images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.2
ആരംഭത്തിലെ ആഹ്ലാദങ്ങൾ

വായനക്കാർക്കറിവുള്ളവിധം ലെയ്ൽ ദ് മോ മറ്റിടങ്ങളിലേക്കാളധികം ഴൊലിയുടെ കൂടെയാണ് താമസിച്ചിരുന്നത്. പക്ഷിക്കു മരക്കൊമ്പത്ത് ഒരു കൂടുള്ളതുപോലെ, അയാൾക്കും ഒരു താമസസ്ഥലമുണ്ട് ആ രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു താമസിക്കും, ഒരുമിച്ചു ഭക്ഷിക്കും, ഒരുമിച്ചു കിടക്കും അവർ എല്ലാം ഒരുമിച്ചനുഭവിക്കും—ഏതാണ്ടൊക്കെ മ്യുസിഷെത്തയേയും, പ്രധാനസന്ന്യാസികളുടെ കൂടെ നടക്കുന്ന കീഴ്സന്ന്യാസികളെ വിളിക്കാറുള്ളപോലെ, അവർ ഇരട്ടയാണ്. ജൂൺ 5-ആം നു രാവിലെ അവർ പ്രാതൽ കഴിക്കാൻ കൊരിന്തിലേക്കു പോയി. വയർ കുത്തിനിറയ്ക്കപ്പെട്ടിരുന്ന ഴൊലിക്ക് ഒരു ജലദോഷമുണ്ടായിരുന്നു; അതു ലെയ്ൽ പകർത്തെടുക്കാനുള്ള ഭാവമുണ്ട്. ലെയ്ലിന്റെ പുറംകുപ്പായം പിഞ്ഞിയിരിക്കുന്നു, പക്ഷേ, ഴൊളി നന്നായിട്ട് ഉടുപ്പിട്ടിരുന്നു.

അവർ കൊരിന്തിന്റെ വാതിൽ ചെന്നുതുറന്നപ്പോൾ രാവിലെ ഏകദേശം ഒമ്പതു മണിയായി

അവർ മുകളിലേക്കു കയറി.

മതെലോത്തും ഗിബെലോത്തും അവരെ എതിരേറ്റു.

‘കക്കകളും, പാല്ക്കട്ടിയും, പന്നിത്തുടയും’, ലെയ്ൽ ആവശ്യപ്പെട്ടു.

അവർ ഒരു മേശയ്ക്കരികിൽച്ചെന്ന് ഇരുന്നു.

ചാരായക്കട ഒഴിഞ്ഞുകിടന്നിരുന്നു; അവിടെ അവരല്ലാതെ മറ്റാരുമില്ല.

ഴൊലിയേയും ലെയ്ലിനേയും കണ്ടറിഞ്ഞു ഗിബെലോത്ത് ഒരു കുപ്പി വീഞ്ഞു മേശപ്പുറത്തു കൊണ്ടുവെച്ചു.

അവർ ആദ്യത്തെ കക്കകളിൽ പിടുത്തംകൂടുമ്പോഴേയ്ക്ക് ഒരു തല കോണിയുടെ അറവാതില്ക്കൽ പ്രത്യക്ഷീഭവിച്ചു; ഒരു ശബ്ദം പറഞ്ഞു: ‘ഞാനിതിലേ കടന്നുപോകയായിരുന്നു. പാല്ക്കട്ടിയുടെ ഒരു സുഖകരമായ ഗന്ധം ഞാൻ തെരുവിൽനിന്നു കേട്ടു. ഞാൻ അകത്തേക്കു വന്നു.’ അതു ഗ്രന്തേറാണ്.

ഗ്രന്തേർ ഒരു മുക്കാലിയെടുത്തു. മേശയ്ക്കരികിലേക്കു നീക്കിയിട്ട്, ഇരുന്നു.

ഗ്രന്തേറെ കണ്ടതോടുകൂടി ഗിബെലോത്ത് രണ്ടു കുപ്പി വീഞ്ഞ് മേശപ്പുറത്തു കൊണ്ടുവെച്ചു.

അപ്പോൾ മൂന്നായി.

‘ആ രണ്ടു കുപ്പി വീഞ്ഞും നിങ്ങൾ കുടിക്കാൻതന്നെയാണോ ഭാവം?’ ലെയ്ൽ ഗ്രന്തേറോടു ചോദിച്ചു.

ഗ്രന്തേർ മറുപടി പറഞ്ഞു: ‘എല്ലാവരും സമർത്ഥന്മാരാണ്; നീ മാത്രം നിഷ്കപടൻ. രണ്ടു കുപ്പി ഒരിക്കലും ഒരു മനുഷ്യനെ അമ്പരപ്പിച്ചിട്ടില്ല.’

മറ്റുള്ളവർ തിന്നാൻ തുടങ്ങി; ഗ്രന്തേർ കുടിക്കാനും. അരക്കുപ്പി ഒരിറക്കുകൊണ്ടു തീർന്നു.

‘അപ്പോൾ നിങ്ങളുടെ വയറ്റിൽ ഒരു കുഴിയുണ്ട്?’ ലെയ്ൽ വീണ്ടും ആരംഭിച്ചു.

‘നിങ്ങൾക്ക് ഒന്നുള്ളതു കൈമുട്ടിലാണ്,’ ഗ്രന്തേർ പറഞ്ഞു.

അയാൾ വീണ്ടും തന്റെ ഗ്ലാസ്സൊഴിച്ചതിനുശേഷം തുടർന്നു: ‘അപ്പോൾ, കൂട്ടത്തിൽപ്പറയട്ടെ, ഹേ ശവസംസ്കാരപ്രാസംഗികൻ ലെയ്ൽ, നിങ്ങളുടെ കുപ്പായം പഴതായിരിക്കുന്നു.’

‘ഉവ്വെന്നു കരുതുന്നു.’ ലെയ്ൽ തിരിച്ചടിച്ചു. ‘അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും, എന്റെ കുപ്പായവും ഞാനും, തമ്മിൽ ഇത്ര പത്ഥ്യം. അതിന്ന് എന്റെ മടക്കുകളെല്ലാം കിട്ടിയിട്ടുണ്ട്. അതെന്നെ ഒരിടത്തും കുടുക്കുന്നില്ല; അത് എന്റെ വൈരൂപ്യങ്ങളിൽവെച്ചു മെഴുപ്പിടിച്ചുണ്ടാക്കിയതാണ്; അത് എന്റെ എല്ലാ നടപടികളോടും പറ്റിച്ചേരുന്നു, അതെനിക്കു ചൂടുണ്ടാക്കിത്തരുന്നതുകൊണ്ടുമാത്രമേ ഞാനതു മേലുണ്ടെന്നറിയുന്നുള്ളൂ. പഴയ കുപ്പായങ്ങൾ പഴയ സ്നേഹിതന്മാരെപ്പോലെയാണ്.’

‘ശരിയാണ്,’ സംഭാഷണത്തിലേക്കു കയറിക്കൂടി, ഴൊലി ഉച്ചത്തിൽ പറഞ്ഞു, ‘ഒരു പഴയ കുപ്പായം ഒരു പഴയ സ്നേഹിതൻതന്നെ.’

‘തലനിറഞ്ഞിട്ടുള്ള ഒരു മനുഷ്യൻ പറയുമ്പോൾ, വിശേഷിച്ചും,’ ഗ്രന്തേർ പറഞ്ഞു.

‘ഗ്രന്തേർ,’ ലെയ്ൽ കല്പിച്ചു ചോദിച്ചു. ‘നിങ്ങൾ ഇപ്പോൾ വരുന്നതു കോട്ടപ്പുറത്തുനിന്നാണോ?’

‘അല്ല’.

‘ഞങ്ങൾ ഇപ്പോൾത്തന്നെയാണ് ഘോഷയാത്രയുടെ മുൻതല കടന്നുപോകുന്നതു കണ്ടത്—ഴൊലിയും ഞാനും.’

‘അതൊരത്ഭുതകരമായ കാഴ്ചയാണ്.’ ഴൊലി അഭിപ്രായപ്പെട്ടു.

