ്ഞ ഒരു മുറ്റം കാണും; അതിന്റെ അറ്റത്തായി പച്ചച്ച ജനവാതിലുകളെകൊണ്ട് പ്രാകശമാനമായി രണ്ടെടുപ്പുകൾ കൂടിച്ചേർന്നുള്ള ഒരു ചെറിയ വെളുത്ത വൃത്താകാരഹൃഹം-റൂസ്സോവിന്റെ ഇടയപ്രവൃത്തി സംബന്ധിച്ചുള്ള മനോരാജ്യം—കാണപ്പെടുന്നു.

പത്തുകൊല്ലത്തിനിപ്പുറം, ആ വൃത്താകാരഗൃഹത്തിനു മുകളിലായി അതിനെ ചാരിയുറപ്പിച്ചു നില്ക്കുന്ന ഒരു വല്ലാത്ത കറുത്ത നഗ്നമായ പടുകൂറ്റൻ മതില്ക്കെട്ടു പൊന്തിവന്നു.

ഇതായിരുന്നു ലഫോർസിന്റെ പുറംചുമർ.

ആ വൃത്താകാരഗൃഹത്തിനടുത്തുള്ള ഈ ചുമർ ബർകാങ്ങിലൂടെ [1] കാണപ്പെടുന്ന മിൽട്ടനായിരുന്നു.

അതുതന്നെ ഉയരമുള്ളതാണെങ്കിലും, അതിലുമധികം കറുത്ത ഒരു മേൽപ്പുര അതിനും മുകളിൽ കയറി നിലവായി; അതു വളരെ ദൂരത്തേക്കു കാണാം. ഇതായിരുന്നു പുതുകെട്ടിടത്തിന്റെ മേൽപ്പുര. അതിൽ ഇരിമ്പഴിയിട്ടുറപ്പിക്കപ്പെട്ട നാലു കിളിവാതിലുകൾ കാണാമായിരുന്നു. അവയാണ് ‘അസ്സൽക്കാറ്റി’ന്റെ ജനാലകൾ.

ഒരു പുകക്കുഴൾ മേൽപ്പുരയെ തുളച്ചുപോയിരുന്നു; ഉറക്കറകളിലൂടെ പോയിരുന്ന പുകക്കുഴൽ ഇതാണ്.

‘അസ്സൽക്കാറ്റ്’ എന്ന ആ പുതുകെട്ടിടത്തിന്റെ മുകൾനില ഒരു ‘മാൻസാർ’ മേൽപ്പുരയോടുകൂടി മൂന്നു കൂട്ട് അഴികളാലും കൂറ്റൻ പിരിയാണികളാൽ അലംകൃതമായ ഇരിമ്പുപലകകൊണ്ടുള്ള ഇരട്ടവാതിലുകളാലും സുരക്ഷിതമായ ഒരു തരം വലിയ തളമാണ്, വടക്കേ അറ്റത്തൂടെ അതിലേക്ക് ഒരാൾ കടന്നാൽ അയാളുടെ ഇടത്തുവശത്തുള്ള നാലു കിളിവാതിലുകളും വലതുവശത്തു കിളിവാതിലുകൾക്കഭിമുഖമായി ക്രമത്തിൽ ഇടവിട്ട്, ഇടുങ്ങിയ നടവഴികളാൽ വേർതിരിക്കപ്പെട്ടു മുട്ടുവരെ ഉയരത്തിൽ കല്ലുകൊണ്ടും, ശേഷം മേൽപ്പുരവരെ മുഴുവനും ഇരിമ്പുതടികളെക്കൊണ്ടും ഉണ്ടാക്കിയ നാലു വലിയ ചതുരക്കൂടുകളുണ്ട്.

തെനാർദിയെർ ഫെബ്രവരി 30-ആം നു രാത്രിമുതൽ ഈ കൂടുകളിലൊന്നിൽ ഏകാന്തതടവിലായിരുന്നു. ദെസ്രുവിനാൽ കണ്ടുപിടിക്കപ്പെട്ടതെന്നു കേൾവിയുള്ളതും ഒരു വിഷദ്രവ്യം കൂടിക്കലർന്നതും ഉറക്കുന്നവരുടെ സംഘം പ്രസിദ്ധമാക്കീത്തീർത്തതുമായ ഒരു കുപ്പി വീഞ്ഞു സമ്പാദിച്ചു സൂക്ഷിച്ചുവെക്കാൻ അയാൾക്ക് എങ്ങനെയാണ്, എന്തു വിദ്യയിന്മേലാണ് സാധിച്ചതെന്ന് ആർക്കും കണ്ടുപിടിപ്പാൻ കഴിഞ്ഞിട്ടില്ല.

എല്ലാ ജെയിലുകളിലും, ഒളിച്ചുചാടലിനു സഹായിക്കുന്നവരും പൊല്ലീസ്സിനു വിശ്വാസയോഗ്യമല്ലാത്ത സഹായ്യത്തെ വില്ക്കുന്നവരും കഴിയുന്നേടത്തു നിന്നെല്ലാം ഓരോ കാശു കൈയിലാക്കുന്നവരുമായി, പകുതി പാറാവുകാരും പകുതി കള്ളന്മാരുമായ ചില ചതിയൻവേലക്കാരുണ്ട്

അങ്ങനെ, ഗവ്രോഷ് ആ രണ്ടനാഥക്കുട്ടികളെയും പെറുക്കിയെടുത്ത അതേ ദിവസം രാത്രി, അന്നു രാവിലെ ഒളിച്ചുചാടിയ ബബെ മൊങ് പർനാസ്സുമായി തെരുവിൽ കാത്തുനില്പുണ്ടെന്നറിഞ്ഞു ബ്രൂഴോങ്ങും ഗ്വെൽമറും പതുക്കെ എഴുന്നേറ്റ് ബ്രൂഴോങ് കണ്ടുപിടിച്ച ആണികൊണ്ടു തങ്ങളുടെ കട്ടിലുകൾ ചേർത്തിട്ടുള്ള പുകക്കുഴലിനെ തുളയ്ക്കാൻ തുടങ്ങി. കല്ലിൻകഷ്ണങ്ങൽ വീണിരുന്നതു ബ്രുഴോങ്ങിന്റെ കിടയ്ക്കവിരിയലായതുകൊണ്ട് ഒച്ച പുറത്തേക്കു കേട്ടില്ല. ഇടിവെട്ടോടുകൂടിയ മഴ വാതിലുകളെ തിരികുറ്റികളിൽ ഇട്ടുകുലുക്കി, ജെയിലിലെങ്ങും ഭയങ്കരവും സന്ദർഭത്തിനൊത്തതുമായ ഒരൊച്ചപ്പാടുണ്ടാക്കി, ഉണർന്ന തടവുപുള്ളികളെല്ലാം വീണ്ടും ഉറങ്ങിയതായി ഭാവിച്ചു, ബ്രൂഴോങ്ങിനേയും ഗ്വെൽമെറേയും അവരുടെ പ്രവൃത്തികൾക്കായി വിട്ടു. ബ്രൂഴോങ് സമർത്ഥനാണ്; ഗ്വേൽമെർ ശക്തനും. ഉറക്കുപുരയിലേക്കഭിമുഖമായുള്ള അഴിക്കൂട്ടിനുള്ളിൽ കിടന്നുറങ്ങുന്ന കാവല്ക്കാരൻ ഒരൊച്ചപോലും കേൾക്കുന്നതിനു മുൻപായി, ചുമർ തുളച്ചുകടന്നു, പുകക്കുഴലിലൂടെ കയറി, പുകക്കുഴലിനു മുകളിലുള്ള പൊത്തിന്റെ ഇരിമ്പഴി പിടിച്ചു പൊട്ടിച്ച്, ആ രണ്ടു ഭയങ്കരഘാതുകന്മാരും മേൽപ്പുരയിലായിക്കഴിഞ്ഞു. കാറ്റും മഴയും ഇരട്ടിച്ചു, മേൽപ്പുര വഴുക്കിത്തുടങ്ങി.

‘ചാടിപ്പോവാൻ എന്തു രസമുള്ള രാത്രി!’ ബ്രൂഴോങ് അഭിപ്രായപ്പെട്ടു.

