images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.1
തറപ്പണി മുതൽക്കുള്ള കൊരിന്തിന്റെ ചരിത്രം

ഇന്നത്തെ കാലത്തു റ്യു രംബുത്തൊവിലേക്കു ചെല്ലുന്ന പാരിസ്സുകാർ അറ്റത്തു ഹാലിന്നരികിലായി, വലതുവശത്തു, റ്യു മൊങ്ദെ തുരിന്നെതിരായി,

പഞ്ഞിക്കടച്ചിൽ യന്ത്രംകൊണ്ടാണ്

നെപ്പോളിയനെ ഉണ്ടാക്കിയിട്ടുള്ളത്

എന്ന എഴുത്തോടുകൂടി, മഹാനായ നെപ്പോളിയന്റെ ആകൃതിയിലുള്ള ഒരു കൊട്ട അടയാളമുദ്രയായ ഒരു കൊട്ടപ്പണിക്കാരന്റെ പീടിക നോക്കിക്കാണുന്ന സമയത്ത്, ഒരു മുപ്പതു കൊല്ലത്തിനിപ്പുറം ആ അതേ സ്ഥലത്തുവെച്ചു നടന്നിട്ടുള്ള ഭയങ്കരസംഭവങ്ങളെപ്പറ്റി ലേശമെങ്കിലും സംശയിക്കില്ല.

ഇവിടെയായിരുന്നു, പഴയ പാട്ടുകൾ ഷാങ് വെറ്റി എന്നുച്ചരിച്ചുപോന്ന റ്യു ദ് ല ഷെങ്വ്രെറി എന്ന സ്ഥലവും കൊരിന്ത് എന്നു പേരുള്ള പ്രസിദ്ധച്ചാരായക്കടയും.

ഈ സ്ഥലത്തേർപ്പെടുത്തിയിരുന്നതും സാങ്മെറിയിലേതുകൊണ്ടു വിലകെട്ടതുമായ വഴിക്കോട്ടയെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം വായനക്കാർ ഓർമ്മിക്കുന്നുണ്ടാവും. റ്യു ദ് ല ഷങ്വ്രെറിയിലെ ഈ പേർ കേട്ട വഴിക്കോട്ടയിലേക്ക്—അതേ, ഇന്ന് അന്ധകാരത്തിൽപ്പെട്ടുപോയ അതിലേക്ക്—ഒരു വെളിച്ചം കൊണ്ടുചെല്ലാനാണ് ഞങ്ങളുടെ ഇപ്പോഴത്തെ പുറപ്പാട്.

പറയുന്നതു വ്യക്തമാക്കിത്തരാൻവേണ്ടി, വാട്ടർലൂവിന്റെ കാര്യത്തിൽ ഞങ്ങൾ എടുത്ത വിദ്യതന്നെ ഇവിടെയും ആവർത്തിച്ചുകൊള്ളട്ടെ. അക്കാലത്തു പ്വാന്ത് സാങ് തുസ്താഷിനോടടുത്ത്, ഇന്നു റ്യു രംബൂത്തൊവിലെ പീരങ്കിവായ നില്ക്കുന്നേടത്ത്, ഹാലിന്റെ വടക്കു കിഴക്കെ മൂലയ്ക്കലുള്ള വീടുകളുടെ നില നല്ലപോലെ മനസ്സിൽ വരച്ചുവെയ്ക്കണമെന്നുള്ളവർ N (എൻ) എന്ന അക്ഷരാകൃതി ഒന്നോർമ്മിച്ചാൽ മതി; മുകൾഭാഗംകൊണ്ടു സാങ് ദെനിയും അടികൊണ്ടു ഹാലും തൊടുന്നുണ്ടെന്നും, അതിന്റെ രണ്ടു നേർവരകൾ റ്യു ദ് ല ഗ്രാൻദ് ത്രുവാങ്ദെറിയും റ്യു ദ് ല ഷങ്വ്രെറിയുമാണെന്നും, വിലങ്ങത്തിലുള്ള വര റ്യു ദ് ല പെതിത് ത്രുവാങ്ദെ നിയാണെന്നും സങ്കല്പിക്കണം. പഴയ റ്യു മൊങ്ദെതുർ N-ന്റെ ഏറ്റവും ഇടുങ്ങിയ മൂലകളെ മുറിക്കുന്നു. അങ്ങനെ ഈ നാലു തെരുവുകളും കൂടിച്ചേർന്നുണ്ടാകുന്ന വിഷമതയ്ക്ക് ഒരു പതിനെട്ടടി ചതുരത്തിനുള്ളിൽ, ഒരു വശത്തു ഹാലിന്നും റ്യു സാങ് ദെനിക്കും മധ്യത്തിൽവെച്ചും മറുവശത്തു റ്യു ദ്യു സിഞിന്നും റ്യു ദെ പ്രെഷൂറിന്നും മധ്യത്തിൽവെച്ചുമായി, പലേ വലുപ്പത്തിൽ വികൃതമായി ചെത്തിമുറിച്ചു. വിലങ്ങടിച്ചും അതാതിന്റെ യോഗം പോലേയും പെറുക്കിക്കൂട്ടി, കപ്പൽക്കോതിയിലെ കല്ലിൻമുറികൾപോലെ, ഇടുങ്ങിയ വിള്ളലുകളാൽ മാത്രം വേർപെടുത്തപ്പെട്ട വീടുകളുടെ ഏഴു ദ്വീപുകൾ ഉണ്ടാക്കിത്തീർക്കാൻ കഴിഞ്ഞു.

