images/hugo-38.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.2.1

ഴാവേര്‍ റ്യു ദ് ലോം അര്‍മെയില്‍നിന്നു പതുക്കെയിറങ്ങി.

ജീവിതകാലത്തിനുള്ളില്‍ ഒന്നാമതായി അയാള്‍ തലയും താഴ്ത്തി നടന്നു; അതു പോലെതന്നെ ജീവിതകാലത്തിനുള്ളില്‍ ഒന്നാമതായി അയാള്‍ കൈ പിന്നോക്കം പിടിച്ചു.

അതേ ദിവസംവരെ നെപ്പോളിയന്റെ നിലകളില്‍നിന്നു കൈ രണ്ടും മാറത്തുകെട്ടി നിശ്ചയദാര്‍ഡ്യത്തെ കാണിക്കുന്നതായുള്ള ആ ഒന്നുമാത്രമേ ഴാവേര്‍ കടം വാങ്ങിയിട്ടുണ്ടായിരുന്നുള്ളു; സംശയത്തെക്കാണിക്കുന്നതായ മറ്റേ നില—കൈകള്‍ പിന്നോക്കം കൂട്ടിപ്പിടിച്ചുകൊണ്ടുള്ളത്—അതേവരെ അയാള്‍ക്കറിഞ്ഞുകൂടായിരുന്നു. ഇപ്പോള്‍ ഒരു മാറ്റം വന്നിരിക്കുന്നു; അവധാനപൂര്‍വ്വവും ഗൗരവമയവുമായ അയാളുടെ മട്ടില്‍ മുഴുവനും സംഭ്രമം പതിഞ്ഞിരുന്നു.

അയാള്‍ ആ നിശബ്ദത്തെരുവുകളിലേക്കാണ്ടു.

എന്തായാലും അയാള്‍ ഒരു വഴി പിടിച്ചാണ് പോയിരുന്നത്.

അയാള്‍ സെയിൻനദിയിലേക്കുള്ള എളുപ്പവഴി പിടിച്ചു. ദെ ഓര്‍മെ പാതാറിലെത്തി, പാതാറിന്നു വക്കുകരയിട്ടുകൊണ്ടു നടന്നു. ഗ്രേവ് കടന്നു, നോത്തൃദാം പ്രദേശത്തിന്റെ മുലയ്ക്കല്‍ പ്ലാസ്ദ്യുഷാതെലെ പൊല്ലീസ് സ്റ്റേഷന്റെ കുറച്ചകലെയായി നിന്നു. അവിടെ നോത്തൃദാമും പോങ്ഓഷാങ്ങും ഒരു ഭാഗത്തും, കേദലമെഗിസ്സെെറിയും കേ ഓഫ്ലൂറും മറുഭാഗത്തുമുള്ളതിന്റെ നടുക്കു സെയിന്‍നദിനല്ല ഒഴുക്കുള്ള ഒരുതരം ചതുരത്തടാകമായിച്ചമയുന്നുണ്ട്.

സെയിന്‍നദിയുടെ ഈ ഭാഗത്തെപ്പറ്റി കപ്പലോട്ടകാര്‍ക്കു ബഹു ഭയമാണ്. അക്കാലത്തുണ്ടായിരുന്നതും പിന്നീട് പൊടിച്ചുകളഞ്ഞതുമായ പാലത്തൂണ്‍കുട്ടങ്ങളാല്‍ ചുറ്റപ്പെട്ടതും ശുണ്ഠിപിടിക്കപ്പെട്ടതുമായ ആ ഒഴുക്കുത്തിനേക്കാള്‍ അപായകരമായി മറ്റൊന്നുമില്ല. അത്രമേല്‍ അടുത്തുനില്ക്കുന്ന ആ രണ്ടു പാലങ്ങള്‍ അപകടസ്ഥിതിയെ ഒന്നുകുടിവലുതാക്കുന്നു; വെള്ളം കമാനപ്പഴുതുകൾക്കുള്ളിലൂടെ ഭയങ്കരമട്ടില്‍ തള്ളിപ്പായുന്നു. അതു വമ്പിച്ചതും എന്തെന്നില്ലാത്തതുമായ തിര തള്ളിമറിയുന്നു; വെള്ളംകൊണ്ടുള്ള കമ്പക്കയറുകളിട്ടു പാലങ്ങളുടെ തൂണുകളെ പുഴക്കിമറിക്കാനാണെന്നു തോന്നുമാറ് ഒഴുക്കിന്‍തള്ളിച്ച അവയെ ആക്രമിക്കുന്നു. അവിടെ വീണുപോയ മനുഷ്യര്‍ ഒരിക്കലും പൊന്തിവരികയില്ല; എണ്ണംപറഞ്ഞ നീന്തല്‍ക്കാര്‍ അവിടെ മുങ്ങിച്ചാവുന്നു.

ഴാവേര്‍ ആള്‍മറമേല്‍ കൈമുട്ടു കുത്തി, രണ്ടു കൈകൊണ്ടും കവിള്‍ താങ്ങി, അറിയാതെ നഖങ്ങളെ കവിള്‍മീശക്കെട്ടില്‍ ചുറ്റിക്കയറ്റിക്കൊണ്ട, അങ്ങനെ നിന്നാലോചിച്ചു.

ഒരത്ഭുതം, ഒരു ഭരണപരിവര്‍ത്തനം, ഒരത്യാപത്ത്, അയാളുടെ അന്തഃകരണത്തിന്നടിയില്‍വെച്ചു സംഭവിച്ചിരിക്കുന്നു; അയാൾക്കു തന്നത്താന്‍ വിചാരണചെയ്യേണ്ടതായ എന്തോ ഒന്നുണ്ടായിട്ടുണ്ട്.

ഴാവേര്‍ ഭയങ്കരദുഃഖം അനുഭവിക്കുകയാണ്.

കുറേ മണിക്കൂറുകളോളമായി ഴാവേര്‍ ഴാവേറല്ലാതായിട്ട്. അയാള്‍ക്കു സ്വസ്ഥതയില്ല; അന്ധതയ്ക്കുള്ളില്‍ അത്രയും തെളിവുള്ളതായ അയാളുടെ തലച്ചോറിനു അതിന്നുള്ള സ്വച്ഛത പോയ്പോയി; ആ പളുങ്കുനിറം കെട്ടു. ഴാവേര്‍ക്കു തന്റെ മുറ രണ്ടായിപ്പിരിഞ്ഞിരിക്കുന്നു എന്ന് ബോധപ്പെട്ടു; ആ വാസ്തവം തന്നില്‍ നിന്ന് മറച്ചുവെക്കാന്‍ അയാളെക്കൊണ്ട് കഴിഞ്ഞില്ല. സെയിന്‍നദിയുടെ കരയ്ക്കു വെച്ച് അത്രമേല്‍ അപ്രതീക്ഷിതമായി ഴാങ് വാല്‍ഴാങ്ങിനെ കണ്ടുമുട്ടിയപ്പോള്‍, തന്റെ ഇരമേല്‍ വീണ്ടും മുറുക്കിപ്പിടിക്കുന്ന ചെന്നായയേയും, തന്റെ എജമാനനെ വീണ്ടും കണ്ടെത്തുന്ന നായയേയും സംബന്ധിക്കുന്ന എന്തോ ഒന്ന് അയാളില്‍ ഉണ്ടായിത്തീര്‍ന്നു.

അയാള്‍ തന്റെ മുന്‍പില്‍ രണ്ടു വഴി കണ്ടു—രണ്ടും നല്ല ചൊവ്വുള്ളതാണ്; പക്ഷേ, രണ്ടെണ്ണം. അത് അയാളെ പേടിപ്പിച്ചു—അതേ, ജനിച്ചതിനുശേഷം ഒരൊറ്റ നേര്‍വഴിയല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലാത്ത അയാളെ. പിന്നെ, അതിലെ കഠിന സങ്കടം ഇതാണ്, രണ്ടു വഴിയും പരസ്പരവിരുദ്ധം. ഒരു നേര്‍വഴി മറ്റേ വഴിയെ ഇല്ലാതാക്കുന്നു. ഏതാണതില്‍ ശരിക്കു വേണ്ടത്.

അയാളുടെ സ്ഥിതി വിവരിക്കാന്‍ വയ്യാ.