ചുറ്റുമുള്ള മതില്ക്കെട്ടുകൾക്കും അവർക്കും നടുക്കായി ആറടി വീതിയും എൺപതടി ആഴവുമുള്ള ഒരഗാധഗുഹയുണ്ട്. ആ അഗാധഗുഹയുടെ അടിയിൽ ഇരുട്ടിലൂടെ മിന്നുന്ന ഒരു പാറാവുഭടന്റെ ഒരു തോക്ക് അവർക്കു കാണാമായിരുന്നു. ബ്രൂഴോങ് തന്റെ കുണ്ടറത്തടവിൽവെച്ചു പിരിച്ചുണ്ടാക്കിയിരുന്ന കയറിന്റെ ഒരറ്റം അവർ അപ്പോൾത്തന്നെ പിടിച്ചുപൊട്ടിച്ച ഇരുമ്പഴികളുടെ കുറ്റികളോടുകൂടി ഉറപ്പിച്ചു കെട്ടി, മറ്റേത്തല പുറംമതിലിനു മുകളിലൂടെ പുറത്തേക്കെറിഞ്ഞു, ആ അഗാധഗുഹ ഒരു ചാട്ടത്തിൽ കവിച്ചുകടന്നു, മതിലിന്റെ തൊപ്പിക്കല്ലിന്മേൽ മുറുക്കിപ്പിടിച്ച് അപ്പുറത്തേക്കു കടന്നു, കയറ്റിലൂടെ ഒരാൾക്കു പിന്നിൽ മറ്റാളായി കീഴ്കപോട്ടിറങ്ങി, കുളിപ്പുരയുടെമേൽ ചെന്നുതൊടുന്ന ഒരു ചെറുമേൽപ്പുരയിൽ എത്തിച്ചേർന്നു, കയറു വലിച്ചുപൊട്ടിച്ചു കൈയിലാക്കി, കുളിപ്പുരയുടെ മുറ്റത്തേക്ക് എടുത്തു ചാടി, അതു കടന്നു, കയർ കെട്ടിത്തൂക്കിയിട്ടിരുന്ന വാതില്ക്കാവല്ക്കാരന്റെ ചെറുവാതിൽ ഉന്തിത്തുറന്നു, കയർ വലിച്ചു, പുറത്തെ ഉമ്മറവാതിൽ തുറന്നു, തെരുവിൽ എത്തിച്ചേർന്നു.

കൈയിൽ ആണിയും തലയിൽ യുക്തിയുമായി അവർ ഇരുട്ടത്തു കിടയ്ക്ക വിരിയിൽനിന്നെഴുന്നേറ്റിട്ട് ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടില്ല.

ചില നിമിഷങ്ങൾകൂടി കഴിയുമ്പോഴെക്ക് അവർ ആ അയൽപ്രദേശങ്ങളിൽ പതുങ്ങിനടന്നിരുന്ന ബബെയുടെയും മൊങ്പർനാസ്സിന്റെയും അടുത്തെത്തി.

കയർ വലിച്ചെടുക്കുന്നതിൽ അതു പൊട്ടിപ്പോയിരുന്നു; അതിന്റെ ഒരു കഷ്ണം മേൽപ്പുരയിൽ പുകക്കുഴലിന്മേൽ പൊട്ടിനിന്നു. അവർക്കു വേറെ നഷ്ടമൊന്നും പറ്റിയിരുന്നില്ല; എന്നുവെച്ചാൽ, രണ്ടു കൈയിന്റേയും തൊലിമാത്രം ഏതാണ്ട് മുഴുവനും ഉരഞ്ഞിരുന്നു.

അന്നു രാത്രിതന്നെ—എങ്ങനെയാണ് ആർക്കും പറയാൻ വയ്യാ—തെനാർദിയെർക്കും മുന്നറിവു കിട്ടിയിരുന്നു, അയാൾ ഉറങ്ങിയില്ല.

പുലരാൻ ഒരു മണി സമയത്തു തന്റെ കൂട്ടിന്നെതിരായുള്ള കിളിവാതിലിനു മുൻപിലൂടെ, മഴയത്തും കാറ്റത്തും, മേൽപ്പുരയിൽ വിലങ്ങനെ, രാത്രി നല്ല ഇരുട്ടുള്ളതായിരുന്നതുകൊണ്ടു, രണ്ടു നിഴല്പാടുകൾ നടന്നുപോകുന്നത് അയാൾ കണ്ടു. അതിൽ ഒന്ന്, അകത്തേയ്ക്ക് ഒരു നോട്ടം തിരുകിക്കൊടുക്കാൻ വേണ്ടിടത്തോളം നേരം, കിളിവാതിലിനു മുൻപിൽ നിന്നു. ഇതു ബ്രൂഴോങ്ങായിരുന്നു.

തെനാർദിയേർ അവനെ, കണ്ടറിഞ്ഞു, കാര്യം മനസ്സിലായി, അതു മതി.

ഒരു ഭവനഭേദനക്കാരനായിഗ്ഗണിക്കപ്പെട്ട തെനാർദിയെർ, ഒരു രാത്രിക്കെണികെട്ടിയുണ്ടാക്കി എന്ന കുറ്റത്തിന്മേൽ ഒരു മുൻകരുതലായി ആയുധധാരികളായ പട്ടാളക്കാരെ നിർത്തി ബന്ധനത്തിലാക്കപ്പെട്ടതുകൊണ്ട്, എപ്പോഴും ആളുകളുടെ കണ്ണിന്മുമ്പിലായിരുന്നു. ഈരണ്ടു മണിക്കൂർ കൂടുമ്പോൾ മാറിവരുന്ന പാറാവുഭടൻ അയാളുടെ കൂട്ടിന്നു മുൻപിലൂടെ നിറച്ച തോക്കുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടാവും. ഒരു നാട്ടുവെളിച്ചം ആ ‘അസ്സൽക്കാറ്റിൽ’ വിളക്കുവെച്ചിരിക്കുന്നു. തടവുകാരന്റെ കാലിന്മേൽ അമ്പതു റാത്തൽ കനമുള്ള ചങ്ങലയുണ്ട്. ദിവസംപ്രതി ഉച്ചതിരിഞ്ഞു നാലുമണിക്ക് ഒരു ജയിലധികാരി രണ്ടു നായിക്കളോടും കൂടി—ഈ സമ്പ്രദായം അന്നും മാറിയിട്ടില്ല—അയാളുടെ കൂട്ടിൽ വന്ന് രണ്ടു റാത്തൽ കനമുള്ള ഒരു കറുത്തപ്പവും ഒരു പാത്രം വെള്ളവും കുറച്ചു പയറ്റിൻമണി നീന്തിക്കളിക്കുന്ന ഒരു പിഞ്ഞാണവും കൊണ്ടുവന്നുവെച്ച്, അയാളുടെ ചങ്ങലപരിശോധിച്ച്, അഴികൾ തട്ടിനോക്കി, മടങ്ങിപ്പോവും. ഈ മനുഷ്യനും അയാളുടെ നായ്ക്കളും രാത്രിയിലും രണ്ടുതവണ വന്നു മടങ്ങും.

ഒരുതരം ഇരിമ്പുവിലങ്ങു കൈയിൽ വെക്കുന്നതിനു തെനാർദിയെർ സമ്മതം വാങ്ങിയിരുന്നു; അയാൾ പറഞ്ഞിരുന്നതുപോലെ, ‘എലികൾ തിന്നാതെ കഴിക്കുവാൻ വേണ്ടി’ ചുമരിന്മേലുള്ള ഒരു വിടവിൽ അയാൾക്കുള്ള അപ്പം കോർത്തു കുത്തിനിർത്താനാണ് അതുപയോഗിച്ചിരുന്നത്. തെനാർദിയെർ എപ്പോഴും പാറാവുഭടന്റെ കണ്ണിന്മുമ്പിലായിരുന്നതുകൊണ്ട് ഇതിന്നാരും വിരോധം പറഞ്ഞില്ല. എങ്കിലും ജെയിലധികാരികളിൽ ഒരാൾ ‘ആ പുള്ളിക്ക് ഒരു മരക്കുന്തം കൊടുത്താൽ അധികം നന്നായിരുന്നു’ എന്നു പണ്ടു പറഞ്ഞിരുന്നതായി പിന്നീട് ആർക്കോ ഓർമ്മവന്നു.