ഇടുങ്ങിയ വിള്ളലുകളെന്നാണ് ഞങ്ങൾ പറഞ്ഞത്—അതേ, ആ ഇരുണ്ടു ചുരുങ്ങിക്കൂടി, അസംഖ്യം മൂലകൾ ചിന്നി, എട്ടുനില മാളികകളെക്കൊണ്ടു വക്കുകരയിട്ട ഇടവഴികളെപ്പറ്റി ഇങ്ങനെയല്ലാതെ മറ്റൊരുവിധത്തിലും വിവരിക്കാൻ വയ്യാ. റ്യു ദ് ല ഷങ്വ്രെറിയിലും റ്യു ദ് ല പെതിത്ത്രുവാങ്ദെറിയിലുമുള്ള വീടുകളുടെ മുൻഭാഗം മുഴുവനും ഒരു വീട്ടിൽനിന്നു മറ്റൊന്നിലേക്കു കടന്നുനില്ക്കുന്ന തുലാങ്ങളെക്കൊണ്ട് ഊന്നുകൊടുത്തുംകൊണ്ടാകത്തക്കവിധം, ആ മാളികകളെല്ലാം അത്രമേൽ പഴകിയവയാണ് തെരുവുകൾ ഇടുങ്ങിയും ഓവുചാലുകൾ വിസ്താരം കൂടിയുമിരുന്നു, അതിലെ നടന്നുപോകുന്നർ നിലവറകളെപ്പോലുള്ള ചെറു പീടികകൾക്കും, ഇരിമ്പുപട്ടകളെക്കൊണ്ടു ചുറ്റിക്കെട്ടിയ കൂറ്റൻ കാലുകൾക്കും, അടിച്ചുവാരിക്കളഞ്ഞവ കുന്നുകൂടിയതിനും, നൂറു വയസ്സു ചെന്ന വമ്പിച്ച ഇരുമ്പഴികളെക്കൊണ്ട് ആയുധധാരികളായ പടികൾക്കും, അരുവെച്ചുകൊണ്ട് എപ്പോഴും ഈറൻപിടിച്ചു കിടക്കുന്ന പാതവിരിയിൽ കാൽവെച്ചു പോവണം. റ്യു രംബുത്തൊ അതൊക്കെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു.

ആ തെരുവിൻകൂട്ടത്തിന്റെ വളവുകളെയെല്ലാം മൊങ്ദെതൂർ എന്ന പേർ അത്ഭുതകരമായവിധം വിവരിക്കുന്നുണ്ട്. കുറച്ചുകൂടി നടന്നാൽ റ്യു മൊങ്ദെതൂറിലേക്കു ചെന്നുകൂടുന്ന റ്യു പിരുവെത് (Pirouette = പമ്പരം തിരിച്ചൽ) എന്നത് അവയെ കുറെക്കൂടി സ്പഷ്ടമായിക്കാണിക്കുന്നു.