ഒരു ദുഷ്പ്രവൃത്തിക്കാരന്ന് അയാളുടെ ജീവന്‍ കടപ്പെടുകയും ആ കടം ഏറ്റ് അയാള്‍ അതു വീട്ടിക്കൊടുക്കുകയും ചെയ്തു; നീതിന്യായാത്തില്‍നിന്നു ചാടിപ്പോയ ഒരുവനോട് അയാള്‍ സമനാവുകയും അവന്‍ ചെയ്തുകൊടുത്ത ഒരുപകാരത്തിന്നു അവന്ന് പ്രത്യുപകാരം ചെയ്യുകയും ചെയ്ക; തന്നോടു പോയ്ക്കൊള്‍ക’ എന്നു പറയാന്‍ സമ്മതിക്കുകയും ആ പറഞ്ഞ ആളോടു സ്വതന്ത്രനായിക്കൊള്‍ക’ എന്ന് പറയുകയും ചെയ്ക; സ്വകീയങ്ങളായ ഉദ്ദേശ്യങ്ങള്‍ക്കു ചുമതലയെ, ആ പൊതുവിലുള്ള ആവശ്യത്തെ, ബലികൊടുക്കയും, ആ സ്വകീയങ്ങളായ ഉദ്ദേശ്യങ്ങള്‍ക്കിടയില്‍ പൊതുവേ വേണ്ടതും ഒരുസമയം ഉത്കൃഷടത കൂടിയതുമായ ആ ഒന്നിനെപ്പറ്റി ബോധമുണ്ടായിരിക്കുകയും ചെയ്ക; സ്വന്തം മനസ്സാക്ഷിയെ തോല്പിക്കാതിരിക്കുകയും അതിനുവേണ്ടി ജനസമുദായത്തെ വഞ്ചിക്കുകയും ചെയ്ക; ഈ കഥയില്ലായ്മകളെല്ലാം നിവര്‍ത്തിക്കണം, അവ അയാളുടെ തലയില്‍ വന്നു വീണിരിക്കുന്നുതാനും—ഇതാണ് ആ മനുഷ്യനെ കുഴക്കിക്കളഞ്ഞത്.

ഒന്നയാളെ പകപ്പിച്ചു—ഴാങ് വാല്‍ഴാങ് അയാള്‍ക്ക് ഒരുപകാരം ചെയ്തു എന്നത്; ഒന്നയാളെ മരവിപ്പിച്ചു— അയാള്‍ ഴാങ് വാല്‍ഴാങ്ങിന് ഒരുപകാരം ചെയ്യണം എന്നത്.

താനിപ്പോള്‍ എവിടെയാണ്? അയാള്‍ അതു മനസ്സിലാക്കാന്‍ ശ്രമിച്ചു; പക്ഷേ, യാതൊന്നും മനസ്സിലാവുന്നില്ല.

അയാള്‍ ഇനിയെന്തു വേണം? ഴാങ് വാല്‍ഴാങ്ങിനെ പിടിച്ചുകൊടുക്കുന്നതു നന്നല്ല, ഴാങ് വാല്‍ഴാങ്ങിനെ വിട്ടയയ്ക്കുന്നതും നന്നല്ല. ഒന്നാമത്തേതു ചെയ്താല്‍, ഭരണാധികാരത്തിലെ ഒരാള്‍ തണ്ടുവലിശ്ശിക്ഷ സ്ഥലത്തേക്ക് ചേര്‍ന്ന ഒരാളേക്കാള്‍ താണു; രണ്ടാമത്തേതായാല്‍, ഒരു തടവുപുള്ളി രാജ്യനിയമത്തേക്കാള്‍ പൊന്തി. അതിന്മേല്‍ കാല്‍വെച്ചു. രണ്ടായാലും അയാള്‍ക്ക്, ഴാവേര്‍ക്ക്, അപമാനം തന്നെ. എന്തു തീര്‍ച്ചപ്പെടുത്തിയാലും അതിലുണ്ട് അയാള്‍ക്കു പോരായ്മ. അസംഭാവ്യതയില്‍നിന്നു കുത്തനെ മേല്പോട്ട് പൊന്തിവരുന്ന ചില പര്‍വതാഗ്രങ്ങളുണ്ട്. ഈശ്വരവിധിക്ക്; അതിന്റെ അപ്പുറത്തുള്ള ജീവിതം ഒരു കുത്തനെയുള്ള ഇറക്കമല്ലാതെ മറ്റൊന്നുമല്ല. ഴാവേര്‍ അത്തരം ഒരറ്റത്തെത്തി.

ആലോചിക്കേണ്ടിവന്നുവല്ലോ എന്നാണ് അയാളുടെ ഒരസ്വസ്ഥത. ഈ പരസപരവിരുദ്ധങ്ങളായ വികാരങ്ങളുടെ ശക്തിതന്നെ അയാളെ അതിന്നു നിര്‍ബന്ധിക്കുന്നു. അയാള്‍ ചെയ്തുശീലിച്ചിട്ടില്ലാത്തതും ഒരസാധാരണമായ വേദനയുണ്ടാക്കുന്നതുമായ ഒന്നാണ് ആലോചന.

ആലോചനയില്‍ എപ്പോഴും ആന്തരമായ ഒരു ലഹളകൂടലുണ്ട; അതു തന്റെ ഉള്ളില്‍വെച്ചു നടക്കുന്നത് അയാളെ ശുണ്ഠിപിടിപ്പിച്ചു.

അയാളുടെ ഉദ്യോഗസ്ഥപ്രവൃത്തികളുടെ പരിധിക്കപ്പുറത്തുള്ള എന്തിനെപ്പറ്റിയും ആലോചിക്കുന്നത് അയാളെസ്സംബന്ധിച്ചേടത്തോളം പ്രയോജനശുന്യവും ഒരു വെറും അദ്ധ്വാനവുമാണ്; അപ്പോള്‍ ആ കഴിഞ്ഞ ദിവസത്തെപ്പറ്റിയുള്ള വിചാരം ഒരു കഠിനദണ്ഡനമാണ്. അത്രയും ക്ഷോഭങ്ങള്‍ നടന്ന സ്ഥിതിക്ക് അയാള്‍ക്കു തന്റെ മനസ്സാക്ഷിയിലേക്ക് ഒന്നു നോക്കുകയും അവനവനെപ്പറ്റി ഒരു സമാധാനം ചോദിക്കുകയുംകൂടിയേ കഴിയു എന്നായി.

അപ്പോള്‍ ആ ചെയ്തത് അയാളെ വിറപ്പിച്ചു. അയാള്‍ ഴാവേര്‍ പൊല്ലീസ് നിയമങ്ങള്‍ക്കെല്ലാം വിരുദ്ധമായി, സാമുദായികവും ഭരണസംബന്ധിയുമായ എല്ലാ വ്യവസ്ഥയ്ക്കും വിരുദ്ധമായി, നിയമശാസ്ത്രത്തിനു മുഴുവനും വിരുദ്ധമായി, ഒരു കുറ്റക്കാരനെ വിട്ടയപ്പാന്‍ തീര്‍ച്ചപ്പെടുത്തി; പൊതുജനങ്ങളുടെ കാര്യം നോക്കേണ്ടടത്ത് അയാള്‍ തന്റെ കാര്യം നോക്കി; ഇതു സമാധാനം പറയാനില്ലാത്ത ഒന്നല്ലേ? അയാള്‍ ചെയ്തുപോയ ഈ പേരില്ലാപ്രവൃത്തിയുടെ മുന്‍പില്‍ എത്തിമുട്ടുമ്പോഴൊക്കെ അയാള്‍ ആകെ വിറച്ചു. എന്താണിനി തീര്‍ച്ചപ്പെടുത്തേണ്ടത്? ഒരൊറ്റ വഴിയേ ഇനിയുള്ളു; പാടുള്ളേടത്തോളം വേഗത്തില്‍ റ്യുദ് ലോം അര്‍മെയിലേക്കുതന്നെ തിരിച്ചുചെന്നു. ഴാങ് വാല്‍ഴാങ്ങിനെപ്പിടിച്ചു തടവിലാക്കുക. അതാണ് അയാള്‍ ചെയ്യേണ്ടത്, സംശയിക്കാനില്ല. അയാള്‍ക്കു വയ്യാ. അതിന് എന്തോ ഒന്ന് അയാളെ സമ്മതിക്കുന്നില്ല.

എന്തോ ഒന്നോ? എന്ത്? വിചാരണസഭകളുടേയും നടത്തല്‍വിധികളുടേയും പൊല്ലീസ്സിന്റേയും ഭരണാധികാരികളുടേയും അപ്പുറത്തായി ഭൂമിയില്‍ എന്തെങ്കിലുമുണ്ടോ? ഴാവേര്‍ കുഴങ്ങി.