പുലരാൻകാലത്തു രണ്ടു മണിക്ക് ഒരു വൃദ്ധഭടനായിരുന്ന അതുവരത്തെ പാറാവുകാരൻ പോയി. പുതുതായി ചേർന്ന ഒരാൾ ആ സ്ഥാനത്തേക്കെത്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ, നായ്ക്കളുമായി ആ മനുഷ്യൻ അതിലേ വന്നു; ‘ആ പച്ചവിടാത്ത പുതുഭട’ന്റെ നാടൻമട്ടും എന്തെന്നില്ലാത്ത ചോരത്തിളപ്പും മാത്രമല്ലാതെ മറ്റൊന്നും വിശേഷിച്ച് സൂക്ഷിക്കാതെ അയാൾ പോയി. രണ്ടു മണിക്കൂർ കൂടി കഴിഞ്ഞു, നാലു മണിക്ക് ആ പുതിയ ആളെ മാറ്റുവാൻ ഈ ആൾ വന്നപ്പോൾ, ആ മനുഷ്യൻ തെനാർദിയെരുടെ കൂട്ടിന്നടുത്ത് ഒരു മരമുട്ടിപോലെ നിലത്തു കിടന്നുറങ്ങുന്നതു കണ്ടു. തെനാർദിയെറാണെങ്കിൽ, അയാൾ അവിടെയില്ല. അയാളുടെ കൂട്ടിനുള്ള മുകൾത്തട്ടിൽ ഒരു ദ്വാരമുണ്ട്. മറ്റൊന്ന് അതിനു മുകളിൽ മേൽപ്പുരയിലും, അയാളുടെ കട്ടിലിന്റെ ഒരു പലക വലിച്ചെടുത്തിരിക്കുന്നു; അതവിടെയെങ്ങും കാണാത്തതുകൊണ്ട്, അതയാൾ കൊണ്ടുപോയിരിക്കണം. ഭടന്നുമരുന്നു കൊടുത്തു മോഹാലസ്യപ്പെടുത്തിയ ആ മത്തുപിടിപ്പിക്കുന്ന വീഞ്ഞിന്റെ പകുതിയൊഴിഞ്ഞ കുപ്പിയും ആളുകൾ ആ ഗുഹയ്ക്കുള്ളിൽ കണ്ടുപിടിച്ചു. ആ ഭടന്റെ തോക്കിൻകുന്തവും കാണാനില്ല.

ഈ സംഭവം കണ്ടെത്തിയ സമയത്തേക്കു തെനാർദിയെർ അങ്ങെത്തിയിരിക്കണമെന്നു വിചാരിച്ചു. വാസ്തവത്തിൽ അയാൾ പുതുകെട്ടിടത്തിലുണ്ടായിരുന്നില്ല; എങ്കിലും അപ്പോഴും വലിയ അപകടത്തിൽത്തന്നെയായിരുന്നു.

തെനാർദിയെർ പുതുകെട്ടിടത്തിന്റെ മോന്താഴത്തെത്തിയപ്പോൾ പുകക്കുഴലിന്റെ മുകൾത്തൊപ്പിയിലെ അഴികളിൽ ബ്രൂഴോങ്ങിന്റെ കയർത്തുണ്ടം തൂങ്ങിക്കിടക്കുന്നതു കണ്ടു; പക്ഷേ, ആ പൊട്ടിനില്ക്കുന്ന കഷ്ണം നന്നേ ചെറുതായിരുന്നതുകൊണ്ടു ബ്രൂഴോങ്ങും ഗ്വെൽമെറും ചെയ്തതുപോലെ പുറംമതിലിലൂടെ രക്ഷപ്പെടാൻ അയാൾ നിവൃത്തികണ്ടില്ല.

റ്യു ദെ ബല്ലെത്തിൽനിന്നു റ്യു ദ് റ്വാദ്സിസിലിലേക്കു തിരിയുന്ന ഒരാൾ ഒന്നാമതായി കണ്ടുമുട്ടുന്നത് അറപ്പുതോന്നിക്കുന്ന ഒരിടിഞ്ഞുപൊളിഞ്ഞ വീടാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സ്ഥലത്ത് ഒരു ഭവനമുണ്ടായിരുന്നു; അടുത്ത കെട്ടിടങ്ങൾക്കിടയിൽ മൂന്നാംനിലവരെ ഉയർന്നുനില്ക്കുന്ന ഒരു നിരപ്പണിയായ പുറം ചുമർ മാത്രമേ ഇപ്പോൾ അതിനെസ്സംബന്ധിച്ചുള്ളു. ഇപ്പോഴും കാണാവുന്ന രണ്ടു ചതുരജ്ജനാലകളെക്കൊണ്ട് ആ വീടിന്റെ നില ഊഹിക്കാം; വലത്തേ നെറ്റിപ്പുറത്തിന്ന് ഏറ്റവും അടുത്തിട്ടുള്ള നടുവിലെ ജനാലയിൽ ഒരൂന്നുകാലുപോലെ വെച്ചിട്ടുള്ള ഒരു തുരുമ്പിച്ച തുലാം തടഞ്ഞുനില്ക്കുന്നു. മുൻകാലത്ത് ഈ ജനാലകളിലൂടെ ഉയർന്നതും വ്യസനമയവുമായ ഒരു ചുമർ കാണപ്പെട്ടിരുന്നു; അതു ലഫോർസിലെ പുറംമതിലിന്റെ ഒരു കഷ്ണമാണ്.

പൊളിച്ചുകളയപ്പെട്ട വീടുകൊണ്ടു തെരുവിൽ ഉണ്ടായിവന്നിട്ടുള്ള പഴുത് അഞ്ചു കാലുകൊണ്ട് അതിരിട്ട ഒരു പഴയ പലകവേലിയാൽ പകുതിയും നിറയപ്പെട്ടിരുന്നു. ഈ പഴുതിനുള്ളിൽ അപ്പോഴും നിവർന്നുനില്ക്കുന്ന ഭവനാംശത്തിന്മേലേക്കു ചാരി ഒരു ചെറ്റപ്പുര ഒളിച്ചുനില്ക്കുന്നുണ്ട്. വേലിക്ക് ഒരു പടിവാതിലുണ്ട്; കുറച്ചു കൊല്ലം മുൻപ് അതിന് ഒരു സാക്ഷയേ ഉണ്ടായിരുന്നുള്ളൂ.

ഈ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൻമുകളിലാണ് തെനാർദിയെർ പുലരാൻ കാലത്ത് ഒരു മണി കഴിഞ്ഞപ്പോൾ എത്തിച്ചേർന്നത്.

അയാൾ അവിടെ എങ്ങനെയെത്തി? ഒരാൾക്കും പറയാനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ലാത്ത ഒരു സംഗതിയാണത്. മിന്നൽവെളിച്ചം ഒരേ സമയത്ത് അയാളെ സഹായിക്കുകയും തടയുകയും ചെയ്തിട്ടുണ്ടാവണം. അയാൾ മേൽപ്പുരയിൽ നിന്നു മേൽപ്പുരയിലേക്കും, കെട്ടിൽനിന്നും കെട്ടിലേക്കും, മുറിയിൽ നിന്നു മുറിയിലേക്കും, ഷാർൾമേൻമുറ്റത്തിലെ എടുപ്പുകളിൽനിന്നു സാങ്-ലൂയിമുറ്റത്തിലെ എടുപ്പുകളിലേക്കും, പുറംമതിലിലേക്കും, അവിടെനിന്നു റ്യു ദ്യു റ്വാദ്സിസിലിലെ ചെറുകുടിലിലേക്കും കടന്നുവീഴാൻ കോണികളും മേൽപ്പുരപ്പണിക്കാരുടെ ‘എകരക്കോപ്പു’കളും ഉപയോഗപ്പെടുത്തിയിരിക്കുമോ പക്ഷേ, ആ സഞ്ചാരവിവരത്തിനിടയിൽ അതസാധ്യമെന്നു തോന്നിക്കുന്ന പല വിടവുകളുമുണ്ട്. അയാൾ കട്ടിലിൽനിന്നു കൊണ്ടുപോന്ന പലക ‘അസ്സൽക്കാറ്റി’ന്റെ മേൽപ്പുരയിൽനിന്നു പുറംമതിലിലേക്ക് ഒരു പാലംപോലെയിടുകയും ജെയിൽപ്പുരമുകളിലൂടെ ചെറുകുടിൽവരെയ്ക്കുള്ള അകലം മുഴുവനും പുറംമതിലിന്റെ മുകൾത്തൊപ്പിയിലൂടെ കമിഴ്‌ന്നുകിടന്നു നീന്തിച്ചെല്ലുകയും ചെയ്തിരിക്കുമോ? പക്ഷേ, ലഫോർസിന്റെ പുറംമതിൽ സമനിരപ്പിലല്ലായിരുന്നു; അതുയർന്നുപോവും. കീഴ്പോട്ടുതാഴും; പീരങ്കിപ്പട്ടാളക്കാരുടെ താവളങ്ങളിൽ അതു കാണാതാവും, വീണ്ടും കുളിപ്പുരയ്ക്കടുക്കൽവെച്ചു പൊങ്ങിവരും; അത് എടുപ്പുകളെക്കൊണ്ടു രണ്ടു കഷ്ണമായി മുറിയും; ഒത്തേൽ ലമ്വാഞോവിലെ മാതിരി ഉയരത്തിലല്ല റ്യു പവെയിൽ; എല്ലായിടത്തുംവെച്ച് അത് ഇല്ലാതാകയും കോണുതിരിഞ്ഞു മാറിപ്പോകയും ചെയ്യുന്നുണ്ട്; പിന്നെ ആ ചാടിപ്പോകുന്നാളുടെ കറുത്ത രൂപം പാറാവുഭടന്മാർ കാണാതിരിക്കാൻ വയ്യാ; അതുകൊണ്ട് തെനാർദിയെർ വെച്ച വഴി ഏതാണെന്ന് ഇനിയും മനസ്സിലാക്കാൻ നിവൃത്തിയില്ലാതെ കിടക്കുന്നു. രണ്ടു വിധത്തിലും, ആ ചാടിപ്പോകൽ ഉണ്ടാവാൻ വയ്യാ. അപ്പോൾ, തെനാർദിയെർ അഗാധഗുഹകളെ വെറും കുഴികളായും, ഇരിമ്പുവിലങ്ങുകളെ അലറിമരത്തിന്റെ ചുള്ളിക്കൊമ്പുകളായും, കാലില്ലാത്ത മനുഷ്യനെ അഭ്യാസിയായും, ഒരു വാതരോഗിയെ ഒരു പക്ഷിയായും, കഥയില്ലായ്മയെ പ്രകൃതിജ്ഞാനമായും, ബുദ്ധിയെ അതിബുദ്ധിയായും മാറ്റിത്തീർക്കുന്ന ആ സ്വാതന്ത്ര്യതൃഷ്ണയാൽ പ്രേരിപ്പിക്കപ്പെട്ട് ഏതോ മൂന്നാമതൊരു വഴിയെടുത്തു എന്നുണ്ടോ? ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ല.