‘ഈ തെരുവ് എത്ര ശാന്തം,’ ലെയ്ൽ അത്ഭുതത്തോടുകൂടി പറഞ്ഞു ‘പാരിസ് കീഴുമേൽ മറിഞ്ഞുവെന്ന് ആരെങ്കിലും ശങ്കിക്കുമോ? പണ്ടുകാലത്ത് ഈ പ്രദേശത്തു കന്യകാമഠങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് എത്ര വേഗത്തിൽ മനസ്സിലാക്കാം. ഈ ഭാഗത്തൊക്കെ റ്യു ബ്രുലും സോവലും അവയുടെ ഒരു പട്ടിക കൊടുക്കുന്നുണ്ട്; അബെലെബോവും. ഇവിടെ ചുറ്റുമായിരുന്നു ആ കൂട്ടരൊക്കെ—ബൂട്ടുസ്സിട്ടും, ഇടാതെയും, ക്ഷൗരം ചെയ്തും, താടി വളർത്തിയും, ചാരനിറത്തിലും കറുത്തും വെളുത്തുമുള്ള ആ വർഗ്ഗക്കാർ മുഴുവനും ഇവിടെ പുറ്റുകൂടിയിരുന്നു; ഫ്രാൻസിസ്കൻ, [1] മിനിം, [2] കപൂഷിൻ; [3] കാർമിലൈറ്റ്, ചെറിയ അഗസ്തീൻ, വലിയ അഗസ്തീൻ, പഴയ അഗസ്തീൻ —ഇങ്ങനെ സന്ന്യാസിമഠഭേദങ്ങൾക്ക് അവസാനമില്ല.’

‘നമുക്കു സന്ന്യാസികളെപ്പറ്റി സംസാരിക്കാതിരിക്കുക’, ഗ്രന്തേർ പറഞ്ഞു: ‘അതാളുകളെക്കൊണ്ട് ആത്മാവിൽ മാന്താൻ തോന്നിക്കുന്നു.’

എന്നിട്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു. ‘ഫൂ! ഞാനൊരു കെട്ട കക്ക വിഴുങ്ങിക്കളഞ്ഞു എനിക്കു പിന്നേയും മിഥ്യാരോഗഭയം പിടിക്കുന്നു, കക്കകൾ കെട്ടിരിക്കുന്നു: വെപ്പുകാരികൾ വിരൂപകളുമാണ്, ഞാൻ മനുഷ്യവർഗ്ഗത്തെ വെറുക്കുന്നു. ഞാനിതാ ഇപ്പോൾ റ്യു റിഷെല്യുവിലൂടെ പോരുമ്പോൾ ആ വലിയ ഗ്രന്ഥശാലയുടെ മുൻപിലൂടെ കടന്നു. ഗ്രന്ഥശാല എന്നു പറയപ്പെടുന്ന ആ കക്കത്തോടു കുന്നു വിചാരിച്ചാൽത്തന്നെ ദേഷ്യം വരും എത്ര കടലാസ്സ്! എത്ര മഷി! എത്ര കുത്തിവരയ്ക്കൽ! അതൊക്കെ എഴുതിയതാണല്ലോ! തൂവലി [4] ല്ലാത്ത ഇരുകാലിയാണ് മനുഷ്യനെന്ന് ഏതു തെമ്മാടിയാണ് പറഞ്ഞത്? പിന്നെ, വസന്തംപോലെ സൗഭാഗ്യമുള്ളവളും പൂച്ചെണ്ടെന്നു വിളിക്കപ്പെടാൻ അർഹയുമായ എന്റെ ഒരു പരിചയക്കാരിസ്സുന്ദരിപ്പെണ്ണിനെ ഞാൻ കാണുകയുണ്ടായി; അവൾക്ക് എന്തു സന്തോഷം, എന്തു പരമാനന്ദം, ദേവകൾക്കെന്നപോലെ എന്തു സുഖം! എന്തുകൊണ്ട്? ഇന്നലെ ഒരു ദുഷ്ടന്ന്, ആകെ മസൂരിക്കുത്തുള്ള ഒരു വല്ലാത്ത പണക്കച്ചവടക്കാരന്ന്, അവളുടെ മേൽ ഒരു രസം തോന്നിയത്രേ! കഷ്ടം! ഒരു കാമുകനെ പിടികൂടാനെന്നപോലെത്തന്നെ ഒരു രക്ഷകനെ കൈയിലാക്കാനും സ്ത്രീകൾ കാത്തുനില്ക്കുന്നു, പൂച്ചകൾ പക്ഷികളെ എന്നപോലെത്തന്നെ എലികളേയും വേട്ടയാടുന്നു രണ്ടു മാസംമുൻപ് ആ ചെറുപ്പക്കാരിപ്പെണ്ണ് ഒരു തട്ടിൻപുറത്തു ചാരിത്രവതിയായി കഴിഞ്ഞിരുന്നു; അടിക്കുപ്പായത്തിന്റെ ചെരുകുഴകളിൽ അവൾക്കു പിച്ചള വെച്ചുപിടിപ്പിക്കയായിരുന്നു പണി—എന്താണതിനു നിങ്ങൾ പേരു പറയാറ്? അവൾ തുന്നിയിരുന്നു! അവൾക്കൊരു പാളയക്കിടയ്ക്കയുണ്ട്; പൂക്കൾ നിറഞ്ഞ ഒരു പൂച്ചട്ടിയുടെ അടുത്താണ് അവളുടെ താമസം; അവൾക്കു സുഖമായിരുന്നു. ഇതാ, അവളിപ്പോൾ ഒരു മിസ്സിസ് പണക്കച്ചവടക്കാരനായി ഈ ജന്മംമാറൽ ഇന്നലെ രാത്രിയാണുണ്ടായത് ഈ ഗ്രഹപ്പിഴയിൽ ചാടിയവളെ ഞാൻ ഇന്നു രാവിലെ വലിയ ആഹ്ലാദവതിയായി കണ്ടു. അതിലുള്ള അവലക്ഷണ ഭാഗം എന്തെന്നാൽ, ഇന്നലത്തെപ്പോലെതന്നെ ഇന്നും അവൾ സുന്ദരിയായിരിക്കുന്നു. അവളുടെ ഭണ്ഡാരവിചാരകനെ അവളുടെ മുഖത്തു കാണാനില്ല. സ്ത്രീകൾക്കില്ലാത്തതായ ഈയൊരു ഗുണമോ ദോഷമോ പനിനീർപ്പൂക്കൾക്കുണ്ട്. അവയുടെ മേൽ കമ്പിളിപ്പുഴുക്കൾ ഉണ്ടാക്കിയിടുന്ന പാടുനോക്കിയാൽ കാണാം ഹാ! സദാചാരനിഷ്ഠഭൂമിയിലില്ല. അനുരാഗത്തിന്റെ അടയാളമായ കൊഴുന്തു ചെടിയും, അഭിമാനത്തിന്റെ അടയാളമായ പൂവല്ലിയും, സമാധാനത്തിന്റെ അടയാളമായ ആ വിടുവിഡ്ഢി ‘ഒലിവു’ ചെടിയും, വിത്തുകളോടുംകൂടി ആദാമിനെ ഏതാണ്ടു പാകപ്പെടുത്തിയ ആപ്പിൾമരവും, റവുക്കകളുടെ മുത്തച്ഛനായ അത്തിമരവും ഞാൻ തെളിവുതരാം. ധർമ്മത്തെപ്പറ്റിയാണെങ്കിൽ, നിങ്ങൾക്കറിയാമോ എന്താണ് ധർമ്മമെന്ന്? പണ്ടത്തെ ഫ്രാൻസുകാർക്കു ക്ളുസിയംപ്രദേശം കിട്ടിയേ കഴിയൂ; റോം ക്ളുസിയത്തെ കാത്തുനിന്നു; ക്ളുസിയം എന്താണ് തെറ്റുചെയ്തിട്ടുള്ളതെന്നു റോം ഫ്രാൻസിനോടു ചോദിച്ചു. ബ്രെൻസ് [5] മറുപടി പറഞ്ഞു ‘ആൽബ നിങ്ങളോടെന്തു തെറ്റുചെയ്തു ഫിഡനെ നിങ്ങളോടെന്തു തെറ്റു ചെയ്തു, അതുതന്നെ. അവർ നിങ്ങളുടെ അയൽപക്കക്കാരാണ്; ക്ളുസിയക്കാർ ഞങ്ങളുടേയും, അയൽപക്കക്കാരെ നോക്കിക്കാണുന്നതിൽ നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും. നിങ്ങൾ ആൽബ കട്ടെടുത്തു; ഞങ്ങൾ ക്ളുസിയവും കൈയിലാക്കും.’ റോം പറഞ്ഞു: ‘നിങ്ങൾക്കു ക്ളുസിയം തരില്ല,’ ബ്രെനുസ് റോം പിടിച്ചെടുത്തു, എന്നിട്ട് അദ്ദേഹം കല്പിച്ചു ‘തോറ്റവൻ നശിക്കട്ടെ.’ ഇതാണ് ധർമ്മമെന്നുവെച്ചാൽ, ഹാ! ഈ ലോകത്തിൽ എന്തു ശവംതീനികളാണ്! എന്തു കഴുക്കൾ! എനിക്കതാലോചിക്കുമ്പോൾ ചോര തിളയ്ക്കുന്നു.’

