images/hugo-27.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.5.2
ഇതിൽ ഗവ്രോഷ് മഹാനായ നെപ്പോളിയനെക്കൊണ്ട് ആദായമുണ്ടാക്കുന്നു

പാരിസ്സിൽ വസന്തകാലത്തു പരുഷങ്ങളും തുളഞ്ഞുകയറുന്നവയുമായ കാറ്റുകൾ പലപ്പോഴും ചുറ്റിനടക്കാറുണ്ട്. അവ ആളുകളെ ശരിക്കു കുളിർപ്പിക്കില്ലെങ്കിലും മരവിപ്പിക്കും; ഏറ്റവും കൗതുകകരങ്ങളായ ദിവസങ്ങളെ വ്യസനകരങ്ങളാക്കിത്തീർക്കുന്ന ഈ വടക്കൻകാറ്റുകൾ ചൂടുള്ള ഒരു മുറിയിലേക്ക് അമ്പേയടയാത്ത വാതിലിന്റെയോ ജനാലയുടെയോ സുഷിരങ്ങളിലൂടെ കടന്നുവരുന്ന തണുപ്പുകാറ്റിന്റെ ഊത്തുകൾ തട്ടുമ്പോഴത്തെ ഫലമുണ്ടാക്കും. മഴക്കാലത്തിന്റെ വാതിൽ തുറന്നുകിടന്നിരുന്നതായും, അതിലൂടെ കാറ്റ് അടിച്ചുകയറിയിരുന്നതായും തോന്നി. 1832-ലെ വസന്തത്തിൽ, ഒന്നാമത്തെ മഹത്തായ പകർച്ചവ്യാധി യൂറോപ്പിലെങ്ങും പുറപ്പെട്ട അക്കാലത്തു മറ്റെല്ലാക്കാലത്തെക്കാളധികം വടക്കൻ കാറ്റുകൾ പരുഷങ്ങളും തുളഞ്ഞുകയറുന്നവയുമായിരുന്നു. മഴക്കാലത്തിന്റെ വാതിലിനെക്കാൾ അതിശൈത്യമുള്ള ഒരു വാതിലാണ് അന്നു തുറന്നുകിടന്നിരുന്നത്. അതു ശ്മശാനത്തിന്റെ വാതിലായിരുന്നു. അക്കാറ്റത്തു നടപ്പുദീനത്തിന്റെ ശ്വാസം തട്ടുംപോലെ തോന്നി!

അന്തരീക്ഷനിരീക്ഷകാഭിപ്രായത്തിൽ ഈ തണുപ്പുകാറ്റുകൾക്ക് ഒരു വിശേഷതയുണ്ടായിരുന്നു. അവ ശക്തിമത്തായ വിദ്യുച്ഛക്തിവലിവിനെ ഇല്ലാതാക്കിയിരുന്നില്ല. ഇക്കാലത്ത് ഇടിയും മിന്നലും കൂടെയുള്ള കൊടുങ്കാറ്റടിയും പലപ്പോഴും പുറപ്പെട്ടിരുന്നു. ഒരു ദിവസം വൈകുന്നേരം, ജനുവരിമാസം തിരിച്ചെത്തിയോ എന്നു തോന്നിക്കുകയും പ്രമാണികളെക്കൊണ്ട് ഉടുപ്പുമറകൾ എടുത്തിടുവിക്കുകയും ചെയ്യുമാറ് അത്രമേൽ നിഷ്ഠുരമായി ഈ കാറ്റുകൾ പാഞ്ഞുനടക്കുന്ന സമയത്തു, സർവ്വദാ തന്റെ കീറത്തുണികൾക്കുള്ളിൽ ആഹ്ലാദപൂർവ്വം തുള്ളിക്കൊണ്ടുള്ള ഗവ്രോഷ്, സന്തോഷമൂർച്ഛയിൽപ്പെട്ടിട്ടെന്നപോലെ ഓർ-സാങ്-ഴെർവെയ് എന്ന പ്രദേശത്തിന്നടുത്തുള്ള ഒരു പാഴ്മുടിക്കച്ചവടക്കാരന്റെ പീടികയ്ക്കു മുൻപിൽ നില്ക്കുകയായിരുന്നു. അവൻ ഒരു സ്ത്രീയുടെ രോമത്തുണിസ്സാൽവകൊണ്ട് അലംകൃതനായിട്ടുണ്ട്; അതെവിടെനിന്നു കൈയിലാക്കി എന്ന് ആർക്കും അറിഞ്ഞുകൂടാ; അതിനെ അവൻ ഒരു കമ്പിളിക്കണ്ഠരക്ഷയാക്കിയിരുന്നു. ഗവ്രോഷ് കുട്ടി, ജനാലയ്ക്കൽ രണ്ടു ‘ഗ്യാസ്സു’ വിളക്കുകളുടെ നടുവിൽ തിരിഞ്ഞുകൊണ്ടും വഴിപോക്കർക്കു തന്റെ പുഞ്ചിരി കാട്ടിക്കൊടുത്തുകൊണ്ടും ഒരു കഴുത്തു താന്ന ഉടുപ്പിട്ടു മധുരനാരകപ്പൂക്കളെക്കൊണ്ട് കിരീടമണിഞ്ഞും നില്ക്കുന്ന ഒരു മെഴുക്കന്യകയെ സശ്രദ്ധം നോക്കിക്കണ്ടഭിനന്ദിക്കുകയാണെന്നു തോന്നി; പക്ഷേ, അവൻ വാസ്തവത്തിൽ പീടികപ്പൂമുഖത്തുനിന്ന് ഒരു കട്ടസോപ്പ് ‘കോച്ചിയെടുത്ത്’ അതുംകൊണ്ടു കോട്ടപ്പുറത്തുള്ള ഒരു ‘തലമുടിച്ചമയൽക്കാരന്ന്’ ഒരു സൂവിനു വില്ക്കുവാൻ വല്ലതരവുമുണ്ടോ എന്നറിയാൻ ആ കച്ചവടസ്ഥലത്തു കൺ നടത്തുകയായിരുന്നു. അങ്ങനെ കിട്ടുന്ന ഒരു പതമുള്ള കോതമ്പപ്പംകൊണ്ട് അവൻ പലപ്പോഴും പ്രാതൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. അവൻ തന്റെ അത്തരം പ്രവൃത്തിക്കു പേരിട്ടിരുന്നത്—അവന്ന് അക്കാര്യത്തിൽ ഒരു സവിശേഷസാമർത്ഥ്യമുണ്ട്—‘ക്ഷുരകന്മാരെ ക്ഷൗരം ചെയ്യൽ’ എന്നാണ്.

കന്യകയെ നോക്കിക്കാണുകയും സോപ്പിൻകട്ടമേൽ കൺവെക്കുകയും ചെയ്യുന്നതിനിടയ്ക്ക് അവൻ പല്ലുകൾക്കിടയിലൂടെ മന്ത്രിച്ചു: ‘ചൊവ്വാഴ്ച, ചൊവ്വാഴ്ചയല്ല. ചൊവ്വാഴ്ചയായിരുന്നുവോ? പക്ഷേ, ചൊവ്വാഴ്ചയായിരിക്കാം. അതേ, ചൊവ്വാഴ്ച.’

ഈ ആത്മഗതത്തിന്റെ അർത്ഥമെന്തെന്ന് ആരും എന്നും കണ്ടുപിടിക്കുകയുണ്ടായിട്ടില്ല.

ഉവ്വ്, ഒരു സമയം, അവൻ മൂന്നു ദിവസം മുൻപ്—ഇതു വെള്ളിയാഴ്ചയായിരുന്നു—ഒടുവിൽ ഭക്ഷണം കഴിച്ച സമയവുമായി ഈ ആത്മഗതത്തിന്ന് എന്തോ സംബന്ധമുണ്ടെന്നുവരാം.

ക്ഷൗരക്കാരൻ ഒരു നല്ല അടുപ്പിൻതിയ്യുകൊണ്ടു ചൂടുപിടിച്ച തന്റെ പീടികയിൽ ഒരു പതിവുകാരനെ ക്ഷൗരം ചെയ്യുകയും ഇടയ്ക്കിടയ്ക്കു തന്റെ ശത്രുവിന്റെ നേർക്ക്, കൈ രണ്ടും കുപ്പായക്കീശയിലാണെങ്കിലും മനസ്സു പ്രത്യക്ഷത്തിൽ ഉറയൂരിയിരുന്ന ആ ഇണക്കമറ്റവനും അധികപ്രസംഗിയുമായ തെരുവു തെണ്ടിച്ചെക്കന്റെ നേർക്ക്, ഓരോ നോട്ടം നോക്കുകയുമായിരുന്നു.

ഗവ്രോഷ് പീടികജ്ജനാലയും ‘വിൻഡ്സർ’ സോപ്പും സൂക്ഷിച്ചുനോക്കിക്കാണുന്നതിനിടയ്ക്ക്, ഒരേ ഉയരത്തിലല്ലാത്തവരും വളരെ വൃത്തിയിൽ ഉടുപ്പിട്ടവരും തന്നെക്കാൾ പ്രായം കുറഞ്ഞവരുമായ – ഒരുവന്നു പ്രത്യക്ഷത്തിൽ ഏകദേശം ഏഴു വയസ്സായി, മറ്റവന്ന് അഞ്ചും—രണ്ടു കുട്ടികൾ, പേടിച്ചുകൊണ്ട് ഓടാമ്പൽ നീക്കി, എന്തോ ഒന്ന്, ഒരു സമയം ഭിക്ഷ കിട്ടാൻ ഒരപേക്ഷയെക്കാളധികം ഒരു ഞെരക്കംപോലെയുള്ള ഒരു ദയനീയമായ മന്ത്രിക്കലിൽ കൊഞ്ചിക്കൊണ്ടു പീടികയിലേക്കു കടന്നു. അവർ രണ്ടുപേരും ഒപ്പം സംസാരിച്ചു; രണ്ടു പേരും പറഞ്ഞത്, ഇളയവന്റേതു തേങ്ങലിനാൽ തടയപ്പെട്ടും മൂത്തവന്റേതു തണുപ്പുകൊണ്ടു പല്ലുകൾ തമ്മിൽ കൂട്ടിമുട്ടിയും കേൾക്കുന്നവർക്കു മനസ്സിലായിരുന്നില്ല. ക്ഷുരകൻ ഒരു ഭയങ്കരനോട്ടത്തോടുകൂടി തിരിഞ്ഞു, കത്തി വിടാതെ, മൂത്തവനെ ഇടത്തെ കൈകൊണ്ടും ഇളയവനെ കാൽമുട്ടുകൊണ്ടും തട്ടിനീക്കി, ഇങ്ങനെ പറഞ്ഞു വാതിൽ കൊട്ടിയടച്ചു: ‘ഒരാവശ്യവുമില്ലാതെ കടന്നുവന്ന ആളുകളെ മരവിപ്പിക്കാൻ, ഏ!’

രണ്ടു കുട്ടികളും കരഞ്ഞുകൊണ്ടു പിന്നെയും നടന്നു. അതിനിടയ്ക്ക് ഒരു മേഘം മേല്പോട്ടു കയറി; മഴ തുടങ്ങി.

ഗവ്രോഷ്കുട്ടി അവരുടെ പിന്നാലെ ചെന്ന് അവരെ തന്നോടടുപ്പിച്ചു: ‘എന്താ, ചെക്കന്മാരെ, നിങ്ങൾക്ക്?’

‘എവിടെയാണുറങ്ങേണ്ടതെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ’, മൂത്തവൻ മറുപടി പറഞ്ഞു.

‘അത്രയേ ഉള്ള?’, ഗവ്രോഷ് പറഞ്ഞു. ‘ഒരു വലിയകാര്യംതന്നെ, വാസ്തവം. അതിനിങ്ങനെ നിലവിളിച്ചുനടക്കാൻ തോന്നിയത്. ഇവർ കാട്ടുവള്ളികളാവണം.’

ഏതാണ്ടു തമാശപറയലായ തന്റെ പ്രമാണിമട്ടിനു പുറമേ, വാത്സല്യപൂർവ്വമായ ഒരധികാരവും സൗമ്യതരമായ ഒരാനുകൂല്യവും കാണിക്കുന്ന സ്വരത്തെ അവലംബിച്ചുകൊണ്ട്: ‘കുട്ടികളേ, എന്റെ കൂടെ പോന്നോളിൻ!’

‘ആ സേർ.’ മൂത്തവൻ പറഞ്ഞു.

ആ രണ്ടു കുട്ടികൾ, ഒരു പ്രധാനമെത്രാന്റെയെന്നപോലെ, അവന്റെ പിന്നാലെ പോയി. അവർ കരച്ചിൽ നിർത്തിയിരുന്നു.

ഗവ്രോഷ് അവരെ റ്യു സാങ്-ആന്ത്വാങ്ങിലൂടെ ബാസ്തിലിലെയ്ക്കുള്ള വഴിക്കു കൊണ്ടുപോയി.

ഗവ്രോഷ്, പോകുംവഴിക്ക്, ആ ക്ഷുരകന്റെ പീടികയുടെ നേർക്ക് ഒരു ശുണ്ഠിപിടിച്ച നോട്ടം നോക്കി.

‘ആ വിത്വാന്ന്, ആ പുഴാൻമത്സ്യത്തിന്, [1] ഹൃദയമില്ല.’ അവൻ പിറുപിറുത്തു. ‘അയാൾ ഒരിംഗ്ലണ്ടുകാരനാണ്.’

ഈ മൂന്നുപേർ ഒരു വരിയായി, ഗവ്രോഷിന്റെ നേതൃത്വത്തിൽ, പോകുന്നതു കണ്ട് ഒരു സ്ത്രീ പൊട്ടിച്ചിരിച്ചു. ഈ പൊട്ടിച്ചിരി ആ സംഘത്തോടു കാണിച്ച ഒരനാദരവായി.

‘സലാം, ഹേ, മാംസൽ പെരുംകുതിരവണ്ടി!’ ഗവ്രോഷ് അവളോടു പറഞ്ഞു.

ഒരു നിമിഷം കഴിഞ്ഞ്, ഒരിക്കൽക്കൂടി ആ പാഴ്മുടിക്കച്ചവടക്കാരനെ ഓർമ്മവന്നു അവൻ തുടർന്നു: ‘എനിക്ക് ആ ജന്തുവിന്റെ കാര്യത്തിൽ അബദ്ധം പറ്റി; അവൻ ഒരു പൂഴാനല്ല, ഒരു പാമ്പാണ്. ഹേ, ക്ഷുരകൻ, ഞാൻ പോയി ഒരു കരുവാനെ വിളിച്ചുകൊണ്ടുവന്നു തന്റെ വാലിന്മേൽ ഒരു മണി കെട്ടിയിടുവിക്കും.’

ഈ പാഴ്മുടിപ്പണിക്കാരൻ അവനെ അക്രമിയാക്കി. ഒരു വഴിച്ചാൽ കടക്കുമ്പോൾ, ബ്രോക്കനിൽ [2] വെച്ചു ഫൗസ്റ്റി [3] നെ കണ്ടു സംസാരിക്കാൻ മാത്രം പോന്നവളും കൈയിൽ ഒരു ചൂലോടു കൂടിയവളുമായ ഒരു താടിമീശയുള്ള പടികാവല്ക്കാരിയോട് അവൻ വിളിച്ചു പറഞ്ഞു: ‘മദാം, അപ്പോൾ നിങ്ങൾ നിങ്ങളുടെ കുതിരയേയുംകൊണ്ടു പുറത്തേക്കിറങ്ങുകയാണോ?’

അതോടുകൂടി, അവൻ ഒരു കാൽനടക്കാരന്റെ തുടച്ചുമിനുപ്പിച്ച ബൂട്ടൂസ്സുകളിന്മേലേക്കു ചളി തെറിപ്പിച്ചു.

‘എടാ, തെമ്മാടി!’ ശുണ്ഠി പിടിച്ച കാൽനടക്കാരൻ ഉച്ചത്തിൽപ്പറഞ്ഞു.

ഗവ്രോഷ് തന്റെ സാൽവയ്ക്കുമീതെ മൂക്കുയർത്തിപ്പിടിച്ചു.

‘അങ്ങുന്ന് ആവലാതിപ്പെടുകയായിരിക്കുമോ?’

‘നിന്നെപ്പറ്റി!’ ആ മനുഷ്യൻ അലറി.

‘കോടതി അടച്ചുപോയി’, ഗവ്രോഷ് പറഞ്ഞു. ‘ഇനി ഇന്നു യാതൊരാവലാതിയും ഞാൻ കേൾക്കില്ല.’