റ്യു സാങ്ദെനിയിൽനിന്നു റ്യു ദ് ലഷങ്വ്രെറിയിലേക്കു ചെന്നു കുടുങ്ങിപ്പോയ വഴിപോക്കന്നു, താൻ ഏതോ ഒരു നീണ്ട കുഴലിനുള്ളിൽ എത്തിച്ചേർന്നതുപോലെ, അതു ക്രമത്തിൽ ചുരുങ്ങിച്ചുരുങ്ങി വരുന്നതായിക്കാണാം. നന്നേ നീളം കുറഞ്ഞ ആ തെരുവിന്റെ അറ്റത്തായി, ഹാലിന്റെ ആ ഭാഗത്ത്, ഏറ്റവും ഉയരമുള്ള ഒരു വരി വീടുകൊണ്ടു മുൻപോട്ടുള്ള അയാളുടെ വഴി മുട്ടിപ്പോവും; എന്നല്ല, ഉപായത്തിൽക്കടന്നു രക്ഷപ്പെടുവാൻ ഇടതുവശത്തും വലതുവശത്തും ഓരോ കരിമ്പഴുതുകളുള്ളതു കണ്ടെത്താത്തപക്ഷം ഒരിരുണ്ട ഇടവഴിക്കുള്ളിൽപ്പെട്ടതായി അയാൾ അമ്പരന്നേക്കും ആ സ്ഥലം റ്യു മൊങ്ദെതുറാണ്; ഒരു ഭാഗത്തൂടേ പോയാൽ റ്യു ദ് പ്രെഷൂറിലേക്കും മറ്റേ ഭാഗത്തൂടെ പോയാൽ റ്യു ദ് സിഞിലേക്കും, പെതിത് ത്രുവാങ്ദെറിയിലേക്കും ചെല്ലാം. ഈയൊരുതരം വഴിക്കെണിയുടെ അറ്റത്തു, വലത്തോട്ടുള്ള പഴുതിന്റെ മൂലയ്ക്കൽ, മറ്റുള്ളവപോലെത്തന്നെ ഉയരമില്ലാതെ, ആ തെരുവിൽ ഒരു മുനമ്പുപോലെ നില്ക്കുന്ന ഒരു വീടുണ്ടായിരുന്നു രണ്ടുനിലമാത്രമുള്ള ഈയൊരു വീട്ടിലാണ് മുന്നൂറു കൊല്ലംമുൻപ് ഒരു സുപ്രസിദ്ധമായ ചാരായക്കട ആഹ്ലാദമയമായി കഴിഞ്ഞുപോന്നിരുന്നത്. ഈ ചാരായക്കട കിഴവൻ തിയോഫിലുസ്

കെട്ടിത്തൂങ്ങി മരിച്ചോരു സാധുവാം കാമുകന്നുടെ

കൊടുംകങ്കാളമിവിടെയൂഞ്ഞാലാടിയിരുന്നുതേ

എന്ന ഒരു ശ്ലോകംകൊണ്ടു വിവരിച്ച ആ സ്ഥലത്തുതന്നെ, ഒരു വലിയ പൊട്ടിച്ചിരിയുണ്ടാക്കി.

ആ കടയുടെ സ്ഥാനം നന്നായിരുന്നു: അച്ഛനും മകനുമായി മാറിമാറി അവിടെ കച്ചവടം ചെയ്തുപോന്നു.

