images/hugo-28.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.6.8
പ്രായം കൂടിയ ഹൃദയവും പ്രായം കുറഞ്ഞ ഹൃദയവും അതാതിനു മുൻപിൽ എത്തിക്കൂടുന്നു

അക്കാലത്തു ഗിൽനോർമാൻ മുത്തച്ഛന്നു തൊണ്ണൂറ്റൊന്നാമത്തെ പിറന്നാൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹം അന്നും മദാംവ്വസേല്ല് ഗിൽനോർമാനൊരുമിച്ചു റ്യു ദെഫിൽ ദ്യു കൽവേറിൽ 6-ആം നമ്പരായ സ്വന്തം പഴയ ഭവനത്തിൽത്തന്നെയാണ് താമസം. വായനക്കാർ ഓർമ്മിക്കുംപോലെ, തികച്ചും നിവർന്നുനിന്നുകൊണ്ടുതന്നെ മരണത്തെ കാത്തിരിക്കുന്നവരും പ്രായംകൊണ്ടു കുനിയാതെ കീഴ്പോട്ടിരുത്തുക മാത്രം ചെയ്യുന്നവരും ദുഃഖത്തിനുകൂടി പിടിച്ചുവളയ്ക്കാൻ കഴിയാത്തവരുമായി പണ്ടു ചില വൃദ്ധന്മാരുണ്ടായിരുന്നവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അദ്ദേഹം.

എങ്കിലും, അദ്ദേഹത്തിന്റെ മകൾ കുറച്ചിട ഇങ്ങനെ പറഞ്ഞിരുന്നു: ‘എന്റെ അച്ഛൻ ക്ഷീണിച്ചുവരുന്നു.’ അദ്ദേഹം ഭൃത്യന്മാരുടെ ചെകിട്ടത്തടിക്കാതായി; വാതിൽ തുറക്കാൻ ബസ്ക് അല്പം താമസിച്ചുപോയാൽ, അദ്ദേഹം ഒതുക്കിന്മേൽ വടികൊണ്ട് അത്ര ശക്തിയോടുകൂടി ഇടിക്കാതായി. ജൂലായിയിലെ വിപ്ലവം അദ്ദേഹത്തെ കഷ്ടിച്ച് ഒരാറു മാസത്തേക്കുതന്നെ ശുണ്ഠിപിടിപ്പിച്ചില്ല. മൊനിത്യെ പത്രത്തിലുണ്ടായിരുന്ന ഈയൊരു പദസങ്കലനം അദ്ദേഹം ഏതാണ്ട് ശാന്തതയോടു കൂടിത്തന്നെ നോക്കിക്കണ്ടു ‘മൊസ്യു ഉം ബ്ലോത് കൊങ് തെ [1] ഫ്രാൻസിലെ പ്രഭു’ വാസ്തവത്തിൽ, അദ്ദേഹം വല്ലാത്ത ഭഗ്നാശനായി. അദ്ദേഹം കുനിഞ്ഞില്ല, അദ്ദേഹം കീഴടങ്ങിയില്ല; ഇത് അദ്ദേഹത്തിന്റെ ശരീരത്തിനെന്നപോലെത്തന്നെ മനസ്സിനും ഉണ്ടാവാൻ വയ്യാത്ത ഒന്നാണ്; പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിടിഞ്ഞപോലെ തോന്നി. ഇന്നല്ലെങ്കിൽ നാളെ, ഒരു ദിവസം, ആ കൊള്ളരുതാത്ത തെമ്മാടി തന്റെ വീട്ടുവാതില്ക്കൽ മുട്ടിവിളിക്കുമെന്നുള്ള പൂർണ്ണവിശ്വാസത്തിന്മേൽ ഊന്നിച്ചവുട്ടിക്കൊണ്ട്—അതേ, അതുതന്നെയാണ് വാക്ക്—അങ്ങനെ നാലുകൊല്ലമായി ആ വൃദ്ധൻ മരിയുസ്സിനെ കാത്തിരിക്കുന്നു; ഇപ്പോൾ, ചില രസമില്ലാത്ത സമയങ്ങളിൽ, അദ്ദേഹത്തിന് ഈയൊരാലോചന പിടിപെടും എന്നായി; മരിയുസ് തന്നെക്കൊണ്ട് ഇനിയും കാത്തിരിപ്പിക്കുമെന്നാണെങ്കിൽ! മരണമല്ല, അദ്ദേഹത്തിനു താങ്ങു പൊറുക്കാതുണ്ടായിരുന്നത്. മരിയുസ്സിനെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന വിചാരം അന്നേദിവസംവരെ അദ്ദേഹത്തിന്റെ ഉള്ളിൽ കടന്നിരുന്നില്ല; ഇന്ന് ആ വിചാരം അദ്ദേഹത്തെ ബാധിക്കാൻ തുടങ്ങി; അദ്ദേഹം മരവിച്ചു. അകൃത്രിമവും പ്രകൃതിസാധാരണവുമായ എല്ലാ വികാരങ്ങളെസ്സംബന്ധിച്ചും സർവദാ കാണാറുള്ളവിധം, അപ്രത്യക്ഷത ഒരിടിമിന്നൽപോലെ പാഞ്ഞുപോയ ആ നന്ദികെട്ട കുട്ടിയുടെമേൽ മുത്തച്ഛന്നുള്ള വാത്സല്യത്തെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. തണുപ്പു പത്തു ഡിഗ്രിയായി നില്ക്കുന്ന ഡിസേമ്പർമാസത്തിലെ രാത്രികളിലാണ് അത്രയുമധികം തവണ മകനെക്കുറിച്ചു വിചാരമുണ്ടാവുക.

എന്തുതന്നെയായാലും, ദൗഹിത്രന്റെ അടുക്കലേക്ക് ഒരടിവെയ്ക്കുവാൻ മൊസ്യു ഗിൽനോർമാൻ ആളല്ലായിരുന്നു—അല്ലെങ്കിൽ, അങ്ങനെ അദ്ദേഹം വിചാരിച്ചു; ‘ഞാൻ മരിച്ചു എന്നേ വരു.’ അദ്ദേഹം പറഞ്ഞു: തന്റെ പക്കൽ അല്പമെങ്കിലും തെറ്റുണ്ടെന്ന ശങ്കയില്ല; പക്ഷേ, ഉള്ളിൽത്തട്ടിയ വാത്സല്യത്തോടും അന്ധകാരത്തിലേക്കു മറഞ്ഞുപോവാൻ നില്ക്കുന്ന ഒരു പ്രായംചെന്ന ദയാലുവായ വൃദ്ധന്റെ നിശ്ശബ്ദമായ നിരാശതയോടുകൂടി മാത്രമേ അദ്ദേഹം മരിയുസ്സിനെപ്പറ്റി വിചാരിച്ചിരുന്നുള്ളു.

അദ്ദേഹത്തിന്റെ പല്ലു പോയിത്തുടങ്ങി; ഇതദ്ദേഹത്തിന്റെ കുണ്ഠിതത്തെ വർദ്ധിപ്പിച്ചു.

മൊസ്യു ഗിൽനോർമാന്നു വാസ്തവത്തിൽ—ഇതദ്ദേഹം സ്വയം ഏറ്റുപറഞ്ഞിരുന്നില്ല; എന്തുകൊണ്ടെന്നാൽ അതദ്ദേഹത്തെ കലശലായി ശുണ്ഠിപിടിപ്പിക്കുകയും നാണംകെടുത്തുകയും ചെയ്യും—അദ്ദേഹത്തിന് ഒരിക്കലും ഒരു പത്നിയോടും മരിയുസ്സോടുള്ളപ്പോലെ സ്നേഹം തോന്നിയിട്ടില്ല.

അദ്ദേഹം തന്റെ അറയിൽ, കട്ടിലിന്റെ തലയ്ക്കൽബ്ഭാഗത്തിന് എതിർവശം, ഉണർന്നെണീറ്റാൽ ഒന്നാമതായി കണ്ണുചെല്ലുന്നത് അതിന്മേലായിരിക്കത്തക്കവിധം, മരിച്ചുപോയ തന്റെ മറ്റേ മകളുടെ, മദാംപൊങ്മേർസിയുടെ, ഒരു പഴയ ഛായാപടം—അവൾക്കു പതിനെട്ടു വയസ്സുള്ളപ്പോൾ എടുത്ത ഒരു ഛായാപടം— കൊണ്ടുവന്നുവെപ്പിച്ചിരുന്നു. അദ്ദേഹം ഇളവില്ലാതെ ആ ഛായാപടത്തിലേക്കു നോക്കും. ഒരു ദിവസം അതിന്മേലേക്കു നോക്കിയിട്ട്, അദ്ദേഹം ഇങ്ങനെ പറകയുണ്ടായി. ‘നല്ല ഛായയുണ്ടെന്നു തോന്നുന്നു.’

‘അനുജത്തിയുടെയല്ലേ?’ മദാംവ്വസേല്ല്ഗിൽനോർമാൻ ചോദിച്ചു. ‘ഉവ്വ്, തീർച്ചയായും ഉണ്ട്.’

വയസ്സൻ തുടർന്നു: ‘അവന്റേയും.’

ഒരിക്കൽ അദ്ദേഹം കാൽമുട്ടു രണ്ടും തമ്മിൽ കൂട്ടിയമർത്തി, കണ്ണുകൾ ഏതാണ്ടടച്ച്, ഒരു നിരാശന്റെ ഇരിപ്പിലിരിക്കയാണ്; മകൾ അതിനിടയ്ക്ക് അദ്ദേഹത്തോടുചോദിച്ചുകളഞ്ഞു: ‘അച്ഛാ, അച്ഛന്ന് ഇപ്പോഴും അവനോടുള്ള ദേഷ്യം കുറഞ്ഞിട്ടില്ലേ?’

അവിടുന്നങ്ങോട്ടു പറയാൻ ധൈര്യമില്ലാതെ അവൾ അവിടെ നിർത്തി.

‘ആരോട്?’ അദ്ദേഹം കല്പിച്ചുചോദിച്ചു.

‘ആ സാധു മരിയുസ്സോട്.’