അയാൾ തന്റെ ഗ്ലാസ് ഴൊലിക്കു കാണിച്ചു; ഴൊലി അതു നിറച്ചുകൊടുത്തു; ഉടനെ അതകത്താക്കി, അയാൾ വീണ്ടും തുടങ്ങി—ആ ഒരു ഗ്ലാസ് വീഞ്ഞുകൊണ്ടു വിശേഷമൊന്നുമുണ്ടായില്ല; അതിനെപ്പറ്റി ആരും, അയാൾകൂടിയും, വലിവെച്ചില്ല.

‘റോം പിടിച്ചെടുത്ത ബ്രെനുസ് ഒരു കഴുവാണ്; ആ പെൺകിടാവിനെപ്പിടിച്ചെടുത്ത പണക്കച്ചവടക്കാരനും ഒരു കഴുവാണ്! ആ പെൺകിടാവിനെപ്പിടിച്ചെടുത്ത പണക്കച്ചവടക്കാരനും ഒരു കഴുവാണ്! ഒന്നിൽ മര്യാദയില്ലെങ്കിൽ മറ്റതിലും ഒട്ടുമധികമില്ല; അതുകൊണ്ടു നമുക്കു യാതൊന്നും വിശ്വസിക്കാതിരിക്കുക. ഒന്നുമാത്രം വാസ്തവമായിട്ടുണ്ട്—കുടി. യുറിപ്രദേശക്കാരെപ്പോലെ നിങ്ങൾക്കു മെലിഞ്ഞ പൂവങ്കോഴി നന്നായാലും, അല്ലെങ്കിൽ ഗ്ലറി പ്രദേശക്കാരെപ്പോലെ നിങ്ങൾക്കു തടിച്ച പൂവങ്കോഴി നന്നായാലും ശരി, കുടിക്കൂ. നിങ്ങൾ എന്നോട് കോട്ടപ്പുറത്തെപ്പറ്റിയും ഘോഷയാത്രയെപ്പറ്റിയും മറ്റും മറ്റും പറകയുണ്ടായി. ആട്ടെ ചോദിക്കട്ടെ, മറ്റൊരു ഭരണപരിവർത്തനം ഭാവമുണ്ടോ? നല്ലവനായ ഈശ്വരന്റെ ഈ ആയുധദുർഭിക്ഷം എന്നെ അമ്പരപ്പിക്കുന്നു. ഓരോ നിമിഷത്തിലും അദ്ദേഹത്തിനു സംഭവങ്ങളുടെ ആണിക്കു മെഴുക്കിട്ടുകൊണ്ടിരിക്കണം. അതാ ഒരു കരട്. ചക്രമിളകാതായി. ട്ടും, ഭരണപരിവർത്തനം! നല്ലവനായ ഈശ്വരന്നു വണ്ടിമെഴുക്കിന്റെ കറകൊണ്ട് എപ്പോഴും കൈ കറുപ്പിച്ചുകൊണ്ടിരിക്കണം. ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ, എളുപ്പത്തിൽ കാര്യം കഴിക്കും: ഓരോ നിമിഷത്തിലും യന്ത്രത്തിനു താക്കോൽ കൊടുക്കേണ്ടിവരില്ല; മനുഷ്യസമുദായത്തെ ഞാൻ നേരേ നടത്തിക്കൊണ്ടുപോവും; ചരടറാനയയ്ക്കാതെ, ഞാൻ കാര്യങ്ങളെ കണ്ണികണ്ണിയായി കെട്ടിക്കൊണ്ടുപോവും; അപ്പപ്പോൾ മാറ്റി ശരിയാക്കേണ്ട ആവശ്യമുണ്ടാവില്ല: വിശേഷിച്ചൊരു ഖജാനയൊന്നും എനിക്കു വേണ്ടി വരില്ല. ബാക്കിയുള്ള നിങ്ങളൊക്കെ അഭിവൃദ്ധി എന്നു പറയുന്നതു രണ്ടു പ്രവർത്തനശക്തികളെക്കൊണ്ടാണ് നടക്കുന്നത്—മനുഷ്യരും സംഭവപരമ്പര പക്ഷേ. വ്യസനകരം എന്നേ പറയേണ്ടു. ഇടയ്ക്കിടയ്ക്കു ചില വ്യത്യസ്തതകൾ ആവശ്യമായിവരുന്നു. സാധാരണ നാടകയോഗം രണ്ടുകൂട്ടർക്കും മതിയാവുന്നില്ല, സംഭവങ്ങൾക്കുമില്ല, മനുഷ്യർക്കുമില്ല; മനുഷ്യർക്കിടയിൽ അതിബുദ്ധിമാന്മാർ ആവശ്യമായിവരുന്നു. സംഭവങ്ങൾക്കിടയിൽ ഭരണപരിവർത്തനങ്ങളും. മഹത്തരങ്ങളായ യദൃച്ഛാസംഭവങ്ങളാണ് നിയമം; സംഗതികളുടെ പുരോഗതിക്ക് അവ കൂടിയേ കഴിയു. എന്നല്ല ധൂമകേതുക്കളുടെ ആവിർഭാവംകൊണ്ടു നോക്കുമ്പോൾ, ആകാശത്തിന്നുതന്നെ അതിന്റെ കഥാഭിനയത്തിനു പുതിയ നടന്മാർ ആവശ്യമായി വരുന്നുണ്ടെന്നു തോന്നും. ആളുകൾ ലേശമെങ്കിലും സംശയിക്കാതിരിക്കുന്ന സമയത്ത്, ഈശ്വരൻ ആകാശമതിലിന്മേൽ കൊള്ളിമീനുകളെ വിളംബരം ചെയ്യുന്നു. ഒരു കൂറ്റൻ വാൽകൊണ്ടു കീഴ്‌വരയിട്ട ഏതോ വികൃതനക്ഷത്രം, അതാ, അരങ്ങത്തെത്തി, അതു സീസർചക്രവർത്തിയെ കൊന്നുകളഞ്ഞു. ബ്രൂട്ടസ് അദ്ദേഹത്തെ ഒരു കത്തികൊണ്ട് ഒരു കുത്ത്: ഈശ്വരൻ ഒരു ധൂമകേതുവെക്കൊണ്ടും, ട്ടും, അതാ ഒരു ധ്രുവതേജസ്സ്, അതാ ഒരു ഭരണപരിവർത്തനം, അതാ ഒരു മഹാൻ; 1793 വലിയക്ഷരത്തിൽ, നെപ്പോളിയനായി പാറാവ്, പരസ്യത്തിനു മുകളിൽ 1818-ലെ ധൂമകേതു. ഹാ! അപ്രതീക്ഷിതങ്ങളായ മിന്നല്പിണരുകളെക്കൊണ്ടു തിങ്ങി നിറഞ്ഞ എന്തൊരു കൗതുകകരമായ നീലരംഗം! ഭൂം!ഭൂം! അത്ഭുതകരമായ കാഴ്ച! ഹേ, പൊട്ടന്മാരേ, കൺമിഴിച്ചു നോക്കുവിൻ. ഒക്കെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു, നക്ഷത്രവും നാടകവും. എന്റെ ജഗദീശ്വരാ, ഇതു കുറേ ഏറി, ഇനിയും പോരാ. വ്യത്യസ്തതയിൽനിന്നെടുത്തുകൂട്ടിയ ഈ മുതലുകൾ അന്തസ്സിനേയും ദാരിദ്ര്യത്തേയും കാണിക്കുന്നു ചങ്ങാതിമാരേ, ഈശ്വരന്ന് ഉപായം നോക്കണമെന്നായിട്ടുണ്ട് ഒരു ഭരണപരിവർത്തനം എന്തിനെ കാണിക്കുന്നു? ഈശ്വരൻ അമ്പരപ്പിലായിട്ടുണ്ടെന്നതിനെ, കഴിഞ്ഞുകൂടാൻ നിവൃത്തി കാണാത്തതുകൊണ്ട് അദ്ദേഹം, ഈശ്വരൻ, രാജ്യഭരണത്തെ പെട്ടെന്നു പിടിച്ചൊരു തിരി തിരിക്കുന്നു. വാസ്തവത്തിൽ, ഇതുകാരണം, ഈശ്വരന്റെ സമ്പന്നതയെപ്പറ്റി എനിക്കുള്ള സംശയം ഉറച്ചു പോകുന്നു ആകാശത്തും ഭൂമിയിലും, ഒരു നെല്ലിന്മണിപോലുമില്ലാത്ത പക്ഷി മുതൽ കൊല്ലത്തിൽ ഒരു ലക്ഷം ലിവർനാണ്യം വരവില്ലാത്ത ഞാൻവരെ സകലത്തിലും, ഇത്രയധികം ആപത്തു കാണുമ്പോൾ, ഒട്ടുംതന്നെ നന്നായിട്ടില്ലാത്ത ഉടുപ്പിട്ട മനുഷ്യന്റെ യോഗവും ആകെ പിഞ്ഞിപ്പറിഞ്ഞ ഉടുപ്പിട്ട ഈശ്വരന്റെ യോഗവും കാണുമ്പോൾ, ദ് കോങ്ദെ രാജകുമാരൻ തൂക്കുമരത്തിലേറിയതു കാണുമ്പോൾ ഉള്ളിലൂടെ കൊടുങ്കാറ്റു കടക്കുന്ന മുകൾബ്ഭാഗത്തിന്റെ ഒരു കീറൽപ്പഴുതല്ലാതെ മറ്റൊന്നുമല്ലാത്ത തികഞ്ഞ പുത്തൻ ചക്രവർത്തിയുടുപ്പിന്മേൽക്കൂടിയും അത്രയധികം കീറത്തുണികൾ കാണുമ്പോൾ, ആ കള്ളമുത്തുകളായ മഞ്ഞിൻതുള്ളികൾ കാണുമ്പോൾ, ആ കുഴമാവാകുന്ന മഞ്ഞിൻപുക കാണുമ്പോൾ, മനുഷ്യ സമുദായത്തെ ചീന്തിപ്പൊളിച്ചും സംഭവപരമ്പരയെ കഷ്ണംവെച്ചു തുന്നിയും കാണുമ്പോൾ, സൂര്യനിൽ അത്രയധികം പുള്ളിക്കുത്തുകളും ചന്ദ്രനിൽ അത്രയധികം ദ്വാരങ്ങളും കാണുമ്പോൾ, എല്ലായിടത്തും അത്രയധികം കഷ്ടപ്പാടു കാണുമ്പോൾ, എനിക്ക് ഈശ്വരൻ ധനവാനല്ലെന്നു തോന്നിപ്പോകുന്നു. പുറംമോടി കാണിക്കുന്നുണ്ട്, വാസ്തവംതന്നെ; പക്ഷേ, അദ്ദേഹത്തിനു വലിയ കൈമുട്ടുണ്ടെന്നാണ് തോന്നുന്നത് പണപ്പെട്ടിയൊഴിഞ്ഞ ഒരു കച്ചവടക്കാരൻ നൃത്തവിനോദം കഴിക്കുന്നതുപോലെ, ഈശ്വരൻ ഒരു ഭരണപരിവർത്തനം നടത്തുന്നു. പുറംകാഴ്ചകളെക്കൊണ്ട് ഈശ്വരന്റെ സ്ഥിതി നിശ്ചയിച്ചുകൂടാ. സ്വർഗ്ഗത്തിന്റെ പുറംപൂച്ചിന്നടിയിൽ ഞാൻ ദാരിദ്ര്യംപിടിച്ച ലോകത്തെ കാണുന്നു. സൃഷ്ടികർത്താവു ദീപാളിപിടിച്ചിരിക്കുന്നു. അതാണ് എനിക്കു സ്വസ്ഥതയില്ലാത്തത്. ഇന്നു ജൂൺ 4-ാംനു-യാണ്, ഏകദേശം രാത്രിയായി; ഇന്നു പുലരാൻകാലംമുതല്ക്കു തുടങ്ങിയതാണ് ഞാൻ പകൽവെളിച്ചവും കാത്തിരിക്കാൻ; അതിതുവരെ വന്നിട്ടില്ല; ഞാൻ വാതുവെക്കാം, അതിനി വരികയുമില്ല. ശമ്പളം കുറഞ്ഞ ഗുമസ്തന്റെ വാക്കു തെറ്റിക്കലാണിത്. അതേ, ഒക്കെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു; ഒന്നും മറ്റൊന്നിനു പാകത്തിലല്ല; ഈ പഴക്കംചെന്ന ലോകം ആകെ കോടിക്കഴിഞ്ഞു; ഞാൻ വാദിക്കുന്നു, സകലവും ചെരിഞ്ഞുപോയി; ഈ പ്രപഞ്ചം ഒരുപദ്രവിയാണ്. അതു കുട്ടികളെപ്പോലെയാണ് —വേണമെന്നുള്ളവർക്ക് കുട്ടികളെ കിട്ടില്ല. വേണ്ടാത്തവർക്ക് കുട്ടികളേ ഉള്ളൂ. ആകത്തുക; എനിക്ക് മുഷിഞ്ഞു. പിന്നെ ലെയ്ൽ ദ് മോ, ആ കഷണ്ടിത്തല എന്നെ ശുണ്ഠിപിടിപ്പിക്കുന്നു. എനിക്കും ആ കഷണ്ടിത്തലയോളംതന്നെ പ്രായമെന്നാലോചിക്കുമ്പോൾ, പോരായ്മ തോന്നുന്നു. ഏതായാലും, ഞാൻ ഗുണദോഷം പറകയാണ്, പരിഹസിക്കുകയല്ല. പ്രപഞ്ചം ഇങ്ങനെതന്നെയിരിക്കും. ഒരു ദുരുദ്ദേശവുമില്ലാതെ, എന്റെ മനസ്സാക്ഷിയെ ആശ്വസിപ്പിക്കാൻവേണ്ടി മാത്രമാണ്, ഞാനീ പറയുന്നത്. എന്റെ ശാശ്വതപിതാവേ, എന്റെ വിലയേറിയ ബഹുമാനത്തെ കൈക്കൊള്ളുക. ഹാ! സ്വർഗ്ഗത്തിലെ എല്ലാ മഹർഷിമാരേയും വൈകുണ്ഠത്തിലെ എല്ലാ ദേവന്മാരേയും പിടിച്ചു ഞാൻ സത്യം ചെയ്യുന്നു, ഞാൻ പാരിസ്സുകാരനാവേണ്ടവനല്ല! എന്നുവെച്ചാൽ, രണ്ടു പന്തടിക്കോരികകൾക്കിടയിൽ, മടിയന്മാരുടെ കൂട്ടത്തിൽനിന്നു തണ്ടുതപ്പികളുടെ കൂട്ടത്തിലേക്ക്, എന്നെന്നും തെറിച്ചുംകൊണ്ടിരിക്കാനുള്ള ഒരു കളിപ്പന്തല്ല ഞാൻ. പകൽനേരം മുഴുവനും സുന്ദരിമാരായ അന്തഃപുരസ്ത്രീകളെ നോക്കിക്കണ്ടുകൊണ്ട്, ഒരു ചാരിത്രനിഷ്ഠന്റെ സ്വപ്നംപോലെ കാമവികാരപൂർണ്ണങ്ങളായ ഈജിപ്തിലെ ആ മനോഹരനൃത്തങ്ങളുമാടി കഴിയുന്ന ഒരു തുർക്കിക്കാരനോ, അല്ലെങ്കിൽ ഒരു ബോസറോൺ കൃഷിക്കാരനോ, അല്ലെങ്കിൽ മാന്യസ്ത്രീകളാൽ ചുറ്റപ്പെട്ട വെനിസ്സിലെ മാന്യനോ, അല്ലെങ്കിൽ ഒരു കാലാൾക്കഷ്ണത്തെ രാജ്യഭരണത്തിന്നുണ്ടാക്കിക്കൊടുത്തും, വേലിക്കു മുകളിൽവെച്ച്, അതായതു രാജ്യത്തിന്റെ അതിർത്തിയിൽവെച്ച്, ഇടയുള്ള സമയത്തെല്ലാം കാലുറയുണക്കിയും കഴിയുന്ന ഒരു ജർമ്മൻ രാജകുമാരനോ ആയിരിക്കേണ്ടവനാണ് ഞാൻ. ഞാൻ ജനിച്ചിട്ടുള്ളത് ഈ വക സ്ഥാനങ്ങളിലേക്കുവേണ്ടിയാണ്; അതേ ഞാനൊരു തുർക്കിക്കാരനാവണമെന്നാണു പറഞ്ഞത്, ഞാനതു തിരിച്ചെടുക്കുകയില്ല. തുർക്കിക്കാരിൽ ദോഷം മാത്രമേ ആളുകൾ കാണുന്നുള്ളൂ എന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാവുന്നില്ല; മുഹമ്മദിനു നല്ല ഭാഗങ്ങളുണ്ട്; സുന്ദരിമാരോടുകൂടിയ അരമനകളുടേയും തേവിടിശ്ശികളോടുകൂടിയ സ്വർഗ്ഗങ്ങളുടേയും കണ്ടുപിടിത്തക്കാരനു കൂപ്പുകൈ? നമുക്കു മുഹമ്മദുമതത്തെ, കോഴിക്കൂടിനാൽ അലംകൃതമായ ആ ഏകമതത്തെ, അധിക്ഷേപിക്കാതിരിക്കുക! അപ്പോൾ എനിക്കൊരു കടി കൂടിയേ കഴിയൂ. ഭൂമി ഒരു വമ്പിച്ച വിഡ്ഢിത്തക്കഷ്ണമാണ്. അപ്പോൾ ആ ധാതുബലമില്ലാത്തവരെല്ലാംകൂടി, ഈ വേനല്ക്കാലത്തിന്റെ ഒത്ത നടുക്കു, ജൂൺമാസത്തിൽ, ഒരു പെൺകിടാവിനു കൈയും കൊടുത്തു വയലുകളിലെ പുതുകൊയ്ത്തു കഴിഞ്ഞ വൈക്കോൽമണം അനുഭവിക്കുന്നതിനു യാത്ര തിരിക്കേണ്ട സമയത്തു യുദ്ധം ചെയ്യാനും അന്യോന്യം ചെത്തിമുറിക്കാനും കൊത്തിനുറുക്കാനുമുള്ള പുറപ്പാടാണെന്നു തോന്നുന്നു! വാസ്തവത്തിൽ ആളുകൾ ആകപ്പാടെ വേണ്ടതിലധികം വങ്കത്തങ്ങൾ കാണിക്കുന്നു. ഞാനിപ്പോൾത്തന്നെ കണ്ടുപോന്ന ഒരു വിചിത്രവസ്തുവ്യാപാരിയുടെ പീടികയിലെ ഒരു പഴയ മുറിയൻ റാന്തൽ എന്റെ മനസ്സിൽ ഒരു സംഗതി ഉദിപ്പിച്ചു; മനുഷ്യജാതിയെ വെളിച്ചംവെപ്പിക്കേണ്ട കാലമായി. അതാ, ഞാൻ പിന്നെയും ദുഃഖത്തിലാഴുന്നു. ഇതാണ് ഒരു കക്കയും ഭരണ പരിവർത്തനവും വേണ്ടപോലെയല്ലാതെ എടുത്തുവിഴുങ്ങിയാലുള്ള ഫലം! ഒരിക്കൽക്കൂടി ഞാൻ ദുഃഖിതനാവുന്നു. ഹാ! വല്ലാത്തതായ കിഴവൻലോകം. ആളുകൾ അധ്വാനിക്കുന്നു, അന്യോന്യം ആട്ടിപ്പായിക്കുന്നു, അവരവരെ ചീത്തപ്പെടുത്തുന്നു, തമ്മിൽ കൊല്ലുന്നു, അങ്ങനെ അതൊരു ശീലമായി.’