റെന്യെ [1] യുടെ കാലത്ത് ഈ ചാരായക്കടയ്ക്കു പനിനീർപ്പൂക്കൊട്ട എന്നായിരുന്നു പേർ; അന്നു ചിത്രലിപി ഒരു പരിഷ്കാരമായിരുന്നതുകൊണ്ട് അതിന്റെ അടയാളമുദ്രയായി പനിനീർപ്പൂനിറത്തിൽ ചായമിട്ട ഒരു തൂണുണ്ടായിരുന്നു. കഴിഞ്ഞുപോയ നൂറ്റാണ്ടിൽ, ഇന്നത്തെ ധാടി കൂടിയ പ്രസ്ഥാനവിശേഷങ്ങൾ വിലവെയ്ക്കാതായിപ്പോയ പണ്ടത്തെ ചിത്രമെഴുത്തുകാരിൽ ഒരു പ്രമുഖൻ, റെന്യേ, ഇരുന്നു കുപ്പി ചെരിക്കാറുള്ള അതേ മേശപ്പുറത്തുവെച്ചു, പലപ്പോഴും കുടിച്ചുമത്തയായി, ആ ഒരു കൃതജ്ഞതകൊണ്ട് ആ ചുകന്ന തൂണിന്മേൽ ഒരു കൊരിന്ത് മുന്തിരിങ്ങക്കുല വരച്ചുണ്ടാക്കി. ചാരായക്കടയുടമസ്ഥൻ ആ സന്തോഷാവേഗത്തിൽ തന്റെ അടയാളമുദ്ര മാറ്റി ആ മുന്തിരിങ്ങക്കുലയുടെ താഴെ ‘കൊരിന്ത് മുന്തിരിങ്ങക്കുലയിൽ’ എന്ന പേർ തങ്കമഷികൊണ്ടു കൊത്തിയിടുവിച്ചു. ഇങ്ങനെയാണ് കൊരിന്ത് എന്ന പേർ വന്നത്. കള്ളുകുടിയന്മാർക്ക് അധ്യാരോപം സാധാരണമാണല്ലോ. അധ്യാരോപമെന്നതു വാക്യത്തിലെ അധ്യാരോപമാണ്. കൊരിന്ത് ക്രമത്തിൽ പനിനീർപ്പൂക്കൊട്ടയെ സിംഹാസനത്തിൽനിന്നു തള്ളി. ആ ഉടമസ്ഥവംശത്തിലെ അവസാനാംഗം, ഫാദർ യുഷെലൂ, ഇതിഹാസത്തെപ്പറ്റി കേട്ടുകേൾവികൂടിയില്ലാതാക്കി, ആ തൂണിനു നീലച്ചായം കൊടുത്തുകളഞ്ഞു.

കുടിസ്ഥലമായ ഒരു താഴത്തെ മുറി, ബില്ലിയേർഡ് കളിമേശയുള്ള മുകളിലെ മുറി, തട്ടിൻപുറത്തേക്കു തുളഞ്ഞുപോകുന്ന ഒരു മരപ്പിരിവുകോണി, മേശപ്പുറത്തു വീഞ്ഞു, ചുമരിന്മേൽ പുകവലിക്കുഴൽ, പച്ചപ്പകൽ മെഴുതിരിവിളക്ക്—ഇങ്ങനെയാണ് ആ ചാരായക്കടയുടെ രീതി. താഴത്തെ മുറിയിൽനിന്നു തട്ടുവാതിലോടുകൂടിയ ഒരു കോണി നിലവറയിലേക്കുമുണ്ട്. ഒത്ത മുകൾനിലയിലാണ് യുഷെലൂ കുടുംബത്തിന്റെ താമസം. കോണിയെന്നതിലധികം ഏണി എന്നു പറയാവുന്ന ഒന്ന് അങ്ങോട്ടുണ്ട്; ഒന്നാംനിലയിലെ വലിയ മുറിയിൽനിന്ന് ആ കോണി മുറിയിലേക്ക് ഒരു വാതിൽക്കീറും. തട്ടിൻപുറത്തു മേല്പുരത്തട്ടോടുകൂടിയ രണ്ടു മുറികളുള്ളതിലാണ് ഭൃത്യജനങ്ങളുടെ താമസം. കുടിമുറിക്കു തൊട്ടതുതന്നെ അടുക്കള.