അദ്ദേഹം തന്റെ പ്രായംചെന്ന തല പൊന്തിച്ചു. ചുളുങ്ങിയതും എല്ലുന്തിയതുമായ മുഷ്ടി മേശപ്പുറത്തുവെച്ചു. തികച്ചും ശുണ്ഠി കയറിയതും മുഴങ്ങിക്കൊണ്ടുള്ളതുമായ ശബ്ദത്തിൽ ഏതാണ്ട് അട്ടഹസിച്ചു: ‘സാധു മരിയുസ്സ്, അല്ലേ? ആ മാന്യൻ ഒരാനക്കള്ളനാണ്, ഒരു കൊള്ളരുതാത്ത തെമ്മാടി. ഒരു നന്ദികെട്ട കോമാളിച്ചെക്കൻ, ഒരു ഹൃദയമില്ലാത്ത, ആത്മാവില്ലാത്ത, അധികപ്രസംഗി ദുഷ്ടൻ!’

കണ്ണിൽ നിറഞ്ഞ കണ്ണുനീർത്തുള്ളി മകൾ കാണാതിരിക്കാൻവേണ്ടി അദ്ദേഹം പിന്നോക്കം തിരിഞ്ഞു.

മൂന്നു ദിവസം കഴിഞ്ഞിട്ട്, അദ്ദേഹം ഒരു നാലുമണിക്കൂർ നിന്ന മൗനവ്രതത്തിന്, ഇങ്ങനെ മകളോടു കുത്തിപ്പറയാൻവേണ്ടി, ഭംഗം വരുത്തി: ‘അവനെപ്പറ്റി ഇനി ഒരിക്കലും എന്നോടു മിണ്ടിപ്പോകരുതെന്നു ഞാൻ മദാംവ്വസേല്ല്ഗിൽ നോർമാനോട് ആവശ്യപ്പെട്ടുകൊള്ളുന്നു.’

ഗിൽനോർമാൻവലിയമ്മ പിന്നെ അനങ്ങിയില്ല; രോഗകാരണത്തെപ്പറ്റി ഈ ബുദ്ധികൂർമ്മ കൂടിയ ഒരഭിപ്രായം ഉച്ചരിച്ചു: ‘അച്ഛന്ന് അനുജത്തിയുടെ മേൽ അവളുടെ കഥയില്ലായ്മയ്ക്കുശേഷം ഒരിക്കലും വലിയ ഇഷ്ടമുണ്ടായിട്ടില്ല. അദ്ദേഹത്തിനു മരിയുസ്സിനെ കണ്ടുകൂടാ.’

‘അവളുടെ കഥയില്ലായ്മയ്ക്കുശേഷം,’ എന്നുവെച്ചാൽ: ‘അവൾ കേർണലെ കല്യാണം കഴിച്ചതിൽപ്പിന്നെ.’

ഏതായാലും വായനക്കാർക്കൂഹിക്കാൻ കഴിഞ്ഞിട്ടുള്ളതുപോലെ, മദാംവ്വസേല്ല് ഗിൽനോർമാനു തന്റെ കണ്ണിലുണ്ണിയായ കുന്തപ്പടയാളിത്തലവനെ മരിയുസ്സിന്റെ സ്ഥാനത്തിരുത്തിയാൽക്കൊള്ളാമെന്നുണ്ടായിരുന്ന ആഗ്രഹം ഫലിക്കാതെ പോയി. പകരക്കാരൻ തെയോദുൽ പറ്റിയ ആളല്ലായിരുന്നു. മൊസ്യു ഗിൽനോർമാൻ ആ പകരപ്പണ്ടം സ്വീകരിച്ചില്ല. ഹൃദയത്തിനു പറ്റുന്ന വിടവ് അടപ്പുപണികൊണ്ടു ശരിപ്പെടുന്ന ഒന്നല്ല. തെയോദുലിന്നാണെങ്കിൽ, പിന്തുടർച്ചാവകാശം താൻ ഉള്ളുകൊണ്ടു കണ്ടിരുന്നുവെങ്കിലും, പാകം നോക്കി നില്ക്കുന്ന പണി തീരെ ഇഷ്ടമല്ല. ആ നല്ല ആൾ കുന്തപ്പടയാളിയെ മുഷിപ്പിച്ചു: കുന്തപ്പടയാളി ആ നല്ല ആളെ വെറുപ്പിച്ചു. ലെഫിറ്റിനന്റ് തെയോദുൽ രസികനാണ്, സംശയമില്ല, പക്ഷേ, വായാടി; ഒരു നേരമ്പോക്കുകാരനാണ്, പക്ഷേ, കന്നൻ; ഒരു ധാരാളിയാണ്, പക്ഷേ, ആഭാസന്മാരുടെ കൂട്ടുകാരൻ, അയാൾക്കു വെപ്പാട്ടികളുണ്ട്, വാസ്തവമാണ്—അവരെപ്പറ്റി അയാൾക്ക് ഒരുപാടു പറയാനുണ്ട്, അതും വാസ്തവമാണ്, പക്ഷേ, അയാളുടെ സംസാരം നന്നല്ല. അയാളുടെ എല്ലാ സൗശീല്യങ്ങൾക്കുമുണ്ട് ഒരു കോട്ടം. റ്യു ദ് ബബിലോങ്ങിലെ പട്ടാളത്താവളങ്ങൾക്കു ചുറ്റുമുള്ള അനുരാഗ കഥകളെപ്പറ്റി അയാൾ പറയാറുള്ളതു കേട്ടു മൊസ്യു ഗിൽനോർമാന്നു മടുത്തു. പിന്നെ ലെഫ്റ്റിനന്റ് തെയോദുൽ ചിലപ്പോൾ മൂന്നു നിറമുള്ള അലങ്കാരനാടയോടുകൂടി ഉദ്യോഗസ്ഥവേഷത്തിൽ കടന്നുവരും. ഇതയാളെ തീരെ കാണാൻ വയ്യാതാക്കി. ഒടുവിൽ മൊസ്യു ഗിൽനോർമാൻ മകളോടു പറഞ്ഞു: ‘ആ തെയോദുലിനെക്കൊണ്ട് എനിക്കു മതിയായി. യുദ്ധമില്ലാത്ത കാലത്ത് എനിക്ക് പട്ടാളക്കാരെ കാണാൻ അത്ര ആർത്തിയില്ല, നിനക്കു വേണമെങ്കിൽ അവനെ വരുത്തിക്കൊള്ളൂ. എന്തോ എനിക്കറിഞ്ഞുകൂടാ, ഈ വാളും ഭേസി നടക്കുന്ന വകക്കാരെക്കാൾ എനിക്കിഷ്ടം നീണ്ട പിടിയൻകത്തികളാണ്. ആകപ്പാടെ, യുദ്ധസ്ഥലത്തുവെച്ചുള്ള വാളലകുകളുടെ കൂട്ടിമുട്ടലിനു നിലത്തു വാളുറത്തുമ്പു തട്ടുമ്പോഴത്തേതിനോളംതന്നെ ഭയങ്കരതയില്ല. എന്നല്ല, ഒരധികപ്രസംഗിയുടെ മട്ടിൽ നെഞ്ഞു മുൻപോട്ടുന്തിക്കാണിച്ച്, ഒരു പെൺകിടാവിനെപ്പോലെ നാടകളും വെച്ചുപിടിപ്പിച്ചു, മാർക്കവചത്തിനുള്ളിൽ പെണ്ണുങ്ങളുടെ മാർക്കുപ്പായവുമായി കണ്ടാൽ ‘ആയി’ എന്നു തോന്നും. ഒരാൾ ഒരു പുരുഷനാണെങ്കിൽ അയാൾക്ക് ഒരു ‘പത്രാസ്സു’ കാരനോടെന്നപോലെയുള്ള ഒരു വെറുപ്പു മേനിനാട്യക്കാരനോടുമുണ്ടാവും. അവൻ ഒരു തമാശക്കാരനുമല്ല, ഒരു മോടിക്കാരനുമല്ല. നിന്റെ തെയോദുൽ നിന്റെ കൈയിൽത്തന്നെ ഇരുന്നാൽ മതി.’

വെറുതെയാണ് മകൾ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുനോക്കിയത്: ‘എന്തായാലും അവൻ അച്ഛന്റെ മരുമകനാണല്ലോ.’ മൊസ്യു ഗിൽനോർമാൻ ഏതു ഭാഗത്തും ഒരെണ്ണംപറഞ്ഞ മുത്തച്ഛനായിരുന്നുവെങ്കിലു, മൂത്തമ്മാമൻ എന്ന നില ഒരു ലേശമെങ്കിലും അദ്ദേഹത്തിന്റെ ഒരു ഭാഗത്തും, സംഗതിവശാൽ, ഉണ്ടായിരുന്നില്ല.

വാസ്തവത്തിൽ, അദ്ദേഹത്തിനു ബുദ്ധിയുണ്ടായിരുന്നതുകൊണ്ടും രണ്ടുപേരേയും അദ്ദേഹം താരതമ്യപ്പെടുത്തിവെച്ചതുകൊണ്ടും മരിയുസ്സ് ഇല്ലാതിരുന്നതുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ പശ്ചാത്താപം ഒന്നുകൂടി വർദ്ധിപ്പിക്കുവാൻ മാത്രമേ തെയോദുലിനെക്കൊണ്ടു പ്രയോജനപ്പെട്ടുള്ളു.