ഒരു തണ്ടുവലിശ്ലിക്ഷക്കാരന്‍ ദിവ്യന്‍! ഭരണനിയമത്തിനു തൊടാന്‍ വയ്യാത്ത ഒരു തടവുപുള്ളി! അതോ, ഴാവേറുടെ പണിയും.

നിഷ്ഠുരതയോടുകൂടി കടന്നു പ്രവര്‍ത്തിക്കാന്‍ ജനിച്ചവനും തലയും താഴ്ത്തി അനുഭവിക്കാന്‍ ജനിച്ചവനുമായ ആ ഴാവേറും ഴാങ് വാല്‍ഴാങും—മരണനിയമത്തിന്റെ പിടിയില്‍ത്തന്നെയുള്ള ഈ രണ്ടുപേരുംതന്നെ, ഇങ്ങനെയൊരു ഘട്ടത്തില്‍ എത്തിച്ചേരുക എന്നതു, രണ്ടുപേരും ഭരണനിയമത്തെ അതിക്രമിച്ചു നിലകൊള്ളുക എന്നത്, ഒരു ഭയങ്കരസംഗതിയല്ലേ? എന്നിട്ട്! ഇത്തരം കൊടുംപാതകങ്ങള്‍ നടക്കുകയും ആരേയും ശിക്ഷിക്കാതിരിക്കുകയും! എല്ലാ സാമുദായിക വ്യവസ്ഥയെക്കാളും ശക്തികൂടിയ ഴാങ് വാല്‍ഴാങ് സ്വാതന്ത്ര്യത്തോടുകുടി നടക്കുകയും, താന്‍, ഴാവേര്‍, ഭരണാധികാരത്തിന്റെ ചോറും വാങ്ങിത്തന്നുകഴിയുകയും!

അയാളുടെ മനോരാജ്യം ക്രമത്തില്‍ സഹിച്ചുകൂടാത്തതായി.

ഈ മനോരാജ്യത്തിന്നിടയില്‍ താന്‍റ്യുദെ ഫില്‍ ദ്യു കല്‍വേറിലേക്കു കൊണ്ടു പോവുകയുണ്ടായ ആ ലഹകളക്കാരനെക്കുറിച്ചും അയാള്‍ക്കു വേണമെങ്കില്‍ സ്വയം ശകാരിക്കാം; പക്ഷേ, അയാള്‍ അതിനെപ്പറ്റി ആലോചിച്ചതേയില്ല. വലിയ കുറ്റത്തില്‍ ചെറിയതു ലയിച്ചു. എന്നല്ല, ആ ലഹളക്കാരന്‍ മമരിച്ചിരിക്കുന്നുവല്ലോ; നിയമപ്രകാരം മരിച്ചവനെ നായാടിപ്പിടിക്കേണ്ടതില്ല.

ഴാങ് വാല്‍ഴാങ്ങാണ് അയാളുടെ ആത്മാവിനെ ഞെരിക്കുന്ന ചുമട്.

ഴാങ് വാല്‍ഴാങ് അയാളെ ഭ്രമിപ്പിച്ചു. അയാളുടെ ജീവിതത്തിനുള്ളില്‍ ഇതേവരെയായി അയാളെ താങ്ങിപ്പോന്നിരുന്ന എല്ലാ തത്ത്വസിദ്ധാന്തങ്ങളും ഈ മനുഷ്യന്റെ മുന്‍പില്‍ പൊടിഞ്ഞുതകര്‍ന്നു. തന്റെ, ഴാവേരുടെ, നേര്‍ക്കു ഴാങ് വാല്‍ഴാങ് കാണിച്ച ഔദാര്യം അയാളെ അരച്ചുകളഞ്ഞു. മറ്റു ചില സംഗതികളും അയാള്‍ക്കോര്‍മ്മവന്നു; അതുവരെ വിഡ്ഡിത്തവും നുണകളുമാക്കിത്തള്ളിയിരുന്ന കാര്യങ്ങള്‍ അയാള്‍ക്കു വാസ്തവങ്ങളായിത്തോന്നി. മൊസ്യു മദലിയേന്‍ ഴാങ് വാൽഴാങ്ങിന്റെ പിന്നില്‍ വന്നുനിന്നു; ആ രണ്ടു രൂപങ്ങള്‍ കൂടിമറിഞ്ഞ് ഇപ്പോള്‍ വന്ദിക്കത്തക്ക ഒരാളായി. എന്തോ ഭയങ്കരമായ ഒന്നു തന്റെ ആത്മാവിനെ തുളച്ചുകടക്കുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി—ഒരു തടവുപുള്ളിയോടുള്ള ബഹുമാനം, ഒരു തണ്ടുവലിശ്ശിക്ഷക്കാരനെപ്പറ്റി ബഹുമാനം—ഇതുണ്ടാകാവുന്നതാണോ? അയാള്‍ അതിന്റെ മുന്‍പില്‍ വിറകൊണ്ടു; എങ്കിലും അതില്‍നിന്നു വിട്ടുപോകാന്‍ വയ്യാ. അയാള്‍ വെറുതെ പ്രയത്നിച്ചുനോക്കി, ആ ഭാഗ്യംകെട്ട മനുഷ്യന്റെ വിശിഷ്ടതയേപ്പറ്റി ഹൃദയാന്തര്‍ഭാഗത്തുവെച്ച് തികച്ചും സമ്മതിക്കുകയേ നിവ്യത്തിയുള്ളു എന്നായി; ഇത് വല്ലാത്തൊന്ന്.

ഒരു സുശീലനായ ദുഷ്പ്രവൃത്തിക്കാരന്‍, ദയാലുവും മര്യാദക്കാരനും പരോപകാരിയും ശാന്തനുമായ ഒരു തടവുപുള്ളി, ദോഷത്തിനു പകരം ഗുണം ചെയ്തുകൊണ്ടും ദ്വേഷത്തിനു പകരം മാപ്പുകൊടുത്തുകൊണ്ടും പ്രതികാരത്തിനു പകരം ദയകാണിച്ചുകൊണ്ടും സ്വന്തം ശത്രുവിനെ ദ്രോഹിക്കുന്നതിനുപകരം അവനവനെത്തന്നെ ദ്രോഹിക്കുന്നത് ഇഷ്ടപ്പെട്ടുകൊണ്ടും ഉപദ്രവിച്ചവനെ സഹായിച്ചു കൊണ്ടും സല്‍സ്വഭാവത്തിന്റെ കൊടുമുടിമേല്‍ മുട്ടുകുത്തിക്കൊണ്ടുമായി ഒരു മനുഷ്യനോടെന്നതിലധികം ഒരു ദേവനോടടുക്കുന്ന ഒരാള്‍. ഇങ്ങനെയൊരസാധാരണ സത്ത്വം ജീവിച്ചിരിപ്പുണ്ടെന്ന് ഴാവേര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ഇത് ഇടനിലയ്ക്കായാല്‍ പറ്റില്ലല്ലോ.