ഒരു സമയം ഫാദർ യുഷെലൂ ജനനാൽ ഒരു രസായനശാസ്ത്രജ്ഞനായിരിക്കാം; പക്ഷേ, അയാൾ വാസ്തവത്തിൽ ഒരു വെപ്പുകാരനായിത്തീർന്നു; അയാളുടെ ചാരായക്കടയിൽവെച്ച് ആളുകൾ കുടിക്കുക മാത്രമല്ല ചെയ്തിരുന്നുള്ളു, തിന്നുകയും ചെയ്യും. യുഷെലൂ ഒരു സവിശേഷസാധനം കണ്ടുപിടിച്ചു; അത് അയാളുടെ വീട്ടിൽനിന്നല്ലാതെ മറ്റെവിടെനിന്നും കിട്ടുകയില്ല—മരുന്നിട്ട പരൽമത്സ്യം (കാർപ്സ്: Carps); അതിന്നയാൾ കാർപ്സ് ഓഗ്രാസ് (പരൽമത്സ്യവും മാംസവും) എന്നു പേരിട്ടു. മേശത്തുണികൾക്കു പകരം മെഴുത്തുണി ആണിയിട്ടുറപ്പിച്ച മേശപ്പുറത്തുവെച്ച് ഒരു കൊഴുപ്പുമെഴുതിരിയോ പതിനാറാമൻ ലൂയിയുടെ കാലത്തുള്ള ഒരു വിളക്കോ കത്തിച്ചുവെച്ച്, ആളുകൾ അതിരുന്നു ഭക്ഷിക്കും. ജനങ്ങൾ ദൂരത്തുനിന്നു വരികയായി. ഒരു ദിവസം രാവിലെ യുഷെലൂവിനു തന്റെ ‘സവിശേഷ ഭക്ഷണസാധന’ത്തെപ്പറ്റി വഴിപോക്കർക്കറിവുകൊടുക്കണമെന്നു തോന്നി; കറുത്ത ചായമുള്ള ഒരു പാത്രത്തിൽ ഒരു ബ്രഷ്ഷെടുത്തു മുക്കി, താൻ തന്റെ ആവശ്യമനുസരിച്ച് ഒരക്ഷരശാസ്ത്രജ്ഞനും തന്റെ സ്ഥിതിയനുസരിച്ച് ഒരു വെപ്പുകാരനുമായിരുന്നതുകൊണ്ടു, വാതിലിനു മുൻപിൽ ഈ സ്മരണീയങ്ങളായ വാക്കുകൾ കുറിച്ചിട്ടു: കാർപ്സ് ഹോ ഗ്രാസ്. [2]

ഒരു മഴക്കാലത്തു മഴയ്ക്കും കാറ്റിനുംകൂടി അതിലെ ആദ്യത്തെ വാക്കവസാനിക്കുന്ന സ് (S) എന്നക്ഷരത്തേയും മൂന്നാമത്തെ വാക്കാരംഭിക്കുന്ന ഗ് (G) എന്നക്ഷരത്തേയും മാച്ചുകളയാൻ ഒരു രസം തോന്നി; അപ്പോൾ അതിങ്ങനെയായിക്കലാശിച്ചു: കാർപ് ഹൊരാസ് (ലത്തീൻഭാഷയിൽ = മണിക്കൂറുകളെ അനുഭവിക്കുക).

മഴയുടേയും കാറ്റിന്റേയും സാഹായ്യംകൊണ്ട് ഒരു നിസ്സാരമായ ഭക്ഷണപ്രിയ പരസ്യം ഒരു സഗൌരവമായ ഉപദേശവാക്യമായിത്തീർന്നു.

ഇങ്ങനെ ഫ്രഞ്ചറിഞ്ഞുകൂടെങ്കിലും ഫാദർ യുഷെലൂവിനു ലത്തീൻ മനസ്സിലാവുമെന്നും, അയാൾ അടുക്കളയിൽനിന്നു തത്ത്വജ്ഞാനത്തെ ആവാഹിച്ചു വരുത്തിയെന്നും നോൽമ്പുകാലത്തെ ഇല്ലായ്മ ചെയ്വാൻ നോക്കിയിട്ട് അയാൾ ഹോരസ്സിനു സമനായിയെന്നും വന്നുകൂടി അതിൽ വിശേഷിച്ചും എടുത്തുപറയേണ്ട ഭാഗമെന്തെന്നാൽ, അതിന് ‘എന്റെ വീഞ്ഞുകടയിലേക്കു വരിക’ എന്നുകൂടി അർത്ഥമായി.

ഇതൊന്നുമില്ല ഇപ്പോൾ. ആ മൊങ്ദെതൂർകുടർമാല മുഴുവനും 1847-ൽ വെട്ടിപ്പൊളിച്ചു വായ തുറന്നുംകൊണ്ടാക്കി; ഒരു സമയം അതിപ്പോൾ ഇല്ലെന്നുതന്നെ വന്നിരിക്കാം. റ്യു ദ് ല ഷങ്വ്രെറിയും കൊരിന്തും റ്യു രംബൂത്തൊവിലെ പാതവിരിക്കടിയിൽ ആണ്ടുപോയി.