ഒരു ദിവസം—അതു ജൂൺ 24-ാംനു-യാണ്; അതുകൊണ്ട് അടുപ്പിൽ കത്തുന്നതിയ്യിടുന്നതിൽ മൊസ്യു ഗിൽനോർമാന്നു വിരോധമൊന്നുമുണ്ടായിരുന്നില്ല – അദ്ദേഹം അടുത്തമുറിയിലിരുന്നു തുന്നിയിരുന്ന മകളെ അവിടെനിന്നു പറഞ്ഞയച്ചു. അദ്ദേഹം തന്റെ മുറിയിൽ, അതിലെ നാടൻമട്ടുകൾക്കിടയിൽ, രണ്ടു കാലും അടുപ്പരികിലെ ‘പാത്രംതാങ്ങി’ക്കാൽകളിലേക്കൂന്നി, കൊറൊമാണ്ടൽ പ്രദേശത്തെ ചിത്രവാർണ്ണീഷിട്ട തന്റെ കൂറ്റൻ ഒമ്പതുഞെറിത്തട്ടികകൊണ്ടു പകുതിയും മറഞ്ഞു. പച്ചമൂടിയോടുകൂടിയ രണ്ടു മെഴുതിരിവിളക്കുകൾ ഇരുന്നു കത്തുന്ന ഒരു മേശപ്പുറത്തു കൈമുട്ടു കുത്തി, ചിത്രത്തിരശ്ശീലയോടുകൂടിയ തന്റെ ചാരുകസേലയ്ക്കുള്ളിൽ മുങ്ങി, തീരെ വായിക്കുന്നില്ലാത്ത ഒരു പുസ്തകം കൈയിൽ വെച്ചു, തനിച്ചിരിക്കുകയാണ്. തന്റെ പതിവനുസരിച്ച് അദ്ദേഹം ഒരു കോമാളി വേഷക്കാരൻ പ്രഭുവിന്റെ ഉടുപ്പാണിട്ടിരുന്നത്. ഗരാ [2] എഴുതിയ ഒരു പഴമക്കാരന്റെ ചിത്രമാണെന്നു തോന്നും കണ്ടാൽ. പുറത്തേക്കിറങ്ങുമ്പോഴൊക്കെ അകശ്ശീലവെച്ച ഒരു മെത്രാന്റെ നിലയിങ്കികൊണ്ടു മകൾ അദ്ദേഹത്തെ മൂടിക്കെട്ടാറുള്ളതില്ലായിരുന്നുവെങ്കിൽ, ഈ വേഷം തെരുവിലുള്ള ആളുകളെയെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിച്ചേനേ. വീട്ടിലാവുമ്പോൾ പുറംകുപ്പായം അദ്ദേഹം ധരിക്കാറില്ല; രാത്രി കിടക്കാൻ പോവുമ്പോൾ മാത്രം പതിവുണ്ട്. ‘അത് ഒരു വയസ്സന്റെ മട്ടുണ്ടാക്കുന്നു,’ അദ്ദേഹം പറയും.

മൊസ്യു ഗിൽനോർമാൻ മരിയുസ്സിനെപ്പറ്റി വാത്സല്യത്തോടും ശുണ്ഠിയോടും കൂടി വിചാരിക്കയായിരുന്നു; പതിവുപോലെ, ശുണ്ഠിതന്നെ മുൻനിന്നു. അദ്ദേഹത്തിന്റെ വാത്സല്യം ഒരിക്കൽ തകരാറായിപ്പോയാൽ പിന്നെ അതു തിളച്ചുമറിഞ്ഞു ശുണ്ഠിയായിത്തീർന്നേ എന്നും അവസാനിക്കൂ. എന്തെങ്കിലും വരട്ടെ എന്നു വെച്ചു, തന്റെ ഹൃദയത്തെ പിളർന്നുകളയുന്നതെന്തോ അതിനെ കൈക്കൊള്ളാൻ ശ്രമിക്കുന്ന ആ ഒരു ഘട്ടത്തിൽ അദ്ദേഹം എത്തിയിരിക്കുന്നു. മരിയുസ്സ് തിരിച്ചുവരാൻ യാതൊരു കാരണവുമില്ലെന്നും അങ്ങനെയാണെങ്കിൽ അതിന്നെത്രയോ മുൻപുതന്നെ വേണ്ടിയിരുന്നു എന്നും ഇനി അതാലോചിക്കാതിരിക്കയാണ് ഉത്തമമെന്നും അദ്ദേഹം തന്നത്താൻ പറഞ്ഞുനോക്കുകയാണ്. എല്ലാം അവസാനിച്ചു പോയിയെന്നും ‘ആ മാന്യനെ’ ഇനി കാണാതെതന്നെ മരിക്കേണ്ടിയിരിക്കുന്നു എന്നുമുള്ള വിചാരത്തോടു പരിചയപ്പെടുവാൻ അദ്ദേഹം ശ്രമിക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രകൃതി മുഴുവനും അതിനോടെതിർത്തു. അദ്ദേഹത്തിന്റെ പ്രായംകൂടിയ മുത്തച്ഛസ്ഥാനം അതിനു സമ്മതിച്ചില്ല ‘ശരി!’ അദ്ദേഹം പറഞ്ഞു—ഇതായിരുന്നു അദ്ദേഹത്തിന്റെ കുണ്ഠിതമയമായ പല്ലവി, ‘അവൻ തിരിച്ചുവരില്ല!’ അദ്ദേഹത്തിന്റെ കഷണ്ടിത്തല മാറത്തേക്കു ചാഞ്ഞു; വ്യസനമയവും ശുണ്ഠിപിടിച്ചതുമായ ഒരു നോട്ടം അദ്ദേഹം അടുപ്പിലുള്ള വെണ്ണീറിലേക്കു പതിച്ചു.

മനോരാജ്യത്തിന്റെ ഒത്ത നടുക്കുവെച്ച് അദ്ദേഹത്തിന്റെ കിഴവൻ ഭൃത്യൻ വന്നു ചോദിച്ചു: ‘ഇവിടുന്നു മൊസ്യു മരിയുസ്സിനെ കാണുമോ?’

ആ വൃദ്ധൻ. ഒരു വിദ്യുചക്തിപ്രയോഗംകൊണ്ട് എഴുന്നേറ്റിരുന്നു ഒരു ശവംപോലെ, വിളർത്തു. നേരെ നീണ്ടുനിവർന്ന്, ഇരിപ്പായി. അദ്ദേഹത്തിലുള്ള ചോരമുഴുവനും ഹൃദയത്തിലേക്കു മടങ്ങിയിരുന്നു. അദ്ദേഹം വിക്കിപ്പറഞ്ഞു: ‘മൊസ്യു മരിയുസ്—പിന്നത്തെ പേര്?’

‘എനിക്കറിഞ്ഞുകൂടാ,’ പേടിക്കയും എജമാനന്റെ മട്ടു കണ്ടു തികച്ചും അമ്പരക്കുകയും ചെയ്ത ബസ്ക് മറുപടി പറഞ്ഞു: ‘ഞാൻ ആളെ കണ്ടില്ല,’ നികൊലെത് വന്നുപറഞ്ഞു, ‘ഒരു ചെറുപ്പക്കാരൻ വന്നിട്ടുണ്ട്; മൊസ്യു മരിയുസ്സാണെന്നു പറഞ്ഞേയ്ക്കൂ’ എന്ന്.

മുത്തച്ഛൻ ഗിൽനോർമാൻ ഒരു താഴ്‌ന്ന സ്വരത്തിൽ വിക്കി: ‘ഇങ്ങോട്ടു വരട്ടെ.’

തല വിറച്ചുകൊണ്ടും വാതില്ക്കലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടും അദ്ദേഹം ആ നിലയിൽത്തന്നെ ഇരുന്നു. വാതിൽ ഒരിക്കൽക്കൂടി തുറന്നു. ഒരു ചെറുപ്പക്കാരൻ അകത്തേക്കു കടന്നു. അത് മരിയുസ്സായിരുന്നു. അടുത്തുവരാൻ പറഞ്ഞിട്ടാവാം എന്നുവെച്ചിട്ടെന്നപോലെ—മരിയുസ് വാതില്ക്കൽത്തന്നെ നിന്നു. വിളക്കിൻനിഴൽകൊണ്ടുള്ള മങ്ങലിൽ അയാളുടെ ഏതാണ്ട് മോശമായ ഉടുപ്പ് വെളിപ്പെട്ടിരുന്നില്ല. അയാളുടെ ശാന്തവും സഗൗരവവും, പക്ഷേ, അത്ഭുതകരമായ വിധം വ്യസനമയവുമായ മുഖമല്ലാതെ മറ്റൊന്നും കാണാൻ വയ്യായിരുന്നു.

അമ്പരപ്പുകൊണ്ടും അത്യാഹ്ലാദംകൊണ്ടും തന്റേടം കെട്ടുപോയ മുത്തച്ഛൻ ഗിൽനോർമാന്ന്, ഒരു പ്രേതത്തിന്റെ മുൻപിൽപ്പെട്ടാലത്തെപ്പോലെ, ഒരു പ്രകാശമല്ലാതെ മറ്റെന്തും കാണാറാവാൻ കുറച്ചു നിമിഷങ്ങൾ കഴിയേണ്ടിവന്നു. അദ്ദേഹം മോഹാലസ്യപ്പെടുക എന്ന ദിക്കായി; കണ്ണഞ്ചിക്കുന്ന ഒരു പ്രകാശത്തിന്നുള്ളിലൂടെയാണ് അദ്ദേഹം മരിയുസ്സിനെ കണ്ടത്. അതു നിശ്ചയമായും അയാളാണ്—അതു നിശ്ചയമായും മരിയുസ്സാണ്.

ഒടുക്കം! നാലു കൊല്ലത്തിനുശേഷം! അദ്ദേഹം മരിയുസ്സിനെ ഒരൊറ്റ നോട്ടത്തിൽ ആകെ കെട്ടിപ്പിടിച്ചു എന്നു പറയട്ടെ. അയാൾ തറവാടിയായി, സുഭഗനായി, മാന്യനായി, ഒത്ത ഉയരത്തോടും കൊള്ളാവുന്ന മുഖഭാവത്തോടും കൗതുകം തോന്നിക്കുന്ന മട്ടോടുംകൂടി ഒരാൾക്കു മാത്രം പോന്നവനായി കാണപ്പെട്ടു. അദ്ദേഹത്തിനു രണ്ടു കൈയും നീട്ടി, അയാളെ വിളിച്ചു, നേരെ മുൻപോട്ടു പാഞ്ഞുചെല്ലാൻ തോന്നി; പരമാനന്ദംകൊണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു; വാത്സല്യപൂർണ്ണങ്ങളായ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിൽ തിളച്ചുപൊങ്ങുകയും നിറഞ്ഞു വഴിയുകയുമായി; ഒടുവിൽ അദ്ദേഹത്തിന്റെ വാത്സല്യമെല്ലാം വെളിച്ചത്തു വരികയും ചുണ്ടോളം എത്തിച്ചേരുകയും ചെയ്തു; പക്ഷേ, അദ്ദേഹത്തിന്റെ പ്രകൃതിവിശേഷത്തിനുള്ള തികഞ്ഞ അസ്തിവാരമായ ആ ഒരു വിരുദ്ധതകൊണ്ടു, പുറത്തേക്കു വന്നതു പരുഷതയാണ്, അദ്ദേഹം കടന്നുപറഞ്ഞു: ‘നീ എന്തിനിവിടെ വന്നു?’