ഈ പ്രസംഗമൂർച്ഛയ്ക്കുശേഷം ഗ്രന്തേർ ചുമമൂർച്ഛയിൽപ്പെട്ടു; അതു വേണ്ടതാണുതാനും.

‘ഭരണപരിവർത്തനത്തെപ്പറ്റി പറയുമ്പോൾ,’ ഴൊലി അഭിപ്രായപ്പെട്ടു, ‘ബരിയുസ് ഒരനുരാഗത്തിൽപ്പെട്ടിട്ടുണ്ട്, തീർച്ചയാണ്.’

‘ആരെക്കുറിച്ചാണെന്നു പറയുവാൻ കഴിയുമോ?’ ലെയ്ൽ കല്പിച്ചു ചോദിച്ചു.

‘കഴിയും.’

‘ഇല്ല?’

‘കഴിയും; ഞാൻ പറഞ്ഞുതരാം.’

‘മരിയുസ്സിന്റെ അനുരാഗകഥ!’ ഗ്രന്തേർ ഉച്ചത്തിൽ പറഞ്ഞു, ‘എനിക്കതൂഹിക്കാൻ കഴിയും. മരിയുസ്സ് ഒരു മൂടൽമഞ്ഞാണ്; അയാൾ ഒരാവി കണ്ടിട്ടുണ്ടാവണം. മരിയുസ്സ് കവിവർഗ്ഗത്തിൽപ്പെട്ട ആളാണ്; കവി എന്നുവെച്ചാൽ, വിഡ്ഢി, നൊസ്സൻ. മരിയുസ്സും അല്ലെങ്കിൽ അയാളുടെ മരിയോങ്ങും അല്ലെങ്കിൽ അയാളുടെ മറിയയും അല്ലെങ്കിൽ അയാളുടെ മരിയത്തും. അവർ രണ്ടുപേരും കൂടിയാൽ നേരമ്പോക്കുകളുള്ള ഒരേ കാമിനീകാമുകന്മാരാവണം. അതെങ്ങനെയിരിക്കുമെന്ന് എനിക്കറിയാം ചുംബിക്കാൻ മറന്നുപോകുന്ന ആനന്ദമൂർച്ഛകൾ. ഭൂമിയിൽ ബ്രഹ്മചാരികൾ, സ്വർഗ്ഗത്തിൽ വിവാഹിതർ. അവർ ഇന്ദ്രിയങ്ങളോടുകൂടിയ ആത്മാക്കളായിരിക്കും. അവർ നക്ഷത്രങ്ങളുടെ ഇടയിൽച്ചെന്നു കിടക്കുന്നു.’