അങ്ങനെ, തെരുവിൽ കുറച്ചുകൂടി ദൂരത്തെത്തിയപ്പോൾ പതിമ്മൂന്നോ പതിന്നാലോ വയസ്സുള്ള ഒരു യാചകപ്പെണ്ണു കാൽമുട്ടുകൾ പുറത്തു കാണത്തക്കവിധം അത്രയും ചെറിയ ഒരു മേൽമറയും ധരിച്ച് ഒരു മതില്ക്കമാനത്തിന്റെ ചുവട്ടിൽ തികച്ചും തണുത്തുകോച്ചി കിടക്കുന്നതു കണ്ടു. അങ്ങനെയൊരു മേൽമറയിടാനുള്ള പ്രായത്തിൽനിന്ന് അവൾ കവിഞ്ഞിരിക്കുന്നു. വളർച്ച ഇങ്ങനെ ചില വിദ്യകൾ കാണിക്കാറുണ്ട്. നഗ്നത ആഭാസമായിത്തീരുന്ന ആ ഒരു സമയത്തു റവുക്ക ചെറുതായിത്തീരുന്നു.

‘സാധുപ്പെണ്ണ്!’ ഗവ്രോഷ് പറഞ്ഞു. ‘അവൾക്കു കാലുറകൂടിയില്ല. നില്ക്ക്, ഇതെടുത്തോ.’

അവൻ തന്റെ കഴുത്തിനു ചുറ്റും കെട്ടിയിരുന്ന ആ സുഖകരമായ രോമത്തുണി മുഴുവനും അഴിച്ചെടുത്തു മെലിഞ്ഞതും മാന്തളിർവണ്ണത്തിലുള്ളതുമായ ആ യാചകപ്പെണ്ണിന്റെ ചുമലിലെയ്ക്ക് ഒരേറുകൊടുത്തു; അവിടെ ആ ഉത്തരീയം ഒരിക്കൽക്കൂടി പുതപ്പായി.

ആ കുട്ടി അവനെ അമ്പരപ്പോടുകൂടി നോക്കി, ഒന്നും മിണ്ടാതെ ആ സാൽവ സ്വീകരിച്ചു. കഷ്ടപ്പാടിനിടയിൽ ഒരു വല്ലാത്ത നിലയ്ക്കെത്തിയാൽപ്പിന്നെ, ആ സാധുമനുഷ്യൻ ദുഃഖത്തെപ്പറ്റി ഞെരങ്ങുകയും ഉപകാരത്തെപ്പറ്റി നന്ദി പറയുകയും പതിവില്ല.

അതു കഴിഞ്ഞു: ‘ബർർ!’ ഗവ്രോഷ് പറഞ്ഞു. അവൻ സാങ്മർത്തേങ്ങിനെ [4] ക്കാളധികം വിറച്ചിരുന്നു; അദ്ദേഹത്തിന്ന് ഉടുപ്പുമറയുടെ ഒരു പകുതിയെങ്കിലും ഉണ്ടായിരുന്നുവല്ലോ.

ഈ ബർർ! കേട്ടതോടുകൂടി, ദേഷ്യം ഒന്നിരട്ടിച്ചുപോയ മഴ വല്ലാതെ ലഹളകൂട്ടി. അറുദുഷ്ടമായ ആകാശം സൽപ്രവൃത്തികളെ ശിക്ഷിക്കും.

‘ഹാ, ആട്ടെയാട്ടെ!’ ഗവ്രോഷ് ഉറക്കെപ്പറഞ്ഞു, ‘എന്താണിതിന്റെ സാരം? പിന്നെയും പിടിച്ചു മഴ. എന്റെ ഈശ്വരാ, ഇനിയും ഇങ്ങനെത്തന്നെയാണെങ്കിൽ, ഞാനെന്റെ വരിയടവു നിർത്തും.’

ഒരിക്കൽക്കൂടി അവൻ നട തുടങ്ങി.

‘അതു ശരി’, സാൽവയിൽ ചുരുണ്ടുമടയുന്ന യാചകപ്പെണ്ണിനെ നോക്കി അവൻ തുടർന്നു: ‘അവൾക്ക് ഒരെണ്ണം പറഞ്ഞ ചെറുകൊട്ട കിട്ടി.’

അവൻ മേഘങ്ങളെ നോക്കി ഉറക്കെപ്പറഞ്ഞു: ‘കൈയിൽക്കിട്ടി?’

രണ്ടു കുട്ടികളും അവന്റെ മടമ്പത്തുണ്ട്.

ഒരപ്പക്കാരന്റെ പീടികയാണെന്നു കാണിക്കുന്ന ആ കനത്ത അഴിയിട്ട അന്താഴപ്പണിയുടെ— സ്വർണ്ണംപോലെ അപ്പം അഴിക്കു പിന്നിലാണല്ലോ വെച്ചുവരാറ്—അടുക്കലൂടെ പോകുമ്പോൾ ഗവ്രോഷ് തിരിഞ്ഞുനോക്കി: ‘അപ്പോൾ കൂട്ടത്തിൽപ്പറയട്ടെ, ഹേ ചെക്കന്മാരേ, നമ്മൾ വല്ലതും കഴിച്ചുവോ?’

‘മൊസ്യു,’ മൂത്തവൻ പറഞ്ഞു, ‘ഞങ്ങൾ ഇന്നു രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.’

‘അപ്പോൾ നിങ്ങൾക്ക് അച്ഛനും അമ്മയുമില്ലേ?’ ഗവ്രോഷ് പ്രാഭവത്തോടു കൂടി തുടർന്നു.

‘സേർ, ഞങ്ങൾക്ക് ഒരച്ഛനും ഒരമ്മയുമുണ്ട്; പക്ഷേ, അവരാരാണെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.’

‘അവരെവിടെയാണെന്നറിയുന്നതിനെക്കാൾ ചിലപ്പോൾ നല്ലത് അതാണ്,’ ഒരു തത്ത്വജ്ഞാനിയായിരുന്ന ഗവ്രോഷ് അഭിപ്രായപ്പെട്ടു.

‘രണ്ടു മണിക്കൂറായി ഞങ്ങൾ നടക്കുകയായിരുന്നു.’ മൂത്തവൻ തുടർന്നു, ‘തെരുവുകളുടെ മൂലയ്ക്കലൊക്കെ വല്ലതും കിട്ടിയെങ്കിലോ എന്നുവെച്ചു ഞങ്ങൾ നോക്കി; ഒന്നുമില്ല.’

‘എനിക്കറിയാം,’ ഗവ്രോഷ് അഭിപ്രായപ്പെട്ടു. ‘നായയാണ് എന്തും തിന്നുക.’

കുറച്ചിട കഴിഞ്ഞ് അവൻ തുടർന്നു: ‘ഹാ! നമ്മൾ നമ്മുടെ ഗ്രന്ഥകർത്താക്കന്മാരെ മറന്നു. അവരെക്കൊണ്ടെന്തായി എന്നു നമുക്കറിഞ്ഞുകൂടാ. തെണ്ടികളേ, അതു പോരാ. കിഴവന്മാരെ അങ്ങനെ വഴിതെറ്റിപ്പോവാൻ സമ്മതിച്ചുകൂടാ, ആട്ടെ, എന്തായാലും നമുക്കൊന്നു കണ്ണു ചിമ്പണമല്ലോ.

എന്തായാലും അവൻ അവരോട് ചോദ്യമൊന്നും ചോദിച്ചില്ല. പാർപ്പിടമില്ലാതാവുക എന്നതിനെക്കാൾ സാധാരണമായി മറ്റെന്താണ്! കുട്ടിപ്രായത്തിനുള്ള സമയോചിതമായ കൂസലില്ലായ്മ ഏതാണ്ടു തികച്ചും വീണ്ടുകിട്ടിയ മൂത്ത കുട്ടി ഇങ്ങനെ ഉച്ചത്തിൽപ്പറഞ്ഞു:

‘നേരം പോക്കുണ്ട് ഏതായാലും, ഞായറാഴ്ച ദിവസം ഒരൊന്നാന്തരം വെള്ളപ്പാറ്റൽ കാണാൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോവാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.’

‘ഹോ ഹോ!’

‘അമ്മ,’ മൂത്തകുട്ടി പറഞ്ഞു, ‘മാംസൽ മിസ്സോടുകൂടിയാണ് താമസിക്കുന്നത്.’

‘എടടാ!’ ഗവ്രോഷ് മറുപടി പറഞ്ഞു.

ഈയിടയ്ക്ക് അവൻ നിന്നു, രണ്ടു നിമിഷത്തോളമായി തന്റെ കീറത്തുണിയുടുപ്പിലെ എല്ലാത്തരം മൂലകളിലും തപ്പുകയും കൈയിട്ടു തിരയുകയുമായിരുന്നു.

ഒടുവിൽ വെറുതേ തൃപ്തിയായെന്നുമാത്രം കാണിക്കുന്ന മട്ടിൽ അവൻ തലയൊന്നിളക്കി: പക്ഷേ, അതു വാസ്തവത്തിൽ വിജയസൂചകമായിരുന്നു.

‘നമുക്കു ലഹള കൂട്ടാതിരിക്കുക. നമുക്കു മൂന്നാൾക്കുള്ള അത്താഴമിതാ.’

കീശകളിലൊന്നിൽനിന്ന് അവൻ ഒരു സൂ പുറത്തേക്കെടുത്തു.

ആ രണ്ടു ചെക്കന്മാർക്കും അമ്പരക്കാൻ ഇടകിട്ടുന്നതിനു മുൻപായി അവൻ അവരെ അപ്പക്കാരന്റെ പീടികയിലേക്ക് ഒരുന്തുന്തി, ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ സൂ പണത്തട്ടിലേക്കെറിഞ്ഞു: ‘എടോ, ഒരു സൂവിന്നപ്പം.’

അപ്പംവില്പനക്കാരൻ—അയാൾ തന്നെയായിരുന്നു ഉടമസ്ഥനും—ഒരപ്പവും ഒരു കത്തിയുമെടുത്തു.

‘എന്റെ ചങ്ങാതി, മൂന്നു കഷ്ണമായിട്ട്!’ ഗവ്രോഷ് പറഞ്ഞു.

ഉടനെ അവൻ പ്രാഭവത്തോടുകൂടി തുടർന്നു: ‘ഞങ്ങൾ മൂന്നുപേരുണ്ട്.’

ആവശ്യക്കാരെ മൂന്നുപേരെയും നോക്കിക്കണ്ടതിനുശേഷം അപ്പക്കാരൻ ഒരു കറുത്തപ്പം എടുത്തതും കണ്ട്, അവൻ മഹാനായ ഹ്രെദറിക് ചക്രവർത്തിയുടെ പുകയിലപ്പൊടി ഒരു കുത്തു വിരൽത്തുമ്പത്തുണ്ടെന്നാലത്തെപ്പോലെ അന്തസ്സിലുള്ള ഒരു മൂക്കു വലിക്കലോടുകൂടി, കൈവിരൽ മൂക്കറ്റംവരെ കേറ്റിവെച്ച് ഈ ശുണ്ഠിപിടിച്ച ഒരക്ഷരലോപചിഹ്നത്തെ അപ്പക്കാരന്റെ മുഖത്തേക്ക് ഒരേറെറിഞ്ഞു: ‘ക്കെക്കെക്കെ!’

ഗവ്രോഷ് അപ്പക്കാരനോട് ചെയ്ത ഈ അധികാരവാദശബ്ദത്തിൽ ഒരു റഷ്യൻവാക്കോ ഒരു പോളീഷ് വാക്കോ അല്ലെങ്കിൽ അമേരിക്കൻ കാടന്മാർ പുഴയുടെ ഒരു വക്കത്തുനിന്നു മറ്റേ വക്കത്തുള്ളവർക്ക് ഏകാന്തങ്ങളിലൂടെ വിലങ്ങത്തിൽ എറിഞ്ഞുകൊടുക്കുന്ന അപരിഷ്കൃതക്കൂകലോ നോക്കിപ്പിടിക്കുന്ന വായനക്കാർ, ഇതു തങ്ങൾ ദിവസംപ്രതി ഉപയോഗിക്കാറുള്ളതും ‘കേൾക്കട്ടെ, കേൾക്കട്ടെ, കേൾക്കട്ടെ’ എന്നതിന്റെ സ്ഥാനത്തുള്ളതുമായ ഒരു വാക്കാണെന്നു മനസ്സിലാക്കണം. അപ്പക്കാരൻ അതിന്റെ അർത്ഥം തികച്ചും മനസ്സിലാക്കി മറുപടി പറഞ്ഞു: ‘ആട്ടെ! ഇതും അപ്പമാണ്; രണ്ടാംതരത്തിൽ വെച്ച് ഒന്നാന്തരം അപ്പം.’

‘കറുത്തപ്പമല്ലേ നിങ്ങൾ പറയുന്നത്!’ ശാന്തമായി പൂച്ഛത്തോടുകൂടി ഗവ്രോഷ് തിരിച്ചടിച്ചു. ‘എടോ, വെളുത്തപ്പം തരൂ, വെളുത്തപ്പം. ഞാൻ ഇന്നൊരു വിരുന്നു കഴിക്കയാണ്.’

അപ്പക്കാരന്ന് ഒന്നു പുഞ്ചിരിക്കൊള്ളാതെ നിവൃത്തിയുണ്ടായില്ല. വെളുത്തപ്പം മുറിച്ചെടുക്കുമ്പോൾ അയാൾ ഒരനുകമ്പയോടുകൂടി അവരെ പരിശോധിച്ചു; അത് ഗവ്രോഷിനെ മുഷിപ്പിച്ചു.

‘ആട്ടെയാട്ടെ. എടോ അപ്പക്കാരന്റെ കുട്ടി!’ അവൻ പറഞ്ഞു, ‘എന്തിനാണ് താൻ ഈ വിധം ഞങ്ങളുടെ അളവെടുത്തുവെയ്ക്കുന്നത്?’

മൂന്നുപേരെയും പിടിച്ചു മീതേയ്ക്കുമീതെ നിർത്തിയാൽ ഒരളവിന്നുണ്ടാവില്ല.

അപ്പം മുറിച്ചുകഴിഞ്ഞപ്പോൾ അപ്പക്കാരൻ സൂവെടുത്തു തന്റെ മേശവലിപ്പിലിട്ടു; ഗവ്രോഷ് ആ രണ്ടു കുട്ടികളോട് പറഞ്ഞു: ‘കാർന്നുകള.’

രണ്ടു കുട്ടികളും അമ്പരന്നു മുഖത്തേക്കു തുറിച്ചുനോക്കി.

ഗവ്രോഷ് ചിരിക്കാൻ തുടങ്ങി.

‘ഹോ! ഗ്രഹപ്പിഴേ, അതങ്ങനെയാണ്! അവർക്ക് ഇനിയും മനസ്സിലായിട്ടില്ല, അവർ അത്രയ്ക്കു പോന്നിട്ടില്ല.’

‘തിന്നുകള.’

അതോടുകൂടി, രണ്ടു കുട്ടികൾക്കും അവൻ ഓരോ അപ്പക്കഷ്ണം കൈയിൽക്കൊടുത്തു.

കുറെക്കൂടി സംസാരിക്കാൻ കൊള്ളാവുന്നവനെന്നു തനിക്കു തോന്നിയ മൂത്തകുട്ടി സവിശേഷമായ ഒരു പ്രോത്സാഹനം അർഹിക്കുന്നുണ്ടെന്നും വിശപ്പു തീർക്കുവാൻ അവന്നു ശങ്ക തീർത്തുകൊടുക്കേണ്ടതാണെന്നും കരുതി, ഗവ്രോഷ് ഏറ്റവും വലിയ പങ്ക് അവന്റെ കൈയിൽ വെച്ചുകൊടുക്കുന്നതോടുകൂടി തുടർന്നു പറഞ്ഞു: ‘അതു നിന്റെ മോന്തയിലേക്കു കുത്തിയിടിച്ചോ!’ ഒരു കഷ്ണം എല്ലാറ്റിലുംവെച്ചു ചെറുതായിരുന്നു; അതവൻ തനിക്കായി വെച്ചു.

ഗവ്രോഷ് ഉൾപ്പെടെ, ആ സാധുക്കുട്ടികളെല്ലാം തളർന്നിരുന്നു. വായ നിറച്ച് ആ അപ്പക്കഷ്ണം കടിച്ചുചീന്തിയെടുക്കുന്നതോടുകൂടി അവർ പീടിക മറച്ചുനിന്നു; പണം കൊടുത്തുകഴിഞ്ഞിരുന്നതുകൊണ്ട് അപ്പക്കാരൻ അവരുടെ നേരെ ശുണ്ഠിപിടിച്ചു നോക്കി.

‘നമുക്ക് ഇനിയും തെരുവിലേക്കിറങ്ങാം, ‘ഗവ്രോഷ് പറഞ്ഞു.

