images/hugo-40.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.4.1
1833 ഫെബ്രവരി 16-ാംനു

1833 ഫെബ്രവരി 16-ാം നു രാത്രി ഒരനുഗ്രഹീതമായ രാത്രിയായിരുന്നു. അതിന്റെ ഇരുട്ടിനുമീതേ സ്വർഗ്ഗം തുറന്നുകിടന്നിരുന്നു. അത് മരിയുസ്സിന്റേയും കൊസെത്തിന്റേയും വിവാഹനാളിലെ രാത്രിയാണ്.

പകൽ ആരാധ്യമായിരുന്നു.

അത്, മുത്തച്ഛൻ മനോരാജ്യം വിചാരിച്ചിരുന്ന മഹോത്സവം, ദമ്പതികളുടെ തലയ്ക്കു മുകളിൽ അപ്സരസ്സുകളും കാമദേവന്മാരുംകൂടി കെട്ടിമറിയുന്ന ഒരു സ്വർഗ്ഗക്കാഴ്ച, ഒരു ഉമ്മറവാതില്ക്കൽ ചിത്രമെഴുതാൻ പോന്ന ഒരു വിവാഹം, ആയിരുന്നില്ല; എങ്കിലും അത് മനോഹരവും സന്തോഷമയവുമായിരുന്നു.

ഇന്നത്തെ മാതിരിയല്ല 1833-ലെ വിവാഹം. പള്ളിയിൽനിന്ന് പുറത്തേക്കു കടന്ന ഉടനെ ഭാര്യയേയുംകൊണ്ട് ഒരു നട നടക്കുകയും, ഒരു പാച്ചിൽ കൊടുക്കുകയും, സുഖത്തിൽനിന്ന് നാണിച്ചൊളിക്കുകയും, ഒരു ദീപാളിപിടിച്ചവന്റെ സമ്പ്രദായങ്ങളെ ആനന്ദഗാനങ്ങളോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിലുള്ള ഉത്കൃഷ്ടത്തറവാടിത്തത്തെ ഇംഗ്ലണ്ടിൽനിന്ന് ഫ്രാൻസ് അന്ന് കടംവാങ്ങിക്കഴിഞ്ഞിട്ടില്ല. ഒരു തപ്പാൽവണ്ടിയിൽ ഇരുന്നു കുലുങ്ങുന്നതിലും, ഒരു ചാരായക്കടയിലെ കിടക്കയെ തങ്ങളുടെ വിവാഹക്കിടയ്ക്കയാക്കിയെടുക്കുന്നതിലും, രാത്രിയിൽ അസമയത്ത് ഒരു സാധാരണമുറിയിൽ തപ്പാൽവണ്ടിയുടെ നടത്തിപ്പുകാരനും ചാരായക്കടയിലെ അടിച്ചുതളിപ്പെണ്ണുംകൂടിയുള്ള പ്രേമസല്ലാപത്തോടുകൂടി ജീവിതത്തിലെ ഏറ്റവുമധികം വിശിഷ്ടങ്ങളായ സ്മാരകങ്ങളെ കൂട്ടിക്കലർത്തി ഇട്ടുംവെച്ചുപോകുന്നതിലുമുള്ള ചാരിത്രവും വിശിഷ്ടതയും ഔചിത്യവും ആളുകൾ അന്നു തികച്ചും മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ല.

നാമിപ്പോൾ ജീവിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെയറും അദ്ദേഹത്തിന്റെ കഴുത്തുപട്ടയും, മതാചാര്യനും അദ്ദേഹത്തിന്റെ സ്ഥാനക്കുപ്പായവും, രാജ്യനിയമവും ഈശ്വരനും മാത്രമുണ്ടായാൽ പോരാ: തപ്പാൽവണ്ടിയോടിക്കുന്നവൻകൂടിയുണ്ടായേ മതിയാവു; മുകളിൽവെച്ച് ചുകപ്പിച്ച ഒരു നീലച്ച മാർക്കുപ്പായവും, മണിക്കുടുക്കുകളും, ഭുജകവചംപോലുള്ള ഒരലങ്കാരത്തളികയും, പച്ചനിറത്തിൽ തോലുകൊണ്ടുള്ള കാൽമുട്ടുറകളും, വാലുകൾ മേല്പോട്ട് പൊക്കിക്കെട്ടിയിട്ട നോർമൻകുതിരകളോടുള്ള ശുണ്ഠിയെടുക്കലും, കള്ളക്കസവുനാടകളും, വാർണീഷിട്ട തൊപ്പിയും, നീണ്ടു പൊടിയിട്ട തലമുടിയും, ഒരു പോത്തൻ ചാട്ടവാറും, ഉയരമുള്ള ബുട്ടുസ്സുകളുംകൂടി വേണം. ഇംഗ്ലീഷ് പ്രഭുവർഗ്ഗത്തിന്റെ മാതിരിയിൽത്തന്നെ വധുവരന്മാരുടെ വണ്ടിക്കു മീതേ മടമ്പു തേഞ്ഞറ്റ പാപ്പാസ്സുകളെക്കൊണ്ടും കീറിപ്പൊളിഞ്ഞ ചെരിപ്പുകളെക്കൊണ്ടും— വിവാഹദിവസം വലിയമ്മ ദേഷപ്പെട്ട് പാപ്പാസും മറ്റും വലിച്ചെറിയുകയും അതുകാരണം ഗുണം വരികയും ചെയ്ത പിന്നീട് മാർൽബറോ അല്ലെങ്കിൽ മൽബ്രൂക്കായിത്തീർന്ന ആ ചർച്ചലിന്റെ സ്മാരകമായി—ആലിപ്പഴമഴ വർഷിക്കുക ഒരന്തസ്സാണെന്ന ഇനിയും ഫ്രാൻസിന് തോന്നിക്കഴിഞ്ഞിട്ടില്ല. നമ്മുടെ വിവാഹാഘോഷങ്ങൾക്ക് പഴയ ചെരിപ്പുകളും പാപ്പാസ്സുകളും കൂടിയേ കഴിയു എന്ന് ഇനിയും തോന്നിക്കഴിഞ്ഞിട്ടില്ല. പക്ഷേ, ക്ഷമിക്കു, പരിഷ്കാരം ഇനിയും പരന്നുപിടിക്കുകതന്നെയായതുകൊണ്ട് നമ്മൾ അവിടേക്കെത്തും.

1833-ൽ, ഒരു നൂറു കൊല്ലംമുൻപ്, വിവാഹം തികഞ്ഞ കുതിരച്ചാട്ടത്തിന്നിടയ്ക്കല്ല നടത്താറ്.