മരിയുസ്സ് അമ്പരപ്പോടുകൂടി മറുപടി പറഞ്ഞു: ‘മൊസ്യു-’

മൊസ്യു ഗിൽനോർമാന്നു മരിയുസ് തന്റെ മാറത്തേക്കു വന്നുവീഴുകയായിരുന്നു ഇഷ്ടം. അദ്ദേഹത്തിനു മരിയുസ്സോടും തന്നോടുതന്നെയും ശുണ്ഠി വന്നു. അദ്ദേഹത്തിനു താൻ മര്യാദക്കുറവും മരിയുസ് ഉദാസീനതയും കാണിക്കുന്നതായി ബോധമുണ്ടായിരുന്നു. അതുകാരണം, ഉള്ളിൽ അത്രമേൽ വാത്സല്യവും ഗതിയില്ലായ്മയും ഉണ്ടായിരിക്കെ പുറമേയ്ക്കു വെറും പരുഷത കാണിക്കാനേ കഴിയുന്നുള്ളു എന്നതിൽ, ആ കൊള്ളാവുന്ന കിഴവന്നു സഹിക്കാൻ വയ്യാത്തതും ശുണ്ടി പിടിക്കുന്നതുമായ ഒരസ്വസ്ഥത തോന്നി. രസമില്ലായ്മ തിരിച്ചെത്തി അദ്ദേഹം ഒരു മുകറുവീർപ്പിക്കുന്ന സ്വരത്തിൽ മരിയുസ്സിനെ തടഞ്ഞു പറഞ്ഞു: ‘പിന്നെ നിയെന്തിനു വന്നു?’

ആ ‘പിന്നെ’യ്ക്കർത്ഥം: ‘എന്നെ പിടിച്ചു പൂട്ടാൻ വേണ്ടിയല്ല നീ വന്നതെങ്കിൽ.’ മരിയുസ് മുത്തച്ഛനെ സൂക്ഷിച്ചുനോക്കി; വിളർപ്പ് അദ്ദേഹത്തിനു വെണ്ണക്കല്ലുകൊണ്ടുള്ള ഒരു മുഖമുണ്ടാക്കി.

‘മൊസ്യു-’

‘എന്നോട് മാപ്പു ചോദിക്കുന്നതിനാണോ നീ വന്നത്? തെറ്റായിപ്പോയി എന്നു സമ്മതിക്കുന്നുവോ?

മരിയുസ്സിനെ നേർവഴിക്കാക്കുകയാണ് ചെയ്യുന്നതെന്നും ‘കുട്ടി’ വഴിപ്പെടുമെന്നും അദ്ദേഹം വിചാരിച്ചു. മരിയുസ് വിറച്ചു; അച്ഛനെ ഉപേക്ഷിക്കുകയാണ് ആ ആവശ്യപ്പെട്ടതിന്റെ സാരം; അയാൾ നോക്കി മറുപടി പറഞ്ഞു: ‘അല്ല, സേർ.’

‘പിന്നെ’, ആ വയസ്സൻ, മർമ്മത്തു കൊള്ളുന്നതും ശുണ്ഠി നിറഞ്ഞതുമായ ഒരു സങ്കടത്തോടുകൂടി, ഉച്ചത്തിൽ പറഞ്ഞു, ‘നിനക്കെന്നെക്കൊണ്ടു എന്തു വേണം?’

മരിയുസ് കൈ രണ്ടും കൂട്ടിപ്പിടിച്ച്, ഒരടികൂടി മുൻപോട്ടു വെച്ചു. ക്ഷീണിച്ചതും വിറക്കൊള്ളുന്നതുമായ ഒരു സ്വരത്തിൽ പറഞ്ഞു: ‘സേർ, എന്റെ മേൽ ദയവേണം.’

ഈ വാക്കു മൊസ്യു ഗിൽനോർമാന്റെ ഉള്ളിൽത്തട്ടി; കുറച്ചു മുൻപാണു പറഞ്ഞിരുന്നതെങ്കിൽ, അദ്ദേഹത്തിന്റെ മനസ്സലിയിച്ചേനേ; വൈകിപ്പോയി. മുത്തച്ഛൻ എഴുന്നേറ്റു; രണ്ടു കൈകൊണ്ടും വടിമേൽ ഊന്നിപ്പിടിച്ചു; ചുണ്ടു വിളർത്തു. നെറ്റി അലയടിച്ചു; പക്ഷേ, തല കുനിക്കുന്ന മരിയുസ്സിന്റെ മീതെ അദ്ദേഹത്തിന്റെ ഉയർന്ന ദേഹം നിവർന്നു നിന്നു.

‘സേർ, നിങ്ങളുടെ മേൽ ദയയോ? ചെറുപ്പമാണ് തൊണ്ണൂറ്റൊന്നു വയസ്സായ കിഴവനോടു ദയ ചോദിക്കുന്നത്; നീ ജീവിതത്തിലേക്കു കടക്കുന്നതേ ഉള്ളു; ഞാൻ അതിൽനിന്നു പോവുകയായി. നീ കളിക്കാൻ പോകുന്നു. കാപ്പിക്ലബ്ലിൽ പോകുന്നു. ബില്ലിയേർഡ് കളിക്കുന്നു; നിനക്കു രസികത്വമുണ്ട്; നീ പെണ്ണുങ്ങളെ രസിപ്പിക്കുന്നു; നീ സുഭഗനാണ്. ഞാനാണെങ്കിൽ, വേനല്ക്കാലത്തിന്റെ മധ്യത്തിൽ ഇരുന്നു സൂര്യനെ തുപ്പുന്നു. വാസ്തവത്തിലുള്ള സമ്പത്തെന്തോ അതു കൊണ്ടു നീ സമ്പന്നനാണ്; എനിക്കാണെങ്കിൽ പ്രായംകൊണ്ടുള്ള എല്ലാ ദാരിദ്ര്യവുമായി; ക്ഷീണം, ഏകാന്തത! നിനക്കു നിന്റെ മുപ്പത്തിരണ്ടു പല്ലുമുണ്ട്. നല്ല ദഹനമുണ്ട്, ഉശിരുള്ള നോട്ടമുണ്ട്, ശക്തിയുണ്ട്, രുചിയുണ്ട്, ആരോഗ്യമുണ്ട്, ആഹ്ലാദമുണ്ട്, കറുത്ത തലമുടിയുടെ ഒരു കാടുണ്ട്, എനിക്കാണെങ്കിൽ, വെളുത്ത തലമുടിയില്ല, പല്ലില്ല, കാലിനു ശക്തി കുറഞ്ഞു, ഓർമ്മ കുറഞ്ഞു; മൂന്നു തെരുവുപേരുകളുണ്ട്—എനിക്കെപ്പോഴും കുടിമറിഞ്ഞുപോകുന്നു, റ്യു ഷർലോ, റ്യു ദ്യു ഷോം, റ്യു സാങ്ക് ക്ലോദ്—ഇതാ, ഇങ്ങനെയാണ് എന്റെ കഥ; നിന്റെ മുൻപിൽ പകൽകൊണ്ടു നിറഞ്ഞ ഭാവി മുഴുവനുമുണ്ട്; എനിക്കു കണ്ണിന്റെ കാഴ്ച പോയിത്തുടങ്ങി— അത്രത്തോളമായി ഞാൻ രാത്രിയിലേക്കു കടക്കുന്നു; നിനക്ക് ആരുടേയും മേൽ അനുരാഗമുണ്ട്—അതങ്ങനെയേ വരൂ; എന്നെ ഭൂമിയിൽ ഒരാൾക്കും ഇഷ്ടമില്ല, എന്നിട്ടു, നിയ്യെന്നോടു ദയ ചോദിക്കുന്നു! ഭഗവാനേ! മോളിയേർ അതു മറന്നു; ഇങ്ങനെയാണ് നിങ്ങൾ, വക്കീലവർകൾമാർ, കോടതിയിൽവെച്ചു ഫലിതം പറയാറെങ്കിൽ, ഞാൻ നിങ്ങളെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു നീ കോമാളിയാണ്.’

ഉടനെ ആ പടുകിഴവൻ ഗൗരവമുള്ളതും അല്പരസം കൂടിയതുമായ ഒരു സ്വരത്തിൽ തുടർന്നു: ‘ആട്ടെ ചോദിക്കട്ടെ, ഞാൻ നിനക്ക് എന്തു ചെയ്യണം?’

‘സേർ,’ മരിയുസ് പറഞ്ഞു, ‘ഞാൻ ഇവിടെ നില്ക്കുന്നതു നിങ്ങൾക്കിഷ്ടമല്ലെന്നു ഞാനറിഞ്ഞു; പക്ഷേ, ഞാൻ വന്നിട്ടുള്ളത് നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ വേണ്ടി മാത്രമാണ്; അതു കഴിഞ്ഞാൽ ആ ക്ഷണത്തിൽ ഞാൻ പൊയ്ക്കൊള്ളാം.’

‘നിയ്യൊരു വങ്കനാണ്,’ വയസ്സൻ പറഞ്ഞു. ‘ആരു പറഞ്ഞു നിന്നോടു പോവാൻ?’

ഇത് അദ്ദേഹത്തിന്റെ മനസ്സിന്നടിയിൽക്കിടക്കുന്ന ഈ വാത്സല്യപൂർണ്ണങ്ങളായ വാക്കുകളുടെ തർജ്ജമയായിരുന്നു: ‘എന്നോടു മാപ്പു ചോദിക്ക്! എന്റെ കഴുത്തിൽ വന്നുവീണു കെട്ടിപ്പിടിക്ക്!’