അവർ വീണ്ടും ബസ്തിലിലേക്കുള്ള വഴിയെ നടന്നുതുടങ്ങി.

ഇടയ്ക്കിടയ്ക്കു വെളിച്ചമുള്ള ജനാലകളുടെ അടുക്കലൂടെ പോവുമ്പോൾ, കൂട്ടത്തിൽവെച്ചു ചെറിയവൻ തന്റെ കഴുത്തിൽ ഒരു ചരടിന്മേൽ തൂങ്ങിക്കിടക്കുന്ന ഈയഗ്ഗഡിയാളിന്മേലേക്കു നോക്കാൻവേണ്ടി നില്ക്കും.

‘അവൻ പച്ച വിട്ടിട്ടില്ല’, ഗവ്രോഷ് പറഞ്ഞു.

ഉടനെ, ആലോചനാശീലനായി, അവൻ പല്ലുകൾക്കിടയിലൂടെ മന്ത്രിച്ചു: ‘എന്തായാലും, എന്റെ കൈയിലാണ് ഈ പിഞ്ചുകുട്ടികൾ പെട്ടിരുന്നെതെങ്കിൽ, ഞാൻ ഇതിലധികം നന്നായി അവറ്റയെ പൂട്ടിയിടും.’

അവർ അപ്പക്കഷ്ണം തിന്നുതീർത്തു എന്നും ആ രസമില്ലാത്ത റ്യു ദെ ബല്ലെത്ത് എന്ന സ്ഥലത്തിന്റെ മൂലയ്ക്കൽ —അങ്ങേ അറ്റത്തു ലഫോർസിന്റെ താന്നതും പേടിപ്പെടുത്തുന്നതുമായ കാവൽപ്പുര കാണാം. അവിടെ—എത്തി എന്നുമായപ്പോഴേക്ക്.

‘ഹേ ഹേ! അതു താനാണോ, ഗവ്രോഷ്?’ ആരോ ചോദിച്ചു.

‘ഹേ ഹേ! താനാണോ, മൊങ്പർനാസ്?’ ഗവ്രോഷ് പറഞ്ഞു.

ഒരാൾ നമ്മുടെ തെരുവുതെണ്ടിയുടെ തൊട്ടടുത്തെത്തി; അതു നീലക്കണ്ണടയോടുകൂടി വേഷച്ഛന്നനായ മൊങ്പർനാസ്സായിരുന്നു; വേഷമാറ്റം ഗവ്രോഷിനു മനസ്സിലാകുന്ന വിധത്തിലേ ഉള്ളൂ.

‘പൊടി പാറി!’ ഗവ്രോഷ് പറഞ്ഞുതുടങ്ങി. ‘ഒരു ചെറുചണവിത്തു പ്ലാസ്തറിന്റെ നെറത്തിലുള്ള ഒരു തോലാണല്ലോ മേലിട്ടിട്ടുള്ളത്; ഒരു വൈദ്യന്റെ മട്ടിലുള്ള നീലകണ്ണടയും, താൻ പരിഷ്കാരിയാവാണ്. ഞാന് സത്യം ചെയ്യാം.’

‘ഛൂ!’ മൊങ്പർനാസ് പറഞ്ഞു, ‘അത്രയുറക്കെയരുത്!’

അവൻ ഗവ്രോഷിനെ വെളിച്ചമുള്ള ജനാലവരികളിൽനിന്നു ദൂരത്തേക്കു ക്ഷണത്തിൽ കൂട്ടിക്കൊണ്ടുപോയി.

പാവകളെപ്പോലെ മറ്റു രണ്ടു ചെറുകുട്ടികളും അന്യോന്യം കൈകോർത്തു പിടിച്ചു പിന്നാലെ ചെന്നു.

ഒരു വീട്ടുപടിയുടെ കമാനത്തിനു ചുവട്ടിൽ മഴയിൽനിന്നും ആളുകളുടെ നോട്ടത്തിൽനിന്നും രക്ഷപ്പെട്ടു മറവിലായി എന്നു കണ്ടപ്പോൾ, ‘ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നറിയാമോ?’ മൊങ്പർനാസ് കല്പിച്ചുചോദിച്ചു.

‘പശ്ചാത്തപിച്ചു കയറുക എന്ന സന്ന്യാസിമഠ [5] ത്തിലേക്ക്.’

‘തമാശക്കാരൻ!’ മൊങ്പർനാസ് തുടർന്നുപറഞ്ഞു: ‘ഞാൻ ബബെയെ കാണാൻ പോകയാണ്.’

‘ആഹാ!’ ഗവ്രോഷ് ഉറക്കെപ്പറഞ്ഞു, അപ്പോൾ അവളുടെ പേർ ബബെ എന്നാണ്.

മൊങ്പർനാസ് സ്വരം താഴ്ത്തി. ‘അവളല്ല, അവൻ.’

‘ഹോ, ബബെയോ?’

‘അതേ, ബബെ.’

‘അയാൾ കൊളുത്തിലാണെന്നേ ഞാൻ വിചാരിച്ചത്’.

‘അയാൾ കൊളുത്തഴിച്ചു.’ മൊങ്പർനാസ് മറുപടി പറഞ്ഞു.

ബബെയുടെ താമസം ജയിലിലേക്കു മാറ്റിയ ദിവസം രാവിലെത്തന്നെ, ‘പൊല്ലീസ്സാപ്പീസിൽ’ വലത്തോട്ടു തിരിയേണ്ടതിനു പകരം ഇടത്തോട്ടു തിരിഞ്ഞതുകൊണ്ട് അവൻ എങ്ങനെ പുറത്തു ചാടിപ്പോന്നു എന്നുള്ള വിവരമെല്ലാം ക്ഷണത്തിൽ മൊങ്പർനാസ് ആ തെമ്മാടിച്ചെക്കനെ പറഞ്ഞു മനസ്സിലാക്കി.

ആ സാമർത്ഥ്യത്തെ ഗവ്രോഷ് അഭിനന്ദിച്ചു.

‘എന്തൊരു ദന്തവൈദ്യൻ!’ അവൻ ഉച്ചത്തിൽപ്പറഞ്ഞു.

ബബെ ചാടിപ്പോയതിനെപ്പറ്റി കുറച്ചുകൂടി വിവരങ്ങൾ പറഞ്ഞതിനുശേഷം, മൊങ്പർനാസ് ഇങ്ങനെ അവസാനിപ്പിച്ചു: ‘ഹോ അതുമാത്രമല്ല.’

ഗവ്രോഷ് ആ കേട്ടുനില്ക്കുന്നതോടുകൂടി മൊങ്പർനാസ് കൈയിൽപ്പിടിച്ചിരുന്ന ഒരു വടി മേടിച്ച്, ആലോചിക്കാതെ അതിന്റെ തലപ്പു വലിച്ചെടുത്തു; അപ്പോൾ ഒരു കട്ടാരത്തിന്റെ അലകു പ്രത്യക്ഷമായി.

‘ഹാ!’ ക്ഷണത്തിൽ കട്ടാരം ഉള്ളിലേക്കുതന്നെ ഇറക്കി അവൻ ആശ്ചര്യപ്പെട്ടു പറഞ്ഞു, ‘അപ്പോൾ ഒരു പ്രമാണിയായി വേഷംമാറിയ സൊന്തം പട്ടാളക്കാരനേയും താൻ പോരുമ്പോൾ കൂടെക്കരുതീട്ടുണ്ട്.’

മൊങ്പർനാസ് കണ്ണുചിമ്മി.

‘എടാ മാരണേ!’ ഗവ്രോഷ് തുടർന്നു, ‘അപ്പോൾ തീപ്പെട്ടിക്കോലുകളുമായി ഒന്നുരസിനോക്കാൻ തന്ന്യാണ് ഭാവം?’

‘പറയാൻ വയ്യാ.’ ഒരുദാസീനമട്ടോടുകൂടി മൊങ്പർനാസ് മറുപടി പറഞ്ഞു. ‘ഒരു മൊട്ടുസൂചി കൈയിൽ വെയ്ക്കുന്നത് എപ്പോഴും നല്ലതാണ്.’

ഗവ്രോഷ് ശാഠ്യം പിടിച്ചു: ‘താനിന്ന് എന്തു ചെയ്യാനാണ് ഭാവം?’

പിന്നെയും മൊങ്പർനാസ് ഒരു സഗൗരവസ്വരം അവലംബിച്ച് ഓരോ അക്ഷരവും വായിലിട്ടു ചവച്ചുംകൊണ്ടു പറഞ്ഞു: ‘കാര്യങ്ങൾ.’

പെട്ടെന്നു സംഭാഷണവിഷയം മാറ്റി, അവൻ പറഞ്ഞു: ‘കൂട്ടത്തിൽ പറയട്ടെ.’

‘എന്ത്!’

‘ഇന്നാൾ ഒരു കാര്യമുണ്ടായി. ആലോചിച്ചുനോക്കൂ. ഞാനൊരു പ്രമാണിയെ കണ്ടു. അയാൾ ഒരുപദേശവും തന്റെ പണസ്സഞ്ചിയുംകൂടി എനിക്കു സമ്മാനിച്ചു. ഞാൻ എന്റെ കീശയിലിട്ടു. ഒരു നിമിഷം കഴിഞ്ഞു. ഞാൻ കീശയിൽ നോക്കുന്നു. അതിലൊന്നുമില്ല.’

‘ഉപദേശം മാത്രം,’ ഗവ്രോഷ് പറഞ്ഞു.

‘അപ്പോൾ താനോ,’ മൊങ്പർനാസ് ചോദിച്ചു. ‘താനിപ്പോൾ എവിടേക്കാണ്?’

ഗവ്രോഷ് തന്റെ രണ്ടു ശരണാഗതന്മാരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു: ‘ഞാൻ ഈ രണ്ടു പിഞ്ചുകുട്ടികളെ കെടത്തിയുറക്കാൻ പോന്നു.’

‘എവിടെയാണ് കിടയ്ക്ക?’

‘എന്റെ വീട്ടിൽ.’

‘തന്റെ വീടെവിടെയാണ്?’

‘എന്റെ വീട്ടിൽ.’

‘അപ്പോൾ തനിക്കൊരു താമസസ്ഥലമുണ്ടോ?’

‘ഉവ്വ്, എനിക്കുണ്ട്.’

‘എവിടെയാണ് ആ താമസസ്ഥലം?’

‘ആനയിൽ,’ ഗവ്രോഷ് പറഞ്ഞു.

പ്രകൃത്യാ അത്രയധികം അത്ഭുതപ്പെടുന്ന ഒരു സ്വഭാവക്കാരനല്ലെങ്കിലും, മൊങ്പർനാസ്സിന് അത്ഭുതസൂചകമായ ഒരു ശബ്ദം പുറപ്പെടുവിക്കാതെ കഴിഞ്ഞില്ല. ‘ആനയിൽ!’

‘അതേ, ശരി, ആനയിൽ!’ ഗവ്രരോഷ് തിരിച്ചടിച്ചു. ‘ഉം ഉം ഉം?’

ആരും എഴുതാത്തതും എല്ലാവരും ഉച്ചരിക്കുന്നതുമായ ഭാഷയിലെ മറ്റൊരു വാക്കാണിത്

‘ഉം ഉം ഉം എന്നുവെച്ചാൽ, എന്താണതിൽ തരക്കേട്?’ എന്നർത്ഥം.

ആ ചെക്കന്റെ ഈ അഗാധമായ അഭിപ്രായപ്രകടനം മൊങ്പർനാസ്സിനെ തന്റേടം വെപ്പിച്ചു. ഗവ്രോഷിന്റെ താമസസ്ഥലത്തെ സംബന്ധിച്ചേടത്തോളം കുറെക്കൂടി നല്ല അഭിപ്രായങ്ങളിലേക്ക് അവൻ തിരിച്ചെത്തിയതുപോലെ തോന്നി.

‘ശരി, ശരി,’ അവൻ പറഞ്ഞു, ‘ആഹാ, ആന. അവിടെ സുഖമാണോ?’

‘വളരെ,’ ഗവ്രോഷ് പറഞ്ഞു, ‘അതൊരധികപ്രസംഗിയാണ്.’ പാലത്തിന്റെ ചോട്ടിലെപ്പോലെ അവിടെ കാറ്റില്ല.’

‘താനെങ്ങനെ അതിൽ കടക്കുന്നു?’

‘ഹോ, ഞാനങ്ങോട്ടു കടക്കും.’

‘അപ്പോൾ ഒരു പൊത്തുണ്ടോ?’ മൊങ്പർനാസ് കല്പിച്ചു ചോദിച്ചു.

‘ദേവമേ! ഉണ്ടെന്നു പറയണം. പക്ഷേ, താനാരോടും പറയരുത് മുൻകാലുകൾക്കിടേലാണത്. തീപ്പെട്ടിക്കൊലുകൾ അതു കണ്ടെത്തീട്ടില്ല.’

‘എന്നിട്ടു, മേല്പോട്ടു കേറും? എനിക്കു മനസ്സിലായി.’

‘കൈകൊണ്ട് ഒരു നീക്ക്-ക്രിക്, ക്രിക്, കഴിഞ്ഞു ഒക്കെ; അവിടെ ആരുമില്ല’

കുറച്ചിട മിണ്ടാതിരുന്നതിനുശേഷം, ഗവ്രോഷ് തുടർന്നു: ‘ഈ കുട്ടികൾക്കായി എനിക്കൊരു കോണി സമ്പാദിക്കണം.’

മൊങ്പർനാസ് പൊട്ടിച്ചിരിച്ചു: ‘ഈ ഗ്രഹപ്പിഴ പിടിച്ച രണ്ടു ചെക്കന്മാരെ താൻ എവിടെനിന്നു പെറുക്കി കൈയിലാക്കി?’

ഗവ്രോഷ് വലിയ സത്യവാനായി മറുപടി പറഞ്ഞു: ‘അത് ഒരു പാഴ്മുടിക്കാരൻ എനിക്കു സമ്മാനിച്ച രണ്ടു ചിടുങ്ങന്മാരാണ്!’

അതിനിടയ്ക്ക് മൊങ്പർനാസ് ആലോചനയിൽപ്പെട്ടു: ‘താൻ എന്നെ വളരെ ക്ഷണത്തിൽ മനസ്സിലാക്കിയല്ലോ’. അവൻ പിറുപിറുത്തു.

പരുത്തിയിൽ പൊതിഞ്ഞ രണ്ടു തൂവലുകളിൽ അധികമൊന്നുമല്ലാത്ത രണ്ടു ചെറുസാധനം കീശയിൽനിന്നെടുത്ത് അവൻ ഓരോന്നും ഓരോ നാസാദ്വാരത്തിൽ തിരുകി. ഇത് അവന്റെ മൂക്കിനെ മാറ്റിത്തീർത്തു.

‘തന്നെ അതു മറ്റൊരാളാക്കി.’ ഗവ്രോഷ് അഭിപ്രായപ്പെട്ടു. ‘അത് തനിക്കുള്ള ഭംഗിക്കുറവ് ഒട്ടു കുറച്ചു: ‘ഇത് എപ്പോഴും താൻ വെച്ചുകൊണ്ടിരിക്കണം.’

മൊങ്പർനാസ് ഒരു സുഭഗനായിരുന്നു; ഗവ്രോഷ് ഒരുപദ്രവിയാണ്.

‘കാര്യമായിട്ട്,’ മൊങ്പർനാസ് കല്പിച്ചു ചോദിച്ചു. ‘ഇപ്പോൽ എന്നെപ്പറ്റി താനെന്തു പറയുന്നു?’

മൊങ്പർനാസിന്റെ ഒച്ചയും തീരെ മാറിയിരുന്നു. ഒരു ഞൊടിനേരംകൊണ്ട് മൊങ്പർനാസിനെ തീരെ അറിയാതായി.

‘ഹോ!’ ഞങ്ങൾക്കുവേണ്ടി ഒരു കോമാളികെട്ട്.’ ഗവ്രോഷ് അത്ഭുതപ്പെട്ടു പറഞ്ഞു.

മൂക്കിൽ വിരലിടുന്ന പ്രവൃത്തിയിൽ മുങ്ങിയിരുന്നതുകൊണ്ട് ഇതേവരെ ഒന്നും കേൾക്കാതിരുന്ന ആ രണ്ടു കുട്ടികൾ, കോമാളി എന്നു കേട്ടപ്പോൾ അടുത്തു ചെന്നു സന്തോഷത്തോടും ബഹുമാനത്തോടുകൂടി മൊങ്പർനാസ്സിനെ തുറിച്ചു നോക്കുകയായി.

ഭാഗ്യക്കേടിനു, മൊങ്പർനാസ്സിനു മനസ്സുഖമുണ്ടായിരുന്നില്ല.