അത്ഭുതമെന്നേ പറയേണ്ടു, അക്കാലത്ത് ആളുകൾ വിവാഹം ഒരു നിഗൂഢമായ സാമുദായികോത്സവമാണെന്നും, ഒരു പത്രിയാർക്കിസ്സിന്റെ വിരുന്ന് ഒരു കുടുംബോത്സവത്തെ തകരാറാക്കുമെന്നും, മര്യാദയോടും തറവാടിത്തത്തോടുംകൂടിയാണെങ്കിൽ ഏറിപ്പോയാൽപ്പോലും ആഹ്ലാദശീലം സുഖത്തിന് കോട്ടം തട്ടിക്കുകയില്ലെന്നും, ചുരുക്കിപ്പറഞ്ഞാൽ ഒരു കുടുംബം മേലാൽ ഉദിച്ചുവരാനുള്ളതായ രണ്ട് ഈശ്വരവിധികളുടെ ഈ സങ്കലനം സ്വഭവനത്തിൽനിന്നാണാരംഭിക്കേണ്ടതെന്നും, അതിന്റെ സാക്ഷിയായ വിവാഹമച്ച് എന്നെന്നും വീട്ടിൽ ഉണ്ടായിരിക്കേണ്ടതാണെന്നുമുള്ള വിചാരം വിട്ടുകളഞ്ഞിട്ടില്ല.

ആളുകൾ സ്വന്തം ഭവനത്തിൽവെച്ചുതന്നെ വിവാഹം നടത്തത്തക്കവിധം വഷളന്മാരായിരുന്നു.

അതുകൊണ്ട്, ഇന്നു പഴകിപ്പോയ്ക്കഴിഞ്ഞ മട്ടിൽ, വിവാഹം മൊസ്യു ഗിൽനോർമാന്റെ വീട്ടിൽവെച്ചുതന്നെ നടത്തപ്പെട്ടു.

സാധാരണവും വിശേഷമൊന്നുമില്ലാത്തതുമായ വിവാഹമാണെങ്കിലും, വിവാഹപ്പരസ്യം പ്രസിദ്ധീകരിക്കുവാനും വിവരങ്ങൾ എഴുതിത്തയ്യാറാക്കുവാനുമായി മെയറുടെ ആപ്പീസ്സും പള്ളിയുംകൂടി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി. ഫിബ്രവരി 1-ാംനു- മുൻപായി അവയൊന്നും ശരിപ്പെടുത്തുവാൻ സാധിച്ചില്ല.

അപ്പോൾ കണിശമായിപ്പറഞ്ഞു എന്നുള്ള തൃപ്തിക്കുവേണ്ടി മാത്രം, ആ ഫിബ്രവരി 16-ാം നു നോൽമ്പിൻതലേന്നാളായിട്ടാണ് വന്നുപെട്ടതെന്ന് ഞങ്ങൾ ഇവിടെ കുറിച്ചുകളയാം: വിശേഷിച്ചു, ഗിൽനോർമാൻ വലിയമ്മയ്ക്ക് അത് ശങ്കകൾക്കും സംശയങ്ങൾക്കും കാരണമായി.

‘നോൽബിൻതലേന്നാൾ!’ മുത്തച്ഛൻ അഭിപ്രായപ്പെട്ടു. ‘അത് വളരെ നന്നായി. ഒരു പഴഞ്ചൊല്ലുണ്ട്:

‘നോൽമ്പിൻ തലേന്നാൾ ചെയ്യുന്ന വിവാഹത്താലൊരിക്കലും നന്ദികെട്ടുള്ളു കുഞ്ഞുങ്ങളുണ്ടായ്ത്തീരില്ല നിശ്ചയം.’

‘നമുക്കു കാര്യം നോക്കുക. 16-ാം നു തന്നെയാവട്ടെ. നിനക്കു താമസിക്കണമെന്നുണ്ടോ, മരിയുസ്?’

‘ഇല്ല, തീർച്ചയായും ഇല്ല,’ കാമുകന്റെ മറുപടി.

‘എന്നാൽ നമുക്ക് വിവാഹം കഴിക്കുക.’ മുത്തച്ഛൻ ഉച്ചത്തിൽപ്പറഞ്ഞു.

ആളുകൾ നേരംപോക്കാക്കിയിരുന്നുവെങ്കിലും, അതുപ്രകാരം വിവാഹം ഫിബ്രവരി 16-ാംനു തന്നെ നടന്നു. അന്ന് മഴ പെയ്തു; എങ്കിലും ഈശ്വരസൃഷ്ടിയിലെ ബാക്കി ഭാഗം മുഴുവനും ഒരു കുടയ്ക്കുള്ളിലാണെങ്കിലും, കാമിനീകാമുകന്മാർ നോക്കികാണുന്നതായി സുഖത്തിനാവശ്യമുള്ള ഒരു ചെറിയ നീലക്കഷ്ണം ആകാശത്ത് അപ്പോഴും തെളിഞ്ഞുനിന്നിരുന്നു.

തലേദിവസം വൈകുന്നേരം ഴാങ് വാൽഴാങ് മൊസ്യു ഗിൽനോർമാന്റെ മുൻപിൽവെച്ച് അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക് മരിയൂസ്സിന്റെ കൈയിലേല്പിച്ചു.

വിവാഹം സ്വത്തുക്കളുടെ സമാവകാശത്തെ ഉറപ്പിക്കുന്ന നിയമനുസരിച്ചായതുകൊണ്ട്, ആവക ആധാരങ്ങൾ തെയ്യാറാക്കാൻ പ്രയാസമൊന്നുമുണ്ടായില്ല.

ഇനി തുസ്സാങ്ങിനെക്കൊണ്ട് ഴാങ് വാൽഴാങ്ങിന്നാവശ്യമില്ല; കൊസെത്ത് അവളെ വാങ്ങി. പ്രധാന പരിചാരിക എന്ന സ്ഥാനത്ത് അഭിഷേചിച്ചു.

ഴാങ് വാൽഴാങ്ങിന്നാണെങ്കിൽ, മൊസ്യു ഗിൽനോർമാന്റെ ഭവനത്തിൽ ഒരകം അയാളുടെ സ്വന്തം ഉപയോഗത്തിനായി പ്രത്യേകം അലങ്കരിക്കപ്പെട്ടു; അയാളോടു പറഞ്ഞ് അവിടെ താമസമാക്കിക്കൊള്ളാമെന്നുള്ള പ്രതിജ്ഞ സമ്പാദിച്ചു.

വിവാഹത്തിന് നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ കുറച്ചുമുൻപുവെച്ചു ഴാങ് വാൽഴാങ്ങിന് അപകടം പറ്റിപ്പോയി; അയാളുടെ തള്ളവിരൽ ചതഞ്ഞു. ഇത് വലിയ കാര്യമായില്ല; അതിനെപ്പറ്റി അയാൾ ആരെയെങ്കിലും ഉപദ്രവിക്കുകയോ, ആരെക്കൊണ്ടെങ്കിലും അത് കെട്ടിക്കുകയോ, ആർക്കെങ്കിലും ആ ചതവ് കാണിച്ചു കൊടുക്കുകയോ ചെയ്തില്ല. കൊസെത്തിനെക്കൂടിയില്ല. എന്തായാലും അതുകാരണം കൈയ്യിൽ ഒരു തുണിക്കഷ്ണം ചുറ്റുകയും അത് ഭുജത്തിന്മേലേക്ക് ഒരു തുണിക്കുടുക്കുകൊണ്ടു കൂട്ടിക്കെട്ടുകയും ചെയ്യേണ്ടിവന്നു; അതുകാരണം അയാൾക്ക് ഒപ്പിടാൻ സാധിച്ചില്ല. കൊസെത്തിന്റെ പ്രധാനരക്ഷിതാവെന്ന നിലയിൽ മൊസ്യു ഗിൽനോർമാൻ ആ സ്ഥാനം നിർവ്വഹിച്ചു.

ഞങ്ങൾ വായനക്കാരെ മെയറുടെ ആപ്പീസ്സിലേക്കോ പള്ളിയിലേക്കോ കൂട്ടിക്കൊണ്ടു പോകുന്നില്ല. വധുവരന്മാരുടെ കൂടെ അത്രത്തോളം ആരും പോകാറില്ല; അക്കഥ അതിന്റെ കുപ്പായക്കുടുക്കിൻദ്വാരത്തിൽ ഒരു വിവാഹച്ചെണ്ടു പിടിപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ, ആരും പിന്നോക്കം വെയ്ക്കുകയാണ് പതിവ്. വിവാഹസംഘം സൂക്ഷിക്കുകയുണ്ടായില്ലെങ്കിലും, റ്യൂ ദ് ഫിൽദ്യു കൽവേറിൽനിന്ന് സാങ്പോൾ പള്ളിയിലേക്കുണ്ടായ യാത്രയ്ക്കിടയിൽ ഒരു സംഭവം സവിശേഷമായുണ്ടായതു മാത്രം ഇവിടെ കുറിച്ചിട്ട് ഞങ്ങൾ തൃപ്തിപ്പെടാൻ പോകുന്നു.

അക്കാലത്തു റ്യു സാങ്ലൂയിയുടെ വടക്കേ അറ്റത്തു തെരുവുവഴികല്ലു പാവിവരികയാണ്. റ്യൂ ദ്യൂ പാർസ് റോയൽ മുതല്ക്കങ്ങോട്ട് കടക്കാൻ പാടില്ലായിരുന്നു. വിവാഹസംഘത്തിനു നേരേ സാങ്പോളിലേക്കു പോവാൻ വയ്യാ; അവർക്കു വഴി മാറ്റിവയ്ക്കേണ്ടിവന്നു; പിന്നെ എളുപ്പം കൂടിയ പാത നടക്കാവിലൂടെയുള്ളതാണ്. ക്ഷണിച്ചുവന്നിട്ടുള്ള അതിഥികൾക്ക് അത് നോൽമ്പിൻതലേന്നാളാണെങ്കിലും വണ്ടികളുടെ തിരക്കു കലശലായിരിക്കുമെന്ന് ഓർമ്മവന്നു—‘എന്തുകൊണ്ടു്?’ മൊസ്യു ഗിൽനോർമാൻ ചോദിച്ചു. വേഷനർത്തകന്മാരേക്കൊണ്ടു കുഴങ്ങും’—‘അതാണ് വേണ്ടത്, മുത്തച്ഛൻ അഭിപ്രായപ്പെട്ടു. ‘നമുക്കാ വഴിയേ പോവുക, ഈ ചെറുപ്പക്കാർ വിവാഹം ചെയ്യാൻ പോകയാണ്; അവർ ജീവിതത്തിലെ ഗുരുതരമായ ഭാഗത്തേക്ക് കടക്കാൻ പോവുന്നു. കുറച്ചു മാച്ചാൻകളി കാണുന്നത് അവർക്കാവശ്യമാണ്.’

അവർ നടക്കാവുവഴിയേ വെച്ചു. ഒന്നാമത്തെ വണ്ടിയിൽ കൊസെത്തും ഗിൽനോർമാൻവലിയമ്മയും മൊസ്യു ഗിൽനോർമാനും ഴാങ് വാൽഴാങ്ങുമാണ്. നാട്ടുനടപ്പുപ്രകാരം അപ്പോഴും തന്റെ കാമിനിയുടെ അടുത്തിരിക്കാറായിട്ടില്ലാത്തതുകൊണ്ട് മരിയുസ് രണ്ടാമത്തെ വണ്ടിയിലായിരുന്നു. വിവാഹസംഘം റ്യുദെ ഫിൽദ്യു കൽവേറിൽനിന്നു കടന്ന ഉടനെ ബസ്തീലിൽനിന്നു മദലിയേനിലേക്കും മദലിയേനിൽനിന്നു ബസ്തീലിലേക്കും മൂട്ടിയ ഒരവസാനമില്ലാത്ത ചങ്ങലപോലെയുള്ള ഒരു നീണ്ട വാഹനപരമ്പരയിൽ കുടുങ്ങിപ്പോയി. വേഷനർത്തകന്മാരാണ് നടക്കാവിൽ മുഴുവനും. ഇടയ്ക്കിടയ്ക്കൊക്കെ മഴയുണ്ടായിരുന്നുവെങ്കിലും പുറാട്ടുവേഷക്കാരനും കോമാളിയും വിദൂഷകനും വിടാതെ കൂടി. 1833-ലെ ആ മഴക്കാലത്ത് തന്റെ നേരം പോക്കിൽ പാരിസ് വെനിസ്സായി വേഷം മാറി. ഇക്കാലങ്ങളിൽ അങ്ങനെയുള്ള നോൽമ്പിൻതലേന്നാൾ കാണാൻ കഴിയില്ല. ഉള്ളതും സകലവും ഒരു തമാശയായതുകൊണ്ട് തമാശ എന്നൊന്ന് വേറിട്ടില്ലാതായി.