അത്ഭുതം തോന്നിക്കുന്നേടത്തോളം ദേഷ്യവും പിടിപ്പിക്കുന്ന ആ അസാധാരണസത്ത്വത്തോട്, ആ നികൃഷ്ടദേവനോട്, ആ പൈശാചികധീരോദാത്തനോട്, അയാള്‍ നിശ്ചയമായും, ഇതു ഞങ്ങള്‍ ഈന്നിപ്പറയട്ടെ, ഒട്ടും എതിര്‍ത്തുനോക്കാതെ കീഴടങ്ങിയിട്ടില്ല. ആ വണ്ടിയില്‍ ഴാങ് വാല്‍ഴാങ്ങോട് അഭിമുഖമായി ഇരുന്നിരുന്ന സമയത്ത് ഒരിരുപതു തവണ അയാളിലുള്ള ഭരണനിയമവ്യാഘ്രം അകത്തിരുന്നു ഗർജ്ജിച്ചിട്ടുണ്ട്. ഒരിരുപതു തവണ ഴാങ് വാൽഴാങ്ങിന്റെ മേല്‍ ചാടിവീണ് ആ മനുഷ്യനെ പിടിച്ചുവിഴുങ്ങാന്‍, അതായത് കൈയാമം വെക്കാന്‍, അയാള്‍ക്ക് തോന്നുകയുണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ ഇതിലധികം എളുപ്പമുള്ള പണിയെന്താണ്? അവര്‍ കടന്നുപോന്ന ഒന്നാമത്തെ സ്റ്റേഷനിലുള്ളവരോട്, “ഇതാ, നീതി ന്യായത്തിന്റെ പിടിയില്‍നിന്ന് ഒരുവന്‍ ഒളിച്ചുചാടുന്നു” എന്ന് വിളിച്ചുപറയുക; ’പൊല്ലീസ് ഭടന്മാരെ വിളിച്ച് അവരോട് പറഞ്ഞേക്കുക, ഈ മനുഷ്യന്‍ നിങ്ങള്‍ക്കുള്ളതാണ്.’ എന്നിട്ട് ആ കുറ്റക്കാരനെ അവിടെ ഇട്ടുംവെച്ച് ഒരു നട കൊടുക്കുക. ബാക്കിയെന്തെങ്കിലുമാവട്ടെ, അങ്ങോട്ട് നോക്കാതിരിക്കുക. ഈ മനുഷ്യന്‍ എന്നും രാജ്യനിയമത്തിന്റെ കൈയില്‍ ഒരു തടവുപുള്ളിയാണ്; നിയമത്തിന് അയാളെക്കൊണ്ട് അതിന്നിഷ്ടമുള്ളത് കാണിക്കാം. ഇതിലധികം ന്യായമായിട്ടെന്തുണ്ട്? ഇതെല്ലാം ഴാവേര്‍ സ്വയം പറഞ്ഞു; അയാൾ അതിന്നപ്പുറവും, ആ തടവുപുള്ളിയെ ബുദ്ധിമുട്ടി കണ്ടുപിടിക്കാന്‍കൂടി, ആലോചിച്ചിട്ടുള്ളതാണ്; അന്ന് അതിപ്പോഴത്തെപ്പോലെ സാധിച്ചില്ല; അങ്ങനെ ഓരോ തവണയും ഴാങ് വാല്‍ഴാങ്ങിന്റെ കഴുത്തുപട്ടയിലേക്ക് അയാളുടെ കൈ പിടഞ്ഞുചെല്ലുമ്പോഴെല്ലാം ഒരെന്തെന്നില്ലാത്ത കനം പൊറുക്കാഞ്ഞിട്ടെന്നപോലെ അതു കീഴ്പോട്ടു വീഴും.അയാളുടെ ആലോചനയിലിരുന്ന ഒരു ശബ്ദം, ഒരസാധാരണ ശബ്ദം, അയാളോട് വിളിച്ചു പറയുന്നത് കേള്‍ക്കാം: ’അതു ശരി, നിന്നെ രക്ഷപ്പെടുത്തിയവനെ പിടിച്ചുകൊടുക്കുക. എന്നിട്ട് യേശുക്രിസ്തുവിനെ ശിക്ഷിച്ച ന്യായാധിപന്റെ കുളത്തില്‍ച്ചെന്നു നിന്റെ കഴുനഖങ്ങളെ കഴുകിക്കൊള്‍ക.’

ഉടനെ അയാളുടെ ആലോചനകള്‍ അയാളിലേക്കുതന്നെ തിരിയും; ബഹുമാന്യ നായിത്തീര്‍ന്ന ഴാങ് വാല്‍ഴാങ്ങിന്റെ അടുത്ത് അവമാന്യനായിത്തീര്‍ന്ന അയാളെ, ഴാവേറെ കാണും.

ഒരു തടവുപുള്ളിയാണ് അയാളെ രക്ഷിച്ചത്.

അപ്പോള്‍ എന്തിന് അയാള്‍ അയാളെ ജീവനോടുകൂടി വിട്ടയയ്ക്കാന്‍ ആ മനുഷ്യന്നു സമ്മതം കൊടുത്തു? ആ വഴിക്കോട്ടയില്‍വെച്ച് കൊല്ലപ്പെടുവാന്‍ അയാള്‍ ക്കവകാശമുണ്ടായിരുന്നു. ആ അവകാശത്തിന്മേല്‍ അയാള്‍ പിടിച്ചുനില്ക്കേണ്ടതായിരുന്നു. ഴാങ് വാല്‍ഴാങ്ങിനോടെതിരായി മറ്റു ലഹളക്കാരെ വിളിച്ചുവരുത്തി അയാള്‍ അവനവനെ ബലാല്‍ക്കാരേണ അവിടെവെച്ച് കൊല്ലിക്കേണ്ടതായിരുന്നു.

ഒന്നു തീര്‍ച്ചപ്പെടാത്തതായിരുന്നു അയാള്‍ക്ക് ഏറ്റവുമധികം അസഹ്യമായ മനോവേദന. താന്‍ വേര്‍പറിഞ്ഞുപോയിയെന്ന് അയാള്‍ക്ക് തോന്നി. നിയമശാസ്ത്രം അയാളുടെ കൈയില്‍ ഒരു മരക്കുറ്റിയല്ലാതെ മറ്റൊന്നുമല്ലെന്നായി. ഒരജ്ഞാതവര്‍ഗ്ഗത്തില്‍പ്പെട്ട മുലതത്ത്വങ്ങളോടായി അയാള്‍ക്കു യുദ്ധം വെട്ടേണ്ടത്. നിയമത്തിന്റെ വിധിയില്‍നിന്ന്, ഇതുവരെ അയാള്‍ക്ക് ഇടപെടേണ്ടിവന്നിട്ടുള്ള ആ ഒരു വ്യവസ്ഥയില്‍നിന്ന്, തികച്ചും വ്യത്യസ്തമായ ഒരു വെളിപാട് അയാളുടെ ഉള്ളില്‍ സംഭവിച്ചു. പണ്ടത്തെ ഔന്നത്യത്തില്‍ നിലക്കൊണ്ടതുകൊണ്ടായില്ല എന്നു വന്നു. അപ്രതീക്ഷങ്ങളായ അസംഖ്യം സംഗതികള്‍ മുഴുവനുംകൂടി പൊന്തിവന്ന് അയാളെ എടുത്തുമറിച്ചു. ഒരു പുതിയ ലോകം മുഴുവനുമാണ് അയാളുടെ ആത്മാവില്‍ ഉദിച്ചുവരുന്നത്; സ്വീകരിക്കുകയും പകരം ചെയ്യുകയും ചെയ്യുന്ന ദയ, ഭക്തി, അനുകമ്പ, ഉപകാരം, ഗൗരവത്തോട അനുകമ്പ കാണിക്കുന്ന ബലാല്‍ക്കാരങ്ങള്‍, ആളുകളെക്കുറിച്ച് ബഹുമാനം, ഇളക്കമില്ലാത്ത വിധികളുടെ അവസാനം, ശിക്ഷയുടെ അവസാനം, രാജ്യനിയമത്തിന്റെ കണ്ണില്‍ ഒരു കണ്ണു നീര്‍ത്തുള്ളി വരാമെന്നുള്ള നില, മനുഷ്യരുടെ നീതിന്യായത്തിനു നേരേ എതിരായി പ്രവര്‍ത്തിക്കുന്ന—ആര്‍ക്കറിയാം? ഈശ്വരന്റെ നീതിന്യായം. ഒരജ്ഞാതനായ സദാചാരസൂര്യന്റെ ഭയങ്കരോദയത്തെ നിഴല്പാടുകള്‍ക്കിടയില്‍ അയാള്‍ കണ്ടു; അതയാളെ പേടിപ്പെടുത്തുകയും പകപ്പിക്കുകയും ചെയ്തു. ഒരു കഴുകിന്റെ നോട്ടത്തിന്‍മുന്‍പില്‍ പെടേണ്ടിവന്ന ഒരു കൂമന്‍.

ചില സവിശേഷസംഗതികളുണ്ടാവാമെന്നും, അധികാരശക്തി തോറ്റുപോവാമെന്നും, ഒരു വാസ്തവസ്ഥിതിയുടെ മുന്‍പില്‍ നിയമം കൊള്ളരുതായേക്കാമെന്നും, നിയമശാസ്ത്രത്തിന്റെ വകുപ്പുകള്‍ക്കുള്ളില്‍വെച്ചു സകലവും ഉണ്ടാക്കിവെയ്ക്കാന്‍ കഴിയില്ലെന്നും, ആലോചിക്കാത്ത സംഗതികള്‍ മുട്ടുകുത്തിക്കുമെന്നും, ഭരണാധികാരിയുടെ പുണ്യകർമ്മത്തെ ഒരു തടവുപുള്ളിയുടെ പുണ്യകര്‍മ്മത്തിനു കുടുക്കിടാമെന്നും, ഈശ്വരവിധി ഇത്തരം പതിയിരിപ്പുപടകളില്‍ ഏര്‍പ്പെടാറുണ്ടെന്നുള്ളത് നേരാണെന്നും അയാള്‍ സ്വയം പറഞ്ഞു; അങ്ങനെയുള്ള ഒരസാധാരണസംഭവത്തോട തടുത്തു നില്ക്കാന്‍ യാതൊരു മുന്‍കരുതലും താന്‍ ചെയ്തുവച്ചിട്ടില്ലെന്നും അയാള്‍ ആലോചിച്ചു.