അവൻ ഗവ്രോഷിന്റെ ചുമലിൽ കൈവെച്ചു വാക്കുകളെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു: ‘കുട്ടീ, ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കൂ, ഞാൻ എന്റെ നായയും, എന്റെ കത്തിയും. എന്റെ ഭാര്യയുമായി യോജിപ്പിലാണെങ്കിലും, താൻ എനിക്കു വേണ്ടി പത്തു സൂ ചെലവുചെയ്യുമെങ്കിലും, ഞാൻ പണിയെടുക്കില്ലെന്നു ശഠിക്കില്ല, പക്ഷേ, ഇതു നോൽമ്പിന്റെ തലേ ദിവസമല്ലല്ലോ.’

ഈ അവലക്ഷണംപിടിച്ച വാക്യം തെമ്മാടിച്ചെക്കനെ ഒന്നു വല്ലാതെ ഇളക്കിത്തീർത്തു. അവൻ പെട്ടെന്നു തിരിഞ്ഞു, തന്റെ മിന്നുന്ന കണ്ണുകളെ ചുറ്റും ഒന്നു സശ്രദ്ധമായോടിച്ചു. കുറച്ചടി ദൂരത്തായി അങ്ങോട്ടു പുറംതിരിഞ്ഞു നില്ക്കുന്ന ഒരു പൊല്ലീസ് സർജ്ജന്റിനെ കണ്ടുപിടിച്ചു. ഗവ്രോഷ് ഒരു ‘ഹാ, കൊള്ളാം’ എന്നു പറയാൻ നാവിൻതുമ്പുവരെ എത്തിച്ചതാണ്; പക്ഷേ, അതു നിർത്തി മൊങ്പർനാസ്സിന്റെ കൈ പിടിച്ചു പറഞ്ഞു: ‘എന്നാൽ അങ്ങനെയാട്ടെ; ഞാന് എന്റെ ചിടുങ്ങന്മാരെയുംകൊണ്ട് എന്റെ ആനയുടെ അടുക്കലേക്കു പോണു. എന്നെക്കൊണ്ട് ഏതു രാത്രിയെങ്കിലും ആവശ്യമായാൽ താൻ അവിടെ വന്നന്വേഷിച്ചാൽ മതി. ഞാൻ കടക്കുന്നേടത്തുതന്നെയാണ് താമസം. പടികാവല്ക്കാരനില്ല. താൻ വന്നിട്ടു ‘മൊസ്യു ഗവ്രോഷ് എവിടെ?’ എന്നു ചോദിച്ചാൽ മതി.’

‘വളരെ നല്ലത്.’ മൊങ്പർനാസ് പറഞ്ഞു.

മൊങ്പർനാസ് ഗ്രീവിനു നേർക്കും ഗവ്രോഷ് ബസ്തീലിന്റെ വഴിക്കും തിരിഞ്ഞ് അവർ പരസ്പരം പിരിഞ്ഞു. ഗവ്രോഷിനാൽ വലിക്കപ്പെടുന്ന ജ്യേഷ്ഠനാൽ വലിക്കപ്പെട്ടു പോകുന്ന ആ അഞ്ചു വയസ്സുള്ള കുട്ടി ആ പോയ കോമാളി വേഷക്കാരനെ നോക്കിക്കാണാൻവേണ്ടി പലതവണ തല തിരിച്ചു.

പൊല്ലീസ്സുകാരനുണ്ടെന്നുള്ള വസ്തുത ഗവ്രോഷിനെ ധരിപ്പിക്കാൻ മൊങ്പർനാസ് എടുത്ത വിദ്യ അഞ്ചോ ആറോ തവണ പല സ്വരൂപത്തിലായി ടിക് എന്ന ഒരൊച്ച ആവർത്തിക്കയല്ലാതെ മറ്റൊന്നുമല്ല. ഈ ശബ്ദം, ടിക്, ഒറ്റയ്ക്കായിട്ടോ ഒരു വാക്യത്തിലെ വാക്കുകളോടു ഭംഗിയിൽ കൂട്ടിയിണക്കിയിട്ടോ പറഞ്ഞാൽ, അർത്ഥം: ‘സൂക്ഷിക്കണം, നമുക്കു സ്വതന്ത്രമായി സംസാരിച്ചുകൂടാ.’ ഇതിനു പുറമേ, മൊങ്പർനാസ്സിന്റെ വാചകത്തിൽ ഗവ്രോഷിനു മനസ്സിലാകാതെ പോയ ഒരു സാഹിത്യഭംഗിയുമുണ്ടായിരുന്നു; എന്റെ നായ, എന്റെ കത്തി, എന്റെ ഭാര്യ എന്നതു മോളിയേർ കവിതയെഴുതുകയും കാല്ലൊ ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന ആ മഹത്തായ ശതാബ്ദത്തിൽ വിദൂഷകന്മാരുടേയും പൊറാട്ടുനടന്മാരുടേയും ഇടയിൽ ധാരാളം നടപ്പുണ്ടായിരുന്ന ഒന്നാണ്.

ഇരുപതു കൊല്ലം മുൻപുവരെ പ്ലാസ് ദ് ലാ ബസ്തീലിന്റെ തെക്കുപടിഞ്ഞാറേ മൂലയ്ക്കു തോടിന്റെ കരയ്ക്കു കോട്ടക്കാരാഗൃഹത്തിലെ പഴയ കുഴിയിൽനിന്നു തോണ്ടിയെടുത്ത ഒരപൂർവ്വ സ്മാരകസ്തംഭം കാണാമായിരുന്നു; അതിപ്പോൾ പാരിസ്സുകാരുടെ സ്മരണയിൽനിന്നു തീരെ മായ്ക്കപ്പെട്ടുപോയി; പക്ഷേ, അത് ‘ഈജിപ്തിലെ സൈന്യത്തിന്റെ പ്രധാനാധിപനായ ഒരു വിദ്യാശാലാംഗത്തിന്റെ’ മനോധർമ്മമായിരുന്നതുകൊണ്ട് അതിന്റെ ചില ചിഹ്നമെങ്കിലും ഓർമ്മയിൽ വെയ്ക്കേണ്ടതായിരുന്നു.

ഒരു കരടുകുറിപ്പേ ആയിരുന്നുള്ളുവെങ്കിലും ഞങ്ങൾ ഒരു സ്മാരകസ്തംഭമെന്നു പറയുന്നു. എന്നാൽ ഈ മൂശ, അത്ഭുതകരമായ ഒരു കരടുകുറിപ്പ്, നെപ്പോളിയന്റെ ഒരു മനോധർമ്മത്തിന്റെ മഹത്തായ കങ്കാളം. വഴിക്കുവഴിയേ വന്നുപോയ കാറ്റടികൾ പുഴക്കിയെടുത്ത് ഒരോരിക്കലും നമ്മളിൽനിന്ന് അധികമധികം ദൂരത്തേക്കു കൊണ്ടുപോയിരുന്ന ഈ വസ്തു, ചരിത്രപ്രസിദ്ധമാവുകയും, അതു തന്റെ താൽക്കാലികസ്ഥിതിക്കെതിരായി ഒരുതരം നിശ്ചിതത്വത്തെ സമ്പാദിക്കുകയും ചെയ്തു. അതു നാല്പതടി ഉയരത്തിൽ മരംകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയതും, പണ്ട് ഒരു പടുചിത്രക്കുറിപ്പുകാരൻ പച്ചച്ചായമിട്ടിരുന്നാലും ഇപ്പോൾ ആകാശവും കാറ്റും കാലവും കൂടി കറുപ്പുചായമിട്ടിട്ടുള്ള ഒരു വീടിന്നൊത്തഗോപുരം പുറത്തു വഹിച്ചു നില്ക്കുന്നതുമായ ഒരാനയായിരുന്നു. ഈ ഏകാന്തവും അരക്ഷിതവുമായ പ്രദേശത്ത്, ആ കൂറ്റൻ പ്രതിമ, അതിന്റെ ഉടലോടും കൊമ്പുകളോടും ഗോപുരത്തോടും കൂറ്റൻ വാലോടും തൂണുകൾപോലെയുള്ള നാലു കാലുകളോടുംകൂടി, നക്ഷത്രപ്രകാശമുള്ള രാത്രിയിൽ ഒരപൂർവ്വവും ഭയങ്കരവുമായ സ്വരൂപത്തെ ഉണ്ടാക്കിയിരുന്നു. അതു പൊതുജനശക്തിയുടെ ഒരുതരം ബിംബമായിരുന്നു. അത് ഇരുണ്ടതും ദുർഗ്രഹവും മഹത്തരവുമായിരുന്നു. അദൃശ്യമായ ബസ്തീൽപ്രേതക്കാഴ്ചയുടെ അടുത്തു നിവർന്നുനില്ക്കുന്ന – ഇന്നതെന്നാർക്കും അറിഞ്ഞുകൂടാത്ത – ഒരു ദൃശ്യമായ ഭൂതമായിരുന്നു അത്

ഈ കെട്ടിടത്തിലേക്ക് അപരിചിതന്മാർ ആരും ചെന്നിരുന്നില്ല; വഴിപോക്കരാരും അങ്ങോട്ടു നോക്കാറില്ല. അത് ഇടിഞ്ഞുപൊളിഞ്ഞുതുടങ്ങിയിരിക്കുന്നു; ഓരോ ഋതുമാറ്റത്തിലും അതിന്റെ വാരിഭാഗങ്ങളിൽ അടർന്ന പശക്കഷ്ണങ്ങൾ അതിന്മേൽ ഭയങ്കരങ്ങളായ മുറികളെപ്പോലെ കാണപ്പെട്ടിരുന്നു. പരിഷ്കൃത ഭാഷയിൽ നടപ്പുള്ള വാക്കനുസരിച്ചു പറയുമ്പോൾ ‘അവസ്ഥക്കാർ’ 1814 മുതല്ക്ക് അതിന്റെ കഥ വിസ്മരിച്ചു. അത് അതിന്റെ മുക്കിൽ ദുഃഖമയമായി, ദീനത്തിൽപ്പെട്ടു, പൊളിഞ്ഞുതകർന്ന്, ഒരു തകരാറായ വേലിയാൽ ചുറ്റപ്പെട്ടു, മദ്യപാനികളായ വണ്ടിക്കാരാൽ ഇളവില്ലാതെ അഴുക്കാക്കപ്പെട്ട് അങ്ങനെ നിന്നിരുന്നു; അതിന്റെ വയറ്റത്തു വിലങ്ങനെ പൊട്ടുകൾ പൊട്ടി, അതിന്റെ വാലിൽനിന്ന് ഒരു പലകയുന്തി, അതിന്റെ കാലിന്മേൽ നീണ്ട പുല്ലുകൾ മുളച്ചുവളർന്നു; വലിയ പട്ടണങ്ങളിലെ നിലത്തെ ആരുമറിയാതെ പൊക്കിവിടുന്നതായി പതുക്കെയും ഇളവില്ലാതെയും ഉണ്ടാകുന്ന ആ ഒരു മാറ്റംകാരണം ഒരു മുപ്പതു കൊല്ലമായി അതിന്റെ ചുറ്റുമുള്ള അടിനിരപ്പു പൊന്തിയിരുന്നതുകൊണ്ട് അതൊരു കുണ്ടിലായിപ്പോകയും അതു കീഴ്പോട്ടു നിലത്തേക്ക് ആണ്ടുപോകുന്നുണ്ടോ എന്നാവുകയും ചെയ്തിരുന്നു. അതു വൃത്തികെട്ടതും, നിന്ദ്യവും, അറപ്പു തോന്നിക്കുന്നതും, അതിവിശിഷ്ടവും, പ്രമാണികളുടെ കണ്ണിനു വിരൂപവും, ആലോചനാശീലന്റെ കണ്ണിനു ദുഃഖമയവുമായിരുന്നു. അടിച്ചു പുറത്തുകളയാൻപോകുന്ന വൃത്തികേടിന്റേയും സ്ഥാനഭ്രഷ്ടമാക്കപ്പെടാൻ പോകുന്ന രാജത്വത്തിന്റെയും എന്തോ ഒന്ന് അതിന്നുണ്ട്. ഞങ്ങൾ പറഞ്ഞതുപോലെ, രാത്രിയിൽ അതിന്റെ മട്ടു മാറും. ഉരുൾച്ചയുള്ള സകലത്തിനും പറ്റിയ ഒന്നാണ് രാത്രി. സന്ധ്യയാകുന്നതോടുകൂടി ആ പഴയ ആനയുടെ രൂപം ആകെ മാറും; നിഴല്പാടുകളുടെ എന്തെന്നില്ലാത്ത പ്രശാന്ത മഹിമയിൽ അവൻ ശാന്തവും ഭയങ്കരവുമായ ഒരാകൃതിയെടുക്കും. ഭൂതകാലത്തിലേതായതുകൊണ്ട് അവൻ രാത്രിക്കു ചേർന്നതായി; ഇരുട്ട് അവന്റെ മഹത്ത്വത്തോടുകൂടി യോജിച്ചതാണ്.

പരുത്തതും, പരുങ്ങിയതും, ഉറപ്പുകൂടിയതും നിഷ്ഠുരവും, എതാണ്ടു വികൃതമെങ്കിലും നിശ്ചയമായും പ്രഭാവവത്തും, മഹത്തരവും അപരിഷ്കൃതവുമായ ഒരു ഗൗരവംകൊണ്ടു മുദ്രിതവുമായ ഈ സ്മാരകവസ്തു ഇപ്പോൾ ഇല്ലാതായി. പണ്ടത്തെ ജന്മികളുടെ സ്ഥാനത്ത് ഇടത്തരക്കാരനായതുപോലെ, ഒമ്പതു ഗോപുരങ്ങളോടുകൂടിയ ആ ഇരുണ്ട കോട്ടയുടെ സ്ഥാനത്ത് ഒരുതരം പടുകൂറ്റനടുപ്പിന്ന് അതിന്റെ പുകക്കുഴൽ ചൂടി സമാധാനപൂർവ്വം തലയുയർത്തി നില്ക്കാൻവേണ്ടി അതവിടെനിന്നു ചുവടൊഴിച്ചു. ഒരു പാത്രത്തിലാണ് ശക്തി മുഴുവൻ എന്നുള്ള ഒരു കാലത്തിന്റെ അടയാളമുദ്ര ഒരടുപ്പാകുന്നത് പ്രകൃതിസാധാരണമാണ്. ഈ കാലം കഴിഞ്ഞുപോവും; ആവിക്കുഴലിൽ ശക്തിയുണ്ടാകാമെങ്കിൽ തലച്ചോറിലല്ലാതെ ശക്തിയുണ്ടാവാൻ വയ്യെന്ന് ആളുകൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു; മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ലോകത്തെ വലിച്ചു മുൻപോട്ടു കൊണ്ടുപോകുന്നത് തീവണ്ടിയന്ത്രങ്ങളല്ല. ആലോചനകളാണ്. തീവണ്ടിയന്ത്രങ്ങളെ ആലോചനകളോട് കൂട്ടിക്കൊടുക—അതു നന്ന്. പക്ഷേ, കുതിരയെ സവാരിക്കാരനെന്നു തെറ്റിദ്ധരിക്കരുത്.

ഏതായാലും പ്ലാസ് ദ് ലാ ബസ്തീലിലേക്കുതന്നെ മടങ്ങിച്ചെല്ലുക, ഈ ആനയുടെ നിർമ്മാതാവിനു പശയിൽനിന്ന് ഒരു മഹത്തായ വസ്തുവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്; അടുപ്പുണ്ടാക്കിയാൾക്കു പിച്ചളയിൽനിന്ന് ഒരു മനോഹരവസ്തുവുണ്ടാക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു.

ഒരു മുഴങ്ങുന്ന പേരിനാൽ ജ്ഞാനസ്നാനം കഴിക്കപ്പെട്ടതും ജൂലായിയിലെ സ്തംഭം എന്നു പറഞ്ഞുവരുന്നതുമായ ഈ അടുപ്പുകുഴൽ, അലസിപ്പോയ ഭരണ പരിവർത്തനത്തിന്റെ ഈ സ്മാരകവസ്തു, 1832-ൽപ്പോലും ഒരു മഹത്തായ മരപ്പണികൊണ്ടു—ഞങ്ങളാണെങ്കിൽ ഈ കാര്യത്തിൽ പശ്ചാത്തപിക്കുകയാണ്—ആനയെ ഒറ്റയ്ക്കാക്കുന്ന പ്രവൃത്തി മുഴുമിപ്പിച്ച ഒരു വലുപ്പമേറിയ പലകവേലികൊണ്ടും മൂടിയിരുന്നു.