ഓരംവഴികളിലെല്ലാം കാൽനടക്കാരും വീട്ടുജനാലയ്ക്കലുമെല്ലാം കാണികളുമായിരുന്നു. നാടകശാലകളിലെ സ്തംഭശ്രേണികൾക്ക് കീരിടംവെയ്ക്കുന്ന നിലാമുറ്റങ്ങളിലെല്ലാം കാണികളെക്കൊണ്ട് വക്കുകരയിട്ടിരിക്കുന്നു. വേഷനർത്തകന്മാർക്കു പുറമെ അവർ ആ എല്ലാത്തരം വാഹനങ്ങളുടേയും—ആ പ്രദേശത്തേക്കും ദിവസത്തേക്കും സവിശേഷമായുള്ള—വരിയൊത്തും പൊല്ലീസ് നിയമമനുസരിച്ച് ഒന്നോടൊന്നായി ഇളകാത്തവിധം ഉറച്ചുപിടിച്ചും ഇരുമ്പുവാളങ്ങളിൽ പൂട്ടിയിട്ടപോലെയുമുള്ള—ഘോഷയാത്രയെ തുറിച്ചുനോക്കി. ആ വാഹനങ്ങളിലെ ഓരോ ആളും കാണിയും കാഴ്ചയുമായിരുന്നു. നടക്കാവിന്റെ ഓരങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുമായി പോകുന്ന ആ സമാന്തരമായ രണ്ടവസാനമറ്റ ചാലും പൊല്ലീസ്സുദ്യോഗസ്ഥന്മാർ ശരിക്കും തിരിച്ചുവിട്ടു; എന്നല്ല ഒന്ന് മേല്പോട്ടും മറ്റേതു കീഴപോട്ടുമായി, ഒന്ന് ഷോസ്റസ്റേദാന്താങ്ങിലേക്കും മറ്റത് സാങ്അന്ത്വാങ്ങിലേക്കുമായി, ഒഴുകിപ്പോകുന്ന ആ രണ്ടു വണ്ടിപ്പുഴകളോട്, ആ രണ്ടൊഴുക്കുത്തുകളോടു, യാതൊന്നും കൂടിമറിയാതിരിപ്പാൻ മനസ്സുവെച്ചു. വംശചിഹ്നങ്ങളാൽ അലംകൃതങ്ങളായ ഫ്രാനൻദസിലെ പ്രഭുക്കന്മാരുടേയും രാജ്യപ്രതിനിധികളുടേയും വണ്ടികൾ ആ രണ്ടു ചാലുകളുടേയും നടുവിലൂടെ ഇഷ്ടംപോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകളിച്ചിരുന്നു, ആഹ്ലാദമയങ്ങളും അന്തസ്സുകൂടിയവയുമായ ചില വണ്ടിക്കൂട്ടങ്ങൾ കൂടി —വിശേഷിച്ചും ബൊഗ്രായിലെ വക—ഈ സവിശേഷാവകാശത്തെ അനുഭവിക്കുന്നുണ്ട്. ഈ പാരിസ്സിലെ ഉത്സവത്തിനിടയിൽ ഇംഗ്ലണ്ട് തന്റെ ചാട്ടുവാർ കെറകെറപ്പിച്ചു; പൊതുജനങ്ങളുടെ വക ഒരു ശകാരപ്പേർകൊണ്ട് പൊറുതിമുട്ടിയിരുന്ന ലോർഡ്സെയ്മുറിന്റെ ഒരു സവാരിവണ്ടി വലിയ ഒച്ചപ്പാടോടുകൂടി പാഞ്ഞിരുന്നു.

ആ ഇരട്ടച്ചാലിന്നുള്ളിൽ—അതിലെ ഇടയനായ്ക്കളെപ്പോലെ നഗരരക്ഷിഭടന്മാർ കുതിരപ്പുറത്തു പാഞ്ഞുനടക്കുന്നുണ്ട്—വലിയമ്മമാരെക്കൊണ്ടും കനത്തു ഞെരുങ്ങിയ കുടുംബവാഹനങ്ങൾ, പൊതുജനാഘോഷത്തിൽ ഉദ്യോഗസ്ഥമാന നിലയെടുക്കുന്നുണ്ടെന്ന ബോധത്തോടുകൂടി, സ്വന്തം പൊറാട്ടുകളിയുടെ ബഹുമാന്യതയിൽ ആകെ മുഴുകിയ വേഷക്കാർകുട്ടികളെ, ഏഴു വയസ്സുള്ള വേഷധാരികളെ, ആറു വയസ്സായ പൊറാട്ടുവേഷക്കാരെ, മനസ്സു മയക്കുന്ന കൊച്ചുകുട്ടികളെ വാതില്ക്കൽ കാഴ്ചയ്ക്കു വെച്ചു കൊണ്ടുപോകുന്നുണ്ട്.

ഇടയ്ക്കിടയ്ക്കു വാഹനങ്ങളുടെ ഘോഷയാത്രയ്ക്കിടയിൽ എവിടെയെങ്കിലും ഒരു തകരാറുണ്ടാവും; ആ കെട്ടഴിയുന്നതുവരെ രണ്ടു കുറുംചാലുകളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നു് അനങ്ങാതെ നില്ക്കും; ഒരു വണ്ടി നിന്നാൽ തീർന്നു, ആ വരിക്കു മുഴുവനും പക്ഷപാതം പിടിച്ചു. പിന്നെയും അവ മുൻപോട്ടു നടക്കും.

വിവാഹവണ്ടികൾ ബസ്തീലിലേക്കു പോകുന്ന ചാലിൽ നടക്കാവിനു വലത്തുവശത്തെ കരയിട്ടുംകൊണ്ടായിരുന്നു. പോങ്തോഷോവിന്റെ മുകളിൽവെച്ച് ഒരു നില്പു പറ്റി. ഏതാണ്ട് ആ സമയത്തുതന്നെ മറ്റേ വശത്തേക്കു പോകുന്ന ചാലും നിലവായി. എതിർച്ചാലിന്റെ ആ ഭാഗത്ത് ഒരു വണ്ടി നിറച്ചും പോറാട്ടുവേഷക്കാരായിരുന്നു.