സൌശീല്യം എന്നൊന്നുണ്ടെന്ന് അയാള്‍ക്കു സമ്മതിക്കേണ്ടിവന്നു. ഈ തടവുപുള്ളി സുശീലനാണ്; അയാളും—അഭൂതപൂര്‍വ്വമായ സംഗതി—അതാ സുശീലനാവുന്നു. അപ്പോള്‍ അയാള്‍ കെട്ടുപോകയാണ്.

താന്‍ ഒരു ഭീരുവാണെന്നു കണ്ടു. അയാള്‍ക്കു തന്നോടുതന്നെ ഒരു വെറുപ്പുതോന്നി.

മാനുഷമായിരിക്കണം, മഹത്തരമായിരിക്കണം, വിശിഷ്ടമായിരിക്കണം എന്നല്ലഴാവേരുടെ ആദര്‍ശം. കളങ്കമറ്റിരിക്കണം എന്നാണ്.

ഇപ്പോള്‍, അതാ അതു നിറവേറ്റാന്‍ അയാള്‍ക്കു വയ്യെന്നായി.

എങ്ങനെ അയാള്‍ ഈയൊരു ഘട്ടത്തിലെത്തി? ഇതൊക്കെ എങ്ങനെ വന്നു കൂടി? അയാള്‍ക്കുതന്നെ പറയാന്‍ വയ്യാ. അയാള്‍ രണ്ടു കൈകൊണ്ടും തല അമര്‍ത്തു പിടിച്ചു; എന്തുതന്നെ ചെയ്തുനോക്കിയിട്ടും അതിന് സമാധാനം പറയാന്‍ അയാളെക്കൊണ്ടാവുന്നില്ല.

നിയമത്തിന്റെ പിടിയിലുള്ളവനായ ഴാങ് വാല്‍ഴാങ്ങിനെ അതിന്റെ കിങ്കരനായ അയാള്‍ക്ക്, ഴാവേര്‍ക്ക്, അതിന്റെ കൈയില്‍ പിടിച്ചേല്പിച്ചു കൊടുക്കണമെന്നു തന്നെയായിരുന്നു നിശ്ചയമായും ഉദ്ദേശ്യം. ആ മനുഷ്യന്‍ തന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിരുന്നിരുന്ന ഒരു നിമിഷമെങ്കിലും വിട്ടയയ്ക്കുക എന്ന കാര്യം അയാള്‍ സമ്മതിക്കുകയുണ്ടായിട്ടില്ല. അയാള്‍ അറിയാതെയാണ് എന്നു പറയട്ടെ, ആ പിടിയഴഞ്ഞതും പുള്ളിയെ വിട്ടയച്ചതും.

എല്ലാത്തരം ചോദ്യചിഹ്നങ്ങളും അയാളുടെ കണ്ണിൻമുൻപിൽ മിന്നത്തിളങ്ങി. അയാള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചു. മറുപടിയും പറഞ്ഞു; എന്നാല്‍ മറുപടികളെല്ലാം അയാളെ പേടിപ്പെടുത്തി. അയാള്‍ സ്വയം ചോദിച്ചു: ആ തടവുപുള്ളി, ആ രണ്ടുംകെട്ട വിദ്വാന്‍, പിടിച്ചുകെട്ടി എന്നാകുന്നതുവരെ ഞാന്‍ നായാടിയിട്ടുള്ള ആ മനുഷ്യന്‍, എന്നെ അയാളുടെ കാലിന്‍ചുവട്ടിലായിക്കിട്ടിയിട്ട്, എന്നോടു വേണമെങ്കില്‍ പകരംവീട്ടാമെന്നായിട്ട്, അയാളുടെ ദേഷ്യത്തിനും അയാളുടെ രക്ഷയ്ക്കും അത്യാവശ്യമാണെന്നിരിക്കെ, എന്റെ ആയുസ്സിനെ എനിക്കുതന്നെ തിരിച്ചുതരികയും എന്നോട് ദയ കാണിക്കുകയും ചെയ്തതിന്റെ അര്‍ത്ഥമെന്താണ്? അയാളുടെ മുറ? അല്ല. എന്തോ അതിലും വലിയതൊന്ന്, പിന്നെ അയാളോട ദയ കാണിച്ചതില്‍ ഞാനെന്താണ് കാണിച്ചത്? എന്റെ മുറ? അല്ല. എന്തോ അതിലും വലിയതൊന്ന്. അപ്പോള്‍ മുറയിലും വലിയതൊന്നുണ്ട്.” ഇവിടെ അയാള്‍ പേടിച്ചു പോയി; അയാളുടെ തുലാസ്സ് പിടുത്തം വിട്ടു; ഒരു പടി പാതാളത്തിലേക്കാണ്ടു, മറ്റത് ആകാശത്തേക്കു പൊങ്ങി; ഴാവേര്‍ക്ക് ആ താഴ്‌ന്ന പടിയെക്കൊണ്ടെന്ന പോലെതന്നെ ഉയര്‍ന്ന പടിയെക്കൊണ്ടും പേടി പിടിച്ചു. അയാളെ വോള്‍ത്തെയര്‍കക്ഷിയെന്നോ തത്ത്വജ്ഞാനിയെന്നോ അല്ലെങ്കില്‍ അവിശ്വാസി എന്നോ ഒരിക്കലും വിളിക്കാന്‍ വയ്യെങ്കിലും, നേരേ മറിച്ചു പള്ളിയെപ്പറ്റി പ്രകൃത്യാ ഭക്തിയുള്ള ആളാണെങ്കിലും, സമുദായികവ്യവസ്ഥയുടെ ഒരു ഭാഗമായിട്ടു മാത്രമേ അയാള്‍ അത് മനസ്സിലാക്കിയിട്ടുള്ളു; സമാധാനരക്ഷയാണ് അയാളുടെ മതം; അയാള്‍ക്ക് അതു മതിയായിരുന്നുതാനും. പ്രായം തികഞ്ഞതു മുതല്ക്കും ഉദ്യോഗസ്ഥനായതിനുശേഷവും അയാള്‍ തന്റെ മതം ഏതാണ്ട് മുഴുവനും പൊല്ലീസ് എന്നതില്‍ ഒതുങ്ങിക്കണ്ടു. ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ളവിധം ഇവിടെ ഞങ്ങള്‍ യാതൊരു സ്തുതിനിന്ദയും തട്ടാതെയും വാസ്തവത്തിലുള്ള സഗൌരാവര്‍ത്ഥത്തിലുമാണ് വാക്കുകളെ ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ മതാചാര്യമാകുന്നതു പോലെ, അയാൾ ഒരൊറ്റുകാരനായി. അയാള്‍ക്ക് ഒരു മേലധികാരിയുണ്ട്, മൊസ്്യു ഗിസ്കെ; അതുവരെ അയാള്‍ ഈ മറ്റൊരു മേലധികാരിയെപ്പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല—ഈശ്വരനെ.

ഈ പുതിയ മേലധികാരിയെ, ഈശ്വരനെ, അയാള്‍ അപ്രതീക്ഷിതമായി കണ്ടെത്തി; അവിടുന്ന് അയാളെ അമ്പരപ്പിച്ചുകളഞ്ഞു. ഈ അപ്രതീക്ഷിത സാന്നിധ്യം ആ മനുഷ്യനെ ചുവടെ എടുത്തുമറിച്ചു; കീഴുദ്യോഗസ്ഥന്മാര്‍ എപ്പോഴും കലപന അനുസരിക്കുകയേ പാടുള്ളു എന്നും ഒരിക്കലും എതിര്‍പറകയോ കുറ്റം കാണുകയോ വാദിക്കുകയോ പാടില്ലാത്തതാണെന്നും, വളരെയധികം അമ്പരപ്പിക്കുന്ന ഒരു മേലധികാരിയുടെ കീഴില്‍പ്പെട്ടാല്‍ ആ കീഴുദ്യോഗസ്ഥന്നു ശരിക്കുചെന്നു പണി രാജിവെയ്ക്കുകയല്ലാതെ വേറെ ഗതിയില്ലെന്നുമുള്ള വാസ്തവം അറിഞ്ഞുകൂടാത്ത ഒരാളല്ലാത്ത അയാള്‍ക്ക് ഈയൊരു മേലധികാരിയുടെ മുന്‍പില്‍ എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞുകുടാതായി.