അവിടെ, ദൂരത്തുള്ള ഒരു തെരുവുവിളക്കിന്റെ വെളിച്ചംകൊണ്ട് അല്പമൊന്നു പ്രകാശിക്കുന്ന ഈ ഒരു മൂലയിലേക്കാണ്, ആ തെമ്മാടിച്ചെക്കൻ തന്റെ രണ്ടു ‘ചിടുങ്ങന്മാരെയും’ കൂട്ടിക്കൊണ്ടു ചെന്നത്.

ഇവിടെ ഒന്നു നിന്നു, ഞങ്ങൾ ഈ പറയുന്നത് വെറും വാസ്തവമാണെന്നും, ഇരുപതു കൊല്ലത്തിനു മുൻപ് നീതിന്യായസഭ തെണ്ടിനടക്കലും പൊതുജനസ്മാരകവസ്തുവെ കേടുവരുത്തലും എന്ന കുറ്റത്തിന്മേൽ ഇതേ ബസ്തീലിലെ ആനയിൽ കിടന്നുറങ്ങിപ്പോയ ഒരു കുട്ടിയെ വിചാരണ ചെയ്കയുണ്ടായി എന്നും വായനക്കാരെ ഓർമ്മിപ്പിക്കുവാൻ ഞങ്ങളെ സമ്മതിക്കണം. ഈ വാസ്തവം കുറിച്ചിട്ടശേഷം ഞങ്ങൾ കഥ തുടരുന്നു.

ആ കൂറ്റൻ പ്രതിമയുടെ അടുത്തെത്തിയപ്പോൾ, അപാരമായ മഹത്വമുള്ളതെന്തും ഏറ്റവുമധികം അണുപ്രായത്തിലുള്ള എന്തിലും ഉണ്ടാക്കിത്തീർക്കുന്ന വികാരം മനസ്സിലാക്കി ഗവ്രോഷ് പറഞ്ഞു: ‘പേടിച്ച് അന്തംവിടരുതേ, കുഞ്ഞുങ്ങളേ!’

എന്നിട്ട്, വേലിക്കുള്ള ഒരു നൂത്തയിലൂടെ ആനയുടെ വളച്ചുകെട്ടിയിലേക്കു കടന്ന് അവൻ ആ രണ്ടു കുട്ടികളേയും അകത്തേക്കു പിടിച്ചു കടത്തി. ഏതാണ്ടു ഭയപ്പെട്ടുപോയ ആ രണ്ടു കുട്ടികളും ഒരക്ഷരവും മിണ്ടാതെ ഗവ്രോഷിനെ പിന്തുടർന്നു; ഭക്ഷണം തരികയും കിടക്കാൻ സ്ഥലം തരാമെന്നേല്ക്കുകയും ചെയ്ത ആ കീറത്തുണിയുടുപ്പിലുള്ള കുട്ടിദൈവത്തിന്നായി അവർ താന്താങ്ങളെ ഏല്പിച്ചുകൊടുത്തു.

അവിടെ ആ വേലിയോടു ചേർന്നു, പകൽസ്സമയത്ത് അയൽപക്കത്തുള്ള മരച്ചാപ്പയിലെ കൂലിപ്പണിക്കാരുടെ ഉപയോഗത്തിനുള്ള ഒരു കോണി കിടന്നിരുന്നു. പ്രശംസനീയമായ ഉശിരോടുകൂടി ഗവ്രോഷ് അതെടുത്തു പൊന്തിച്ച്, ആനയുടെ മുൻകാലുകളിലൊന്നിനോടു ചേർത്തുചാരി. കോണി അവസാനിക്കുന്നേടത്ത് ആ കൂറ്റൻ പ്രതിമയുടെ വയറ്റത്തായി ഒരുതരം ഇരുണ്ട ദ്വാരം വെളിപ്പെട്ടിരുന്നു.

ഗവ്രോഷ് ആ കോണിയും ദ്വാരവും തന്റെ അതിഥികൾക്കു ചൂണ്ടിക്കാണിച്ചു പറഞ്ഞു. ‘കയറി അകത്തു കൂടിക്കോളിൻ.’

രണ്ടു ചെറുകുട്ടികളും അന്യോന്യം പേടിച്ചു നോക്കി.

‘ചിടുങ്ങന്മാരേ, നിങ്ങൾക്കു പേടിയാവുന്നു അല്ലേ!’ ഗവ്രോഷ് ഉച്ചത്തിൽ പറഞ്ഞു:

അവൻ തുടർന്നു: ‘കണ്ടോളിൻ!’

അവൻ ആനയുടെ പരുത്ത കാലിന്മേൽ പിടിച്ച് ഒരു ഞൊടിയിടകൊണ്ടു, കോണി ഉപയോഗപ്പെടുത്താതെതന്നെ, ആ പൊത്തിലെത്തിച്ചേർന്നു. ഒരു പൊത്തിലേക്ക് ഒരണലിപ്പാമ്പ് ഇഴഞ്ഞുകടക്കുന്നതുപോലെ, അവൻ അകത്തേക്കു കടന്നു മറഞ്ഞു; ഒരു നിമിഷം കഴിഞ്ഞു, വിളർത്തപോലെയിരുന്ന അവന്റെ തല വിളർത്തതും വെളുത്തതുമായ ഒരു പ്രേതംപോലെ ആ ഇരുണ്ട ദ്വാരത്തിന്റെ വക്കത്തുവ്യക്തമായി കണ്ടു.

‘ആട്ടെ,’ അവൻ വിളിച്ചുപറഞ്ഞു, ‘പിള്ളരേ, ഇങ്ങോട്ടു കയറിക്കോളിൻ! ഇവിടെ എന്തു രസമാണെന്നു കണ്വോ!ഉം, ഇങ്ങോട്ടു വരിൻ!’

അവൻ മൂത്തവനോടു പറഞ്ഞു. ‘ഞാൻ കൈ പിടിക്കാം.’

കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും കൈമുട്ടുകൊണ്ടു തട്ടി; ആ തെമ്മാടിച്ചെക്കൻ ഒരേസമയത്ത് അവരെ പേടിപ്പെടുത്തുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു; പിന്നെ, നല്ല മഴയുണ്ടുതാനും. മൂത്തവൻ ആ അപകടമേല്ക്കാൻ സന്നദ്ധനായി ജ്യേഷ്ഠൻ കയറിപ്പോകുന്നതും താൻ ആ കൂറ്റൻജന്തുവിന്റെ മുൻകാലുകൾക്കിടയിൽ തനിച്ചായതും കണ്ടപ്പോൾ ആ ഇളയകുട്ടിക്ക് ഉറക്കെക്കരയാൻ തോന്നി; എങ്കിലും അതിനു ധൈര്യമുണ്ടായില്ല.

മൂത്തവൻ കാൽ വിറച്ചുകൊണ്ട് കോണിയുടെ അറ്റത്തോളമെത്തി. അതിനിടയ്ക്ക് ഗവ്രോഷ്, പയറ്റാശാൻ ശിഷ്യരെയെന്നപ്പോലെ, അല്ലെങ്കിൽ കഴുതനോട്ടക്കാരൻ കഴുതകളെ എന്നപോലെ, ഉറക്കെയുള്ള വാക്കുകളെക്കൊണ്ട്—അവനെ ഉത്സാഹിപ്പിച്ചിരുന്നു: ‘പേടിയ്ക്കണ്ടാ! അതു തന്നെ!—അങ്ങിനെ!—അവിടെ കാൽ വെയ്ക്ക്—കൈയിങ്ങോട്ടു കാണിക്ക്—ഉശിർ വേണ്ടേ!’

കുട്ടി കൈ നീട്ടിയാൽ എത്താവുന്നേടത്തായപ്പോൾ, അവൻ പെട്ടെന്നും ചുണയോടുകൂടിയും ആ കൈ കടന്നുപിടിച്ചു താൻ നില്ക്കുന്നേടത്തേക്കു വലിച്ചാക്കി.

‘കൊത്തിച്ചു!’ അവൻ പറഞ്ഞു.

‘അപ്പോൾ’, ഗവ്രോഷ് പറഞ്ഞു, ‘ഞാൻ വരാം. മൊസ്യു ഒരിടത്തിരിക്കൂ.’

അങ്ങോട്ടു കടന്നതുപോലെതന്നെ പുറത്തേക്ക് വന്ന് ഒരു മൊച്ചയുടെ ചുറുക്കോടുകൂടി ആനയുടെ കാലിന്മേലൂടെ ഉരസിയിറങ്ങി. പുല്ലിൽ കാൽവെച്ചു നിന്ന്, അഞ്ചുവയസ്സുള്ള കുട്ടിയെ പിടിച്ചെടുത്തു, കോണിയുടെ നടുക്കം ഉറപ്പിച്ചു നിർത്തി, അവന്റെ പിന്നിലൂടെ ഗവ്രോഷും, മൂത്ത ചെക്കനോട് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട്, മേൽപ്പോട്ടു കയറി: ‘ഞാനവനെ ഉന്തിക്കയറ്റാനുള്ള ഭാവമാണ്. വലിച്ചോളൂ.’

ഉത്തരക്ഷണത്തിൽ, ഒരു ചെറിയ കുട്ടിയെ ഉന്തി, വലിച്ചു, പിടിച്ചുകേറ്റി, കാര്യം മനസ്സിലാകുന്നതിനുമുൻപ് ആ പൊത്തിൽ കൊണ്ടിട്ടു; ഗവ്രോഷും പിന്നാലെ കയറിച്ചെന്ന് ഒരു ചവിട്ടുകൊണ്ട് കോണി പുല്ലിൽ മലർത്തിത്തള്ളിയിട്ട ശേഷം, കൈകൊട്ടി ഉച്ചത്തിൽ പറകയായി: ‘ആവൂ, ഇവിടെയെത്തി! ലഫയേത്തിനു ദീർഘായുസ്സ്!’

ഈ ഇടിപൊട്ടൽ കഴിഞ്ഞ് അവൻ തുടർന്നു: ‘അപ്പോൾ, ഹേ, പിള്ളരേ, നിങ്ങൾ എന്റെ വീട്ടിലാണ്.’

വാസ്തവത്തിൽ ഗവ്രോഷിന് അതു വീടുതന്നെയായിരുന്നു.

അഹോ, പ്രയോജനശൂന്യമായതിന്റെ അപ്രതീക്ഷിതമായ പ്രയോജനകരത്വം! മഹത്തുക്കളായ വസ്തുക്കളുടെ ധർമ്മശീലം! മഹാപുരുഷന്മാരുടെ ഔദാര്യം! ചക്രവർത്തിയുടെ ഒരു മനോധർമ്മം ഒന്നിച്ചുചേർന്നുണ്ടായ ആ സ്മാരകവസ്തു ഒരു തെരുവുതെണ്ടിച്ചെക്കന്റെ ചെറുവീടായി. ആ പെരുംപ്രതിമ ആ ചെക്കനെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഞായറാഴ്ചത്തെ മേത്തരമുടുപ്പിൽ ബസ്തീലിലെ ആന നില്ക്കുന്നേടത്തൂടെ കടന്നുപോകുന്ന പ്രമാണികൾ അതിനെ തങ്ങളുടെ ശ്രേഷ്ഠങ്ങളായ കണ്ണുകളെക്കൊണ്ടു പുച്ഛഭാവത്തിൽ നോക്കിക്കണ്ട് ‘എന്താണിതുകൊണ്ടു പ്രയോജനം?’ എന്നു പറയാറുണ്ട്. അത് അച്ഛനില്ലാതെ, അമ്മയില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, രക്ഷയില്ലാതെയുള്ള ഒരു ചെറുകുട്ടിയെ തണുപ്പിൽനിന്നും മഞ്ഞിൽനിന്നും കല്ലുമഴയിൽനിന്നും മഴയിൽനിന്നും രക്ഷിക്കാനും, മഴക്കാലത്തിലെ കൊടുങ്കാറ്റിൽനിന്നു സഹായിക്കാനും, പനിയുണ്ടാകുന്നവിധം ചളിയിൽക്കിടന്നും മരിക്കുന്നവിധം മഞ്ഞിൽക്കിടന്നുമുള്ള ഉറങ്ങൽ കൂടാതെ കഴിക്കാനും ഉപയോഗപ്പെട്ടിരുന്നു. സമുദായം തള്ളിക്കളഞ്ഞ നിരപരാധശിശുവെ സ്വീകരിക്കുവാൻ അതുപയോഗപ്പെട്ടു. ദുഷ്പ്രവൃത്തികളുടെ എണ്ണം കുറയ്ക്കാന് അതുപയോഗപ്പെട്ടു. എല്ലാ വാതിലുകളും ആരുടെ മുൻപിൽ അടയപ്പെട്ടിരിക്കുന്നുവോ അവന്ന് അതൊരു തുറന്ന മടയായിരുന്നു. കൃമികളാലും വിസ്മൃതിയിലും ആക്രമിക്കപ്പെട്ടു. പാലുണ്ണികൾകൊണ്ടും പൂപ്പൽകൊണ്ടും വ്രണങ്ങൾകൊണ്ടും മൂടി, ചാഞ്ചാടിക്കൊണ്ടു, പുഴു തിന്നു, ഉപേക്ഷിക്കപ്പെട്ടു, ശിക്ഷിക്കപ്പെട്ട ആ മോശമായ കിഴവൻ പ്രാചീനമഹാഗജത്തിനു, വഴിത്തിരിവിൽ നിന്ന് ഒരു സുശീലഭാവത്തിൽ വെറുതേ ധർമ്മം ചോദിച്ചുനോക്കുന്ന ആ ഇരപ്പാളിപ്പെരുംപ്രതിമയ്ക്ക്, ആ മറ്റേ ഇരപ്പാളിയുടെ—കാലിന്മേലൊന്നുമില്ലാതെ തലയ്ക്കു മീതേ ഒരു മേൽപ്പുരയില്ലാതെ, വിരലുകൊണ്ടു, ചൂളയിട്ടുകൊണ്ടു, കീറത്തുണിധരിച്ചു, വല്ല എച്ചിലുകളും തിന്നുപജീവിക്കുന്ന ആ സാധുക്കുട്ടിയുടെമേൽ അനുകമ്പ തോന്നിയോ എന്നു തോന്നും. ബസ്തീലിലെ ആനയെക്കൊണ്ടുണ്ടായ പ്രയോജനം അതാണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ടിട്ടുള്ള നെപ്പോളിയന്റെ ഈ മനോധർമ്മത്തെ ഈശ്വരൻ കൈക്കൊണ്ടു. മനോഹരം മാത്രമായിരുന്നത് ഉത്കൃഷ്ടമായിത്തീർന്നു. തന്റെ ആലോചനയെ രൂപപ്പെടുത്തുവാൻവേണ്ടി ചക്രവർത്തിക്കു വർണ്ണക്കല്ലും പിച്ചളയും ഇരിമ്പും സ്വർണ്ണവും വെണ്ണക്കല്ലും വേണ്ടിവന്നിരിക്കും; ഈശ്വരനാകട്ടെ പലകകളും തുലാങ്ങളും പശയും മാത്രം മതിയായി. ചക്രവർത്തിക്ക് ഒരതിബുദ്ധിമാന്റെ വിചാരശക്തിയുണ്ടായിരുന്നു: ആയുധം ധരിച്ചു, മഹത്തായി, പൊന്തിക്കപ്പെട്ട കൊമ്പുകളോടുകൂടി, തന്റെ ഗോപുരവും പുറത്തേറ്റി, ആഹ്ലാദത്തോടും ചൈതന്യത്തോടും കൂടിയ ജലധാരകളെ എല്ലാഭാഗത്തേക്കും ഒഴുക്കിക്കൊണ്ടുള്ള ആ പടുകൂറ്റൻ ആനയിൽ അദ്ദേഹം പൊതുജനത്തെ മൂർത്തിമത്താക്കിക്കാണിപ്പാൻ ആഗ്രഹിച്ചു. ഈശ്വരനാകട്ടെ അതിലും വലിയ കാര്യം അതുകൊണ്ടു പ്രവർത്തിച്ചു; അദ്ദേഹം ഒരു കുട്ടിയെ അവിടെത്താമസിപ്പിച്ചു.

ഗവ്രോഷ് കടന്ന ദ്വാരം ആനയുടെ വയറിൻചുവട്ടിൽ, ഞങ്ങൾ പറഞ്ഞതുപോലെ, പുറത്തുനിന്നു നോക്കിയാൽ കാണാതെ മറയപ്പെട്ടതായും പൂച്ചകൾക്കും വീടില്ലാത്ത കുട്ടികൾക്കും മാത്രം നൂണുകടക്കാവുന്നവിധം അത്രമേൽ കുടുസ്സായുമുള്ള ഒരു പൊളിവായിരുന്നു.

ഗവ്രോഷ് പറഞ്ഞു: ‘വാതില്ക്കാവല്ക്കാരനോട് ആർ വന്നാലും കാണാൻ സമയമില്ലെന്നു പറഞ്ഞേല്പിച്ചു നമുക്ക് ഇനിയത്തെ പ്രവൃത്തിയാരംഭിക്കാം.’