ഇത്തരം വണ്ടികൾ, കുറെക്കൂടി ശരിയായി പറകയാണെങ്കിൽ വേഷധാരികളെക്കയറ്റിയ ഇത്തരം സാമാനവണ്ടികൾ, പാരിസ്സുകാർക്കു കണ്ടു തഴക്കമുള്ളതാണ്. ഒരു നോൽമ്പിൻതലേന്നാളോ നാല്പതു ദിവസത്തെ നോൽമ്പിൻമധ്യത്തിലോ അങ്ങിനെയുള്ള വണ്ടികളെ കാണാതിരുന്നാൽ അതു ദുർലക്ഷണമായിട്ടാണ് കൂട്ടാറ്; ആളുകൾ പറയും: ‘എന്തോ ഒരു കാരണമുണ്ട്; ഒരു സമയം മന്ത്രി സഭ ഒന്നു മാറുവാൻ ഭാവമുണ്ടെന്നു തോന്നുന്നു.’ ഒരുകൂട്ടം പൊറാട്ടുകാരും വേഷധാരികളും കോമാളികളും കാൽനടക്കാരുടെ മുൻപിലേക്കു വണ്ടിയിൽപ്പാഞ്ഞു; തുർക്കിക്കാരൻ മുതൽ കാട്ടാളൻവരെയുള്ള എല്ലാ വികൃതവേഷങ്ങളും, മഹാപ്രഭ്വികളെ താങ്ങിപ്പിടിച്ചുകൊണ്ടുള്ള ഹെർക്കുലിസ്സുമാരും, ആവിധം രബെലെയെക്കൊണ്ടു ചെവി പൊത്തിക്കുന്ന മുക്കുവത്തികളും, വെള്ളപ്പാഴമൂടികളും, തുടുത്ത മുറുക്കൻക്കുപ്പായങ്ങളും, പച്ചസുന്ദരത്തൊപ്പികളും വികൃതമുഖക്കാരന്റെ കണ്ണടകളും, കാൽനടക്കാരോടുള്ള കൂക്കിവിളികളും, അരക്കെട്ടിൽ വെച്ചു കൈ മുഷ്ടികളും, ഉറപ്പിച്ച നിലകളും, നഗ്നങ്ങളായ ചുമലുകളും, ചങ്ങല പൊട്ടിച്ച താന്തൊന്നിത്തവും, എല്ലാം അതിലുണ്ട്; പുഷ്പങ്ങളെക്കൊണ്ടു കിരീടമണിഞ്ഞ ഒരു വണ്ടിക്കാരൻ തെളിക്കുന്ന ഒരു നാണമില്ലായ്മയുടെ ചന്ത; ഇതാണ് ആ ഏർപ്പാടിന്റെ മട്ട്.

എന്തിനെക്കൊണ്ടും വികടകവിതയുണ്ടാക്കാം—വികടകവിതയെക്കൊണ്ടുകൂടി, ശനിമഹോത്സവം, ആ പണ്ടത്തെ സൌന്ദര്യത്തിന്റെ കൊഞ്ഞനംകാട്ടൽ, കവിഞ്ഞുകവിഞ്ഞു വന്ന് ഒടുവിൽ നോൽമ്പിൻതലേന്നാളായിട്ടവസാനിച്ചു; മുന്തിരിയിലകളെക്കൊണ്ടും മുന്തിരിങ്ങകളെക്കൊണ്ടുമുണ്ടാക്കിയ ചുള്ളിക്കൊമ്പുകളാൽ കിരീടമണിയപ്പെട്ടു. പ്രകാശധോരണിയിൽക്കുളിച്ച്, ഒരു ദേവസ്ത്രീയുടെ അർദ്ധനഗ്നതയിൽ തന്റെ മാറിടങ്ങളെ തുറന്നുകാട്ടി, പണ്ടുകാലത്തുണ്ടായിരുന്ന കള്ളുകുടിക്കാരി ഇന്ന് വടക്കൻ പുറങ്ങളിലെ ഈറൻ കീറത്തുണിയുടുപ്പിൽ സന്ദര്യംകെട്ട് ഒടുവിൽ കോമാളിപ്പെണ്ണായിത്തീർന്നു.

വേഷനർത്തകന്മാരെ തിക്കിനിറച്ച വണ്ടികളെപ്പറ്റിയുള്ള പുരാണം രാജവാഴ്ചക്കാലത്തേക്കുകൂടി നീണ്ടുനില്പുണ്ട്. പതിനൊന്നാമൻ ലൂയിയുടെ കണക്കു പുസ്കത്തിൽ ‘വഴിത്തിരിവുകളിൽ മൂന്നു വണ്ടി നിറച്ചു കോമാളിവേഷക്കാരെ കൊണ്ടുനിർത്തുവാൻ ഇരുപതു സു’ കൊട്ടാരം മുതൽപിടിക്കു ചെലവെഴുതിക്കാണാനുണ്ട്. നമ്മുടെ കാലത്തും ഈ ഒച്ചയിട്ടും കൊണ്ടുള്ള ജന്തുക്കളുടെ കുന്നുകൂടൽ ഏതെങ്കിലും പഴയ അടയ്ക്കവണ്ടിയിൽ അതിന്റെ മുതുകെല്ലു ഞെരിച്ചും കൊണ്ടോ, അല്ലെങ്കിൽ, മുകൾമൂടി പിന്നിലേക്കു നീക്കിയ നാലൂലുരുൾവണ്ടിയെ തന്റെ തിങ്ങിക്കൂടൽമൂലം ശരണം വിളിപ്പിച്ചുകൊണ്ടോ കാണാം. ആറു പേർക്കുണ്ടാക്കിയ വണ്ടിയിൽ അവർ ഇരുപതു പേർ കയറും. അവർ ഇരിപ്പിടങ്ങളിലും ഇരിപ്പുപലകയിലും മേലാപ്പിൻചെന്നികളിലും ഏർക്കാലുകളിന്മേലും ഒക്കെ പറ്റിക്കൂടും. അവർ വണ്ടിവിളക്കുകളിന്മേലും വിലങ്ങനെയിരുന്നു സവാരി ചെയ്യും. കാൽമുട്ടുകളെക്കൊണ്ട് ഒരു കെട്ടുകെട്ടിയും കാലുകളെ തൂക്കിയിട്ടും അവർ നില്ക്കും, ഇരിക്കും, കിടക്കും. സ്ത്രീകൾ പുരുഷന്മാരുടെ മടിയിലിരിക്കും. ദൂരത്തു, തലകളുടെ കൂട്ടത്തിനു മുകളിൽ, അവരുടെ കശപിശയായ കുമ്പാരപ്പണി പൊന്തിക്കാണും. ഈ ഭാരവണ്ടികൾ വഴിമധ്യത്തിലുള്ള നേരമ്പോക്കുമലകളാണ്. കന്നഭാഷകളെക്കൊണ്ടു നിറഞ്ഞു, കൊല്ലെയുടേയും പനാറിന്റേയും പിറോങ്ങിന്റേയും കൃതികൾ അതിൽനിന്നു പുറപ്പെടുന്നുണ്ടാവും. സാമാനംകൊണ്ടു വലുതായിത്തീർന്ന ഈ വണ്ടികൾക്ക് ഒരു വിജയിമട്ടുണ്ട്. മുന്നിൽ ഇരമ്പം, പിന്നിൽ ലഹള. ആളുകൾ ഒച്ചയിടുന്നു, കൂക്കിവിളിക്കുന്നു, മുരളുന്നു; അവർ ആഹ്ലാദംകൊണ്ട് ഞെരിഞ്ഞുപിരിയുന്നു; ഉത്സവം അലറുന്നു; പരിഹാസം തള്ളിപ്പുറപ്പെടുന്നു; ഒരു ചുകപ്പുകൊടിപോലെ ഉത്സാഹം നാട്യം നടിക്കുന്നു; മഹത്ത്വമണഞ്ഞുകൊണ്ട് ഉദിച്ചുപൊങ്ങിയ പൊറാട്ടുകളിയെ രണ്ടു തേവടിശ്ശികൾ വലിച്ചിഴയ്ക്കുന്നു. അതുപൊട്ടിച്ചിരിയുടെ വിജയയാത്രയാണ്.