കുർഫെരാക്കിന്റേയും കൂട്ടുകാരുടേയും യോഗംകൂടലിന്നുള്ള സ്ഥലമല്ലെങ്കിലും കണ്ടു സംസാരിക്കാനുള്ള സ്ഥലമായിരുന്നു കൊരിന്തെന്നു ഞങ്ങൾ പറഞ്ഞിട്ടുണ്ട് ഗ്രന്തേറാണ് ഒന്നാമതായി കൊരിന്ത് കണ്ടുപിടിച്ചത്. മണിക്കൂറുകളെ അനുഭവിക്കുക (കാർപ്ഹോ രാസ്) എന്നതു കാരണമാണ് അയാൾ ആദ്യമായി അങ്ങോട്ടു ചെന്നത്, അങ്ങോട്ടു വീണ്ടും തിരിച്ചുചെന്നത് പരൽമത്സ്യവും മാംസവും (കാർപ്സ് ഹോ ഗ്രാസ്) എന്നതു കാരണവും അവിടെ അവരിരുന്നു കുടിക്കും, ഭക്ഷിക്കും, ഒച്ചയിടും, അവർ അധികമൊന്നും കൊടുത്തിരുന്നില്ല; കണിശമായി കൊടുത്തിരുന്നില്ല, കൊടുത്തിരുന്നതേയില്ല, എങ്കിലും അവർക്ക് എപ്പോഴും അവിടെ സന്തോഷപൂർവ്വം ചെല്ലാം. ഫാദർ യുഷെലൂ ഒരു നേരംപോക്കുകാരനായ ആതിഥേയനാണ്.

യുഷെലൂ, ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ ആ നേരംപോക്കുകാരനായ മനുഷ്യൻ, ഒരു മേൽമീശയോടുകൂടിയ വീഞ്ഞുകച്ചവടക്കാരനാണ്; ഒരു നേരംപോക്കുള്ള വർഗ്ഗം അയാൾ എപ്പോഴും ശുണ്ഠികടിച്ചുംകൊണ്ടാണ്; അയാൾക്കു തന്റെ കക്ഷികളെ പേടിപ്പിക്കുകയാണ് രസമെന്നു തോന്നും, അയാൾ തന്റെ ചാരായക്കടയിൽ ചെല്ലുന്നവരോടൊക്കെ പിറുപിറുക്കും; അവർക്കു സൂപ്പു വിളമ്പിക്കൊടുക്കാനുള്ളതിലധികം അവരോടു ശണ്ഠകൂടാനായിരുന്നു അയാളുടെ നില്പ് എങ്കിലും, ഞങ്ങൾ ഊന്നിപ്പറയുന്നു, ആളുകൾക്ക് എപ്പോഴും അവിടെ സ്വാഗതമുണ്ട് ഈ വികൃതശീലം ആളുകളെ അയാളുടെ കടയിലേക്കാർഷിച്ചു; ചെറുപ്പക്കാരെ അങ്ങോട്ടു വരുത്തി; അവർ ഇങ്ങനെ തമ്മിൽപ്പറയും: ‘വരൂ, ഫാദർ യുഷെലൂ മുരളുന്നതു നോക്കൂ,’ അയാൾ ഒരു തല്ലാശാനായിരുന്നു. ഉടനെത്തന്നെ, അയാൾ പൊട്ടിച്ചിരിക്കുന്നതു കേൾക്കാം. ഒരു കൂറ്റനൊച്ച, ഒരു നല്ല മനുഷ്യൻ വ്യസനകരമായ ഒരു പുറംഭാഗത്തിന്റെ അടിയിൽ അയാൾക്ക് ഒരു സന്തോഷകരമായ അസ്തിവാരമുണ്ടായിരുന്നു, നിങ്ങളെ ഒന്നു ഭയപ്പെടുത്തുകയല്ലാതെ മറ്റൊന്നും അയാൾക്കാവശ്യമില്ല; കൈത്തോക്കിന്റെ ആകൃതിയിലുള്ള ആ പൊടിഡപ്പികൾ പോലെ, മുഴക്കം കേട്ടാൽ ആളുകൾ തുമ്മിപ്പോവും.

അയാളുടെ ഭാര്യ, മദർ യുഷെലൂ, താടിമീശയുള്ള ഒരു വെറും സാധാരണക്കാരിയാണ്.