അങ്ങനെ, അവൻ തന്റെ മുറികളുമായി നല്ല പരിചയമുള്ള ഒരാളുടെ മനോവിശ്വാസത്തോടുകൂടി ഇരുട്ടിലേക്ക് ആണ്ടുചെന്ന് ഒരു പലകയെടുത്തു ദ്വാരമടച്ചു.

പിന്നെയും ഗവ്രോഷ് ഇരുട്ടിലേക്കാണ്ടു. പ്രകാശമുണ്ടാകുന്ന കുപ്പിയിലേക്കു തിരുകിയ തീപ്പെട്ടിയുടെ കിരുകിരുപ്പൊച്ച കുട്ടികൾ കേട്ടു. അന്നു രസായനശാസ്ത്ര സംബന്ധമായ തീപ്പെട്ടി പുറത്തു വന്നിട്ടില്ല. അക്കാലത്തു ‘ഫൂമേഡ്’ ഉരുക്കായിരുന്നു അഭിവൃദ്ധിയുടെ ചിഹ്നം.

ഒരു പ്രതീക്ഷിതമായ വെളിച്ചം അവരെക്കൊണ്ടു പകുതി കൺമിഴിപ്പിച്ചു; കുണ്ടറ മൂഷികൻ എന്നു പേരുള്ള മരക്കറയിൽ മുക്കിയ ചരട്ടുകഷ്ണങ്ങളിലൊന്നു ഗവ്രോഷ് ഒരുവിധത്തിൽ കത്തിച്ചു. വെളിച്ചത്തെക്കാളധികം പുക പുറപ്പെടുവിക്കുന്ന ആ കുണ്ടറമൂഷികൻ ആനയുടെ അന്തർഭാഗത്തെ സമ്മിശ്രമായവിധം തെളിയിച്ചു.

ഗവ്രോഷിന്റെ രണ്ടതിഥികളും ചുറ്റും ഒന്നോടിച്ചുനോക്കി; ഹീഡിൻബർഗ്ഗിലെ മദ്യത്തൊട്ടിയിൽ ഇട്ടടയ്ക്കപ്പെട്ട ഒരാളുടെ, അല്ലെങ്കിൽ, കുറെക്കൂടി നന്നാക്കിപ്പറയാം, ക്രിസ്തീയവേദപുസ്തകത്തിൽ പറയുന്ന തിമിംഗലത്തിന്റെ വയറ്റിൽക്കിടക്കുന്ന യോനായുടെ, അനുഭവംപോലെ എന്തോ ഒന്നാണ് അവർക്കപ്പോൾ ഉണ്ടായത്. രാക്ഷസീയമായ ഒരു പെരുംകങ്കാളം അവരെ മൂടിയിരിക്കുന്നു. മുകളിൽ ക്രമാനുസാരിയായ അകലത്തിൽ കട്ടികൂടി വളഞ്ഞ വാരിയെല്ലുകൾ പുറപ്പെടുന്ന പാർശ്വഭാഗങ്ങളോടുകൂടിയ നീണ്ടു തവിട്ടുനിറത്തിലുള്ള ചീനാന്തി നട്ടെല്ലിൻകൂട്ടത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു; കുടൽമാലകളെപ്പോലെ അവയിൽ പശക്കൂട്ടിന്റെ ചുണ്ണാമ്പു കൽപ്പുറ്റുകൾ തൂങ്ങിക്കിടക്കുന്നുണ്ട്. ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തിവലിഞ്ഞ എട്ടുകാലിവലകൾ വൃത്തികെട്ട വിഭാജകചർമ്മങ്ങളെ ഉണ്ടാക്കിയിരിക്കുന്നു. മുക്കുകളിൽ അവിടവിടെ കറുത്ത കൂറ്റൻപുള്ളികൾ കാണാനുണ്ട്; അവയ്ക്ക് ജീവനുണ്ടെന്നും പെട്ടെന്നും പേടിച്ചപോലെയുമുള്ള ഒരു ചലനത്തോടുകൂടി അവ ക്ഷണത്തിൽ സ്ഥലം മാറുന്നുണ്ടെന്നും തോന്നി.

ആനയുടെ പൃഷ്ഠത്തിൽനിന്നു വയറ്റിലേക്കു പൊട്ടിവീണ കഷ്ണങ്ങൾ കൊണ്ടു കുഴിയെല്ലാം തൂർന്നിരുന്നതിനാൽ, അതിൽ ഒരു നിലത്തെന്നപോലെ നടക്കാമായിരുന്നു.

ഇളയ കുട്ടി മൂത്തവനോടു പറ്റിച്ചേർന്നു ചെകിട്ടിൽ മന്ത്രിച്ചു: ‘ഇരുട്ട്.’

ഈ അഭിപ്രായപ്രകടനം ഗവ്രോഷിൽനിന്ന് ഒരാക്ഷേപത്തെ പുറപ്പെടുവിച്ചു. ആ രണ്ടു ചെക്കന്മാരുടെയും അമ്പരന്ന നില ഒരു കുലുക്കൽകൂടിയേ കഴിയൂ എന്നാക്കി.

‘എന്താണ് നിങ്ങളവിടെ ഇരുന്നു പിറുപിറുക്കണത്?’ അവൻ ഉച്ചത്തിൽപ്പറഞ്ഞു. ‘എന്നെ കളിയാക്കാണ്? എന്നോടു മുകർവീർപ്പിക്കാണ്, അല്ലേ? നിങ്ങൾക്കു തൂലെറിക്കൊട്ടാരം വേണന്നുണ്ടോ? നിങ്ങൾ ജന്തുക്കളാണോ? വരു, പറയൂ! ഞാൻ വങ്കന്മാരുടെ കൂട്ടത്തിൽപ്പെട്ടവനല്ലെന്നു പറഞ്ഞുതരുന്നു. ഹാ, ആട്ടെ. നിങ്ങൾ പോപ്പിന്റെ കൊട്ടാരത്തിൽപ്പെട്ട ചെക്കന്മാരാണോ?’

ഭയത്തിന്റെ കാര്യത്തിൽ കുറച്ചൊരു പരുഷത കാണിക്കുന്നതുകൊണ്ടു പ്രയോജനമുണ്ട്. അതു ധൈര്യം പിടിപ്പിക്കും. രണ്ടു കുട്ടികളും ഗവ്രോഷിന് അടുത്തുകൂടി.

ഈ വിശ്വാസംകൊണ്ടു പിതൃവാത്സല്യം കയറിയ ഗവ്രോഷ് ഗൗരവത്തിൽ നിന്നു സൗമ്യതയിലേക്കു കടന്നു, ഇളയ കുട്ടിയോടു പറഞ്ഞു: ‘വിഡ്ഢി!’ ആ അവമാനകരമായ വാക്ക് ഒരോമനിക്കുന്ന സ്വരത്തിൽ ഉച്ചരിച്ചുകൊണ്ട് അവൻ പറഞ്ഞു, ‘പുറത്താണ് ഇരുട്ട്. പുറത്തു മഴയുണ്ട്. ഇവിടെ മഴയില്ല; പുറത്തു തണുപ്പുണ്ട്, ഇവിടെ ഒരു കഷ്ണം കാറ്റില്ല; പുറത്ത് ഒരുപടി ആളുകളുണ്ട്. ഇവിടെ ആളില്ല; പറഞ്ഞു ചന്ദ്രൻകൂടയില്ല. ഇവിടെ എന്റെ മെഴുതിരിയുണ്ട്.’

രണ്ടു കുട്ടികളും ഭയം കുറഞ്ഞുകൊണ്ടു ചുറ്റും നോക്കി; പക്ഷേ, ആലോചനയ്ക്കു ഗവ്രോഷ് ഇടകൊടുത്തില്ല.

‘ക്ഷണം,’ അവൻ പറഞ്ഞു.

എന്നിട്ട് അവൻ അവരെ. മുറിയുടെ അങ്ങേയറ്റം എന്നു വിളിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നേടത്തേക്ക് ഉന്തിയാക്കി.

അവിടെയാണ് അവന്റെ കിടയ്ക്ക.

ഗവ്രോഷിനു കിടപ്പിന്റെ വട്ടമെല്ലാമുണ്ട്; എന്നുവെച്ചാൽ, ഒരു കിടയ്ക്കയും, ഒരു കമ്പിളിയും, മറശ്ശീലകളോടുകൂടിയുള്ള ഒരുള്ളറയും.

കിടയ്ക്ക ഒരു വൈയ്ക്കോൽപ്പായയാണ്; കമ്പിളി ചാരനിറത്തിലുള്ള രോമത്തുണിയുടെ ഒരു വലിയ കഷ്ണം—നല്ല ചൂടുള്ളതും പുതിയതുമായ ഒന്ന്. ഉള്ളറയുണ്ടായിട്ടുള്ളത് ഇവകൊണ്ടാണ്: നിലമായിത്തീർന്നിട്ടുള്ളു—അതായത് ആനയുടെ വയർ—ചവറള്ളതുട്ടത്തിൽ തിരുകപ്പെട്ടതും കൂടിച്ചേർന്നതുമായി രണ്ടെണ്ണം മുൻപിലും ഒന്നു പിന്നിലും വെച്ചു. ചതുരസ്തംഭാകൃതിയായ ഒരലകുകെട്ടിന്റെ രൂപത്തിൽ, മുകളിൽ കയർകൊണ്ടു കൂട്ടിക്കെട്ടിയ മൂന്നു നീണ്ട ഏറ്ക്കാലുകൾ, ഈ ഒരു കറ്റ, അതിന്മേൽ വെറുതെ വെച്ചിട്ടുള്ളതെങ്കിലും ഭംഗിയിൽ അടുപ്പിച്ചിട്ടുള്ളതും ആ മൂന്ന് ഏർക്കാലുകളേയും മൂടുമാറ് ഇരിമ്പുകമ്പിക്കെട്ടുകളാൽ ഉറപ്പിക്കപ്പെട്ടതുമായ ഒരു പിച്ചളക്കമ്പി ‘ക്രാസി’ പ്പണിയെ താങ്ങിനില്ക്കുന്നു. ഒരു വരി വലിയ കനമുള്ള കല്ലുകൾ, ചുവട്ടിലൂടെ യാതൊന്നിനും പോവാൻ വയ്യാത്ത വിധം, ഈ വലപ്പണിയെ നിലത്തോടു ചേർത്തിരിക്കുന്നു. ഈ അഴിച്ചുമർ കാഴ്ച മൃഗശാലയിൽ പക്ഷിക്കൂടുകളെ മൂടിയിടാറുള്ള പിച്ചളമറകളുടെ ഒരു കഷ്ണമല്ലാതെ മറ്റൊന്നുമല്ല. ഗവ്രോഷിന്റെ കിടയ്ക്ക ഈ വലയ്ക്കു പിന്നിൽ ഒരു പക്ഷിക്കൂടിനുള്ളിലെന്നപോലെ കിടന്നിരുന്നു. എല്ലാംകൂടിയാൽ ഒരു എസ്കിമോ [6] ക്കൂടാരത്തിന്റെ ഛായയാണ്.

ഈ ക്രാസിപ്പണി ഒരു മറശ്ശീലയുടെ സ്ഥാനമെടുത്തു.

മുൻപിലായി വലയെ നിലത്തോടടുപ്പിച്ചു ചേർത്തിരുന്ന കല്ലുകളെ ഗവ്രോഷ് എടുത്തുമാറ്റി; ഒന്നിനു മീതെ ഒന്നായി മടങ്ങിക്കിടക്കുന്ന വലയുടെ രണ്ടു മടക്കുകളും അങ്ങോട്ടുമിങ്ങോട്ടും നീങ്ങിവീണു.

‘അകത്തേക്കു നൂണോളിൻ, പിള്ളരേ!’ ഗവ്രോഷ് പറഞ്ഞു.

വലിയ മുൻകരുതലോടെ അവൻ തന്റെ അതിഥികളെ കൂട്ടിലേക്കു കടത്തി, താനും അവരുടെ പിന്നാലെ കടന്നു, കല്ലുകൾ വലിച്ചു ചേർത്തുവെച്ചു, വീണ്ടും ദ്വാരമടച്ചു.

മൂന്നുപേരും പായയിൽ മലർന്നുകിടന്നു. അപ്പോഴും ആ കുണ്ടറമൂഷികൻ ഗവ്രോഷിന്റെ കൈയിലുണ്ടായിരുന്നു.

‘ഇനി,’ അവൻ പറഞ്ഞു, ‘ഉറങ്ങിക്കോളിൻ! കാൻഡെലാബ്ര’ വിളക്കു [7] കെടുത്താൻ പോകുന്നു.’

‘മൊസ്യു,’ മൂത്ത സഹോദരൻ വലപ്പണിയെ ചൂണ്ടിക്കാട്ടി ഗവ്രോഷോടു ചോദിച്ചു. ‘അതെന്തിനാണ്?’

‘അത്,’ സഗൗരവമായി ഗവ്രോഷ് പറഞ്ഞു, ‘എലികൾക്കുള്ളതാണ് ഉറങ്ങിക്കോളൂ.’

എങ്കിലും ആ ചെറുകുട്ടികളുടെ ഉപയോഗത്തിനായി ഗവ്രോഷിന്ന് അവർക്കു ചില ഉപദേശങ്ങൾകൂടി കൊടുത്തുവെയ്ക്കേണ്ടിവന്നു; അവൻ തുടർന്നു: ‘അതു കാഴ്ചബംഗ്ലാവുള്ളേടത്തുനിന്നു കൊണ്ടുവന്നതാണ്. അതു ഭയങ്കരമൃഗങ്ങൾക്കുള്ളതത്രേ. അവിടെ ഒരു പീടികയിൽ മുഴുവനും ഇതാണ്. ഒരു ചുമരിന്മേലൂടെ കയറി ഒരു ജനാലയിലൂടേ ഇഴഞ്ഞുകടന്ന്, ഒരു വാതിലിലൂടെ കടന്നാൽ തീർന്നു. എത്ര വേണമെങ്കിലും നിങ്ങൾക്കെടുക്കാം.’

ഈ പറയുന്നതോടുകൂടി അവൻ ഇളയവനെ കമ്പിളിയുടെ ഒരു മടക്കിലേക്കു ചേർത്തടുപ്പിച്ചു കിടത്തി; ആ ചെക്കൻ മന്ത്രിച്ചു:

‘ഹാ, എന്തു രസം! നല്ല ചൂട്!’

ഗവ്രോഷ് ആ കമ്പിളിയുടെ മേലേക്ക് ഒരു സന്തോഷസൂചകമായ നോട്ടം നോക്കി.

‘അതും അവിടെനിന്നുള്ളതുതന്നെയാണ്’, അവൻ പറഞ്ഞു. ‘ഞാൻ അതു കുരങ്ങന്മാരുടെ കൈയിൽനിന്നു തട്ടിയെടുത്തു.’

എന്നിട്ടു തങ്ങൾ കിടക്കുന്ന പായയെ, അഭിനന്ദനീയമായി മെടഞ്ഞുണ്ടാക്കിയ ആ ഒരു നല്ല കനമുള്ള പായയെ, ചൂണ്ടിക്കാട്ടി, അവൻ തുടർന്നു പറഞ്ഞു: ‘അത് ഒട്ടകപ്പുള്ളിമാന്റെയാണ്.’

കുറച്ചിട മിണ്ടാതിരുന്നതിനുശേഷം അവൻ പറഞ്ഞു: ‘മൃഗങ്ങൾക്ക് ഇതൊക്കെയുണ്ട്. ഞാൻ അവറ്റയുടെ പക്കൽനിന്ന് ഇവയൊക്കെ തട്ടിയെടുത്തു. അവറ്റയ്ക്ക് അതുകൊണ്ട് അലോഗ്യമെന്നും തോന്നിയില്ല. ഞാൻ അവരോടു പറഞ്ഞു: ‘ഇതൊക്കെ ആനയ്ക്കാണ്.’

അവൻ നിർത്തി, പിന്നെയും തുടങ്ങി: ‘നിങ്ങൾ ചുമരിന്മേലൂടെ ഇഴഞ്ഞുകയറുന്നു; ഭരണാധികാരികളെ ഒരു പുല്ലിനു കൂട്ടാക്കുന്നില്ല. അപ്പോൾ അതാ കാര്യമായി.’