ഉള്ളുതുറന്നതാവാൻ നിവൃത്തിയില്ലാത്തവിധം മുരട്ടുശീലമുള്ള ഒരു പൊട്ടിച്ചിരി. വാസ്തവത്തിൽ ഈ ചിരിയെ ശങ്കിക്കണം. ഈ ചിരി ഒരുദ്ദേശ്യമുള്ളതാണ്. പാരിസ്സുകാർക്ക് അതു തമാശയാണെന്നു തെളിയിക്കാൻ അയച്ചിട്ടുള്ള ഒരു ചിരിയാണത്.

എന്തെല്ലാം ഇരുൾപ്പാടുകളോ അകത്തുള്ളതെന്നറിഞ്ഞുകൂടാത്ത ഈ മത്സ്യക്കാരിവണ്ടികൾ തത്ത്വജഞാനിയെ നിർത്തി വിചാരിപ്പിക്കുന്നു. അതിന്നുള്ളിൽ രാജ്യഭരണമുണ്ട്. ഭരണാധികാരികളും തേവിടിശ്ലികളും തമ്മിലുള്ള എന്തോ ഒരു നിഗൂഢബന്ധത്തിന്മേൽ ആളുകളുടെ കൈചെല്ലുന്നു.

കുന്നുകൂട്ടിയ വഷളത്തം നേരംപോക്കിന്റെ ഒരാകത്തുകയെ കാണിക്കുന്നു എന്നത്, താന്തോന്നിത്തത്തിന്മേൽ അവമാനത്തെ കെട്ടിപ്പടുത്തുകൊണ്ടുപോയാൽ അതാളുകളെ ആകർഷിക്കുന്നു എന്നത്, ഉള്ളറിയാൻ നോക്കലും വ്യഭിചാരത്തിന് ഒറ്റുനില്ക്കലും കൂടിച്ചേർന്നു മുൻപിട്ടുവരുന്ന സമയം അതു പുരുഷാരത്തെ രസിപ്പിക്കുന്നു എന്നതു്, നാലു ചക്രത്തിയ്മേൽക്കയറി കുക്കിവിളിച്ചു കൊണ്ടും പൊട്ടിച്ചിരിച്ചുകൊണ്ടും സവാരിചെയ്യുന്ന ആ പകുതി ചാണകവും പകുതി വെളിച്ചവുമായി കാക്കപ്പൊന്നിൽകഷ്ണങ്ങളെ എന്തെന്നില്ലാതെ എടുത്തു കൂട്ടിയുണ്ടാക്കിയ ഒരു ജീവനുള്ള കന്നിനെ നോക്കിക്കാണാൻ ആൾക്കൂട്ടം ഇഷ്ടപ്പെടുന്നു എന്നത്, എല്ലാത്തരം അവമാനങ്ങളെക്കൊണ്ടും ഉണ്ടായിട്ടുള്ള ഈ മാഹാത്മ്യത്തെ ആളുകൾ കൈകൊട്ടി അഭിനന്ദിക്കുന്നു എന്നത്, ഇരുപതു തലയുള്ള ഈ ആഹ്ലാദഘോരസർപ്പങ്ങളെ തരംതിരിച്ചു പൊല്ലീസ്സുകാർ ഉല്ലാസനയത്തമാടിച്ചുംകൊണ്ടു പോകാത്തപക്ഷം പൊതുജനോത്സവങ്ങൾ ഉണ്ടാവുകയേ ഇല്ലെന്നുള്ളത്, നിശ്ചയമായും വ്യസനകരംതന്നെ. പക്ഷേ, അതിൽ എന്തു ചെയ്യാം? പൂനാടയണിഞ്ഞും പുഷ്പങ്ങൾ ചൂടിയുമുള്ള ഈ നികൃഷ്ടത നിറഞ്ഞ സാമാനവണ്ടികളെ പൊതുജനങ്ങളുടെ ചിരി അധിക്ഷേപിക്കുകയും മാപ്പുകൊടുത്തുവിടുകയും ചെയ്യുന്നു. സാർവ്വത്രികമായ അധഃപതനത്തിന്റെ ചങ്ങാതിയാണു് എല്ലാവരുടേയുംകൂടിയുള്ള ചിരി. ചില കൊള്ളരുതാത്ത ഉത്സവങ്ങൾ ജനസമുദായത്തെ കൂട്ടംപിടിച്ച് ആൾക്കൂട്ടമായി വേഷം മാറ്റുന്നു; രാജ്യദ്രോഹികൾക്കെന്നപോലെ ആൾക്കൂട്ടത്തിനും കോമാളികൾ വേണം. രാജാവിനു വിദൂഷകൻ, ആൾക്കൂട്ടത്തിനു പൊറാട്ടുവേഷക്കാരൻ. എല്ലാ ഘട്ടത്തിലും പാരിസ് ഒരു വലിയ കനംപിടിച്ച പട്ടണമായതുകൊണ്ട്, അതൊരു മഹത്തായ വിശിഷ്ട നഗരമായി. പാരിസ്—ഞങ്ങൾ അതു സമ്മതിക്കട്ടെ—തനിക്കൊരു വിനോദകഥ ഉണ്ടാക്കിക്കൊടുക്കാൻ നികൃഷ്ടതയെ മനഃപൂർവ്വം അനുവദിക്കുന്നു. പാരിസ് തന്റെ എജമാനന്മാരോട് അതിന്നുണ്ടെങ്കിൽ—ഒന്നുമാത്രമേ ആവശ്യപ്പെടുന്നുള്ളു; ‘ചളിയെ എനിക്കു പൂച്ചിട്ടുതരൂ.’ റോം പട്ടണവും ഇതേ മട്ടായിരുന്നു. അതിന് നീറോ ചക്രവർത്തിയെ ഇഷ്ടമാണ്. നീറോ ഒരു പടുകൂറ്റൻ ചരക്കുവഞ്ചിക്കാരനാണ്.

ഞങ്ങൾ പറഞ്ഞതുപോലെ, കോമാളിവേഷക്കാരായ ആണുങ്ങളും പെണ്ണുങ്ങളും വികൃതമട്ടിൽ കുന്നുകൂടിയതിനെ വലിച്ചുകൊണ്ടുപോകുന്ന ഒരു പോത്തൻ വണ്ടി, വിവാഹവണ്ടി വലതുഭാഗത്തു നിലക്കൊണ്ട അതേ സമയത്ത്, സംഗതിവശാൽ അതേ സ്ഥലത്ത് ഇടതുഭാഗത്തു വന്നുനിന്നു. നടക്കാവിന്റെ എതിർവശത്തു തങ്ങൾക്കെതിരായി വധുവിന്റെ കൂട്ടുകാരോടുകൂടിയുള്ള വിവാഹവണ്ടിയെ ആ ഭാരവണ്ടിയിൽ കുത്തിനിറച്ചിട്ടുള്ള കോമാളിവേഷക്കാർ കണ്ടെത്തി.