ചാടിപ്പോകലിനുള്ള അത്ഭുതമാർഗ്ഗങ്ങൾ എപ്പോഴും കണ്ടുപിടിക്കാവുന്നതല്ല. ഞങ്ങൾ ആവർത്തിക്കുന്നു, ചാടിപ്പോകുന്നവൻ എന്തോ ഒരാവേശംകൊണ്ടിരിക്കയാണ്; ചാടിപ്പോകലിന്റെ അത്ഭുതകരമായ പ്രകാശനാളത്തിൽ നക്ഷത്രത്തേയും മിന്നലിനേയും സംബന്ധിക്കുന്ന എന്തോ ഒന്നുണ്ട്; മഹത്ത്വത്തിലേക്കുള്ള പറക്കലിനേക്കാൾ ഒട്ടും കുറഞ്ഞ അത്ഭുതകരത്വമല്ല, സ്വാതന്ത്ര്യലബ്ധിയിലേക്കുള്ള പോക്കിനുമുള്ളു; ‘മരിക്കാനുള്ള മാർഗ്ഗം അയാൾ എവിടെനിന്നു കണ്ടു; എന്നു കൊർണീലിയെപ്പറ്റി ചോദിക്കുംപോലെതന്ന, ചാടിപ്പോയ കള്ളനെപ്പറ്റി ‘ആ മതിൽ അവനെങ്ങനെ കടന്നു’ എന്നു ചോദിക്കപ്പെടുന്നു.

അതെന്തായാലും വിയർത്തുമുങ്ങി, മഴ നനഞ്ഞ്, ഉടുപ്പുകളെല്ലാം കുടുക്കുകളിന്മേൽ തൂങ്ങി, കൈകളിൽ തൊലിയുരിഞ്ഞു, കൈമുട്ടുകളിൽനിന്നു ചോരയൊലിച്ചു, കാൽമുട്ടുകൾ കീറിപ്പൊളിഞ്ഞു തെനാർദിയെർ, കുട്ടികൾ വീടിന്റെ വായ്ത്തലയിൽ എത്തി, അവിടെ നീണ്ടുനിവർന്നു കിടപ്പായി; അയാളുടെ ശക്തി തീരെ കെട്ടു. മൂന്നു നില ഉയരത്തിൽ കടുംകുത്തനെയുള്ള ഒരു മതില്ക്കെട്ട് അയാൾക്കും നിരത്തിലെ കൽവിരിക്കും നടുവിൽ നില്ക്കുന്നു.

അയാളുടെ കൈവശമുള്ള കയറിനു നീളം പോരാ.

അവിടെ അയാൾ വിളർത്തു. തളർന്നു, താൻ അനുഭവിച്ചുകഴിഞ്ഞ എല്ലാത്തരം നിരാശകൊണ്ടും നിരാശനായി, രാത്രിയാൽ അപ്പോഴും ഒളിപ്പിക്കപ്പെട്ടു, പക്ഷേ, നേരം പുലരാറായിരിക്കുന്നു എന്നു സ്വയം മന്ത്രിച്ചുകൊണ്ടു, കുറച്ചു നിമിഷങ്ങൾക്കുള്ളിലായി അടുത്തുള്ള സാങ് പോൾ പള്ളിയിലെ നാഴികമണി നാലുമണിയായെന്ന്—ആ ഉണ്ടായിരുന്ന പാറാവുഭടൻ മാറുകയും ആ ഭടൻ ആ തുളഞ്ഞമേൽപ്പുരയ്ക്കു ചുവട്ടിൽ കിടന്നുറങ്ങുന്നതു കാണപ്പെടുകയും ചെയ്യുന്ന ഘട്ടമായെന്ന്—അറിയിക്കുന്നതു കേട്ടു പേടിച്ച്, ഒരു ഭയങ്കരമായ ആഴത്തിലേക്കും തെരുവുവിളക്കുകളുടെ വെളിച്ചത്തിലേക്കും നനഞ്ഞു കറുത്ത കൽവിരിയിലേക്കും—അതെ, ആ കൽവിരിയെക്കാളധികം ഭയങ്കരമായ ഒന്ന്, എന്നുവെച്ചാൽ മരണം, അതായത് സ്വാതന്ത്ര്യം, ഉണ്ടാക്കാനായി ആർത്തിപ്പെടുന്ന ആ കൽവിരിയിലേക്കും—തുറിച്ചുനോക്കുകയായി.

ചാടിപ്പോകലിലുള്ള തന്റെ മൂന്നു കൂട്ടുകാർ കാര്യം സാധിച്ചുവോ എന്നും, തന്റെ ഒച്ച കേട്ടാൽ അവർ സാഹായ്യത്തിനെത്തുമോ എന്നും അയാൾ സ്വയം ചോദിച്ചു. അയാൾ ചെവിയോർത്തു. അയാൾ അവിടെ എത്തിയതിനുശേഷം പാറാവുഭടനൊഴികെ മറ്റാരും തെരുവിലൂടെ നടക്കുകയുണ്ടായിട്ടില്ല. മോന്തൃവിൽനിന്നും ഷരോങ്ങിൽനിന്നും വിങ്സെന്നിൽനിന്നും ബേർസിയിൽനിന്നും ചന്തകളിലേക്കുള്ള കായ്കറിക്കച്ചവടക്കാർ ഒട്ടുമുഴുവനും റ്യു സാങ് ആന്ത്വാങ്ങിലൂടെ പോയിക്കഴിഞ്ഞു.

നാലുമണിയടിച്ചു. തെനാർദിയെർ വിറച്ചു. കുറച്ചു നിമിഷങ്ങൾകൂടിക്കഴിഞ്ഞു, ഒരു ചാടിപ്പോകലുണ്ടായി എന്നു കണ്ടുപിടിക്കപ്പെട്ടാലത്തെ ആ ഭയങ്കരവും സമ്മിശ്രവുമായ ലഹള ജെയിലിലെങ്ങുംനിന്നു പുറപ്പെട്ടു. വാതിലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിന്റെ ശബ്ദം, അഴിച്ചുമരുകൾ തിരിക്കുറ്റികളിൽ നിന്നു കിരുകിരുക്കൽ, പാറാവുപുരയിലെ ബഹളം, ജെയിൽത്തലവന്മാരുടെ പരുക്കനൊച്ചയിലുള്ള കൂക്കിവിളികൾ, മുറ്റത്തുള്ള കൽവിരിയിൽ തോക്കിൻചട്ടകൾ തട്ടുന്ന ഒച്ച, ഇതെല്ലാം അയാളുടെ ചെകിട്ടിൽ കേട്ടു. ഉറക്കറകളിലെ അഴിജ്ജനാലകളിലൂടെ വെളിച്ചം മുകളിലേക്കു കയറിച്ചെല്ലുന്നതും ഇറങ്ങിപ്പോകുന്നതും കാണാനുണ്ട്; പുതുകെട്ടിടത്തിന്റെ മുകൾനിലയിലെ മോന്താഴത്തിലൂടെ ഒരു ചൂട്ടു പായുന്നുണ്ട്; വലത്തുവശത്തുള്ള പട്ടാളത്താവളങ്ങളിൽനിന്നു പട്ടാളങ്ങൾക്കു കല്പനയയച്ചു മഴയത്തു ചൂട്ടുകൊണ്ടു പ്രകാശിച്ചിരുന്ന അവരുടെ ശിരോലങ്കാരങ്ങൾ മേൽപ്പുരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നു. അതോടൊപ്പംതന്നെ, ബസ്തീലിന്റെ വഴിക്ക് ഒരു വിളർത്ത വെള്ളനിറം വ്യസനകരമായ മട്ടിൽ ചക്രവാളവക്കിനെ പ്രകാശിപ്പിക്കുന്നതായി തെനാർദിയെർ കണ്ടു.