പക്ഷേ, ഈശ്വരന്ന് അയാള്‍ ഏതുവിധമാണ് രാജിയെഴുതിക്കൊടുക്കേണ്ടത്?

കാര്യം എന്തുതന്നെയായാലും—ഇങ്ങോട്ടാണ് എപ്പോഴും അയാള്‍ തിരിച്ചു ചെന്നിരുന്നത്—ഒന്നാണ് എല്ലാറ്റിനും മീതെ നിന്നിരുന്നത്, താന്‍ രാജ്യനിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുപോയി. തടവില്‍നിന്നു ചാടിപ്പോന്ന ഒരു മനുഷ്യനെ താന്‍ കണ്ടിട്ട് കണ്ടില്ലെന്നു നടിച്ചു. ഒരു തണ്ടുവലിശ്ശിക്ഷക്കാരനെ താന്‍ വിട്ടയച്ചു. രാജ്യനിയമങ്ങള്‍ക്കവകാശപ്പെട്ട ഒരു മനുഷ്യനെ താന്‍ അവയുടെ പക്കല്‍നിന്നു തട്ടിയെടുത്തു. ഇതാണ് അയാള്‍ ആ ചെയ്തത്. അയാള്‍ക്കുതന്നെ മനസ്സിലാകാതായി. തന്റെ പ്രവൃത്തിക്കുള്ള കാരണങ്ങള്‍തന്നെ ആലോചിച്ചിട്ട് കിട്ടുന്നില്ല, അവയെക്കൊണ്ടുണ്ടായ തലചുറ്റല്‍മാത്രം ബാക്കിനില്പുണ്ട്. അസ്പഷ്ടമായ പരമാര്‍ത്ഥതയില്‍നിന്നുദിക്കുന്ന ആ അന്ധമായ മനോവിശ്വാസംകൊണ്ടാണ് അയാള്‍ അതുവരെ ജീവിച്ചിട്ടുള്ളത്. ഈ വിശ്വാസം അയാളെ വിട്ടുപോയി, ഈ പരമാര്‍ത്ഥത അയാളെ ഉപേക്ഷിച്ചു. അയാള്‍ ഉറപ്പിച്ചുനിന്നിരുന്നത് താനേ അലിഞ്ഞുപോയി. കണ്ടു എന്നു വെയ്ക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിട്ടില്ലാത്ത പല സത്യസ്ഥിതികളും നിര്‍ദ്ദയമായി അയാളെ വളഞ്ഞിരിക്കുന്നു. ഇനിമേല്‍ അയാള്‍ ആളൊന്നു മാറുകയേ നിവൃത്തിയുള്ളു. തിമിരരോഗത്തിന് പെട്ടെന്നു ശസ്ത്രക്രിയ കഴിക്കപ്പെട്ട ഒരു മനസാക്ഷിയുടെ എല്ലാത്തരം അസാധാരണവേദനകളും അയാള്‍ അനുഭവിക്കുകയായി. അയാള്‍ക്കു നോക്കാന്‍ രസമില്ലാതിരുന്നതിനെ അയാള്‍ കണ്ടു, അയാളുടെ അകത്തുള്ളതൊക്കെ പുറത്തേക്കു കൊട്ടിക്കഴിഞ്ഞു അയാൾ പ്രയോജനമില്ലാത്തവനായി; കഴിഞ്ഞുപോയ ജീവിതത്തോട് അയാൾക്കുള്ള ബന്ധങ്ങളെല്ലാം മുറിക്കപ്പെട്ടു; അയാള്‍ വീര്യംകെട്ടു. അയാളിലുള്ള അധികാര ശക്തി നശിച്ചു. അയാള്‍ക്ക് ഇനി ജീവിച്ചിരിക്കാന്‍ ന്യായമൊന്നുമില്ല.

തൊടാന്‍ വയ്യാത്ത ഒരു വല്ലാത്ത സ്ഥിതി!

കരിങ്കല്ലായിരിക്കുക, എന്നിട്ടും സംശയിക്കുക! നിയമത്തിന്റെ മെഴുപ്പിടിക്കലില്‍ ഒരു പൊട്ടില്ലാതെ വാര്‍ത്തെടുത്ത ശിക്ഷയുടെ പ്രതിമയായിരിക്കുക, എന്നിട്ടു പെട്ടെന്ന് ആ പിച്ചളകൊണ്ടുള്ള മാറിന്നുള്ളില്‍ കഥയില്ലാത്തതും ലഹളയ്ക്കു നില്ക്കുന്നതുമായ ഒരു ഹൃദയത്തിന്റെ ഛായയില്‍ എന്തോ ഒന്നുണ്ടെന്നുള്ള വാസ്തവം അനുഭവപ്പെടുക! ആ ദിവസംവരേയ്ക്കും നന്മ തിന്മയാണെന്നു പറഞ്ഞുപോന്നുവെങ്കിലും, നന്മയ്ക്കു പകരം അങ്ങോട്ടും നന്മ ചെയ്യേണ്ടിവരുന്ന ആ ഒരു ഘട്ടത്തില്‍ എത്തിച്ചേരുക! ഒരു കാവല്‍നായയായിരുന്നിട്ടു വിളിക്കാതെ കടന്നുവരുന്ന ആളുടെ കാല്‍ നക്കുക! മഞ്ഞിന്‍കട്ടയായിരുന്നിട്ട് അലിഞ്ഞു പോവുക! ചവണയായിരുന്നിട്ട് കൈയായി രൂപഭേദപ്പെടുക! പെട്ടെന്ന സ്വന്തം കൈവിരലുകള്‍ തുറന്നുപോകുന്നതായറിയുക! പിടി താനേ അയഞ്ഞുപോവുക—എന്തു ഭയങ്കരസ്ഥിതി!

മനുഷ്യത്തോക്കുണ്ട പോകേണ്ട വഴി അറിഞ്ഞുകൂടാഞ്ഞിട്ടു പിന്നോക്കം മടങ്ങുക.

ഇത് അവനവനോടുതന്നെ സമ്മതിക്കേണ്ടിവരിക—തെറ്റിക്കൂടായ്മയ്ക്കു തെറ്റിക്കൂടാ എന്നില്ല; ഏതു നിയമസിദ്ധാന്തത്തിലും അബദ്ധം വരാം; നിയമശാസ്ത്രത്തിന്റെ പ്രസംഗം കഴിഞ്ഞാലും പിന്നേയും ചിലതു പറയാനുണ്ടാവാം; സാമുദായികവ്യവസ്ഥ പരിപൂര്‍ണ്ണമല്ല; ഭരണാധികാരത്തിലും ചപലത കൂടിപ്പിണഞ്ഞിരിക്കുന്നു; നിര്‍വികാര വസ്തുവിലും ഒരു വിള്ളല്‍ വരാം; ന്യായാധിപതികളും മനുഷ്യരാണ്, രാജ്യനിയമത്തിനും തെറ്റിപ്പോവാം; നീതിന്യായസഭകള്‍ക്കും ഒരബദ്ധം പിണയാം! ആകാശത്തിന്റെ അപാരമായ നീലച്ചില്ലിന്മേലും ഒരു വിടവു കാണുക!

ഴാവേറില്‍ ആ കാണുന്നത് ഒരു ചൊവ്വുകുടിയ മനസ്സാക്ഷിയുടെ നിലതെറ്റലാണ്, ഒരാത്മാവിന്റെ തന്റേടം മറിച്ചില്‍, ഒരു നേര്‍വരയായി ശരിക്കെഴുതിപ്പോകുന്നതും ഈശ്വരനില്‍ച്ചെന്നു മുട്ടിമുറിയുന്നതുമായ ഒരു പരമാര്‍ത്ഥതയുടെ പൊടിഞ്ഞുതകരല്‍. സമാധാനരക്ഷയുടെ വിറകുപൂട്ടിയെ, അന്ധമായ ഇരിമ്പൻകുതിരയുടെമേല്‍ കയറിയിരുന്നു വളവറ്റ നിരത്തുവഴിയിലൂടേ ഓടിച്ചുപോകുന്ന അധികാരശക്തിയുടെ എന്‍ജിനീയറെ, വെളിച്ചത്തിന്റെ ഒരു മിന്നല്‍ തട്ടിമറിച്ചിടുക! സുസ്ഥിരവും ഋജുവും കോട്ടമറ്റതും ക്രമമൊത്തതും ക്ഷമകൂടിയതും പരിപൂര്‍ണ്ണവുമായതു വളഞ്ഞുപോവുക! തീവണ്ടിക്കും തിരിഞ്ഞുവെയ്ക്കേണ്ടിവരിക! —ഇത് കുറേ അത്ഭുതകരംതന്നെ!