ഏകദേശം 1830-ൽ ഫാദർ യുഷെലൂ മരിച്ചു. അതോടുകൂടി മരുന്നിട്ട പരൽ മത്സ്യത്തിന്റെ വെപ്പുരഹസ്യം പൊയ്പോയി. അതിദുഃഖിതയായ അയാളുടെ വിധവ വീഞ്ഞുകട പിന്നെയും നടത്തിപ്പോന്നു. പക്ഷേ, വെപ്പുപണി മോശമായി, നന്നേ ചീത്തയായി; എന്നും മോശമായിത്തന്നെയിരുന്ന വീഞ്ഞു വളരെയധികം മോശമായി. എന്തായിട്ടും കുർഫെരാക്കും കൂട്ടുകാരും കൊരിന്തിലേക്കുള്ള പോക്കുവേണ്ടെന്നു വെച്ചില്ല—അനുകമ്പകൊണ്ട്, ബൊസ്സ്വെ പറഞ്ഞു.

യുഷെലൂ വിധവ ശ്വാസം മുട്ടി, വികൃതയായി, നാട്ടുപുറസ്മരണകളിൽ മുങ്ങിക്കൊണ്ടാണ്. അവയുടെ സ്വരലഘുത്വത്തെ അവൾ തന്റെ ഉച്ചാരണവിശേഷം കൊണ്ട് ഇല്ലാതാക്കി. അവളുടെ കഥപറയലിന് ഒരു സവിശേഷമട്ടുണ്ട്; കാമത്തേയും യൗവ്വനാരംഭത്തേയും കുറിച്ചുള്ള അവളുടെ സ്മരണകൾക്ക് അതു രൂചിപിടിപ്പിച്ചു. ചെറുപക്ഷികൾ മരക്കൊമ്പിലിരുന്നു പാടുന്നതു കേൾക്കാൻ പണ്ടു ബഹുരസമാണെന്ന് ആ വിധവ ശപഥം ചെയ്യാറുണ്ട്.

മുകൾനിലയിലെ തളം—ഇവിടെയാണ് ഭക്ഷണസ്ഥലം—നീണ്ടു, വലുതായി, മുക്കാലികൾകൊണ്ടും കസാലകൾകൊണ്ടും ബെഞ്ചുകൾകൊണ്ടും മേശകൾ കൊണ്ടും കാൽ മുടന്തി കൂന്നു പ്രാംചെന്ന ഒരു ബില്ലിയേർഡ് മേശകൊണ്ടും കെട്ടിമറിഞ്ഞ ഒരകമാണ്. അങ്ങോട്ടു മുറിമൂലയ്ക്കലായി, കപ്പലിലെ ചരക്കറവാതിൽപോലുള്ള ഒരു ചതുരദ്വാരത്തിൽച്ചെന്നവസാനിക്കുന്ന ഒരു പിരിയൻകോണിയുണ്ട്.

ഒരൊറ്റ ചെറുജനാലകൊണ്ടും എപ്പോഴും കത്തുന്ന ഒരു വിളക്കുകൊണ്ടും ഇരുട്ടകന്ന ആ മുറിക്ക് ഒരു തട്ടിൻപുറത്തിന്റെ ഛായയുണ്ട്. എല്ലാ നാല്ക്കാലിസ്സാമാനങ്ങളും മുമ്മൂന്നു കാലേ ഉള്ളൂ എന്നപോലെയാണ് അവിടെ കഴിഞ്ഞുകൂടിയിരുന്നത്; വെള്ളയടിച്ച ചുമരുകൾക്ക് അലങ്കാരമായി മദാം യുഷെലൂവിനെ സ്തുതിച്ചെഴുതപ്പെട്ട ഈ കവിത മാത്രമുണ്ട്

പത്തടി ദൂരത്തായാലമ്പരപ്പിക്കുമവ-

ളത്രമേൽപ്പേടിപ്പിക്കും രണ്ടടിയകന്നായാൽ;

അവൾതന്നാപൽക്കരമായ മൂക്കത്തുണ്ടിരു-

ന്നരുളീടുന്നിതൊരു പോത്തനാമരിമ്പാറ;

അവളാ മൂക്കു നേർക്കായ്ച്ചീറ്റിയേയ്ക്കുമോ എന്നു-

മവൾതൻ വായിലതു ചാടുമോ എന്നും തോന്നും.

ഇതു ചുമരിന്മേൽ കരികൊണ്ടു കുറിച്ചിട്ടിരുന്നു.