അയാൾ ആ സമയത്തു പത്തിഞ്ചു വീതിയുള്ള ഒരു മതിലിൻമുകളിൽ, ഇടത്തും വലത്തും രണ്ട് അഗാധഗുഹകളോടുകൂടി, പേമഴയത്തു കമിഴ്‌ന്നു, അനങ്ങാൻ വയ്യാതെ, വീണേയ്ക്കുമോ എന്നുള്ള തലചുറ്റലിനും പിടിച്ചേയ്ക്കുമോ എന്നുള്ള ഭയപ്പാടിനും അടിപെട്ടു നീണ്ടുകിടക്കുകയാണ്; അയാളുടെ ആലോചനകൾ, ഒരു ഘടികാരത്തിന്റെ ആട്ടുകട്ടിപോലെ, ‘ഞാൻ വീണാൽ മരിച്ചു, കിടന്നാൽ പിടിയിൽപ്പെട്ടു’ എന്നീ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ആടിക്കൊണ്ടിരിക്കുന്നു. ഈ മനോവേദനയ്ക്കിടയിൽ, അപ്പോഴും തെരുവ് ഇരുട്ടടഞ്ഞുതന്നെയിരിക്കെ, ഒരാൾ മതിലിന്നരികിലൂടെ പതുങ്ങിപ്പതുങ്ങി റ്യു പവെയിലൂടെ വന്ന് തെനാർദിയെർ തൂങ്ങിക്കിടക്കുന്നതിന്റെ താഴത്തുള്ള ചുമർവളവിലെത്തി നിന്നതായി അയാൾ പെട്ടെന്നു കണ്ടു. ഇവിടെവെച്ച് ആവിധംതന്നെ കരുതലോടുകൂടി വന്നെത്തിയ മറ്റൊരാൾ ആദ്യത്തെ ആളോടു ചേർന്നു; മൂന്നാമതൊരാൾകൂടിയായി; നാലാമതൊരാൾകൂടിയും. ഈ നാലുപേരും ഒത്തുകൂടിയതോടുകൂടി, ഒരാൾ ആ വേലിവളപ്പിന്റെ പടിവാതിൽസാക്ഷനീക്കിത്തുറന്നു. ചെറുകുടിൽ നില്ക്കുന്ന അതിന്നുള്ളിലേക്കു കടന്നു. അവർ തെനാർദിയെരുടെ നേരെ ചുവട്ടിലെത്തി നിന്നു. ഈ നാലുപേർ, വഴിപോക്കരാവട്ടെ, കുറച്ചുകൂടി ദൂരത്തുള്ള ലഫോർസിന്റെ കാവൽപ്പുരയിൽ കാവൽനില്ക്കുന്ന പാറാവുഭടനാവട്ടേ, കാണാതായ ഗൂഢാലോചന ചെയ്യാൻ വേണ്ടി ആ സ്ഥലം തിരഞ്ഞെടുത്തതായിരിക്കും. മഴ പാറാവുഭടനെ കാവൽക്കൂടിൽത്തന്നെ അനങ്ങാതെ നിർത്തിയിരുന്നു എന്നും പറയേണ്ടതാണ്. അവരുടെ മുഖാകൃതികൾ കാണാൻ വയ്യാതിരുന്ന തെനാർദിയെർ തന്റെ കാര്യം പോയി എന്നു തോന്നിയ ഒരു നിർഭാഗ്യന്റെ നിരാശമായ അതിശ്രദ്ധയോടുകൂടി അവരുടെ സംഭാഷണത്തിനു ചെവികൊടുത്തു.

ഒരാശാനാളംപോലെ എന്തോ ഒന്ന് കണ്ണിന്മുമ്പിലൂടെ മിന്നിയതായി തെനാർദിയെർ കണ്ടു—ആ മനുഷ്യർ സംസാരിച്ചിരുന്നത് കന്നഭാഷയിലാണ്.

ഒന്നാമത്തവൻ താന്നതെങ്കിലും വ്യക്തമായ ഒരു സ്വരത്തിൽ പറഞ്ഞു: ‘പണി നോക്ക്. എന്തിനേ നാമിവിടെ വന്നു?’

രണ്ടാമത്തവൻ പറഞ്ഞു: ‘ചെകുത്താന്റെ പൊട്ടിത്തിയ്യുകൂടി കെട്ടുപോണ പേമഴ. എന്നല്ല, തീപ്പെട്ടിക്കോലുകൾ ഇപ്പോ എത്തും. ഒരു പട്ടാളക്കാരൻ അവിടെ കാവലുണ്ട്. നൊമ്മടെ മോന്ത കുടുങ്ങും.’

‘ഇവിടെ’ എന്നർത്ഥമുള്ള ‘ഇസിഗോ’, ‘ഇസിക്കെയ്’ എന്നീ രണ്ടു വാക്കുകൾ—ഒന്നാമത്തതു കോട്ടപ്പുറങ്ങളിലേക്കും രണ്ടാമത്തതു തെംപ്ല് പ്രദേശത്തേക്കും ചേർന്നതായ ഈ രണ്ടു വാക്കുകൾ— തെനീർദിയെർക്ക് ഓരോ വെളിച്ചംകാട്ടലായിരുന്നു. ‘ഇസിഗോ’ എന്ന വാക്കുകൊണ്ടു കോട്ടപ്പുറങ്ങളിൽ പതുങ്ങിനടന്നിരുന്നവനായ ബ്രൂഴോങ്ങിനേയും ‘ഇസിക്കെയ്’ എന്ന വാക്കുകൊണ്ട് തെംപ്ല് പ്രദേശത്തു പഴയ വസ്ത്രങ്ങൾ വാങ്ങി വിറ്റിരുന്നവനായ ബബെയേയും അയാൾ മനസ്സിലാക്കി.

കഴിഞ്ഞ നൂറ്റാണ്ടിലെ പുരാതനക്കന്നഭാഷ തെംപ്ലിലല്ലാതെ മറ്റെങ്ങും സംസാരിച്ചിരുന്നില്ല; അത് യാതൊരു കൂട്ടുമില്ലാതെ ഉപയോഗിച്ചിരുന്നവനായിട്ടു വാസ്തവത്തിൽ ബബെ മാത്രമേ ഉള്ളൂ ‘ഇസിക്കെയ്’ എന്ന വാക്കില്ലായിരുന്നുവെങ്കിൽ തെനാർദിയെർ അവനെ മനസ്സിലാക്കുമായിരുന്നില്ല; അവൻ തന്റെ ശബ്ദത്തെ അത്ര തികച്ചും മാറ്റിയിരുന്നു.

ഈയിടയ്ക്കു മൂന്നാമത്താൾ കൂട്ടത്തിൽക്കൂടി.

‘എങ്കിലും ബദ്ധപ്പെടാനൊന്നുമില്ല; നമുക്കിവിടെ കുറച്ചു കാക്കുക. നമ്മെ അയാൾ കാത്തുനില്ക്കുകയല്ലെന്ന് ആർക്കറിയാം?’

നല്ല ഭാഷയായിരുന്ന ഈ സംസാരം മൊങ്പർനാസ്സിന്റെയാണെന്ന് തെനാർദിയെർക്കു മനസ്സിലായി; എല്ലാ കന്നഭാഷയും മനസ്സിലാക്കി വെയ്കുകയും യാതൊന്നും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് അവന്റെ അന്തസ്സിന്റെ ഒരു ഭാഗമായിരുന്നു.

നാലാമത്തവൻ ഒന്നും മിണ്ടിയിരുന്നില്ല; എങ്കിലും ആ മനുഷ്യന്റെ കൂറ്റൻ ചുമലുകൾ ആളെ വെളിപ്പെടുത്തിക്കളഞ്ഞു. തെനാർദിയെർക്കു സംശയമുണ്ടായില്ല. അതു ഴെൻമെറായിരുന്നു.