മനുഷ്യന്റെ ഉള്ളില്‍ എപ്പോഴുമുള്ള ഈശ്വരന്‍, കള്ളമനസ്സാക്ഷിയുടെ മുന്‍പിലുള്ള യഥാര്‍ത്ഥ മനസ്സാക്ഷി, മര്‍ക്കടമുഷ്ടിക്കാരനായ ആ അവന്‍: തീപ്പൊരിയോടു കെടാന്‍ പാടില്ലെന്നു കല്‍പിച്ച ആ ആജ്ഞാശക്തി; സൂര്യനെ ഓര്‍മ്മിച്ചുകൊള്ളണമെന്നു പ്രകാശനാളത്തോടുള്ള കല്പന; അവ യഥാര്‍ത്ഥമായ കേവലത്വത്തെ കണ്ടറിഞ്ഞുകൊള്ളണമെന്ന് ആത്മാവോടുള്ള ശാസന; നശിച്ചുപോവാന്‍ നിവൃത്തിയില്ലാത്ത മനുഷ്യത്വം: അനശ്വരമായ മനുഷ്യഹൃദയം; നമ്മുടെ ഹൃദയസംബന്ധികളായ അത്ഭുതങ്ങളിലെല്ലാംവെച്ച് ഒരു സമയം ഏറ്റവുമധികം മനോഹരമായ ആ വിശിഷ്ടക്കാഴ്ച—ഴാവേര്‍ക്ക് അതു വല്ലതും മനസ്സിലായോ? ഴാവേര്‍ അത് തുളച്ചു കടന്നുവോ? ഴാവേര്‍ അതാലോചിച്ചുനോക്കിയോ? ഇല്ല, സംശയിക്കാനില്ല. പക്ഷേ, ആ നിര്‍വിവാദമായ അജ്ഞേയത്വത്തിന്റെ ഭാരംകൊണ്ട് അയാളുടെ തലച്ചോര്‍ പൊട്ടുകയായി.

ഈ അത്ഭുതവസ്തുവിന്റെ ഒരു ബലി എന്നുള്ളതിലും കുറച്ചേ ഒരു രൂപാന്തരപെട്ട മനുഷ്യന്‍ എന്നയാളെപ്പറ്റി പറഞ്ഞുകൂടൂ. ഇതിലെല്ലാം ജീവിച്ചിരിക്കാനുള്ള വൈഷമ്യം മാത്രമേ അയാള്‍ കണ്ടുള്ളു. ഇനിമേല്‍ തന്റെ ശ്വാസോച്ഛ ്വാസം ഒരിക്കലും സുകരമാവില്ലെന്ന് അയാൾക്ക് തോന്നി. തന്റെ തലയ്ക്കുമീതെ ഒരജ്ഞാത വസ്തു തുങ്ങിക്കിടന്നിട്ട് അയാള്‍ക്ക് കണ്ടു ശീലമില്ല.

ഈ ഘട്ടംവരെ അയാള്‍ക്കു മുകളിലുള്ള സകലവും അയാളുടെ നോട്ടത്തില്‍ മയമുള്ളതും തെളിവുള്ളതും തകരാറില്ലാത്തതുമായ ഒരു സമനിരപ്പായിട്ടേ ഇരുന്നിട്ടുള്ളു; ദുര്‍ഗ്രഹമായിട്ട് യാതൊന്നുമുണ്ടായിട്ടില്ല, അസ്പഷ്ടമായി യാതൊന്നുമില്ല; വിവരിക്കപ്പെടാത്തതും, ക്രമത്തില്‍ ശരിപ്പെടുത്തിയതും, കൂട്ടിവിളക്കിയതും, നിയമാനുസാരിയും, അതിരിട്ടതും, ശരിപ്പെട്ടതും, ക്ലിപ്തിയുള്ളതും, അടഞ്ഞതും, തികച്ചും നിശ്ചയം വെച്ചതുമല്ലാതെ യാതൊന്നുമില്ല; അതില്‍ യാതൊരു വീഴ്ചയ്ക്കും ഇടയില്ല. യാതൊരു തലചുറ്റലും അതിലില്ല. ചുവട്ടില്‍ നിന്നുകൊണ്ടല്ലാതെ ഴാവേർ ഒരിക്കലും അജ്ഞാതത്വത്തെ കണ്ടിട്ടില്ല. അത്യഗാധക്കുഴിയുടെ ചൊവ്വറ്റതും മുന്‍കൂട്ടിക്കണ്ടിട്ടില്ലാത്തതും ക്രമംതെറ്റിയതുമായ വായപിളര്‍പ്പ്, ഒരു കടുംതൂക്കത്തിലേക്കുള്ള വഴുതിവീഴല്‍—ഇത് നരകപ്രദേശങ്ങളിലേക്ക്, ലഹളക്കാര്‍ക്ക്, ദുസ്സ്വഭാവികള്‍ക്ക്, ദുഷ്ടന്‍മാര്‍ക്കു്, ചേര്‍ന്നതാണ്, ഇപ്പോള്‍ ഴാവേര്‍ പിന്നോക്കം മറിഞ്ഞുപോയി; ഈ അഭൂതപൂര്‍വ്വമായ കാഴ്ച അയാളെ പെട്ടെന്നു പേടിപ്പിച്ചു; ആകാശത്തിലേക്ക് ഒരു ഗുഹ.

എന്ത്! അടിമുതല്‍ മുകള്‍വരെ ഒരാള്‍ ഇടിഞ്ഞുതകരുക! ഒരാള്‍ തികച്ചും ചിന്നിപ്പോവുക! എന്തിനെയാണ് വിശ്വസിക്കുക! ആകെ ഉറപ്പിച്ചുവച്ചിട്ടുള്ളത് പുഴങ്ങുകയായി എന്ത്! സമുദായത്തിന്റെ കവചത്തിലുള്ള കേട് ഒരു ശ്രേഷ്ഠനായ നിസ്സാരന്‍ കണ്ടുപിടിക്കുക! എന്ത്! നിയമത്തിന്റെ ഒരു സത്യസന്ധനായ ഭൃത്യന്‍ രണ്ടു ദുഷ്പ്രവൃത്തികള്‍ക്കുള്ളില്‍—ഒരു മനുഷ്യനെ വിട്ടയയ്ക്കുന്ന ദുഷ്പ്രവൃത്തിയുടേയും അയാളെ കൈയാമം വെയ്ക്കുന്ന ദുഷ്പ്രവൃത്തിയുടേയും ഇടയിൽ—പെട്ടെന്ന് കുടുങ്ങിയിരിക്കുന്നതായി കാണുക! ഭരണാധികാരത്തില്‍നിന്ന് അയാള്‍ക്കു കൊടുത്തിട്ടുള്ള കല്പനയില്‍ മുഴുവനും വ്യവസ്ഥ ചെയ്തിട്ടില്ലെന്നു വരിക! മുറകളിലും അടഞ്ഞ വഴികള്‍ വരാം! എന്ത്, ഇതൊക്കെ നേരാണ്! ശിക്ഷാവിധികളെക്കൊണ്ട് കൂന്നുകഴിഞ്ഞിട്ടുള്ള ഒരു രാജിവെച്ച ഘാതുകന്‍ നിവര്‍ന്നു നില്ക്കുകയും സല്‍പ്രവൃത്തിയില്‍ച്ചെന്നുകൂടുകയും ചെയ്തു എന്നത് വാസ്തവമാണോ? ഇത് വിശ്വാസയോഗ്യമാണോ? വേഷം മാറിയ ദുഷ്പ്രവൃത്തിയുടെ മുന്‍പില്‍ ഭരണനിയമം പിന്‍മാറുകയും ഞായങ്ങളോരോന്ന് വിക്കിനോക്കുകയും ചെയ്യേണ്ട ഘട്ടമുണ്ടോ? ഉവ്വ്. അതാണ് ഇപ്പോഴത്തെ ഘട്ടം! ഴാവേര്‍ അതു കണ്ടു! ഴാവേര്‍ അതു തൊട്ടു! ഴാവേര്‍ അതനുഭവിച്ചു! അയാള്‍ക്കത് നിഷേധിക്കാന്‍ വയ്യെന്നല്ല, അയാള്‍ അതില്‍ ഭാഗഭാക്കാണ്. ഇവയെല്ലാം വാസ്തവങ്ങളാണ്. വാസ്തവസ്ഥിതികള്‍ ഇത്രയധികം വികൃതങ്ങളാവുക എന്നത് പോരായ്മതന്നെ. വാസ്തവസ്ഥിതികള്‍ അവയുടെ മുറ കാണിച്ചിരുന്നുവെങ്കില്‍, അവ നിശ്ചയമായും നിയമത്തിന്റെ പിന്‍തെളിവുകളായി നില്ക്കുകയേ ഉള്ളൂ; വാസ്തവസ്ഥിതികള്‍ ഈശ്വരനാണ് അവയെ പറഞ്ഞയയ്ക്കുന്നത്. അപ്പോള്‍ ആകാശത്തുനിന്നു അരാജകത്വം ഭൂമിയിലേക്കിറങ്ങിവരാനുള്ള ഭാവമാണോ?