ഗ്രന്തേർ തന്റെ രണ്ടാമത്തെ കുപ്പിയിൽ പിടികൂടുകയും ഒരു സമയം രണ്ടാമത്തെ പ്രസംഗത്തിൽ കൈവയ്ക്കുകയുമായി; അപ്പോൾ ഒരു പുതിയ ആൾ കോണിപ്പടിയുടെ ചതുരദ്വാരത്തിൽനിന്ന് ആവിർഭവിച്ചു. അതു, പത്തുവയസ്സു പ്രായമാവാതെ, കീറത്തുണിയുടുത്തു, ചെറുതായി. മഞ്ഞച്ച്, ഒരു വികൃതമോന്തയോടും ഒരു ചുണയുള്ള കണ്ണോടും മഴ നനഞ്ഞ് ഈറനായ ഒരുപാടു തലമുടിയോടും ഒരു സംതൃപ്തഭാവത്തോടുകൂടിയ ഒരു കുട്ടിയായിരുന്നു.

കുട്ടി ആ മൂന്നുപേരിൽവെച്ചു തനിക്കുവേണ്ട ആളെ സംശയംകൂടാതെ തിരഞ്ഞുപിടിച്ചു, ലെയ്ൽ ദ് മോവോടു പറഞ്ഞു: നിങ്ങളാണോ മൊസ്യു ബൊസ്സ്വെ?’

‘അതെന്റെ ശകാരപ്പേരാണ്’, ലെയ്ൽ മറുപടി പറഞ്ഞു, ‘എന്താണ് കാര്യം?’

‘ഇതുതന്നെ, ചെമ്പൻമുടിയും നീലക്കണ്ണുമുള്ള ഒരു നീണ്ട മനുഷ്യൻ കോട്ടപ്പുറത്തുവെച്ച് എന്നോടു ചോദിച്ചു: ‘നിങ്ങൾ മതർ യൂഷെലൂവിനെ അറിയുമോ?’ ഞാൻ പറഞ്ഞു: ‘ഉവ്വ്, റ്യു ഷങ് വ്രെറിയിൽ ആ വയസ്സന്റെ വിധവ.’ അയാൾ എന്നോടു പറഞ്ഞു: ‘അങ്ങോട്ടു ചെല്ലൂ. അവിടെ മൊസ്യു ബൊസ്സ്വെയെ കാണാം. അയാളോട് ഞാൻ പറഞ്ഞതായി പറയൂ, ‘എ ബി സി’ എന്ന്. അവർ നിങ്ങളെ കളിയാക്കുകയാണ്, അല്ലേ? അയാൾ എനിക്കു പത്തു സൂ തന്നു.’

‘ഴൊലി, എനിക്കു പത്തു സൂ കടം തരു’ ലെയ്ൽ പറഞ്ഞു; ഗ്രന്തേറെ നോക്കിയിട്ട്, ‘ഗ്രന്തേർ, പത്തു സൂ കടംതരൂ.’

അപ്പോൾ ഇരുപതു സൂവായി; അത് ലെയ്ൽ ആ കുട്ടിക്കു കൊടത്തു.

‘നന്ദി പറയുന്നു, സേർ’, ആ ചെക്കൻ പറഞ്ഞു.

‘എന്താണ് പേർ?’, ലെയ്ൽ ചോദിച്ചു.

‘നവെ, ഗവ്രോഷിന്റെ സ്നേഹിതൻ.’

‘ഞങ്ങളുടെ കൂടെ കൂടൂ,’ ലെയ്ൽ പറഞ്ഞു.

‘ഞങ്ങടെ ഒന്നിച്ചു പ്രാതൽ കഴിക്ക്,’ ഗ്രന്തേർ പറഞ്ഞു.

കുട്ടി മറുപടി പറഞ്ഞു: ‘നിവൃത്തിയില്ല, ഞാൻ ഘോഷയാത്രയിൽ ചേർന്നാളാണ്. ഞാനാണ് ‘പൊളിന്യാക് പോയ്ച്ചാവട്ടെ’ എന്നു വിളിച്ചുപറയുന്നത്.’

പിന്നിലേക്കു കാൽ നീട്ടി കുറച്ചിട നിലത്തുരച്ചുകഴിഞ്ഞതിനുശേഷം—ഇത് എല്ലാത്തരം ഉപചാരങ്ങളിലുംവെച്ച് അത്യധികം ബഹുമാനപൂർവ്വമാണ്—അവൻ ഒരു നട നടന്നു.

കുട്ടി പോയപ്പോൾ, ഗ്രന്തേർ ആരംഭിച്ചു: ‘അത് ഒരെണ്ണംപറഞ്ഞ തെമ്മാടിച്ചെക്കനാണ്. തെമ്മാടിച്ചെക്കന്മാർ പലതരത്തിലുണ്ട്. ആധാരം സാക്ഷിപ്പെടുത്തുന്ന ആളുടെ തെമ്മാടിച്ചെക്കന്റെ പേർ ഓവുചാൽ ചാടി എന്നാണ്: വെപ്പുകാരിയുടെ തെമ്മാടിച്ചെക്കനുള്ള പേർ ചെറുവെങ്കായം: അപ്പക്കാരന്റെ തെമ്മാടിച്ചെക്കന്ന് അടുപ്പുതോണ്ടി; പരിചാരകന്റെ തെമ്മാടിച്ചെക്കന്റെ പേരാണ് ചെക്കൻ; കപ്പലിലെ തെമ്മാടിച്ചെക്കന്നു കപ്പൽച്ചെറുക്കൻ; പട്ടാളക്കാരന്റെ തെമ്മാടിച്ചെക്കന്നു പേർ ചെണ്ടക്കാരൻ; ചിത്രമെഴുത്തുകാരന്റെ തെമ്മാടിച്ചെക്കന്റേതു ചായമരവുകാരൻ: കച്ചവടക്കാരന്റെ തെമ്മാടിച്ചെക്കന്നു പേർ കിങ്കരൻ; കൊട്ടാരത്തിലെ തെമ്മാടിച്ചെക്കന്റെ പേർ സേവൻ; രാജാവിന്റെ തെമ്മാടിച്ചെക്കന്നു പേർ യുവരാജാവ്: ഈശ്വരന്റെ തെമ്മാടിച്ചെക്കന്നു പേർ കുട്ടിക്രിസ്തു.’

ഈയിടയ്ക്കു ലെയ്ൽ മനോരാജ്യത്തിലായി; അയാൾ ഏതാണ്ടുച്ചത്തിൽ പറഞ്ഞു: ‘എ, ബി, സി, എന്നുവെച്ചാൽ: ലാമാർക്കിന്റെ ശവസംസ്കാരം.’

‘ആ ചെമ്പൻമുടിയും നീലക്കണ്ണുമുള്ള നീണ്ട മനുഷ്യൻ ആൻഷൊൽരാ; അയാൾ നിങ്ങൾക്കു മുന്നറിവു തരുന്നു.’

‘നമുക്കു പോവുക,’ ബൊസ്സ്വെ ഉച്ചത്തിൽപ്പറഞ്ഞു.

‘കൊള്ള തുടങ്ങി’, ഴൊലി അഭിപ്രായപ്പെട്ടു. ‘ഞാൻ തിയ്യിലൂടെ നടക്കാമെന്ന് ഏറ്റിട്ടുണ്ട്; വെള്ളത്തിലൂടെയില്ല. എനിക്കു പണം ആവശ്യമില്ല.’

‘ഞാനിവിടെ കൂടാം’, ഗ്രന്തേർ പറഞ്ഞു, ‘ശവമഞ്ചത്തെക്കാൾ എനിക്കിഷ്ടം പ്രാതലാണ്.’

‘ഉപസംഹാരം: നമുക്കു പോകേണ്ട,’ ലെയ്ൽ പറഞ്ഞു, ‘ആട്ടെ, അപ്പോൾ, നമുക്കു കുടിക്കുക. എന്നല്ല, കൊള്ളയിടൽ കാണുകയും ചെയ്യാം, ശവസംസ്കാരം കാണുകയും വേണ്ടാ.’

‘ഹാ! കൊള്ളയിടൽ, ഞാനുമുണ്ട് കൂടെ,’ ഴൊലി പറഞ്ഞു. ലെയ്ൽ കൈ തിരുമ്മി.