ആ രണ്ടു കുട്ടികളാവട്ടേ, അവരെപ്പോലെത്തന്നെ ഒരു തെണ്ടിയും അവരെപ്പോലെത്തന്നെ ആരുമില്ലാത്തവനും അവരെപ്പോലെത്തന്നെ അശക്തനുമെങ്കിലും, സ്തുത്യർഹവും സർവ്വശക്തവുമായ എന്തോ ഒന്നുള്ളവനും, അവരുടെ കണ്ണിനു ദിവ്യനും, ബുദ്ധിസൂചകങ്ങളും അതിമനോഹരങ്ങളുമായ പുഞ്ചിരികൾ കൂടിച്ചേർന്ന ഒരു കിഴവൻ ‘ബടായി’ ക്കാരന്റെ എല്ലാത്തരം കൊഞ്ഞനങ്ങളെക്കൊണ്ടും നിറഞ്ഞ മുഖാകൃതിയോടുകൂടിയവനുമായ ഈ ധീരനും സമർത്ഥനുമായ മനുഷ്യനെ ഭീരുത്വത്തോടും അമ്പരപ്പോടും കൂടിക്കലർന്ന ബഹുമാനത്തോടെ നോക്കിക്കണ്ടു.

‘മൊസ്യു,’ മൂത്തവൻ പേടിച്ചുകൊണ്ടു പറയാൻ നിശ്ചയിച്ചു, ‘നിങ്ങൾക്കപ്പോൾ പൊല്ലീസ്സുകാരെ പേടിയില്ല?’

ഗവ്രോഷ് ഈ മറുപടികൊണ്ടു തൃപ്തിപ്പെട്ടു: ‘ചെക്ക! പൊല്ലീസ്സുകാരൻ എന്ന് ആരും പറയാറില്ല. ‘തീപ്പെട്ടിക്കോൽ’ എന്നേ പറയൂ.’

ചെറിയവന്റെ കണ്ണുകൾ മിഴിഞ്ഞിരുന്നു; പക്ഷേ, അവനൊന്നും മിണ്ടിയില്ല. മൂത്തവൻ നടുക്കാകയാൽ പായയുടെ അറ്റത്തു പെട്ടിരുന്ന ഇളയവനെ ഒരമ്മ ചെയ്യുമായിരുന്നവിധം ഗവ്രോഷ് തന്റെ കമ്പിളികൊണ്ടു മൂടിപ്പുതപ്പിച്ചു; ഒരു തലയണയാകുമാറ് ആ കുട്ടിയുടെ തലയ്ക്കൽഭാഗത്തു കീറത്തുണിക്കഷ്ണങ്ങളെ ഉയരത്തിൽ കൂട്ടിവെച്ചുകൊടുത്തു. എന്നിട്ട് അവൻ മൂത്തവനോടു പറഞ്ഞു: ‘എങ്ങനെ? ഇവിടെ നല്ല സുഖമുണ്ട്, ഇല്ലേ?’

‘ഉവ്വ്, പിന്നെ!’ ശാപമോക്ഷം കിട്ടിയ ഒരു ദേവന്റെ ഭാവവിശേഷത്തോടുകൂടി ഗവ്രോഷിനെ സൂക്ഷിച്ചുനോക്കി, മൂത്തവൻ മറുപടി പറഞ്ഞു.

മുഴുവനും ഈറനായിരുന്ന ആ രണ്ടു ചെറിയ സാധുക്കുട്ടികൾക്കും ഒരിക്കൽക്കൂടി ചൂടുപിടിച്ചു.

‘ഹാ, കൂട്ടത്തിൽ പറയട്ടേ,’ ഗവ്രോഷ് തുടർന്നു, ‘എന്തിനെപ്പറ്റിയാണ് നിങ്ങൾ തേങ്ങിയിരുന്നത്?’

ഇളയവനെ മൂത്തവന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്: ‘അവനെപ്പോലുള്ള ഒരു കരടിനെപ്പറ്റി എനിക്കൊന്നും പറയാനില്ല; നിന്നെപ്പോലുള്ള ഒരു പെരുംകൂറ്റൻ നിന്നു കരഞ്ഞാൽ! അതു മണ്ടത്തരമാണ്; നിയ്യൊരാനവങ്കനെപ്പോലിരുന്നു.’

‘ഈശ്വരാ’, ആ കുട്ടി മറുപടി പറഞ്ഞു, ‘ഞങ്ങൾക്കു വീടില്ല.’

‘ഗ്രഹപ്പിഴേ!’ ഗവ്രോഷ് തിരിച്ചടിച്ചു, ‘നിയ്യൊന്നും ‘വീട്’ എന്നു പറയരുത്, ‘കുടില്.’

‘പിന്നെ, രാത്രിയിൽ അങ്ങനെ ഞങ്ങൾ തനിച്ചായപ്പോൾ, പേടി തോന്നി.’

‘നിയ്യൊന്നും ‘രാത്രി’ എന്നു പറയരുത്, ‘കരിമ്പടക്കാരൻ.’

‘ഞാൻ നന്ദി പറയുന്നു, സേർ,’ കുട്ടി പറഞ്ഞു.

‘കേട്ടോ.’ ഗവ്രോഷ് പറയാൻ തുടങ്ങി, ‘നിയ്യെന്തോന്നിനെപ്പറ്റിയും ഇനി നിലവിളിക്കരുത്. ഞാൻ നോക്കാം നിങ്ങളെ രണ്ടാളെയും. നമുക്കായിട്ടുള്ള നേരമ്പോക്കുകളൊക്കെ ഞാൻ നിങ്ങളെ കാണിക്കാം. വേനല്ക്കാലത്ത് എന്റെ ചങ്ങാതികളിൽ ഒരാളായ നവെയോടുകൂടി നമുക്കു ഗ്ലസിയേറിലേക്കു പോവാം; നമുക്കു ഗറിൽ കുളിക്കാം; ഓസ്തെർലിത്സ് പാലത്തിന്മേലുള്ള മരത്തിരപ്പങ്ങൾക്കു മുൻപിൽ ഒരു നൂലുബന്ധവുമില്ലാതെ നമുക്കു പായാം— അത് അലക്കുകാരികളെ ശുണ്ഠിയെടുപ്പിക്കും. അവറ്റ നിലവിളിക്കും, അവറ്റയ്ക്കു ഭ്രാന്താവും, എന്തു നേരമ്പോക്കുണ്ടെന്നോ! നമുക്ക് പോയി മനുഷ്യക്കങ്കാളം കാണാം. പിന്നെ ഞാൻ നിങ്ങളെ കളി കാണാൻ കൊണ്ടുപോവാം. എന്റെ കൈയിൽ ശീട്ടുകളുണ്ട്; ഞാൻ അതിലുള്ള ചില വേഷക്കാരെ അറിയും; ഞാനതിൽ ഒരു വേഷംതന്നെ കെട്ടിയിട്ടുണ്ട്. അവിടെ കൂട്ടർ ഒരുപാടുണ്ട്; ഞങ്ങൾ ഒരു തുണിയുടെ ചുവട്ടിൽച്ചെന്നിരുന്ന്, ഒരു സമുദ്രമുണ്ടാക്കി. എന്റെ നാടകശാലയിൽ ഞാൻ നിനക്കൊരു പണിയുണ്ടാക്കിത്തരാം. നമുക്കു കാടന്മാരെ കാണാൻ പോവാം. അത് ശരിക്കുള്ളതല്ല, ആ കാടന്മാർ ശരിക്കുള്ളവരല്ല. അവരൊക്കെ ചുക്കിച്ചുളിഞ്ഞിട്ടുള്ള ചുകപ്പൻ മുറിക്കുപ്പായമിടും; കൈമുട്ടുകളിൽ വെള്ളയിഴയിട്ടിട്ടുള്ളതു നിങ്ങൾക്കു കാണാം. പിന്നെ, നമുക്കു സംഗീതനാടകശാലയിൽ പോവാം. കളി നന്നായെന്നു പറയാൻ വിളിച്ചു കൂട്ടിക്കൊണ്ടുപോകുന്നവരുടെ കൂട്ടത്തിൽ നമുക്കും പോവാം. സംഗീതനാടകശാലയിലെ കാര്യം വളരെ നന്നായിട്ടാണ് കൊണ്ടുനടത്തുന്നത്. എനിക്ക് അതിലെ ആളുകളുമായി കൂട്ടുകെട്ടില്ല. സംഗീതനാടകശാലയിൽ, ഇതു നോക്കൂ! ചിലർക്ക് മുപ്പതു സൂവാണ്; പക്ഷേ, അവർ വിഡ്ഢികളാണ്. പിന്നെ നമുക്കു മരണശിക്ഷ നടത്തുന്ന പണി കാണാം. ഞാൻ കൊലയാളിയെ കാട്ടിത്തരും. അയാളുടെ താമസം റ്യു ദെ മരെയിലാണ്. മൊസ്യു സാങ്സോങ്. അയാളുടെ വീട്ടുവാതില്ക്കൽ ഒരെഴുത്തുപെട്ടിയുണ്ട്; ഹാ! നമുക്ക് എന്തു രസം പിടിക്കുമെന്നോ!’

ആ സമയത്ത് ഒരു തുള്ളി മെഴു ഗവ്രോഷിന്റെ കൈവിരലിന്മേൽ വീണ് അവനെ വാസ്തവജീവിതം ഓർമ്മയാക്കി.

‘എട, മാരണേ!’ അവൻ പറഞ്ഞു. ‘എന്റെ മെഴുതിരി കെടാൻ പോണു. നോക്കൂ! വിളക്കുകത്തിപ്പിനു മാസത്തിൽ ഒരു സൂവിലധികം എനിക്കു ചെലവിടാൻ വയ്യാ. കിടക്കയിൽ ചെന്നുകിടന്നാൽ അപ്പോൾ ഉറങ്ങണം. മൊസ്യു പോൾ ദ് കോക്കിന്റെ കെട്ടുകഥാപുസ്തകങ്ങൾ വായിക്കാൻ നമുക്കിടയില്ല. എന്നല്ല, വെളിച്ചം വിള്ളലുകളിലൂടെ പുറത്തേക്കു കടന്നേക്കും; തീപ്പെട്ടിക്കോലുകൾക്ക് അതൊന്നു കാണുകയാണാവശ്യം.’

‘പിന്നെ,’ മൂത്തവൻ പേടിച്ചുംകൊണ്ടും പറഞ്ഞു—അവന്നു മാത്രമേ ഗവ്രോഷിനോടു സംസാരിക്കാനും മറുപടി പറയാനും ധൈര്യമുണ്ടായിരുന്നുള്ളൂ. ‘ഒരു തീപ്പൊരി വൈക്കോലിൽ വീണാൽ കഴിഞ്ഞു; നമുക്കു നോക്കണം, വീടു മുഴുവൻ കത്തിച്ചുകളഞ്ഞുകൂടാ.’

ആളുകളാരും, ‘വീടു കത്തിച്ചുകളക.’ എന്നു പറയാറില്ല.’ ഗവ്രോഷ് അഭിപ്രായപ്പെട്ടു; ‘കുടിൽ കരിക്കുക’ എന്നേ ഉള്ളൂ.

കാറ്റും മഴയും ശക്തിവെച്ചു വന്നു; ഇരമ്പിയ മഴത്തുള്ളികൾ ഇടിവെട്ടിനിടയ്ക്ക് ആ പെരുംപ്രതിമയുടെ പുറത്തു വന്നടിച്ചു. ‘മഴേ നിന്റെ മുകറിളിഞ്ഞു!’ ഗവ്രോഷ് പറഞ്ഞു. ‘വീഞ്ഞുകുപ്പി വീട്ടിന്റെ കാലുകളിലൂടെ പാഞ്ഞു വീഴുന്നതു കേൾക്കാൻ എനിക്കു ബഹുരസമാണ്. മഴക്കാലം ഒരു മണ്ടനാണ്; അതതിന്റെ കച്ചവടസ്സാമാനം വെറുതെ കളയുന്നു; അതതിന്റെ അധ്വാനം വെറുതെയാക്കുന്നു; അതിനു നമ്മെ നനയ്ക്കാൻ വയ്യാ; അത് ആ കിഴവൻ വെള്ളത്തൊട്ടിക്കാരനെ ശുണ്ഠിപിടിപ്പിക്കുന്നു.’

ഈ അലങ്കാരത്താൽ സൂചിപ്പിക്കപ്പെടുന്ന ഇടിവെട്ടിന്റെ—പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു തത്ത്വജ്ഞാനി എന്ന നിലയ്ക്ക് അതിന്റെ ഫലങ്ങളെയെല്ലാം ഗവ്രോഷ് കൈക്കൊണ്ടു—പിന്നിലായി ഒരു പടുകൂറ്റൻ മിന്നൽ മിന്നി; അത്രമേൽ കണ്ണഞ്ചിച്ചുകളയുന്ന അതിന്റെ ഒരു സൂചന വിള്ളലിലൂടെ ആനയുടെ വയറ്റിലേക്കു കടന്നു. അതേസമയത്തു വലിയ ശുണ്ഠിയെടുത്ത് ഒരു വല്ലാത്ത ഇടിയും വെട്ടി. ആ രണ്ടു ചെറുസത്ത്വങ്ങളുംകൂടി ഒരു നിലവിളി നിലവിളിച്ചുകൊണ്ട് മുകളിലത്തെ വലക്കണ്ണികൾ താഴത്തേക്കു വീഴുമാറു വല്ലാതെ ഞെട്ടിത്തെറിച്ചു; പക്ഷേ, ഗവ്രോഷ് അവരുടെ നേർക്കു തന്റെ ധീരോദാത്തമായ മുഖം തിരിച്ച്, ആ ഇടിവെട്ടിന്റെ തിരക്കിൽ പൊട്ടിച്ചിരിച്ചു.

‘അനങ്ങാതെ കിടക്കിൻ, കുട്ടികളേ കെട്ടിടം മുഴുവനും മേലേക്കു വീഴ്ത്താതിരിക്കാൻ. നന്നായി ഒന്നാന്തരം ഇടി; ശരി. ഒരു കോമാളി മിന്നലൊന്നുമല്ല. കൊള്ളാവുന്നവനായ ഈശ്വരൻ ഉശിരൻ!’

ഇങ്ങനെ പറഞ്ഞ് അവൻ ആ വലപ്പണി ശരിപ്പെടുത്തി, രണ്ടു കുട്ടികളേയും കിടയ്ക്കയിൽ താഴോട്ടു വലിച്ചുകിടത്തി, അവരെ നല്ലവണ്ണം നീണ്ടുനിവർന്നു കിടത്തിക്കാൻവേണ്ടി കാൽമുട്ടുകൾ പിടിച്ചമർത്തി; എന്നിട്ട് പറഞ്ഞു: ‘കൊള്ളാവുന്നവനായ ഈശ്വരൻ തന്റെ മെഴുതിരി കൊളുത്തുന്ന സ്ഥിതിക്ക് എനിയെന്റേതു ഊതാം. അപ്പോൾ, പിഞ്ചുകുട്ടികളേ, എന്റെ കുട്ടിമനുഷ്യരേ, നിങ്ങൾ നിങ്ങടെ നോട്ടക്കുഴലുകൾ അടയ്ക്കണം. ഉറങ്ങാതിരിക്കുന്നതു വളരെ ചീത്തയാണ്. അതു നിങ്ങളെക്കൊണ്ട് അരിപ്പ തിന്നിക്കും, അല്ലെങ്കിൽ പരിഷ്കാരികൾ പറയുമ്പോലെ തൊണ്ടയിൽ നാറ്റിക്കും. ഈ തോന്നലിന്നുള്ളിൽ മൂടിക്കടന്നോളിൻ! ഞാനിതാവിളക്കു കെടുത്താൻ പോണു. തയ്യാറായോ?’

‘ഉവ്വ്, മൂത്തവൻ മന്ത്രിച്ചു.’ ഞാൻ തയ്യാറായിക്കഴിഞ്ഞു. എന്റെ തലയ്ക്കു ചുവട്ടിൽ പക്ഷിത്തൂവലുകളുള്ളതുപോലെ തോന്നുന്നു.

‘ആളുകൾ ‘തല’ എന്നു പറയാറില്ല; അവർ ‘മണ്ട’ എന്നേ പറയൂ.’ ഗവ്രോഷ് അഭിപ്രായപ്പെട്ടു.

രണ്ടു കുട്ടികളും അന്യോന്യം ചേർന്നു മുട്ടിക്കിടന്നു; ഗവ്രോഷിന്റെ വക അവരുടെ കിടപ്പു ശരിപ്പെടുത്തൽ അവസാനിച്ചു; കമ്പിളി അവരുടെ ചെകിടുവരെ പൊന്തിച്ചിട്ടു; എന്നിട്ടു മൂന്നാമത്തെ പ്രാവശ്യമുള്ള അവന്റെ ചടങ്ങുഭാഷയിലുള്ള കല്പന: ‘നോട്ടക്കുഴലുകൾ അടച്ചാട്ടെ!’

അവൻ തന്റെ നേരിയ വെളിച്ചം കെടുത്തു.