മരിയുസ് കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിട്ടുപോകുമെന്ന്, ആ പരുഷമായ സ്വീകാരം കുട്ടിയെ വെറുപ്പിച്ചിരിക്കുന്നു എന്ന്, അയാളെ ആട്ടിയയയ്ക്കുന്നത് തന്റെ നിഷ്ഠുരസ്വഭാവമാണെന്ന്, അദ്ദേഹത്തിനു തോന്നി; ഇതെല്ലാം അദ്ദേഹം തന്നോടുതന്നെ പറഞ്ഞു; അദ്ദേഹത്തിന്റെ വ്യസനത്തെ വർദ്ധിപ്പിച്ചു; ആ വ്യസനം ശരിക്കു ശുണ്ഠിയായി മാറിവരുന്നതോടുകൂടി, അദ്ദേഹത്തിന്റെ പരുഷമട്ടു കുറെക്കൂടി വലുതായി. ആ കൊള്ളാവുന്ന വയസ്സനെ ശുണ്ഠിപിടിപ്പിക്കുന്നതെന്താണെന്നു മരിയുസ്സിനെ ധരിപ്പിച്ചാൽ കൊള്ളാമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു; മരിയുസ്സിന് അതു മനസ്സിലാകുന്നില്ല; അതദ്ദേഹത്തെ കോപിഷ്ഠനാക്കി.

അദ്ദേഹം പിന്നെയും ആരംഭിച്ചു: ‘എന്ത്! നിയ്യെന്നെ, നിന്റെ മുത്തച്ഛനെ, ഉപേക്ഷിച്ചു; എവിടേക്കെന്ന് ആർക്കും അറിഞ്ഞുകൂടാത്ത എങ്ങോട്ടോ പോവാൻവേണ്ടി നീ നിന്റെ മുത്തച്ഛന്റെ വീടു വിട്ടു; നീ നിന്റെ വലിയമ്മയെ നിരാശതപ്പെടുത്തി; വിവാഹം ചെയ്യാതെ കഴിക്കാൻ വേണ്ടി—അതാർക്കും എളുപ്പത്തിലൂഹിക്കാം —നീ ഒരു നട നടന്നു; ഒരു രസികന്റെ വേഷം കെട്ടി, എപ്പോഴും എവിടേയും ചെന്നു രസിച്ചു കൂടുകയാണ് അധികം എളുപ്പമുള്ള പണി; നീ ഒരാളാവുന്നുണ്ടെന്നതിന്റെ യാതൊരടയാളവും കാട്ടുന്നില്ല; കൊടുത്തുതീർക്കാൻ എന്നോടു പറകകൂടി ചെയ്യാതെ നീ പല കടങ്ങളിലും ചെന്നുചാടിയിട്ടുണ്ട്; നീ ഒരു ജനാലപൊളിയനും വായാടിയുമായിത്തീർന്നിരിക്കുന്നു; അങ്ങനെ ഒരു നാലു കൊല്ലം കഴിഞ്ഞതിനുശേഷം നീ എന്റെ അടുക്കലേക്കെത്തി; ഇതാണ് നിനക്കാകപ്പാടെ എന്നോടു പറയാനുള്ളത്!’

സ്വന്തം ദൗഹിത്രനെ പിതൃസ്നേഹത്തിലേക്കു വലിച്ചുവരുത്തുന്ന ഈ പരുക്കൻമട്ടു മരിയുസ്സിനെയാണെങ്കിൽ മിണ്ടിക്കാതാക്കുക മാത്രമേ ചെയ്തുള്ളു. മൊസ്യു ഗിൽനോർമാൻ കൈ കെട്ടി— അദ്ദേഹത്തെസ്സംബന്ധിച്ചേടത്തോളം ഏറ്റവും പ്രാഭവം കാണിക്കുന്ന ഒരാംഗ്യം; എന്നിട്ടു ശുണ്ഠിയോടുകൂടി മരിയുസ്സോടു കല്പിച്ചു; ‘നമുക്ക് ഇതവസാനിപ്പിക്കുക, നീ എന്തോ ഒന്നെന്നോടു ചോദിക്കാൻ വേണ്ടി വന്നതാണെന്നു പറയുന്നു? ശരി, എന്ത്? എന്താണത്? പറ!’

‘സേർ,’ ഒരഗാധക്കുഴിയിലേക്കു വിരണ്ടുവീഴുകയാണെന്നു തോന്നിയ ഒരാളുടെ ഭാവത്തോടുകൂടി മരിയുസ് പറഞ്ഞു, ‘വിവാഹം ചെയ്യുന്നതിനു സമ്മതം ചോദിക്കാൻ വേണ്ടിയാണ് ഞാൻ വന്നിട്ടുള്ളത്.’

മൊസ്യു ഗിൽനോർമാൻ മണിയടിച്ചു. ബസ്ക് വാതിലിന്റെ പകുതി തുറന്നു.

‘എന്റെ മകളെ വിളിക്കൂ.’

ഒരു നിമിഷംകൂടി കഴിഞ്ഞു. വാതിൽ തുറന്നു മാംസെൽ ഗിൽനോർമാൻ, അകത്തേക്കു വരികയല്ല ചെയ്തത്. വാതില്ക്കൽ മുഖം കാണിച്ചു; മരിയുസ് കൈയും തൂക്കിയിട്ടു ഒരു കുറ്റക്കാരന്റെ മുഖത്തോടുകൂടി മിണ്ടാതെ അവിടെ നില്ക്കുന്നുണ്ട്; മൊസ്യു ഗിൽനോർമാൻ ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തുകയാണ്, അദ്ദേഹം മകളുടെ നേരെ നോക്കി; അവളോടു പറഞ്ഞു: ‘ഒന്നുമില്ല. മൊസ്യു മരിയുസ്സാണ്. അയാൾക്കു മംഗളം ആശംസിച്ചേയ്ക്കു. മൊസ്യു വിവാഹം ചെയ്യാൻ വിചാരിക്കുന്നു. അത്രയേ ഉള്ളു. പോവാം.’

താഴ്‌ന്നതും പരുത്തതുമായ വയസ്സന്റെ ശബ്ദം ഒരഭൂതപൂർവ്വമായ ക്ഷോഭം ഉണ്ടായിട്ടുണ്ടെന്നു കാണിച്ചു. വലിയമ്മ ഒരു പേടിച്ച മട്ടിൽ മരിയുസ്സിനെ സൂക്ഷിച്ചു നോക്കി; അവൾക്ക് അയാളെ മനസ്സിലായതേ ഇല്ലെന്ന് തോന്നും; ഒരു ശബ്ദമെങ്കിലും പുറപ്പെടുവിക്കുകയോ ഒരാംഗ്യമെങ്കിലും കാണിക്കുകയോ അവൾ ചെയ്തില്ല; ഒരു കൊടുങ്കാറ്റിന്റെ മുൻപിൽ ഒരു വൈക്കോൽക്കൊടി എന്നതിലധികം വേഗത്തിൽ അവൾ അച്ഛന്റെ വാക്കു കേട്ടതോടുകൂടി മറഞ്ഞുകളഞ്ഞു.

ഈയിടയ്ക്കു മുത്തച്ഛൻ ഗിൽനോർമാൻ തിരിച്ചെത്തി. പുകക്കുഴലിന്മേല്ക്കു പുറംചാരി ഒരിക്കൽക്കൂടി നിലവായി.

‘നീ വിവാഹം ചെയ്യുന്നു! ഇരുപത്തൊന്നാമത്തെ വയസ്സിൽ! നീയതു ശരിപ്പെടുത്തിക്കഴിഞ്ഞു. ഒരു സമ്മതം മാത്രം ചോദിക്കണം! ഒരു മാമൂൽ, ഇരിക്കൂ, സേർ. അപ്പോൾ അങ്ങയെ ഞാൻ ഒടുവിൽക്കണ്ടതിനുശേഷം ചില പരിവർത്തനങ്ങളെല്ലാം നടന്നിരിക്കുന്നു. ജെക്കോബിൻ വർഗ്ഗക്കാർക്കുതന്നെ മെച്ചം. നിങ്ങൾക്കു രസം പിടിച്ചിരിക്കണം. ഒരു പ്രഭുവായിരിക്കുന്ന സ്ഥിതിക്കു നിങ്ങൾ ഒരു ഭരണ പരിവർത്തകനുമായിരിക്കണം. അതു രണ്ടുംകൂടി വേഗത്തിൽ കൂട്ടിയിണക്കാം. പ്രജാഭരണം പ്രഭുത്വത്തിന് ഒരു നല്ല കൂട്ടാണ്. ജൂലായി മാസംകൊണ്ടു സ്ഥാനചിഹ്നങ്ങൾ അണിയിക്കപ്പെട്ട ഒരാൾതന്നെയാണോ അങ്ങും? ഹേ, സേർ, നിങ്ങൾ ലുവൃകോട്ട പിടിച്ചുകഴിഞ്ഞുവോ? ഇവിടെത്തന്നെ അടുത്തു റ്യു സാങ് ആന്ത്വാങ്ങിൽ, റ്യു ദെ നൊനേൻദിയേറിന്നെതിരായി, ഒരു വീട്ടിന്റെ മൂന്നാം നിലയിലുള്ള ചുമരിന്മേൽ ഒരു പീരങ്കിയുണ്ട ഈയൊരു കൊത്തിയിടലോടുകൂടി അമഴ്‌ന്നിട്ടുണ്ട്; ‘ജൂലായി 28, 1830’ [3] പോയി അതൊന്നു നോക്കി വരൂ. അതുകൊണ്ടു വളരെ ഫലമുണ്ടാവും ഹാ! നിന്റെ ഈ ചങ്ങാതിമാർ വളരെ നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. കൂട്ടത്തിൽച്ചോദിക്കട്ടെ, മൊസ്യു ല് ദ്യുക് ദ് ബെറിയുടെ [4] പ്രതിമയുള്ളേടത്ത് അവർ ഒരുറവുകുഴൽ നാട്ടുന്നില്ലേ? അപ്പോൾ നിനക്കു കല്യാണം കഴിക്കണം? ആരെ? ചോദിക്കുന്നതു കൊണ്ടു വിരോധമൊന്നുമില്ലല്ലോ?’

അദ്ദേഹം നിർത്തി; മരിയുസ്സിനെ മറുപടി പറയാൻ ഇടകിട്ടുന്നതിനു മുൻപായി തുടർന്നു: ‘ആട്ടെ വരൂ, നിങ്ങൾക്ക് അപ്പോൾ ഒരുദ്യോഗമുണ്ട്; സമ്പാദ്യം ഒരുവിധമായോ? വക്കീൽപ്രവൃത്തി നടത്തിയിട്ടു നീയിപ്പോൾ എന്തു മുതലുണ്ടാക്കി?