‘അപ്പോൾ നമ്മൾ 1830-ലെ ഭരണപരിവർത്തനത്തിൽച്ചെന്നു മുട്ടുകയായി. വാസ്തവത്തിൽ അത് ആളുകളുടെ സന്ധികൾ തകരാറാക്കുന്നു.’

‘ഞാൻ നിങ്ങളുടെ ഭരണപരിവർത്തനത്തെപ്പറ്റി അത്രയൊന്നും ആലോചിക്കുന്നില്ല,’ ഗ്രന്തേർ പറഞ്ഞു, ‘എനിക്ക് ഈ ഗവർമ്മേണ്ടോടു വെറുപ്പില്ല. അതു പരുത്തികൊണ്ടുള്ള രാത്രിത്തൊപ്പിയാൽ പതംപിടിപ്പിക്കപ്പെട്ട കിരീടമാണ്. ഒരു കുടയായിട്ടവസാനിക്കുന്ന ഒരു ചെങ്കോൽ. വാസ്തവത്തിൽ ഇപ്പോഴത്തെ കാലസ്ഥിതിക്കു, ഞാൻ വിചാരിക്കുന്നതു ലൂയി ഫിലിപ്പ് തന്റെ രാജത്വത്തെ രണ്ടു വഴിക്കുപയോഗിച്ചാൽ നന്നായിരിക്കുമെന്നാണ്— ചെങ്കോൽക്കെട്ടുള്ള ഭാഗത്തെ ജനങ്ങളുടെ മേലെയ്ക്കടുപ്പിക്കുകയും കുടയായിട്ടുള്ള ഭാഗത്തെ ആകാശത്തിന്റെ നേരെ നിവർത്തുകയും ചെയ്യട്ടെ.’

മുറി ഇരുണ്ടിരുന്നു: വലിയ മേഘങ്ങൾ വന്നു പകലിന്റെ ബാക്കിഭാഗവും നശിപ്പിച്ചുകഴിച്ചു. വീഞ്ഞുകടയിലാവട്ടേ തെരുവിലാവട്ടേ ഒരാളുമില്ല; എല്ലാവരും എന്താണു നടക്കുന്നതെന്നു നോക്കാൻ പോയിരിക്കുന്നു.

‘ഉച്ചയോ അർദ്ധരാത്രിയോ ഇപ്പോൾ?’ ബൊസ്സ്വെ ഉച്ചത്തിൽ പറഞ്ഞു, ‘മുഖത്തു കുത്തിയാലറിയില്ല. ഗിബെലോത്ത്, ഒരു വെളിച്ചം കൊണ്ടുവരൂ.’

ഗ്രന്തേർ ഒരു വ്യസനഭാവത്തിലിരുന്നു കുടിക്കുകയാണ്.

‘ആൻഷൊൽരാ എന്നെ അധിക്ഷേപിക്കുകയാണ്,’ അയാൾ പതുക്കെപ്പറഞ്ഞു. ‘ആൻഷൊൽരാ പറഞ്ഞിരിക്കും, ‘ഴൊലി രോഗത്തിലാണ്. ഗ്രന്തേർ കുടിയിലും. ബൊസ്സ്വൊയ്ക്കാണ് അയാൾ നവെയെ അയച്ചത്. അവൻ വന്നത് എന്നെ വിളിക്കാനാണെങ്കിൽ ഞാൻ പോയേനേ. അത്രയും ആൻഷൊൽരായുടെ വിഡ്ഢിത്തം! ഞാനയാളുടെ ശവസംസ്കാരത്തിനു പോകുന്നില്ല.’

ഇങ്ങനെ തീർച്ചപ്പെടുത്തി. ബൊസ്സ്വെയും ഴൊലിയും ഗ്രന്തേറും വീഞ്ഞുകടയിൽനിന്നിളകിയില്ല. ഉച്ച തിരിഞ്ഞു രണ്ടു മണിയായപ്പോഴേയ്ക്ക്, അവരുടെ മേശപ്പുറത്തു മുഴുവനും ഒഴിഞ്ഞു കുപ്പികളായി. തികച്ചും പച്ചച്ചിരുന്ന ഒരു പരന്ന ചെമ്പുമെഴുതിരിക്കാലിൽ ഒന്നും ഒരുടഞ്ഞ കുപ്പിയുടെ കഴുത്തിൽ മറ്റൊന്നുമായി രണ്ടു മെഴുതിരികൾ ആ മേശമേൽ ഇരുന്നു കത്തുന്നുണ്ട്. ഗ്രന്തേർ ഴൊലിയേയും ബൊസ്സ്വെയേയും കുടിയിലേക്കു പിടിച്ചു തിരിച്ചു: ബൊസ്സ്വെയും ഴൊലിയും കൂടി ഗ്രന്തേറെ ആഹ്ലാദത്തിലേക്കും.

ഗ്രന്തേറാണെങ്കിൽ, ഉച്ചമുതല്ക്കു തുടങ്ങി അയാൾ മനോരാജ്യങ്ങളുടെ സാമാന്യപ്രവർത്തകൻ മാത്രമായ വീഞ്ഞിനെ കവച്ചുകടന്നിട്ട്, ഒന്നാന്തരം കുടിയന്മാരുടെ ഇടയിൽ വീഞ്ഞിന് ഒരു സാമാന്യപ്പേരേ ഉള്ളൂ. വാസ്തവത്തിൽ ലഹരിയുടെ കാര്യത്തിലുമുണ്ട് നല്ല മന്ത്രവാദവും ചീത്ത മന്ത്രവാദവും; വീഞ്ഞു നല്ല മന്ത്രവാദം മാത്രമാണ് ഗ്രന്തേർ ഒരു കടന്ന കുടിയനായിരുന്നു. അയാളുടെ മുൻപിൽ വായ പിളർത്തുന്ന ഒരു ഭയങ്കരലഹരിയുടെ കൊടുംകറുപ്പ് അയാളെ അമ്പരപ്പിക്കുന്നതിനു പകരം ആകർഷിച്ചു. അയാൾ വീഞ്ഞുകുപ്പി തട്ടി ബീർഗാസ് കൈയിലെടുത്തു. ബീർഗ്ലാസ് അഗാധഗുഹയാണ്. കറപ്പോ കഞ്ചാവോ കൈയിലില്ലാതിരിക്കയും തന്റെ തല കൊണ്ടുപിടിച്ചു തിരിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരിക്കയും ചെയ്തതുകൊണ്ട് അയാൾ ഏറ്റവും ഭയങ്കരമായ മോഹാലസ്യമുണ്ടാക്കുന്ന ബ്രാണ്ടിയും വിസ്കിയും ബീറും ചേർത്തുള്ള ആ വല്ലാത്ത മരുന്നുകൂട്ടു തെയ്യാറാക്കുവാൻ നിശ്ചയിച്ചു. ബ്രാണ്ടി, വിസ്കി, ബീർ എന്നീ മൂന്നു പുകകളെക്കൊണ്ടാണ് ആത്മാവിന്റെ കടഞ്ഞാണുണ്ടാക്കിയിട്ടുള്ളത്. അവ മൂന്നും മൂന്നിരുട്ടാണ്; ദിവ്യപ്പൂമ്പാറ്റ അവയിലാണ്ടുപോകുന്നു; അവിടെ കടവാതിലിന്റെ ചിറകായി കൊഴുപ്പിച്ചു കട്ടിയാക്കിയ ഒരംഗസംബന്ധിപ്പുകയ്ക്കുള്ളിൽവെച്ചാണ് ഉറങ്ങിയ ആത്മാവിൻമീതെ ചുറ്റിപ്പറ്റുന്ന ദുസ്സ്വപ്നം, രാത്രി, മരണം എന്നീ മൂന്നു മിണ്ടാസ്സംഭ്രമങ്ങൾ ഉണ്ടായിത്തീരുന്നത്.