വെളിച്ചം കേട്ടു കെട്ടില്ലെന്നായപ്പോഴേയ്ക്ക് ആ മൂന്നു കുട്ടികളും കിടക്കുന്നതിനു മുകളിലുള്ള വലപ്പണിയിൽ ഒരു സവിശേഷചലനം ആരംഭിച്ചു.

നഖംകൊണ്ടും പല്ലുകൊണ്ടും ചെമ്പുകണ്ണികളിൽ കാരാൻ തുടങ്ങിയതുപോലെ, ഒരു മുഴക്കമുണ്ടാക്കുന്ന ഒരുപാടു മാന്തലുകളായിരുന്നു അത്. അതോടുകൂടി എല്ലാത്തരം ചെറുനിലവിളികളും.

തലയ്ക്കുമീതെനിന്നുള്ള ഈ ലഹള കേട്ട് ആ അഞ്ചു വയസ്സുള്ള കുട്ടി ഭയംകൊണ്ടു തുള്ളിവിറച്ചു. ജ്യേഷ്ഠന്റെ കൈമുട്ടിന്മേൽ തട്ടി; പക്ഷേ, ഗവ്രോഷ് പറഞ്ഞപോലെ, മൂത്തവൻ തന്റെ നോട്ടക്കുഴലുകൾ അടച്ചുകഴിഞ്ഞിരുന്നു. പേടി അടക്കാൻ വയ്യാതായ ചെറുകുട്ടി ശ്വാസംമുട്ടിക്കൊണ്ട് അതിലഘുസ്വരത്തിൽ ഗവ് രോഷോടു ചോദിച്ചു: ‘സേർ?’

‘എന്താണ്?’ കണ്ണടച്ചു എന്നായിരുന്ന ഗവ്രോഷ് വിളികേട്ടു.

‘എന്താത്?’

‘അതെലികളാണ്.’ ഗവ്രോഷ് മറുപടി പറഞ്ഞു.

അവൻ പിന്നെയും തല പായയിൽത്തന്നെ വെച്ചു.

വാസ്തവത്തിൽ, ആനയുടെ ശവത്തിൽ ആയിരക്കണക്കായി വന്നുകൂടിയിരുന്ന എലികൾ—ഞങ്ങൾ പറകയുണ്ടായവിധം ആ ജീവനോടുകൂടിയ കറുത്ത പുള്ളികൾ അവയായിരുന്നു—മെഴുതിരി കത്തിയിരുന്നേടത്തോളം നേരം അതിന്റെ വെളിച്ചം കണ്ടു പേടിച്ച് അനങ്ങാതെ കൂടിയിരുന്നു; അവറ്റയുടെ നഗരമായ ആ ഗുഹയിൽ വീണ്ടും ഇരുട്ടുവ്യാപിച്ചപ്പോൾ, നല്ല കഥാകാരനായ പേറോൾ പറയുംവിധം ‘പച്ചമാംസം’ മണത്തറിഞ്ഞ്, അവ ഗവ്രോഷിന്റെ കൂടാരത്തെ കൂട്ടംകൂട്ടമായാക്രമിച്ചു; അതിന്റെ മുകളിലേക്കു കയറിച്ചെന്ന് ഈ പുതുമോടിയിലുള്ള കെണിയെ തുളച്ചുകടക്കാനെന്നപോലെ, കണ്ണികളെ കടിച്ചുപൊട്ടിക്കാനുള്ള ശ്രമമായി.

പിന്നെയും ചെറുകുട്ടിക്ക് ഉറങ്ങാന് വയ്യാ.

‘സേർ?’ അവൻ പിന്നെയും തുടങ്ങി.

‘എന്താണ്?’ ഗവ്രോഷ് ചോദിച്ചു.

‘എലി എന്നുവെച്ചാലോ?

‘ചുണ്ടെലി.’

ഈ സമാധാനം കുട്ടിയെ കുറച്ചൊന്നു ധൈര്യപ്പെടുത്തി. അവൻ തന്റെ ജീവകാലത്തിനിടയിൽ വെളുത്ത ചുണ്ടെലിയെ കാണുകയുണ്ടായിട്ടുണ്ട്; അവയെ അവന്നു പേടിയില്ല. എന്തായാലും, അവൻ ഒരിക്കൽക്കൂടി സംസാരിക്കാൻ തുടങ്ങി.

‘സേർ?’

‘എന്താണ്?’

‘എന്താ ഒരു പൂച്ചേ വളർത്താത്തത്?’

‘ഞാൻ ഒന്നിനെ വളർത്തി’, ഗവ്രോഷ് മറുപടി പറഞ്ഞു. ‘ഞാൻ ഒന്നിനെ ഇവിടെ കൊണ്ടുവന്നു; പക്ഷേ, അവറ്റ അതിനെ തിന്നുകളഞ്ഞു.’

ഈ രണ്ടാമത്തെ സമാധാനം ആദ്യത്തേതുകൊണ്ടുണ്ടായ ഗുണം കെടുത്തി; ആ ചെറുക്കൻ പിന്നേയും വിറയ്ക്കാൻ തുടങ്ങി.

അവനും ഗവ്രോഷുമായി നാലാമത്തെ സംഭാഷണം ആരംഭിച്ചു:

‘മൊസ്യു?’

‘എന്താണ്?’

‘എന്തിനെയാണ് തിന്നത്.’

‘പൂച്ചയെ.’

‘ആരാ പൂച്ചേ തിന്നത്?’

‘എലികൾ?’

‘ചുണ്ടെലികളോ?’

‘അതേ, ചുണ്ടെലികൾ.’

പൂച്ചയെ തിന്ന ചുണ്ടെലികളെപ്പറ്റി വിചാരിച്ചു നടുങ്ങി, അമ്പരപ്പോടുകൂടി കുട്ടി പറയാൻ തുടങ്ങി: ‘സേർ, ഈ ചുണ്ടെലികൾ നമ്മെ തിന്നുമോ?’

‘അതില്ലേ പിന്നെ!’ ഗവ്രോഷ് ഉച്ചത്തിൽ പറഞ്ഞു.

കുട്ടിയുടെ ഭയം അങ്ങേ അറ്റത്തെത്തി. പക്ഷേ, ഗവ്രോഷ് തുടർന്നു: ‘പേടിക്കേണ്ടാ, അവയ്ക്ക് അകത്തു കടക്കാൻ വയ്യാ. എന്നല്ല. ഞാനുണ്ട്. ഇതാ, എന്റെ കൈപിടിച്ചോളൂ. നാവനക്കരുത്! നോട്ടക്കുഴലുകൾ അടയ്ക്കണം.’

അതോടുകൂടി ഗവ്രോഷ് സഹോദരന്റെ മീതെ കൈ നീട്ടി, ആ കുട്ടിയുടെ കൈ പിടിച്ചു. കുട്ടി ആ കൈയടുപ്പിച്ച് അമർത്തിപ്പിടിച്ചു; അവന്നു ധൈര്യം തോന്നി. ധൈര്യത്തിനും ശക്തിക്കും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുവാൻ ഇങ്ങനെ ചില നിഗൂഢമാർഗ്ഗങ്ങളുണ്ട്. ഒരിക്കൽക്കൂടി അവരുടെ ചുറ്റും നിശ്ശബ്ദത വ്യാപിച്ചു; അവരുടെ ഒച്ച എലികളെ പേടിപ്പിച്ചോടിച്ചു. കുറച്ചു നിമിഷങ്ങൾക്കുശേഷം വീണ്ടും അവ പാഞ്ഞെത്തി; പക്ഷേ, ഫലമുണ്ടായില്ല. ആ മൂന്നു ചെറുകുട്ടികളും ഉറക്കമായി; ഒന്നും കേൾക്കാതായി.

രാത്രി ക്ഷണത്തിൽ പറപറക്കുന്നു. പ്ലാസ് ദ് ലാ ബസ്തീൽ മുഴുവനും ഇരുട്ടായി. മഴയോടുകൂടിയ ഒരു തണുപ്പുകാറ്റ് ലഹള പിടിച്ചടിക്കുന്നു; പാറാവുകാർ എല്ലാ വാതില്ക്കലും ഇടവഴികളിലും വേലിക്കകങ്ങളിലും ഒളിഞ്ഞുകിടക്കുന്ന മൂലകളിലും തിരഞ്ഞുനോക്കി; രാത്രിഞ്ചരരായ തെണ്ടികളെ അന്വേഷിക്കുന്ന തിരക്കിൽ അവർ ആനയുടെ മുൻപിലൂടെ മിണ്ടാതെ കടന്നുപോയി; നിവർന്ന്, ഇളകാതെ, ഇരുട്ടിലേക്കു തന്റെ തുറന്ന കണ്ണുകളെക്കൊണ്ട് തുറിച്ചുനോക്കുന്ന ആ പടുകൂറ്റൻ ജന്തു തന്റെ പുണ്യകർമ്മത്തെപ്പറ്റി സസന്തോഷം മനോരാജ്യം വിചാരിക്കയാണോ എന്നു തോന്നി; അത് ആകാശത്തിൽനിന്നും മനുഷ്യരിൽനിന്നും ആ ഉറങ്ങുന്ന മൂന്നു സാധുക്കുട്ടികളെ രക്ഷിച്ചു.

ഇനി വരാൻ പോകുന്നതു മനസ്സിലാകാൻവേണ്ടി, അക്കാലത്തു ബസ്തീലിലെ പാറാവുപുര അങ്ങേ വശത്തായിരുന്നു എന്നും, ആനയുടെ അടുത്തുവെച്ചു കഴിയുന്ന സംഭവങ്ങൾ പാറാവുകാരനു കാണാനോ കേൾക്കാനോ നിവൃത്തിയില്ലെന്നും വായനക്കാർ ഓർമ്മിക്കേണ്ടതാണ്.

പുലർകാലം തുടങ്ങുന്ന ഒന്നാം മണിക്കൂറിന്റെ അവസാനത്തോടുകൂടി ഒരാൾ റ്യു സാങ്-ആന്ത്വാങ്ങിലൂടെ ഓടിവന്നു, ജൂലായി സ്മാരകസ്തംഭത്തിന്റെ വേലിച്ചുറ്റിനു പ്രദക്ഷിണംവെച്ചു, അഴികൾക്കിടയിലൂടെ ചെരിഞ്ഞുകടന്ന്, ആനയുടെ വയറ്റിനു ചുവട്ടിലെത്തി. വല്ല വെളിച്ചവും ആ മനുഷ്യനെ തെളിയിച്ചിരുന്നുവെങ്കിൽ, തികച്ചും ഈറൻപിണ്ടിയായിരിക്കുന്ന അയാളുടെ മട്ടുകൊണ്ട്, അയാൾ രാത്രി മുഴുവനും മഴയത്താണ് കഴിച്ചുകൂട്ടിയിട്ടുള്ളതെന്ന് ഊഹിക്കാം. ആനയുടെ അടുത്തെത്തിയ ഉടനെ ആ മനുഷ്യൻ ഒരസാധാരണശബ്ദം പുറപ്പെടുവിച്ചു; അതു യാതൊരു മനുഷ്യഭാഷയിലും ഉൾപ്പെട്ടതല്ല; ഒരു മുളന്തത്തയ്ക്കു മാത്രമേ അതനുകരിക്കാൻ സാധിക്കു. രണ്ടുപ്രാവശ്യം അയാൾ ആ ഒച്ച ആവർത്തിച്ചു; അതിന്റെ വർണ്ണശാസ്ത്രത്തെപ്പറ്റി ഇതു കഷ്ടിച്ചൊരു ബോധമുണ്ടാക്കി എന്നുവരാം: ‘ക്കി ക്യു ക്യു.’

രണ്ടാമത്തെ വിളിയോടുകൂടി സ്പഷ്ടവും സന്തോഷമയവുമായ ഒരു ചെറുപ്പക്കാരന്റെ ശബ്ദം ആനയുടെ വയറ്റിനുള്ളിൽനിന്നു മറുപടി പറഞ്ഞു: ‘ഓ.’

ഏതാണ്ട് ഉത്തരക്ഷണത്തിൽത്തന്നെ, ദ്വാരം മൂടിയിരുന്ന പലക നീങ്ങി, പഴുതുകൊടുത്തതിലൂടെ ഒരു കുട്ടി കടന്ന് ആനയുടെ കാലിന്മേലിലൂടെ കീഴ്പോട്ടിറങ്ങി ചുറുചുറുക്കോടുകൂടി ആ നില്ക്കുന്നാളുടെ കാല്ക്കലെത്തി വീണു; അതു ഗവ്രോഷായിരുന്നു. ആ വന്നാൾ മൊങ്പർനാസ്സും.

ക്കി ക്യു ക്യു എന്ന വിളിയെപ്പറ്റിയാണെങ്കിൽ—‘താൻ മൊസ്യു ഗവ്രോഷിനെ അന്വേഷിച്ചാൽ മതി’ എന്നു പറഞ്ഞപ്പോൾ ആ കുട്ടി ഉദ്ദേശിച്ചിരുന്നതു നിശ്ചയമായും ഈ ശബ്ദമാവണം.

അതു കേട്ട ഉടനെ ഗവ്രോഷ് തന്റെ ‘ഉറക്കറ’യിൽനിന്നു പുറത്തേക്ക് ഇഴഞ്ഞുനടന്നു. വലപ്പണി അല്പമൊന്നു നീക്കി, വീണ്ടും സശ്രദ്ധമായി കൂട്ടിച്ചേർത്തു, ചെറുവാതിൽ തുറന്നു കീഴ്പോട്ടിറങ്ങി.

ആ മനുഷ്യനും കുട്ടിയും ഇരുട്ടത്ത് തമ്മിൽ മിണ്ടാതെ കണ്ടറിഞ്ഞു മൊങ് പർനാസ് ഇങ്ങനെയൊന്നുച്ചരിച്ചതുകൊണ്ടു തൃപ്തിപ്പെട്ടു: ‘ഞങ്ങൾക്കു തന്നെക്കൊണ്ടാവശ്യമുണ്ട്. വരൂ, ഒരുപകാരം ചെയ്യൂ.’

പിന്നെ വിവരമൊന്നും കുട്ടി ചോദിച്ചുനോക്കാൻ നിന്നില്ല.

‘ഞാനിതാ കൂടെ.’ അവൻ പറഞ്ഞു.

‘രണ്ടുപേരുംകൂടി മൊങ് പർനാസ് വന്ന റ്യു സാങ്-ആന്ത്വാങ്ങിലേക്ക്, ആ സമയത്തു ചന്തസ്ഥലങ്ങളിലേക്കു പുറപ്പെടാറുള്ള കായ്കറിക്കച്ചവടക്കാരുടെ സാമാനവണ്ടികളുടെ നീണ്ട വരിയിലൂടെ, വളഞ്ഞും തിരിഞ്ഞും ക്ഷണത്തിൽ പാഞ്ഞു.

പകുതി ഉറങ്ങിക്കൊണ്ടു തങ്ങളുടെ സാമാനവണ്ടികളിൽ ‘സള്ളാദ്’ എന്ന മാംസക്കറികളും കായ്കറിസ്സാമാനങ്ങളുമുള്ളതിനിടയിൽ, ഇരമ്പിയടിക്കുന്ന മഴ കാരണം കണ്ണുവരെ മൂടിക്കെട്ടി ഇരിക്കുന്ന വണ്ടിക്കാരാകട്ടെ, ആ അസാധാരണമട്ടിലുള്ള രാത്രിഞ്ചരരുടെ നേരെ നോക്കിയതേ ഇല്ല.

കുറിപ്പുകൾ

[1] വാസനപ്പൊടികൊണ്ട് എപ്പോഴും വെളുത്തിരിക്കുന്നതുകൊണ്ട് ക്ഷുരകന്മാർക്കുള്ള ഒരു ശകാരപ്പേര്.

[2] സാക്സണിയിൽ ഒരു പർവ്വതം, ഇമ്പാച്ചികൾ കൂടിയതെന്നു പ്രസിദ്ധം.

[3] ഗേഥേയുടെയും മാർലോവിന്റേയും മറ്റും സുപ്രസിദ്ധകാവ്യങ്ങളിലെ നായകൻ വൈദ്യനും ജ്യോതിഷിയും മന്ത്രവാദിയുമായ ഒരു ജർമ്മൻ പണ്ഡിതൻ.

[4] തൂരിലെ മെത്രാൻ, ഫ്രാൻസിലെ ഒരു ഋഷി’.

[5] തൂക്കുമരം.

[6] വടക്കേ അമേരിക്കക്കാരൻ; ‘പച്ചമാംസംതീനി’ എന്നു പറയപ്പെടുന്ന വെറും കാടൻ.

[7] പല തിരിവെയ്ക്കുന്ന വിലയേറിയ വിളക്ക്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.