ആ വിവരണത്തിനു ശരിയായ മദാം യുഷെലൂ രാവിലെ മുതൽ അർദ്ധരാത്രിവരെ എത്രയും പരിപൂർണ്ണമായ ശാന്തതയോടുകൂടി ആ കവിതാശകലത്തിനു മുൻപിലൂടേ വന്നുംപോയുമിരിക്കും. മതെലോത്ത് എന്നും ഗിബെലോത്ത് എന്നും [3] പേരുള്ള രണ്ടു ദാസികൾ—ഇവർക്കു വേറെ വല്ല പേരുമുണ്ടായിരുന്നുവോ എന്നറിഞ്ഞുകൂടാ—മേശപ്പുറത്തു മോശവീഞ്ഞു നിറഞ്ഞ പിടിപ്പാത്രങ്ങളും വിശന്ന കൂട്ടർക്കു മണ്ണുപാത്രങ്ങളിൽ വിളമ്പിക്കൊടുക്കാനുള്ള പലതരം മാംസക്കഷായങ്ങളും കൊണ്ടുവെക്കുന്നതിൽ മദാം യുഷെലൂവിനെ സഹായിക്കും. വലുതായി, തടിച്ചു, തലമുടി ചുകന്ന്, ഒച്ചയിട്ടുകൊണ്ടുള്ള ആ അന്തരിച്ചുപോയ യുഷെലൂവിന്റെ പ്രിയപ്പെട്ട അന്തഃപുരസ്ത്രീ മതെലോത്ത്, പുരാണങ്ങളിലെ രക്ഷസ്സുകളെക്കാളെല്ലാം— എന്തൊന്നുതന്നെയായാലുമാവട്ടെ—അധികം വിരൂപയായിരുന്നു; എങ്കിലും, എപ്പോഴും ദാസി എജമാനത്തിയുടെ പിന്നിൽ നില്ക്കുന്നതു മര്യാദയായതുകൊണ്ട്, അവൾ വൈരൂപ്യത്തിൽ മദാം യുഷെലൂവിനേക്കാൾ താഴെയായിരുന്നു. നീണ്ടു മെലിഞ്ഞു നീരുപിടിച്ചിട്ടുള്ള വിളർപ്പുകൊണ്ടെന്നപോലെ വെളുത്തു, കണ്ണുകൾക്കു ചുറ്റും വർണ്ണവൃത്തങ്ങളോടും തൂങ്ങിക്കിടക്കുന്ന കൺപോളകളോടുംകൂടി, എപ്പോഴും തളർന്നും, ക്ഷീണിച്ചും, മാറാദ്ദീനമായ ഒരാലസ്യംകൊണ്ടു രോഗിണിയായി എന്നു പറയട്ടെ, ആ വീട്ടിൽവെച്ച് ആദ്യം എഴുന്നേല്ക്കാനും ഒടുവിൽക്കിടക്കാനും ഉള്ളവളായ ഗിബെലോത്ത് തന്റെ ക്ഷീണത്തിനുള്ളിലൂടെ അസ്പഷ്ടവും നിദ്രാപരവുമായ ഒരു പുഞ്ചിരിയോടുകൂടി, മിണ്ടാതെ, ശാന്തമായി, സകലരേയും, മറ്റേ ദാസിയെക്കൂടി, ഉപചരിച്ചുപോന്നി.

ഭക്ഷണസ്ഥലത്തേക്കു കടക്കുന്നതിനു മുൻപായി അതിഥിക്കു വാതില്ക്കൽ കുർഫെരാക് ചോക്കുകൊണ്ടെഴുതിയിട്ടുള്ള ഈയൊരു വരി വായിക്കാം;

ആവുമെങ്കിൽ വിരുന്നേകൂ, ഭക്ഷിക്കൂ ധീരനെങ്കിലോ.

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ചുകവിയും പരിഹാസകവനക്കാരനും.

[2] ഈ വാക്കു തോന്നുന്ന എന്ന് ഏതാണ്ടർത്ഥം കാണിക്കുന്ന ഒരവ്യയശബ്ദമാണ്. ഓ (മൗ) എന്നതിന്ന് ‘ഓട്’ എന്നർത്ഥം.

[3] മതെലോത്ത് * പല മത്സ്യങ്ങളും കൂടിയുള്ള ഒരു കറി ഗിബെലോത്ത് = മുയൽകൊണ്ടുള്ള ഇസ്റ്റു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.