ബ്രൂഴോങ് ഏതാണ്ട് പരുഷമായി, എങ്കിലും ഒരു താന്ന സ്വരത്തിൽ മറുപടി പറഞ്ഞു: ‘എന്താണീ ചിലയ്ക്കണത്?’ ചാരായക്കടക്കാരന്നു കാര്യം നോക്കാൻ പറ്റീട്ടില്ല. അയാൾ വടിവല പിടിച്ചേലേക്കൊന്നും ചാടില്ല. ഇല്ലാന്ന്, ഉൾക്കുപ്പായം ചീന്തി, വിരിപ്പോണ്ടു കയർ കെട്ടി, വാതിലിൽ ഓടു തുളച്ചു, കള്ളക്കടലാസ്സുവെച്ചൊട്ടിച്ചു, കള്ളത്താക്കോലുണ്ടാക്കി, കാൽലെ ചങ്ങല രാവിമുറിച്ചു, കയർ കെട്ടിത്തൂക്കി, ഒളിച്ചു മാറി വേഷം മാറ്റി നടക്കണമെങ്കിൽ, താനൊരു നല്ല തന്റേടമുള്ള ആൺകുട്ടിയാവണം! ആ തന്തപ്പടിയെക്കൊണ്ട് അതിനാവില്ല; ആ കഴൂന്നു കാര്യം നടത്താൻ അറിഞ്ഞുകൂടാ.’

പൂല്വാലെയും [2] കർത്തൂഷും സംസാരിച്ചിരുന്ന ആ സാഹിത്യശുദ്ധിയുള്ള ഭാഷയിൽ—അതിനെ ബ്രൂഴോങ്ങിന്റെ ഉറപ്പിച്ചതും പുതിയതും നാട്യംകൂടിയതും വിഷമവുമായ ആഭാസഭാഷയോടു തട്ടിച്ചുനോക്കിയാൽ റസീന്റെ ഭാഷയും അൻദ്രെ ഷെനിയെയുടെ [3] ഭാഷയും തമ്മിലുള്ള സാമ്യമുണ്ടെന്നു പറയാം—ബബെ തുടർന്നു പറഞ്ഞു: ‘തന്റെ ചാരായക്കടക്കാരന്റെ മോന്ത കുടുങ്ങിയിരിക്കണം. തനിക്കൊക്കെ അറിവാവും; മറ്റാൾ ഒരു വെറും പൊണ്ണനാണ്. വല്ല വിരുതനും അയാളെ കൊമ്പു വെച്ചിരിക്കും; ഒരു സമയം, ചങ്ങാതിയായിക്കൂടിയ ‘ഒരാടാ’ വും കെണിച്ചത്. മൊങ്പർനാസ് അതാ ചെവിയോർക്കു, ജേലിൽനിന്നുള്ള ലഹള കേട്ട്വോ? ആ വെളിച്ചമൊക്കെ കണ്ടില്ലേ? അതാ അയാളെ വീണ്ടും പിടിച്ചുകഴിഞ്ഞു. ഇരുപതു കൊല്ലവും കൊണ്ടുനടക്കാം. എനിക്കു പേടീല്ല. ഞാനൊരു പേടിത്തൊണ്ടനല്ല; പക്ഷേ, ഇന്യൊന്നും കാട്ടാൻല്യ, അല്ലെങ്കിൽ, അവർ നമ്മെക്കൊണ്ടും മാച്ചാൻ കളിപ്പിക്കും, അത്ന്നെ. വെറുതെ പ്രാന്തുപിടിക്കണ്ടാ; വരൂ ഞങ്ങടെകൂടെ; നോക്കൊരുമിച്ച് ഒരു കുപ്പി പഴേ വീഞ്ഞു വാങ്ങിക്കുടിക്കാ.’

‘കുടുക്കിൽപ്പെട്ട ഒരു ചങ്ങാതിയെ ഉപേക്ഷിച്ചുകൂടാ’, മൊങ്പർനാസ് പിറുപിറുത്തു.

‘ഞാൻ പറയാം.’ അയാളുടെ മോന്ത കുടുങ്ങി. ബ്രൂഴോങ് തിരിച്ചടിച്ചു. ‘തൽക്കാലം ചാരായക്കടക്കാരൻ ഒരു കാശിനില്ല. നോനെന്നും അയാൾക്കു ചെയ്തുടുക്കാൻല്യ. പോവ്വാ. ഓരോ നിമിഷത്തിലും ഏതോ തീപ്പെട്ടിക്കോൽ വന്നുപിടിച്ചു എന്നു പേട്യാണ്.’

മൊങ്പർനാസ്സിന്റെ തടസ്സത്തിനു ശക്തി വളരെ കുറഞ്ഞു; വാസ്തവമെന്തെന്നാൽ, ഒരിക്കലും അന്യോന്യം ഉപേക്ഷിക്കാത്തവരായ ഘാതുകന്മാരുടെ വിശ്വസ്തതയോടുകൂടി ആ നാലുപേർ, തങ്ങൾക്കു വരാവുന്ന ആപത്ത് അത്യധികമാണെങ്കിലും, വല്ല ചുമരിനും മീതേ തെനാർദിയെരെ കണ്ടേയ്ക്കുമെന്നുള്ള ആശകൊണ്ടു രാത്രിമുഴുവൻ പതുങ്ങിനടന്നിരിക്കുന്നു. എന്നാൽ എന്തെന്നില്ലാതെ നന്നായിവരുന്ന രാത്രിയും—എല്ലാ തെരുവുകളും ആൾസ്സഞ്ചാരമില്ലാത്തവയായിത്തീരത്തക്കവണ്ണം അത്ര ഇരമ്പിയതായിരുന്ന മഴയും—അവരെ ചുരുട്ടിക്കളഞ്ഞിരുന്ന തണുപ്പും, അവരുടെ ഈറൻപിണ്ടിയായ ഉടുപ്പും, നിറയെ ദ്വാരമുള്ള പാപ്പാസ്സുകളും, ജെയിലിൽനിന്നു പുറപ്പെട്ട ഭയങ്കര ശബ്ദങ്ങളും, നേരം പോകലും, അവർ കണ്ടെത്തിയ പാറാവുഭടനും, ആശകെടലും എല്ലാംകൂടി, ഒരുസമയം തെനാർദിയെരുടെ ജാമാതാവായിക്കഴിഞ്ഞിരുന്ന മൊങ്പർനാസ് തന്നെ കീഴടങ്ങി. ഒരു നിമിഷം കൂടിയേ വേണ്ടു, അവർ പോയ്ക്കഴിഞ്ഞേനേ. കപ്പൽ പൊളിഞ്ഞ് അപകടത്തിൽപ്പെട്ടവർ, പൊന്തിക്കാണാമായിരുന്ന കപ്പൽ വീണ്ടും ദൂരത്ത് ആകാശാന്തത്തിൽ മറഞ്ഞുപോയതായിക്കാണെ, തങ്ങളുടെ മരത്തെരിപ്പിൽകിടന്നെന്നപോലെ, തെനാർദിയെർ തന്റെ മതിലിന്മേൽ കിടന്നു കിതയ്ക്കുകയായിരുന്നു.

അയാൾക്ക് അവരെ വിളിച്ചുനോക്കാൻ ധൈര്യമുണ്ടായില്ല; ഒരു ശബ്ദമെങ്ങാനും കേട്ടാൽ മതി, കാര്യം മുഴുവനും തകരാറായി. അയാൾക്ക് ഒരു യുക്തിതോന്നി, ഒടുവിലത്തെ ഒരു യുക്തി, ഒരു ദിവ്യജ്ഞാനത്തിന്റെ മിന്നിച്ച; പുതുകെട്ടിടത്തിന്റെ പുകക്കുഴലിൽനിന്നഴിച്ചു കൈയിലാക്കിയിരുന്ന ബ്രൂഴോങ്ങിന്റെ കയറ്റിൻകഷ്ണം അയാൾ കുപ്പായക്കീശയിൽനിന്നു വലിച്ചെടുത്ത് ആ വേലിക്കുള്ളിലേക്ക് ഒരേറെറിഞ്ഞു.

ഈ കയർ അവരുടെ കാല്ക്കൽ ചെന്നു പതിച്ചു.

‘ഒരു മൊട്ടച്ചി,’ [4] ബബെ പറഞ്ഞു.

‘എന്റെ കാരാമ,’ [5] ബ്രൂഴോങ് പറഞ്ഞു.

‘ചാരായക്കടക്കാരൻ അതാ’, മൊങ്പർനാസ് പറഞ്ഞു.

അവർ മേല്പോട്ടു നോക്കി. തെനാർദിയെർ തന്റെ തല അല്പമൊന്നു പൊന്തിച്ചു.