‘ഒന്നുമില്ല.’ ഏതാണ്ടു ഭയങ്കരമായിരുന്ന ഒരുതരം ദൃഢതയോടും നിശ്ചയത്തോടുംകൂടി മരിയുസ് മറുപടി പറഞ്ഞു.

‘ഒന്നുമില്ലേ? അപ്പോൾ നിനക്ക് ആകെ കഴിയാനുള്ള വക ഞാൻ അയച്ചുതരാറുള്ള ആയിരത്തിരുനൂറു ലിവർ മാത്രമേ ഉള്ളു?’

മരിയുസ് ഉത്തരം പറഞ്ഞില്ല. മൊസ്യു ഗിൽനോർമാൻ തുടർന്നു: ‘അപ്പോൾ ആ പെൺകുട്ടി കുറെ സമ്പന്നയാണെന്നല്ലേ മനസ്സിലാക്കേണ്ടത്?’

‘എന്നെപ്പോലെതന്നെ സമ്പന്ന.’

‘എന്ത്! സ്ത്രീധനമില്ല?’

‘ഇല്ല.’

‘വല്ലതും കിട്ടാൻ വഴിയുണ്ടോ?’

‘ഉണ്ടെന്നു തോന്നുന്നില്ല.’

‘വെറും പൊള്ള! അച്ഛനു പ്രവൃത്തി?’

‘എനിക്കറിഞ്ഞുകൂടാ.’

‘അവളുടെ പേര്?’

‘മദാംവ്വസേല്ല് ഫൂഷൽവാങ്.’

‘ഫൂഷ്—എന്ത്?’

‘ഫൂഷൽവാങ്.’

‘ട ട ട!’ ആ മാന്യവൃദ്ധൻ ഉച്ചത്തിൽപ്പറഞ്ഞു.

‘സേർ! മരിയുസ് ഉച്ചത്തിൽ പറഞ്ഞു.

തന്നോടുതന്നെ പറയുന്ന ഒരാളുടെ സ്വരത്തോടുകൂടി മൊസ്യു ഗിൽനോർമാൻ അയാളെ തടഞ്ഞു; ‘അതു ശരി, വയസ്സിരുപത്തൊന്ന്, ഉദ്യോഗമില്ല, കൊല്ലത്തിൽ ആയിരത്തിരുനൂറു ലിവർ വരവ്; മദാം ല ബരോന്ന് [5] ദ് പൊങ് മേർസി പോയി പഴക്കച്ചവടക്കാരനോടു രണ്ടു സൂവിന്റെ കൊത്തമ്പാലരിച്ചീര വാങ്ങിക്കൊണ്ടുവരും.’

‘സേർ,’ മുൻപിൽനിന്നു മറഞ്ഞുതുടങ്ങുന്ന ഒടുവിലത്തെ ആശയെസ്സംബന്ധിച്ചേടത്തോളവും നിരാശനാവാൻ തുടങ്ങി, മരിയുസ് ആവർത്തിച്ചു, ‘ഞാൻ യാചിക്കുന്നു! ഈശ്വരനെ മുൻനിർത്തി, ഞാൻ തൊഴുതുംകൊണ്ടപേക്ഷിക്കുന്നു—ഞാൻ ഇതാ കാല്ക്കൽ വീഴുന്നു—അവളെ കല്യാണം കഴിക്കുവാൻ—എന്നെ അനുവദിക്കൂ.’

ആ വയസ്സൻ കർക്കശശബ്ദത്തോടുകൂടിയതും വ്യസനമയവുമായ ഒരു പൊട്ടിച്ചിരി ചിരിച്ചു—ചിരിയും ചുമയും ഒരുമിച്ചാണ്.

‘ഹാ! ഹാ! ഹാ! നീ വിചാരിച്ചു. ‘ഈശ്വര! ഞാൻ പോയി ആ കിഴവൻവങ്കനെ—ആ കൊള്ളരുതാത്ത പൊണ്ണച്ചാരെ—കണ്ടുപിടിക്കട്ടെ’. ഒരിരുപത്തഞ്ചു വയസ്സല്ലാത്തത് എന്തു നാണക്കേടായി! എന്നാൽ ഞാൻ ആ കഴുതയെ ഇങ്ങോട്ടു വരുത്തിയിരുന്നില്ലേ! ആ കിഴവനില്ലാതെതന്നെ ഞാൻ എത്ര സുഖമായി കഴിഞ്ഞേനേ! എനിക്കതൊന്നും സാരമില്ല; ഞാൻ അയാളോടു പറയും; ‘ഹേ തന്തക്കഴു, നിങ്ങൾക്ക് എന്നെ കാണുന്നതുതന്നെ വലിയ സുഖമാണ്; എനിക്കൊന്നു കല്യാണം കഴിക്കണം; മൊസ്യു ആരെന്നില്ലാത്തവന്റെ മകളായ മാംസെൽ ഇന്നവളെന്നില്ലാത്തവളെ വിവാഹം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു; എന്റെ കാലിൽ പാപ്പാസില്ല, അവളുടെമേൽ ഉള്ളങ്കിയില്ല – അതു നല്ല യോജിപ്പാണ്; എന്റെ ഭാവി, എന്റെ ഭാഗ്യം, എന്റെ യൗവനം, എന്റെ ജീവിതം, എനിക്കെടുത്തു നായയ്ക്കിട്ടുകൊടുക്കണം; എന്റെ കഴുത്തിൽ ഒരു പെണ്ണിനേയും കെട്ടിത്തൂക്കി കഷ്ടപ്പാടിലേക്ക് എനിക്കൊരു ‘മുതലക്കൂപ്പു കുത്തണം.’ എന്റെ ആവശ്യം അതാണ്; അതിനു സമ്മതം തരണം! അപ്പോൾ ആ തന്തക്കിഴവൻ അതു സമ്മതിക്കും.’ പൊയ്ക്കോളൂ, എന്റെ കുട്ടി; നിന്റെ ഇഷ്ടംപോലെ ചെയ്യൂ; നിന്റെ പാതവിരിക്കല്ലെടുത്തു കഴുത്തിൽ തൂക്കിക്കൊള്ളൂ; നിന്റെ ഫൂഷൽവാങ്ങിനെ, നിന്റെ കൂപ്പൽവാങ്ങിനെ, പോയി കല്യാണം കഴിച്ചോളു—ഒരിക്കലുമില്ല. സേർ ഒരിക്കലുമില്ല.’

‘അച്ഛാ-’

‘ഒരിയ്ക്കലുമില്ല.’

ആ ‘ഒരിയ്ക്കലുമില്ല’ എന്നുച്ചരിച്ചപ്പോഴത്തെ ഒച്ച മരിയുസ്സിന്റെ എല്ലാ ആശയേയും കളഞ്ഞു. തല താഴ്ത്തി ചാഞ്ചാടിക്കൊണ്ടു യാത്ര പറഞ്ഞു പോവുക മാത്രം ചെയ്യുന്ന ആളെക്കാൾ മരിക്കാൻ പോകുന്ന ഒരാളെപ്പോലായി, അയാൾ ആ മുറിക്കകത്തു പതുക്കെ ചില ചാലുകൾ ലാത്തി; മൊസ്യു ഗിൽനോർമാൻ കണ്ണുകൊണ്ട് അയാളെ പിന്തുടർന്നു; വാതിൽ തുറന്നു മരിയുസ് പുറത്തേക്കു പോവാൻ കാലെടുത്ത സമയത്ത് അദ്ദേഹം, അല്പരസക്കാരനും കൊള്ളരുതാത്തവനുമായ ഒരു മാന്യവൃദ്ധന്റെ കിഴവച്ചുണയോടുകൂടി, ഒരു നാലടി മുൻപോട്ടു വന്നു, മരിയുസ്സിന്റെ കഴുത്തുപട്ടമേൽ പിടികൂടി. മുറിയിലേക്കുതന്നെ വലിച്ചുകൊണ്ടുവന്നു. ഒരു ചാരുകസാലമേല്ക്കു തള്ളിയിട്ടു പറഞ്ഞു: ‘എല്ലാ വിവരവും എന്നോടു പറയൂ.’

ഈ പരിവർത്തനമുണ്ടാക്കിത്തീർത്തത് ആ ‘അച്ഛൻ’ എന്ന ഒരൊറ്റ വാക്കാണ്. മരിയുസ് അദ്ദേഹത്തെ അമ്പരപ്പോടുകൂടി നോക്കി. മൊസ്യു ഗിൽനോർമാന്റെ ക്ഷണത്തിൽ ഭാവഭേദം വരുന്ന മുഖത്തു പരുക്കൻമട്ടിലുള്ളതും പറഞ്ഞൊപ്പിക്കവയ്യാത്തതുമായ സൗശീല്യമല്ലാതെ മറ്റൊന്നും കണ്ടില്ല, മുത്തച്ഛന്റെ മുൻപിൽ, മുതുകാരണവർ പിൻവാങ്ങി.

‘വരൂ, കണ്ടില്ലേ, പറ, നിന്റെ അനുരാഗകഥകളെല്ലാം എന്നോടു പറ, പിറുപിറെ പറ, സകലവും എനിക്കു പറഞ്ഞുതരൂ! ഭഗവാനേ! എന്തു വിഡ്ഢികളാണ് ഈ ചെറുപ്പക്കാർ!’

‘അച്ഛാ-’ മരിയുസ് ആവർത്തിച്ചു.

വാചാതീതമായ ഒരു പ്രകാശംകൊണ്ട് ആ വയസ്സന്റെ മുഖം ആകെ മിന്നിത്തിളങ്ങി.

‘അതേ, അങ്ങനെത്തന്നെ, എന്നെ അച്ഛനെന്നു വിളിക്കൂ; കാണാം.’