ഓഹോ! അതിലൊരു കോമാളി പറഞ്ഞു, ‘അതാ ഒരു കല്യാണം.’

‘കള്ളച്ചരക്ക്,’ മറ്റൊരുവൻ തിരിച്ചടിച്ചു, ‘ശരിക്കുള്ള കല്യാണം നമ്മുടെയാണ്.’

കല്യാണക്കൂട്ടത്തെ തിരിച്ചറിയാൻ വയ്യാത്തേടത്തോളം ദൂരത്തായതുകൊണ്ടും പൊല്ലീസിന്റെ ശകാരം പേടിച്ചും ആ രണ്ടു കോമാളിവേഷക്കാർ തങ്ങളുടെ നോട്ടത്തെ മറ്റൊരിടത്തേക്കു തിരിച്ചു.

ഒരു നിമിഷംകൂടി കഴിഞ്ഞപ്പോൾ, ആ വണ്ടിയിൽ തിങ്ങിയിരിക്കുന്ന കോമാളികൾക്കൊക്കെ പണിയായി; പുരുഷാരം കൂക്കിവിളിക്കാൻ തുടങ്ങി—കോമാളി വേഷക്കാരോടുള്ള ആൾക്കൂട്ടത്തിന്റെ ഓമനവാക്കുകൾ; ആ സംസാരിച്ച രണ്ടു കോമാളികൾക്കും കൂട്ടുകാരോടൊത്ത് ജനക്കൂട്ടത്തിന്റെ നേരെ തിരിയേണ്ടിവന്നു; ആൾക്കൂട്ടത്തിന്റെ അവസാനമറ്റ ശകാരവാക്കുകളോടെതിർക്കാൻ മാത്രം മീൻചന്തകളിലെ കൊള്ളിവാക്കുകളുടെ കലവറയ്ക്കു വലുപ്പം മതിയായില്ല. കോമാളിവേഷക്കാരും പുരുഷാരവും തമ്മിൽ ഭയങ്കരമായ ഒരലങ്കാരപ്രയോഗത്തല്ലു നടന്നു.

ഈയിടയ്ക്ക് അതേ വണ്ടിയിലുള്ള വേറെ രണ്ടു കോമാളിവേഷക്കാർ—ഒന്ന് ഒരു കുറ്റൻമൂക്കും ഒരു പ്രായംചെന്ന മട്ടും കറുത്ത പോത്തൻ മേൽമീശയുമുള്ള ഒരു സ്പെയിൻകാരനും, മറ്റേത് ഒരു ചെറിയ പാഴ്മോന്തവെച്ചു, മെലിഞ്ഞ, ഒരു ചെറിയ മീൻകാരിപ്പെണ്ണും—ആ കല്യാണം കണ്ടെത്തി; തങ്ങളുടെ കൂട്ടുകാരും വഴിപോക്കരും തമ്മിൽ ചീത്ത പറയുന്ന തിരക്കിൽ, അവർ താഴ്‌ന്ന സ്വരത്തിൽ ഒരു സംഭാഷണം നടത്തി.

അവരുടെ ജനാന്തികം ലഹളയിൽ, ആണ്ടുലയിച്ചു. മലർക്കെത്തുറന്നുകിടന്നിരുന്ന വണ്ടിയുടെ മുൻഭാഗം മഴ തട്ടി നനഞ്ഞു; ഫെബ്രവരിയിലെ കാറ്റു ചൂടുള്ളതല്ല; കഴുത്തിടുങ്ങിയ ഒരു മേല്ക്കുപ്പായത്തോടുകൂടിയ മീൻകാരി സ്പെയിൻകാരനോട് മറുപടി പറയുന്നതിനിടയ്ക്ക്, അവൾ വിറയ്ക്കുകയും ചിരിക്കുകയും ചുമയ്ക്കുകയും ചെയ്തിരുന്നു.

അവരുടെ സംഭാഷണം ഇതാ:

‘അപ്പോഴേ,’

‘എന്താ, അച്ചാ?’

‘ആ പഴുത്ത കായ കണ്ടുവോ?’

‘ഏതു പഴുത്ത കായ?’

‘അതാ, നമ്മുടെ എതിർവശത്ത് ഒന്നാമത്തെ കല്യാണവണ്ടിയിൽ?’

‘ഒരു കറുത്ത കണ്ഠവസ്ത്രംകൊണ്ട് കൈ മുകളിലേക്കു പിടിച്ചുകെട്ടിയിട്ടുള്ള ആ ഒരാളോ?’

‘അതേ.’

‘എന്നിട്ട്?’

‘ഞാനയാളെ അറിയും, സംശയമില്ല.’

‘ഓഹോ?!

‘അവരെന്റെ കഴുത്തു മുറിച്ചോട്ടെ. സമ്മതം—ആ പട്ടണക്കാരനെ ഞാനറയില്ലെന്നു വരട്ടെ, ഞാൻ എന്റെ ആയുസ്സിനകത്തു നിങ്ങളെന്നോ, നിയ്യെന്നോ ഞാനെന്നോ മിണ്ടിയിട്ടില്ല.’

‘പാരിസ്സ് ഇന്നു പട്ടണമാണ്.’

‘താഴ്‌ന്നുനോക്കിയാൽ നിനക്കു കല്യാണപ്പെണ്ണിനെ കാണാനുണ്ടോ?

‘ഇല്ല.’

‘കല്യാണച്ചെക്കനെ?’

‘ആകൂട്ടിനുള്ളിൽ കല്യാണച്ചെക്കനില്ല.’

‘ആഹാ!

‘അല്ലെങ്കിൽ അത് ആ തന്തയാവണം.’

‘നന്നേ താഴ്‌ന്നുനോക്കി ആ കല്യാണപ്പെണ്ണിനെ ഒന്നു കാണുമോ, നോക്ക്.’

‘എനിക്കു വയ്യാ.’

‘അങ്ങനെയാട്ടെ; എന്നാൽ ആ പൂച്ചക്കയ്യിന്മേൽ എന്തോ കേട് പറ്റിയിട്ടുള്ള ആ കിഴവൻതന്തയെ ഞാനറിയും, എനിക്കു സംശയമില്ല.’

‘അയാളെ അറിഞ്ഞതുകൊണ്ടുള്ള ഗുണം?’