‘ക്ഷണം!’ മൊങ്പർനാസ് പറഞ്ഞു. ‘ബ്രൂഴോങ്, തന്റെ കയറ്റിൻബാക്കി കൈയിലുണ്ടോ?’

‘ഉവ്വ്.’

‘രണ്ടു തുമ്പും കൂട്ടിക്കെട്ടൂ; നമുക്ക് അയാൾക്കെറിഞ്ഞുകൊടുക്കുക; അയാൾ അത് മതിലിനോടു കൂട്ടിക്കെട്ടിക്കൊള്ളും; അതു മതി, അയാൾക്കു താഴത്തെത്താം.’ തെനാർദിയെർ എന്തെങ്കിലും വരട്ടെ എന്നുവെച്ചു പറഞ്ഞു:

‘എനിക്കു തണുപ്പുകൊണ്ട് അനങ്ങാൻ വയ്യാ.’

‘ഞങ്ങൾ ചൂടുപിടിപ്പിച്ചു തരാം.’

‘എനിക്ക് അനങ്ങിക്കൂടാ.’

‘ഇങ്ങോട്ടുരസിക്കൊള്ളു, ഞങ്ങൾ പിടിക്കാം.’

‘എന്റെ കൈ മരവിച്ചിരിക്കുന്നു.’

‘കയർ മതിലോടു കെട്ടിയാൽ മാത്രം മതി.’

‘എനിക്കു വയ്യാ.’

‘എന്നാൽ നമ്മളിൽ ഒരാൾ മേല്പോട്ടു കയറണം.’ മൊങ്പർനാസ് പറഞ്ഞു.

‘മൂന്നു നില!’ ബ്രൂഴോങ് അത്ഭുതപ്പെട്ടു പറഞ്ഞു.

പണ്ടു ചെറ്റക്കുടിലിൽ ഒരടുപ്പായി ഉപയോഗിച്ചുപോന്നിരുന്ന ഒരു പഴയ പുകക്കുഴൽ ആ മതിലിലൂടെ പോയി തെനാർദിയെരുള്ള സ്ഥലംവരെ എത്തിയിരുന്നു. അന്നു വളരെ ഇടിഞ്ഞുപൊളിഞ്ഞു മുഴുവനും വിണ്ടുമലച്ചിരുന്ന ആ പുകക്കുഴൽ പിന്നീടു വീണുപോയി; എങ്കിലും അതിന്റെ അടയാളങ്ങൾ ഇന്നും കാണാം.

അതു വളരെ വണ്ണം കുറഞ്ഞതായിരുന്നു.

‘ആ വഴിയേ ഒരാൾക്കു കയറിച്ചെല്ലാം,’ മൊങ്പർനാസ് പറഞ്ഞു.

‘ആ പുകക്കുഴലിലൂടെ?’ ബബെ ഉച്ചത്തിൽപ്പറഞ്ഞു, ‘ഒരു മുതിർന്നോനെക്കൊണ്ട് ഒരിക്കലും വയ്യാ! അതിന്നൊരു ചിടുങ്ങൻ വേണം.’

‘ഒരു ചിടുങ്ങനെ ഉണ്ടാക്കണം,’ ബ്രൂഴോങ് തുടർന്നു.

‘എവിടുന്നാ നോക്കൊരു കുട്ട്യേ കിട്ടണ്?’ ഗ്വേൽമെർ ചോദിച്ചു.

‘നില്ക്കൂ,’ മൊങ്പർനാസ് പറഞ്ഞു, ‘ആ സാധനംതന്നെ എന്റെ കൈയിലുണ്ട്.’

അവൻ വളരെപ്പതുക്കെ പടിവാതിൽ തുറന്നു, തെരുവിലൂടെ ആരും പോകുന്നില്ലെന്നു നോക്കിത്തീർച്ചപ്പെടുത്തി, സൂക്ഷിച്ചു പുറത്തേക്കിറങ്ങി, വാതിൽ വീണ്ടും അടച്ചു. ബസ്തീലിന്റെ വഴിക്ക് ഒരോട്ടം കൊടുത്തു.

ഏഴെട്ടു മിനിട്ടു കഴിഞ്ഞു—തെനാർദിയെർക്കാകട്ടെ, എണ്ണായിരം നൂറ്റാണ്ട്; ബബെ ബ്രൂഴോങ്, ഗ്വെൽമെർ, ഇവരാരും വായയൊന്നു തുറന്നിട്ടില്ല; ഒടുവിൽ പടിവാതിൽ ഒരിക്കൽക്കൂടി തുറക്കപ്പെട്ടു; മൊങ്പർനാസ്, ശ്വാസമില്ലാതെ, പിന്നാലെ ഗവ്രോഷുമായി അവിടെയെത്തി. മഴകാരണം അപ്പോഴും തെരുവിലെങ്ങും ആളില്ല.

ഗവ്രോഷ് കുട്ടി വേലിക്കകത്തേക്കു കടന്നു, ഘാതുകന്മാരുടെയെല്ലാം മട്ടുകൾ ഒരു ശാന്തഭാവത്തിൽ നോക്കിക്കണ്ടു. അവന്റെ തലയിൽനിന്നു വെള്ളം ഒഴുകുന്നുണ്ട്. ഗ്വെൽമെർ അവനോടു പറഞ്ഞു: ‘ഏ, ചെറുപ്പക്കാരൻ, താൻ ഒരാളാണോ?’

ഗവ്രോഷ് ചുമലൊന്നു ചുളുക്കി, എന്നിട്ടു പറഞ്ഞു: ‘എന്നെപ്പോലുള്ള ഒരു കുട്ടി ഒരാളാണ്; തന്നെപ്പോലുള്ള ആളുകൾ പിഞ്ചുകുട്ടികളും.’

‘ചിടുങ്ങന്റെ നാക്കിന്ന് ഒറപ്പുണ്ട്,’ ബബെ ഉച്ചത്തിൽ അഭിപ്രായപ്പെട്ടു.

‘പാരിസ്സിലെ ചിടുങ്ങൻ വൈക്കോലോണ്ടു കെട്ടിണ്ടാക്കീതല്ല.’ ബ്രൂഴോങ് തുടർന്നു.

‘നിങ്ങൾക്കെന്താ വേണ്ടത്?’ ഗവ്രോഷ് ചോദിച്ചു.

മൊങ്പർനാസ് മറുപടി പറഞ്ഞു: ‘ആ പുകക്കുഴലിലേക്ക് കേറണം.’

‘ഈ കയറുംകൊണ്ട്,’ ബബെ പറഞ്ഞു.

‘എന്നിട്ട് അതവിടെ കെട്ടാ,’ ബ്രൂഴോങ് തുടർന്നു.

‘മതിലിന്റെ ഒത്ത മോളിൽ,’ ബബെ പറഞ്ഞു.

‘ജനാലടെ വെലങ്ങനഴ്യോട്,’ ബ്രൂഴോങ് തുടർന്നു.

‘എന്നിട്ട്?’ ഗവ്രോഷ് ചോദിച്ചു.

‘അതാ!’ ഗ്വെൽമെർ പറഞ്ഞു.

തെമ്മാടിച്ചെക്കൻ ആ കയറും, പുകക്കുഴലും, മതിലും, ജനാലകളും ഒന്നു നോക്കിക്കണ്ടു; എന്നിട്ട് ‘ഇതേ ഉള്ളൂ!’ എന്ന അർത്ഥത്തിൽ അനിർവചനീയവും പുച്ഛമയവുമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.

‘അവിടെ അതാ ഒരാളുണ്ട്; ആ ആളെ താൻ രക്ഷിക്കണം,’ മൊങ്പർനാസ് പറയാൻ തുടങ്ങി.

‘സാതിക്ക്യോ?’ ബ്രൂഴോങ് വീണ്ടും ആരംഭിച്ചു.

‘പൊട്ട!’ ആ ചോദ്യം മുൻപു തന്നോട് ആരും ചോദിച്ചിട്ടില്ലാത്ത ഒന്നാണെന്നപോലെ ആ കുട്ടി മറുപടി പറഞ്ഞു.

അവൻ പാപ്പാസ്സൂരി.