നിരാശതയിൽനിന്ന്, ആശയിലേക്കു പെട്ടെന്നുണ്ടായ നിലമാറ്റത്തിൽ മരിയുസ് തന്റേടം കെടുകയും ലഹരിപിടിച്ചുപോകയും ചെയ്യുമാറ്—എന്നുപറയട്ടെ—ഈ പരുഷതയിൽ ഇപ്പോൾ അത്രമേൽ ദയയുള്ളതും അത്രമേൽ ഇണക്കം കൂടിയതും അത്രമേൽ നിഷ്കപടവും അത്രമേൽ വാത്സല്യപൂർവ്വവുമായ എന്തോ ഒന്നുണ്ടായിരുന്നു. അയാൾ ഇരുന്നിരുന്നതു മേശയ്ക്കടുത്താണ്; മെഴുതിരികളിൽനിന്നുള്ള വെളിച്ചം അയാളുടെ ഉടുപ്പിന്റെ കീറിപ്പറിഞ്ഞ നില തെളിയിച്ചു; മുത്തച്ഛൻ ഗിൽനോർമാൻ അതിനെ അമ്പരപ്പോടുകൂടി നോക്കി.

‘അപ്പോൾ, അച്ഛാ—’ മരിയുസ് പറഞ്ഞു.

‘ആഹാ! കൂട്ടത്തിൽ ചോദിക്കട്ടെ, ’ മൊസ്യു ഗിൽനോർമാൻ തടഞ്ഞുപറഞ്ഞു, ‘അപ്പോൾ വാസ്തവമായി നിന്റെ കൈയിൽ ഒരു കാശുമില്ലേ?’ നിയ്യൊരു കീശതപ്പിയുടെ വേഷത്തിലിരിക്കുന്നു.’

അദ്ദേഹം ഒരു മേശവലിപ്പിൽ കൈയിട്ടു തപ്പി, ഒരു പണസ്സഞ്ചി വലിച്ചെടുത്തു. മേശപ്പുറത്തിട്ടു; ‘ഇതാ, ഒരു നൂറു ലൂയി; ഒരു തൊപ്പി പോയി വാങ്ങിക്ക്.’

‘അച്ഛാ.’ മരിയുസ് തുടർന്നു, ‘എന്റെ അച്ഛാ, അച്ഛനറിഞ്ഞിരുന്നുവെങ്കിൽ! എനിക്ക് ആ സ്ത്രീയുടെ മേൽ അനുരാഗമുണ്ട്. അതു വിചാരിച്ചാൽ കിട്ടില്ല; ഞാൻ ഒന്നാമതായി അവളെ കണ്ടതു ലുക്സെംബുറിൽവെച്ചാണ്; അവൾ അവിടെ വന്നു; ആദ്യത്തിൽ ഞാനത്ര മനസ്സുവെച്ചിരുന്നില്ല; പിന്നെ എങ്ങനെയാണ് അതു വന്നുകൂടിയതെന്ന് എനിക്കറിഞ്ഞുകൂടാ—എനിക്കവളുടെമേൽ അനുരാഗമായി. ഹാ, അതുകൊണ്ടു ഞാനെന്തു കഷ്ടത്തിലായി! ഒടുവിൽ ഇപ്പോൾ ഞാനവളെ ദിവസംപ്രതി അവളുടെ വീട്ടിൽവെച്ചു കാണാറുണ്ട്; അവളുടെ അച്ഛൻ അതു ധരിച്ചിട്ടില്ല; നോക്കൂ, ഇപ്പോൾ അവർ അവിടെനിന്നു പോവുകയാണ്; വൈകുന്നേരം തോട്ടത്തിൽവെച്ചാണ് ഞങ്ങൾ തമ്മിൽ കാണുക; അവളുടെ അച്ഛൻ അവളെ ഇംഗ്ലണ്ടിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ ഭാവിക്കുന്നു; അപ്പോൾ ഞാൻ വിചാരിച്ചു: ‘ഞാൻ ചെന്നു മുത്തച്ഛനെ കണ്ടു വിവരമെല്ലാം പറയട്ടെ. എനിക്കു ഭ്രാന്തു പിടിച്ചുപോവും, ഞാൻ മരിക്കും, എനിക്കു ക്ഷയം പിടിക്കും, ഞാൻ വെള്ളത്തിൽച്ചാടും, എനിക്കവളെ കല്യാണം കഴിച്ചേ കഴിയൂ; ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിച്ചുപോവും. തീർച്ചയാണ്. ഇതാണ് ആകെയുള്ള വാസ്തവം; ഞാനൊന്നും വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. റ്യു പ്ളുമെയിൽ ഒരിരിമ്പുവേലിയുള്ള തോട്ടത്തിലായിട്ടാണ് അവളുടെ വീട്. അത് അനാഥപ്പുരയുടെ അയൽപക്കത്താണ്.’

മുത്തച്ഛൻ ഗിൽനോർമാൻ തെളിഞ്ഞുവരുന്ന മുഖത്തോടുകൂടി മരിയുസ്സിന്റെ അടുത്ത് ഇരിക്കുകയാണ്. അയാളുടെ വാക്കിൽ ശ്രദ്ധിക്കുകയും അയാളുടെ ഒച്ചവലിച്ചുകുടിക്കുകയും ചെയ്യുന്നതോടുകൂടി, അദ്ദേഹം ഒരു കുത്തു പൊടിയെടുത്തു രസിച്ചു വലിച്ചു. ‘റ്യു പ്ളുമെ’ എന്നു കേട്ടപ്പോൾ, അദ്ദേഹം പൊടിവലി നിർത്തി, കൈയിൽ ബാക്കിയുള്ള പൊടി കാൽമുട്ടിന്മേൽ കളഞ്ഞു.

‘റ്യു പ്ളുമെ, റ്യു പ്ളുമെ എന്നാണോ പറഞ്ഞത്?—നോക്കട്ടെ! അവിടെ അടുത്തു പട്ടാളത്താവളമില്ലേ?— അതേ, ഉവ്വ്, അതുതന്നെയാണ്. നിന്റെ ചാർച്ചക്കാരൻ തെയൊദുൽ എന്നോടു പറകയുണ്ടായി അതിനെപ്പറ്റി. ആ കുന്തപ്പടയാളി, ഉദ്യോഗസ്ഥൻ, ഒരു രസികത്തിപ്പെണ്ണ്, എന്റെ കൊള്ളാവുന്ന ചങ്ങാതി. ഒരു രസികത്തിപ്പെണ്ണ്; ഈശ്വര, അതേ, റ്യു പ്ളുമെ. അതാണ് റ്യു ബ്ലൊമെ എന്നു പറയാറുള്ള സ്ഥലം—അതൊക്കെ എനിക്കിപ്പോൾ ഓർമ്മവരുന്നുണ്ട്. റ്യു പ്ളുമെയിൽ ഇരിമ്പു വേലിക്കകത്തുള്ള ആ പെൺകിടാവിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. ഒരു തോട്ടത്തിനുള്ളിൽ, ഒരു പമീല. [6] നിന്റെ വാസന ദോഷമില്ല.

നല്ല വൃത്തിയുള്ള പെണ്ണാണെന്നാണ് കേൾവി. നമ്മൾ തമ്മിൽ പറകയാണെങ്കിൽ, ആ കുന്തപ്പടയാളി വങ്കൻ കുറേശ്ശ അവളുടെ അടുത്തു കൂടിയിട്ടുണ്ട്. എവിടെവെച്ചാണ് അവന്നതു തരപ്പെട്ടതെന്നു നിശ്ചയമില്ല. പോട്ടെ, അതല്ലല്ലോ ഇവിടെ കാര്യം. പിന്നെ, അവനെ ഒട്ടു വിശ്വസിച്ചുംകൂടാ. മരിയുസ്, അവൻ ‘ബടായി’ പറയും. നിന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരൻ അനുരാഗത്തിൽപ്പെടണം. അതു വേണ്ടതാണ്. നിന്റെ പ്രായത്തിൽ അതാവശ്യമാണ്. ഒരു ഭരണപരിവർത്തകനാവുന്നതിനെക്കാൾ നിയ്യൊരു കാമുകനാവുന്നതാണ് എനിക്കിഷ്ടം. മൊസ്യു റൊബെപിയരുടെമേൽ അനുരാഗിയാവുന്നതിനെക്കാൾ ഉത്തമം. നിയ്യൊരു റവുക്കയുടെമേൽ, ഒരിരുപതു റവുക്കകളുടെമേൽ, അനുരാഗിയാവുന്നതാണ്. എന്നെപ്പറ്റി പറകയാണെങ്കിൽ, ഈ ഭരണപരിവർത്തകന്മാരുടെ സമ്പ്രദായത്തിൽ, ഞാൻ പെണ്ണുങ്ങളെയല്ലാതെ മറ്റാരേയും ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്നു മേനി പറയട്ടെ. സൗന്ദര്യമുള്ള പെൺകിടാങ്ങൾ സൗന്ദര്യമുള്ള പെൺകിടാങ്ങൾ തന്നെയാണ്, സംശയമൊന്നുമില്ല! അതിന്നെതിർ പറയുക സാധ്യമല്ല. അപ്പോൾ, ആ പെൺകുട്ടി അച്ഛന്റെ സമ്മതം കൂടാതെ നിന്നെ സ്വീകരിക്കുന്നു. അതങ്ങനെത്തന്നെയാണ് വേണ്ടത്. അങ്ങനെയുള്ള പല കഥകളിലും ഞാൻതന്നെ പെട്ടിട്ടുണ്ട്. ഒന്നിലധികം. അപ്പോൾ എന്തു ചെയ്യുമെന്നറിഞ്ഞുവോ? അതത്ര എന്തെന്നില്ലാത്തവിധത്തിൽ തലയിൽക്കേറ്റില്ല; അതിലേക്കങ്ങോട്ടു തലകുത്തിമറിയുകയില്ല; കല്യാണം കഴിക്കാനും പട്ടുനാടകെട്ടിയ മതാചാര്യനെ തേടാനും ആലോചിക്കുകയില്ല. ഒരുശിരൻ കുട്ടിയെപ്പോലെ പ്രവർത്തിക്കും. വകതിരിവു കാണിക്കും. അല്ലയോ മരണമുള്ള മനുഷ്യരേ, ഉപായത്തിൽക്കഴിയുക; കല്യാണത്തിനു നില്ക്കരുത്. നിയ്യിങ്ങോട്ടു പോന്നു മുത്തച്ഛനെ കണ്ടുപിടിക്കുക; വാസ്തവത്തിൽ ആ മുത്തച്ഛൻ ഒരു നല്ല ആളാണ്; അയാളുടെ കൈയിൽ, ഒരു പഴയ വലിപ്പുമേശയ്ക്കുള്ളിൽ കുറച്ചു സ്വർണ്ണനാണ്യച്ചുരുൾ എപ്പോഴുമുണ്ട്; നീ അയാളോടു പറയും; ‘മുത്തച്ഛാ നോക്കൂ.’ ആ മുത്തച്ഛൻ പറയുന്നു: ‘അതു സാരമില്ല. യൗവ്വനം കളിക്കണം; വാർദ്ധക്യം ഇരുന്നു നരയ്ക്കണം. ഞാൻ ചെറുപ്പക്കാരനായിരുന്നു; നീ വയസ്സനാവും. അപ്പോൾ, എന്റെ കുട്ടീ, നീ ആ യൗവ്വനം നിന്റെ പൗത്രന്നു കൈമാറും. ഇതാ ഇരുനൂറു പിസ്റ്റോൾ, കളിച്ചോളു പോയിട്ട്. എടുത്തുകൊണ്ടു പൊയ്ക്കോ!’ ഇതിലധികം എന്തു വേണം! ഇങ്ങനെയാണ് കാര്യം നടത്തേണ്ടത്. നീ കല്യാണം കഴിക്കരുത്; പക്ഷേ, അതു കൊണ്ടു ദോഷമില്ല. മനസ്സിലായില്ലേ?’