അപ്പോള്‍—കഠിനമായ മനോവേദനയുടെ ആധിക്യത്തിലും അമ്പരപ്പുകൊണ്ടുള്ള ദൃഷ്ടിഭ്രമത്തിലും ഈ ബോധത്തെ ശരിപ്പെടുത്തുകയും അമര്‍ത്തുകയും ചെയ്യുന്ന സകലവും മാഞ്ഞുപോകയും സമുദായവും മനുഷ്യജാതിയും പ്രപഞ്ചംതന്നെയും അതോടുകുടി അയാളുടെ കണ്ണിന്ന് ഒരു വെറും ഭയങ്കരമോന്തയില്‍ അടങ്ങിപ്പോകയും ചെയ്തു—അപ്പോള്‍ ശിക്ഷാനിയമങ്ങള്‍ വിചാരണ ചെയ്യപ്പെട്ടവ, നിയമവ്യവസ്ഥകൊണ്ടുള്ള പ്രാബല്യം, പ്രധാനക്കോടതികളിലെ വിധികള്‍, മജിസ്ട്രേട്ടുദ്യോഗം, രാജ്യഭരണം, തടവുകള്‍, ശിക്ഷ, ഉദ്യോഗസ്ഥ നിര്‍ദ്ദയത, അറിവ്, നിയമത്തിന്റെ അപ്രമത്തത, അധികാരശക്തിയുടെ മൂലതത്ത്വം, രാഷ്ട്രീയമായും, ഭരണസംബന്ധിയായുമുള്ള ഭയരഹിതത്വം നിലനില്ക്കുന്ന എല്ലാ തത്ത്വസിദ്ധാന്തങ്ങളും, രാജത്വം, നീതിന്യായം, സാമാന്യവാസ്തവം—ഇതെല്ലാം കമ്പമാണ്, ഒരു കൊള്ളരുതാത്ത കുപ്പക്കുന്ന്, ഒരു ശുദ്ധശുന്യത; അയാള്‍, ഴാവേര്‍,സമാധാനരക്ഷയുടെ ഒറ്റുകാരന്‍, പൊല്ലീസ്സുദ്യോഗത്തില്‍ച്ചേര്‍ന്ന നിഷ്കളങ്കത, സമുദായത്തിനുള്ള നായാട്ടുനായദ്ദൈവം, അയാള്‍തന്നെ, തോറ്റു മണ്ണുകപ്പി; എന്നല്ല, ആ ഇടിഞ്ഞുതകര്‍ന്നു സര്‍വ്വത്തിന്റേയും ഒത്ത മുകളില്‍, തലയില്‍ പച്ചത്തൊപ്പിയോടും നെറ്റിത്തടത്തിനു ചുറ്റും ഒരു പ്രഭാപരിധിയോടുംകൂടിയ ഒരു മനുഷ്യന്‍ നിവര്‍ന്നു നില്ക്കുന്നു; ഇതാണ് അയാള്‍ അപ്പോള്‍ എത്തിച്ചേർന്നിട്ടുള്ള തല ചുറ്റിക്കുന്ന സംഭ്രമസ്ഥിതി; ഇതാണ് അയാള്‍ തന്റെ ആത്മാവിന്നുള്ളില്‍ കൊണ്ടുനടക്കുന്ന ഭയങ്കരക്കാഴ്ച.

ഇത് സഹിക്കാന്‍ കഴിയുമോ? ഇല്ല.

ഇങ്ങനെയൊന്നുണ്ടെങ്കില്‍, അത് വല്ലാത്ത സ്ഥിതിതന്നെ. അതില്‍നിന്നു പുറത്തു ചാടാന്‍ രണ്ടു മാര്‍ഗ്ഗമേ ഉള്ളു, ഒന്നു മനസ്സുറപ്പിച്ച് ഴാങ് വാല്‍ഴാങ്ങിന്റെ അടുക്കലെയ്ക്കു ചെന്ന് ആ തണ്ടുവലിശ്ശിക്ഷപ്പുള്ളിയെ പിടിച്ച് ആ മനുഷ്യന്നു ചേര്‍ന്ന കുണ്ടറയില്‍ കൊണ്ടിടുക, മറ്റേത്...

ഴാവേര്‍ ആ ആള്‍മറ വിട്ടു. ഇക്കുറി തലയുയര്‍ത്തിപ്പിടിച്ചുതന്നെ, കാലുറപ്പിച്ചു വെച്ചുകൊണ്ട് പ്ലാസ് ദ്യു ഷാനലെയിലെ മുലകളിലൊന്നില്‍ ഒരു റാന്തൽ കൊണ്ടറിയാമായിരുന്ന സ്റ്റേഷനിലേക്ക് നടന്നു.

അവിടെ എത്തിയപ്പോള്‍ ഒരു സര്‍ജ്ജന്റുദ്യോഗസ്ഥന്‍ ഉള്ളതായി അയാള്‍ ജനാലയിലൂടേ കണ്ടു: അകത്തേക്കു കടന്നു. സ്റ്റേഷന്‍ കെട്ടിടത്തിന്റെ വാതില്‍ തുറക്കുന്ന രീതിയില്‍നിന്ന് പൊല്ലീസ്സുകാരന്‍ അന്യോന്യം തിരിച്ചറിയും, ഴാവേര്‍ പേര്‍ പറഞ്ഞു, പൊല്ലീസ്സുകാരന്ന് കാര്‍ഡ് കാണിച്ചുകൊടുത്തു, സ്റ്റേഷനില്‍ ഒരു മെഴുതിരി കത്തുന്ന മേശയുടെ അടുത്ത് ചെന്നിരുന്നു. ഒരു മേശപ്പുറത്ത് തൂവലും ഒരു മഷിക്കുപ്പിയും കടലാസ്സും കിടക്കുന്നുണ്ട്; അത് വല്ല വിവരണക്കുറിപ്പുകളും പാറാവുകാര്‍ക്കുള്ള കല്പനകളും എഴുതേണ്ടിവന്നെങ്കിലോ എന്നുവെച്ച് കരുതിയിട്ടുള്ളതാണ്. ഈ മേശ—അതിനോടടടുത്ത് ഒരു വൈക്കോല്‍ക്കസാലകൂടിയായാല്‍ മുഴുവനായി—ഒരു സ്ഥാപനമാണ്; എല്ലാ പൊല്ലീസ് സ്റ്റേഷനിലും ഇതുണ്ട്; ഈര്‍ച്ചപ്പൊടികൊണ്ടു നിറഞ്ഞ ഒരു മരത്തളികയും ചുകന്ന വട്ടപ്പറ്റുകളെക്കൊണ്ടു നിറഞ്ഞ ഒരു പലകക്കടലാസ്സുവട്ടപ്പുറ്റുപെട്ടിയും എല്ലായിടത്തുമുണ്ടാവും; ഇത് ഉദ്യോഗമോടിയുടെ ഒടുവിലത്തെ പടിയാണ്. ഭരണവ്യവസ്ഥയുടെ സാഹിത്യലോകം ഇവിടെനിന്നാണാരംഭിക്കുന്നത്. ജ്

ഴാവേര്‍ ഒരു തൂവലെടുത്ത്, ഒരു കഷ്ണം കടലസ്സെടുത്ത്, എഴുതാന്‍ തുടങ്ങി, ഇതാണ് അയാള്‍ എഴുതിയത്:

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.