ഗ്രന്തേർ ആ ദയനീയസ്ഥിതിയിൽ എത്തിക്കഴിഞ്ഞിട്ടില്ല; അതിനു നന്നേ ഇപ്പുറത്താണ്. അയാൾ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി; ബൊസ്സ്വെയും ഴൊലിയും അതു തിരിച്ചടിച്ചു. അവർ ഗ്ലാസ്സുകൾ എടുക്കുകയും വെയ്ക്കുകയുംതന്നെ. വാക്കുകളുടേയും വിചാരങ്ങളുടേയും ഉറപ്പിക്കലോടു ഗ്രന്തേർ സവിശേഷതരം ആംഗ്യങ്ങളും കൂട്ടിച്ചേർത്തു: അയാൾ ഇടഞ്ഞ കൈമുഷ്ടി ധാടിയോടുകൂടി കാൽമുട്ടിന്മേൽ വെച്ചു, ഭുജംകൊണ്ട് ഒരു സമക്കോണുണ്ടാക്കി, അഴിഞ്ഞ കണ്ഠവസ്ത്രത്തോടുകൂടി, ഒരു മുക്കാലിന്മേൽ വിലങ്ങനെ ഇരുന്നു, വലത്തേ കൈയിൽ മദ്യം നിറച്ച ഗ്ലാസ്സും പിടിച്ചു, ആ പോത്തൻദാസിയുടെ, മതെലോത്തിന്റെ, നേരെ ആ സഗൗരവവാക്കുകൾ വലിച്ചെറിഞ്ഞു; ‘അരമനയുടെ വാതിലുകളൊക്കെ മലർക്കെത്തുറന്നിടുക! ഓരോരുത്തനും ഫ്രഞ്ചുപണ്ഡിതമഹായോഗത്തിന്റെ അംഗമായിരിക്കട്ടെ; ഓരോരുത്തനും യൂഷെലൂവിനെ ആലിംഗനം ചെയ്വാൻ അവകാശമുണ്ടാവട്ടെ. നമുക്കു കുടിക്കുക.’

എന്നിട്ടു മദാം യൂഷെലൂവിനു നേരെ തിരിഞ്ഞ്, അയാൾ തുടർന്നു പറഞ്ഞു. പ്രായംചെന്നവളും ഉപയോഗിക്കപ്പെടൽകൊണ്ടു വന്ദ്യത കൂടിയവളുമായ ഹേ അമ്മേ, ഇങ്ങോട്ടടുത്തു വരൂ: ഞാൻ നിങ്ങളെ നോക്കിക്കാണട്ടേ!’

ഴൊലി ഉച്ചത്തിൽ പറഞ്ഞു: ‘മതെലോത്ത്, ഗിബെലോത്ത്, നിങ്ങൾ രണ്ടുപേരും ഗ്രന്തേർക്ക് ഇനി യാതൊന്നും കുടിക്കാൻ കൊടുക്കരുത്. ഈ ഇരുപ്പിൽ അയാൾ, വല്ലാത്ത ധാരാളിത്തത്തോടുകൂടി, രണ്ടു ഫ്രാങ്കും തൊണ്ണൂറ്റഞ്ചു സെന്റൈമും അകത്താക്കിക്കഴിഞ്ഞു.’

ഗ്രന്തേർ വീണ്ടും തുടങ്ങി. ‘എന്റെ സമ്മതം കൂടാതെ ആരാണ് നക്ഷത്രങ്ങളെ അഴിച്ചെടുത്തു മെഴുതിരികളുടെ വേഷത്തിൽ മേശപ്പുറത്തു നിരത്തിയത്?’

നല്ല കുടി കുടിച്ചുവെങ്കിലും ബൊസ്വെയ്ക്കു തലയ്ക്കു പിടിച്ചിരുന്നില്ല.

അയാൾ, പുറംമഴയേറ്റു നനഞ്ഞുംകൊണ്ടു ജനാലയുടെ കട്ടിളപ്പടിയിലിരുന്നു, തന്റെ രണ്ടു ചങ്ങാതികളേയും നോക്കിക്കാണുകയായിരുന്നു.

പെട്ടെന്ന് അയാൾ പിന്നിൽനിന്ന് ഒരു ലഹള കേട്ടു; ‘ആയുധമെടുക്കുവിൻ’ എന്നുള്ള ആർത്തുവിളി, ആളുകളുടെ പാഞ്ഞുവരവ്. അയാൾ തിരിഞ്ഞുനോക്കി, റ്യു സാങ്ദെനിയിൽ റ്യു ദ് ല ഷങ്വ്രെറിയുടെ അറ്റത്തായി കൈയിൽ തോക്കോടു കൂടി ആൻഷൊൽരയേയും കൈത്തോക്കോടുകൂടി ഗവ് രോഷിനേയും, വാളോടുകൂടി ഫെയ്ലിയേയും വാളോടുകൂടി കുർഫെരാക്കിനേയും, ചെറുതോക്കോടുകൂടി ഴാങ്പ്രുവേറെയും, തോക്കോടുകൂടി കൊംബ്ഫെറേയും, തോക്കോടുകൂടി ബയോരെലേയും, പിന്നാലെ ആയുധധാരികളായി ലഹളകൂട്ടിക്കൊണ്ടുള്ള ജനസംഘത്തേയും കണ്ടു.

റ്യു ദ് ഷങ്വ്രെറിയിലേക്ക് ഒരു വെടിപ്പാട് ദൂരമില്ല. അയാൾ രണ്ടു കൈകൊണ്ടുംകൂടി ഒരുച്ചവാദിനിയന്ത്രമുണ്ടാക്കി വായോടടുപ്പിച്ചു പിടിച്ചു. ഉച്ചത്തിൽ കൂക്കി: ‘കുർഫെരാക്! കുർഫെരാക്! ഹേ ഹേ!’

കുർഫെരാക് വിളി കേട്ടു, ബൊസ്സ്വെയെ കണ്ടു, റ്യു ദ് ല ഷങ് വ്രെറിയിലേക്കു കുറച്ചടി ഇങ്ങനെ വിളിച്ചുപറഞ്ഞുംകൊണ്ട് അടുത്തുചെന്നു: ‘എന്തു വേണം?’ അത്, എവിടേക്കു പോകുന്നു’ എന്നുള്ളതിനോടു വിലങ്ങനെ ചെന്നുമുട്ടി.

‘ഒരു വഴിക്കോട്ടയുണ്ടാക്കാൻ’ കുർഫെരാക് മറുപടി പറഞ്ഞു.

‘ആട്ടെ, ഇവിടെ! ഇതൊരു നല്ല സ്ഥലമാണ്! ഇവിടെയുണ്ടാക്കൂ.’

‘അത് ശരിയാണ്, എയ്ൽ’, കുർഫെരാക് പറഞ്ഞു.

കുർഫെരാകിന്റെ ഒരാംഗ്യം കണ്ടതോടുകൂടി, ആ ആൾക്കൂട്ടം മുഴുവനും റ്യു ദ് ല ൽഘ്വ്രെറിയിലേക്ക് തള്ളിക്കയറി.

കുറിപ്പുകൾ

[1] ഫ്രാൻസിസ് ദ് അസ്സിസി എന്ന സന്ന്യാസിശ്രേഷ്ഠനാൽ സ്ഥാപിക്കപ്പെട്ട സന്യാസിസംഘാംഗം.

[2] 15-ആം നൂറ്റാണ്ടിൽ പയോളയിലെ ഫ്രാൻസിസ് സന്ന്യാസി ഏർപ്പെടുത്തിയ സന്ന്യാസിമഠത്തിൽ ചേർന്ന ആൾ.

[3] മത്തിയോ ദി ബസ്സി എന്ന ഒരു സന്ന്യാസി ഫ്രാൻസിസ്കൻമഠത്തെ പരിഷ്കരിച്ചതാണ് കപൂഷിൻ സന്ന്യാസിമഠം.

[4] ചിറകെന്നും എഴുതുന്ന തൂവലെന്നും.

[5] ക്രി. മൂ 300-ൽ റോം മുഴുവനും തകർത്തുകളഞ്ഞ ഒരു ഫ്രഞ്ച് പ്രഭു ‘തോറ്റവൻ നശിക്കട്ടെ’ എന്ന ചൊല്ലിന്റെ ആദികർത്താവ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.