ഗ്വെൽമെർ ഗവ്രോഷിന്റെ ഒരു കൈ പിടിച്ച് ആ ചെറ്റക്കുടിലിന്റെ മുകളിലേക്ക് എടുത്തുവെച്ചു—അതിന്റെ തുരുമ്പുപിടിച്ച പലകകൾ ആ അങ്ങാടിച്ചെക്കന്റെ കനംകൊണ്ടു കുനിഞ്ഞു; എന്നിട്ട്, മൊങ്പർനാസ് പോയ അവസരത്തിൽ ബ്രൂഴോങ് കെട്ടിയിഴയിട്ടു വെച്ചിരുന്ന കയർ വാങ്ങി അവന്റെ കൈയിൽ കൊടുത്തു, തെമ്മാടിച്ചെക്കൻ പുകക്കുഴലിന്റെ അടുക്കലേക്കു ചെന്നു; അതിനു വലിയ പ്രയാസമുണ്ടായിരുന്നില്ല— മേൽപ്പുരയോളം എത്തിയിരുന്ന ഒരു വലിയ വിടവിനു നാം നന്ദി പറയുക. അവൻ മേല്പോട്ടു കയറാൻ തുടങ്ങുന്ന സമയത്ത് ആയുസ്സും രക്ഷയും അടുത്തെത്തുന്നതായിക്കണ്ടു തെനാർദിയെർ മതിലിനു മുകളിലൂടെ കുനിഞ്ഞുനോക്കി; പ്രഭാതത്തിന്റെ ആദ്യത്തെ പ്രകാശനാളം വിയർപ്പൊഴുകുന്ന അയാളുടെ നെറ്റിത്തടത്തിലും കരുവാളിച്ച കവിളെല്ലുകളിലും, കൂർത്തതും പൈശാചികവുമായ മൂക്കത്തും, എടുത്തുപിടിച്ചു നില്ക്കുന്ന നരച്ച മീശയിലും തട്ടി; ഗവ്രോഷിന് ആളെ മനസ്സിലായി

‘ഹോ ഹോ! എന്റെ അച്ഛനാണ്! ആട്ടെ. അതുകൊണ്ടു വിരോധമില്ല!’

കയർ കടിച്ചുപിടിച്ച് അവൻ മേല്പോട്ടു കയറാൻ തുടങ്ങി.

അവൻ ആ ചെറുകുടിലിന്റെ ഒത്തമുകളിലെത്തി, കുതിരപ്പുറത്തെന്നെപോലെ പഴയ മതിലിൻമുകളിലൂടെ സവാരി ചെയ്തു ചെന്നു, ജനാലയുടെ മുകളിലത്തെ വിലങ്ങനഴിയിന്മേൽ കയർ പിടിച്ചുകെട്ടി.

ഒരു നിമിഷംകൂടി കഴിഞ്ഞു, തെനാർദിയെർ തെരുവിലെത്തി.

കൽവിരിയിലെത്തിയതോടുകൂടി, അപകടമൊക്കെ തീർന്നു എന്നു കണ്ടതോടുകൂടി, അയാളുടെ ക്ഷീണം തീർന്നു, തണുപ്പു മാറി, വിറയും മാറി; താൻ കടന്നു പോന്ന ഭയങ്കരസ്ഥിതികളെല്ലാം ഒരു മഞ്ഞിൻപുകപോലെ പറപറന്നു. ആ അസാധാരണവും അതിനിഷ്ഠുരവുമായ മനഃസ്ഥിതി വീണ്ടും ഉറക്കമുണർന്നു; മുൻപോട്ടു നടക്കാൻ തയ്യാറായി അയാൾ നീണ്ടുനിവർന്നു നിലക്കൊണ്ടു.

ആ മനുഷ്യന്റെ ഒന്നാമത്തെ വാക്ക് ഇതായിരുന്നു: ‘അപ്പോൾ ഇനി ആരെയാണ് നമുക്ക് തിന്നേണ്ടത്?’

കൊല്ലുക, ചതിച്ചു കഥകഴിക്കുക, തട്ടിപ്പറിക്കുക എന്നെല്ലാമർത്ഥമുള്ള ഈ ഭയങ്കരമായ അഭിപ്രായപ്രകടനത്തിന്റെ സാരം വിവരിക്കേണ്ടതില്ല. തിന്നുക ശരിക്കുള്ള അർത്ഥം: വിഴുങ്ങുക.

‘നോക്കൊരു മുക്കിച്ചെന്നുകൂടാ.’ ബ്രൂഴോങ് പറഞ്ഞു. ‘അതു രണ്ടു വാക്കോണ്ടു കഴ്ച്ചു, പിര്യ. റ്യു പ്ളുമെയിൽ നല്ല പശിമള്ള ഒരു പണിണ്ടാർന്നു—ഒരാൾസ്സഞ്ചാരല്യാത്ത തെരുവ്, ഒരൊറ്റയ്ക്കുള്ള വീട്, ഒരു തോട്ടത്തിലേക്കുള്ള ഒരു തുരുമ്പുപിടിച്ച പടി, കൂട്ടിനാരൂല്യാത്ത സ്ത്രീകൾ.’

‘ശരി!’ പിന്നെ എന്തുകൊണ്ടു വേണ്ടാ?’ തെനാർദിയെർ കല്പിച്ചു ചോദിച്ചു.

‘നിങ്ങടെ മോള് എപ്പൊനൈൻ അതന്യേഷിക്കാൻ പോയി,’ ബബെ മറുപടി പറഞ്ഞു.

‘എന്നിട്ട് അവൾ മഞോവിന് ഒരു ബിസ്കോത്തും കൊണ്ടുവന്നു,’ ഗ്വെൽമെർ തുടർന്നു. ‘അവ്ടൊന്നും കാട്ടീട്ടു പലല്യ.’

‘ആ പെണ്ണു വിഡ്ഢിയല്ല,’ തെനാർദിയെർ പറഞ്ഞു, ‘എങ്കിലും ഒന്നു നോക്കണം.’

‘അതേ, അതേ,’ ബ്രൂഴോങ് പറഞ്ഞു: ‘അതൊന്നു നോക്കണം.’

ഈയിടയ്ക്ക് അവരിൽ ആരുംതന്നെ ഗവ്രോഷിനെപ്പറ്റി അന്വേഷിച്ചതായി തോന്നിയില്ല; അവൻ ഈ സംഭാഷണസമയത്തു വേലിക്കുറ്റികളിലൊന്നിൽ ചെന്നിരിപ്പായി; ഒരു സമയം അച്ഛനെങ്കിലും തന്റെ നേർക്കു നോക്കിയേക്കാമെന്നു കരുതി അവൻ കുറേ നേരം കാത്തു; എന്നിട്ട് അവൻ വീണ്ടും തന്റെ പാപ്പാസ്സെടുത്തിട്ടു കൊണ്ടു പറഞ്ഞു, ‘അങ്ങനെയാണല്ലേ? എന്റെ മുതിർന്നാളുകളേ, നിങ്ങൾക്ക് ഇനിയെന്നെക്കൊണ്ടു കാര്യമില്ല. ഇപ്പോൾ നിങ്ങൾ കെണിയിൽനിന്നു പുറത്തായി. ശരി, ഞാൻ പോണു. എനിക്കു ചെന്ന് എന്റെ പിള്ളരെ ഉറക്കമുണർത്തണം.’

അവൻ ഒരു നട കൊടുത്തു.

ആ അഞ്ചുപേരും ഓരോരുത്തനായി വേലിക്കകത്തുനിന്നു പുറത്തു കടന്നു.

റ്യു ദെബല്ലെത്തിന്റെ മൂലയ്ക്കലൂടെ ഗവ്രോഷ് പോയിക്കഴിഞ്ഞപ്പോൾ, ബബെ തെനാർദിയെരെ അടുക്കലേക്കു വിളിച്ചു.

‘ആ കുട്ട്യേ നെങ്ങൾ ഒന്നു നല്ലോണം നോക്കിക്കണ്ടോ?’ അവൻ ചോദിച്ചു.

‘ഏതു കുട്ടിയെ?’

‘ആ മതിലിൻമോളിലേക്കു കേറി നെങ്ങൾക്കു കയറെത്തിച്ചുതന്ന കുട്ട്യേ.’

‘അത്ര നോക്കിയില്ല.’

‘എന്തോ, നല്ല നിശ്ചല്യ; പക്ഷേ, അതു നെങ്ങടെ മോനാണെന്നു തോന്നി.’

‘ആഹാ!’ തെനാർദിയെർ പറഞ്ഞു. ‘നിങ്ങൾക്കങ്ങനെ തോന്നിയോ?’

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ചുപുതുകൂറ്റുകാരൻ; ജീവനോടെ തിയ്യിലിടപ്പെട്ടു.

[2] അത്ര പ്രസിദ്ധനല്ല.

[3] ഒരു ഫ്രഞ്ച് കവി ശിരച്ഛേദം ചെയ്യപ്പെട്ടു.

[4] തെംപ്ല് പ്രദേശത്തു നടപ്പുള്ള കന്നഭാഷ.

[5] കോട്ടപ്പുറത്തുള്ള കന്നഭാഷ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.