അന്തംവിട്ടുപോയി, ഒരക്ഷരമെങ്കിലും മിണ്ടാൻ വയ്യാതായ മരിയുസ് ഇല്ലെന്ന അർത്ഥത്തിൽ തലയൊന്നിളക്കി.

വയസ്സൻ പൊട്ടിച്ചിരിച്ചു. പ്രായംചെന്ന കണ്ണ് ഒന്നു ചിമ്മി. കാൽമുട്ടിന്മേൽ ഒരടിയടിച്ചു, ദുർഗ്രഹവും പ്രകാശമാനവുമായ ഒരു ഭാവത്തോടുകൂടി മുഖത്തേക്ക് ഊന്നിനോക്കി, വാത്സല്യപൂർവ്വങ്ങളായ ചുമൽച്ചുളുക്കലുകളോടുകൂടി പറഞ്ഞു: ‘പൊട്ടാ, അവളെ നിന്റെ വെപ്പാട്ടിയാക്കൂ.’

മരിയുസ് വിളർത്തുപോയി. മുത്തച്ഛൻ ആ പറഞ്ഞുപോന്നതിൽ ഒരക്ഷരമെങ്കിലും അയാൾക്കു മനസ്സിലായിട്ടില്ല. റ്യു ബ്ലൊമെയിലെ ഈ പമീലയേയും പട്ടാളത്താവളങ്ങളേയും കുന്തപ്പടയാളിയേയും പറ്റിയുണ്ടായ ഈ ചിലയ്ക്കൽ മരിയുസ്സിന്റെ മുൻപിലൂടെ ഒരലിയുന്ന കാഴ്ചപ്പാടുപോലെ കടന്നുപോയി. അതിലൊന്നും ആ വെള്ളാമ്പൽപ്പൂവായ കൊസെത്തിനെ സംബന്ധിക്കാൻ വയ്യാ. ആ കൊള്ളാവുന്ന കിഴവൻ പേച്ചു പറകയാണ്. പക്ഷേ, ആ പേച്ച് ഒടുവിൽ മരിയുസ്സിനു നിശ്ചയമായും മനസ്സിലായ ചിലതിൽച്ചെന്നവസാനിച്ചു; അതു കൊസെത്തിനു തീരെ സഹിക്കാൻ വയ്യാത്ത ഒരവമാനമായിരുന്നു. ‘നിന്റെ വെപ്പാട്ടിയാക്കൂ’ എന്ന ആ വാക്കുകൾ സദാചാരനിഷ്ഠനായ ചെറുപ്പക്കാരന്റെ ഹൃദയത്തിൽ ഒരു വാളുപോലെ കടന്നു.

അയാൾ എണീറ്റു, നിലത്തു കിടന്നിരുന്ന തൊപ്പിയെടുത്തു, ഉറപ്പിച്ചതും ശക്തിമത്തുമായ കാൽവെപ്പോടുകൂടി വാതില്ക്കലേക്കു നടന്നു: ‘അഞ്ചു കൊല്ലം മുൻപുനിങ്ങൾ എന്റെ അച്ഛനെ അവമാനിച്ചു; ഇന്നു നിങ്ങൾ എന്റെ ഭാര്യയെ അവമാനിച്ചു. സേർ, ഇനി നിങ്ങളോടു യാതൊന്നും ഞാനാവശ്യപ്പെടുന്നില്ല. ഇതാ, ഞാൻ പോകുന്നു.’

തികച്ചും മലച്ചുപോയ മുത്തച്ഛൻ ഗിൽനോർമാൻ വായ പൊളിച്ചു. കൈനീട്ടി, എഴുന്നേല്ക്കാൻ നോക്കി; ഒരക്ഷരമെങ്കിലും മിണ്ടാൻ ഇടകിട്ടുന്നതിനു മുൻപായി വാതിൽ ഒരിക്കൽക്കൂടി അടഞ്ഞു; മരിയുസ് അന്തർദ്ധാനം ചെയ്തു.

ആ വയസ്സൻ ഒരനക്കമില്ലാതെ, ഇടിവെട്ടുകൊണ്ടിട്ടെന്നപോലെ, സംസാരിക്കാനോ ശ്വാസം കഴിക്കാനോ ശക്തനല്ലാതെ, തന്റെ കഴുത്തിൽ ഒരു മുറുകിയ പിടുത്തം പിടികൂടിയിട്ടുണ്ടെന്നപോലെ, കുറച്ചു നിമിഷങ്ങളോളം അങ്ങനെ ഇരുന്നു. ഒടുവിൽ അദ്ദേഹം തന്റെ ചാരുകസാലയിൽനിന്നു ചാടി. തൊണ്ണൂറ്റൊന്നു വയസ്സായ ഒരാൾക്ക് എത്ര കണ്ടാവാമോ അത്രകണ്ടും ദൂരം വാതില്ക്കലേക്കോടി അതു തുറന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘ഓടിവരിൻ! ഓടിവരിൻ!’

മകൾ വന്നെത്തി; ഉടനെ ഭൃത്യജനങ്ങളും, ഒരു ദയനീയമായ ചിലമ്പനൊച്ചയിൽ അദ്ദേഹം പിന്നെയും പറയുകതന്നെയാണ്: ‘പായുവിൻ അവന്റെ പിന്നാലെ! അവനെ കൂട്ടിക്കൊണ്ടു വരുവിൻ! ഞാനവനോട് എന്തു കാട്ടി? അവന്നു ഭ്രാന്താണ്! അവനതാ പോവുന്നു! ഹാ! എന്റെ ഈശ്വര! ഹാ! എന്റെ ഈശ്വര! ഇക്കുറി അവൻ തിരിച്ചുവരില്ല!’

അദ്ദേഹം തെരുവിലേക്കഭിമുഖമായ ജനാലയ്ക്കലേക്കു ചെന്നു. തന്റെ ചുക്കിച്ചുളിഞ്ഞതും വിറകയറിയതുമായ കൈകൊണ്ട് അതു തള്ളിത്തുറന്നു. പകുതിയിലധികവും മുൻപോട്ടു ചാഞ്ഞു—ഉടനെ ബസ്കും നികൊലെത്തും കൂടി അദ്ദേഹത്തെ പിന്നോക്കം വലിച്ചു—ഉച്ചത്തിൽ വിളിച്ചു: ‘മരിയുസ്! മരിയുസ്! മരിയുസ്! മരിയുസ്!’

പക്ഷേ, മരിയുസ് ആ വിളികേൾക്കാൻ വയ്യാ; അയാൾ ആ സമയത്തു റ്യു സാങ്ലൂയിയുടെ മൂല തിരിയുകയാണ്.

കഠിനമായ മനോവേദനയോടുകൂടി ആ പടുകിഴവൻ രണ്ടോ മൂന്നോ കുറി ചെന്നികളെ അമർത്തുപിടിച്ചു, ചാഞ്ചാടിക്കൊണ്ടു പിന്നോക്കം വാങ്ങി; മിടിപ്പറ്റു. ശബ്ദമറ്റു, വിറയ്ക്കുന്ന തലയോടും അന്തംവിട്ട മട്ടിലുള്ള ചുണ്ടുകളോടുംകൂടി, കണ്ണുകളിൽ യാതൊന്നുമില്ലാതെ, രാത്രിപോലെ ഇരുണ്ടതും ആഴമേറിയതുമായ എന്തോ ഒന്നല്ലാതെ മറ്റൊന്നും ഹൃദയത്തിലുമില്ലാതായി, ഒരു ചാരുകസാലയിലേക്കു മലച്ചുകെട്ടി വീണു.

കുറിപ്പുകൾ

[1] ജന്മനാ പ്രഭുവല്ലാതിരുന്ന ഇദ്ദേഹത്തെ ഭരണാധികാരത്തിൽനിന്നു പ്രഭുവാക്കി.

[2] ഫ്രാൻസിലെ പ്രസിദ്ധനായ ഒരു ഭരണപരിവർത്തകനും എഴുത്തുകാരനും.

[3] പാരിസ് ശത്രുക്കളാൽ വളയപ്പെട്ടിരിക്കുന്നു എന്നു വിളംബരം ചെയ്ത ദിവസം.

[4] പത്താം ഷാർൽമഹാരാജാവിന്റെ മകൻ ലോവൽ എന്നൊരാളുടെ കൈകൊണ്ടു മരിച്ചു.

[5] ബാറൻ എന്നതിന്റെ സ്ത്രീലിംഗം—പ്രദ്വി.

[6] റിച്ചേർഡ്സൺ എന്ന പ്രസിദ്ധ ഇംഗ്ലീഷ് നോവലെഴുത്തുകാരന്റെ പമീല എന്ന നോവലിലെ നായിക. ഒരു നാടൻസ്ത്രീ. എജമാനൻ അവളെ ചീത്തപ്പെടുത്താൻ നോക്കി; അതു തരപ്പെടാഞ്ഞ് ഒടുവിൽ അയാൾതന്നെ അവളെ കല്യാണം കഴിച്ചു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.