‘അതു പറയാൻ വയ്യാ. ചിലപ്പോൾ ഗുണമുണ്ടാവും.’

എനിക്കു തന്തപ്പിടികളുടെ കാര്യത്തിൽ നോട്ടമില്ല. എനിക്കതില്ല.’

‘ഞാനയാളെ അറിയും.’

‘അറിഞ്ഞോളു, വേണമെങ്കിൽ.’

‘എട ഗ്രഹപ്പിഴേ! അയാളെങ്ങനെ ആ കല്യാണക്കുട്ടത്തിൽ എത്തിക്കൂടി?’

‘നമ്മളും അതിലല്ലേ?’

‘ആ കല്യാണക്കാർ എവിടെനിന്ന് വന്നു?’

‘എനിക്കെന്താണ് നിശ്ചയം!’

‘കേൾക്കൂ!’

‘ആട്ടെ, എന്താണ്?’

‘നിയ്യൊരു കാര്യം വേണം.’

‘എന്താണത്?’

ഈ വണ്ടിയിൽനിന്നു പോയി ആ കല്യാണക്കാരുടെ കൂടെ വിടാതെകൂടണം.

‘എന്തിന്?

‘അവരെവിടെക്കാണ്, എന്താണ്, എന്നറിയാൻ. വേഗം വേണം, കീഴ്പോട്ടു ചാടു, പായണം; എന്റെ പെണ്ണേ, നിന്റെ കാലിനു ചെറുപ്പമാണ്.’

‘എനിക്കു വണ്ടിയിൽനിന്നു പോവാൻ വയ്യാ.’

‘എന്തുകൊണ്ട്?”

‘ഞാൻ കൂലിക്കാണ്.’

‘എട ചെകുത്താനേ!’

‘എന്റെ മീൻകാരത്തിക്കുവേണ്ടി ഞാനിന്ന് പൊല്ലീസ്സിന്റെ കൈയിലാണ്.’

‘അത് വാസ്തവവും.

‘ഞാൻ വണ്ടിയിൽനിന്നിറങ്ങിയാൽ, എന്നെ ആദ്യം കണ്ടെത്തിയ പൊല്ലീസ്സുദ്യോഗസ്ഥൻ എന്നെ പിടികൂടും. നിങ്ങൾക്കത് നല്ലവണ്ണമറിയാമല്ലോ:

‘ഉവ്വ്, എനിക്കറിയാം.’

എന്നെ ഇന്നേക്കായി ഗവർമ്മേണ്ടു വാങ്ങിയിരിക്കുന്നു.’

‘തന്തമാർ നിങ്ങളെ സ്വൈരം കെടുത്താറുണ്ടോ? അപ്പോൾ നിങ്ങൾ ഒരു പെൺകിടാവല്ല!’

‘അയാൾ ഒന്നാമത്തെ വണ്ടിയിലാണ്.’

‘അതിന്?’

‘കല്യാണപ്പെണ്ണിരിക്കുന്ന കൂട്ടിൽ.’

‘എന്നിട്ട്, അതിന്?’

‘അപ്പോൾ അയാൾ അച്ഛൻ.’

‘ഞാനതിനെന്തു വേണം?’

‘ഞാൻ പറയുന്നു, അയാളാണ് അച്ഛനാണ്.’

‘അയാൾ മാത്രമേ അച്ഛനായിട്ടുള്ളു എന്ന് തോന്നും.’

‘കേൾക്കൂ.’

‘എന്താണ്?’

‘എനിക്കു മുകറു മറച്ചല്ലാതെ പുറത്തു കടക്കാൻ വയ്യാ. ഇവിടെ ഞാൻ ഒളിവിലാണ്, ഞാനിവിടെയുണ്ടെന്ന് ആരും കരുതില്ല. എന്നാൽ നാളെ കോമാളിവേഷക്കാരില്ല. നോൽമ്പു തുടങ്ങുന്ന ദിവസമായി. ഞാൻ കണ്ടാൽ കുടുങ്ങി. എനിക്കെന്റെ മടയിലേക്കുതന്നെ അരിച്ചു പോണം. പക്ഷേ, നിനക്കു പണിയൊന്നുമില്ല.

‘വിശേഷിച്ചൊന്നുമില്ല.’

‘ഏതായാലും എന്നോളമില്ല, തീർച്ച.

‘ആട്ടെ. അതുകൊണ്ട്?’

‘ആ കല്യാണക്കാർ എവിടേക്കു പോയി എന്നറിയണം.’

‘എവിടേക്കു പോയിയെന്നോ?’

‘അതേ.’

‘എനിക്കറിയാം.’

‘എന്നാൽ എവിടേക്കാണ്?’

‘കദ്രാങ് ബ്ലോ.’

‘ഒന്നാമത് അതാ വഴിക്കല്ല.’

‘ആട്ടെ, ലറപ്പേയിലേക്ക്.’

‘അല്ലെങ്കിൽ, എവിടേക്കെങ്കിലും.’

‘അതിന് ഇഷ്ടംപോലെ പോവാം. കല്യാണക്കാർക്കു സ്വാതന്ത്ര്യമുണ്ട്.’

‘അതൊന്നുമല്ല ഇവിടെക്കാര്യം. ഞാൻ പറയുന്നു, എനിക്കുവേണ്ടി ആ കല്യാണം ഏതാണെന്നും, ആ മോന്തക്കാരൻ എവിടേക്കു പോണു എന്നും, ആ കല്യാണപ്പെണ്ണും ചെക്കനും എവിടെയാണ് പാർപ്പെന്നും കണ്ടു മനസ്സിലാക്കണം!’

‘അതു രസമാണ്! അതു നല്ല നേരംപോക്കു പിടിക്കും. നോൽമ്പിൻതലേന്നാൾ തെരുവിലൂടെ പോയ ഒരു കല്യാണക്കാരുടെ കൂട്ടം ഒരാഴച കഴിഞ്ഞിട്ട് കണ്ടുപിടിക്കാൻ എളുപ്പമുണ്ട്. വൈക്കോൽക്കുണ്ടയിലെ ഒരു മൊട്ടുസൂചി! അത് സാധിക്കുന്ന പണിയല്ല.’

‘അതു സാരമില്ല. നിയ്യത് കണ്ടുപിടിക്കണം. കേട്ടോ, അസൽമേ!

നടക്കാവിന്റെ രണ്ടോരങ്ങളിലൂടേ ആ രണ്ടു ചാലുകളും വീണ്ടും ഒഴുകാൻ തുടങ്ങി; കോമാളിവേഷക്കാരുടെ വണ്ടിക്കു കല്യാണപ്പെണ്ണിന്റെ ‘കൂടു’ കണ്ണിൽ നിന്നു മറഞ്ഞു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.